‘അമ്പല നടയില്‍ എല്ലാവരും ഉണ്ടല്ലോ?’.
ഞാന്‍ എല്ലാവരെയും അഭിവാദ്യം ചെയ്തു കൊണ്ട് ചോദിച്ചു.
ശശിയേട്ടന്‍, മാരാര്‍ മാഷ്, മുകുന്ദനുണ്ണി. മൂവരും എന്തോ കാര്യമായ ചര്‍ച്ചയിലായിരുന്നു. ഞാനും കൂടി അറിഞ്ഞോട്ടെ കാര്യമെന്താണെന്ന് എന്ന് ചോദിച്ച് ഞാന്‍ അവരോടൊപ്പം ചേര്‍ന്നു. ടി.ജി. മോഹന്‍ദാസിന്റെ ഗോഡ്‌സെയെപ്പറ്റിയുള്ള വീഡിയോ ആയിരുന്നു വിഷയം.
‘അനാവശ്യമായി ഓരോന്ന് കുത്തിപ്പൊക്കുകയാണ്’ ഒരു സെമി ഗാന്ധിയനായ മാരാര്‍ മാഷ് പറഞ്ഞു.
‘മാഷെ സത്യങ്ങള്‍ എക്കാലവും മൂടിവെക്കപ്പെടണം എന്നാണോ മാഷ് കരുതുന്നത് ?’ ശശിയേട്ടന്‍ ചോദിച്ചു.
‘ഹിരണ്മയേന പാത്രേണ?’ എന്ന് ഞാന്‍ കൂട്ടിചേര്‍ത്തു.
‘ഇന്ന് പല മാധ്യമങ്ങളും അക്കാലത്തെ പല സത്യങ്ങളും പുറത്ത് കൊണ്ടുവരുന്നുണ്ട്. ഗോഡ്‌സെയെ ശിക്ഷിച്ച ജഡ്ജി ജസ്റ്റിസ് ജി.ഡി. ഖോസ്ലയുടെ പുസ്തകം ‘ദി മര്‍ഡര്‍ ഓഫ് മഹാത്മാ’ വീണ്ടും ചര്‍ച്ചയാവുന്നു. ന്യൂസ് 18 ലും മറ്റും ഇത് ചര്‍ച്ചയായി. പുതിയ ചില സിനിമകള്‍, വീര്‍ സവര്‍ക്കറോടുള്ള ചിലരുടെ തീരാ വിരോധം അതൊക്കെ സത്യം പുറത്തുവരാന്‍ കാരണമായി.’ മുകുന്ദനുണ്ണി വിശദീകരിച്ചു.
‘ജഡ്ജ് ഖോസ്ല കടുത്ത മാനസിക സംഘട്ടനം അനുഭവിച്ചാണ് നാഥുറാം ഗോഡ്‌സെയെ വിചാരണ ചെയ്തത്. പ്രത്യേകിച്ചും കോടതിയിലെ ഗോഡ്‌സെയുടെ നീണ്ട പ്രസംഗത്തിന് ശേഷം അദ്ദേഹം കണക്കറ്റ് മനോവ്യഥ അനുഭവിച്ചു. ഗോഡ്‌സെയുടെ ഗാന്ധിജിക്കെതിരായ വാക്കുകള്‍ അതിതീഷ്ണവും സത്യസന്ധവുമായിരുന്നു. വിഭജനത്തിന്റെ തിക്ത ഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. ഗോഡ്‌സെ ജയിലില്‍ വെച്ച് പശ്ചാത്തപിച്ചു എങ്കിലും കുറ്റകൃത്യത്തിന് തക്കതായ ശിക്ഷ നല്‍കണം. സര്‍ക്കാരിന്റെയും കോണ്‍ഗ്രസ്സുകാരുടെയും പൊതുജനത്തിന്റെയും താല്‍പ്പര്യം അപ്പോള്‍ അതായിരുന്നു. ഗോഡ്‌സെയാവട്ടെ ഒരു ചെറിയ മനുഷ്യന്‍. അസാധാരണ ആര്‍ജ്ജവം. പറയുന്നതെല്ലാം നൂറു ശതമാനം സത്യം. എങ്കിലും ഒരാളുടെ ജീവനെടുക്കാന്‍ മറ്റൊരാള്‍ക്ക് അവകാശമുണ്ടോ? എന്നാല്‍ ഇങ്ങനെ രാഷ്ട്രത്തോട് അസാമാന്യ കൂറുള്ള ഒരാളെ വധശിക്ഷയ്ക്ക് വിധിച്ചാല്‍ താനും അതല്ലേ ചെയ്യുന്നത്? വലിയ ധര്‍മ്മസങ്കടത്തിലായിരുന്നു ജസ്റ്റിസ് ഖോസ്ല. എന്തായാലും നാഥുറാം ഗോഡ്‌സെയും നാരായണ്‍ ആപ്‌തെയും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. 1949 നവംബര്‍ 15 ന് അംബാല സെന്‍ട്രല്‍ ജയിലില്‍ വെച്ച് അവരെ തൂക്കിലേറ്റി. മൃതദേഹം അവിടെത്തന്നെ ദഹിപ്പിച്ച് ചിതാഭസ്മം ഘഗ്ഗര്‍ നദിയില്‍ ഒഴുക്കി. ഇക്കാര്യത്തെ കുറിച്ചായിരുന്നു ടി.വി.യില്‍ ചര്‍ച്ച. എന്തുകൊണ്ട് ഗോഡ്‌സെയുടെ മൃതദേഹം കുടുംബത്തിനു വിട്ടുകൊടുത്തില്ല എന്ന്. അതിനുത്തരം അദ്ദേഹത്തിന് രക്തസാക്ഷി മണ്ഡപം വരും. പിന്നീട് ഒരുപക്ഷെ അമ്പലവും എന്നായിരുന്നു. എന്തായാലും നാം പഠിച്ചത് ഗാന്ധിജി ഒരു മതഭ്രാന്തനാല്‍ കൊല്ലപ്പെട്ടു എന്നാണ്. ഏതു തരം മതഭ്രാന്തായിരുന്നു അത്? വേറെ മതഭ്രാന്തിന് എതിരെയുള്ള മതഭ്രാന്തോ? പഹല്‍ ഗാമിന് ശേഷം ഇന്നും ആളുകള്‍ ചോദിക്കുന്നു’
‘ശരിയാണ്. ഗോഡ്‌സെ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സമുദായവും ക്രൂശിക്കപ്പെട്ടു. അയ്യായിരം മുതല്‍ പന്ത്രണ്ടായിരം വരെ ആളുകളാണ് ഗാന്ധിവധത്തിനു ശേഷം കൊല്ലപ്പെട്ടത്. കോണ്‍ഗ്രസ്സുകാര്‍ ഒരിക്കലും അഹിംസാവാദികളോ യഥാര്‍ത്ഥ ഗാന്ധി ശിഷ്യരോ ആയിരുന്നില്ല. ഇന്നും അങ്ങനെ തന്നെ’ ശശിയേട്ടന്‍ കൂട്ടിച്ചേര്‍ത്തു.
മാരാര്‍ മാഷ് അസ്വസ്ഥനായി കവിള്‍ ചൊറിഞ്ഞു നിന്ന് പറഞ്ഞു’അങ്ങനെ പല അപവാദങ്ങളും പറഞ്ഞു കേട്ടിട്ടുണ്ട്. ഇപ്പോള്‍ അതൊക്കെ എടുത്തിട്ട് അലക്കുന്നത് എന്തിന് ?’
‘ചരിത്രം ആരും അറിയേണ്ടെന്ന് കരുതി കുഴിച്ചിട്ടതുകൊണ്ടാണല്ലോ ഇന്ദിരാഗാന്ധിയുടെ മരണശേഷം ആയിരക്കണക്കിന് സിഖുകാര്‍ കൊല്ലപ്പെട്ടത്. ഒരു പക്ഷെ ഇക്കാര്യം, കോണ്‍ഗ്രസ്സ് കാപട്യം, അന്ന് എല്ലാവരും അറിഞ്ഞിരുന്നെങ്കില്‍ അങ്ങനെ ഉണ്ടാവുമായിരുന്നില്ല’
മുകുന്ദനുണ്ണിയ്ക്ക് നല്ല ഉത്തരമുണ്ടായിരുന്നു അതിന്. എന്നിട്ട്’വന്‍മരം വീഴുമ്പോള്‍..’ എന്നൊരു ന്യായീകരണവും!.
‘ഗാന്ധിജി അത് പോലെ വന്‍ മരം തന്നെയല്ലേ’ മാരാര്‍ മാഷ് ചോദിച്ചു.
‘അപ്പോള്‍ ധാരാളം ഹിംസയാവാമെന്നോ?’ മുകുന്ദനുണ്ണിയുടെ ചോദ്യം പെട്ടെന്നായിരുന്നു.
‘ഇപ്പോഴത്തെ മൂര്‍ഖരായ കോണ്‍ഗ്രസുകാരെ നമുക്ക് വിടാം. 1948ല്‍ അങ്ങനെയല്ല. അന്ന് കുറെയൊക്കെ ഗാന്ധിജിയുടെ ശരിയായ അനുയായികളായിരുന്നു. അഹിംസയില്‍ വിശ്വസിച്ചിരുന്നു’ ശശിയേട്ടന്‍ രംഗം ശാന്തമാക്കാന്‍ എന്ന പോലെ പറഞ്ഞു.
‘അത് ചിത്പവന്‍ ബ്രാഹ്മണരുടെ കൂട്ടക്കൊലയെ പറ്റി അറിയാഞ്ഞിട്ടാ’ ഞാന്‍ ഇടപെട്ട് പറഞ്ഞു.
‘ആരാ ഈ ചിത്പവന്‍ ബ്രാഹ്മണര്‍? ‘ എന്ന് ശശിയേട്ടന്‍.
‘അയ്യോ അത് അറിയില്ലേ? ഗോഡ്‌സെയുടെ സമുദായം’
‘മഹാരാഷ്ട്രയില്‍ മൂന്ന് പ്രബല ബ്രാഹ്മണ സമൂഹമാണുള്ളത്. ദേശസ്ഥ, കര്‍ഹാഡ്, കൊങ്കണാസ്ഥ് അഥവാ ചിത്പവന്‍. അതില്‍ ചിത്പവന്‍ ബ്രാഹ്മണര്‍ കടല്‍ കടന്ന് വന്നവരാണെന്ന് പറയപ്പെടുന്നു. അല്ല പരശുരാമസൃഷ്ടിയാണെന്നും പറയപ്പെടുന്നു. നല്ല വെളുത്ത നിറം പൂച്ചക്കണ്ണുകള്‍ എന്നിവ ഉള്ളത് കൊണ്ട് ചിത്പവന്മാരെ വ്യത്യസ്ത ജനുസ്സായി മറ്റുള്ളവര്‍ കണക്കാക്കുന്നു. അതിനാല്‍ മറ്റു ബ്രാഹ്മണര്‍ അവരെ തുല്യരായി കണക്കാക്കാറില്ല. അവരെപ്പറ്റി പല കഥകളും ഉണ്ട്. പരശുരാമന്‍ മഴു എറിഞ്ഞതിന് ശേഷം കര്‍മ്മങ്ങള്‍ ചെയ്യാന്‍ നോക്കുമ്പോള്‍ അവിടെയെങ്ങും ബ്രാഹ്മണരില്ലാത്തതിനാല്‍ ഒരു ചിതയുടെ സമീപത്ത് നിന്ന് കണ്ടെടുത്ത് ആളുകളെ പരശുരാമനാല്‍ ബ്രാഹ്മണരാക്കപ്പെട്ടവര്‍, അല്ല പരശുരാമനാല്‍ ചിത്തം പാവനമാക്കപ്പെട്ടവര്‍ എന്നെല്ലാം ഐതിഹ്യമുണ്ട്. സ്‌കന്ദ പുരാണത്തിലെ സഹ്യാദ്രികാണ്ഡത്തില്‍ ഇവരെ കുറിച്ച് പറയുന്നത് കൊണ്ട് ഇവര്‍ പുറത്ത് നിന്ന് വന്നവരാകാന്‍ വഴിയില്ല. എന്നാല്‍ മഹാരാഷ്ട്രയിലെ ബനെ ജൂതന്മാര്‍ ഇവരെ തങ്ങളുടെ പൂര്‍വികരാണെന്നും മുന്നേ വന്നവരാണെന്നും പറയുന്നു. നാട്ടുരീതികള്‍ക്ക് വിപരീതമായി വധൂധനം എന്ന ഏര്‍പ്പാട് ഇവര്‍ക്കുള്ളത് കൊണ്ട് അറബ് പാരമ്പര്യവും ഇവരില്‍ ചില ചരിത്രകാരന്മാര്‍ ആരോപിക്കുന്നുണ്ട്.
എന്തായാലും ധിഷണയിലും കഴിവിലും ബുദ്ധിസാമര്‍ത്ഥ്യത്തിലും ഇവര്‍ മറ്റുള്ളവരെക്കാള്‍ ഏറെ മുമ്പിലാണ്. ഇത് മറ്റുള്ളവരില്‍ അസൂയ ഉളവാക്കാറുണ്ട്.
മറാഠ സാമ്രാജ്യത്തിന്റെ പേഷ്വാ എന്ന ഭരണസാരഥി ആയതോടെ ഇവരുടെ ശുക്രദശയായി. ചിത്പവന്‍ ബ്രാഹ്മണര്‍ പട്ടാളക്കാരും പുരോഹിതരുമായി. സ്വാധീനം കൊണ്ട് ധാരാളം സ്വത്തിന് ഉടമകളുമായി. എന്നാല്‍ സാമ്രാജ്യത്തിന്റെ പതനത്തോടെ ശക്തിയും കുറഞ്ഞു. എങ്കിലും സമൂഹത്തിലെ പ്രബല കക്ഷിയായതിനാല്‍ മറ്റു താഴെത്തട്ടിലുള്ളവരുടെയെല്ലാം പ്രതിയോഗികളായി. അതെല്ലാം പിന്നീട് ഗാന്ധിവധത്തിന് ശേഷം വിനയായി. നിരവധി പ്രശസ്തരായവര്‍ ആ സമുദായത്തില്‍ ഉണ്ടായി. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പരിശ്രമിച്ച അനേകം പേര്‍. ബാലഗംഗാധര തിലക്, മഹാദേവ് ഗോവിന്ദ് റാനഡെ, വിനോബാ ഭാവെ, സാവര്‍കര്‍ ഒട്ടനവധി പേര്‍. അതില്‍ ഗോഡ്‌സെയും നാരായണ്‍ ആപ്‌തെയും പെടും.
മഹാത്മജിയുടെ വധത്തിന് ശേഷം ദേശീയ വാദികളായ ബ്രാഹ്മണര്‍ മുഴുവന്‍ ആക്രമിക്കപ്പെട്ടു. അയ്യായിരം മുതല്‍ പന്ത്രണ്ടായിരം വരെ ചിത്പവന്‍ ബ്രാഹ്മണരെ കൊന്നൊടുക്കി. അവരുടെ വീടുകള്‍ അക്രമിച്ചു, കടകള്‍ തീയിട്ടു, സ്ത്രീകള്‍ ബലാത്സംഗത്തിനിരയായി. അനേകം പേരുടെ ജീവിത മാര്‍ഗ്ഗം മുടക്കി. സവര്‍ക്കറുടെ വീട് ആക്രമിച്ചു. മാത്രമല്ല അദ്ദേഹത്തിന്റെ സഹോദരനായ ഡോ. നാരായണ്‍ റാവുവിനെ കല്ലെറിഞ്ഞു കൊന്നു. ആ ദാരുണാന്ത്യം ഏതു ചരിത്രത്തിലാണ് നാം പഠിപ്പിക്കുന്നത്?
അക്രമിച്ചവരില്‍ അധികവും മറ്റു ജാതികളിലുള്ള കോണ്‍ഗ്രസ്സുകാരായിരുന്നു. അഹിംസാസിദ്ധാന്തം കോണ്‍ഗ്രസ്സുകാര്‍ ഒരിക്കലും സ്വീകരിച്ചിട്ടില്ല’
അത് പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഒരു മൗനം പടര്‍ന്നു.
മാരാര്‍ മാഷ് പറഞ്ഞു; ‘പല ചരിത്രവും നമ്മള്‍ക്കറിയില്ല. അല്ലെങ്കിലും ഞാന്‍ കോണ്‍ഗ്രസുകാരെ പിന്തുണയ്ക്കില്ല. 1921 ല്‍ മാപ്പിള ലഹളയെ പിന്തുണച്ച മുസ്ലിം നേതാക്കളെയും പിന്നീട് വിഭജന സമരത്തില്‍ പങ്കെടുത്ത മുസ്ലിം നേതാക്കളെയും കോണ്‍ഗ്രസ്സ് പിന്തുണച്ചു, അത് പക്ഷെ ഗാന്ധിജിയോടുള്ള വിരോധത്തില്‍ എത്തിയിട്ടില്ല’
മുകുന്ദുനുണ്ണി അതിനോട് ഐക്യപ്പെട്ടു പറഞ്ഞു. ‘ശരിയാണ്. ഗാന്ധിജി എവിടെ? ഇന്നത്തെ കോണ്‍ഗ്രസ്സുകാര്‍ എവിടെ? കോണ്‍ഗ്രസ്സുകാരില്‍ ഗാന്ധിജിയുടെ ശിഷ്യരായി ഒരൊറ്റ കോണ്‍ഗ്രസ്സുകാരനും ഇന്നില്ല. പാകിസ്ഥാനോടും വോട്ടുചോര്‍ച്ച ഭയന്ന് ചില ഇസ്ലാമിക സംഘടനകളോടും അമിത വിധേയത്വം പുലര്‍ത്തുന്ന ഒരു സംഘമാണ് കോണ്‍ഗ്രസ്സ്. അക്കാര്യത്തില്‍ മാത്രം അവര്‍ ഗാന്ധി അനുയായികളാണ്.’
‘ആ പയ്യന്റെ ജല്പനം കേട്ടാല്‍… ശരിക്കും.. ഒരു രാഷ്ട്ര വിരുദ്ധ സംഘം തന്നെ’ മുകുന്ദനുണ്ണി അത് പറഞ്ഞപ്പോള്‍ എല്ലാവരും ചിരിച്ചു.
‘മെയ്ക്ക് ഇന്‍ ഇന്ത്യ ഹോ ഹി നഹി സക്താ..(ഇന്ത്യയില്‍ ഒന്നും ഉണ്ടാക്കാനേ പറ്റില്ല. ഒരിക്കലും! )’ ആ ഡയലോഗ് കേട്ടില്ലേ?’ നമ്മള്‍ എല്ലാവരും ഭാരതത്തിന്റെ ഡിഫന്‍സ് വ്യവസായം, യു പി ഐ, എ.ഐ, ചിപ്പ് മാനുഫാക്ച്ചറിങ്, കമ്പ്യൂട്ടര്‍ മേഖലയിലെ വളര്‍ച്ച, റെയില്‍വേ, സാറ്റലൈറ്റ്, മിസൈല്‍ ടെക്‌നോളജി എന്നിവയില്‍ ഇന്ത്യയുടെ കുതിച്ചുകയറ്റം എന്നിവ ചര്‍ച്ച ചെയ്യുമ്പോഴാണ് പ്രതിപക്ഷ നേതാവ് ആയ ഈ ‘ബാലന്‍’ ഇങ്ങനെ പറയുന്നത്. കഷ്ടം.!’
‘ലോകരാജ്യങ്ങള്‍ മൂക്കത്ത് വിരല്‍ വെയ്ക്കുകയാണ്. ഇങ്ങനെയുമുണ്ടോ ഒരു മൂര്‍ഖത?’ ശശിയേട്ടന്‍ തെല്ല് അരിശപ്പെട്ട് ചോദിച്ചു.
മാരാര്‍ മാഷ് ഞങ്ങളോട് യോജിച്ചു ‘വിവരമില്ലാത്ത ആ വിദ്വാന്‍ എവിടെയും എത്തില്ല.’ എന്നിട്ട് ചാണക്യ വചനം ക്വോട്ട് ചെയ്തു :
‘ഗുണൈരുത്തമതാം യാതി
നോച്ചൈ രാസന്ന സംസ്ഥിതാ:
പ്രാസാദശിഖരസ്യോ~പി
കാക കിം ഗരുഡായതേ ‘
ഏകദേശം അര്‍ഥം ഇങ്ങനെ.
കോണി വെച്ച് ഉയരത്തില്‍ കയറുന്നതിന് പകരം ഉത്തമ കൃത്യങ്ങളെക്കൊണ്ട് പൊതുജനമധ്യത്തില്‍ ബഹുമാന്യനാവുകയും ആരാധിക്കപ്പെടുകയുമാണ് വേണ്ടത്. കൊട്ടാരത്തിന്റെ താഴികക്കുടത്തില്‍ കയറി ഇരുന്നതുകൊണ്ടു മാത്രം കാക്ക ഗരുഡനാവുന്നില്ല’
മാരാര്‍ മാഷ്‌ക്ക് നന്ദി പറഞ്ഞു കൊണ്ട് ഞങ്ങള്‍ പിരിഞ്ഞു.
‘എന്തായാലും ഗോഡ്‌സെയില്‍ നിന്ന് ചിത്പവന്മാരിലൂടെ നാം കാകനിലെത്തി.
കാക്ക ഗരുഡനാവില്ലെന്ന് ഉറപ്പിച്ചുകൊണ്ട്…’
ഹ.ഹ.ഹ..





















