രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവതിന്റെ സാന്നിധ്യത്തിലും നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായും ഉന്നതവിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട ബഹുദിന സംഗമം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ ഒരു നാഴികക്കല്ലാണ്. സംസ്ഥാനത്തെ സര്‍വകലാശാലകളെയും അതുവഴി കോളജുകളെയും മികവിന്റെ പാഠശാലകളാക്കി മാറ്റുന്നതില്‍ ഇതു നിര്‍ണായകമാകും.
വിദ്യയുടെ മഹോല്‍സവമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളത്തു ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് സംഘടിപ്പിച്ച ജ്ഞാനസഭ. വിദ്യയുടെ മഹാകേന്ദ്രങ്ങളായ പിറവം ചിന്‍മയ വിശ്വവിദ്യാപീഠത്തിലും ഇടപ്പള്ളി അമൃത വിശ്വവിദ്യാപീഠവുമായിരുന്നു വേദികള്‍. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വിധമുള്ള അക്കാദമിക സംഗമത്തിനാണ് ഈ കേന്ദ്രങ്ങള്‍ വേദിയായത്. നാലു സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാര്‍, ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ (എഐസിടിഇ) ചെയര്‍മാന്‍ യുജിസി വൈസ് ചെയര്‍മാന്‍, ഇരുന്നൂറിലധികം സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാര്‍, വിവിധ സര്‍വകലാശാലകളിലെയും ഉന്നതവിദ്യാഭ്യാസ ഏജന്‍സികളിലെയും തന്ത്രപ്രധാന പദവികളില്‍ ഇരിക്കുന്നവര്‍, സര്‍വകലാശാല ഭരണസഭാ പ്രതിനിധികളായ സിന്‍ഡിക്കേറ്റ് മെമ്പര്‍മാരും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ മെമ്പര്‍മാരും, അക്കാദമിക് കൗണ്‍സിലും ബോര്‍ഡ് ഓഫ് സ്റ്റഡീസും പോലുള്ള സമിതികളിലെ അംഗങ്ങള്‍, പ്രൊഫസര്‍മാര്‍, ഗവേഷകര്‍, അനധ്യാപക ജീവനക്കാര്‍, വിദ്യഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങി പലരും പ്രതിനിധികളും ക്ഷണിതാക്കളുമൊക്കെയായി എത്തി.
തീര്‍ത്തും അക്കാദമികമായ ജ്ഞാനസഭയിലെ സെഷനുകള്‍ ഈ രംഗത്തെ സംബന്ധിച്ചിടത്തോളം സര്‍വതലസ്പര്‍ശിയായിരുന്നു. അതിലുപരി, ദിശാബോധം പകരുന്നതും ഉത്തരവാദിത്തങ്ങളെ ചൂണ്ടിക്കാട്ടുന്നതുമായിരുന്നു. എന്താണു വിദ്യാഭ്യാസം, എന്തിനാണു വിദ്യാഭ്യാസം, എന്തെന്തു മാറ്റങ്ങളാണു വിദ്യാഭ്യാസത്തില്‍ വേണ്ടത് തുടങ്ങിയ അടിസ്ഥാനപരമായ കാര്യങ്ങളെ നേരിട്ടും അല്ലാതെയും ചര്‍ച്ചയ്‌ക്കെടുത്തു.
ജീവിതകാലം മുഴുവനുമുള്ള പഠനമാണ് വിദ്യാഭ്യാസമെന്ന് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ഓര്‍മിപ്പിച്ചു. പിറവി മുതല്‍ നിര്യാണം വരെ വിശപ്പടക്കിയുള്ള ജീവിതത്തിനപ്പുറം കാര്യമായൊന്നും ചെയ്യാതെപോകുന്ന മൃഗങ്ങളില്‍നിന്നു വ്യത്യസ്തമായി മനുഷ്യന്‍ നരനില്‍നിന്നു നാരായണനാകുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നു. അതിനായി പ്രജ്ഞയോടെ പ്രവര്‍ത്തിക്കുകയും സമാജത്തെ സേവിക്കുകയും ചെയ്യുന്നു. ഇതിനുവേണ്ടുംവിധം ആത്മവിശ്വാസം പകരാന്‍ വിദ്യാഭ്യാസത്തിനു സാധിക്കണമെന്നു മോഹന്‍ ഭാഗവത് വിശദീകരിച്ചു.
വികസിതഭാരതമന്ന ആശയം കേവലം സാമ്പത്തിക ചിന്തയല്ലെന്നും സമൂഹത്തിന്റെ സമഗ്രവികാസമാണു ലക്ഷ്യംവയ്ക്കുന്നതെന്നും സൂചിപ്പിച്ച കേരള ഗവര്‍ണര്‍ കൂടിയായ സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, വികസനത്തില്‍ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം ഉയര്‍ത്തിക്കാട്ടി. പല കാലങ്ങളില്‍ വിദ്യാഭ്യാസ കമ്മിഷനുകളും മറ്റും പല മികച്ച ആശയങ്ങള്‍ മുന്നോട്ടുവച്ചിരുന്നു എങ്കിലും അവ ക്രിയാത്മകമായി നടപ്പാക്കുന്നതില്‍ പരാജയം സംഭവിച്ചു. ദേശീയ വിദ്യാഭ്യാസ നയം-2020 വിദ്യാഭ്യാസത്തെ കൊളോണിയലിസത്തിന്റെ തടവറയില്‍നിന്നു മോചിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ജ്ഞാനസഭയിലെ ഒരു സെഷനായിരുന്ന പോളിസി ഡയലോഗ് ആന്‍ഡ് ലീഡര്‍ഷിപ്പ് കോണ്‍ക്ലേവില്‍ കേരളത്തിലെ വിവിധ സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാര്‍ അതതു സര്‍വകലാശാലകള്‍ക്കു കൈവരിക്കാന്‍ സാധിച്ച നേട്ടങ്ങളിലേക്കു ശ്രദ്ധ ക്ഷണിച്ചു. ആരോഗ്യ സര്‍വകലാശാലയുടെയും കേരള സര്‍വകലാശാലയുടെയും വൈസ് ചാന്‍സലറായ ഡോ. മോഹനന്‍ കുന്നുമ്മല്‍, കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) പി.രവീന്ദ്രന്‍, കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) കെ.കെ. ഷാജു, കുഫോസ് വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) എ.ബിജുകുമാര്‍, കെടിയു വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) കെ. ശിവപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.
ദല്‍ഹി വിദ്യാഭ്യാസ മന്ത്രി ആശിഷ് സൂഡ്, ഉത്തരാഖണ്ഡ് വിദ്യാഭ്യാസ മന്ത്രി ധാന്‍ സിങ് റാവത്ത്, ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി ഋഷികേശ് പട്ടേല്‍, പോണ്ടിച്ചേരി വിദ്യാഭ്യാസ മന്ത്രി അറുമുഖം നമശിവായം, യുജിസി വൈസ് ചെയര്‍മാന്‍ ഡോ.ദീപക് ശ്രീവാസ്തവ, എഐസിടിഇ ചെയര്‍മാന്‍ പ്രഫ. ടി.ജി സീതാറാം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള ഭാരതീയ ജ്ഞാന പരമ്പര (ഐകെഎസ്)യുടെ നാഷണല്‍ കോ-ഓഡിനേറ്റര്‍ പ്രഫ. ഗാണ്ടി എസ്. മൂര്‍ത്തി, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂനിവേഴ്‌സിറ്റീസ് സെക്രട്ടറി ജനറലും ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് അധ്യക്ഷയുമായ ഡോ. പങ്കജ് മിത്തല്‍, ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ സെക്രട്ടറി ഡോ. അതുല്‍ കോത്താരി, ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് സംയോജകന്‍ എ.വിനോദ് തുടങ്ങിയ പ്രമുഖര്‍ വിവിധ സെഷനുകളിലായി പങ്കെടുത്തിരുന്നു.

വിദ്യാഭ്യാസ പരിവര്‍ത്തനത്തിലൂടെ സാമൂഹിക പരിവര്‍ത്തനമെന്നതാണ് 2007ല്‍ പ്രവര്‍ത്തനമാരംഭിച്ച ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ലക്ഷ്യം. നൈപുണ്യം, മൂല്യബോധം നൂതനാശയങ്ങള്‍ എന്നിവയിലൂടെ യുവാക്കളെ ശാക്തീകരിച്ച് രാഷ്ട്രത്തിന്റെ വികസനപ്രക്രിയയുടെ ഭാഗമാക്കുക, സ്വയംപര്യാപ്തമായ ഭാരതത്തിനായി വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വവും ഗവേഷണബുദ്ധിയും നൂതനാശയങ്ങളും ശക്തമാക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കായുള്ള പ്രവര്‍ത്തനമാണ് മുഖ്യമായും നടത്തിവരുന്നത്. ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ സംസ്ഥാന ഘടകമാണ് വിദ്യാഭ്യാസ വികാസ കേന്ദ്രം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ കേരളത്തിന്റെ സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ ദര്‍ശനം വ്യാപിപ്പിക്കുക, കേരളത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ വിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കുക എന്നീ പദ്ധതകളാണ് കേന്ദ്രത്തിനുള്ളത്. ദേശീയതലത്തിലും സംസ്ഥാനതലത്തിലുമുള്ള ഈ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ജ്ഞാനസഭയ്ക്ക് അരങ്ങൊരുക്കിയത്.





















