എന്തുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭാരതമാതാ പൂജയെ എതിര്‍ക്കുന്നത്? അവര്‍ എന്തുകൊണ്ട് ഗുരുപൂജയെ അധിക്ഷേപിക്കുന്നു? അവര്‍ എന്തുകൊണ്ട് വിഭജനചരിത്രത്തെ ഭയക്കുന്നു? അവര്‍ എന്തുകൊണ്ട് രാമായണത്തെയും രാമനെയും അവഹേളിക്കുന്നു? അവര്‍ ഭാരതീയമായതിനെ ഒക്കെ എതിര്‍ക്കുന്നതിന്റെ അടിസ്ഥാന കാരണം അവര്‍ക്ക് ഭാരതം ശത്രുരാജ്യമാണ് എന്നതാണ്. എല്ലാ കാലത്തും അവര്‍ ഭാരതത്തെയും അതിന്റെ സംസ്‌കാരത്തെയും എതിര്‍ക്കുകയും ആക്രമിക്കുകയും നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.
സ്വാതന്ത്ര്യസമരകാലത്ത് അവര്‍ സമരത്തെ എതിര്‍ത്തു. കാറല്‍ മാര്‍ക്‌സ് സ്വാതന്ത്ര്യസമരത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്, ബ്രിട്ടീഷുകാര്‍ ഭാരതത്തെ അടിമകളാക്കിയത് നന്നായി എന്നാണ്. വിപ്ലവത്തിന് അനുകൂലമായ സാഹചര്യം അതുകൊണ്ട് ഉണ്ടാകും എന്ന് മാര്‍ക്‌സ് എഴുതിവച്ചിട്ടുണ്ട്. പിന്നീട് ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാര്‍ഗദര്‍ശികള്‍ ആയിരുന്നിട്ടുള്ളത്.
സ്വാതന്ത്ര്യസമരകാലത്ത് അവര്‍ ബ്രിട്ടീഷുകാര്‍ക്ക് ഒപ്പമായിരുന്നു. രണ്ടാം ലോകമഹായുദ്ധം നടക്കുമ്പോള്‍ അവര്‍ ബ്രിട്ടീഷ് പട്ടാളത്തില്‍ ചേര്‍ന്ന് യുദ്ധത്തിന് പോയിട്ടുണ്ട്. സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തില്‍ ഐ. എന്‍.എ രൂപീകരിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം നടത്തുമ്പോള്‍ ആ ഭടന്മാരെ പിടിച്ചു ബ്രിട്ടീഷ് പോലീസിന് കൊടുക്കുന്ന ജോലി അവര്‍ ചെയ്തിട്ടുണ്ട് എന്ന് കാന്തലോട്ടു കുഞ്ഞമ്പു എന്ന കമ്മ്യൂണിസ്റ്റ് നേതാവ് തന്നെ പത്രസമ്മേളനം നടത്തി പ്രസ്താവിച്ചിട്ടുണ്ട്. 1940ല്‍ മുസ്ലിം ലീഗ് പാകിസ്ഥാന്‍ പ്രമേയം പാസാക്കിയപ്പോള്‍ അവര്‍ക്ക് പിന്തുണ കൊടുത്തു. എന്നുമാത്രമല്ല ഇന്ത്യ എന്നും പാകിസ്ഥാനെന്നും രണ്ടായി വിഭജിച്ചാല്‍ പോരാ, 16 സ്വതന്ത്രരാജ്യങ്ങളായി വിഭജിക്കണമെന്ന് 1942 സപ്തംബര്‍ 19ന് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി പ്രമേയം പാസാക്കി. ദേശീയപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഭാരതത്തെ പലതായി വിഭജിക്കുകയാണ് വേണ്ടത് എന്ന് ‘നാഷണല്‍ ക്വസ്റ്റ്യന്‍സ് ഇന്‍ ഇന്ത്യ’ എന്ന പ്രബന്ധത്തില്‍ ജി.അധികാരി രേഖപ്പെടുത്തി.
1947ല്‍ സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ സ്വാതന്ത്ര്യം കിട്ടിയില്ല എന്ന് പാര്‍ട്ടി പ്രഖ്യാപിച്ചു. സ്വാതന്ത്ര്യം കിട്ടി എന്നും സ്വാതന്ത്ര്യദിനം ആഘോഷിക്കണം എന്നും പറഞ്ഞ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി.സി.ജോഷിയെ അവര്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. 1948ല്‍ അവര്‍ മറ്റൊരു കാര്യം പറഞ്ഞു.
ബ്രിട്ടീഷ് ബൂര്‍ഷ്വാസി ഇന്ത്യന്‍ ബൂര്‍ഷ്വാസിക്കാണ് അധികാരം കൈമാറിയത്, അതിനാല്‍ നമുക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടില്ല. ഇപ്പോള്‍ അധികാരം കയ്യില്‍ വച്ചിരിക്കുന്ന നെഹ്‌റു ഗവണ്‍മെന്റിന് എതിരെ യുദ്ധം നടത്തി അധികാരം പിടിച്ചെടുക്കേണ്ടതുണ്ട്. തൊഴിലാളിവര്‍ഗ്ഗത്തിന്റെ കയ്യില്‍ അധികാരം വന്നാല്‍ മാത്രമേ സ്വാതന്ത്ര്യം കിട്ടിയതായി കണക്കാക്കാന്‍ കഴിയൂ. കല്‍ക്കട്ട തീസിസിനെ തുടര്‍ന്ന് അവര്‍ ഭാരതസര്‍ക്കാരുമായി യുദ്ധം പ്രഖ്യാപിക്കുകയും ഏറ്റുമുട്ടല്‍ ഉണ്ടാവുകയും ചെയ്തു. 25,000ല്‍ അധികം സഖാക്കള്‍ സ്വതന്ത്രഭാരത സര്‍ക്കാരിനെതിരെ നടത്തിയ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നെഹ്‌റു ഗവണ്‍മെന്റ് നിരോധിച്ചു. തുടര്‍ന്നും അവര്‍ സ്വാതന്ത്ര്യം കിട്ടിയില്ല എന്ന് പ്രചരിപ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തു. എല്ലാ ആഗസ്റ്റ് 15നും അവര്‍ കരിദിനം ആചരിച്ചു. അവര്‍ ആലപ്പുഴയില്‍ നടത്തിയ കരിദിനാചരണപ്രകടനം കണ്ടുനിന്ന ഒരു സാധാരണ കര്‍ഷകത്തൊഴിലാളി പ്രകടനത്തില്‍ മുമ്പില്‍ വന്നവരുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പി. സ്വാതന്ത്ര്യം കിട്ടിയില്ല എന്ന പാര്‍ട്ടിയുടെ പ്രചാരണത്തില്‍ മനംനൊന്ത ഒരു പാവപ്പെട്ട മനുഷ്യന്റെ ആത്മരോഷപ്രകടനമായിരുന്നു അത്. ഈ വിവരം പുന്നപ്ര-വയലാര്‍ സമരനായകന്മാരില്‍ ഒരാളായ വര്‍ഗീസ് വൈദ്യന്റെ ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
1950 ജനുവരി 26 റിപ്പബ്ലിക് ദിനത്തിലും അവര്‍ കരിദിനം ആചരിച്ചു. പറ്റാവുന്ന ഇടങ്ങളില്‍ ഒക്കെ ദേശീയപതാക കത്തിക്കണം എന്ന് അവര്‍ പ്രഖ്യാപിച്ചു. തൃശൂര്‍ ജില്ലയില്‍ നാട്ടിക എന്ന സ്ഥലത്ത് സഖാവ് സര്‍ദാര്‍ ഗോപാലകൃഷ്ണന്‍ ദേശീയപതാക കത്തിക്കാന്‍ ശ്രമിക്കവെ, പോലീസിന്റെ അടിയേറ്റ് മരിച്ചു. 2025 ജനുവരി 26നും നാട്ടികയില്‍ സി.പി.എമ്മും സി.പി.ഐയും സംയുക്തമായി സഖാവ് സര്‍ദാര്‍ ഗോപാലകൃഷ്ണന്റെ രക്തസാക്ഷി ദിനം ആചരിച്ചിട്ടുണ്ട്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എല്ലാ കാലത്തും രാജ്യദ്രോഹം മാത്രമേ നടത്തിയിട്ടുള്ളൂ. അവര്‍ അവസരം കിട്ടിയപ്പോഴൊക്കെ ഭാരതത്തിനെതിരെ, ഭാരതത്തെ തകര്‍ക്കാനോ ദുര്‍ബലപ്പെടുത്താനോ ഉള്ള നിലപാടുകള്‍ മാത്രമാണ് എടുത്തിട്ടുള്ളത്; സ്വാതന്ത്ര്യത്തിനു മുന്നേയും സ്വാതന്ത്ര്യത്തിനുശേഷവും. ഇത്രയൊക്കെ ചെയ്ത അവര്‍ പരാജയത്തില്‍നിന്ന് പരാജയത്തിലേക്ക് കൂപ്പുകുത്തിയപ്പോള്‍ ആണ് അവര്‍ക്ക് തടസ്സമായി നില്‍ക്കുന്നത് ഭാരതത്തിന്റെ ദേശീയതയും സംസ്‌കാരവും ആണെന്ന് മനസ്സിലായത്. അവര്‍ക്ക് എന്തെങ്കിലും അല്പം വിജയിക്കാന്‍ കഴിയണമെങ്കില്‍ അവര്‍ക്ക് തടസ്സമായി നില്‍ക്കുന്ന ഹിന്ദുത്വത്തെയും ദേശീയതയെയും തകര്‍ക്കേണ്ടതുണ്ട്. ഹിന്ദുസാംസ്‌കാരികമൂല്യങ്ങളാണ് അവര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അതുകൊണ്ടാണ് അവര്‍ ഭാരതമാതാവ്, ഗുരുസങ്കല്പം, കുടുംബം തുടങ്ങിയ എല്ലാ സാംസ്‌കാരികമൂല്യങ്ങള്‍ക്കും എതിരെ ആക്രമണം നടത്തുന്നത്.
1982ല്‍ രാമായണമാസാചരണം തുടങ്ങിയപ്പോള്‍ അവര്‍ പ്രചരിപ്പിച്ചത് ഇത് കേരളത്തില്‍ വിലപ്പോകില്ല എന്നാണ്. ശൂദ്രമേധസംസ്‌കാരം കൊണ്ടുവരാന്‍ വേണ്ടിയാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. അതുകൊണ്ട് രാമായണം കത്തിക്കണം, രാമായണത്തിനും രാമനും എതിരെ പ്രചാരണം നടത്തണം. അവര്‍ അതു നടത്തി. പാര്‍ട്ടി തോറ്റു, രാമനും രാമായണവും വിജയിച്ചു. അതിന്റെ അസഹ്യതയും അസഹിഷ്ണുതയും ആണ് അവര്‍ ഇപ്പോള്‍ രാമനെതിരെയും പ്രചാരണം നടത്തുവാന്‍ കാരണം. തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ സര്‍വ്വകലാശാലയില്‍ തന്നെ അവരുടെ വെറുപ്പ് പ്രകടിപ്പിച്ചു. കേരളത്തില്‍ തീവ്രവാദികളുടെയും വര്‍ഗീയവാദികളുടെയും പിന്തുണയോടെ അധികാരത്തില്‍ തുടരുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ സഹായവും പിന്തുണയും ഉള്ളതുകൊണ്ടാണ് അവര്‍ക്ക് ഇപ്പോഴും ഈ രാജ്യവിരുദ്ധ-ഹിന്ദുവിരുദ്ധ-സംസ്‌കാര ശൂന്യ നിലപാടുകള്‍ എടുക്കാന്‍ കഴിയുന്നത്. കെടാന്‍ പോകുന്ന നാളം ആളിക്കത്തുന്നതുപോലെ! ഭാരതമാതാവിനെ അവര്‍ എതിര്‍ക്കുന്നത് ഭാരതത്തെ പലകഷണങ്ങള്‍ ആക്കാന്‍ പ്രമേയം പാസാക്കിയവര്‍ക്ക് തടസ്സമായി നില്‍ക്കുന്ന സങ്കല്പമാണ് അത് എന്നതുകൊണ്ടാണ്. അമ്മയെന്ന സങ്കല്പം ഉണ്ടെങ്കില്‍ വിഭജനം അസാധ്യമാകും. അതുകൊണ്ട് അതിനെ ദുര്‍ബലപ്പെടുത്തുകയും തകര്‍ക്കുകയും ചെയ്യേണ്ടതുണ്ട്. മാതൃസങ്കല്പത്തെ തകര്‍ത്താലേ കുടുംബം ഇല്ലാതാക്കാന്‍ കഴിയൂ. അതുകൊണ്ട് അവര്‍ മാതൃസങ്കല്പത്തെ ആക്ഷേപിക്കുന്നു. ഗുരുസങ്കല്‍പ്പത്തെ എതിര്‍ത്താല്‍ മാത്രമേ വിദ്യാഭ്യാസത്തിലൂടെ സംസ്‌കാരം എന്ന സങ്കല്‍പ്പത്തെ ഇല്ലാതാക്കാന്‍ കഴിയൂ. അതുകൊണ്ട് അവര്‍ ഗുരുപൂജയെ എതിര്‍ക്കുന്നു.
വര്‍ഗീയതയ്ക്ക് എതിരാണെന്ന് പ്രസംഗിക്കുന്ന അവര്‍ ഭീകരവാദികളുടെ കവിത യൂണിവേഴ്‌സിറ്റിയില്‍ പഠിപ്പിക്കും. വര്‍ഗീയതയുടെ പാഠങ്ങളാണ് അവര്‍ വിദ്യാലയങ്ങളിലൂടെയും കലാലയങ്ങളിലൂടെയും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. അവര്‍ക്കിനി എന്തെങ്കിലും പിടിച്ചുനില്‍ക്കാന്‍ കഴിയണമെങ്കില്‍ തീവ്രവാദികളുടെ സഹായവും വര്‍ഗീയവാദികളുടെ പിന്തുണയും കൂടിയേ തീരൂ. അവര്‍ എല്ലാകാലത്തും ദേശീയതയ്ക്ക് എതിരായിരുന്നതുകൊണ്ടാണ് അവര്‍ക്ക് അങ്ങനെ ചെയ്യാന്‍ ഒരു മടിയും ഇല്ലാത്തത്. ഭാരതീയമായതിനെ ഒക്കെ എതിര്‍ക്കുകയും വര്‍ഗീയമായതിനെ ഒക്കെ പിന്തുണയ്ക്കുകയും ചെയ്യുകയാണ് അവരുടെ നയം. ഈ നിലപാട് തുറന്നുകാട്ടപ്പെടും എന്നുള്ളതുകൊണ്ടാണ് അവര്‍ വിഭജനവിരുദ്ധചരിത്രം ചര്‍ച്ച ചെയ്യുന്നതിനെ തടയാന്‍ ശ്രമിക്കുന്നത്. തങ്ങളുടെ ഈ ദേശവിരുദ്ധ, ദേശീയ വിരുദ്ധ, സംസ്‌കാരവിരുദ്ധ, ഭാരതവിരുദ്ധ, ഹിന്ദുവിരുദ്ധ നിലപാടുകള്‍ അവരെ അധ:പതനത്തിന്റെ പടുകുഴിയില്‍ എത്തിച്ചിരിക്കുന്നു എന്ന് അവര്‍ തിരിച്ചറിയണം! ഇനി അഥവാ അവര്‍ തിരിച്ചറിഞ്ഞില്ലെങ്കിലും വലിയ കുഴപ്പമില്ല. പക്ഷെ പൊതുജനം തിരിച്ചറിഞ്ഞില്ലെങ്കില്‍ ഈ രാജ്യദ്രോഹികളുടെ കെണിയില്‍പെട്ട് നാം വഞ്ചിതരും വിഡ്ഢികളുമാകും. അങ്ങനെയാകാതിരിക്കാന്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.





















