വലിയശാല എനിക്ക് നല്ല പരിചയമുള്ള സ്ഥലമാണ്. ഒരുപാട് പരിചയക്കാര്‍, കച്ചേരി കേള്‍ക്കാന്‍ വരുന്നവര്‍, ഒട്ടനവധി കലാകാരന്മാര്‍, പിന്നെ വളരെ പ്രധാനമായി, എന്റെ അപ്പയുടെ ചെറിയച്ഛനും സംഗീതജ്ഞനുമായ വെച്ചൂര്‍ ഹരിഹരസുബ്രഹ്മണ്യഅയ്യര്‍ ഒക്കെ താമസിച്ചിരുന്നത് ഇവിടെ ആണ്. അഗ്രഹാരത്തില്‍ കയറുമ്പോള്‍ തന്നെ റോഡിന്റെ നടുക്ക് ഒരു ഗണപതി അമ്പലമുണ്ട്, വളരെ ചെറുത്. ആ അമ്പലത്തിന്റെ ഇരു വശങ്ങളില്‍ കൂടി വലിയ വാഹനങ്ങള്‍ കടക്കാറുള്ളത് എങ്ങനെ ആണെന്ന് അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട് ഞാന്‍.
ഞാന്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ സമയം. എന്റെ അപ്പ ഒരു ദിവസം എന്നെ വലിയശാല അഗ്രഹാരത്തില്‍ ഒരു വീട്ടിലേക്ക് കൂട്ടി കൊണ്ടുപോയി. അമ്മയുമുണ്ട് കൂടെ. ഞാന്‍ വീടിന്റെ മുന്നിലെ നമ്പര്‍ വായിച്ചു ‘വ്യാസ 216’.
അപ്പ പറഞ്ഞു ‘ഉള്ള വാ’ (തമിഴില്‍ അകത്തേക്ക് വരൂ എന്ന്). അടുത്തത് അപ്പ ഉച്ചത്തില്‍ പറഞ്ഞു കൊണ്ടാണ് കയറിയത്, അപ്പോഴേക്കും സ്വീകരണമുറിയും പൂജാമുറിയും ഞങ്ങള്‍ നടന്നിരുന്നു. ‘നമസ്‌കാരം ടീച്ചര്‍., കണ്ണനാക്കും’ (ഔദ്യോഗിക നാമം നീലകണ്ഠന്‍ എന്നാണെങ്കിലും എല്ലാര്‍ക്കും അപ്പയെ കണ്ണന്‍ എന്നാണു കൂടുതല്‍ അറിയുന്നത്).
അകത്തു നിന്ന് കേള്‍ക്കാം എനിക്ക്, ‘കണ്ണാ വാ. കോന്തേ… അന്ത ചെയര്‍ പോഡ് മാമാക്ക്’ 83 വയസ്സുള്ള പൊന്നമ്മാള്‍ ടീച്ചര്‍. ചെറു പുഞ്ചിരിയോടെ ഞങ്ങളോട് ഇരിക്കാന്‍ പറഞ്ഞു.
ഞാന്‍ റെഡ് ഓക്‌സയിഡ് ഇട്ട തറയില്‍ ഇരുന്നു അപ്പ കസേരയിലും.
കുശലാന്വേഷണം… കാപ്പി കുടി, എല്ലാം കഴിഞ്ഞു. ടീച്ചറുടെ വീട്ടില്‍ നിര്‍ബന്ധമായും എല്ലാരും കാപ്പി കുടിച്ചിരുന്നു. അതല്ലാതെ ടീച്ചര്‍ വിടില്ല.
പദ്മ മാമി നല്ല കാപ്പി ഉണ്ടാക്കുമായിരുന്നു. പൊന്നമ്മാള്‍ ടീച്ചറുടെ പെങ്ങള്‍, ചിത്തി എന്ന് വിളിക്കുമായിരുന്നു ഞങ്ങള്‍, പിന്നെ മകനും മരുമകളും, പേരക്കുട്ടികള്‍ ലക്ഷ്മി, ലളിത, മകള്‍, ഇത്രേം പേരുണ്ടായിരുന്നു ആ മുറിയില്‍.
അപ്പ തുടര്‍ന്നു ‘ടീച്ചര്‍ നാങ്ക വന്തത്, നന്ദിനിയെ ഒന്ന് പഠിപ്പിക്കണം. നീങ്ക കൊഞ്ചം സൊല്ലികുടുക്കണം അവള്ക്ക്.’
‘വെച്ചൂര്‍ സര്‍ പേത്തിക്ക് സൊല്ലികുടുക്ക സന്തോഷം താന്‍. ആനാ അവള്‍ നന്നാ താനേ പാടിയിന്‍ടിരുക്ക, നാന്‍ എന്ന സൊല്ലി കുടുക്കണം?’
ഞാനും നന്ദുവും (എന്റെ ജ്യേഷ്ഠന്‍ നന്ദഗോപാല്‍) ചേര്‍ന്ന് പാടിയ ഒരു കച്ചേരിക്ക് ടീച്ചറെ ഞങ്ങള്‍ അതിഥിയായി ക്ഷണിച്ചിരുന്നു. ടീച്ചര്‍ അന്ന് വളരെ നല്ല അഭിപ്രായം പറഞ്ഞിരുന്നു.
അപ്പ നിര്‍ബന്ധിച്ചു, കുറെ നേരത്തെ സംഭാഷണവും, ആലോചനയുമൊക്കെ കഴിഞ്ഞു, ടീച്ചര്‍ സമ്മതിച്ചു.
ടീച്ചര്‍ ആലോചിക്കുന്നത് കാണാന്‍ ഒരു കൗതുകമായിരുന്നു. മനസ്സില്‍ ആ വിഷയം കിടക്കും, പക്ഷെ പുറത്തു ഇട വിട്ടു ഇട വിട്ടു വേറെയും കാര്യങ്ങള്‍ പറയും, പിന്നെ ആ വിഷയത്തിലേക്ക് വരും, വീണ്ടും ആലോചന.. അങ്ങനെ..
ടീച്ചറുടെ ഈ ആലോചന സമയത്തു എന്റെ ഉള്ളിലും ചില ഓര്‍മ്മകള്‍ കടന്നു പോയി. അപ്പയും അമ്മയും ഞങ്ങളെ കുട്ടികാലം മുതല്‍ ധാരാളം കച്ചേരികള്‍ കേള്‍പ്പിക്കുമായിരുന്നു. ഞങ്ങള്‍ നാല് പേരും എപ്പോഴും സ്വാതി തിരുനാള്‍ സംഗീത സഭ കച്ചേരികള്‍ നടന്നിരുന്ന കാര്‍ത്തിക തിരുനാള്‍ തിയേറ്ററില്‍ ഉണ്ടാവും. ഞാന്‍ ആദ്യമായി പൊന്നമ്മാള്‍ ടീച്ചറെ കാണുന്നതും കേള്‍ക്കുന്നതും അങ്ങനെ ഒരു കച്ചേരിയിലാണ്. അന്ന് ഒരു ഡ്യൂയറ്റ് കച്ചേരി ആയിരുന്നു. ടീച്ചറും സീതാലക്ഷ്മി ടീച്ചറും ചേര്‍ന്ന് പാടിയ കച്ചേരി. പൊന്നമ്മാള്‍ ടീച്ചര്‍ അണിഞ്ഞിരുന്ന മൂക്കുത്തിക്ക് നല്ല തിളക്കം ഉണ്ടായിരുന്നു.
പെട്ടന്ന് പൊന്നമ്മാള്‍ ടീച്ചര്‍ പറഞ്ഞു ‘ശരി കൊഴന്തൈ വരട്ടും’ നല്ല നാള്‍ പാത്തു തുടങ്കലാം.
ആദ്യത്തെ ക്ലാസ്… ടീച്ചര്‍ സ്വന്തം കൈപ്പടയില്‍ എന്റെ കയ്യിലുണ്ടായിരുന്ന നോട്ട്ബുക്കില്‍ എഴുതി. രാഗം ഷണ്മുഖപ്രിയ, രൂപക താളം, ദിക്ഷിതര്‍ കൃതി. മുഴുവന്‍ കൃതിയും ടീച്ചര്‍ എഴുതി. സിദ്ധിവിനായകം അനിശം. അനുപല്ലവി വരെ അന്ന്. ഈ ക്ലാസില്‍ നന്ദുവും ഉണ്ടായിരുന്നു.
ടീച്ചര്‍ ഡി-ഷാര്‍പ്പ് ശ്രുതിയിലാണ് പാടിയിരുന്നത്, ഞാന്‍ മുകളിലും താഴെയുമായി അഡ്ജസ്റ്റ് ചെയ്തു പഠിച്ചെടുക്കും, മുഴുവനും പാടികാണിക്കാറാകുമ്പോള്‍ എന്റെ ശ്രുതിയില്‍ പാടിക്കൊള്ളാന്‍ പറയുമായിരുന്നു.
ലോകാവനചതുര – ബേഗഡ, കദ്ദനു വാരികി, ശ്രീ ദക്ഷിണാമൂര്‍ത്തേ, ഹിരണ്‍മയീം ലക്ഷ്മീം, ഹരിഹരപുത്രം, ഇങ്ങനെ നിരവധി അമൂല്യ നിധികള്‍ (ചിലതു ഞാന്‍ ആഗ്രഹിച്ചു പഠിച്ചാല്‍ കൊള്ളാം എന്ന് പറഞ്ഞത്) എല്ലാം കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ പഠിപ്പിച്ചു.
ഞങ്ങള്‍ക്കിടയില്‍ ക്ലാസ്സ് സമയത്തു സംസാരം വളരെ കുറവായിരുന്നു, അനുപല്ലവിയോ പല്ലവിയെ മറ്റോ കഴിയുമ്പോള്‍ പദ്മ മാമി കാപ്പി കൊണ്ടുവന്നാല്‍, ”കാപ്പി കുടിച്ചുട്ടു പാടലാം” എന്ന് മാത്രം പറയുമായിരുന്നു.
പാടുന്നതില്‍ തെറ്റുണ്ടെങ്കിലും ടീച്ചര്‍ അത് പറയാറില്ല. ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു പാടി പറഞ്ഞു തരും. ടീച്ചര്‍ രണ്ടോ മൂന്നോ തവണ കൂടുതല്‍ ആവര്‍ത്തിക്കുമ്പോള്‍ തന്നെ എനിക്ക് മനസിലാകും ഞാന്‍ എവിടെയോ തെറ്റ് പാടുന്നുണ്ട്, എന്നിട്ടു അത് ഞാന്‍ സ്വയം മനസിലാക്കി തിരുത്തും. അത് ശരിയായി കഴിയുമ്പോള്‍ ”ആ” എന്ന് മാത്രം ടീച്ചര്‍ പറയും. ഇതായിരുന്നു ടീച്ചറിന്റെ ഒരു രീതി. സ്വയം നമ്മളെ കൊണ്ട് തന്നെ തെറ്റ് കണ്ടു പിടിപ്പിച്ചു സ്വയം തിരുത്തുക. പിന്നെ ഒരിക്കലും നമ്മള്‍ ആ തെറ്റ് ആവര്‍ത്തിക്കില്ല.
ഒരു മഹാ ഭാഗ്യം എനിക്ക് കിട്ടിയത്, ദിക്ഷിതരുടെ നവഗ്രഹ കൃതികളും, ശ്യാമ ശാസ്ത്രിയുടെ മൂന്നു സ്വരജതികളും, സ്വാതി തിരുന്നാളിന്റെ നവരാത്രി കീര്‍ത്തനവുമെല്ലാം ടീച്ചര്‍ തന്നെയാണ് പഠിപ്പിച്ചത്.
രസകരമായ ഒരുപാട് അനുഭവങ്ങള്‍ ടീച്ചറുടെ ക്ലാസ്സില്‍ എനിക്കുണ്ടായിട്ടുണ്ട്. ആരഭിയില്‍ സാല കല്ല ചരണം അന്ന് പഠിപ്പിക്കുന്നു. തല്ലി തന്‍ഡ്ട്രി എന്ന് തുടങ്ങുന്ന വരി ടീച്ചര്‍ക്കു ഓര്‍മ്മ വന്നില്ല എന്ന് തോന്നുന്നു. പകരം ഇലലോ എന്ന മൂന്നാമത്തെ വരി മുതല്‍ പഠിപ്പിച്ചു തുടങ്ങി. പക്ഷെ ടീച്ചറിന്റെ മകള്‍, കമല മാമി ഉടനെ വന്നു. ”അമ്മ തല്ലി തന്‍ഡ്ട്രി എടുക്കലയെ” എന്ന് ഓര്‍മിപ്പിച്ചു. ഒരു കുട്ടിയെ പോലെ ടീച്ചര്‍ പുഞ്ചിരിച്ചു. ”ഓ മറന്തേ പോച്”
കുറച്ചു നേരം ടീച്ചര്‍ വാചാലയായി. സ്വന്തം മക്കളെ ടീച്ചര്‍ ഇരുത്തി പഠിപ്പിക്കാതിരുന്നതും, പത്തു വര്‍ഷം പ്രിന്‍സിപ്പലായി മാറി നിന്നതും, മക്കള്‍ സ്വയം പഠിച്ചു ജോലി നേടിയതും, പക്ഷെ ഉള്ളില്‍ ഉള്ള സംഗീത ജ്ഞാനം എന്നിങ്ങനെ ഒരുപാട് കാര്യങ്ങള്‍ ടീച്ചര്‍ പങ്കുവെച്ചു.
ശരിയാണ്, ചില ദിവസം, രാവിലെ ക്ലാസ് വെക്കുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. പൊന്നു മാമ (ടീച്ചറിന്റെ മകന്‍) കുളിച്ചു വന്നു പൂജാമുറിയില്‍ ശ്ലോകം രാഗമാലികയായി ചൊല്ലുന്നത്. അവരെല്ലാരും ജ്ഞാനസ്ഥരായിരുന്നു.
വലിയശാല ശാസ്താ പ്രീതി സദ്യ കഴിഞ്ഞു, ഞാനും അമ്മയും അപ്പയുമെല്ലാം ടീച്ചറിന്റെ വീട്ടില്‍ പോയി. അന്ന് ടീച്ചര്‍ പതിവിലധികം ഞങ്ങളോട് സംസാരിച്ചു.
ജി.എന്‍.ബി പ്രിന്‍സിപ്പലായിരുന്ന കാലഘട്ടം. ടീച്ചര്‍ ക്ലാസ് എടുക്കുന്നത് പുറത്തു നിന്ന് അദ്ദേഹം കേട്ടിട്ട്, വളരെ നന്നായി പഠിപ്പിക്കുന്നു എന്ന് പ്രശംസിച്ചതും, ബെല്‍ അടിച്ചാല്‍ ആദ്യം സ പ സ കേള്‍ക്കുന്നത് ടീച്ചറിന്റെ ക്ലാസ്സില്‍ നിന്നാണെന്നുമൊക്കെയുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചു.
ചില പുതിയ അറിവുകള്‍ അന്ന് കിട്ടി. വലിയശാല അഗ്രഹാരത്തിലെ ആ ഗണപതി അമ്പലത്തിനു തറക്കലിടുമ്പോള്‍ അന്ന് അനന്തപദ്മനാഭം ആശ്രയേ എന്ന പ്രാര്‍ത്ഥന കൃതി പാടിയത് മുത്തയ്യ ഭാഗവതരും ടീച്ചറുമായിരുന്നു. മുത്തയ്യ ഭാഗവതരുടെ ഷഷ്ട്യബ്ദപൂര്‍ത്തി കഴിഞ്ഞു ആരതി ഉഴിഞ്ഞതു ടീച്ചര്‍ ആണ്, എന്നിങ്ങനെയുള്ള ഒരുപാട് നല്ല ഓര്‍മകളും, ചരിത്രങ്ങളും ടീച്ചര്‍ പറഞ്ഞു.
ചെറിയ പഴം കഴിക്കാന്‍ എനിക്ക് നല്ല മടിയായിരുന്നു. ടീച്ചര്‍ എപ്പോഴും ഒന്നോ രണ്ടോ തരുമായിരുന്നു. ഞാന്‍ അത് വീട്ടില്‍ പോയി കഴിക്കാം എന്ന് പറഞ്ഞു വീട്ടിലേക്ക് കൊണ്ടുവരും. ടീച്ചര്‍ക്ക് ഈ കാര്യം പിടികിട്ടി എന്ന് തോന്നുന്നു. ഒരിക്കല്‍ എന്നോട് അത് ഇങ്കയെ വെച്ചു ചാപ്ട് എന്ന് പറഞ്ഞു. ഞാന്‍ പെട്ടു. ഇല്ലൈ ടീച്ചര്‍ അപ്രമാ ചാപ്ടരെന്‍.. വിട്ടില്ല.. ‘ഇപ്പൊ ചാപ്ട് ടീച്ചര്‍ ചോന്ന കേക്കണം..’ ആദ്യമായിട്ടായിരിക്കും ഒരാളോട് ടീച്ചര്‍ ഇങ്ങനെ പറയുന്നത്.. രണ്ട് സെക്കന്‍ഡില്‍ ഞാന്‍ അത് കഴിച്ചു…
ടീച്ചര്‍ ശ്രീ ശുക്ര ഭഗവന്തം പഠിപ്പിച്ച ക്ലാസ്. അന്ന് ലാന്‍ഡ് ഫോണില്‍ ഒരു കോള്‍ വന്നു. ടീച്ചര്‍ക്ക് വേഗം പോയി എടുക്കാന്‍ കഴിയാത്തതു കൊണ്ട് ഞങ്ങള്‍ ആരെങ്കിലുമാണ് ഫോണ്‍ എടുക്കാറ്. ഫോണില്‍ ‘പൊന്നമ്മാള്‍ ടീച്ചര്‍ ഉണ്ടോ’ എന്നായിരുന്നു. ഞാന്‍ ‘കൊടുക്കാം’ എന്ന് മാത്രം പറഞ്ഞു. ശേഷം ടീച്ചര്‍ പറയുന്നത് കേള്‍ക്കാം ‘ആര്…. തെരിയലയെ.. ബേബിയാ അപ്പടി ആരേം തെരിയാത്… തപ്പാ കൂപ്പിട്ടിരിക്കെളോ…’ എന്ന് പറഞ്ഞു ടീച്ചര്‍ വെച്ചു.
ഒരു അര മണിക്കൂറിനകം വീട്ടു മുറ്റത്തു കുറെ കാറുകള്‍ വന്നു നിന്നു. ആരാ വന്നത് എന്ന രീതിയില്‍ ടീച്ചര്‍ ഉമ്മറത്തേക്ക് നോക്കി. അത് അന്നത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രി എം.എ. ബേബി സാറായിരുന്നു. ടീച്ചര്‍ ഒരു ഭാവ വ്യത്യാസവുമില്ലാതെ ‘ആര്’ എന്ന് ചോദിച്ചു, അദ്ദേഹം തന്നെ സ്വയം പരിചയപ്പെടുത്തി. ‘നമസ്‌കാരം ടീച്ചര്‍, ഞാന്‍ എം.എ. ബേബിയാണ്, സാംസ്‌കാരിക വകുപ്പ് മന്ത്രിയാണ്. ടീച്ചര്‍ ”ഇരിക്കൂ നമസ്‌കാരം…” കാപ്പി എടുക്കട്ടേ… കോന്തേ പദ്മാ…
സാര്‍ തുടര്‍ന്നു ”ഈ വര്‍ഷത്തെ സ്വാതി പുരസ്‌കാരം ടീച്ചര്‍ക്കാണ് എന്ന് പറയാനാണ് ഞാന്‍ വന്നത്, ഫോണില്‍ വിളിച്ചപ്പോള്‍ ടീച്ചര്‍ക്ക് മനസിലായില്ല. അതാണ് നേരിട്ട് വന്നത്…”
ഞാന്‍ എന്നും ആശ്ചര്യത്തോടെ നോക്കി നിന്നിട്ടുള്ളത് ടീച്ചറുടെ ശാന്തത ആണ്. ഏതു സന്ദര്‍ഭത്തിലും ടീച്ചര്‍ ഒരേ പോലെയായിരുന്നു.
നവരാത്രി മണ്ഡപത്തില്‍ പാടേണ്ട രാഗം നിശ്ചയിച്ചു കഴിഞ്ഞാല്‍ എല്ലാ ക്ലാസ്സിലും ആ രാഗത്തിലുള്ള ഒരു കൃതിയോ വര്‍ണ്ണമോ, അല്ലെങ്കില്‍ രാഗമോ കുറച്ചു പാടിയിരുന്നു.
എല്ലാ ക്ലാസിലും ഒരിക്കല്‍ പന്തുവരാലി പാടിയപ്പോളാണ് ഞാന്‍ ചോദിച്ചത്. ഈയിടെയായി നമ്മള്‍ പന്തുവരാലി നിറയെ പാടുന്നുണ്ടല്ലോ ടീച്ചര്‍ എന്ന്. ടീച്ചറുടെ ഉത്തരം എന്നെ സമര്‍പ്പണം എന്താണെന്ന് പഠിപ്പിച്ചു. ‘മണ്ഡപത്തിലെ ഇന്ത വാട്ടി പന്തുവാരാളി പാട ചൊല്ലീര്ക്ക .. അങ്കെ എല്ലാം കൊഞ്ചം നല്ലാ പാടണം…’
ടീച്ചറുടെ കച്ചേരികളില്‍ കൂടെ പാടാന്‍ എനിക്ക് ഒന്നോ രണ്ടോ അവസരങ്ങളെ കിട്ടിയിട്ടുള്ളൂ. എനിക്ക് നല്ല ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ ടീച്ചറോട് ചോദിക്കാന്‍ മടി.
ഒരിക്കല്‍ എങ്ങനെയോ ധൈര്യം സംഭരിച്ചു ഞാന്‍ ചോദിച്ചു ”ടീച്ചര്‍ എന്നെയും കച്ചേരിക്ക് കൂടെ കൊണ്ട് പോരെളാ…”
”നീ നിറയെ കച്ചേരി പാടറയെ മാ… എന്നോട് ശ്രുതിയില പാടിന മുന്നോട് തൊണ്ടയ് കഷ്ടപ്പെടും… അതിനാല താന്‍ കൊണ്ടുപോകലൈ…”
ഞാന്‍ അതിശയിച്ചു പോയി… ശിഷ്യരുടെ ഭാവിയെക്കുറിച്ചു എത്രത്തോളം ടീച്ചര്‍ ആലോചിച്ചിരുന്നു…
പൊന്ന് തന്നെ ആയിരുന്നു ടീച്ചര്‍. ചെറിയ പൗച്ചില്‍ ക്യൂട്ടിക്കുറ പൗഡറിന്റെ ചെറിയ ഡപ്പ, ഒരു ചീപ്പ്, കറുത്ത സ്റ്റിക്കര്‍ പൊട്ട്, പാലും പഴവും സാരി, വലിയ ഡയല്‍ ഉള്ള വാച്ചും അതിന്റെ കൂടെ സ്വര്‍ണ്ണ വളകളും… ഞാന്‍ ഇതിലൊക്കെ ഒരു നിഷ്‌കളങ്കത കണ്ടിരുന്നു.
ഒരു ചെറിയ സംഗതി മതി. ആ രാഗത്തിന്റെ ഭാവം എല്ലാ അഴകോടും കൂടി ടീച്ചര്‍ കൊണ്ട് വരുമായിരുന്നു. ആ സംഗീതത്തിലെ പൂര്‍ണത, നിറവ്, എല്ലാത്തിലും ഒരു ധ്യാനാത്മകതയും ഉണ്ടായിരുന്നു. ഗാന സരസ്വതി തന്നെ. കോവിഡ് സമയത്തു സന്ദര്‍ശകരെ ടീച്ചര്‍ ഒഴിവാക്കിയിരുന്നു. ഞങ്ങള്‍ ശിഷ്യരും പോയിരുന്നില്ല. ടീച്ചര്‍ ഭയന്ന സ്വഭാവം ഉള്ള ആളായിരുന്നു. കോവിഡ് ചെറുതായി ശമിച്ചിരുന്ന കാലത്താണ് ടീച്ചറിന്റെ വിയോഗം, ഒരു വലിയ നഷ്ടം. ആ ദിവസം ഓര്‍ത്തെടുക്കാന്‍ പോലും വേദനയാണ് ഇന്നും. അവസാന ദിവസങ്ങളില്‍ (ഒരു വര്‍ഷത്തോളം) ടീച്ചര്‍ ക്ലാസ് എടുത്തിരുന്നില്ല എങ്കിലും, ഒരു ഗുരു നാഥയുടെ സാന്നിധ്യം കൂടെ ഉണ്ട് എന്നുള്ളത് ഒരു ധൈര്യമായിരുന്നു. മനസ്സില്‍ പ്രാര്‍ത്ഥനയോടെ ഞാന്‍ നമസ്‌കരിച്ചു, ഞാനറിയാതെ ഞാന്‍ കരഞ്ഞിരുന്നു… കേരളത്തിന് സപ്ത സ്വരങ്ങളുടെ അമ്മയെ ആണ് നഷ്ടപ്പെട്ടത്…





















