രാവിലെ മാഹിയ്ക്ക് ഒരു യാത്ര. ഡോ. രഘുരാജിന്റെ കൂടെ. സ്ലീപ്പര്‍ ടിക്കറ്റ് എടുത്ത് ഞങ്ങള്‍ മാംഗ്ലൂര്‍ മെയിലില്‍ കേറി. ഞായറാഴ്ചയായതുകൊണ്ട് തിരക്ക് ഇല്ല. എസ് 7 ല്‍ രണ്ട് വിന്‍ഡോ സീറ്റ് ഒഴിഞ്ഞങ്ങനെ കിടക്കുന്നു. സൗകര്യമായി ഇരുന്ന് പത്രം നിവര്‍ത്തി വായന തുടങ്ങി. പത്രത്തില്‍ കന്യാസ്ത്രീ പ്രശ്‌നം കത്തി നില്‍ക്കുന്നു.
‘മത പരിവര്‍ത്തനമാണ് ചൂടുള്ള വാര്‍ത്ത അല്ലെ?’ രഘുവേട്ടന്‍ ചോദിച്ചു.
‘അതെ’ പത്രം മടക്കി ഞാന്‍ പറഞ്ഞു ‘വാസ്തവത്തില്‍ മതപരിവര്‍ത്തനമല്ല ധര്‍മ്മാന്തരണം’
‘രണ്ടും ഒന്നല്ലേ?’
”അല്ല. അര്‍ത്ഥം ഒന്നാണെങ്കിലും ഉത്തരേന്ത്യയില്‍’ധര്‍മ്മാന്തരണ്‍’ വലിയ സംഭവമാണ്. ഇവിടെ നമ്മള്‍ മതപരിവര്‍ത്തനം കാഷ്വല്‍ ആയി എടുക്കുന്നു. റിലിജിയന്‍ എന്ന ‘മതം’ ഇവിടെ അഭിപ്രായമാണ്. അവിടെ ധര്‍മ്മമാണ് മാറുന്നത്. അതിനു വലിയ മാനങ്ങള്‍ അന്നാട്ടുകാര്‍ കല്പിക്കുന്നുണ്ട്. ഒരു സസ്യാഹാരി മതം മാറിയാല്‍ മാംസാഹാരിയായി മാറുന്നു എന്നത് ചിലര്‍ക്ക് സഹിക്കാന്‍ പറ്റാത്തതാണ്. അതും പശുമാംസം ഭക്ഷിക്കുക എന്ന കാര്യം അവര്‍ക്ക് ചിന്തിക്കാനേ പറ്റില്ല.”
‘ആദിവാസികളെ മതം മാറ്റിയാല്‍ അത്ര പ്രശ്‌നമുണ്ടാവില്ലല്ലോ എന്ന് കരുതിയായിരിക്കും മതപ്രേഷകര്‍ അതിനു തുനിയുന്നത്. മാത്രമല്ല കഴിയുന്നത്ര എല്ലാ വേദികളിലും മാധ്യമങ്ങളിലും ഇക്കൂട്ടര്‍ ആദിവാസികള്‍ ഹിന്ദുക്കളല്ല എന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. സേവനത്തിന്റെ മറവില്‍ മാത്രമല്ല ജോലി വാഗ്ദാനത്തിന്റെ മറവിലും റിക്രൂട്ട്‌മെന്റ്. ഒപ്പം ദൂരേയ്ക്ക് തട്ടിക്കൊണ്ട് അല്ല.. കൂട്ടിക്കൊണ്ടുപോകല്‍.. തട്ടി അല്ല.. കൂട്ടി.. ഹ.ഹ. ഹ.. അതിനാലാണ് ഛത്തീസ്ഗഢ ് പ്രശ്‌നം ഉണ്ടായത്. ചീപ് റേറ്റിന് മതത്തില്‍ ആളെ കിട്ടുവാന്‍ പണ്ട് മുതല്‍ക്കേ ഉപയോഗിച്ച് വരുന്ന തന്ത്രമാണ്. ജോലി വാഗ്ദാനം.’
‘ശരിയാണ്. ഈയിടെ ഞാന്‍ കട്ടപ്പനയില്‍ പോയിരുന്നു. രാവിലെ ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ അവിടെ മുഴുവന്‍ ഛത്തീസ് ഗഢ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്ന് വന്നവരാണ്. പള്ളികളിലും മഠങ്ങളിലും എസ്റ്റേറ്റുകളിലും ജോലി ചെയ്യുന്നവരാണ് അവര്‍. അനേകം സ്ത്രീകളുമുണ്ട്. എല്ലാം ആദിവാസികള്‍. കേരളത്തില്‍ നിലവിലുള്ള കൂലിയില്‍ പകുതി കൊടുത്താല്‍ തന്നെ അത് മതം മാറാനുള്ള നല്ല പ്രലോഭനമാവും.”
”ശരിയാണ്. മതം മാറ്റി കൊണ്ടുവന്നവരായിരിക്കാം എല്ലാം. ഇത് വല്ലാത്ത കഷ്ടമാണ്. മത സ്വാതന്ത്ര്യത്തില്‍ മത പരിവര്‍ത്തനവകാശം ഉണ്ടോ?’
”ഇല്ല. എങ്കിലും സെമിറ്റിക് മതങ്ങള്‍ രണ്ടും അത് ജന്മാവകാശം പോലെയാണ് പറയുന്നത്. പരിവര്‍ത്തനാവകാശമില്ലാതെ അവരുടെ മതത്തിനു നിലനില്‍പ്പില്ല പോലും. അത് മത സ്വാതന്ത്ര്യത്തിന്റെ ഭാഗമായാണവര്‍ കണക്കാക്കുന്നത്. ഭാരതം മത കൃഷിക്കാരുടെ വിതയ്ക്കാതെ കൊയ്യുന്ന കൊയ്ത്തുപാടമാണ്.”
‘ഹ.ഹ.ഹ..ഒരു കന്യസ്ത്രീയുടെ വീഡിയോ കണ്ടു. അതില്‍ ഹിന്ദുക്കളോട് പറയുന്നു നിങ്ങള്‍ നിങ്ങളുടെ ആള്‍ക്കാരെ പ്രത്യേകിച്ചും താഴേക്കിടയിലുള്ളവരെ നോക്കാത്തതുകൊണ്ടല്ലേ ഞങ്ങള്‍ അവരെ സമീപിക്കുന്നത് എന്ന്. സംഘടിത മതക്കാര്‍ക്ക് പലതും അറിയില്ല.’ നിങ്ങളുടെ ആള്‍ക്കാര്‍’ എന്നത് ഹിന്ദുക്കള്‍ക്കിടയിലില്ല, ഒരു ഇടവകയോ, മഹല്ലോ ഹിന്ദുക്കള്‍ക്കിടയിലില്ല എല്ലാവരും എങ്ങനെയോ ജീവിച്ചു പോകുന്നു. സമുദായങ്ങള്‍ തമ്മിലോ അതിലെ അംഗങ്ങള്‍ തമ്മിലോ ഒരു യോജിപ്പുമില്ല. സമുദായ സംഘടനകള്‍ക്ക് പള്ളി പട്ടക്കാരെപ്പോലെ ജനങ്ങളുടെ മേല്‍ ഒരു നിയന്ത്രണവുമില്ല. ചുരുക്കത്തില്‍ ഹിന്ദുക്കള്‍ സംഘടിതരല്ല.”
”ശരിയാണ് അത് അവര്‍ക്കറിയാം. അതാണ് ഹിന്ദുക്കളെ ഒന്നിപ്പിക്കുന്നവരോട് ഇവര്‍ക്ക് കടുത്ത വിദ്വേഷം. ജാതീയത ചൂണ്ടിക്കാട്ടി മതം മാറ്റും. എന്നിട്ട് ആ മതത്തിലും അത് ഭംഗിയായി നടപ്പിലാക്കും. പുലയപ്പള്ളി, പറയപ്പള്ളി എന്നൊക്കെ കേട്ടിട്ടില്ലേ? മുസ്‌ലിംകളാണെങ്കില്‍ അന്യ മുസ്‌ലിം ജാതിക്കാരെ പള്ളിയില്‍ അടുപ്പിക്കില്ല. ഉത്തരേന്ത്യയില്‍ പല മുസ്‌ലിം പള്ളികളുടെയും മുന്നില്‍ ഏതൊക്കെ മുസ്ലിം ജാതിക്കാര്‍ക്ക് കടക്കാന്‍ പാടില്ല എന്നെഴുതി വെച്ചിട്ടുണ്ട്.”
‘ഒരു ഗോവന്‍ തമാശ ഓര്‍മ്മ വരുന്നു.’ കര്‍ണ്ണാടകത്തില്‍ കുറെ കാലം ജോലി ചെയ്ത രഘുവേട്ടന്‍ പറഞ്ഞു.
‘എന്താത്? ‘അറിയാന്‍ എനിക്ക് ആകാംക്ഷയായി.
‘ഇന്‍ക്വിസിഷന്റെ കാലത്ത് പോര്‍ച്ചുഗീസുകാര്‍ പല ഭേദ്യങ്ങളും ചെയ്തു. മതം മാറിയവരുടെ ജാതീയത ഇല്ലാതാക്കാന്‍’ഗോവക്കാര്‍’ എന്ന പുതിയ ഒറ്റ ജാതി സൃഷ്ടിച്ച് നോക്കി. അതുകൊണ്ടൊന്നും അത് ഇല്ലാതായില്ല. അങ്ങനെ റോമന്‍ കത്തോലിക്കരില്‍ അവര്‍ പുതിയ ചാതുര്‍വര്‍ണ്യം സൃഷ്ടിച്ചു. ബ്രാഹ്മണര്‍ മതം മാറിയാല്‍ അയാള്‍ ബമ്മോണ്‍ ആവുംക്ഷത്രിയര്‍ ചര്‍ദോസ് ആവും, വൈശ്യര്‍ ഗൗഡോസും ശൂദ്രര്‍ സുദീര്‍സും. അത് ഫലിച്ചു. ചില ഗ്രാമങ്ങള്‍ തന്നെ അവര്‍ക്ക് അങ്ങനെ മാറ്റാന്‍ സാധിച്ചു. അങ്ങനെ വേറെ വേറെ പള്ളിയും പുരോഹിതരുമായപ്പോള്‍ സംഗതി ഏറെ കുഴപ്പമായി. ഒരു പള്ളിയിലെ പുരോഹിതനെ മറ്റേ പള്ളിക്കാര്‍ എടുക്കില്ല. മതം മാറിയിട്ടും പലരും അവരവരുടെ ആചാരങ്ങള്‍, ചിട്ടകള്‍ മാറ്റിയില്ല. അതിന് വലിയ ശിക്ഷ പലര്‍ക്കും നേരിടേണ്ടി വന്നു. വീട്ടിലെ വിഗ്രഹങ്ങള്‍ തല്ലിയുടക്കണം, തുളസിത്തറ പൊളിക്കണം ഇതൊക്കെ ചെയ്യാന്‍ പറ്റാത്തവര്‍ ഓടിപ്പോയി. മതം മാറിയിട്ടും കാവ്, വൃക്ഷാരാധന തുടങ്ങിയവ തുടര്‍ന്ന് ചെയ്താല്‍ കടുത്ത ശിക്ഷ അനുഭവിക്കണം എന്നായി. പലരും പലായനം ചെയ്തു, പലരും പുറമേക്ക് മതം മാറിയെങ്കിലും ഉള്ളില്‍ ഹിന്ദുക്കളായി ജീവിച്ചു.”
‘ഹ.ഹ.ഹ. ക്രിപ്‌റ്റോ ക്രിസ്ത്യന്‍സിനെപ്പോലെ ക്രിപ്‌റ്റോ ഹിന്ദൂസ് അല്ലെ? വെറുതെയല്ല ഗോവയില്‍ ബിജെപി ജയിക്കുന്നത്. അതിക്രൂരരായിരുന്നു പോര്‍ച്ചുഗീസുകാരും സ്‌പെയിന്‍കാരും എന്ന് കേട്ടിട്ടുണ്ട്. ലാറ്റിന്‍ അമേരിക്ക മുഴുവന്‍ ക്രൈസ്തവവല്‍ക്കരിച്ചുവെങ്കിലും ചെയ്ത് കൂട്ടിയ ക്രൂരതയ്ക്ക് അതിരില്ലായിരുന്നു. മായന്‍, ഇങ്ക, ആസ്‌ടെക് സംസ്‌കാരങ്ങളെ മുഴുവന്‍ നശിപ്പിച്ചു.”
”ഇസ്ലാം കിഴക്കോട്ട് പോയി എത്രയോ സംസ്‌കാരങ്ങളെ നശിപ്പിച്ചു മറ്റവര്‍ പടിഞ്ഞാട്ട് പോയും.’
‘ഇരുകൂട്ടരും രണ്ടു ദിക്കിലേക്കും പോയി. സംസ്‌ക്കാരം നശിക്കാത്തത് അതിനു മൂല്യങ്ങള്‍ ഉണ്ടാകുമ്പോളാണ്. അത് വാസ്തവത്തില്‍ അധിനിവേശ സംസ്‌കാരത്തെക്കാള്‍ മഹത്തരമായത് കൊണ്ടാണ്.’
‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നല്ലേ ഗുരുദേവന്‍ പറഞ്ഞത്?’ രഘുവേട്ടന്റെ ചോദ്യം.
”അത് നമ്മള്‍ പറയും. എന്നാല്‍ മത പ്രചാരണത്തിന് ഇറങ്ങി തിരിച്ചവരോട് അത് പറഞ്ഞു നോക്കു, അപ്പോഴറിയാം. അബ്രഹാമിക് മതങ്ങള്‍ ഒരിക്കലും അത് സമ്മതിക്കില്ല. തങ്ങളുടെ മത മേന്മ പൊക്കി കാണിച്ച് ആളുകളെ ആകര്‍ഷിക്കുന്നവര്‍ക്ക് എങ്ങനെ അതൊക്കെ ഉള്‍ക്കൊള്ളാന്‍ കഴിയും? ഈ മേന്മ വാദം ലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കി. ചോരപ്പുഴ ഒഴുക്കി, സംസ്‌കാരങ്ങളെ നശിപ്പിച്ചു.”
‘ശരിയാണ്. മതം മാറ്റം മനസ്സിനെ പിടിച്ചുലയ്ക്കുന്ന സംഭവമാണ്. മാധവിക്കുട്ടി ലീല മേനോനെ കെട്ടിപ്പിടിച്ചു കരഞ്ഞത് വെറുതെയല്ല.’
‘സ്വാമി വിവേകാനന്ദന്‍ പറഞ്ഞു’ഹിന്ദു മതത്തില്‍ നിന്ന് ഒരാള്‍ മാറിയാല്‍ ഒരാളുടെ എണ്ണം കുറയുക മാത്രമല്ല ഒരു ശത്രുവിനെ ഉണ്ടാക്കുക കൂടിയാണ് ചെയ്യുന്നത്’ എത്ര സത്യം!
മതം മാറ്റ പ്രക്രിയ ആളുകളെ മനോരോഗികളാക്കുന്നുണ്ട്. എന്റെ നാട്ടില്‍ ഒരു പയ്യന്‍ സൗദിയില്‍ ഏതോ വിദൂര ഗ്രാമത്തിലെ ഒരു പെട്രോള്‍ പമ്പില്‍ ജോലി ചെയ്തു വരുകയായിരുന്നു. ഒറ്റയ്ക്ക് ഒരു ഹിന്ദു. പ്രാര്‍ത്ഥിക്കാന്‍ പോകാതെ, റംസാന് നോമ്പെടുക്കാതെ..ബാക്കി അവിടെയുള്ളവരെല്ലാവരും മുസ്ലീകള്‍. മതം മാറാന്‍ വേണ്ടി അവന്റെ മേല്‍ ഭീകര സമ്മര്‍ദ്ദം ഉണ്ടായി. പാവം മനോരോഗിയായി നാട്ടിലേയ്ക്ക് മടങ്ങി. ഇന്നും അവന്‍ നാട്ടില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ട്.”
”അത്തരത്തില്‍ അനവധി ആളുകളുണ്ടാവാം. ആരാണതൊക്കെ ശ്രദ്ധിക്കുന്നത്? കണക്കെടുത്താല്‍ ഞെട്ടിപ്പോകും. കണ്‍വെര്‍ഷന്‍ ഈസ് ഇന്‍ഡീഡ് എ ക്രൈം.” എന്ന് രഘുവേട്ടന്‍ അത് പറഞ്ഞപ്പോള്‍ ഞാന്‍ കൂട്ടിച്ചേര്‍ത്തു. ”വര്‍ഷങ്ങള്‍ക്ക് മുമ്പ് വെല്ലൂര്‍ ആശുപത്രിയില്‍ ലേഡി ഡോക്ടറായി ജോലി ചെയ്തിരുന്ന എന്റെ ഒരു ബന്ധു പറഞ്ഞത് ഓര്‍ക്കുന്നു. ഒരു രോഗിയായ മലയാളി അമ്പലവാസി സ്ത്രീ പരിശോധനയ്ക്കിടയില്‍ ഡോക്ടറുടെ മാലയിലെ ഗുരുവായൂരപ്പന്റെ ലോക്കറ്റ് കേറി പിടിച്ച് ബഹളമുണ്ടാക്കി അലറി കരഞ്ഞു. എന്നിട്ട് പറഞ്ഞത്രെ ‘എനിക്കെന്റെ ഗുരുവായൂരപ്പന്‍ മതി ..എന്റെ കൃഷ്ണാ എന്നെ കൈവിടല്ലേ..’ എന്ന്. അവര്‍ ഭ്രാന്തിന്റെ വക്കോളം എത്തിയിരുന്നു. അന്വേഷിച്ചപ്പോള്‍ അറിഞ്ഞു അനാഥയായ അവരെ മതം മാറ്റാനുള്ള ശ്രമം കൊണ്ട് പിടിച്ചു നടന്നിരുന്നു എന്ന്.’
ആളുകള്‍ എന്തിനാണ് ഇങ്ങനെ മറ്റു ആളുകളില്‍ എടങ്ങേറുണ്ടാക്കുന്നത്?
‘ഒരാള്‍ സ്വന്തമായി മത ഗ്രന്ഥങ്ങള്‍ വായിച്ച് പഠിച്ച് ആ ദര്‍ശനത്തില്‍ ആകൃഷ്ടനായി മതം മാറുന്നത് ആണ് ശരിയായ മാര്‍ഗ്ഗം. അല്ലാതെ എന്തെങ്കിലും ഭൗതികമായ നേട്ടത്തിനോ കാര്യസാധ്യത്തിനോ മാറുന്നത് ഒരിക്കലും ശരിയല്ല.
‘അങ്ങനെ സനാതന ദര്‍ശനങ്ങിലേയ്ക്ക് മാറിയ രാമസിംഹന്‍, ശ്രീ എം., ഡോ. കലാം അങ്ങനെ എത്ര പേര്‍ നമുക്കുണ്ട് ‘
‘പുതിയ രാമസിംഹനെയും കൂട്ടണം’ .
‘ഹ.ഹ.. ശരിയാണ്. എക്‌സ് മുസ്‌ലിംസ് എണ്ണം കൂടുന്നുണ്ട് അവരൊക്കെ എവിടേയ്ക്കാണ് പോകുക എന്ന് ആര്‍ക്കറിയാം? നമ്മള്‍ ആരെയും മാര്‍ഗ്ഗം കൂട്ടാന്‍ നടക്കരുത്. അത് മോശമാണ്.’
‘ഒരു കാര്യം ചോദിക്കട്ടെ ..ഇസ്‌കോണ്‍ അങ്ങനെ ചെയ്യുന്നില്ലേ?’ഇല്ല. അത് ഒരു സാംസ്‌കാരിക കൂട്ടായ്മയാണ്. കൃഷ്ണാവബോധം ഒരു പ്രസ്ഥാനമാണ്. പരിസ്ഥിതി സ്‌നേഹികളുടെ, മൃഗ സ്‌നേഹികളുടെ കൂട്ടായ്മ പോലെ, കൃഷ്ണ സ്‌നേഹം കൊണ്ട് ഉണ്ടായ കൂട്ടായ്മ. അവിടെ ആരോടും മതം മാറാന്‍ പറയുന്നില്ല. പ്രസ്ഥാനത്തില്‍ ചേര്‍ന്ന പാശ്ചാത്യരില്‍ മിക്കവരും ഇപ്പോഴും തങ്ങളുടെ മതം ക്രിസ്ത്യാനിറ്റി എന്നാണെഴുതുന്നത്. ഇപ്പോള്‍ അറേബിയയിലും കൃഷ്ണഭക്തര്‍ ധാരാളം ഉണ്ടായി വരുന്നുണ്ട്. സ്വമേധയാ വേഗന്‍ ആവുക, ഗീതയില്‍ ആമഗ്‌നരാക്കുക, മദ്യം പാടേ ഉപേക്ഷിക്കുക, മത്സ്യ മാംസാഹാരങ്ങള്‍ വര്‍ജ്ജിക്കുക എന്നിവയിലൂടെ സാത്വികാരായി മാറുന്ന കാഴ്ച അദ്ഭുതകരമാണ്.’
രഘുവേട്ടന്‍ ചിരിച്ചു കൊണ്ട് ‘കൃഷ്ണ കൃഷ്ണ…ഹരേ.. കൃഷ്ണ!’എന്ന് പറഞ്ഞപ്പോഴേയ്ക്കും വണ്ടി മാഹിയിലെത്തിയിരുന്നു.
കാര്യകര്‍ത്താക്കള്‍ കാറുമായി എത്തി. മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ വിചാര കേന്ദ്രത്തിന്റെ സംസ്ഥാന പഠന ശിബിരത്തിന് തയ്യാറായി ഒരുങ്ങി കഴിഞ്ഞിരുന്നു.
തൊട്ടു മുന്‍പിലുള്ള മാഹി പള്ളി വെയിലത്ത് തിളങ്ങി. കടത്തനാട്ട് രാജാവിന്റെ സമ്മതത്തോടെ 1736 ല്‍ ഉയര്‍ന്ന പള്ളി അക്കാലത്ത് തന്നെ രണ്ടായിരത്തോളം പേരെ മതം മാറ്റി എന്ന ചരിത്ര രേഖ ഞാന്‍ ഓര്‍ത്തു. പള്ളിക്ക് മുകളിലെ സൈന്റ് തെരേസയുടെ സ്വര്‍ണ്ണ പ്രതിമ ഞങ്ങളെ നോക്കി ചിരിച്ചു. തൊഴുതു. കവാടത്തില്‍ എഴുതിയ ‘പ്രത്യാശയുടെ വാതില്‍’ക്കല്‍ പോയി ഞാനും തൊഴുതു.
സ്വസ്തി.





















