ഇസ്രായേല്‍ ഒരു മഹാഗാഥ
യദു വിജയകൃഷ്ണന്‍
ക്വാണ്ടിക് ബുക്‌സ്
പേജ്: 120 വില: 350 രൂപ
ഫോണ്‍: 8289816366
യദു വിജയകൃഷ്ണന്റ ‘ഇസ്രായേല്‍ ഒരു മഹാഗാഥ’ എന്ന കൃതിയില്‍ ആ രാജ്യത്തിന്റെ സമ്പൂര്‍ണ്ണമായ ചരിത്രം പ്രതിപാദിച്ചിരിക്കുന്നു. ഈ പുസ്തകത്തിന്റെ തുടക്കത്തില്‍ തന്നെ, ഒരു മുന്നറിയിപ്പുണ്ട്. ‘വിശ്വാസം വേറെ ചരിത്രം വേറെ’ ഈ ചിന്തയോടെ കൃതിയെ സമീപിക്കുക എന്നതാണത്.
ഒരു ചരിത്രകാരന് മതവിശ്വാസങ്ങള്‍ മനസ്സില്‍ സൂക്ഷിക്കാനേ കഴിയുകയുള്ളൂ. പുരാവസ്തു ഗവേഷണങ്ങളുടെ കണ്ടുപിടിത്തങ്ങളും ചരിത്ര കൃതികളും സ്മാരകങ്ങളും ഭൗതിക സാക്ഷ്യങ്ങളും മാത്രമാണ് ചരിത്രകാരന് ആശ്രയിക്കാനുള്ളത്. അവിടെ അവന്റെ വിശുദ്ധഗ്രന്ഥങ്ങളില്‍ പഠിപ്പിച്ച കഥകള്‍ക്കു പ്രസക്തിയില്ല. എന്നാല്‍ മതഗ്രന്ഥങ്ങളെ പൂര്‍ണ്ണമായി തള്ളിക്കളയാനുമാകില്ല. വിശ്വാസങ്ങളെ ഒരുവശത്തേക്ക് മാറ്റിവെച്ച് ചരിത്രത്തെ യുക്തിയോടെ പരിശോധിച്ചു മിത്തിനെയും യാഥാര്‍ത്ഥ്യത്തെയും വേര്‍തിരിക്കുകയാണ് ഒരു ചരിത്രകാരന്റെ ദൗത്യം. ഈ പുസ്തകത്തിന്റെ രചനയ്ക്കും സ്വാഭാവികമായും ടോറ, ബൈബിള്‍ തുടങ്ങിയ മതഗ്രന്ഥങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. പക്ഷേ അത് ആത്മീയമായ അടിസ്ഥാനത്തില്‍ അല്ല എന്നു ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നുണ്ട്.
ഇസ്രായേലിലെ പ്രധാന നഗരമായ ജെറുസലേം മൂന്നു പ്രധാന മതങ്ങളുടെ പുണ്യഭൂമിയാണ്. ജൂതമതക്കാരുടെയും ക്രിസ്തുമതക്കാരുടെയും ഇസ്ലാം മതക്കാരുടെയും പള്ളികളും മറ്റു പുണ്യ സ്ഥലങ്ങളും ഇവിടെ കാണാം. ഈ മതങ്ങളുടെ വിശുദ്ധ ഗ്രന്ഥങ്ങളിലും ഇസ്രായേല്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ ഇസ്രായേലിനെ കുറിച്ച് പഠിക്കുമ്പോള്‍ ഈ മതഗ്രന്ഥങ്ങളും കൂടി അറിഞ്ഞിരിക്കണം.
ഇസ്രായേലിന്റെ നാലാമത്തെ പ്രധാനമന്ത്രിയായിരുന്ന ഗോള്‍ഡമെയര്‍ ഒരിക്കല്‍ പറഞ്ഞത് ഇങ്ങനെയാണ്: ‘മോസസ് ഞങ്ങളെ നാല്പതു വര്‍ഷം മരുഭൂമിയിലൂടെ നടത്തിച്ചിട്ട് അവസാനം കൊണ്ടെത്തിച്ചത് ഈ പശ്ചിമേഷ്യയില്‍ ഒരു തുള്ളി എണ്ണ ഇല്ലാത്ത സ്ഥലത്താണ്.’ ഈ വാക്കുകള്‍ അക്ഷരംപ്രതി ശരിയുമാണ്. മരുഭൂമി പ്രദേശമായ ഇസ്രായേലില്‍ ഇരുപതു ശതമാനം സ്ഥലം മാത്രമാണ് കൃഷിക്കനുയോജ്യമായിട്ടുള്ളത്.
അത്തരത്തില്‍ സമ്പത്തുകള്‍ ഇല്ലാത്ത ഈ ഇസ്രായേല്‍ പ്രദേശത്തിന് വേണ്ടിയാണ് ചരിത്രത്തില്‍ നിരവധി യുദ്ധങ്ങള്‍ നടന്നിട്ടുള്ളത്. ജെറുസലേം 52 തവണ ആക്രമിക്കപ്പെട്ട നഗരമാണ്. എന്തുകൊണ്ടായിരിക്കും എല്ലാവരും ഇവിടം കയ്യടക്കാന്‍ ശ്രമിക്കുന്നത് ? മൂന്നു വലിയ ഭൂഖണ്ഡങ്ങളുടെ നടുക്ക് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഇസ്രായേല്‍.
ആറായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് തുടങ്ങി 2024 വരെയുള്ള ഇസ്രായേലിന്റെ ചരിത്രം പൂര്‍ണ്ണമായി ഈ കൃതിയിലുണ്ട്.
തികഞ്ഞ നിഷ്പക്ഷതയോടെ ഒരു ജനതയുടെ പ്രതിരോധത്തിന്റെയും പലായനത്തിന്റെയും അതിജീവനത്തിന്റെയും കഥ വിവരിക്കാനുള്ള ഗ്രന്ഥകാരന്റെ ശ്രമം അഭിനന്ദനീയം തന്നെ.
ഗാന്ധി
കെ.കെ പല്ലശ്ശന
പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ്
പേജ്:56 വില: 100 രൂപ
ഫോണ്‍: 8089121834
ഗാന്ധി എന്ന ‘നേരിന്’ ചുറ്റും ഇന്ന് ഇരുട്ടുമുടിയിരിക്കുന്നു എന്ന വര്‍ത്തമാനകാല സന്ദേശം വായനക്കാരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയാണ് കെ.കെ. പല്ലശ്ശന ‘ഗാന്ധി’ എന്ന കഥാസമാഹാരത്തിലൂടെ. ഓരോ ഗാന്ധിക്കഥയും വേഗത്തില്‍ വായിച്ചു തീര്‍ക്കാന്‍ കഴിയുന്നവയാണ്. അതുപോലെ ഓരോ കഥയുടെ വായനയിലും ഓര്‍ത്ത് ചിന്തിക്കാന്‍ കഴിയുന്ന കഥാംശം ബാക്കി വച്ചാണ് അവസാനിക്കുന്നത് എന്നതും എടുത്തു പറയേണ്ടതു തന്നെയാണ്. കൊച്ചുകുട്ടികള്‍ക്ക് പോലും ഒറ്റ വായനയില്‍ തന്നെ ആത്മാംശം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തിലാണ് കഥയുടെ സംഘാടനം.
സാമൂഹ്യ വിമര്‍ശനവും ആക്ഷേപഹാസ്യവുമെല്ലാം സമര്‍ത്ഥമായി കടന്നുവരുന്ന ഈ സമാഹാരത്തിലെ പതിനഞ്ചുകഥകളും പുതിയ തലമുറയ്ക്ക് വലിയൊരു വായനാനുഭവമാകുമെന്നതില്‍ സംശയമില്ല. അവതരണത്തിലും പ്രമേയ സ്വീകരണത്തിലും പുലര്‍ത്തുന്ന ശില്പവൈദഗ്ദ്ധ്യം എടുത്തു പറയേണ്ടതാണ്. ചെറിയ കഥകളിലൂടെ വലിയ അനുഭവലോകം പകരുന്ന രീതി ഈ സമാഹാരത്തില്‍ ഉടനീളം കാണാം. ഗാന്ധിയെ അനുസരിക്കാനോ ആദരിക്കാനോ തയ്യാറാവാതിരിക്കുകയും ആ രൂപത്തെ ബിംബവത്കരിച്ച് സ്വകാര്യ നേട്ടം കൊയ്യുകയും ചെയ്തവരെ നിശിതമായി വിമര്‍ശിക്കുന്നതുമാണ് ഇതിലെ കഥകള്‍.
ആസുരതകള്‍ക്കു നടുവില്‍ നിന്നു കൊണ്ട് ശാന്തിയുടെ പച്ചത്തുരുത്തിനൈ സ്വപ്‌നം കാണുന്ന ഒരെഴുത്തുകാരന്റെ ഗാന്ധി നിനവുകള്‍ക്കപ്പുറം പുതിയ തലമുറയ്ക്ക് ഗാന്ധി എന്താണെന്ന വലിയ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ സമാഹാരം.


വിവേകപീഠം വിശേഷാൽ പതിപ്പ് (PDF eBook)



















