രാമായണത്തില്‍, താല്‍ക്കാലിക ഭരണം നടത്തി, ശ്രീരാമന് അയോദ്ധ്യയുടെ ഭരണം ഭരതന്‍ കൈമാറുന്ന വേളയില്‍ ആ രാജ്യത്തിന്റെ അവസ്ഥയെക്കുറിച്ച് വിവരിക്കുന്നുണ്ട് എഴുത്തച്ഛന്‍. ശ്രീരാമന്‍ അയോദ്ധ്യാധിപതിയായി ഭരണം നടത്തിയശേഷം രാജ്യത്തിനുണ്ടായ അവസ്ഥാ ഭേദവും അദ്ധ്യാത്മ രാമായണത്തിലുണ്ട്. കാര്‍ഷിമായി, വാണിജ്യപരമായി, സമഗ്ര സമൃദ്ധിയില്‍, ജനക്ഷേമത്തില്‍, അവരുടെ സംതൃപ്തിയുടെ തോതില്‍, സുരക്ഷാ കാര്യത്തില്‍, നാടിന്റെ സാമൂഹ്യ കാലാവസ്ഥയില്‍ തുടങ്ങി സമഗ്രമേഖലയിലും ഉണ്ടായ അഭിവൃദ്ധിയാണ് എഴുത്തച്ഛന്‍ വിവരിക്കുന്നത്. ആത്യന്തികമായി ഭരണത്തിന്റെ ഫലം അതാണ്, അത് രാമന്‍ ഭരിച്ചാലും ഭരതന്‍ ഭരിച്ചാലും നരേന്ദ്ര മോദി ഭരിച്ചാലും പിണറായി ഭരിച്ചാലും അതാണ് ജനജീവിതത്തെ സംബന്ധിച്ച ഭരണഫലത്തിന്റെ വിലയിരുത്തലിന് മാനദണ്ഡം. അത് ജനാധിപത്യമായാലും രാജാധിപത്യമായാലും പ്രജാധിപത്യമായാലും അങ്ങനെയാണ്, ആവണം. അങ്ങനെ താരതമ്യം ചെയ്താണ് സ്വബുദ്ധി ആര്‍ക്കും പണയം വെച്ചിട്ടില്ലാത്തവരും പക്ഷപാതം ബാധിച്ചിട്ടില്ലാത്തവരും ഭരിക്കുന്നവരെ പിന്തുണയ്ക്കുന്നത്. അതാണ് വേണ്ടതും.
രാജ്യം ആഭ്യന്തരവും ബാഹ്യവുമായ പലതരം വെല്ലുവിളികളെ നേരിടുമ്പോള്‍ ഭരണ സൗകര്യത്തിന് ആധുനിക ജനാധിപത്യകാലത്തുണ്ടാക്കിയിരിക്കുന്ന അധികാരവികേന്ദ്രീകരണത്തിന്റെ ഭാഗമായ സംസ്ഥാന ഭരണക്രമം രാജ്യമെന്ന പൊതു താല്‍പര്യത്തില്‍ത്തന്നെ വേണം നില്‍ക്കാന്‍. എന്നാല്‍ ഭരണ സൗകര്യത്തിനും സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്തങ്ങളും താല്‍പര്യങ്ങളും മുന്‍നിര്‍ത്തി ഭരണക്രമത്തില്‍ രാജ്യം (കേന്ദ്ര സര്‍ക്കാര്‍ എന്നു വിവക്ഷിക്കാം) തീരുമാനമെടുക്കുന്നത്, സംസ്ഥാനങ്ങള്‍ തീരുമാനമെടുക്കുന്നത്, രണ്ടു സംവിധാനങ്ങളും ചേര്‍ന്ന് തീരുമാനിക്കുന്നത് എന്നിങ്ങനെ മൂന്നു വിഭാഗങ്ങള്‍ നയനിലപാടുകളുടെ കാര്യത്തിലുണ്ട്. അങ്ങനെ വരുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലിന് ആ സര്‍ക്കാരിന് ഏറെക്കുറേ പൂര്‍ണമായും നിയന്ത്രണമുള്ള മേഖലകളിലെ വളര്‍ച്ചയും വികാസവും അടിസ്ഥാനപ്പെടുത്തി വേണം.
അതായത് പിണറായി സര്‍ക്കാരിനെ വിലയിരുത്തുമ്പോള്‍ സംസ്ഥാനത്തെ ആഭ്യന്തരം-ക്രമസമാധാനം, ജനസുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, ഉല്‍പ്പാദനം, കാര്‍ഷികം, അടിസ്ഥാനസൗകര്യവികസനം തുടങ്ങിയ കാര്യങ്ങള്‍ മുന്‍നിര്‍ത്തിവേണം. ഈ വിഭാഗങ്ങളൊന്നും പ്രതിരോധം, രാജ്യാതിര്‍ത്തി സുരക്ഷ, വിദേശനയം, ശാസ്ത്ര സാങ്കേതിക വളര്‍ച്ച തുടങ്ങിയ കേന്ദ്ര സര്‍ക്കാരിന്റെ മാത്രം പൂര്‍ണമായ ഉത്തരവാദിത്വമുള്ള മേഖലകളുടെ കാര്യമല്ല.
അങ്ങനെ നോക്കുമ്പോള്‍ പിണറായി സര്‍ക്കാരിന്റെ വമ്പന്‍ പരാജയത്തിന്റെ അടയാളമാണ് ഏറ്റവും പുതുതായി സംഭവിച്ച ജയില്‍ ഭേദനം. കണ്ണൂര്‍ ജയിലില്‍നിന്ന്, മരണംവരെ ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട ഒരു പ്രതി ‘കോവിന്ദച്ചാമി’ എന്ന ‘ചാര്‍ളി തോമസ്’ രക്ഷപ്പെട്ട കാര്യമാണ് പറയുന്നത്. അത് ഒരു പ്രതി ജയില്‍ ചാടി, അയാളെ പിടികൂടി എന്നു പറഞ്ഞ് ഒറ്റവാക്യത്തില്‍ അവസാനിപ്പിക്കേണ്ട വിഷയമല്ല. (ഇടയ്ക്ക് പറയട്ടെ, അയാളുടെ പേരിനെക്കുറിച്ചാണ്. ഗോവിന്ദച്ചാമിയാകാനിടയില്ല, തമിഴില്‍ ഗോ ഇല്ല, കോആണ്. അങ്ങനെയാണല്ലോ പ്രമുഖ രാഷ്ട്രീയ നേതാവ് വൈ.ഗോപാല സ്വാമി ‘വൈകോ’ ആയിരുന്നത്. മാത്രമല്ല, തൃശൂര്‍ പീച്ചിയില്‍ ആകാശപ്പറവകള്‍ എന്ന ക്രിസ്തീയ വിശ്വാസി സംഘടനയില്‍ ചേര്‍ന്ന് മതം മാറി, ചാര്‍ളി തോമസ് എന്ന പേര് ഇയാള്‍ സ്വീകരിച്ചിരുന്നതുമാണ്).
ജയില്‍ഭേദനം ആണ് സംഭവിച്ചത്. അത് ക്രമസമാധാനം അത്രമാത്രം അപകടത്തിലായി എന്നതിന്റെ അവസാനത്തെ അടയാളാണ്, എതു രാജ്യത്തും. അതായത് സംസ്ഥാനത്ത് നടന്ന ഹീനമായ കൊലപാതക കുറ്റകൃത്യം, അതിലെ പ്രതിക്ക് വധശിക്ഷ കിട്ടാതെ പോയ പ്രോസിക്യൂഷന്‍ വീഴ്ച, ആ കുറ്റവാളിക്ക് ജയിലില്‍ പരമസ്വാതന്ത്ര്യം, അയാള്‍ക്ക് ജയില്‍ ചാടാനുള്ള അവസരം, സാഹചര്യം, സഹായം. സംസ്ഥാന സര്‍ക്കാരിന്റെ ആഭ്യന്തര-ക്രമസമാധന രംഗത്തെ ഏറ്റവും വലിയ പരാജയത്തിന് ഉദാഹരണമാണ് ഈസംഭവം.
ക്രമസമാധാന പ്രശ്‌നമെടുത്താല്‍ പിണറായി സര്‍ക്കാരിനെതിരേ ആ മേഖലയില്‍ ഒരു വിശദമായ കുറ്റപത്രം തയാറാക്കിയാല്‍ അതിന്റെ വലുപ്പം സങ്കല്‍പ്പിക്കാനാവില്ല, അത്ര ബൃഹത്താവും. ബലാല്‍സംഗം, സ്ത്രീ-ബാല- ശിശുപീഡനം, കൊലപാതകം, മോഷണം, ആക്രമണം, ആത്മഹത്യ, തട്ടിക്കൊണ്ടുപോകല്‍, കൊള്ള, തുടങ്ങി എല്ലാത്തരം പ്രശ്‌നങ്ങളും ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സാമൂഹ്യ സംഘര്‍ഷങ്ങള്‍, മയക്കുമരുന്നിടപാടുകള്‍, ചെറുതും വലുതുമായ സംഘര്‍ഷങ്ങള്‍ എന്നിവ സംഭവങ്ങളോ വാര്‍ത്തകളോ പോലുമല്ലാതായിരിക്കുന്നു. ഭീകരപ്രവര്‍ത്തനം, നിരോധിത സംഘടനകളുടെ പ്രവര്‍ത്തനം തുടങ്ങിയവ പതിവായിരിക്കുന്നു. ക്ഷേത്രധ്വംസനങ്ങള്‍ അടക്കം സംഭവങ്ങള്‍ നോക്കിയാല്‍ ആഭ്യന്തര- ക്രമസമാധാന വിഷയത്തില്‍ സംസ്ഥാനം സമ്പൂര്‍ണ്ണ പരാജയത്തിലാണ്.
വിദ്യാഭ്യാസ രംഗത്തെക്കുറിച്ച് പറയാനില്ല. പണ്ട്, ഉന്നത വിദ്യാഭ്യാസ രംഗത്തെ സമരങ്ങളും കുഴപ്പങ്ങളും താഴേത്തലത്തിനെ ബാധിക്കാതിരിക്കാനും തിരിച്ച് സംഭവിക്കാതിരിക്കാനുമാണ് പ്രീഡിഗ്രി കോളെജില്‍നിന്ന് സ്‌കൂളിലേക്ക് മാറ്റി പ്ലസ് ടു സമ്പ്രദായം കൊണ്ടുവരുന്നതെന്നായിരുന്നു വാദം. പിന്നീട് വിദ്യാഭ്യാസ വകുപ്പിനെ തന്നെ ഉന്നതമെന്നും അടിസ്ഥാനമെന്നും തരം തിരിച്ചു. ഉന്നതി രണ്ടിടത്തും ഉണ്ടായില്ല എന്നുമാത്രമല്ല, സമഗ്ര തകര്‍ച്ചയിലേക്ക് വീണു. വിദ്യാലയത്തിന് അവധിക്കാലം എപ്പോള്‍ വേണമെന്ന് ഏറ്റവും നിര്‍ണ്ണായക ചര്‍ച്ചയാണിപ്പോള്‍. കുത്തഴിഞ്ഞ പുസ്തകം പോലെയായി പരാജയമായി സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല.
ആരോഗ്യ മേഖലയായിരുന്നു ഒരുകാലത്തെ കേരളത്തിന്റെ അഭിമാനം. അതിന്റെ അടിത്തറ ഇളകുക മാത്രമല്ല, മേല്‍ക്കൂരകള്‍ ഇടിഞ്ഞു വീഴുകയാണ്. ആരോഗ്യം സംരക്ഷിക്കാന്‍ ആശുപത്രികളെ സമീപിക്കുന്നവര്‍ക്ക് ആയുസ്സ് അവസാനിച്ചേ മടക്കമുള്ളുവെന്നാണ് സ്ഥിതി. ചികിത്സയില്ല, മരുന്നില്ല, ആവശ്യത്തിന് ഡോക്ടര്‍മാരില്ല, ഉപകരണങ്ങളില്ല, രോഗികള്‍ക്ക് സുരക്ഷയില്ല. ആരോഗ്യം ക്ഷയിച്ച, ചികിത്സ വേണ്ട മനസ്സുകളുടെ ഭരണമാണ് ആരോഗ്യ വകുപ്പിലെന്ന് ആര്‍ക്കും തോന്നുന്ന നിലയിലാണ്.
കാര്‍ഷിക മേഖലയില്‍ കണ്ണീര്‍പ്പാടങ്ങളാണ് എവിടെയും. സംസ്ഥാനത്തിന് ആവശ്യമായ അരിപോലും ഉല്‍പ്പാദിപ്പിക്കാനാവാതെ പരാശ്രയ സംസ്ഥാനമായി മാറിക്കഴിഞ്ഞു കേരളം. കൃഷി എന്നാല്‍ പുഞ്ചപ്പാടം മാത്രമല്ല, ഒന്നിലുമില്ല സ്വയം പര്യാപ്തത. ക്ഷീരകര്‍ഷകര്‍, മീന്‍പിടിത്തത്തൊഴിലാളികള്‍ എന്നുവേണ്ട സകല കാര്‍ഷിക ഉല്‍പ്പാദന മേഖലയും പരുങ്ങലിലാണ്.
ഇങ്ങനെ ഓരോ മേഖലയെക്കുറിച്ചും പൊതുവായി പറഞ്ഞാല്‍ ഒറ്റവാക്യത്തില്‍ സമ്പൂര്‍ണ പരാജയമെന്നു പറഞ്ഞാല്‍ എല്ലാമായി എന്ന് പറയുന്നവര്‍ക്കുതോന്നും. പക്ഷേ പറഞ്ഞുപ്രചരിപ്പിക്കാനറിയാവുന്നവര്‍ക്കും അതിന് സംവിധാനമുള്ളവര്‍ക്കും സര്‍ക്കാര്‍ ചെയ്യുന്നതെല്ലാം നേട്ടമായി വ്യാഖ്യാനിക്കാനാവും. അതിന് സര്‍ക്കാര്‍ സംവിധാനങ്ങളും സഹായകമാകും.
പക്ഷേ വേണ്ടത് ഇതാണ്: ജനാധിപത്യ സംവിധാനത്തിലെ ശരിവഴിപ്രകാരം ജനക്ഷേമം ലക്ഷ്യമിടുന്നവര്‍ ഉണ്ടെങ്കില്‍ സര്‍ക്കാരിനോട് ഒരു സമഗ്ര ധവളപത്രം ആവശ്യപ്പെടട്ടെ, പ്രതിപക്ഷവും എതിര്‍പക്ഷവും സമഗ്ര കുറ്റപത്രം തയാറാക്കട്ടെ. ജനങ്ങള്‍ സമഗ്രമായി വിലയിരുത്തട്ടെ.
കേരളത്തിന്റെ കാര്യം ഇംഗ്ലീഷിനെ ഒരു ചൊല്ലുപോലെയാണ്: ‘ജാക്ക് ഓഫ് ആള്‍ ട്രേഡ്‌സ്, മാസ്റ്റര്‍ ഓഫ് നണ്‍’ എന്ന്. അത് ‘പല കാര്യങ്ങളിലും ചിലതൊക്കെ അറിയാം, പക്ഷേ ഒന്നിലും വിദഗ്ദ്ധരല്ല’ എന്ന സ്ഥിതിയിലുള്ളവരെക്കുറിച്ചുള്ള പറച്ചലാണ്. കേരളം എന്തുകാര്യത്തിലും തുടക്കക്കാരാണ്, പക്ഷേ ഒന്നും ഫലവത്താക്കി ചെയ്യില്ല. അതായത് സംസ്ഥാനത്ത് ഇതുവരെ ഭരിച്ചവര്‍ക്കാര്‍ക്കും ഫലശ്രുതി ഒരു വിഷയമേ അല്ല. മറിച്ച് അടുത്ത തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അധികാരം പിടിക്കാനുള്ള അടവുകള്‍ പ്രയോഗിക്കല്‍, അതില്‍മാത്രമാണ് നോട്ടം. അപ്പോള്‍ ഒരു ജയില്‍ചാട്ടത്തിലെ ക്രമസമാധാന വിഷയ പ്രശ്‌നത്തെ മറ്റൊരു വാര്‍ത്തകൊണ്ട്, അല്ലെങ്കില്‍വിഷയംകൊണ്ട് അവര്‍ മൂടിവെക്കും. തുടക്കത്തില്‍ പറഞ്ഞപോലെ, സ്വബുദ്ധി മറ്റുള്ളവര്‍ക്ക് പണയം വെച്ചവര്‍ തിരഞ്ഞെടുപ്പില്‍ പക്ഷപാതം പ്രകടിപ്പിച്ച് സ്വപക്ഷത്തെ അധികാരത്തിലേറ്റാന്‍ മത്സരിക്കുകയും ചെയ്യും. സംസ്ഥാനം പക്ഷേ നാമാവശേഷമാകുമെന്നതാകും ഫലം.





















