പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തുന്ന ജ്യോതി മല്‍ഹോത്ര എന്ന യുവതിയെ കേരള ടൂറിസത്തിന്റെ പ്രചാരണത്തിനായി നിയോഗിച്ചതാണ് ഈയ്യിടെ മാധ്യമങ്ങളില്‍ ചര്‍ച്ചയായ തും അന്വേഷണ ഏജന്‍സികളുടെ സജീവ ശ്രദ്ധയില്‍ വന്നിരിക്കുന്നതും. 2025 മെയ് 16നാണ് ഹരിയാന പോലീസ് ജ്യോതിയെ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചത്. ജമ്മുകാശ്മീരിലെ പഹല്‍ഗാം എന്ന സ്ഥലത്ത് 2025 ഏപ്രില്‍ 26 ന് 26 ടൂറിസ്റ്റുകളെ പാകിസ്ഥാന്‍ പിന്തുണയുള്ള തീവ്രവാദി സംഘം വെടിവെച്ച് കൊന്നതു സംബന്ധിച്ച കേസിലാണ് ജ്യോതി മല്‍ഹോത്ര അറസ്റ്റിലായത്. പഹല്‍ഗാം സംഭവത്തെ തുടര്‍ന്ന് ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷം ഉടലെടുക്കുകയും ഭാരതം ലോക ശ്രദ്ധയാകര്‍ഷിച്ച സിന്ദൂര്‍ ഓപ്പറേഷന്‍ നടത്തുകയൂം ചെയ്തു. പാകിസ്ഥാന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറുമെന്നും ഇന്ത്യയ്‌ക്കെതിരെ പ്രവര്‍ത്തിച്ച തീവ്രവാദ സംഘടനകളെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരുമെന്നും അവരെ വിചാരണക്കു വിട്ടുനല്‍കുമെന്നുമാണ് പാകിസ്ഥാന്‍ മുന്‍ വിദേശ കാര്യ മന്ത്രി ബിലാല്‍ ഭൂട്ടോ പ്രസ്താവിച്ചത്.
2003 സപ്തംബറില്‍ കോവളത്ത് നടന്ന യുഡിഫ് ഉന്നതാധികാര സമിതിയില്‍ അന്നത്തെ മുഖ്യമന്ത്രി പറഞ്ഞതാണ് നിയമവിരുദ്ധമായി കേരളത്തിലേക്ക് വരുന്ന വിദേശ പണം അനഭിലഷണീയ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കപ്പെടുന്നു എന്നും തന്മൂലം സാമൂഹ്യ സംഘര്‍ഷം വര്‍ദ്ധിക്കുന്നു എന്നും. ഇത് തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ കേരളം വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കി. യുഡിഫ് ഉന്നതാധികാര സമിതിയില്‍ മുസ്ലിംലീഗ് നേതാക്കളും പങ്കെടുത്തിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ 2007 വരെ രാഷ്ട്രീയ വനവാസത്തിനയച്ചു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി. 2004 ല്‍ ലോക്‌സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സി.പി.എം സോണിയാഗാന്ധിയ്ക്ക് പിന്തുണ നല്‍കിയെങ്കിലും ഡോ. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായി.
2006 ല്‍ കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് പരാജയപ്പെടുകയും, വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആവുകയും ചെയ്തു. എന്നാല്‍ അദ്ദേഹത്തിന് ആഭ്യന്തര വകുപ്പ് നല്‍കിയില്ല. അന്നത്തെ സിപിഎം സെക്രട്ടറി ഇപ്പോഴത്തെ മുഖ്യമന്ത്രി ആയിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തും സന്തതസഹചാരിയുമായ കൊടിയേരി ബാലകൃഷ്ണനാണ് ആഭ്യന്തര വകുപ്പ് നല്‍കിയത്. ഈ കാലഘട്ടത്തിലാണ് ഫാരിസ് അബൂബക്കറെ കുറിച്ചുള്ള വിവാദങ്ങള്‍ ഉണ്ടായത്. 2008 സപ്തംബര്‍ മൂന്നിന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഫാരീസ് അബൂബക്കര്‍ വെറുക്കപ്പെട്ടവന്‍ എന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്നാവര്‍ത്തിച്ചു. 2010 ജൂണ്‍ 23 ന് തച്ചങ്കരി എന്ന ഐപിഎസ് ഉദ്യോഗസ്ഥനെ കേന്ദ്രസര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം കേരള സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. 2002ല്‍ തച്ചങ്കേരിയുടെ സുരക്ഷാ ഗാര്‍ഡിനെ കൊച്ചി അന്താരാഷ്ട്ര എയര്‍ പോര്‍ട്ടില്‍ സിപിഎം ചാനലിന് വേണ്ടിയുള്ള ഇലക്ട്രോണിക് ഉപകരണവുമായി പിടികൂടിയത് വന്‍ വിവാദമായിരുന്നു. തീവ്രവാദ ബന്ധമുള്ള വ്യക്തികളുമായി തച്ചങ്കരി ഖത്തറില്‍ കൂടിക്കാഴ്ച നടത്തിയെന്നും കേന്ദ്രസര്‍ക്കാരിന്റെ അനുമതി ഇല്ലാതെയാണ് വിദേശയാത്ര നടത്തിയതെന്നുമാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി കേരളത്തെ അറിയിച്ചത്. ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി ആയിരുന്ന ദീപാ ഗോപാലന്‍ വാധ്‌വ ആണ് തച്ചങ്കേരിയുടെ തീവ്രവാദ ബന്ധമുള്ള വ്യക്തികളുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയത്. വിദേശകാര്യ മന്ത്രാലയമാണ് അന്ന് കേന്ദ്ര ആഭ്യന്തര വകുപ്പിന് വിവരങ്ങള്‍ നല്‍കിയത്. ടോമിന്‍ തച്ചങ്കേരിയുടെ സസ്‌പെന്‍ഷന്‍ സിഎടി റദ്ദാക്കിയത് ഖത്തറില്‍ തീവ്രവാദ ബന്ധം ഉള്ള വ്യക്തികളുമായുള്ള കൂടിക്കാഴ്ച തെളിയിക്കാന്‍ അന്വേഷണ ഏജന്‍സി ആയ എന്‍ഐഎയ്ക്ക് അന്ന് കഴിയാതിരുന്നത് കൊണ്ടാണ്. 2008 ലെ എന്‍ഐഎ ആക്ടിന്റെ അപര്യാപ്തത മൂലമാണ് അങ്ങനെ സംഭവിച്ചത്. 2019 ല്‍ മോദി സര്‍ക്കാര്‍ എന്‍ഐഎ ആക്ട് ഭേദഗതി ചെയ്തു. 2006-2011 ല്‍ ആഭ്യന്തര മന്ത്രിയായിരുന്ന ബാലകൃഷ്ണന്റെ മകന്‍ 2020 ഒക്ടോബര്‍ 29 മുതല്‍ മയക്കുമരുന്ന് കച്ചവടത്തിന് പണം നല്‍കി എന്ന കേസില്‍പ്പെട്ട് 366 ദിവസം ബാംഗ്ലൂരില്‍ ജയിലില്‍ കിടന്നു.
2015 ജനുവരി 1 ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തച്ചങ്കരിയെ എ.ഡി.ജി.പിയായി പ്രൊമോഷന്‍ നല്‍കി നിയമിച്ചു. തച്ചങ്കരിയെ എഡിജിപി ആക്കിയത് താന്‍ അറിഞ്ഞില്ല എന്നാണ് അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞത്. ഉന്നതാധികാര കമ്മറ്റിയുടെ ശുപാര്‍ശ ഇല്ലാതെയാണ് ഉമ്മന്‍ചാണ്ടി ഈ നിയമനം നടത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി കൂടി ആലോചിച്ചു മാത്രമേ നിയമനം നടത്താവൂ എന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. തച്ചങ്കേരിയെ എഡിജിപിയായി പ്രമോട്ട് ചെയ്തതിനെതിരെ ടൈംസ് ഓഫ് ഇന്ത്യയില്‍ വാര്‍ത്ത വരികയും പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യുതാനന്ദന്‍ കേരള നിയമസഭയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അഴിമതിയുടെ ഭാഗമായിട്ടാണെന്ന് ആരോപിക്കുകയും ചെയ്തു.
പ്രധാനമന്ത്രി ആയതിനു ശേഷം 2015 ഫെബ്രുവരിയില്‍ കേരളം സന്ദര്‍ശിച്ച നരേന്ദ്ര മോദി പ്രഖാപിച്ചത് കേരളം തീവ്രവാദികളുടെ പറുദീസയാണെന്നും തീവ്രവാദികളുടെ നഴ്‌സറിയാണെന്നുമാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ രാജ്യ സുരക്ഷയെ സംബന്ധിക്കുന്ന രഹസ്യ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാവും പ്രധാനമന്ത്രി ഇതു പറഞ്ഞത്. പ്രധാന മന്ത്രിക്കും കേന്ദ്ര മന്ത്രിമാര്‍ക്കും സംസ്ഥാന മുഖ്യ മന്ത്രിക്കും ലഭിക്കുന്ന അന്വേഷണ ഏജന്‍സികളുടെ രഹസ്യ റിപ്പോര്‍ട്ടുകള്‍ പുറത്തു വിടാന്‍ കഴിയില്ല. എന്‍.ഐ.എ, സി.ബി.ഐ, ഐ.ബി, ഇ.ഡി, മിലിറ്ററി ഇന്റലിജന്‍സ്, നര്‍കോര്‍ട്ടിക് കണ്‍ട്രോള്‍ ബ്യൂറോ തുടങ്ങിയ അന്വേഷണ ഏജന്‍സികളാണ് രാജ്യസുരക്ഷയെ സംബന്ധിച്ച് നിയമ പ്രകാരം അന്വേഷണം നടത്തി വിചാരണ കോടതികള്‍ക്കും ഉന്നതാധികാര കോടതികള്‍ക്കും റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്. തീവ്രവാദത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് കഴിഞ്ഞു. നിരവധി തീവ്രവാദ സംഘടനകളെ നിരോധിക്കുകയും പ്രതികളെ ശിക്ഷിക്കുകയും ചെയ്തു.
2021 ജൂണ്‍ 30 ന് വിരമിച്ച ഡി. ജി.പി ലോക്‌നാഥ് ബഹ്‌റ പറഞ്ഞത് കേരളത്തിലെ അധോലോക മാഫിയയുടെ സമ്പത്തും സ്വാധീനവും വളരെ വലുതാണെന്നും അവരുടെ സ്ലീപ്പിങ് സെല്‍ പ്രവര്‍ത്തിക്കുന്നു എന്നുമാണ്. കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നും പറഞ്ഞു. എന്‍ഐഎ കൊച്ചിലെ വിചാരണ കോടതിയില്‍ പ്രതികളുടെ ജാമ്യ അപേക്ഷയെ എതിര്‍ത്തുകൊണ്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചത് കേരളത്തിലെ 977 പ്രമുഖ വ്യക്തികളെ വധിക്കാന്‍ നിരോധിക്കപ്പെട്ട തീവ്രവാദ സംഘടന പദ്ധതി തയ്യാറാക്കിയിരുന്നു എന്നാണ്.
ഈ സാഹചര്യത്തിലാണ് പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തുന്ന ‘ട്രാവല്‍ വിത്ത് ജോ’ എന്ന ടൂറിസം യൂട്യൂബ് ഉടമയായ ജ്യോതി മല്‍ഹോത്രയുടെ അറസ്റ്റും മുഹമ്മദ് റിയാസ് മന്ത്രി ആയിരിക്കുന്ന കേരള ടൂറിസം വകുപ്പിന് വേണ്ടി അവര്‍ നടത്തിയ പ്രചാരണ പ്രവര്‍ത്തനങ്ങളും വിവാദമാകുന്നത്. പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തുന്ന ജ്യോതിയെ ടൂറിസം പ്രചാരണത്തിന് നിയമിക്കുക വഴി ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാ ലംഘനവും ആണ് റിയാസ് നടത്തിയത്. രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്യദ്രോഹം കുറ്റം തന്നെയാണ്. റിയാസിന്റെ പ്രതിരോധം അവര്‍ 2024 ല്‍ അറസ്റ്റ് ചെയ്യപ്പെട്ടില്ല എന്നതാണ്. മന്ത്രി റിയാസിന്റെ തടസ്സ വാദങ്ങള്‍ നിയമപരമായി വിചാരണ കോടതികളില്‍ നിലനില്‍ക്കുന്നതല്ല. 49 വയസ്സ് പൂര്‍ത്തിയായ നിയമ ബിരുദധാരിയായ റിയാസ് നിയമങ്ങളെ കുറിച്ച് അറിയാത്ത ആളല്ല. കേരള സര്‍ക്കാര്‍ എന്നത് നിയമം വഴി സ്ഥാപിക്കപ്പെട്ട ഭരണഘടന സ്ഥാപനമാണ്. സംസ്ഥാന സര്‍ക്കാര്‍ ടൂറിസം പ്രചാരണത്തിനായി ജ്യോതിയെ നിയമിക്കുമ്പോള്‍ അവരുടെ ചെയ്തികളും പൂര്‍വ്വകാല പ്രവര്‍ത്തനവും പരിശോധിക്കാന്‍ പോലീസ് സംവിധാനം ഉണ്ട്. ജ്യോതി പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തുന്ന ഐഎസ്‌ഐയുടെ ഏജന്റ് ഇഹ്‌സാന്‍ ഉര്‍ റഹീമിന്റെ സുഹൃത്തായിരുന്നു എന്ന് അന്വേഷണ ഏജന്‍സികള്‍ വെളിപ്പെടുത്തുന്നു. 2023 ല്‍ പാകിസ്ഥാന്‍ സന്ദര്‍ശനത്തിനായി ന്യൂദല്‍ഹിയിലെ ഹൈകമ്മീഷണര്‍ ഓഫീസില്‍ അനുമതി തേടി. പാകിസ്ഥാന്‍, ചൈന, ഇന്തോനേഷ്യ, ഭൂട്ടാന്‍, തായ്‌ലന്‍ഡ് എന്നി രാജ്യങ്ങളാണ് അവര്‍ സ്ഥിരമായി സന്ദര്‍ശിക്കുന്നത് എന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച രേഖകളില്‍ കാണുന്നു.
ടൂറിസം വകുപ്പും അതിന്റെ കീഴിലുള്ള സര്‍ക്കാര്‍ കമ്പനിയും സിഎജിയുടെ വര്‍ഷംതോറും ഉള്ള ഓഡിറ്റിന് വിധേയമാണ്. ടൂറിസം പ്രചാരണത്തിനായി നിയോഗിച്ച ജ്യോതി മല്‍ഹോത്ര അടക്കമുള്ളവര്‍ക്ക് 75 ലക്ഷം രൂപ നല്‍കിയതായി രേഖകളില്‍ കാണുന്നു. ഇവരെ ടൂറിസം പ്രചാരണത്തിന് നിയമിച്ചതിനുള്ള നടപടിക്രമങ്ങളും നിയമപരമായ സാധുതയും സിഎജി പരിശോധിക്കും. ജ്യോതിയെ നിയമിക്കാന്‍ കേരള സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്ത പിആര്‍ ഏജന്‍സിയെ കരിമ്പട്ടികയില്‍ പെടുത്തിയാല്‍ അവസാനിക്കുന്ന കേസ് അല്ല ഇപ്പോള്‍ നടക്കുന്നത്. ബിജെപിയുടെ ദേശീയ വക്താവ് ഷെഹ്‌സാദ് ജയ്ഹിന്ദ് ആവശ്യപ്പെട്ടിരിക്കുന്നത് കേരള ടൂറിസം മന്ത്രി റിയാസിനെ പുറത്താക്കി അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കണം എന്നാണ്. റിയാസിനെ പുറത്താക്കി അന്വേഷണം നടത്താന്‍ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഭാര്യാ പിതാവ് കൂടിയായ മുഖ്യമന്ത്രി തയ്യാറായില്ലെങ്കില്‍ ഗവര്‍ണര്‍ക്ക് നിയമനടപടികള്‍ സ്വീകരിക്കാവുന്നതാണ്.





















