1999ല്‍ നടന്ന കാര്‍ഗില്‍ യുദ്ധത്തിലൂടെയാണ് ഭാരതത്തിന്റെ സൈനിക ആത്മവിശ്വാസം ആധുനികതയുടെ പുതിയ പടവുകളിലേക്ക് കടന്നത്. പാകിസ്ഥാന്റെ അതിക്രമത്തിനെതിരെ നടത്തപ്പെട്ട ‘ഓപ്പറേഷന്‍ വിജയി’ ന്റെ വിജയത്തിളക്കം ഇന്നും ദേശസ്‌നേഹത്തിന്റെ സൂര്യപ്രകാശമായി ഭാരതത്തെ തഴുകുന്നു. 2025ല്‍ നടന്ന ‘ഓപ്പറേഷന്‍ സിന്ദൂര്‍’ വരെ ഈ 25 വര്‍ഷങ്ങള്‍ ഭാരതത്തിന്റെ സൈനിക സംവിധാനത്തിന്റെ വളര്‍ച്ചയും തന്ത്രശാസ്ത്രപരമായ കാഠിന്യവും ആഗോള ഭീകരതയ്‌ക്കെതിരെയുള്ള ഉത്തരവാദിത്തപരമായ നിലപാടുകളും തെളിയിക്കുന്നു.
1999 മെയ് മാസത്തിലാണ് കാര്‍ഗില്‍ മേഖലയില്‍ പാകിസ്ഥാന്‍ അതിക്രമിച്ച് കടന്നത്. ഡ്രാസ്, ടോലോലിങ്ങ്, ബറ്റാലിക് തുടങ്ങിയ ഉയര്‍ന്ന പര്‍വതപ്രദേശങ്ങളില്‍ റെഗുലര്‍ സൈന്യത്തെ മുജാഹിദീനായി മറച്ചുവച്ച് അതിക്രമം നടത്തി. അതിന് ഭാരതം നല്‍കിയ ഉത്തരം എന്ന നിലയിലായിരുന്നു ഓപ്പറേഷന്‍ വിജയ്.
പര്‍വ്വതങ്ങളുടെ ക്ലേശവും ചുരുങ്ങിയ ഓക്‌സിജന്‍, കടുത്ത തണുപ്പ്, അപരിചിതമായ ഭൂഭാഗം എന്നിവയെ അതിജീവിച്ചാണ് ഭാരതസൈന്യം ഈ വികാരപരമായ വിജയത്തിലേക്ക് എത്തിയത്. ക്യാപ്റ്റന്‍ വിക്രം ബത്ര, ക്യാപ്റ്റന്‍ മനോജ് കുമാര്‍ പാണ്ഡെ, ഗ്രനേഡിയര്‍ യോഗേന്ദ്ര സിംഗ് യാദവ് തുടങ്ങിയ ധീരന്മാരുടെ ത്യാഗം ഈ വിജയത്തിന് ഉരുക്കായിരുന്നു.
ജൂലായ് 26 കാര്‍ഗില്‍ വിജയ് ദിനമായി ആചരിക്കാന്‍ തുടങ്ങിയത് ഭാരതത്തിന്റെ വീരത്വത്തെയും സാംസ്‌കാരിക ഉത്തരവാദിത്തത്തെയും ഒറ്റയായി കാണാനാവില്ലെന്ന ബോധ്യത്തിന്റെ ഭാഗമാണ്.
ഓപ്പറേഷന്‍ സിന്ദൂര്‍ ഉത്തരവാദിത്തപരമായ ശക്തിയുടെ പ്രതീകമാണ്. 2025 ഏപ്രില്‍ 22ന് ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ക്രൂര ഭീകരാക്രമണത്തില്‍ നിരപരാധികളായ 26 പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. മതാധിഷ്ഠിതമായ വംശഹത്യയായ ഈ ആക്രമണത്തിന് മറുപടിയായി ഭാരതം മെയ് 7/8ന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ നിയന്ത്രിതതലത്തിലുള്ള തന്ത്രപരമായ സൈനിക നടപടികള്‍ സ്വീകരിച്ചു.
ഭീകരരുടെ പരിശീലന കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടത്. സൈനിക കേന്ദ്രങ്ങളോ പൊതുസൗകര്യങ്ങളോ ലക്ഷ്യമാക്കിയില്ല. ഭാരതത്തിന്റെ ലക്ഷ്യം പ്രതികാരമല്ല, മറിച്ച് നീതിയുടെയും സംയമനത്തിന്റെയും പ്രതീകം ആയിരുന്നു ഈ ദൗത്യം. പാകിസ്ഥാന്റെ പ്രതികരണമെന്നു പേരിട്ട് അവര്‍ നടത്തിയ ഡ്രോണ്‍മിസൈല്‍ ആക്രമണങ്ങള്‍ ഭാരതത്തിന്റെ ഇന്റഗ്രേറ്റഡ് ഡിഫന്‍സ് ഗ്രിഡ് തടഞ്ഞു. പിന്‍വാതില്‍ നീക്കങ്ങളല്ല, മറിച്ച് തുറന്നുനിന്ന് ഉത്തരവാദിത്തപരമായ പ്രതിരോധം ഭാരതം പ്രത്യക്ഷപ്പെടുത്തുകയായിരുന്നു.
ഓപ്പറേഷന്‍ വിജയ് മുതല്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വരെയുള്ള ഈ ദശാബ്ദങ്ങളില്‍ ഭാരതം പ്രതിരോധമേഖലയില്‍ നടത്തിയ പുരോഗതികള്‍ വളരെയധികം ശ്രദ്ധേയമാണ്. ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പ്രതിരോധപദ്ധതികള്‍ വഴി ഭീമന്‍ ടാങ്കുകളും, ഫൈറ്റര്‍ ജെറ്റുകളും, ഡ്രോണുകളും, മിസൈലുകളും രാജ്യത്ത് നിര്‍മ്മിക്കുന്നു. തേജസ്, അഗ്‌നി, പ്രളയ തുടങ്ങിയ പദ്ധതികള്‍ ഭാരതത്തിന്റെ സാങ്കേതിക ശക്തിയെ സുവ്യക്തമാക്കുന്നു. ബഹിരാകാശ പ്രതിരോധ പദ്ധതികള്‍, ആന്റിസാറ്റ്‌ലൈറ്റ് മിസൈല്‍ സംവിധാനങ്ങള്‍, സാറ്റ്‌ലൈറ്റ് നിരീക്ഷണ സംവിധാനങ്ങള്‍ എന്നിവ ഭാരതത്തെ പുതിയ തലത്തിലേക്ക് നയിച്ചു. അഗ്നിപഥ് പദ്ധതി പോലുള്ള മാര്‍ഗങ്ങളിലൂടെ യുവജനങ്ങളെ പ്രതിരോധ മേഖലയിലേയ്ക്ക് ആകര്‍ഷിക്കുന്നു.
ഭാരതം എപ്പോഴും ലോകത്തിലെ ഏറ്റവും വലിയ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നായിരുന്നു. സുരക്ഷയും പരിരക്ഷയും ഉറപ്പാക്കുന്നതിനുള്ള ആധുനിക സൈനിക സംവിധാനങ്ങള്‍ കൃത്യമായി ലഭ്യമാക്കുക എന്നതായിരുന്നു ഇങ്ങനെ വലിയ തോതിലുള്ള ഇറക്കുമതിക്ക് പിന്നിലുള്ള പ്രധാന കാരണം. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഭാരതം ഒരു വലിയ പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിച്ചു ഇറക്കുമതി ആശ്രിതത്വത്തില്‍ നിന്നു നിലപാട് മാറ്റി, ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിലേക്കാണ് ഭാരതം കുതിച്ചുയരുന്നത്.
അടുത്തിടെ ഭാരതം നിരവധി രാജ്യങ്ങളിലേക്കായി ആയുധങ്ങള്‍ കയറ്റുമതി ചെയ്തു. വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍, മധ്യേഷ്യന്‍ രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളിലേക്ക് റഡാര്‍ സംവിധാനങ്ങള്‍, സ്മാള്‍ ആംസ്, പട്രോള്‍ ബോട്ടുകള്‍ തുടങ്ങിയവ കയറ്റുമതി ചെയ്തു. ഭാരതത്തിന്റെ ആയുധമേഖലയിലെ ഈ മാറ്റം സാങ്കേതികത, നയപരമായ ദൗത്യബോധം, തദ്ദേശീയ സംരംഭങ്ങള്‍ എന്നിവയുടെ വിജയകരമായ സംയോജനഫലമാണ്. ഒരുകാലത്ത് ആയുധങ്ങള്‍ക്കായി വിദേശ ആശ്രിതത്വം അനുഭവിച്ചിരുന്ന ഭാരതം ഇന്ന് സ്വയം വികസിപ്പിച്ച ആയുധങ്ങള്‍ ആഗോള വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്ന സ്ഥാനത്തെത്തിയത് ദേശീയ അഭിമാനത്തിന്റെയും പ്രതിരോധ സ്വയംപര്യാപ്തതയുടെയും പുതിയ അധ്യായമാണ്.
സമുദ്രസേന, വ്യോമസേന, കരസേന ഈ ത്രിമുഖശക്തികള്‍ സംയുക്തമായി പ്രവര്‍ത്തിക്കുന്നു. ഭാരതത്തിന്റെ സൈനിക പ്രവര്‍ത്തനങ്ങള്‍ ഇനി ധീരതയുടെ പ്രകടനം മാത്രമല്ല, സാംസ്‌കാരിക മൂല്യങ്ങളുടെ പ്രതീകവുമാണ്. കാര്‍ഗില്‍ വിജയം രക്തസാക്ഷിത്വത്തിന്റെ ജ്വലനമായിരുന്നെങ്കില്‍, ‘സിന്ദൂര്‍’ നീതിയുടെ പ്രകാശമായി മാറി.
‘സിന്ദൂര്‍’ എന്നത് ഭാരതീയ സ്ത്രീയുടെ മൗന പ്രതിജ്ഞയെ പ്രതിനിധീകരിക്കുന്നതുപോലെ, ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ദേശീയ സുരക്ഷയുടെ ആത്മപ്രതിജ്ഞയാണ്. സുഖത്തിനും സമാധാനത്തിനും അതിജീവനത്തിനും അഭിമാനത്തിനും വേണ്ടി ഉയര്‍ത്തിയ പതാക.
ഓപ്പറേഷന്‍ വിജയ് മുതല്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വരെയുള്ള യാത്ര, ഭാരതത്തിന്റെ സൈനിക, സാംസ്‌കാരിക, തന്ത്രശാസ്ത്രപരമായ ശക്തിയുടെ വളര്‍ച്ചയുടെ ഗാഥയാണ്. ധൈര്യവും വിവേകവും സംയമനവും മൂല്യങ്ങളുമായുള്ള ഭാരതം ഭീകരതയ്ക്കും അതിക്രമത്തിനും എങ്ങനെ പ്രതികരിക്കണം എന്നതിന്റെ മാതൃകയാണ് ഈ ചരിത്രം. ഓരോ ഭാരതീയപൗരനും ഈ ധീരതയുടെ ഭാഗമാകുമ്പോള്‍, നമുക്ക് ഉറപ്പുണ്ട്, സത്യവും ധര്‍മവും പുലരുമ്പോള്‍, വിജയം ഭാരതത്തിനൊപ്പമാണ്.
രാജ്യത്തിനായി ജീവത്യാഗം വരിച്ച ധീര സൈനികരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണമിക്കുന്നു.
(അഖില ഭാരത പൂര്‍വ സൈനിക സേവാ പരിഷത്ത് സംസ്ഥാന സംഘടനാ സെക്രട്ടറിയാണ് ലേഖകന്‍)





















