തിരുവിതാംകൂറിലെ കൊളോണിയല്‍ ആധുനികതയെ സംബന്ധിക്കുന്ന മിക്ക അക്കാദമിക പഠനങ്ങളുടെയും പ്രധാന ചരിത്രസ്രോതസ്സുകള്‍ മിഷനറി രേഖകളാണ്. റോബിന്‍ ജെഫ്‌റിയുടെ നായര്‍ മേധാവിത്വത്തിന്റെ പതനം (1976), കോജി കവാഷിമയുടെ മിഷനറിമാരും ഹിന്ദു ഭരണകൂടവും (1933), ആര്‍.എന്‍ യേശുദാസിന്റെ കൃതികള്‍ തുടങ്ങിയവ ഈ മേഖലയിലെ ശ്രദ്ധേയമായ ഉദാഹരണങ്ങളാണ്. പതിനാറാം നൂറ്റാണ്ടുമുതല്‍ മതപ്രചരണ ശ്രമങ്ങളുമായി ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് യാത്രചെയ്ത ക്രൈസ്തവ മിഷനറിമാരുടെ ഓര്‍മ്മക്കുറിപ്പുകള്‍, ഡയറികള്‍, കത്തുകള്‍, പരാതികള്‍, പ്രേഷിതപ്രവര്‍ത്തിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവയെയാണ് മിഷനറി രേഖകളെന്ന വിശാല അര്‍ഥത്തില്‍ അറിയപ്പെടുന്നത്. നമ്മുടെ ആധുനിക ചരിത്ര വ്യവഹാരങ്ങളിലും കൊളോണിയല്‍ സമൂഹത്തെ സംബന്ധിക്കുന്ന ജ്ഞാനനിര്‍മ്മിതിയിലും ഏറ്റവും ആധികാരികമായ രേഖകളെന്ന നിലയില്‍ അംഗീകരിക്കപ്പെടുന്ന മിഷനറി രേഖകള്‍ മിക്കപ്പോഴും സൈദ്ധാന്തിക- ജ്ഞാനശാസ്ത്ര- രീതിശാസ്ത്ര പാഠവിമര്‍ശനങ്ങള്‍ക്കു വിധേയമാകാതെയാണ് ചരിത്രസ്രോതസ്സുകളായി പരിഗണിക്കപ്പെടുന്നത്.
കൊളോണിയല്‍ കാലഘട്ടത്തിലെ സാമൂഹിക-സാംസ്‌കാരിക ചരിത്രത്തിന്റെ രൂപീകരണത്തിന് ഏറ്റവും ജനകീയമായി ലഭ്യമാകുന്നവയാണ് മിഷനറി രേഖകള്‍ എന്നതുകൊണ്ടുതന്നെ അവയുടെ ഉപയോഗം വളരെ വ്യാപകമാണ്. ഇത്തരത്തില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതുകൊണ്ടുതന്നെ ആധികാരിക രേഖകള്‍ എന്ന നിലയില്‍ മിഷനറി രേഖകള്‍ സ്വീകരിക്കുന്നതും അവയെ അടിസ്ഥാനമാക്കി ചരിത്രരചനയില്‍ ഇടപെടുന്നതും അക്കാദമിക ചരിത്രകാരന്മാര്‍ക്കിടയില്‍ പ്രചുരപ്രചാരം കിട്ടിയ രീതിയുമാണ്. ഇത്തരത്തില്‍ വിമര്‍ശനാതീതമായി മിഷനറി രേഖകളെ സമീപിക്കുന്നത് നമ്മുടെ ചരിത്രരചനാവിജ്ഞാനത്തെ ജ്ഞാനശാസ്ത്രപരമായി എങ്ങനെയൊക്കെ ബാധിക്കുന്നുവെന്ന് കണ്ടെത്തേണ്ടത് ചരിത്രവിജ്ഞാനത്തെ കൂടുതല്‍ വിമര്‍ശനബുദ്ധിയോടെ സമീപിക്കുന്നതിനും, അതുവഴി ദേശീയ-പ്രാദേശിക ചരിത്രത്തെ പുതിയ രീതികളില്‍ സമീപിക്കുന്നതിനും അത്യന്താപേക്ഷിതമാണ്.
കൊളോണിയല്‍-മിഷനറി രാഷ്ട്രീയം
അടിസ്ഥാനപരമായി, ലഭ്യമായിട്ടുള്ള മിഷനറി രേഖകളെല്ലാം തന്നെ ഭാരതത്തിലേക്ക് പ്രേഷിത പ്രവര്‍ത്തനങ്ങളുമായി വന്നെത്തിയ മതപണ്ഡിതരുടെയോ പുരോഹിതവിഭാഗത്തിന്റെയോ അവരുടെ അനുയായികളുടെയോ രേഖകളാണ്. അതായത്, മതപ്രചാരണത്തിനു നിയോഗിക്കപ്പെട്ടവരെന്ന സ്വത്വബോധം മിഷനറിമാരുടെ രേഖകളുടെ സ്വഭാവത്തെ നിര്‍ണ്ണയിക്കുന്ന അടിസ്ഥാനഘടകമാണ്.
തീര്‍ച്ചയായും, ഏകദേശം നാലുനൂറ്റാണ്ടുകളിലായി യഥേഷ്ടം കടന്നുവന്നിരുന്ന മിഷനറിമാര്‍ എല്ലാവരും ഒരേപോലെ ചിന്തിച്ചവരായിരുന്നെന്നോ അതെല്ലങ്കില്‍ അവരുടെ ജ്ഞാനശാസ്ത്രപരമായ ഇടപെടലുകള്‍ ഒരുപോലെയായിരുന്നുവെന്നോ ഈ പറഞ്ഞതിന് അര്‍ത്ഥമില്ല. മാത്രമല്ല, മിഷനറിമാരില്‍ത്തന്നെ ധാരാളം രാഷ്ട്രീയ-ദേശീയ വ്യത്യാസങ്ങളും പരസ്പരമുള്ള എതിരഭിപ്രായങ്ങളും കണ്ടെത്താവുന്നതുമാണ്. എങ്കിലും, മതപ്രചാരണത്തിനുള്ള രീതിശാസ്ത്രം കണ്ടെത്തേണ്ടതിന്റെ ഭാഗമായി അതിനെ സഹായിക്കുന്ന ജ്ഞാനശാസ്ത്രനിര്‍മ്മിതികള്‍ മിഷനറിപ്രവര്‍ത്തനത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്.
ഉദാഹരണത്തിനായി ആര്യ-ദ്രാവിഡ സംഘര്‍ഷത്തിന്റെ വൈജ്ഞാനികപശ്ചാത്തലത്തെ പരിശോധിക്കാവുന്നതാണ്. താരതമ്യ ഭാഷാപഠന ജ്ഞാനശാസ്ത്രത്തെ കണ്ടെത്തിയതും അതുപയോഗിച്ചുള്ള പഠനങ്ങള്‍ക്ക് തുടക്കം കുറിച്ചതും സര്‍ വില്യം ജോണ്‍സ് എന്ന ബ്രിട്ടീഷ് ന്യായാധിപനാണ്. ഭാരതീയ വൈജ്ഞാനികശാസ്ത്രങ്ങളെ ലോകത്തിനു പരിചയപ്പെടുത്തിനല്‍കിയതില്‍ ജോണ്‍സിന്റെ പങ്കു നിസ്തുലമാണെങ്കിലും അദ്ദേഹത്തിന്റെ ആശയതലം അത്ര സുതാര്യമല്ല. കടുത്ത ബ്രിട്ടീഷ് ദേശീയവാദിയും കൊളോണിയല്‍ ചിന്താഗതിക്കാരനുമായിരുന്നു ജോണ്‍സ്. മാത്രമല്ല, കോളനികളില്‍ ദേശീയത വളരാന്‍ അനുവദിക്കരുതെന്നും ജോണ്‍സ് അടിയുറച്ചു വിശ്വസിച്ചിരുന്നു. ബ്രിട്ടീഷ് നാഗരികതയോടുള്ള അദ്ദേഹത്തിന്റെ കൂറാണ് യൂറോപ്യന്‍ ഭാഷകളുടെ ചരിത്രത്തെ തേടിയുള്ള ജോണ്‍സിന്റെ യാത്രക്ക് പ്രേരണ നല്‍കിയത്. ബംഗാള്‍ സുപ്രീം കോടതിയിലെ ന്യായാധിപനായി ഭാരതത്തിലെത്തിയ ജോണ്‍സ് തന്റെ ഔദ്യോഗികജീവിതത്തിന്റെ ഭാഗമായി സംസ്‌കൃത ഭാഷ പഠിക്കാനാരംഭിച്ചു. ക്രമേണ സംസ്‌കൃതവും യൂറോപ്യന്‍ ഭാഷകളുമായി ചില സാദൃശ്യമുണ്ടെന്നു മനസ്സിലാക്കിയ ജോണ്‍സ്, സംസ്‌കൃതവും യൂറോപ്യന്‍ ഭാഷകളും ഒരു സ്രോതസ്സില്‍നിന്നുള്ളതാണെന്ന് വാദിച്ചു. ഇന്‍ഡോ-യൂറോപ്യന്‍ ഭാഷകളുടെ തുടക്കം ഭാരതത്തില്‍നിന്നുമാണെന്ന നിരീക്ഷണം ഒരു വിഭാഗം യൂറോപ്യന്‍ പണ്ഡിതര്‍ക്കിടയില്‍ ഇക്കാലത്തു ശക്തമായിരുന്നു. എന്നാല്‍, ജോണ്‍സിന്റെ അഭിപ്രായത്തില്‍, ഗ്രീക്ക്, ലാറ്റിന്‍, സെല്‍റ്റിക്, ഗോഥിക്, പേര്‍ഷ്യന്‍ ഭാഷകള്‍ക്കും സംസ്‌കൃതത്തിനും ഒരേ ഉല്പത്തിയാണുള്ളത്. ജോണ്‍സിന്റെ ഈ നിരീക്ഷണം ക്രമേണ സംസ്‌കൃതം സംസാരിക്കുന്ന ആര്യന്‍ ഭാഷാഗോത്രത്തിലേക്കും, അവര്‍ പുറത്തുനിന്നുവന്ന ആര്യന്മാരെന്ന ഒരു പ്രത്യേക വിഭാഗമാണെന്നുമുള്ള കണ്ടെത്തലിലേക്കാണ് ക്രമേണ ചെന്നെത്തിയത്. ജോണ്‍സിന് മുന്‍പ്, ഫിലിപ്പോ സനേറ്റി, ബെഞ്ചമിന്‍ ഷൂള്‍ട്‌സ്, ഫാദര്‍ ക്യൂര്‍ഡോക്‌സ് തുടങ്ങിയവര്‍ ഇതേ വാദഗതികള്‍ ഉന്നയിച്ചുവെങ്കിലും, ജോണ്‍സിന്റെ വാദഗതിയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. യഥാര്‍ത്ഥത്തില്‍, തന്റെ വാദഗതികള്‍ സമര്‍ഥമായി അംഗീകരിപ്പിക്കുന്നതിനുള്ള പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തിയെന്നതാണ് വസ്തുത. ജോണ്‍സ് മുന്‍കൈയെടുത്തു സ്ഥാപിച്ച ഏഷ്യാറ്റിക് സൊസൈറ്റിയുടെ 1786 ഫെബ്രുവരിയിലെ വാര്‍ഷിക സമ്മേളനത്തില്‍ തുലനാത്മക ഭാഷാശാസ്ത്രത്തിന്റെ സാദ്ധ്യതകള്‍ മാത്രം ഉപയോഗിച്ചുകൊണ്ട് ജ്ഞാന നിര്‍മ്മിതികള്‍ നടത്തിയ ജോണ്‍സ്, സംസ്‌കൃതം ഭാരതത്തില്‍ നിന്നും യൂറോപ്പിലേക്ക് പോയിരിക്കാമെന്ന സാധ്യതയെ ഏറ്റവും ചെറിയ തലത്തില്‍പോലും ഗൗരവത്തിലെടുത്തില്ല. കാരണം, ജോണ്‍സ് ഉള്‍പ്പെടെയുള്ളവര്‍ ചിന്തിച്ചതും അവരെ അങ്ങനെ പരുവപ്പെടുത്തിയെടുത്തതും ജ്ഞാനോദയ യൂറോപ്പിന്റെ ചിന്താമണ്ഡലമായിരുന്നു. അടിസ്ഥാനപരമായി, നാഗരികതയുടെയും സംസ്‌കാരത്തിന്റെയും ഈറ്റില്ലം യൂറോപ്പാണ് എന്ന് ഉദ്‌ഘോഷിച്ച ജ്ഞാനോദയം കിഴക്കിനെ ഒരു നിഗൂഢ-നികൃഷ്ട ഭൂമിയായാണ് കണ്ടത്. ഈ കണ്ടെത്തലില്‍ ഈജിപ്തിന് കിഴക്കുള്ള സംസ്‌കാരങ്ങള്‍ ഉള്‍പ്പെട്ടതിനെക്കുറിച്ചുള്ള വിശദമായ പഠനം എഡ്‌വേഡ് സൈദിന്റെ ഓറിയന്റലിസം അവതരിപ്പിക്കുന്നുണ്ട്. ജ്ഞാനോദയയുഗത്തിന്റെ പരിപൂര്‍ണ്ണതയില്‍ അഭിരമിച്ച ഓരോ യൂറോപ്യനും ജോണ്‍സിന്റെ കണ്ടെത്തലില്‍ സന്തോഷിച്ചു. പതിനാറാം നൂറ്റാണ്ടിനു മുന്‍പ്, വിശിഷ്യാ കൊളോണിയല്‍ അധിനിവേശത്തിനുമുന്‍പ്, കാര്യമായി തത്വചിന്തയോ സാംസ്‌കാരികചരിത്രമോ അവകാശപ്പെടാനില്ലാതിരുന്ന യൂറോപ്പിനുകിട്ടിയ നിധിയായിരുന്നു അവര്‍ കണ്ടെത്തിയ ഭാരത/സംസ്‌കൃതബന്ധം. ഭാരതീയ ജ്ഞാനദര്‍ശനങ്ങളുടെയും സംസ്‌കൃതത്തിന്റെയും ഉത്ഭവത്തെ യൂറോപ്പിലെത്തിക്കുകവഴി തങ്ങളുടെ ചരിത്രത്തിനു സാംസ്‌കാരികമഹിമ കണ്ടെത്തുകയാണ് പത്തൊന്‍പതാം നൂറ്റാണ്ടിലെ ഒട്ടുമിക്ക പാശ്ചാത്യ ഗവേഷകരും പിന്തുടര്‍ന്ന രീതി. ഇതിന്റെ ചുവടുപിടിച്ച ജോസഫ് ഗോബിനൗ-വിനെപ്പോലെയുള്ളവര്‍ ക്രമേണ ആര്യന്‍ വംശമഹിമയും ആര്യന്‍ മേധാവിത്വവുമൊക്കെ കണ്ടെത്താന്‍ തുടങ്ങി. അതായത്, ജോണ്‍സിന്റെ ‘കണ്ടെത്തലോടെ’ സാഹിത്യ-സാമൂഹിക-ദാര്‍ശനിക പ്രാധാന്യമുള്ള ഒരു ജ്ഞാനശാസ്ത്രത്തെ സ്വന്തമാക്കാനും അതിനെ ആസ്പദമാക്കി കൊളോണിയല്‍/വംശീയ താല്പര്യങ്ങളെ സംരക്ഷിക്കുന്നതിനുമുള്ള അവസരം യൂറോപ്പിലാകെ കൈവന്നുവെന്നര്‍ത്ഥം.
ജോണ്‍സ് തന്റെ ഇന്‍ഡോ- യൂറോപ്യന്‍ ഭാഷാ കുടുംബത്തിന്റെ കണ്ടെത്തലുകള്‍ നടത്തിയപ്പോള്‍, ഭാരതത്തിന്റെ ദക്ഷിണപ്രദേശങ്ങളിലെ ഭാഷകള്‍ക്ക് ഒരു പുതിയ സ്വത്വം നല്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടായിരുന്നു. ബംഗാളിലെ സെറംപോര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന ബാപ്റ്റിസ്റ്റ് മിഷനറിയായ വില്യം ക്യാരി ദക്ഷിണദേശത്തെ ഭാഷകള്‍ മറ്റൊരു ഭാഷാകുടുംബത്തില്‍ ഉള്‍പ്പെടുന്നവയാണെന്നും അവക്ക് ഉത്തരഭാരതത്തിലെ ഭാഷകളുമായി ബന്ധമില്ലെന്നുമുള്ള വാദമുന്നയിച്ചു. കിറശമ: ണവമ േഇമി ശ േഠലമരവ ഡ െഉള്‍പ്പെടെയുള്ള പ്രൗഢ ഗ്രന്ഥങ്ങളുടെ കര്‍ത്താവും ഭാരതീയ ചിന്തകളെ ആഴത്തില്‍ പഠിക്കുകയും ചെയ്ത മാക്‌സ് മുള്ളര്‍ ദക്ഷിണദേശ ഭാഷകള്‍ക്ക് പുതിയ കുടുംബബന്ധങ്ങളെ കണ്ടെത്തി. ഇത്തരം അന്വേഷണങ്ങളുടെ ബാക്കിപത്രമായിരുന്നു മിഷനറിയായ റോബര്‍ട്ട് കാഡ്വെല്‍ അവതരിപ്പിച്ച ആര്യ-ദ്രാവിഡ സിദ്ധാന്തം. 1856 ല്‍ പ്രസിദ്ധീകരിച്ച അ ഇീാുമമശേ്‌ല ഏൃമാാമൃ ീള വേല ഉൃമ്ശറശമി ഘമിഴൗമഴല െീള ടീൗവേ കിറശമ എന്ന ഗ്രന്ഥത്തില്‍ തമിഴ് ഉള്‍പ്പെടെയുള്ള ദക്ഷിണദേശഭാഷകളെ ഒരു പുതിയ ഭാഷാഗോത്രത്തിലെ അംഗങ്ങളായി അവതരിപ്പിക്കുക മാത്രമല്ല അദ്ദേഹം ചെയ്തത്. പകരം, ക്ലോഡ്‌വെല്ലിന്റെ പഠനത്തില്‍ അവ ഉത്തരഭാരത ഭാഷകളുമായി ബന്ധമില്ലാത്ത, അവയോടു പോരടിക്കുന്ന ഒരു തദ്ദേശീയ ഭാഷയായി അവതരിപ്പിക്കപ്പെട്ടു. എഡ്വിന്‍ ബ്രയാന്ത് – നെപ്പോലെയുള്ള ഗവേഷകര്‍ ആര്യ-ദ്രാവിഡ ഭാഷാ ഗോത്രങ്ങളുടെ പരസ്പരസംഘര്‍ഷ സാധ്യതയെ പുരാവസ്തു -ചരിത്ര സ്രോതസ്സുകളുടെ അഭാവത്തില്‍ തിരസ്‌ക്കരിക്കുന്നുവെങ്കിലും ആര്യന്‍ അധിനിവേശം ഇടതുപക്ഷ ചരിത്രരചനകളുടെ അടിസ്ഥാനശിലയായി ഇന്നും തുടരുന്നു. ഇനി മിഷനറി -ഇടതുപക്ഷ ചരിത്രപണ്ഡിതന്മാര്‍ അവകാശപ്പെടുന്നതുപോലെ ആര്യന്മാര്‍ ഒരിക്കല്‍ ഇന്‍ഡോ-യൂറോപ്യന്‍ ഭാഷാ ഗോത്രത്തിന്റെ ഭാഗമായിരുന്നുവെന്നും അവര്‍ ഭാരതത്തിലേക്ക് കടന്നുവന്നുവെന്നു കരുതിയാലും ചില ചോദ്യങ്ങള്‍ ബാക്കിയാണ്. ഉദാഹരണത്തിന്, എന്തുകൊണ്ടാണ് വേദകാലകൃതികളില്‍ എവിടെയെങ്കിലും ആര്യന്മാര്‍ അവര്‍ കടന്നുവന്ന പ്രദേശങ്ങളെക്കുറിച്ചോ അവരുടെ സ്വദേശത്തെക്കുറിച്ചോ പരാമര്‍ശിക്കാത്തത്? അധിനിവേശത്തിനായി പുറത്തുനിന്നും കടന്നുവന്നവരാണ് ആര്യന്മാരെങ്കില്‍ അവരുടെ ഓര്‍മകളില്‍ സ്വദേശത്തെക്കുറിച്ചുള്ള വിവരണങ്ങള്‍ ഒരിക്കലെങ്കിലും കടന്നു വരാതിരിക്കില്ലല്ലോ! ചൂതുകളി, വിവാഹം, കുടുംബം എന്നിവയെക്കുറിച്ചും ആര്യാവര്‍ത്തത്തിലെ പുല്‍ നാമ്പുകളേയും പൂക്കളെയും സാന്ദ്രമായി വിവരിച്ചും വൈദികസാഹിത്യത്തെ സമ്പുഷ്ടമാക്കിയ കവികള്‍ അവരുടെ ജന്മദേശത്തെ പൂര്‍ണ്ണമായും മറന്നുപോയിയെന്നത് വിശ്വസിക്കാവുന്ന വസ്തുതയല്ല. ഒപ്പം, ജന്മദേശത്തെ വിസ്മരിച്ച ആര്യന്‍ കവികളെല്ലാംതന്നെ ഋഷി, ഛന്ദസ്സ്, ദേവത എന്നീ ഘടകങ്ങളുള്ള സൂക്തങ്ങളെ നിര്‍മ്മിച്ചപ്പോഴും ദേവതാവിവരണം നടത്തിയപ്പോഴും ആര്യാവര്‍ത്തത്തെ ഭൂമിശാസ്ത്രത്തെ മാത്രം അവരുടെ റഫറന്‍സ് പോയിന്റ് എന്നനിലയില്‍ പരിഗണിച്ചതും തീര്‍ച്ചയായും അതല്ലാതെ അവര്‍ക്ക് മറ്റൊരു ജന്മദേശമില്ലാത്തതിനാലാകുമെന്നു തീര്‍ച്ചയാണ്. എന്നാല്‍ കൊളോണിയല്‍ ഭരണകര്‍ത്താക്കളുടെയും മിഷണറിമാരുടെയും വൈജ്ഞാനിക ഗവേഷണ ശ്രമങ്ങള്‍ ആര്യന്മാരെ ഭാരതത്തിനുപുറമെ നിന്നുവന്നവര്‍ എന്ന നിലയില്‍ മാത്രം പരിഗണിച്ചത് അവരുടെ ജ്ഞാനാന്വേഷണത്തിലെ ഗൂഢതാത്പര്യങ്ങള്‍ വ്യക്തമാക്കുന്നു.
മിഷനറി ജ്ഞാനശാസ്ത്രം
ഈസ്റ്റ് ഇന്ത്യ കമ്പനികളുടെ പക്ഷത്ത് നിലകൊള്ളുകയും ‘സത്യദൈവത്തെയും സത്യത്തെയും’ പ്രതിനിധീകരിക്കുകയും ചെയ്ത മിഷനറിമാര്‍, ഭാരതത്തിലെ’പ്രാകൃതവും അപരിഷ്‌കൃതവുമായ ഹിന്ദു’ സമൂഹത്തെ അവരുടെ ത്യാഗപൂര്‍ണ്ണമായ പരിശ്രമങ്ങളിലൂടെ രക്ഷപ്പെടുത്തിയെടുത്തുവെന്നാണ് മിഷനറി രേഖകളിലെ കാതലായ വാദഗതി. യഥാര്‍ത്ഥത്തില്‍ ഭാഷാ സമൂഹമെന്ന നിലയില്‍ മിഷനറിമാര്‍ക്കുണ്ടായിരുന്ന സവിശേഷമായ അധികാരവും അതുപയോഗിച്ച് അവര്‍ നിര്‍മ്മിച്ച ജ്ഞാനവും മിഷനറി വീക്ഷണത്തിലൂടെയുള്ള ചരിത്രനിര്‍മ്മിതിയിലേക്കാണ് ചെന്നെത്തിയത്. സാങ്കേതിക-ഭാഷാ പരിജ്ഞാനത്തില്‍ അവര്‍ക്കുണ്ടായിരുന്ന പ്രത്യേക അധികാരമുപയോഗിച്ചു മിഷനറിമാര്‍ നിര്‍മ്മിച്ച ‘ഹിന്ദു തിന്മകളും മിഷനറി നന്മയും’ എന്ന ഈ പ്രഹേളികയില്‍, ഹിന്ദു ധാര്‍മ്മികത വികലമായ രീതിയിലാണ് അവതരിപ്പിക്കപ്പെട്ടത്. തീര്‍ച്ചയായും, മിഷനറിചരിത്രത്തെ സംബന്ധിക്കുന്ന നമ്മുടെ പ്രധാന സ്രോതസ്സുകള്‍ മിഷനറിമാരില്‍ നിന്നോ അവരുടെ അനുഭാവികളില്‍ നിന്നോ രൂപപ്പെട്ടുവന്നവയായതുകൊണ്ടുതന്നെ ഇത്തരം ലിഖിത സ്രോതസ്സുകളെ തങ്ങളുടെ യഥേഷ്ടം രൂപപ്പെടുത്തുന്നതില്‍ മിഷനറിമാര്‍ വിജയിക്കുകയുണ്ടായി. അച്ചടിശാലയും പ്രസിദ്ധീകരണ സാങ്കേതിക വിദ്യകളും മിഷനറിമാരുടെ ഉടമസ്ഥാവകാശത്തില്‍ തുടര്‍ന്നതിനാല്‍ പതിനെട്ടാം നൂറ്റാണ്ടിലെയും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തിലെയും ഹിന്ദുക്കള്‍ അവര്‍ നേരിട്ട പ്രശ്‌നങ്ങള്‍ എന്തൊക്കെയായിരുന്നുവെന്നോ അവരുടെ ചരിത്രപരമായ വെല്ലുവിളികള്‍ എന്തായിരുന്നുവെന്നോ പങ്കുവയ്ക്കാന്‍ സാധിക്കാതെയാണ് ചരിത്രമില്ലാത്തവരായി നിലകൊള്ളുന്നത്. ഇതിന്റെ മറുവശമെന്നു പറയുന്നത് അച്ചടിസാങ്കേതിക വിദ്യകളില്‍ തങ്ങള്‍ക്കുണ്ടായിരുന്ന അധീശത്വത്തെ ഉപയോഗിക്കുന്നതില്‍ മിഷനറിമാര്‍ പ്രകടിപ്പിച്ച ജാഗ്രതയാണ്. ഈ ജാഗ്രതയുടെ ഫലമായുണ്ടായ ചരിത്രവ്യഖ്യാനങ്ങളോ അവയുടെ തുടര്‍ച്ചകളോ ആണ് ദൈവസഹായം പിള്ള, വേലുത്തമ്പി ദളവ, ചാന്നാര്‍ കലാപം, സവര്‍ണ്ണ-അവര്‍ണ്ണ കലഹങ്ങള്‍, അപരിഷ്‌കൃത ഹിന്ദു സമൂഹം തുടങ്ങിയ സങ്കല്പങ്ങളുമായി നമ്മുടെ വൈജ്ഞാനിക മേഖലയില്‍ ഇന്നും സജീവമായി നിലനില്‍ക്കുന്നത്. ചുരുക്കത്തില്‍, ഭാരതത്തിലേക്ക് കടന്നുവന്ന മിഷനറിമാര്‍ക്കും കൊളോണിയല്‍ ഭരണകര്‍ത്താക്കള്‍ക്കും വളരെ കൃത്യമായ ഒരു ജ്ഞാനശാസ്ത്ര രാഷ്ട്രീയമുണ്ടായിരുന്നു. ഒരേസമയം യൂറോപ്പിന്റെ വംശമഹിമയെ ആധികാരികമായി കണ്ടെത്തുകയും കിഴക്കിന്റെ വൈജ്ഞാനിക സമ്പത്തിന്റെ ഉറവിടത്തെ തങ്ങളുമായി ബന്ധിപ്പിച്ചു അതിന്റെ പിതൃത്വം ഏറ്റെടുക്കുകയും ചെയ്യുക എന്നതായിരുന്നു ആ രാഷ്ട്രീയം. അത്തരം ജ്ഞാനശാസ്ത്ര രാഷ്ട്രീയത്തെ കൂടുതല്‍ വിശദമാക്കാന്‍ തിരുവിതാംകൂറിലെ മിഷനറിപ്രവര്‍ത്തനത്തിന്റെ ചരിത്രത്തെ പരിശോധിക്കാവുന്നതാണ്.
ഏകദേശം പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിമുതല്‍ തിരുവിതാംകൂറിന്റെ പ്രാന്തപ്രദേശങ്ങളിലായി മിഷനറിമാര്‍ പ്രേഷിതപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ഈ പ്രേഷിതപ്രവര്‍ത്തനങ്ങളുടെ രീതിശാസ്ത്രം പരിശോധിച്ചാല്‍ മനസ്സിലാകുന്ന ചില വസ്തുതകളുണ്ട്. ഒന്നാമതായി, മിഷനറിമാരുടെ വിവരണപ്രകാരം ഹിന്ദുധര്‍മ്മമെന്ന നിലയില്‍ വൈജ്ഞാനികമായോ ആചാരപരമായോ നിലനില്‍ക്കുന്ന ഒന്നില്ല. പകരം, ഹിന്ദുധര്‍മ്മത്തിലെ വിവിധവിഭാഗങ്ങളെ ജാതിയുടെ അടിസ്ഥാനത്തില്‍ തരംതിരിച്ചുകൊണ്ട് ഹിന്ദുധര്‍മ്മത്തെ, ജാതിസ്വത്വമാക്കി അവതരിപ്പിക്കുന്ന ഒരു രീതിശാസ്ത്രമാണ് മിഷനറിമാര്‍ പിന്തുടരുന്നത്. അതുകൊണ്ടുതന്നെ, ബ്രാഹ്മണര്‍, ചാന്നാര്‍, ശൂദ്രര്‍, പുലയര്‍, തുടങ്ങിയ സംവര്‍ഗ്ഗങ്ങളാണ് മിഷനറി രേഖകളിലെ വിഷയങ്ങളായി വരുന്നത്. ഇങ്ങനെ ജാതികളായി മാത്രം തരംതിരിക്കപ്പെട്ട ഹിന്ദുസമൂഹം പരസ്പരം കൊടുക്കല്‍ വാങ്ങലുകള്‍ ഒന്നുംതന്നെയില്ലാത്ത അടഞ്ഞ സമൂഹമാണ് എന്ന ധാരണയും മിഷനറി രേഖകള്‍ പങ്കുവെക്കുന്നുണ്ട്. ധര്‍മ്മബോധമില്ലാതെ ജാതിബോധം മാത്രമുള്ളവരായിരുന്നു തിരുവിതാംകൂര്‍ ഉള്‍പ്പെടെയുള്ള ഭാരതദേശത്തിലെ സനാതനികള്‍ എന്ന വാദത്തിന് ചരിത്രത്തിന്റെ പിന്‍ബലമില്ലെന്നുള്ളതാണ് വസ്തുത. ഉദാഹരണത്തിനായി രണ്ടു സന്ദര്‍ഭങ്ങള്‍ പരിശോധിക്കാവുന്നതാണ്.
ഒന്നാമതായി, മിഷനറി പ്രവര്‍ത്തനത്തിനായി തിരുവിതാംകൂറില്‍ എത്തിച്ചേര്‍ന്ന വില്യം തോബിയാസ് റിങ്‌തൊബെയുടെ കത്തുകള്‍ വിശകലന ചെയ്യാവുന്നതാണ്. റിങ്‌തൊബെയുടെ കത്തുകളിലുടനീളം അദ്ദേഹത്തിന്റെ മതപരിവര്‍ത്തനശ്രമങ്ങള്‍ക്കെതിരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ചെറുത്തുനില്‍പ്പുകളെക്കുറിച്ചും മതംമാറിയവര്‍ തിരികെ സനാതനധര്‍മ്മത്തിലേക്കു പോയതിനെക്കുറിച്ചുമുള്ള ആശങ്കകളുണ്ട്. രണ്ടാമതായി, 1776 നും 1789 നും ഇടയില്‍ കേരളത്തിലുണ്ടായിരുന്ന ബര്‍ത്തോലോമിയോ പൗളിനോയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മതപരിവര്‍ത്തനം തിരുവിതാംകൂറില്‍ പ്രോത്സാഹിക്കപ്പെട്ടിരുന്നില്ല. മാത്രമല്ല, മതപരിവര്‍ത്തനം ചെയ്ത നാലു നായര്‍ സമുദായക്കാരെ തിരുവനന്തപുരം ജയിലില്‍ തടവിലിട്ടതിനെക്കുറിച്ചും പറവൂരില്‍ വച്ച് മതപരിവര്‍ത്തനത്തിനു ശ്രമിച്ച പൗളിനോയെ സിവില്‍ മജിസ്‌ട്രേറ്റ് തടവിലാക്കിയതിനെക്കുറിച്ചും രേഖകളുണ്ട്. ഈ വസ്തുതകള്‍ തിരുവിതാംകൂറിലെ പരിവര്‍ത്തനവിരുദ്ധ വികാരത്തെക്കുറിച്ചു മാത്രമല്ല സൂചിപ്പിക്കുന്നത്. പകരം അവ സൂചിപ്പിക്കുന്നത് ധര്‍മ്മബോധം ഹിന്ദുസമുദായത്തിനുണ്ടായിരുന്നുവെന്നും എന്നാല്‍ അത്തരം വസ്തുതകളെ പില്‍ക്കാല ചരിത്രപഠനങ്ങള്‍ അവഗണിക്കുകയുമായിരുന്നുവെന്നാണ്.
ചുരുക്കത്തില്‍, പരിഹാസം, അവജ്ഞ തുടങ്ങിയ സങ്കല്പങ്ങള്‍ ഉപയോഗിച്ച് അവഗണിക്കപ്പെട്ടും മറ്റുള്ളവരാല്‍ ചിത്രീകരിക്കപ്പെട്ടുമാണ് കൊളോണിയല്‍ കാലഘട്ടത്തിലെ ഹിന്ദുസ്വത്വം നിലനില്‍ക്കുന്നത്. എന്നാല്‍ മിഷനറി രേഖകളുടെ വരികള്‍ക്കിടയിലുള്ള വായന വേറിട്ടൊരു ഹിന്ദുസ്വത്വത്തെ തീര്‍ച്ചയായും വ്യക്തമാക്കുന്നുമുണ്ട്. മിഷനറി രേഖകള്‍ ആരോപിക്കുന്നതുപോലെ, ജാതിബോധം മാത്രമുള്ള അപരിഷ്‌കൃതരായ ഒരുകൂട്ടം വ്യക്തികളുടെ സമാഹാരമല്ല കൊളോണിയല്‍ കാലത്തെ ഹിന്ദുസമൂഹം. സ്വന്തം അസ്തിത്വത്തെക്കുറിച്ചു ബോധമുള്ള, അതിനെതിരെ നടക്കുന്ന കടന്നുകയറ്റങ്ങളോട് പ്രതികരിക്കുന്ന ഹിന്ദുസ്വത്വത്തിന്റെ ചരിത്രം മിഷനറി രേഖകളുടെ വിമര്‍ശനാത്മക പഠനം വ്യക്തമാക്കുന്നുണ്ട്. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ ഔദ്യോഗിക-മുഖ്യധാരാ ചരിത്രകാരന്മാരെല്ലാം മിഷനറി വാദഗതികളെ മാത്രം മുഖവിലക്കെടുക്കുകയും അതിന്റെയുള്ളില്‍ മറഞ്ഞുകിടക്കുന്ന ആര്‍ജ്ജവമുള്ള ഹിന്ദുസ്വത്വത്തെ അവഗണിക്കുകയുമാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ, മിഷനറി രേഖകളെ അപനിര്‍മ്മിക്കാതെ തുടരുന്ന ചരിത്രവ്യാഖ്യാനങ്ങള്‍ അപരിഷ്‌കൃത, പേഗന്‍ ജാതിസമൂഹങ്ങളെ മാത്രം കണ്ടെത്തി അത്തരം ജ്ഞാനശാസ്ത്രനിര്‍മ്മിതികളെ പ്രോത്സാഹിപ്പിക്കുന്നു.
അപകോളനീകരണവും മിഷനറി ആഖ്യാനങ്ങളും
സ്വാതന്ത്ര്യലബ്ദിവരെയുണ്ടായിരുന്ന കാലഘട്ടത്തില്‍ ഭാരതത്തിലെ മിഷനറി വ്യവഹാരങ്ങള്‍ നടത്തിയ ഹിന്ദുസമൂഹത്തെസംബന്ധിക്കുന്ന വിലയിരുത്തലുകളില്‍ തീര്‍ച്ചയായും സാമൂഹിക പരിഷ്‌കരണത്തിന്റെ ഒരു വശമുണ്ടായിരുന്നുവെന്നത് വസ്തുതയാണ്. എന്നാല്‍ സാമൂഹികപരിഷ്‌ക്കരണ സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുമ്പോഴും അടിസ്ഥാനപരമായി മതപരിവര്‍ത്തന ലക്ഷ്യങ്ങള്‍ മിഷനറി പ്രൊജക്ടിന്റെ ഭാഗമായിരുന്നു. ഒരുവേള നാഗാലാന്‍ഡിന്റെ രൂപീകരണസമയത്തുണ്ടായതുപോലുള്ള തീവ്ര നിലപാടുകള്‍ അധികം ഉണ്ടായില്ലെങ്കിലും, ക്രിസ്ത്യന്‍ മതപരിവര്‍ത്തന ശ്രമങ്ങള്‍ രാജ്യത്തിന്റെ പലഭാഗങ്ങളില്‍ സാമൂഹിക അന്തരീക്ഷത്തെ ദോഷകരമായി ബാധിച്ചിരുന്നു. 1950 കളില്‍ മധ്യപ്രദേശില്‍ നിയോഗി കമ്മിഷനു മായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളും മതപരിവര്‍ത്തനശ്രമങ്ങളും ഇതിന് ഉദാഹരണമായിരുന്നു. ഈ പ്രശ്‌നങ്ങള്‍ ചെറുതും വലുതുമായ സംഘര്‍ഷങ്ങളില്‍ ചെന്നെത്തുന്നതിന് പിന്നീട് നമ്മള്‍ സാക്ഷിയാകേണ്ടിവന്നുവെന്നതും വസ്തുതയാണ്.
അടിസ്ഥാനപരമായി വിലയിരുത്തുമ്പോള്‍, സാമൂഹിക, വിദ്യാഭ്യാസ, ആതുര രംഗത്തുള്ള ക്രിസ്ത്യന്‍. സഭകളുടെ സംഭാവനകള്‍ നമ്മുടെ സാമൂഹിക പുരോഗതിയെ ശക്തിപ്പെടുത്തുന്നുവെന്ന് കാണാവുന്നതാണ്. എന്നാല്‍, ഇതേ സംവിധാനങ്ങള്‍ മതപരിവര്‍ത്തനത്തിനായി ഉപയോഗിക്കപ്പെടുന്നുണ്ടെന്ന പരാതികള്‍ ഉയരുന്നത് മിഷണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ സംശയമുയര്‍ത്തുകയും ചെയ്യുന്നു. ആത്യന്തികമായി, ഭാരതം പോലൊരു മതേതര രാഷ്ട്രത്തില്‍ മതപരിവര്‍ത്തനം സംഭവിക്കേണ്ടത് വ്യക്തിപരമായ ബോധ്യത്തിന്റെ മാത്രം അടിസ്ഥാനത്തിലാകണം. അതല്ലാത്തപക്ഷം, വിദ്യാഭ്യാസമില്ലാത്ത അതിസാധാരണക്കാരും ദളിതരും ഗോത്രവിഭാഗക്കാരുമൊക്കെ ഒരു ദിവസം സ്വന്തം ഇഷ്ടപ്രകാരം മതപരിവര്‍ത്തനം ചെയ്തുവെന്ന വാദം വെറും തമാശയായി അവശേഷിക്കും.
അവലംബം
കെ.എ.വാസുക്കുട്ടന്‍ (1998), ഭാരതവിജ്ഞാന പഠനങ്ങള്‍, കേരളം ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്.
Edwin F Bryant (1999), The Indo-Aryan Invasion Debate: The Logic of the Response. Journal of Indo-European Studies Monograph Series No 32.
Dr. Vineeth RS
Assistant Profesosr
Department of History
NSS Hindu College, Changanacherry, India.
Assistant Editor, South Asia Reaserch
Editorial Board Member, World Medical & Health Policy






















