ആഗസ്റ്റ് 9
രക്ഷാബന്ധൻ
ലോകത്തിലാകെ രാജ്യങ്ങളും മനുഷ്യരും തമ്മില്‍ പരസ്പരം സംഘര്‍ഷത്തിന്റെ കരിനിഴല്‍ വീഴ്ത്തുന്ന കാലഘട്ടത്തിലാണ് ഒരുമയുടെ മഹോത്സവമായി രക്ഷാബന്ധന്‍ വന്നണയുന്നത്. കൈയില്‍ പരസ്പരം രാഖി ബന്ധിച്ച് ആഘോഷിക്കുന്ന രക്ഷാബന്ധന്‍ ആത്മവിശ്വാസത്തിന്റെയും ആത്മാഭിമാനത്തിന്റെയും മന്ത്രത്തിലൂടെ ഏകാത്മതയുടെ സന്ദേശമാണ് പകരുന്നത്. സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും കര്‍ത്തവ്യ ബോധത്തിന്റെയും മഹനീയ സന്ദേശങ്ങളാണ് രാഖീ ബന്ധനത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത്.
പവിത്രമായ സഹോദര്യ ബന്ധത്തിന്റെ പാവനത തന്നെയാണ് രക്ഷാബന്ധന്‍ നല്‍കുന്ന സന്ദേശം. ഭാരതത്തില്‍ വ്യത്യസ്ത രീതികളിലാണ് രക്ഷാബന്ധന്‍ ആഘോഷിച്ചുവരുന്നത്. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ ഈ ദിവസം വിപുലമായ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഭാരതത്തിന് പുറത്ത് നേപ്പാള്‍, പാകിസ്ഥാന്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലും രക്ഷാബന്ധന്‍ ആഘോഷിച്ചു വരുന്നു. പൊതുവേ ഹിന്ദു, ജൈന, ബുദ്ധ എന്നീ മതവിഭാഗങ്ങളാണ് രക്ഷാബന്ധന്‍ ആചരിക്കുന്നത്.
ഹൈന്ദവ വിശ്വാസ പ്രകാരം പവിത്രവും പാവനവുമാണ് രക്ഷാബന്ധന്‍ മഹോത്സവം. ശ്രാവണ മാസത്തിലെ പൗര്‍ണമി ദിനത്തിലാണ് ആവണി അവിട്ടമെന്ന രക്ഷാബന്ധന്‍ മഹോത്സവം ആഘോഷിക്കുന്നത്. സഹോദരന്റെ കയ്യില്‍ സഹോദരി രാഖി ബന്ധിച്ചു കഴിഞ്ഞാല്‍ സഹോദരിയുടെ സംരക്ഷണവും പാലനവും സാധിച്ച് കൊടുക്കുന്നവനായി സഹോദരന്‍ മാറും. രാഖി ബന്ധിക്കുന്ന സമയത്ത് സഹോദരന്റെ നന്മയ്ക്കും ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടി സഹോദരി പ്രാര്‍ത്ഥിക്കുന്നു. അതോടൊപ്പം സഹോദരന്‍ തന്റെ ആയുഷ്‌ക്കാലം മുഴുവന്‍ സഹോദരിയെ ഏത്അവസരത്തിലും സഹായിക്കാനുള്ള പ്രതിജ്ഞ എടുക്കുന്നു.
ആവണി അവിട്ടത്തിലാണ് സാധാരണ ബ്രാഹ്മണര്‍ പൂണൂല്‍ സ്വീകരിക്കുന്നത്. പുതിയ തുടക്കത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. മഹാവിഷ്ണു അറിവിന്റെ ദൈവമായ ഹയഗ്രീവനായി അവതരിച്ചതിനാല്‍ ഈ ദിനം ശുഭകരമായി കണക്കാക്കപ്പെടുന്നു. ബ്രഹ്മാവിനു വേദങ്ങളെ പുനഃസ്ഥാപിച്ചത് ഹയഗ്രീവന്‍ ആയതിനാല്‍ ഹയഗ്രീവ ജയന്തിയായും ആഘോഷിക്കുന്നു. വേദപഠനത്തിന്റെ ആരംഭം കുറിക്കുന്ന ദിവസമായും ഇതിനേ കണക്കാക്കുന്നു.
കര്‍ഷകര്‍ പാടങ്ങളില്‍ വിത്ത് വിതയ്ക്കുന്നത് ശ്രാവണ പൗര്‍ണ്ണമിദിനത്തിലാണ്. തീരപ്രദേശങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ ഇന്ദിരാദേവിയ്ക്കും വരുണദേവനുമുള്ള ആരാധനാ കര്‍മ്മങ്ങളും പൗര്‍ണമി ദിനത്തില്‍ നടത്തിവരുന്നു. കുടുംബബന്ധങ്ങള്‍ അറ്റുപോകുന്ന ഇക്കാലത്തും അത് വിളക്കിച്ചേര്‍ക്കുന്ന അപൂര്‍വം ചടങ്ങുകളില്‍ ഒന്നാണ് രക്ഷാബന്ധന്‍. ലോകത്താകമാനമുള്ള ഹിന്ദുക്കളില്‍ ഭൂരിപക്ഷം പേരും ഇത് ആഘോഷിക്കുന്നു.
സഹോദരങ്ങളുടെ ആഘോഷമാണിതെങ്കിലും സാഹോദര്യത്തിന് അതിര്‍വരമ്പുകള്‍ നിശ്ചയിച്ചിട്ടില്ലാത്ത ഒരു ആഘോഷം കൂടിയാണ്. ജന്മം കൊണ്ടോ രക്തബന്ധം കൊണ്ടോ സഹോദരങ്ങള്‍ അല്ലാത്തവര്‍ തമ്മില്‍പ്പോലും ഒരു രാഖി കൊണ്ട് സഹോദര-സഹോദരീ ബന്ധം ഉടലെടുക്കുന്നു.
ഭാരതസംസ്‌കാരത്തിന്റെ പ്രതീകം
പുരാണങ്ങളോടൊപ്പം ചരിത്രത്തിലും ഒട്ടനവധി കഥകള്‍ രക്ഷാബന്ധനെക്കുറിച്ച് പറയുന്നുണ്ട്. പുരാണത്തില്‍ ഇന്ദ്രപത്‌നിയായ ശചീദേവി ഇന്ദ്രനും വിഷ്ണുപത്‌നിയായ ലക്ഷ്മി ബലിക്കും ഗണേശപുത്രിയായ സന്തോഷിമാ അവരുടെ സഹോദരങ്ങളായ ശുഭ-ലാഭങ്ങള്‍ക്കും ദ്രൗപദി കൃഷ്ണനും യമുന യമനും രാഖി ബന്ധിച്ചു നല്‍കിയതായി പറയപ്പെടുന്നു. ചരിത്രത്തില്‍ അലക്‌സാണ്ടറുടെ ഭാര്യ റുക്‌സാന പുരുഷോത്തമാരാജാവിനും റാണി കര്‍ണാവതി ഹുമയൂണിനും രാഖി അയച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു.
ഭാരതത്തിലെ സമ്പത്ത് കൊള്ളയടിക്കാന്‍ വന്ന മുഗളന്മാര്‍ സ്ത്രീകളുടെ മാനത്തിന് വില പറഞ്ഞപ്പോള്‍ രജപുത്ര സ്ത്രീകള്‍ സഹോദരങ്ങളുടെ കൈകളില്‍ രാഖി കെട്ടി രജപുത്രന്മാരിലെ ധാര്‍മികതയെ ഉണര്‍ത്തി. തുടര്‍ന്ന് അവര്‍ രണാങ്കണത്തിലേക്ക് ഇറങ്ങുകയും മുഗളന്മാരെ തോല്‍പ്പിക്കുകയും ചെയ്തു.
1905ല്‍ ബംഗാള്‍ വിഭജന സമയത്ത് രാഖികള്‍ കയ്യില്‍ കെട്ടിക്കൊണ്ട് ആറു വര്‍ഷത്തോളം വന്ദേഭാരത ഗാനം മുഴക്കി ഗംഗാ സ്‌നാനം ചെയ്ത് വിഭജനം ഇല്ലാതാക്കി.
നാം ഒരു രാഷ്ട്രം, ഒരു ജനത ഒരു സംസ്‌കാരത്തിന്റെ ഉടമകള്‍ എന്ന ഏകതയുടെ അടിസ്ഥാന മന്ത്രമാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സൃഷ്ടിക്കും പ്രവര്‍ത്തനത്തിനും ആധാരം. പരിഷ്‌കാരത്തിന്റെ പേരില്‍ ഭാരതീയ സംസ്‌കാരത്തിന്റെ മൂല്യങ്ങള്‍ തകര്‍ക്കാന്‍ ശ്രമിമ്പോള്‍ രക്ഷാബന്ധന്‍ പോലുള്ള ഉത്സവത്തിലൂടെ മൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് സംസ്‌കാരത്തെ ഊട്ടിയുറപ്പിക്കാനാണ് നാം ശ്രമിക്കുന്നത്. ഒരു നൂലിന്റെ സങ്കല്പമാത്രയില്‍ ചോരയില്‍ കുരുക്കാത്ത സഹോദര ബന്ധങ്ങളെ ചേര്‍ത്തു നിര്‍ത്താന്‍ രാഖി പ്രേരണ നല്‍കുന്നു. അതേ ആശയത്തെ സമൂഹത്തോട് പ്രതിബദ്ധത പുലര്‍ത്താനുള്ള ഒന്നാക്കി രാഷ്ട്രീയ സ്വയംസേവക സംഘം മാറ്റി.
ഒരു സഹോദരന്‍ സഹോദരിയെ സംരക്ഷിക്കുന്ന കര്‍ത്തവ്യബോധത്തോടെ ഒരു സ്വയംസേവകന്‍ സമൂഹത്തെ സംരക്ഷിക്കണം. അതിനാണ് പരമപവിത്രമായ ഭഗവധ്ദ്ധ്വജത്തിന്റെ ശിഖയില്‍ ആദ്യം അവര്‍ രാഖി ബന്ധിക്കുന്നത്. അതിനുശേഷമാണ് പരസ്പരം കൈകളില്‍ രാഖി ബന്ധിക്കുന്നത്.
രാജ്യത്തെ സജ്ജനശക്തിയെ ഒരുമിച്ചു നിര്‍ത്താനുള്ള സന്ദേശവും കൂടി രക്ഷാബന്ധന്‍ നല്‍കുന്നു. രാഷ്ട്രീയ പാര്‍ട്ടികളിലെ ‘പാര്‍ട്ടി’ എന്ന വാക്ക് ‘പാര്‍ട്ട്’എന്ന വാക്കില്‍ നിന്നാണ് ഉണ്ടായിട്ടുള്ളത്. അവ പ്രത്യേക വിഭാഗത്തെ സംഘടിപ്പിക്കാനുള്ളതാണെങ്കില്‍ രാഷ്ട്രീയ സ്വയംസേവക സംഘം സമാജത്തെ സംഘടിപ്പിക്കുകയാണ് ചെയ്യുന്നത്. സംഘം സമാജത്തിലെ ഒരു സംഘടനയല്ല സമാജത്തെ മുഴുവന്‍ സംഘടിപ്പിക്കുന്ന സമാജത്തിന്റെ സംഘടനയാണ്. ലോകത്തില്‍ രൂപീകരിക്കപ്പെട്ട എല്ലാ സംഘടനകളും നൂറ് വര്‍ഷം തികയാതെ നശിക്കുകയോ പിളര്‍ന്നു പോവുകയോ ചെയ്‌തെങ്കില്‍ സംഘം നിലനില്‍ക്കുന്നത് ധാര്‍മിക മൂല്യം ഉയര്‍ത്തിക്കൊണ്ടു പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ്. എല്ലാ സംഘടനകളും സമാജ സ്വാധീനം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ സംഘം സമാജ പരിവര്‍ത്തനം നടത്താനാണ് പ്രവര്‍ത്തിക്കുന്നത്. സംഘത്തിന്റെ നൂറാം വര്‍ഷത്തില്‍ ആഘോഷങ്ങളില്ലാതെ സമാജത്തിന്റെ പരിവര്‍ത്തനങ്ങള്‍ ഉദ്ദേശിച്ച് അഞ്ചു കാര്യങ്ങള്‍ക്കാണ് പ്രാധാന്യം കൊടുക്കുന്നത്. മരത്തിന്റെ ശക്തിക്ക് പൂവിനും ഇലകള്‍ക്കും ശക്തി പകരുന്നതിന് പകരം വേരിനാണ് ശക്തി നല്‍കേണ്ടത്. അതിനാല്‍ പൗരധര്‍മ്മം, മാതൃകകുടുംബം, സാമൂഹ്യ സമരസത, സ്വദേശിബോധം, പ്രകൃതി സംരക്ഷണം എന്നീ കാര്യങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടാണ് സംഘം ശതാബ്ദി വര്‍ഷത്തില്‍ പ്രവര്‍ത്തിക്കുന്നത്.
നീതിനിഷ്ഠവും പുരോഗമനപരവുമായ സാമൂഹ്യവ്യവസ്ഥക്ക് പൗരധര്‍മ്മത്തെ കുറിച്ചുള്ള വ്യക്തമായ ബോധം ഉണ്ടാക്കുകയാണ് സംഘം ചെയ്യുന്നത്. വിഭാഗത്തിന്റെ വിശ്വസ്തതയില്‍ നിന്ന് ദേശീയ വിശ്വസ്തതയിലേക്കുള്ള വ്യക്തിയുടെ വികാസമാണ് പൗരധര്‍മ്മം. പൗരധര്‍മ്മ പാലനത്തിലൂടെ ലോകത്തിന് മാതൃകയാകാന്‍ ഭാരതത്തിന് സാധിക്കും.
കുടുംബ പ്രബോധന്‍
ലോകത്തിന് ഭാരതം നല്‍കിയ സംഭാവനയാണ് കുടുംബ സങ്കല്പം. കുടുംബങ്ങളിലെ അനൈക്യം മൂലമുള്ള ഒറ്റപ്പെടല്‍ മാനസികാരോഗ്യ തകര്‍ച്ചയ്ക്കും ആത്മഹത്യകള്‍ക്കും കൊലപാതകങ്ങള്‍ക്കും കാരണമാവുന്നു. കുടുംബങ്ങളില്‍ ഐക്യം ഉണ്ടായാല്‍ മാത്രമേ ഇതിന് പരിഹാരം ഉണ്ടാക്കാന്‍ സാധിക്കുകയുള്ളൂ. ഇതിനായി കുടുബാംഗങ്ങള്‍ തമ്മില്‍ ഐക്യവും സ്‌നേഹവും സമര്‍പ്പണവും ഉണ്ടാകണം.
പ്രകൃതി സംരക്ഷണം
പ്രകൃതി ചൂഷണം ചെയ്യപ്പെടേണ്ടതാണെന്നാണ് പാശ്ചാത്യ വീക്ഷണമെങ്കില്‍ പ്രകൃതിയും മനുഷ്യനും സര്‍വ്വ ജീവരാശിയും പാരസ്പര്യത്തോടെ വര്‍ത്തിക്കുക എന്നതാണ് ഭാരതീയ സംസ്‌കാരം. പ്രകൃതി മാതാവായതിനാല്‍ ഭാരതീയര്‍ ചെറുജീവിയായ ഉറുമ്പിനു പോലും രാവിലെ ശുദ്ധിയായി അരിപ്പൊടി കൊണ്ട് കോലം വരച്ച് ഭക്ഷണം കൊടുത്തതിനു ശേഷം മാത്രമേ മറ്റു പ്രവര്‍ത്തികള്‍ ഏറ്റെടുത്തിരുന്നുള്ളൂ. നാരായണഗുരുദേവന്‍ ഒരു പീഢ ഉറുമ്പിനു പോലും വരരുതെന്നാണ് അനുകമ്പാദശകത്തില്‍ പറയുന്നത്. ശ്രീകൃഷ്ണന്‍ മഴയ്ക്കു വേണ്ടി ദേവേന്ദ്രനെ പൂജിക്കുന്നതിന് പകരം ഗോവര്‍ദ്ധന പര്‍വ്വതത്തെ പൂജിക്കാനാണ് പറഞ്ഞത്. ജലം ജീവനാണെന്നും ജലം അശുദ്ധമായാല്‍ ജീവന്‍ അശുദ്ധമാകും എന്നായിരുന്നു സങ്കല്പം. മനുഷ്യന്റെ ഭോഗവസ്തുക്കളോടുള്ള താല്‍പര്യം കൊണ്ട് ഭൂമിയെ ദോഹനത്തിന് പകരം ചൂഷണം ചെയ്യുന്നതിനാല്‍ മാര്‍ബിളും കല്ലിനും വേണ്ടി ഭൂമിയെ ഗര്‍ത്തങ്ങളാക്കി മാറ്റുന്നു. മരങ്ങള്‍ വെട്ടി മുറിക്കുന്നു. വനത്തിന് പകരം തോട്ടങ്ങള്‍ സൃഷ്ടിക്കുന്നു. ഓണ്‍ലൈനില്‍ മണ്ണുകള്‍ വില്പനയ്ക്ക് വരുന്നു. ഭൂമി സുലഭമായി ലഭിക്കുന്ന ഓക്‌സിജന് പാര്‍ലറുകള്‍ ഉണ്ടാക്കുന്നു. പ്ലാസ്റ്റിക് ഉപയോഗം കൊണ്ട് 2050 ഓടുകൂടി ഏറ്റവും കൂടുതല്‍ ഓക്‌സിജന്‍ ഉല്പാദിപ്പിക്കുന്ന കടല്‍ അശുദ്ധമാകുമെന്ന് ശാസ്ത്രജ്ഞന്മാര്‍ പറയുന്നു. ഇതിനുള്ള പരിഹാരം പ്രകൃതിയെ നശിപ്പിക്കാതെ നമ്മോടൊപ്പം തന്നെ സംരക്ഷിക്കുക എന്നതും നമ്മുടെ കടമയാണ്.
സാമൂഹ്യസമരസത
1974 മെയ് മാസം എട്ടിന് സര്‍സംഘചാലക് പൂജനീയ ദേവറസ്ജി വസന്ത വ്യാഖ്യാനമാല എന്ന പ്രഭാഷണ പരമ്പരയില്‍ അയിത്തം പാപമല്ലെങ്കില്‍ ലോകത്ത് മറ്റൊന്നും പാപമല്ല എന്നും നമ്മുടെ ജീവിതത്തില്‍ ഒരിക്കലും ജാതി ചിന്തകള്‍ക്ക് സ്ഥാനമില്ലെന്നും പുരാണങ്ങളിലോ ഇതിഹാസങ്ങളിലും ഇത്തരം കാര്യങ്ങള്‍ കാണാന്‍ സാധ്യമല്ല എന്നും പറഞ്ഞു. ഭേദഭാവന എന്നത് വിദേശ അടിമത്തത്തിന്റെ സൃഷ്ടിയാണ്. സാമൂഹ്യസമരസത കൈവരിക്കാതെ സംഘലക്ഷ്യം സഫലമാവുകയില്ലെന്ന സംഘത്തിന്റെ പൂജനീയ സര്‍സംഘചാലകന്‍ മോഹന്‍ജി ഭാഗവതിന്റെ വാക്കുകള്‍ നമ്മുടെ പ്രവര്‍ത്തനത്തിന്റെ ദിശയാണ് സൂചിപ്പിക്കുന്നത്. രക്ഷാബന്ധന മഹോത്സവത്തിലൂടെ ജാതി- വര്‍ണ്ണം-ഭാഷ ഭേദം ഇല്ലാത്ത സമാജത്തെ ഉണ്ടാക്കാനാണ് സംഘം പ്രവര്‍ത്തിക്കുന്നത്. രക്ഷാബന്ധന്‍ മഹോത്സവത്തില്‍ നാമെല്ലാവരും ഹിന്ദുക്കളാണെന്ന അനുഭൂതി അറിയിക്കുന്നതിലൂടെ ഹിന്ദു സമാജത്തിലെ സാമൂഹ്യബോധത്തിന്റെ അഭാവം പരിഹരിച്ച് വ്യക്തിനിഷ്ഠരായ ഹിന്ദുക്കളെ കുടുംബാതിര്‍ത്തിക്ക് പുറത്ത് സമാജ നിഷ്ഠ എന്ന വ്രതം ഉണ്ടാക്കി കൂട്ടിച്ചേര്‍ക്കുകയാണ് സംഘം ചെയ്യുന്നത്.
സ്വദേശി
സ്വദേശിയിലൂടെ സ്വത്വബോധം ഉണര്‍ത്തിക്കൊണ്ട് ഭാഷാ, വേഷം, ഭക്ഷണം, ഭജന, യാത്ര എന്നിവയിലൂടെ സ്വദേശത്തോടും ബന്ധം സ്ഥാപിക്കണം. പഞ്ചപ്രാണപരിവര്‍ത്തനത്തിലൂടെ വ്യക്തിപരമായി പൗരധര്‍മ്മം പാലിച്ച് മാതൃക കുടുംബങ്ങള്‍ സൃഷ്ടിച്ച് എല്ലാവരും ഒരേ ഈശ്വരാംശമാണെന്ന ചിന്തയോടുകൂടി ഭാരത മാതാവിന്റെ മക്കളാണ് എന്ന ബോധത്തോടെ സ്വദേശി സംസ്‌കാരത്തിലൂടെ നമ്മളിലുള്ള സ്വത്വബോധത്തെ ഉണര്‍ത്തി പ്രകൃതിയെ സംരക്ഷിച്ച് ലോകത്തിന് മാതൃകയാക്കാന്‍ പറ്റുന്ന ഭാരതത്തെ സൃഷ്ടിക്കാനാണ് സംഘം പ്രവര്‍ത്തിക്കുന്നത്.
ദേശീയ ബോധവും ചിന്തയും കാഴ്ചപ്പാടും ഉള്ള സജ്ജനങ്ങള്‍ ഇന്ന് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംഘ ശതാബ്ദിയുടെ കാലഘട്ടത്തില്‍ അവരുടെ ഐക്യവും സൃഷ്ടിക്കണം. മുഴുവന്‍ സമാജത്തെയും ഒന്നിപ്പിക്കുവാന്‍ നമുക്കുള്ള മാര്‍ഗ്ഗം സാഹോദര്യം ഊട്ടി വളര്‍ത്തുക എന്നതു തന്നെയാണ്. രക്ഷാബന്ധനത്തിലൂടെ അതിനുള്ള വഴി തെളിയുകയും ശതാബ്ദി ആ മാറ്റത്തിന്റെ തുടക്കമാവുകയും ചെയ്യട്ടെ.
1925 ല്‍ ആരംഭിച്ച രാഷ്ട്രീയ സ്വയംസേവക സംഘം 1948ല്‍ നിരോധിക്കപ്പെട്ട സമയത്ത് ഒറ്റയ്ക്കായിരുന്നു. എന്നാല്‍ 1975ലെ അടിയന്തരാവസ്ഥ സമയത്ത് സംഘത്തോടൊപ്പം സമാജം കടന്നു വരികയും 1992ല്‍ സംഘത്തിന്റെ ആദര്‍ശമേറ്റെടുത്ത് സമാജം പ്രവര്‍ത്തിക്കുകയും ചെയ്തു. ഇന്ന് കാണുന്ന പരിവര്‍ത്തനം പൂര്‍ണ്ണമായും നിലനില്‍ക്കണമെങ്കില്‍ ഭാരതജനത ദേശീയതയില്‍ ഊന്നിയ ധര്‍മ്മബോധമുള്ള ഒരു പരിവര്‍ത്തനത്തിന് തയ്യാറാവണം. ശതാബ്ദി വേളയില്‍ വരുന്ന ഈ രക്ഷാബന്ധന്‍ ദിനത്തില്‍ നമുക്ക് അതിനായി പ്രതിജ്ഞയെടുക്കാം.
(ആര്‍.എസ്.എസ്. ഉത്തര കേരളപ്രാന്ത സഹപ്രചാര്‍ പ്രമുഖാണ് ലേഖകന്‍)





















