1907 ആഗസ്റ്റിലാണ് (18 മുതല്‍ 24 വരെ), ഏഴാം അന്തര്‍ദേശീയ സോഷ്യലിസ്റ്റ് സമ്മേളനം നടന്നത്. ജര്‍മനിയിലെ സ്റ്റൂട്ട്ഗാര്‍ട്ടില്‍ (Stuttgart) നടന്ന ഈ സമ്മേളനത്തില്‍, ലെനിന്‍, ബര്‍ണാര്‍ഡ് ഷാ, സ്റ്റാലിന്‍ തുടങ്ങി ലോകമെമ്പാടുമുള്ള, തൊള്ളായിരത്തോളം പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. യൂറോപ്പിലെ സോഷ്യലിസ്റ്റ്, ലേബര്‍ പാര്‍ട്ടികളായിരുന്നു സമ്മേളനത്തിന്റെ സംഘാടകര്‍.
സാമ്രാജ്യത്വം സമ്മേളനത്തിലെ ചര്‍ച്ചാവിഷയങ്ങളില്‍ ഒന്നായിരുന്നു. സാവര്‍ക്കറെ സംബന്ധിച്ചിടത്തോളം, സ്വാതന്ത്ര്യം എന്ന ഭാരതത്തിന്റെ ആവശ്യം ലോകത്തിനു മുന്‍പില്‍ അവതരിപ്പിക്കുവാന്‍ സാധിക്കുന്ന വലിയവേദിയായിരുന്നു, സ്റ്റൂട്ട്ഗാര്‍ട്ടിലെ സോഷ്യലിസ്റ്റ് സമ്മേളനം. അതില്‍ പങ്കെടുക്കുന്നതിലൂടെ, ലോകമെമ്പാടുമുള്ള തൊഴിലാളി വര്‍ഗ പ്രസ്ഥാനങ്ങളുടേയും, സോഷ്യലിസ്റ്റ് പാര്‍ട്ടികളുടേയും പിന്‍തുണ ഭാരതത്തിന്റെ മോചനത്തിനു ലഭിക്കുമെന്ന് അദ്ദേഹം കരുതി.
മാഡം ഭിക്കാജി കാമയും (madam Bhikaji Cama) സര്‍ദാര്‍ സിങ് റാണയും ഭാരതത്തിന്റെ പ്രതിനിധികളായി സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് തീരുമാനിച്ചു. ഭാരതത്തിന്റെ ദേശീയ സമരം ആദ്യമായി ഒരു അന്താരാഷ്ട്രവേദിയില്‍ അവതരിപ്പിക്കുന്നത് മാഡം കാമയാണ്.
കാമ ആദ്യം കോണ്‍ഗ്രസിലെ മിതവാദി ഗ്രൂപ്പിന്റെ ഭാഗമായിരുന്നു. പിന്നീട് ലാലാ ലജ്പത് റായിയുടെ കൂടെ തീവ്ര കോണ്‍ഗ്രസ് അനുഭാവിയായി മാറി. ലണ്ടനില്‍ വച്ച് സാവര്‍ക്കറെ പരിചയപ്പെട്ടതോടെ, സായുധ പോരാട്ടത്തിലൂടെ ഭാരതത്തെ മോചിപ്പിക്കുക എന്ന വിശ്വാസത്തോടെ,’അഭിനവഭാരത്'(സാവര്‍ക്കറുടെ വിപ്ലവസംഘടന) ന്റെ സജീവ പ്രവര്‍ത്തകയായി.’ഇന്ത്യന്‍ വിപ്ലവത്തിന്റെ മാതാവ്’, ‘ഇന്ത്യന്‍ ജോന്‍ ഓഫ് ആര്‍ക്ക്’ (Indian Joan of Arc) എന്നീ പേരുകളില്‍ കാമ പില്‍ക്കാലത്ത് അറിയപ്പെട്ടു.
മാഡം കാമയും, റാണയും സോഷ്യലിസ്റ്റ് സമ്മേളനത്തില്‍, ഭാരതത്തിന്റെ പ്രതിനിധികളായി പങ്കെടുക്കുന്നതു തടയുവാന്‍ ബ്രട്ടീഷ് ലേബര്‍ പാര്‍ട്ടി നേതാവ് ജെയിംസ് റാംസെ മക്‌ഡോണാള്‍ഡ് (James Ramsay macdonald) പരമാവധി ശ്രമിച്ചു. എന്നാല്‍ യൂറോപ്പിലെ മാര്‍ക്‌സിസ്റ്റ് തൊഴിലാളി നേതാക്കള്‍, ഭാരതത്തിന്റെ പ്രതിനിധികള്‍ക്ക് പൂര്‍ണ പിന്‍തുണ നല്‍കി. ബ്രിട്ടണിലെ സോഷ്യല്‍ ഡെമോക്രാറ്റിക്ക് ഫെഡറേഷന്‍ (Social Democratic Federation) പ്രതിനിധി എച്ച്. എം. ഹിന്‍ഡ്മാന്‍ (H.M Hyndman) ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ആവേശകരമായ ഒരഭ്യര്‍ത്ഥന നടത്തി.
എല്ലാ എതിര്‍പ്പുകളേയും മറികടന്ന് മാഡം കാമ, സോഷ്യലിസ്റ്റ് സമ്മേളനത്തില്‍ ചരിത്രം കുറിച്ചു. സ്വതന്ത്രഭാരതത്തിനുവേണ്ടി രൂപകല്‍പ്പന ചെയ്ത പതാകയുമേന്തി, അഭിമാനത്തോടെ, ഇടിമുഴക്കം പോലെ അവര്‍ സംസാരിച്ചു.
‘ഈ പതാക ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റേതാണ്. അവള്‍ ഇതാ ജനിച്ചിരിക്കുന്നു. രക്തസാക്ഷികളായ ഇന്ത്യന്‍ യുവാക്കളുടെ രക്തത്താല്‍ വിശുദ്ധീകരിക്കപ്പെട്ടതാണിത്. മാന്യരെ, ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ ഈ പതാകയെ വന്ദിക്കുവാന്‍ ഞാന്‍ നിങ്ങളോട് ആഹ്വാനം ചെയ്യുന്നു. ഈ പതാകയുടെ പേരില്‍, ലോകമെമ്പാടുമുളള സ്വാതന്ത്ര്യ സ്‌നേഹികളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. മനുഷ്യരാശിയുടെ അഞ്ചിലൊന്നിനെ മോചിപ്പിക്കുവാന്‍ ഈ പതാകയുമായി സഹകരിക്കൂ.’
ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി പ്രതിനിധികള്‍ മാഡം കാമക്കെതിരെ ശക്തമായി പ്രതിഷേധിച്ചു. റാംസെ മക്‌ഡോണാള്‍ഡ് സമ്മേളനവേദിയില്‍ നിന്നും ഇറങ്ങിപോയി.
അതിനുശേഷം, കാമ, ഒരു പ്രമേയം സമ്മേളനത്തില്‍ അവതരിപ്പിച്ചുകൊണ്ട്, ഇപ്രകാരം കൂട്ടിച്ചേര്‍ത്തു.
‘ബ്രിട്ടീഷ് ഭരണത്തിന്റെ തുടര്‍ച്ച, വിനാശകരവും, ഇന്ത്യക്കാരുടെ താല്‍പ്പര്യങ്ങള്‍ക്ക് അങ്ങേയറ്റം ഹാനികരവുമാണ്. മനുഷ്യരാശിയുടെ അഞ്ചിലൊന്നിനെ അടിമത്തത്തില്‍ നിന്നും മോചിപ്പിക്കുവാന്‍, ലോകമെമ്പാടുമുള്ള സ്വാതന്ത്ര്യ സ്‌നേഹികള്‍ സഹകരിക്കണം. ഒരു ജനതയും സ്വേച്ഛാധിപത്യ സര്‍ക്കാരിന് വിധേയരാകരുതെന്നാണ് സോഷ്യലിസ്റ്റ് സാമൂഹിക വ്യവസ്ഥിതി ആവശ്യപ്പെടുന്നത്. അതുകൊണ്ട്, ഇന്ത്യന്‍ ജനതക്ക് സ്വയംഭരണം നല്‍കുവാന്‍ സര്‍ക്കാരിനെ (ബ്രിട്ടീഷ് സര്‍ക്കാരിനെ) പ്രേരിപ്പിക്കുവാന്‍, ഈ സമ്മേളനത്തിലെ സോഷ്യലിസ്റ്റ് അംഗങ്ങളോട് ഞാന്‍ ആവശ്യപ്പെടുന്നു. ഓരോ സോഷ്യലിസ്റ്റ് സമ്മേളനങ്ങളിലും, ഇന്ത്യയുടെ നീതിക്കുവേണ്ട ലക്ഷ്യങ്ങള്‍ ഏറ്റെടുക്കുക.’
ഈ പ്രമേയത്തോടെ മാഡം കാമ സമ്മേളനത്തില്‍ പരക്കെ അഭിനന്ദിക്കപ്പെട്ടു. ഇന്ത്യയുടെ ജോന്‍ ഓഫ് ആര്‍ക്ക് (Joan of Arc) എന്നവര്‍ വാഴ്ത്തപ്പെട്ടു.
സോഷ്യലിസ്റ്റ് സമ്മേളനത്തിലെ വിജയത്തിന് ഏതാനും മാസങ്ങള്‍ക്കുശേഷം, ഭാരതത്തിന്റെ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യത്തിന് പിന്‍തുണ നേടുവാന്‍, മാഡം കാമ അമേരിക്കയിലുടനീളം പര്യടനങ്ങള്‍ നടത്തി. പൂര്‍ണ്ണസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള കാമയുടെ ആഹ്വാനം, ഭാരതത്തിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആഖ്യാനം തന്നെ പെെട്ടന്നുമാറ്റി (1929 ല്‍ മാത്രമാണ്, പൂര്‍ണ്ണ സ്വാതന്ത്ര്യം, കോണ്‍ഗ്രസ് ആവിശ്യപ്പെടുന്നത് എന്നോര്‍ക്കുക). അമേരിക്കന്‍ മാധ്യമങ്ങള്‍ കാമയുമായി വ്യാപകമായി അഭിമുഖം നടത്തി. ബ്രട്ടിഷ് ഭരണം ഭാരതീയര്‍ക്ക് പ്രയോജനകരവും, ആവശ്യവുമാണെന്ന ലോകത്തിന്റെ മുന്‍വിധി മാറ്റിയെടുക്കുവാന്‍, സോഷ്യലിസ്റ്റ് സമ്മേളനവും, കാമയുടെ പര്യടനങ്ങളും വലിയതോതില്‍ സഹായിച്ചു. സോഷ്യലിസ്റ്റ് സമ്മേളനത്തില്‍ മാഡം കാമ ഉയര്‍ത്തിയ പതാക രൂപകല്‍പ്പന ചെയ്തത് സാവര്‍ക്കര്‍ ആയിരുന്നു. ഒരു വിദേശ രാജ്യത്തുയര്‍ത്തിയ ഭാരതത്തിന്റെ ആദ്യ പതാക എന്ന പദവിയും അതിനു ലഭിച്ചു.
സാവര്‍ക്കര്‍ രൂപകല്‍പ്പന ചെയ്തത്, സ്വതന്ത്രഭാരതത്തിനുവേണ്ടി രൂപപ്പെടുത്തിയ ആദ്യകാല പതാകകളില്‍ ഒന്നായിരുന്നു. അതില്‍ തുല്യവീതിയുള്ള മൂന്ന് തിരശ്ചീന വരകളുണ്ടായിരുന്നു. മുകളില്‍ യുവത്വത്തിനെ പ്രതിനിധീകരിക്കുന്ന പച്ച നിറം. മധ്യത്തില്‍, പ്രതാപത്തിന്റെയും വിജയത്തിന്റെയും നിറമായ കുങ്കുമം. താഴെയുള്ള ചുവപ്പുനിറം ശക്തിയെ സൂചിപ്പിക്കുന്നു. നടുവില്‍ ‘വന്ദേമാതരം’ എന്ന് ദേവനാഗരി ലിപിയില്‍, സ്വര്‍ണ്ണ നിറത്തില്‍ എഴുതിയിരുന്നു. മുകള്‍ഭാഗത്ത് തുടര്‍ച്ചയായി എട്ടു നക്ഷത്രങ്ങള്‍ ആലേഖനം ചെയ്തിരുന്നു. താഴെ വലതുഭാഗത്ത് സൂര്യനും, ഇടതുഭാഗത്ത് ചന്ദ്രനും ആലേഖനം ചെയ്തിരുന്നു.
ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാന നാള്‍വരെ യൂറോപ്പ് കേന്ദ്രീകരിച്ച്, ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന സംഘടനകള്‍, ഈ പതാക ഭാരതത്തെ പ്രതിനിധീകരിക്കുവാന്‍ ഉപയോഗിച്ചിരുന്നു. ‘ബെര്‍ലിന്‍ കമ്മറ്റിപതാക'(Berlin Committee Flag) എന്നപേരിലും ഇത് അറിയപ്പെട്ടിരുന്നു.
നമ്മുടെ സ്വാതന്ത്ര്യസമരത്തെ പിന്‍തുണച്ച ധാരാളം യൂറോപ്യന്‍ മഹത് വ്യക്തിത്വങ്ങളുണ്ട്. ഭാരതത്തിനുവേണ്ടി എല്ലാം നല്‍കിയ ഭഗിനി നിവേദിതയെയും, ആനിബസന്റിനെയും, സി.എഫ്.ആന്‍ഡ്രൂസിനെയും പോലെയുള്ളവരെ നമുക്കറിയാം. എന്നാല്‍ നമ്മുടെ വിപ്ലവകാരികളെ യൂറോപ്പില്‍ പിന്‍തുണച്ച ഗൈ ആല്‍ഡ്രഡ് (Guy Aldred) നെയും, ഡേവിഡ് ഗാര്‍നെറ്റ്(David Garnet) നെയും പോലെയുള്ളവരുടെ സംഭാവനകള്‍, ഇന്നും അജ്ഞാതമായി തുടരുന്നു. അവരില്‍ പലരും നമ്മുടെ ദേശീയ സമരങ്ങളെ പിന്‍തുണച്ചതിന്റെ പേരില്‍ തടവിലാക്കപ്പെട്ടവരുമാണ്. ആ മഹാത്മാക്കളെയും പുതിയ തലമുറക്കു പരിചയപ്പെടുത്തേണ്ട ഉത്തരവാദിത്ത്വം നമ്മളില്‍ നിക്ഷിപ്തമാണ്.





















