ഒക്‌ടോബര്‍ 2 വിജയദശമി
സമൂഹ മനസ്സിനെ രൂപപ്പെടുത്തുന്നവയാണ് ഉത്സവങ്ങള്‍. ഭാരതീയ ഉത്സവങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അവ സമൂഹത്തിന് ഒരു ജീവിത സന്ദേശം പകര്‍ന്നു നല്‍കുന്നു. ആ സന്ദേശത്തിന് അനുസൃതമായാണ് ഉത്സവത്തിലെ ആചാര അനുഷ്ഠാനങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ടാവുക. അമൂര്‍ത്തമായ മൂല്യങ്ങളെ ജനമനസ്സുകളിലേക്ക് സംക്രമിപ്പിക്കുന്ന മൂര്‍ത്താവിഷ്‌കാരങ്ങളാണ് ഉത്സവ ചടങ്ങുകള്‍. നിരന്തരമായ ആചരണത്തിലൂടെ ഇത് ജനതയുടെ സ്വഭാവമായി മാറുന്നു. അങ്ങനെ സംസ്‌കാരക്ഷമമായ ഒരു സമൂഹ നിര്‍മ്മിതിക്ക് ഇത്തരം ഉത്സവങ്ങള്‍ പങ്കുവഹിക്കുന്നു. ഭാരതീയ സംസ്‌കൃതിയുടെ ഹൃദയത്തെ പ്രസ്ഫുരിപ്പിക്കുന്ന ദേശീയ ഉത്സവമാണ് നവരാത്രി ആഘോഷം.
ആശ്വിന മാസത്തിലെ ശുക്ലപക്ഷത്തിലെ പ്രഥമ മുതല്‍ ദശമി വരെ നീണ്ടുനില്‍ക്കുന്നതാണ് നവരാത്രി ആഘോഷം. വ്യക്തിപരമായ വ്രതാനുഷ്ഠാനങ്ങളുടെയും കൂട്ടായ ആഘോഷങ്ങളുടെയും വൈവിധ്യമാര്‍ന്ന കലാവതരണങ്ങളുടെയും കാലഘട്ടമാണിത്. പുരാണാന്തര്‍ഗതമായ മഹിഷാസുര വധമാണ് നവരാത്രിപൂജയുടെ അടിസ്ഥാനമായിട്ടുള്ളത്.
മഹിഷാസുരന്‍ പ്രതാപശാലിയായി വാഴുന്ന കാലം. ബ്രഹ്മാവിനെ തപസ്സുചെയ്ത് പ്രത്യക്ഷനാക്കി ഒരു സ്ത്രീയാല്‍ മാത്രമേ മരണം ഉണ്ടാവുകയുള്ളൂ എന്ന വരം നേടി. വരബലത്തിന്റെ അഹങ്കാരത്തില്‍ ദേവന്മാരെ വെല്ലുവിളിച്ചു. ദേവന്മാരെ കീഴടക്കി ദേവലോകം കരസ്ഥമാക്കി. ദേവന്മാരെല്ലാം വിഷ്ണു മഹേശ്വരന്മാരെ അഭയം പ്രാപിച്ചു. മഹിഷാസുര വധത്തിന് പ്രാപ്തിയുള്ള ശക്തിശാലിയായ പുതിയ അവതാരത്തിനായി പ്രാര്‍ത്ഥിച്ചു. ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരുടെ തേജസ്സുകളില്‍ നിന്നും പുതിയ അവതാരം പിറവിയെടുത്തു. 18 ഭുജങ്ങളുള്ള സംഹാരരുദ്രയായ നാരീരൂപത്തിനായി സകല ദേവതകളും അവരവരുടെ ആയുധങ്ങള്‍ സമര്‍പ്പിച്ചു. സ്വന്തം ശക്തി ചൈതന്യങ്ങള്‍ ദുര്‍ഗയിലേക്ക് പകര്‍ന്നു. രത്‌നഖചിതമായ കുണ്ഡലങ്ങളും തിളങ്ങുന്ന തോള്‍വളകളും സൂര്യതേജസോടെ തിളങ്ങുന്ന പൊന്‍ചിലമ്പുകളും വാടാത്ത താമരമാലയുമണിഞ്ഞ ദേവി സിംഹാസനാരൂഢയായി. ശ്രീപരമേശ്വരന്‍ തന്റെ തൃശൂലവും മഹാവിഷ്ണു തന്റെ സുദര്‍ശനവും ഇന്ദ്ര ദേവന്‍ വജ്രായുധവും ബ്രഹ്മദേവന്‍ കമണ്ഡലവും വരുണദേവന്‍ പാശവും വാളും പരിചയും വിശ്വകര്‍മ്മാവ് വെണ്മഴുവും കുബേരന്‍ അമൃത് നിറച്ച രത്‌നപാത്രവും ദേവിക്ക് സമര്‍പ്പിച്ചു. ഹിമവാന്‍ സിംഹത്തെ വാഹനമായി നല്‍കി. അങ്ങനെ സര്‍വ്വാഭരണ വിഭൂഷിതയായി സര്‍വായുധധാരിണിയായി സിംഹവാഹനാരോഹയായ ദേവിയെ സ്തുതിച്ചുകൊണ്ട് മഹിഷാസുരനില്‍ നിന്ന് തങ്ങളെ രക്ഷിക്കണേ എന്ന് ശ്രീ പരമേശ്വരിയോട് അപേക്ഷിച്ചു. ദേവഹിത പരിപൂരണത്തിനായി ആര്‍ത്തട്ടഹസിച്ചുകൊണ്ട് ദേവി മഹിഷാസുരനെ പോരിനു വിളിച്ചു. തന്റെ നിശ്വാസവായുവില്‍ നിന്ന് ഭൂതഗണങ്ങളെ സൃഷ്ടിച്ച് അസുരപ്പടയോട് ഏറ്റുമുട്ടി. ഒന്‍പത് ദിനരാത്രങ്ങള്‍ നീണ്ടുനിന്ന ഘോരമായ യുദ്ധം നടന്നു. അസുരപ്പടയെ മുച്ചൂടും മുടിച്ച് പത്താം നാള്‍ ദേവി തന്റെ ഖഡ്ഗം കൊണ്ട് മഹിഷാസുരന്റെ തലയറുത്തു. ദേവന്മാര്‍ ആനന്ദത്തോടെ പുഷവൃഷ്ടി നടത്തി. അഹങ്കാരം കൊണ്ട് മദിച്ചു സ്ത്രീ അബലയാണെന്ന് കരുതി അവളെ കൊണ്ടുള്ള മരണം ഇരന്നു വാങ്ങിയ മഹിഷാസുരന്റെ വധചരിതം ഒട്ടേറെ സന്ദേശങ്ങള്‍ നമുക്ക് പകര്‍ന്നു നല്‍കുന്നു.
അഹങ്കാരം ആര്‍ക്കായാലും ആപത്താണ് എന്ന് മഹിഷാസുര വധം വെളിപ്പെടുത്തുന്നു. സര്‍വാനുഗ്രഹദായിനിയായ ദേവി തന്റെ മുന്നില്‍ നിന്നിട്ടും പരമജ്ഞാനത്തെ പ്രാര്‍ത്ഥിക്കാതെ ദേവതയിലെ സ്ത്രീ രൂപത്തെ കാമിച്ച മഹിഷാസുരന്‍ ജ്ഞാനത്തെ ഉപേക്ഷിച്ച് വിഷയങ്ങളില്‍ ആകൃഷ്ടരായി അലയുന്നവരെ പ്രതിനിധീകരിക്കുന്നു. കഠിനമായ തപസ്സുകൊണ്ട് മരണത്തെ പോലും കീഴ്‌പ്പെടുത്താന്‍ ആകും എന്ന് കരുതി, ആ കരബലത്താല്‍ മൂന്നു ലോകങ്ങളും കീഴ്‌പ്പെടുത്തി അഹങ്കരിച്ച മഹിഷാസുരന്‍ തപസ്സും ധനവും കരുത്തുമല്ല വേണ്ടത് വിവേകവും വിനയവുമാണ് വേണ്ടതെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു.
പൊതു ലക്ഷ്യത്തിനായി തങ്ങളുടെ അഭിമാനമായി കരുതിയവയെല്ലാം സമര്‍പ്പിച്ച ദേവന്മാരുടെ പ്രവൃത്തിയും നമുക്കു മാതൃകയാണ്. ഒരുമയാണ് ശക്തിയെന്നും വിഘടനം സര്‍വ്വനാശമാണെന്നും ദേവന്മാരുടെ വിജയം പഠിപ്പിക്കുന്നു. ഏതൊരു വിജയത്തിനും ത്യാഗം അനിവാര്യമാണെന്നും ദേവന്മാരുടെ ആയുധസമര്‍പ്പണം ഓര്‍മ്മിപ്പിക്കുന്നു. അധര്‍മം ഏതെല്ലാം വഴികളിലൂടെ പ്രഭാവം കാണിച്ചാലും ആത്യന്തികമായി ധര്‍മ്മം മാത്രമേ വിജയിക്കുകയുള്ളൂ എന്ന ശാശ്വതമായ സത്യത്തെ ഉറപ്പിക്കുന്നതാണ് ദേവന്മാരുടെ വിജയം. കഠിനമായ ത്യാഗത്തിലൂടെയും കൂട്ടായ പരിശ്രമത്തിലൂടെയുമുള്ള ധര്‍മ്മത്തിന്റെയും നന്മയുടെയും വിജയമാണ് വിജയദശമി മുന്നോട്ടുവയ്ക്കുന്ന സന്ദേശം.
സമൂഹത്തെ നിലനിര്‍ത്തുന്നതാണ് ധര്‍മ്മം. വ്യക്തി, കുടുംബം, സമാജം, രാഷ്ട്രം, പ്രപഞ്ചം എന്നിങ്ങനെ എല്ലാ തലങ്ങളെയും സ്പര്‍ശിക്കുന്നതാണ് ധര്‍മ്മസങ്കല്പം. വ്യക്തിക്കും കുടുംബത്തിനും സമാജത്തിനും രാഷ്ട്രത്തിനും പ്രപഞ്ചത്തിനുമെല്ലാം നിര്‍വഹിക്കേണ്ടതായ ധര്‍മ്മമുണ്ട്. വ്യക്തി വിദ്യാഭ്യാസകാലത്തും ഗൃഹസ്ഥ കാലഘട്ടത്തിലും ശേഷമുള്ള കാലത്തും പാലിക്കാനുള്ള ധര്‍മ്മങ്ങള്‍ വ്യത്യസ്തവുമാണ്. ഒരുകാലത്തും അതിനു മാറ്റമില്ല എന്നുള്ളതുകൊണ്ടാണ് അത് സനാതനമായത്. അങ്ങനെ ഈ പ്രപഞ്ച ജീവിതത്തെ നിലനിര്‍ത്തിക്കൊണ്ടുപോകുന്ന ശാശ്വതമായ മൂല്യങ്ങളുടെയും നിഷ്ഠകളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും കടമകളുടെയും എല്ലാം ആകെത്തുകയാണ് ധര്‍മ്മം എന്നത്.
‘യതോ ധര്‍മ്മസ്തതോ ജയ:’ എന്നത് സുപ്രീംകോടതിയുടെ ആപ്തവാക്യമാണ്. മഹാഭാരതത്തില്‍ 13 ഇടങ്ങളില്‍ വ്യാസന്‍ ഇതിന്റെ പ്രാധാന്യത്തെ എടുത്തു കാണിക്കുന്നുണ്ട്. മഹാഭാരത യുദ്ധത്തിനുവേണ്ടി പുറപ്പെടുന്ന ദുര്യോധനന്‍ തന്റെ അമ്മയുടെ അനുഗ്രഹത്തിനു വേണ്ടി യാചിക്കുന്ന സമയത്ത് ഗാന്ധാരി പറയുന്നുണ്ട് യതോ ധര്‍മ്മസ്തതോ ജയ: എന്ന്. തന്റെ മകന്‍ വിജയിക്കട്ടെ എന്നല്ല ആ അമ്മ ആശംസിച്ചത്. ധര്‍മ്മം എവിടെയാണോ അവിടെയാണ് ജയം എന്നാണ് പറഞ്ഞത്. ധര്‍മ്മമുള്ളിടത്തേ വിജയമുള്ളൂ എന്ന് ആ അമ്മയ്ക്കറിയാം. ധര്‍മ്മമാണ് ലോകത്തെ നിലനിര്‍ത്തുന്നത് എന്നുള്ളതിനാല്‍ അതുതന്നെയാണ് വിജയിക്കേണ്ടത് എന്നും നാം കരുതുന്നു. അങ്ങനെ ധര്‍മ്മം എന്നത് ഭാരതത്തിന് ഒഴിച്ചുകൂടാനാവാത്ത ഏറ്റവും സുപ്രസക്തമായ സങ്കല്പമായി മാറുന്നു. അതിനെ തന്നെയാണ് ഹിന്ദുത്വം, ഹിന്ദു സംസ്‌കൃതി, ദേശീയത്വം എന്നെല്ലാം വിവക്ഷിക്കുന്നതും. ഇതിനെ ജന മനസ്സുകളില്‍ പ്രതിഷ്ഠിക്കുന്നതിനു വേണ്ടി രൂപപ്പെടുത്തിയവയാണ് വ്യത്യസ്തമായ ഉത്സവാഘോഷങ്ങള്‍.
വിജയദശമി ഭാരതത്തിന്റെ ദേശീയോത്സവമാണ്. തെക്കുവടക്ക് കിഴക്കുപടിഞ്ഞാറ് ഭേദമില്ലാതെ നവരാത്രി ആഘോഷിക്കുന്നു. വ്യത്യസ്തമായ രീതികളിലാണ് നവരാത്രിയുടെ ആഘോഷങ്ങള്‍ എന്ന് മാത്രം. കേരളത്തില്‍ സരസ്വതി പൂജയായിട്ടാണ് നവരാത്രി ആഘോഷിക്കുന്നത്. വിദ്യാരംഭത്തിനാണ് ഇവിടെ പ്രാധാന്യം. കലാകായിക വിദ്യകളും അക്ഷരവിദ്യയും മറ്റേതൊരു പഠനവും ആരംഭിക്കുന്നതിനുള്ള ശുഭദിനമായി വിജയദശമിയെ കണക്കാക്കുന്നു. വിജയദശമി ദിനത്തില്‍ കുട്ടികളെ എഴുത്തിനിരുത്തുന്നത് വിശിഷ്ടമായി കണക്കാക്കുന്നു. തമിഴ്‌നാട്ടില്‍ ആയുധ പൂജയ്ക്കാണ് പ്രാധാന്യം. വ്യത്യസ്ത തട്ടുകളിലായി ദേവീദേവന്മാരുടെ പ്രതിമകള്‍ വെച്ച് വീടുകളിലും ക്ഷേത്രങ്ങളിലും ബൊമ്മക്കൊലു ഒരുക്കി കൊലുപൂജയും നടന്നുവരുന്നു. കര്‍ണാടകയില്‍ നവരാത്രി ആഘോഷിക്കുന്നത് ദസറ എന്ന പേരിലാണ്. കര്‍ണാടകയുടെ സംസ്ഥാന ഉത്സവമാണ് മൈസൂര്‍ ദസറ. മൈസൂര്‍ രാജകൊട്ടാരത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹഘോഷയാത്രയും ആനസവാരിയും എല്ലാം ദസറയുടെ മാറ്റുകൂട്ടുന്നു.
കിഴക്കന്‍ ഭാരതത്തില്‍ ബംഗാളിലും ഒറീസയിലും ദുര്‍ഗാ പൂജയായിട്ടാണ് നവരാത്രി ആഘോഷിക്കുന്നത്. അലങ്കരിച്ച മണ്ഡപങ്ങളില്‍ ദുര്‍ഗാദേവിയുടെ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചു പൂജിച്ച് നിമജ്ജനം ചെയ്യുന്ന ആഘോഷങ്ങള്‍ നാടെങ്ങും ഗംഭീരമായി നടത്തുന്നു. ദുര്‍ഗ്ഗാദേവിയുടെ 9 ഭാവങ്ങളെ 9 ദിവസങ്ങളില്‍ പൂജിക്കുന്നു. ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്ര ഘണ്ഡ, കൂശ്മാണ്ഡ, സ്‌കന്ദമാതാ, കാത്യായനി, കാളരാത്രി, മഹാഗൗരി, സിദ്ധിദാത്രി എന്നീ ദുര്‍ഗാഭവങ്ങളെ ആണ് പൂജിക്കുന്നത്. ഇതിലൂടെ ശക്തി, ആത്മീയത, ധൈര്യം, സര്‍ഗ്ഗാത്മകത, മാതൃത്വം, മൃത്യുശക്തി, അനുഗ്രഹശക്തി എന്നിവ പ്രദാനം ചെയ്യുന്ന ശക്തിയായി ദുര്‍ഗയെ സങ്കല്‍പ്പിക്കുന്നു.
നേപ്പാളിലും ആസാമിലും നവരാത്രിയോട് അനുബന്ധിച്ച് നടക്കുന്ന ചടങ്ങുകളില്‍ ഏറ്റവും പ്രാധാന്യമുള്ളത് അഷ്ടമിയില്‍ നടക്കുന്ന കന്യാപൂജയ്ക്കാണ്. കുമാരിമാരായ പെണ്‍കുട്ടികളെ ദേവീ സ്വരൂപമായി സങ്കല്‍പ്പിച്ചുകൊണ്ട് നടത്തുന്ന പൂജയാണിത്. ആസാമിലെ കാമാഖ്യ ക്ഷേത്രത്തിലെ കന്യാപൂജ പ്രസിദ്ധമാണ്. അതേസമയം ഗുജറാത്തില്‍ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ഗര്‍ബ, ദണ്ഡിയാനൃത്തങ്ങള്‍ക്കാണ് ഏറെ പ്രാധാന്യം. പരമ്പരാഗതമായ വസ്ത്രങ്ങളും വെള്ളിയാഭരണങ്ങളും അണിഞ്ഞുകൊണ്ട് 9 ദിവസവും നീണ്ടുനില്‍ക്കുന്ന നൃത്ത രാവുകള്‍ക്ക് വിജയദശമിയോടെ സമാപനം ആകുന്നു. ഉത്തരേന്ത്യയില്‍ നവരാത്രി രാമലീലയുടെ കാലമാണ്. ശ്രീരാമചന്ദ്രന്‍ രാവണനെ യുദ്ധത്തില്‍ തോല്‍പ്പിച്ചതിന്റെ സ്മരണാര്‍ത്ഥമായാണ് നവരാത്രി ആഘോഷിക്കുന്നത്. ശ്രീരാമ ജീവിതത്തിലെ വിവിധ സംഭവങ്ങള്‍ കോര്‍ത്തിണക്കിയ മനോഹരമായ നാടകാവിഷ്‌കാരങ്ങള്‍ രാമലീലയുടെ ഭാഗമായി അരങ്ങേറുന്നു. പത്താം നാളില്‍ പടക്കങ്ങള്‍ ഉള്ളില്‍ വച്ച് നിര്‍മ്മിച്ച ഭീമാകാരമായ രാവണ രൂപങ്ങളിലേക്ക് അഗ്‌നിയുള്ള അമ്പെയ്ത് കത്തിക്കുന്ന ചടങ്ങും നടക്കുന്നു. ധര്‍മ്മ മൂര്‍ത്തിയായ ശ്രീരാമചന്ദ്രന്‍ അധര്‍മ്മത്തിന്റെ പ്രത്യക്ഷ സ്വരൂപമായ രാവണനെ വധിക്കുന്നതിന്റെ പ്രതീകമായാണ് ഈ ചടങ്ങ് സംഘടിപ്പിക്കുന്നത്. ഇങ്ങനെ വ്യത്യസ്തമായ രൂപഭാവാദികളോടെ, കലാവിഷ്‌കാരങ്ങളോടെ ആഘോഷിക്കുന്ന നവരാത്രി ഭാരതത്തിന്റെ ദേശീയ ഉത്സവമാണ് എന്ന കാര്യത്തില്‍ സംശയമില്ല.
വിജയദശമി ആഘോഷങ്ങളെ ധാര്‍മികതയുടെ ഭാവജാഗരണത്തിനു വേണ്ടിയാണ് പൂര്‍വികര്‍ ഉപയോഗിച്ചത്. ആധുനിക കാലഘട്ടത്തില്‍ ഛത്രപതി ശിവാജിയും റാണാപ്രതാപനും ബാലഗംഗാധര തിലകനും മറ്റു ദേശീയ നേതാക്കളും രാഷ്ട്രബോധത്തെ സമുദ്ധരിക്കുന്നതിന് വേണ്ടിയാണ് വിജയദശമിയെ ഉപയുക്തമാക്കിയത്. ജനങ്ങള്‍ ഒന്നിച്ചു ചേരുന്ന വിശിഷ്ടാവസരങ്ങള്‍ എല്ലാം തന്നെ സ്വാതന്ത്ര്യസമരത്തിന്റെ ആശയപ്രചാരണവേദികളാക്കി മാറ്റുന്നതില്‍ നമ്മുടെ ദേശീയ നേതാക്കള്‍ ശ്രദ്ധിച്ചിരുന്നു. ആ കാലഘട്ടത്തില്‍ മഹാരാഷ്ട്രയില്‍ വെച്ച് നടന്ന ഒരു രാമലീല ആഘോഷം ഏറെ സവിശേഷമായിരുന്നു. ഘോഷയാത്രയ്ക്കുശേഷം വിശാലമായ മൈതാനത്ത് ഒരുമിച്ചുകൂടിയ ജനങ്ങള്‍ രാവണ കോലം കത്തിക്കാന്‍ തയ്യാറെടുത്തു കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് ഒരു ബാലന്‍ അവിടുത്തെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു. രാമലീലയില്‍ രാവണ രൂപം കത്തിക്കുന്നത് അധര്‍മ്മത്തിനെതിരെയുള്ള ധര്‍മ്മത്തിന്റെ വിജയത്തെ ഘോഷിക്കാനാണ്. അധര്‍മ്മത്തിന്റെ അവസാനമാണ് വിജയദശമിയില്‍ ഉണ്ടാകുന്നത്. ഇക്കാലത്ത് അധര്‍മ്മത്തിന്റെ മൂര്‍ത്തിയായി നമ്മുടെ മുന്നില്‍ ഉള്ളത് ബ്രിട്ടീഷുകാരാണ്. അവര്‍ നമ്മെ അടക്കി ഭരിക്കുന്നത് അധാര്‍മികമാണ്. രാമലീലയില്‍ രാവണനെ ഇല്ലാതാക്കുന്ന പോലെ നമുക്ക് അവസാനിപ്പിക്കേണ്ടത് ബ്രിട്ടീഷുകാരുടെ ദുര്‍ഭരണത്തെയാണ്. അതിനുവേണ്ടിയുള്ളതാവണം നമ്മുടെ ഓരോ ആഘോഷങ്ങളുമെന്ന ആശയത്തെ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചു. രാമലീല ആഘോഷത്തെ ബ്രിട്ടീഷുകാര്‍ക്കെതിരായ ആശയപ്രചാരണവേദിയായി മാറ്റിയ ആ ബാലന്‍ മറ്റാരുമല്ല, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സ്ഥാപകനായ ഡോക്ടര്‍ കേശവ ബലിറാം ഹെഡ്‌ഗേവാര്‍ ആയിരുന്നു.
1925 സെപ്റ്റംബര്‍ 27 വിജയദശമി ദിനത്തില്‍ 16 ഓളം കുട്ടികളെ ഒരു മൈതാനത്ത് ഒന്നിച്ച് ചേര്‍ത്ത്, ഇന്നു നാം സംഘം ആരംഭിച്ചിരിക്കുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ട് സംഘപ്രവര്‍ത്തനം തുടങ്ങി. ഒരു സംഘടനയ്ക്ക് ഉണ്ടാകേണ്ട ഔപചാരികമായ സംവിധാനങ്ങള്‍ യാതൊന്നും ഇല്ലാതെയാണ് സംഘം എന്ന സംഘടനയ്ക്ക് ഡോക്ടര്‍ജി തുടക്കം കുറിച്ചത്. ആ പ്രവര്‍ത്തനം ഇന്ന് ശതാബ്ദിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സംഘടനയായി സംഘം വളര്‍ന്നിരിക്കുന്നു. അതിനെല്ലാം കാരണം സംഘസ്ഥാപകന്റെ ദിശാബോധമാണ്.
സ്വാതന്ത്ര്യസമരം ഏറ്റവും തീക്ഷ്ണമായിരുന്ന കാലഘട്ടത്തിലാണ് സംഘം എന്ന ആശയവുമായി ഡോക്ടര്‍ജി മുന്നോട്ടുവരുന്നത്. ആ കാലത്തുണ്ടായിരുന്ന സംഘടനകളെല്ലാം സ്വാതന്ത്ര്യത്തെക്കുറിച്ച് സ്വപ്‌നം കണ്ടവയായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യാനന്തര ഭാരതം എങ്ങനെയായിരിക്കണം എന്നായിരുന്നു ഡോക്ടര്‍ജി വിഭാവനം ചെയ്തത്. എന്തുകൊണ്ട് ഭാരതത്തിന്റെ സ്വാതന്ത്ര്യം നഷ്ടമായി എന്ന് അദ്ദേഹം ചിന്തിച്ചു. അന്നത്തെ നമ്മുടെ സമൂഹത്തിന്റെ മാനസികാവസ്ഥ അദ്ദേഹം വിലയിരുത്തി. തുടര്‍ച്ചയായ വിദേശ അക്രമങ്ങളാല്‍ പൊറുതിമുട്ടിയ സമൂഹത്തിന്റെ മനസ്സില്‍ ആത്മവിശ്വാസം തീരെ ഇല്ലായിരുന്നു. വൈദേശിക ഭരണം ജനമനസ്സുകളില്‍ അടിമത്ത ഭാവം വളര്‍ത്തി. നാം വിദേശികളാല്‍ ഭരിക്കപ്പെടേണ്ടവരാണ് എന്ന മനോനിലയിലേക്ക് കൂപ്പുകുത്തി. സ്വാര്‍ത്ഥത വര്‍ദ്ധിച്ചതിനാല്‍ കെട്ടുറപ്പും സംഘടിതബോധവും പണ്ടേ നഷ്ടമായി. വൈദേശിക വിദ്യാഭ്യാസം ദേശീയ ബോധത്തെ തളര്‍ത്തി. അസ്തിത്വ പ്രതിസന്ധിയിലായ ജനത സ്വത്വം പൂര്‍ണമായി മറന്നു. പൂര്‍വിക പ്രൗഢിയും പൂര്‍വ്വകാല വൈഭവവും മറന്ന് പരാശ്രിതത്വത്തിന്റെ വക്കിലായി. അതോടൊപ്പം ഉയര്‍ന്നുവരുന്ന മതരാഷ്ട്രവാദത്തിന്റെ വെല്ലുവിളികളും ശക്തമായിരുന്നു. ഇത്തരമൊരു പശ്ചാത്തലത്തിലാണ് സംഘം എന്ന വ്യത്യസ്തമായ ഒരാശയത്തെ ഡോക്ടര്‍ജി മുന്നോട്ടുവയ്ക്കുന്നത്.
ലോകത്തിലെ ഒട്ടനവധി സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ സാമൂഹ്യ പരിവര്‍ത്തനത്തെ കുറിച്ചുള്ള വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചു. സമാജ പരിവര്‍ത്തനത്തിനു വേണ്ട പ്രായോഗിക പദ്ധതികളും അവതരിപ്പിച്ചു. അതില്‍ ഏറ്റവും അധികം ജനങ്ങളെയും രാജ്യങ്ങളെയും സ്വാധീനിച്ചത് ഭരണകൂട വ്യവസ്ഥിതിയെ മാറ്റി ക്കൊണ്ട് സമാജപരിവര്‍ത്തനം കൊണ്ടുവരാം എന്നുള്ള ആശയമാണ്. ഓരോ വ്യക്തിയും അവന്റെ സാമ്പത്തിക പരിതഃസ്ഥിതിയുടെ ഉല്‍പ്പന്നമാണെന്നും അവന്റെ വ്യക്തിത്വം സാമ്പത്തിക സാഹചര്യങ്ങള്‍ക്കനുസൃതമായാണ് രൂപപ്പെടുന്നത് എന്നും സാമ്പത്തിക സാഹചര്യത്തെ നിയന്ത്രിക്കാനായാല്‍ വ്യക്തിയില്‍ പരിവര്‍ത്തനം കൊണ്ടുവരാന്‍ സാധിക്കുമെന്നും അവര്‍ വിഭാവനം ചെയ്തു. അതിനായി ഏതു വിധേനയും ഭരണകൂടത്തെ മാറ്റി സാമ്പത്തിക സമത്വം സൃഷ്ടിക്കാന്‍ കഴിയുന്ന ഭരണകൂടത്തെ അധികാരത്തിലേറ്റുക എന്നതായിരുന്നു അവരുടെ പദ്ധതി. അങ്ങനെ അത്തരം ശക്തികള്‍ ദീര്‍ഘകാലം അധികാരത്തില്‍ വന്ന രാജ്യങ്ങളില്‍ അവര്‍ ആഗ്രഹിക്കുന്ന പരിവര്‍ത്തനം കൊണ്ടുവരാനായില്ല. അവിടങ്ങളിലെല്ലാം അഴിമതിയും അരാജകത്വവും അക്രമവും സ്വാര്‍ത്ഥതയും വര്‍ദ്ധിച്ച് രാഷ്ട്രം തന്നെ ഇല്ലാതാവുന്ന അവസ്ഥയാണ് ഉണ്ടായത്. വ്യവസ്ഥിതിക്ക് പകരം മനഃസ്ഥിതി മാറ്റുക എന്ന പദ്ധതിയാണ് ഡോക്ടര്‍ജി അവതരിപ്പിച്ചത്. മനുഷ്യ മനസ്സുകളില്‍ ആണ് ആദ്യം പരിവര്‍ത്തനം ഉണ്ടാകേണ്ടത്. അങ്ങനെ വളര്‍ത്തിയെടുക്കുന്ന വ്യക്തികള്‍ സമൂഹപരിവര്‍ത്തനത്തിന് നേതൃത്വം കൊടുക്കും. നിലവിലുള്ള വിദ്യാഭ്യാസ പദ്ധതികള്‍ ഒന്നും തന്നെ യഥാര്‍ത്ഥ മനുഷ്യനെ സൃഷ്ടിക്കുന്നവയല്ല എന്ന് വിവേകാനന്ദ സ്വാമികളും പറഞ്ഞിരുന്നു. അന്ന് ഭാരതത്തില്‍ ഉണ്ടായിരുന്ന സര്‍വകലാശാലകളില്‍ നിന്ന് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികളില്‍ ഒരു യഥാര്‍ത്ഥ മനുഷ്യനെ പോലും കാണാന്‍ കഴിഞ്ഞിട്ടില്ല എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതുകൊണ്ട് ഭാരതത്തിന് വേണ്ടത് MAN MAKING EDUCATION ആണ് എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അത്തരത്തിലുള്ള മനുഷ്യനിര്‍മാണത്തിന് ഉതകുന്ന പ്രായോഗികമായ കാര്യപദ്ധതി അവതരിപ്പിച്ചു എന്നുള്ളതാണ് ഡോക്ടര്‍ജിയുടെ സവിശേഷത. ഗ്രാമഗ്രാമാന്തരങ്ങളില്‍ പ്രതിദിനം യുവാക്കള്‍ ഒരുമിച്ച് ചേരുന്ന വ്യക്തി വികാസപ്രക്രിയയെ അദ്ദേഹം വികസിപ്പിച്ചു. അതാണ് സംഘത്തിന്റെ നിത്യ ശാഖ. ശരീരം, മനസ്സ്, ബുദ്ധി, ആത്മാവ് എന്നിവയെല്ലാം ചേര്‍ന്നതാണ് ഒരു വ്യക്തി. ഈ നാലിനും ഒരുപോലെ വികാസം ഉണ്ടാവുമ്പോഴാണ് സമഞ്ജസ വ്യക്തിത്വം രൂപപ്പെടുന്നത്. ശാരീരിക ബൗദ്ധിക കാര്യക്രമങ്ങളും കളികളും പ്രാര്‍ത്ഥനയും എല്ലാം സാധാരണക്കാരനെ സ്വയംസേവകനിലേക്ക് ഉയര്‍ത്തുന്നു. വ്യക്തികളുടെ വൈകാരിക സാമൂഹിക മാനങ്ങളെ വളര്‍ത്തുന്ന സമഗ്രമായ അനൗപചാരിക വിദ്യാഭ്യാസ പദ്ധതിയാണ് പ്രതിദിനം നടന്നുവരുന്ന സംഘശാഖ. സ്വയംസേവക നിര്‍മ്മാണം എന്ന ഒരൊറ്റ പ്രവര്‍ത്തനം മാത്രമാണ് സംഘം ചെയ്യുന്നത്. ശാഖയിലൂടെ നിര്‍മ്മിക്കപ്പെടുന്ന സ്വയംസേവകന്‍ സമാജത്തിന്റെ വിവിധ മേഖലകളില്‍ പരിവര്‍ത്തനത്തിനായി പരിശ്രമിക്കുന്നു.
സ്വയംസേവക നിര്‍മ്മാണം എന്ന ഒരൊറ്റ കാര്യം മാത്രമാണ് സംഘം ചെയ്യുന്നത് എന്നുള്ളത് കൊണ്ട് അക്കാലത്തെ ഏറ്റവും അവശ്യമായിരുന്ന സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളില്‍ നിന്ന് മാറിനിന്നു എന്ന് അര്‍ത്ഥമില്ല. ഡോക്ടര്‍ജി സ്വയമേവ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. അദ്ദേഹം കല്‍ക്കത്തയില്‍ എംബിബിഎസിനു പഠിച്ചുകൊണ്ടിരുന്നപ്പോള്‍ അനുശീലന്‍ സമിതി അടക്കമുള്ള വിപ്ലവ സംഘടനകളുടെ സജീവ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പഠനം കഴിഞ്ഞ് നാഗപ്പൂരിലേക്ക് തിരിച്ചെത്തിയ ഡോ.ഹെഡ്‌ഗെവാര്‍ ബാലഗംഗാധര തിലകന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ആകൃഷ്ടനാകുകയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, രാഷ്ട്രീയ മണ്ഡല്‍ എന്നിവയുടെ സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളില്‍ വ്യാപൃതനാകുകയും ചെയ്തു. തിലകന്റെ മരണശേഷം ഗാന്ധിജി കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് എത്തപ്പെട്ടു. നിസ്സഹകരണ പ്രസ്ഥാനം ഖിലാഫത്ത് പ്രസ്ഥാനത്തിനൊപ്പം നടത്താനുള്ള മഹാത്മാഗാന്ധിയുടെ തീരുമാനത്തെ ഹെഡ്‌ഗേവാര്‍ എതിര്‍ത്തുവെങ്കിലും സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം തുടര്‍ന്നു. 1921 ആഗസ്റ്റ് 19 മുതല്‍ 1922 ജൂലായ് 12 വരെ അദ്ദേഹം ജയിലില്‍ അടക്കപ്പെട്ടു.
1930-ല്‍ നിയമലംഘന പ്രസ്ഥാനം ആരംഭിച്ചു, ഈ സമരത്തില്‍ സംഘടന എന്ന നിലയില്‍ ആര്‍.എസ്.എസ്സിനെ നേരിട്ട് പങ്കെടുപ്പിക്കുന്നില്ല എന്ന് അദ്ദേഹം തീരുമാനിച്ചു. എന്നാല്‍ അംഗങ്ങള്‍ക്ക് പങ്കെടുക്കാം എന്ന് അദ്ദേഹം സ്വയംസേവകരെ അറിയിച്ചു. സ്വയം മാതൃകയായി അദ്ദേഹം വനസത്യഗ്രഹത്തില്‍ പങ്കെടുത്ത് ജയില്‍ വാസം അനുഷ്ടിച്ചു. 1930 ജൂലായ് 12ന് അദ്ദേഹം സര്‍സംഘചാചാലക് പദവി രാജിവെച്ച് 12 അംഗ സത്യഗ്രഹ സംഘത്തോടൊപ്പം യവത് മാല്‍ ജില്ലയിലെ പുസാദിലേക്ക് യാത്രതിരിച്ചു. ദാദാറാവു പരമാര്‍ഥ്, ബാബ സാഹിബ് ദാലെ, ഹരി ജോഗ് കൃഷ്ണ തുടങ്ങിയവരെല്ലാം കൂടെയുണ്ടായിരുന്നു. ജൂലായ് 22ന് നിയമം ലംഘിച്ചതിന് ഈ സംഘത്തെയും അറസ്റ്റ് ചെയ്തു 9 മാസത്തെ കഠിനതടവിന് വിധിച്ചു.
1940 ഓടെ ഭാരതമെമ്പാടും സംഘപ്രവര്‍ത്തനമെത്തിയത് ദര്‍ശിച്ചുകൊണ്ടാണ് സംഘസ്ഥാപകന്‍ ഇഹലോകവാസം വെടിയുന്നത്. പിന്നീട് ശ്രീഗുരുജിയുടെ നേതൃത്വത്തില്‍ വിവിധ മേഖലകളിലേക്ക് സംഘ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനയുള്ള വിവിധ സംഘടനകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. വിദ്യാഭ്യാസം, വിദ്യാര്‍ത്ഥി, രാജനൈതികം,തൊഴില്‍, ധാര്‍മിക മേഖലകളില്‍ വിദ്യാഭാരതി, എബിവിപി, ഭാരതീയ ജനസംഘം, ബിഎംഎസ്, വിഎച്ച്പി എന്നിങ്ങനെയുള്ള വിവിധ സംഘടനകള്‍ അതാത് മേഖലകളില്‍ ഏറ്റവും ശക്തമായി മുന്നേറി. 1975ലെ അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ ജനാധിപത്യ ധ്വംസനത്തിനെതിരെ പോരാടി ചരിത്രപരമായ മുന്നേറ്റം നടത്താന്‍ സംഘത്തിന് സാധിച്ചു. 1989 ലെ ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ ജന്മശതാബ്ദി പ്രവര്‍ത്തനത്തോടുകൂടി സേവനമേഖലയില്‍ നൂറുകണക്കിന് സ്ഥാപനങ്ങളും പ്രവര്‍ത്തനങ്ങളും വിപുലമായി ആരംഭിച്ചു. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ ശ്രീരാമജന്മഭൂമി വീണ്ടെടുക്കുന്നതിന് വേണ്ടിയുള്ള പ്രക്ഷോഭം ഭാരതമാസകാലം വലിയ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചു. ഭാരതത്തിന് നഷ്ടമായ ആത്മവീര്യം തിരിച്ചുകൊണ്ടുവരുന്ന തരത്തിലുള്ള മുന്നേറ്റം ഈ പ്രക്ഷോഭം കൊണ്ടുണ്ടായി. ഇന്ന് രാമജന്മഭൂമിയില്‍ ഭവ്യമായ ശ്രീരാമ ക്ഷേത്രം ലോകാകര്‍ഷകമായി നിലകൊള്ളുന്നു. സമാജത്തിന്റെ എല്ലാ മേഖലകളിലും സംഘ ആശയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആരംഭിച്ച സംഘടനകള്‍ ഏറ്റവും ശക്തമായ സ്വാധീനം സൃഷ്ടിച്ചു കഴിഞ്ഞു. ഇങ്ങനെ ഉണര്‍ന്നെണീറ്റ ജനശക്തിയുടെ കരുത്തില്‍ ഭാരതം പൂര്‍വ്വകാല വൈഭവത്തിലേക്ക് നടന്നടുത്തുകൊണ്ടിരിക്കുകയാണ്. 2047ല്‍ സ്വാതന്ത്ര്യത്തിന്റെ ശതാബ്ദിയാകുമ്പോഴേക്കും വികസിത ഭാരതം എന്ന ലക്ഷ്യപൂര്‍ത്തിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനത്തിലാണ് ഭാരതം.
ഒരു രാഷ്ട്രത്തിന്റെ വികസനത്തിന് ഏറ്റവും അനുപേക്ഷണീയമായ 5 ഘടകങ്ങള്‍ ഉണ്ട്.
1. ദേശീയ ബോധമുള്ള ജനത
2. ഉറച്ച ഭരണകൂടം
3. സുസ്ഥിരവും വളര്‍ച്ചയുള്ളതുമായ സമ്പദ് വ്യവസ്ഥ
4. ശക്തമായ പ്രതിരോധ സംവിധാനം
5. വിദ്യാഭ്യാസമുള്ള യുവജനത
ഈ അഞ്ചു കാര്യങ്ങളിലും ഭാരതം ഇന്ന് ഉയര്‍ന്ന നിലവാരത്തിലാണ്. ജനങ്ങളില്‍ ദേശീയ ബോധം ശക്തമാണ്. ലോക രാജ്യങ്ങള്‍ ഇന്ന് ഭാരതത്തെ അംഗീകരിക്കുന്നു. ആദരിക്കുന്നു. ലോകത്ത് എവിടെയും ഭാരതീയര്‍ക്ക് വലിയ പ്രാധാന്യം ലഭിക്കുന്നു. ദേശീയതയുടെ ഉയര്‍ത്തെഴുന്നേല്‍പ്പുകൊണ്ട് ഉണ്ടായ മാറ്റങ്ങള്‍ ആണ് ഇതെല്ലാം. ദേശീയ മാനബിന്ദുക്കള്‍ക്കെതിരായ ഏതു നീക്കത്തെയും പ്രതിരോധിക്കാന്‍ തക്കവിധത്തില്‍ ദേശീയബോധമുള്ള ജനതയാണ് നമ്മുടേത്.
സുസ്ഥിരവും ഉറച്ചതുമായ ഒരു ഭരണകൂടം ഇന്ന് ഭാരതത്തിലുണ്ട്. അഴിമതിയുടെ അപവാദങ്ങള്‍ ഇല്ലാത്ത, ഉറച്ച തീരുമാനങ്ങള്‍ എടുത്തു നടപ്പിലാക്കാന്‍ കഴിവുള്ള ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടമാണ് ഭാരതത്തിലുള്ളത്. കാശ്മീരിനെ ഭാരതത്തില്‍ നിന്ന് അകറ്റിനിര്‍ത്തിയിരുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് എടുത്തുമാറ്റി. കാശ്മീര്‍ ഇന്ന് സമാധാനപരമായി തുടരുകയും ചെയ്യുന്നു. റഷ്യയുമായുള്ള എണ്ണക്കച്ചവടത്തിന്റെ പേരില്‍ ഭാരതത്തിനെതിരായി അമേരിക്ക തീരുവ യുദ്ധം ആരംഭിച്ചപ്പോള്‍ നെഞ്ചുറപ്പോടെ ശിരസ്സുയര്‍ത്തി നേരിടുവാന്‍ ഭാരതം തയ്യാറായി. ആരുടെ ഭീഷണിക്ക് മുന്നിലും ഭാരതം തലകുനിക്കില്ലെന്ന് ലോകത്തോട് വ്യക്തമാക്കാന്‍ ഇന്ന് നമുക്ക് കഴിയുന്നുണ്ട്.
ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നതും സുസ്ഥിരവുമായ സമ്പദ് വ്യവസ്ഥയാണ് ഭാരതത്തിന്റേത്. ലോകത്തിലെ നാലാമത്തെ ഉയര്‍ന്ന സാമ്പത്തിക ശക്തിയാണ് ഭാരതം. 2038 ല്‍ മൂന്നാം സ്ഥാനത്തും 47ല്‍ രണ്ടാം സ്ഥാനത്തും എത്തിച്ചേരുമെന്ന് ലോകം കണക്കുകൂട്ടുന്നു. വികസിത രാജ്യങ്ങള്‍ എല്ലാം സാമ്പത്തിക വളര്‍ച്ചയില്‍ 1-2 ശതമാനത്തില്‍ നില്‍ക്കുമ്പോള്‍ ഭാരതം ആറിനും ഏഴിനും മുകളിലാണ് വളര്‍ച്ച കാണിക്കുന്നത്. ലോകത്താകെ നടക്കുന്ന ഡിജിറ്റല്‍ പണം ഇടപാടിന്റെ പകുതിയും ഭാരതത്തിലാണ് നടക്കുന്നത്. 24000 കൊടി രൂപക്കടുത്താണ് ഭാരതത്തിന്റെ പ്രതിരോധ കയറ്റുമതി. ഭൗതിക സാഹചര്യ വികസനത്തില്‍ ഭാരതം ഏറ്റവും ശക്തമായി മുന്നേറിക്കൊണ്ടിരിക്കുന്നു. റോഡ്, ട്രെയിന്‍, ജല, വായു ഗതാഗത സംവിധാനങ്ങള്‍ മുമ്പുണ്ടായിരുന്നതിനേക്കാള്‍ എത്രയോ മടങ്ങ് വര്‍ദ്ധിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും നീളമുള്ള റോഡ്, ട്രെയിന്‍ പാതകളാണ് ഭാരതത്തിന്റേത്. ഏറ്റവും വലിയ സൗരോര്‍ജ്ജ ഉല്‍പാദന രാജ്യമായി ഭാരതം മാറി.
ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ സംവിധാനമാണ് ഭാരതത്തിന്റേതെന്ന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ലോകം തിരിച്ചറിഞ്ഞു. പഹല്‍ഗാമില്‍ നേരിട്ട അക്രമത്തിന് പതിന്മടങ്ങ് പ്രഹര ശേഷിയോടെ പകരം വീട്ടാന്‍ നമ്മുടെ സൈന്യത്തിനായി. അതില്‍ പ്രകടമായ നാരീശക്തിയുടെ സാന്നിധ്യം ഭാവിഭാരതത്തിന്റെ ശക്തി വിളിച്ചോതുന്നതാണ്. ലോകത്തിലെ ഏറ്റവും മികച്ച സൂപ്പര്‍സോണിക് മിസൈല്‍ ആയി ബ്രഹ്മോസ് മാറിക്കഴിഞ്ഞു. ശത്രുവിന്റെ ഏതു ആക്രമണ നീക്കത്തെയും മുന്‍കൂട്ടി കണ്ടു തടുക്കാന്‍ കഴിവുള്ള മിസൈല്‍ പ്രതിരോധ സംവിധാനമാണ് നമ്മുടേത്. അഗ്‌നിയും നാഗും തൃശൂലും അടക്കമുള്ള മിസൈല്‍ സാങ്കേതികവിദ്യ ലോകത്തിലെ ഏറ്റവും മികച്ചതാണ്. ലോകത്തിലെ ഏറ്റവും മികച്ചതും വലുതുമായ അര്‍ദ്ധസൈനികദളം ഭാരതത്തിന്റേതാണ്. ഭാരതത്തിന്റെ കരസേന ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ശക്തിയാണ്. നാവികസേന നാലാം സ്ഥാനത്തും വായുസേന അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു. സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ ഭാരത സേനയുടെ വീര്യം ശത്രു രാജ്യങ്ങള്‍ മനസ്സിലാക്കിയിട്ടുള്ളതാണ്.
ലോകത്തിലെ ഏറ്റവുമധികം യുവജനങ്ങളുള്ള നാട് ഭാരതമാണ്. വിദ്യാഭാസവും നൈപുണ്യവും ഉള്ള യുവജനതയാണ് ഭാരതത്തിലേത്. ലോകത്ത് ആകെയുള്ളതിനേക്കാള്‍ കൂടുതല്‍ സര്‍വകലാശാലകള്‍ ഭാരതത്തിലുണ്ട്. 50000 ല്‍ കൂടുതല്‍ ഉന്നത വിദ്യാഭ്യാസ പഠനകേന്ദ്രങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ പരിവര്‍ത്തനങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. NIT, IIT, AIMS, IIMS- എന്നിവയുടെ കാര്യത്തിലും വലിയ വര്‍ദ്ധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നു.
ഇങ്ങനെ ലോകത്തിന്റെ നെറുകയിലേക്ക് ഭാരതം നടന്നടുത്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഏറ്റവും ശക്തമായ വെല്ലുവിളികളും നാം നേരിട്ടുകൊണ്ടിരിക്കുന്നു. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഉപകരണമായ ഡീപ് സ്റ്റേറ്റിന്റെ ചട്ടുകങ്ങളായി മാറിയിട്ടുള്ളവര്‍ ഭാരതത്തിനകത്ത് അന്തഛിദ്രം ഉണ്ടാക്കാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. ഭാരതത്തെ തകര്‍ക്കുക എന്ന ഡീപ് സ്റ്റേറ്റിന്റെ ലക്ഷ്യത്തിന് അനുസൃതമായിട്ടുള്ള ആഖ്യാനങ്ങള്‍ അവര്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. റഷ്യയുമായുള്ള എണ്ണക്കച്ചവടത്തെ ബ്രാഹ്മണ മേധാവിത്വവുമായി കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നത് നാം കണ്ടു കഴിഞ്ഞു. ബംഗ്ലാദേശ്, ശ്രീലങ്ക,നേപ്പാള്‍ തുടങ്ങിയ നമ്മുടെ അയല്‍ രാജ്യങ്ങളില്‍ ആഭ്യന്തര കലഹങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ഭരണകൂടത്തെ അട്ടിമറിക്കുക എന്ന നയം ഭാരതത്തിലും പലതവണ പരീക്ഷിക്കപ്പെട്ടു കഴിഞ്ഞതാണ്. ഇനിയും അത്തരം പുതിയ നീക്കങ്ങള്‍ക്കുള്ള പരിശ്രമങ്ങള്‍ ഉണ്ടാകുമെന്ന് തീര്‍ച്ചയാണ്. ഇതിനെല്ലാം എതിരെയുള്ള പ്രതിരോധ കവചമായി മാറേണ്ടത് ജനങ്ങളുടെ ദേശീയബോധമാണ്.
ഭാരതത്തിന്റെ പരമ വൈഭവം എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തികൊണ്ടുള്ള സംഘപ്രവര്‍ത്തനം നൂറാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഒട്ടേറെ വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജീവിച്ചു കൊണ്ടാണ് സംഘം മുന്നേറിയത്. അച്ചടക്കം, ആത്മബന്ധം,ദൃഢനിശ്ചയം, സേവന ഭാവം, രാഷ്ട്രഭക്തി തുടങ്ങിയ മൂല്യങ്ങളില്‍ അടിയുറച്ചു നിന്നു കൊണ്ടുള്ള സംഘത്തിന്റെ പ്രവര്‍ത്തനമാണ് ഭാരതത്തെ ആത്മനിര്‍ഭരതയിലേക്ക് നയിച്ചത്. ഭാരതത്തിന്റെ പരമവൈഭവം എന്നത് കേവലം ഭാരതത്തിനു വേണ്ടി മാത്രമുള്ളതല്ല. ലോകമംഗളത്തിന് കൂടിയുള്ളതാണ്. കൃണ്വന്തോ വിശ്വമാര്യം എന്നാണ് നമ്മുടെ പൂര്‍വികര്‍ പറഞ്ഞിട്ടുള്ളത്. ലോകത്തെ ശ്രേഷ്ഠവല്‍ക്കരിക്കേണ്ടത് ഭാരതത്തിന്റെ ദൗത്യമാണ്. വസുധൈവ കുടുംബകം എന്നതാണ് നമ്മുടെ കാഴ്ചപ്പാട്. ഈ ഭൂമി ഒരു കുടുംബമാണ് എന്ന് കരുതി കൊണ്ടാണ് സര്‍വ്വേ ഭവന്തു സുഖിന: എന്ന് നാം പ്രാര്‍ത്ഥിച്ചത്. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന മന്ത്രം ഉരുവിട്ടത്. അണുവില്‍ നിന്ന് തുടങ്ങി വികസിക്കുന്നതാണ് നമ്മുടെ സങ്കല്പങ്ങള്‍. അതുകൊണ്ടുതന്നെ ഭാരതം ഉയരുന്നത് ലോകത്തെ കൈപിടിച്ചുയര്‍ത്താനാണ്. സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും ശാന്തിയുടെയും സമാധാനത്തിന്റെയും മന്ത്രം ലോകത്തിന് പകരുന്നതിനാണ്. ആത്മീയതയുടെ വെളിച്ചം ലോകത്തിന് നല്‍കാനാണ്. അതിനായി സമാജത്തെ ശക്തമാക്കാന്‍ ആണ് പഞ്ചപരിവര്‍ത്തനം എന്ന ആശയം സംഘം മുന്നോട്ടുവച്ചിട്ടുള്ളത്. പൗരധര്‍മ്മം, കുടുംബ പ്രബോധനം, സാമാജിക സമരസത, സ്വത്വബോധം, പരിസ്ഥിതി സംരക്ഷണം എന്നിവയിലൂടെ മഹത്തായ സമാജ സൃഷ്ടി സംഘം വിഭാവനം ചെയ്യുന്നു. അതിന് സമാജത്തിലെ മുഴുവന്‍ സജ്ജന ശക്തിയും സമാഹരിക്കുന്നതിനു വേണ്ടിയുള്ള വിവിധ കാര്യക്രമങ്ങളാണ് ശതാബ്ദിയോട് അനുബന്ധിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം സംഘടിപ്പിക്കുന്നത്. അത്തരം കാര്യക്രമങ്ങള്‍ക്ക് ഈ വിജയലക്ഷ്മി ആഘോഷത്തോടൊപ്പം തുടക്കം കുറിക്കുകയാണ്. മുഴുവന്‍ വീടുകളിലേക്കും സംഘ സന്ദേശം എത്തിക്കുന്ന സമ്പൂര്‍ണ്ണ സമ്പര്‍ക്കം, പഞ്ചായത്തുകള്‍ തോറുമുള്ള ഹൈന്ദവസമ്മേളനങ്ങള്‍, താലൂക്ക് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കപ്പെടുന്ന സദ്ഭാവന സമ്മേളനങ്ങള്‍, ജില്ലാതലത്തില്‍ സംഘടിപ്പിക്കുന്ന സജ്ജനശക്തി സമ്മേളനങ്ങള്‍, യുവാക്കളെ സംഘടിപ്പിച്ചുകൊണ്ടുള്ള യുവസംഗമങ്ങള്‍ എന്നിങ്ങനെയുള്ള വ്യത്യസ്തമായ കാര്യക്രമങ്ങള്‍ ശതാബ്ദിയുടെ ഭാഗമായി നടക്കുന്നു. ഇത്തരത്തില്‍ കൊട്ടിഘോഷിക്കപ്പെടുന്ന ജൂബിലി ആഘോഷങ്ങളില്ലാതെ സംഘത്തിന്റെ ശതാബ്ദി കാര്യക്രമങ്ങള്‍ സമാജപരിവര്‍ത്തനം എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിക്കൊണ്ട് മുന്നോട്ടുപോവുകയാണ്.
(ആര്‍എസ്എസ് ഉത്തരകേരള പ്രാന്ത സഹ ബൗദ്ധിക് ശിക്ഷണ്‍പ്രമുഖ് ആണ് ലേഖകന്‍)





















