സ്വാതന്ത്ര്യം കിട്ടി എഴുപത്തഞ്ചാണ്ട് കഴിഞ്ഞു എങ്കിലും നമ്മുടെ രാജ്യത്തെ വനവാസി ജനത ഇന്നും പാര്‍ശ്വസ്ഥരായി കഴിയുന്നു. സമൂഹത്തിന്റെ മുഖ്യധാരയിലെത്താന്‍ ഇപ്പോഴും അവര്‍ക്കു കഴിഞ്ഞിട്ടില്ല. പ്രകൃതിയെ പോലെതന്നെ പ്രകൃതിയുടെ മടിത്തട്ടില്‍ വളരുന്ന പ്രകൃതിയെ പ്രാണന്‍ പോലെ സ്‌നേഹിക്കുന്ന, ആരാധിക്കുന്ന വനവാസികളും ചൂഷണം ചെയ്യപ്പെടുന്നു. പരിഷ്‌കൃത സമൂഹം അവരുടെ ഭൂമി പിടിച്ചെടുത്തു. വനങ്ങള്‍ വെട്ടിനശിപ്പിച്ചു. വനസമ്പത്ത് കൊള്ളയടിച്ചു. ആവശ്യത്തിനു മാത്രം പ്രകൃതി വിഭവങ്ങള്‍ ശേഖരിച്ച് ജീവിച്ചുപോന്നവരുടെ ജീവിതമാര്‍ഗ്ഗം തന്നെ ഇല്ലാതായി. വനങ്ങളില്‍ നടക്കുന്ന ഖനനങ്ങളും അവരുടെ ജീവിതം താറുമാറാക്കി. അവര്‍ക്ക് തൊഴില്‍ തേടി കാട്ടില്‍ നിന്ന് നാട്ടിലേക്ക് പലായനം ചെയ്യേണ്ടി വന്നു. അങ്ങനെ നഗരങ്ങളില്‍ അവര്‍ കൂലിതൊഴിലാളികളായി പറിച്ചു നടപ്പെട്ടു. ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, ഇവരുടെ ഭാഷയും സംസ്‌കാരവും സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി സര്‍ക്കാര്‍ പല പദ്ധതികളും ആവിഷ്‌കരിക്കുന്നു എങ്കിലും അവ പൂര്‍ണ്ണമായും ഫലവത്താകുന്നില്ല. ഇവരുടെ ജീവിത സാഹചര്യങ്ങള്‍ ഏറെ മെച്ചപ്പെടുന്നുമില്ല. വിശപ്പ് ഇല്ലാതാക്കാന്‍ വേണ്ടി സ്വന്തം ജീവന്‍ തന്നെ വെടിയേണ്ടി വന്ന മധു എന്ന വനവാസി യുവാവ് കേരളത്തിന് എന്നും വേദനിക്കുന്ന ഓര്‍മ്മതന്നെയാണ്. ഈ സാമൂഹികമായ ഉത്തരാധുനിക പരിതഃസ്ഥിതിയുടെ സ്വാധീനം എല്ലാ ഭാഷാസാഹിത്യങ്ങളിലും പ്രതിഫലിച്ചു കാണുന്നുണ്ട്. ഇന്ന് വനവാസി സാഹിത്യം ദളിത് സാഹിത്യത്തില്‍ നിന്നും വേര്‍പെട്ട് പ്രത്യേക സാഹിത്യശാഖയായി ഒരു പുതിയ മാനം കൈവരിച്ചു കഴിഞ്ഞു. ഈ സാഹിത്യസന്ദര്‍ഭത്തില്‍ രാമായണങ്ങളിലെ അയോദ്ധ്യാകാണ്ഡത്തിന്റെ പ്രസക്തി ഏറെ വര്‍ദ്ധിക്കുന്നതായി കാണാം. ശൃംഗവേരപുരത്തിലെ നിഷാദരാജാവ് ഗുഹനും ശ്രീരാമനുമായുള്ള സൗഹൃദത്തിന്റെ മഹത്വം ഏറുന്നത് ഇവിടെയാണ്. മറ്റ് പല രാമായണങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ സൗഹൃദത്തിന് തുളസീദാസന്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നുണ്ട്. വര്‍ണ്ണാശ്രമധര്‍മ്മം പാലിക്കുന്ന തുളസിയുടെ ശ്രീരാമന്‍ ഗുഹനെ അരികത്തിരുത്തി സൗഹൃദ സംഭാഷണം ചെയ്യുന്നു.
കരി ദണ്ടവത് ഭേംട് ധരി ആഗേ
പ്രഭൂഹി വിലോകത്ത് അതി അനുരാഗേ
സഹജ സ്‌നേഹ ബിബസ് രഘുരായി
പൂച്ചി കുസല്‍ നികട്ട് ബൈഠായി
‘സഹജ സ്‌നേഹത്താല്‍ പരവശനായ് രാമന്‍ ചാരേ
ഗുഹനെ ഇരുത്തിനാന്‍, കുശല പ്രശ്‌നം ചെയ്താന്‍’ (പരിഭാഷ സി.ജി. രാജഗോപാല്‍) എന്നാണ് തുളസി പറയുന്നത്. എന്നാല്‍ കാല്‍ക്കല്‍ പ്രണമിക്കുന്ന ഗുഹനെ ശ്രീരാമന്‍ പെട്ടെന്നെടുത്തെഴുന്നേല്പിച്ചു
വക്ഷസി തുഷ്ടാ ദൃഢമണച്ചാശ്ലേഷവും ചെയ്തു
മന്ദഹാസം പൂണ്ടു മാധുര്യപൂര്‍വ്വകം
മന്ദേതരം കുശല പ്രശ്‌നവും ചെയ്തു.
എന്ന് വര്‍ണ്ണിച്ച് എഴുത്തച്ഛന്‍ അദ്ധ്യാത്മരാമായണം കിളിപ്പാട്ടില്‍ ആ ബന്ധം കൂടുതല്‍ ദൃഢമാക്കുന്നുണ്ട്. തന്റെ വര്‍ണ്ണാശ്രമധര്‍മ്മം അത്രക്ക് താഴേക്കിറങ്ങാന്‍ തുളസിയെ അനുവദിച്ചിട്ടില്ലായിരിക്കാം. എങ്കിലും ജാതിയുടെയും സമ്പത്തിന്റെയും അതിര്‍വരമ്പുകള്‍ ഭേദിച്ച ഒരു സുഹൃദ് ബന്ധം ഉണ്ടാക്കുന്നതില്‍ തുളസി വിജയിച്ചു എന്നു പറയാം. മാത്രമല്ല ആ കാലഘട്ടത്തില്‍ ആദിവാസികള്‍ സമൂഹത്തിന്റെ മുഖ്യധാരയിലായിരുന്നു എന്നും, വനവാസികള്‍ക്ക് ആരേയും ഭയക്കാതെ ജീവിക്കുവാനുള്ള സാഹചര്യം ഉണ്ടായിരുന്നതായും തുളസി സൂചിപ്പിക്കുന്നുമുണ്ട്.
വനവാസി പ്രശ്‌നം പോലെ പരിസ്ഥിതി സംബന്ധമായ കാലാവസ്ഥാ വ്യതിയാനം പോലുള്ള പ്രശ്‌നങ്ങള്‍ ഇന്ന് ലോകത്തിന് ഒരു വെല്ലുവിളിതന്നെയാണല്ലോ. പരിസ്ഥിതി പ്രശ്‌നങ്ങളും, അവയുടെ ദുഷ്പരിണാമങ്ങളും ആനുകാലിക സാഹിത്യത്തിലെ പ്രധാന വിഷയങ്ങളാണ്. പരിസ്ഥിതി വിപ്ലവത്തിലൂടെ പ്രകൃതിയെയും മനുഷ്യനേയും സംരക്ഷിക്കുവാനുള്ള പ്രയത്‌നങ്ങള്‍ ഒരുഭാഗത്ത്, മറുഭാഗത്ത് നദികളും സമുദ്രങ്ങളും മലീമസമാക്കി, വൃക്ഷങ്ങള്‍ മുറിച്ച് മാറ്റി, ഡാമുകളും പാലങ്ങളും വിമാനത്താവളങ്ങളും നിര്‍മ്മിച്ച് മനുഷ്യന്‍ സുഖലോലുപനായിക്കൊണ്ടിരിക്കുന്നു. പ്രകൃതിയുടെ അസന്തുലിതാവസ്ഥ ഭൂമിയില്‍ ജീവന് ഭീഷണിയാണെന്നറിയാമെങ്കിലും ഈ പ്രശ്‌നം പരിഹരിക്കുന്നതിലുള്ള താല്പര്യക്കുറവ് നമുക്ക് ചുറ്റും കാണാം. ഇതിനെ വോട്ടുബാങ്കാക്കി മാറ്റാനാണ് പലപ്പോഴും താല്പര്യം. തുളസിയുടെ കാലത്ത് പരിസ്ഥിതി വിപ്ലവമോ, പരിസ്ഥിതിയെക്കുറിച്ചുള്ള അവബോധമോ ആവശ്യമില്ലായിരുന്നു. ജനങ്ങളും ഭരണകൂടവും ഒരുപോലെ പ്രകൃതിയെ മാനിച്ചു, സ്‌നേഹിച്ചു, സേവിച്ചു മുന്നോട്ടുപോയി എന്നു കാണാം. വനവാസത്തിനിറങ്ങിയ സീതാ ലക്ഷ്മണ സുമന്ത്രര്‍ സമേതനായ ശ്രീരാമന്‍ ശൃംഗവേരപുരത്തെത്തി ഗംഗാനദിയെ പ്രണമിക്കുന്നതായി കാണാം.
സീതാ സചിവ് സഹിത് ദോവു ഭായി
സൃംഗബേര്‍പുര്‍ പഹുഞ്ചേജായി
ഉതരേ രാമ ദേവസരി ദേഖി,
കിന്‍ഹ് ദണ്ഡവത് ഹരഷ്ഠ ബിസേഷി
ലഖന സയിവം സിയം കിയേ പ്രണാമാ
സബഹി സഹിത് സുഖു പായഉരാമ.
ഗംഗാനദിയെക്കണ്ടു തേരില്‍ നിന്നിറങ്ങി
ഉത്തുംഗ ഹര്‍ഷേണ രാമന്‍ ദണ്ഡവത് പ്രണമിച്ചാല്‍
ഗംഗയാം ‘ഗവതി സമസ്ത സുഖദാത്രി
മംഗള സ്വരൂപിണി സവ്വാര്‍ത്തി സംഹാരിണി
(ശ്രീരാമചരിതമാനസം പരിഭാഷ സി.ജി. രാജഗോപാല്‍) എന്നാണ് തുളസിയുടെ വര്‍ണ്ണന. തുളസിക്ക് ഗംഗ ആനന്ദത്തിന്റെ അടിത്തറയാണ്. ആപത്തില്‍ നിന്നും മനുഷ്യരെ രക്ഷിക്കുക എന്നത് സ്വന്തം കടമയായി കരുതുന്നവളാണ്. പ്രകൃതിയില്ലാതെ മനുഷ്യന് നിലനില്‍പ്പില്ലായെന്ന് ഇവിടെ ‘മാനസ’കാരന്‍ ഉദ്‌ഘോഷിക്കുന്നു.
എല്ലാ രാമായണങ്ങളിലും ഗുഹന്‍ സീതാരാമന്മാര്‍ക്കു ശയിക്കാനായി ശിംശിപാ വൃക്ഷച്ചുവട്ടില്‍ പുല്ലുകള്‍ കൊണ്ടും ഇലകള്‍ കൊണ്ടുമുള്ള കിടക്കയൊരുക്കുന്നുണ്ട്. ശ്രീരാമന്റെ ചരണാരവിന്ദങ്ങള്‍ കണ്ട് പുളകിതയാകുന്ന ഗംഗ, ഗംഗയില്‍ കുളിച്ച് ശിവപൂജ നടത്തുന്ന ശ്രീരാമനേയും, തന്റെ മനോകാമന നിറവേറ്റാന്‍ ഗംഗയോട് പ്രാര്‍ത്ഥിക്കുന്ന സീതയേയും അയോദ്ധ്യാകാണ്ഡത്തില്‍ കാണാം. ശ്രീരാമന് ആഹാരമായി ഗുഹന്‍ ഫലങ്ങളും ഇലക്കുമ്പിളില്‍ ഗംഗാജലവും അര്‍പ്പിക്കുന്നുണ്ട്.
‘ഗുഹ് സംവാരി സാംഥരി ഡസായി/
കുസ് കിസലയമയ് മൃദുല സുഹായി
സുപി ഫലമൂല മധുരമൃദുജാനി/ ദോന ഭരി ഭരി രാഖേ സി ഹതി.’
കരപല്ലവങ്ങള്‍ കൊണ്ടവന്‍ മൃദുല സുന്ദര ശയ്യയൊരുക്കിനാന്‍
പവിത്ര മധുര മൃദു ഫലമൂലങ്ങളും നിറച്ചീനാന്‍ കുമ്പിള്‍തോറും (പരിഭാഷ സി.ജി.രാജഗോപാല്‍) എന്നാണ് തുളസി വര്‍ണ്ണിക്കുന്നത്.
മനുഷ്യന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്ന പ്രകൃതി അവന്റെ സുഖ ദുഃഖങ്ങളിലും പങ്കാളിയാകും എന്നാണ് തുളസിയുടെ വിവക്ഷ. ഇന്ന് ഭാരതത്തില്‍ നദികളുടെ ശുചീകരണം കാര്യമായി നടക്കുന്നു. ഗംഗയുടെ പുനര്‍ജീവനത്തിനായി മന്ത്രാലയത്തില്‍ പുതിയ വകുപ്പുതന്നെ ഉണ്ടായിരിക്കുന്നു. പ്രകൃതിയോട് മൈത്രീബന്ധം സ്ഥാപിച്ച് പ്രകൃതിയെ രക്ഷിക്കുക എന്ന സന്ദേശത്തോടൊപ്പം, മദ്ധ്യകാലഘട്ടത്തില്‍ ആദിവാസികള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരുന്നില്ലായെന്നും ഇന്നത്തെ പരിഷ്‌കൃത സമൂഹം അനുഭവിക്കുന്ന സൗകര്യങ്ങള്‍ ആദിവാസികള്‍ക്കും അവകാശപ്പെട്ട താണെന്നും അത് അവര്‍ക്ക് ലഭ്യമാക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും തുളസി പറയാതെ പറയുകയല്ലേ?
ചുരുക്കിപ്പറഞ്ഞാല്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളുടെ സവിശേഷതയും, പരാധീനതയും, നന്മയും തിന്മയും മാത്രമല്ല പരിസ്ഥിതി സംരക്ഷണവും, ആദിവാസി സാഹിത്യസന്ദര്‍ങ്ങളും ഒക്കെ ബീജരൂപത്തില്‍ അയോദ്ധ്യാകാണ്ഡത്തില്‍ ഉറങ്ങിക്കിടക്കുന്നതായി കാണാം. ആധുനിക സാഹിത്യസന്ദര്‍ഭങ്ങളുടെ വിത്തു പാകിയത് രാമായണങ്ങളിലൂടെയാണെന്നു മാത്രമല്ല ആനുകാലികമായ പല പ്രശ്‌നങ്ങളുടെയും വിപത്തുകളുടെയും പരിഹാരം നിര്‍ദ്ദേശിക്കാന്‍ അയോദ്ധ്യാകാണ്ഡത്തിലൂടെ തുളസീദാസന് കഴിഞ്ഞു എന്നു പറഞ്ഞാലും തെറ്റില്ലെന്നു തോന്നുന്നു. ഇതു തന്നെയാണ് രാമചരിതമാസം അയോദ്ധ്യാകാണ്ഡത്തിന്റെ പ്രസക്തി. രാമായണത്തിലില്ലാത്തതൊന്നും ലോകത്തിലില്ല എന്ന ചൊല്ല് അന്വര്‍ത്ഥമാണു താനും. ഒരു കുടുംബ മഹാകാവ്യം, ഭക്തി കാവ്യം എന്നതിനപ്പുറം സാഹിത്യപരമായി രാമായണത്തിന്റെ പ്രസക്തിക്ക് മാറ്റുകൂട്ടുന്ന ഘടകങ്ങളാണിവയൊക്കെ.
(അവസാനിച്ചു)





















