ലോകമെമ്പാടും യുദ്ധത്തിന്റെ കാഹളം മുഴങ്ങുകയാണ്. പക്ഷേ, ഇന്ന് ആ ശബ്ദത്തിന് പഴയ ഗാംഭീര്യമല്ല, പുതിയൊരു ചടുലതയാണ്; പുതിയ കാലത്തിന്റെ തുടക്കം കുറിക്കുന്ന ചടുല താളം. പീരങ്കികളുടെ ഗര്‍ജ്ജനത്തിനും വെടിയുണ്ടകളുടെ സീല്‍ക്കാരത്തിനുമൊപ്പം ഡ്രോണുകളുടെ നിശ്ശബ്ദമായ മൂളലും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (AI) ബുദ്ധിവൈഭവവും, സൈബര്‍ ആക്രമണങ്ങളുടെ സൂക്ഷ്മതയും ഇന്ന് യുദ്ധരംഗത്ത് പുതിയൊരു സിംഫണി തീര്‍ക്കുന്നു.
യുദ്ധതന്ത്രങ്ങളിലുണ്ടായ ഈ വിപ്ലവകരമായ മാറ്റം കേവലം യുദ്ധരീതികളെ മാത്രമല്ല മാറ്റിമറിക്കുന്നത്; അത് ലോകശക്തി സമവാക്യങ്ങളെ പുനര്‍നിര്‍വ്വചിക്കുകയും സാമ്പത്തിക വളര്‍ച്ചയ്ക്ക് പുതിയ വാതായനങ്ങള്‍ തുറക്കുകയും ചെയ്യുന്നു. ഈ യുദ്ധങ്ങള്‍ അതിരുകള്‍ സംരക്ഷിക്കാന്‍ മാത്രമല്ല ലോകത്തിലെ പ്രബല സാമ്പത്തിക-സൈനിക ശക്തിയായി ഉയര്‍ന്നുവരാനുള്ള ആഗോള ശക്തികളുടെ നയതന്ത്രംകൂടിയാണ്.
പൗരാണികമായ സൈനിക പാരമ്പര്യവും വളര്‍ന്നുവരുന്ന സാങ്കേതിക വൈദഗ്ദ്ധ്യവുമുള്ള ഭാരതത്തെപ്പോലൊരു രാജ്യത്തിന് ആധുനിക ലോകത്ത് അധികാരത്തിന്റെ പുതിയ കേന്ദ്രമായി മാറാന്‍ കഴിയുന്ന ചരിത്രപരമായൊരവസരംകൂടിയാവും ഒരുപക്ഷേ ഈ യുദ്ധങ്ങള്‍.
ചരിത്രത്തിന്റെ സാക്ഷ്യം രണ്ടാം ലോകമഹായുദ്ധത്തിന്റെ മാറ്റൊലികള്‍
ഭാവിയെ മനസ്സിലാക്കാന്‍ ഭൂതകാലത്തിലേക്ക് നോക്കണമെന്നു പറയാറുണ്ട്. സാങ്കേതിക മേല്‍ക്കോയ്മ എങ്ങനെ രാജ്യങ്ങളുടെ തലവിധി നിര്‍ണ്ണയിച്ചു എന്നതിന് ചരിത്രത്തില്‍ ഉദാഹരണങ്ങള്‍ ഏറെയുണ്ട്. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് രണ്ടാം ലോകമഹായുദ്ധം. നാസി ജര്‍മ്മനി ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച ‘ബ്ലിറ്റ്‌സ്‌ക്രീഗ്’ (Blitzkrieg) അഥവാ ‘മിന്നലാക്രമണം’ ഒരു സാധാരണ യുദ്ധതന്ത്രമായിരുന്നില്ല. അത് അത്യാധുനിക സാങ്കേതികവിദ്യയുടെയും വിപ്ലവകരമായ യുദ്ധസിദ്ധാന്തത്തിന്റെയും സമന്വയമായിരുന്നു. ‘പാന്‍സര്‍ കഢ’ ടാങ്കുകളും, ‘സ്റ്റൂക്ക’ വിമാനങ്ങളുടെ ഭീകരമായ സൈറണ്‍ ശബ്ദവും, നൂതന റേഡിയോ ആശയവിനിമയ സംവിധാനങ്ങളും ചേര്‍ന്ന് ശത്രുനിരകളെ ഭേദിച്ച്, വെറും ആറാഴ്ചകൊണ്ട് ഫ്രാന്‍സിനെപ്പോലൊരു വന്‍ശക്തിയെ മുട്ടുകുത്തിച്ചത് ലോകം ഭീതിയോടെയാണ് നോക്കിക്കണ്ടത്.
എന്നാല്‍, സാങ്കേതികവിദ്യ തന്നെയായിരുന്നു നാസി ജര്‍മ്മനിയുടെ പതനത്തിനും കാരണമായത്. ഇംഗ്ലീഷ് ചാനലിനക്കരെ, ബ്രിട്ടന്റെ ‘ചെയിന്‍ ഹോം’ (Chain Home ) റഡാര്‍ ശൃംഖല 100 മൈലുകള്‍ക്കപ്പുറത്തുനിന്നുള്ള ജര്‍മ്മന്‍ വിമാനങ്ങളെ തിരിച്ചറിഞ്ഞു. ഈ മുന്നറിയിപ്പ്, എണ്ണത്തില്‍ കുറവായിരുന്ന ബ്രിട്ടീഷ് സ്പിറ്റ്ഫയര്‍, ഹരിക്കെയ്ന്‍ വിമാനങ്ങള്‍ക്ക് ശരിയായ സ്ഥലത്തും സമയത്തും എത്താന്‍ സഹായകമായി. അതോടെ, ബാറ്റില്‍ ഓഫ് ബ്രിട്ടന്‍ എന്ന ചരിത്രയുദ്ധം ബ്രിട്ടന് അനുകൂലമായി.
അതേസമയം, ബ്ലെച്ച്‌ലി പാര്‍ക്കിലെ (Bletchley Park) ശാന്തമായ ഒരു മുറിയിലിരുന്ന് അലന്‍ ട്യൂറിംഗിനെപ്പോലുള്ള ഒരുപറ്റം ഗണിതശാസ്ത്രജ്ഞര്‍ നിശ്ശബ്ദമായ മറ്റൊരു യുദ്ധം നയിക്കുകയായിരുന്നു. ജര്‍മ്മനിയുടെ ‘എനിഗ്മ’ (Enigma) എന്ന രഹസ്യ കോഡിംഗ് യന്ത്രത്തെ അവര്‍ വെല്ലുവിളിച്ചു. കോടിക്കണക്കിന് കോമ്പിനേഷനുകളുള്ള എനിഗ്മയെ തകര്‍ക്കുക അസാധ്യമെന്നായിരുന്നു വിശ്വാസം. എന്നാല്‍ ‘ബോംബ്’ (Bombe) എന്ന ഇലക്ട്രോ-മെക്കാനിക്കല്‍ കമ്പ്യൂട്ടര്‍ നിര്‍മ്മിച്ച് ട്യൂറിംഗും സംഘവും ആ രഹസ്യകോഡുകള്‍ തകര്‍ത്തു. ഇത് സഖ്യകക്ഷികള്‍ക്ക് ജര്‍മ്മന്‍ അന്തര്‍വാഹിനികളെ കണ്ടെത്താനും അറ്റ്‌ലാന്റിക് സമുദ്രത്തിലെ വിതരണ ശൃംഖല സുരക്ഷിതമാക്കാനും സഹായകമായി. ഈയൊരു രഹസ്യം ചോര്‍ത്തല്‍ മാത്രം യുദ്ധത്തിന്റെ ദൈര്‍ഘ്യം രണ്ട് വര്‍ഷം കുറച്ചുവെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. ഒടുവില്‍, ആറ്റംബോംബ് എന്ന സാങ്കേതികവിദ്യയുടെ അന്തിമരൂപം യുദ്ധം അവസാനിപ്പിക്കുകയും അമേരിക്കയെയും സോവിയറ്റ് യൂണിയനെയും പുതിയ ലോകശക്തികളായി ഉയര്‍ത്തുകയും ചെയ്തു. ചരിത്രപാഠം വ്യക്തമാണ്: സാങ്കേതികവിദ്യയില്‍ മുന്നേറുന്ന രാജ്യങ്ങള്‍ ലോകത്തെ നയിക്കുന്നു.
പുതിയ പോര്‍ക്കളം: റഷ്യ-യുക്രെയ്ന്‍ യുദ്ധം നല്‍കുന്ന പാഠങ്ങള്‍
ഇന്ന് സമാനമായൊരു മാറ്റം നമ്മള്‍ കാണുന്നത് യുക്രെയ്‌നിലെ വിശാലമായ സമതലങ്ങളിലാണ്. ആധുനിക യുദ്ധതന്ത്രങ്ങളുടെ ഒരു പരീക്ഷണശാലയായി ഈ സംഘര്‍ഷം മാറിയിരിക്കുന്നു. റഷ്യയെപ്പോലൊരു സൈനിക ഭീമനെ, ചെറുതും സാങ്കേതികമായി കഴിവുറ്റതുമായ യുക്രെയ്ന്‍ പിടിച്ചുനിര്‍ത്തുന്നത് ലോകം അത്ഭുതത്തോടെ കാണുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ കീവ് പിടിക്കാനിറങ്ങിയ റഷ്യന്‍ ടാങ്ക് പടയെ തടഞ്ഞുനിര്‍ത്തിയത് തുല്യമായ സൈനിക ശേഷികൊണ്ടല്ല, മറിച്ച് സ്മാര്‍ട്ട് സാങ്കേതികവിദ്യകള്‍കൊണ്ടാണ്. അമേരിക്കയുടെ ‘ജാവലിന്‍’ (Javelin), ബ്രിട്ടന്റെ ‘NLAW’ തുടങ്ങിയ ടാങ്ക് വേധ മിസൈലുകള്‍ സാധാരണക്കാരായ യുക്രേനിയന്‍ സൈനികരെ അതിശക്തരായ ടാങ്ക് വേട്ടക്കാരാക്കി മാറ്റി.
അതേസമയം, ആകാശം ഭരിക്കുന്നത് പുതിയതരം ശക്തികളാണ് – ആളില്ലാ വിമാനങ്ങള്‍ അഥവാ ഡ്രോണുകള്‍. തുര്‍ക്കി നിര്‍മ്മിത ‘ബെയ്രക്തര്‍ ടിബി2’ (B-ayraktar TB2) ഡ്രോണുകള്‍ റഷ്യന്‍ സൈനിക വ്യൂഹങ്ങള്‍ക്ക് കനത്ത നാശം വിതച്ചപ്പോള്‍, സാധാരണ കച്ചവടാവശ്യത്തിനുള്ള ‘ഡിജെഐ’ (DJI) ഡ്രോണുകള്‍ ഗ്രനേഡുകള്‍ വര്‍ഷിക്കാന്‍ ഉപയോഗിച്ചു. അമേരിക്കയുടെ’സ്വിച്ച്‌ബ്ലേഡ്’ (Switchblade) പോലുള്ള കാമികേസ് അല്ലെങ്കില്‍ ആത്മഹത്യാ ഡ്രോണുകള്‍ ലക്ഷ്യസ്ഥാനങ്ങളില്‍ സ്വയം പതിച്ച് സ്‌ഫോടനങ്ങള്‍ നടത്തി. ജൂണ്‍ മാസം ആദ്യം ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് യുക്രെയിനിന്റെ SBU ഡ്രോണുകള്‍ റഷ്യന്‍ അതിര്‍ത്തികടന്ന് നാല്പതോളം യുദ്ധവിമാനങ്ങളെ ചാരമാക്കിയത്. ഇതിനൊക്കെ മറുപടിയായി റഷ്യ, ഇറാന്‍ നിര്‍മ്മിത ‘ഷഹീദ്-136′(Shahed136) ഡ്രോണുകള്‍ ഉപയോഗിച്ച് യുക്രേനിയന്‍ നഗരങ്ങളെ ആക്രമിച്ചു. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ലക്ഷ്യം മാറ്റാന്‍ കഴിവുള്ള എഐ ഘടിപ്പിച്ച ഷഹീദ് ഡ്രോണുകള്‍ വരെ രംഗത്തിറങ്ങിയിട്ടുണ്ട്. ഇരുപക്ഷവും ജിപിഎസ് സിഗ്‌നലുകള്‍ ജാം ചെയ്തും, ഡ്രോണ്‍ ദൃശ്യങ്ങള്‍ ഹാക്ക് ചെയ്തും, ‘പലന്തിര്‍'(Palantir) പോലുള്ള എഐ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് അതിവേഗം ശത്രുനീക്കങ്ങള്‍ മനസ്സിലാക്കിയും ഒരു ഇലക്ട്രോണിക് യുദ്ധത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്.

നിഴല്‍യുദ്ധത്തിന്റെ നേര്‍ക്കാഴ്ച: ഇസ്രായേല്‍- ഇറാന്‍ സംഘര്‍ഷത്തിലെ സാങ്കേതികവിദ്യ
അസന്തുലിതമായ യുദ്ധതന്ത്രങ്ങളില്‍ യുക്രെയ്ന്‍ ഒരു മാതൃകയാണെങ്കില്‍, ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം ആധുനിക യുദ്ധത്തിന്റെ മറ്റൊരു മുഖം നമുക്ക് കാണിച്ചുതരുന്നു: സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ‘നിഴല്‍യുദ്ധം’. വര്‍ഷങ്ങളായി ഈ പോരാട്ടം പ്രോക്‌സി ഗ്രൂപ്പുകളിലൂടെയും സൈബര്‍ ആക്രമണങ്ങളിലൂടെയുമാണ് നടന്നിരുന്നത്. എന്നാല്‍ സമീപകാലത്തെ ആക്രമണങ്ങള്‍ ഈ നിഴല്‍യുദ്ധത്തിന്റെ യഥാര്‍ത്ഥ ചിത്രം ലോകത്തിന് മുന്നില്‍ തുറന്നുകാട്ടി.
സൂക്ഷ്മമായ ആക്രമണവും ശക്തമായ പ്രതിരോധവും തമ്മിലുള്ള ഒരു പോരാട്ടമാണിത്. അടുത്തകാലത്ത് ഇറാന്‍, ഇസ്രായേലിന് നേരെ 100-ല്‍ അധികം ബാലിസ്റ്റിക് മിസൈലുകളും നൂറുകണക്കിന് ഡ്രോണുകളും ഉപയോഗിച്ച് നേരിട്ടുള്ള ആക്രമണം നടത്തി. തടയാന്‍ പ്രയാസമുള്ള ‘ഖൈബര്‍ ഷെക്കാന്‍’ പോലുള്ള മിസൈലുകളും, ‘ഫത്താഹ്’ എന്ന ഹൈപ്പര്‍സോണിക് മിസൈലും തങ്ങളുടെ ആയുധപ്പുരയിലുണ്ടെന്ന് ഇറാന്‍ അവകാശപ്പെട്ടപ്പോള്‍ ചിലരെങ്കിലും സംശയിച്ചിരുന്നു. എണ്ണത്തില്‍ കൂടുതലുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് പ്രതിരോധ സംവിധാനങ്ങളെ തകര്‍ക്കുക എന്നതാണ് അവരുടെ തന്ത്രം.
ഇതിന് മറുപടിയായി ഇസ്രായേല്‍ വിന്യസിച്ചത് ലോകത്തിലെ ഏറ്റവും മികച്ചതും വിവിധ തലങ്ങളുള്ളതുമായ വ്യോമ പ്രതിരോധ സംവിധാനമാണ്.
അയണ്‍ ഡോം (Iron- Dome)
ഗാസയില്‍ നിന്നുള്ള റോക്കറ്റുകളെ തകര്‍ത്ത് പ്രശസ്തമായ ഹ്രസ്വദൂര പ്രതിരോധ സംവിധാനം.
ഡേവിഡ്‌സ് സ്ലിംഗ് (David’s Sling)
ഇടത്തരം മിസൈലുകളെ ലക്ഷ്യം വെക്കുന്ന മധ്യതല പ്രതിരോധം.
ആരോ 2, ആരോ 3 (Arrow 2 & 3)
അമേരിക്കയുമായി ചേര്‍ന്ന് വികസിപ്പിച്ച, ബഹിരാകാശത്തുവെച്ചുപോലും ബാലിസ്റ്റിക് മിസൈലുകളെ തകര്‍ക്കാന്‍ ശേഷിയുള്ള ഉന്നതതല പ്രതിരോധം.
90 ശതമാനത്തിലേറെ വിജയനിരക്ക് തെളിയിച്ച ഈ പ്രതിരോധ കവചമാണ് ഇസ്രായേലിന്റെ പ്രധാന സുരക്ഷ. ആക്രമണത്തിനായി അവര്‍ ആശ്രയിക്കുന്നത് ‘എഫ്-35ഐ’ (F35I) പോലുള്ള യുദ്ധവിമാനങ്ങളെയാണ്. ശത്രുരാജ്യങ്ങളുടെ റഡാറുകളുടെ കണ്ണുവെട്ടിച്ച് ഉള്ളില്‍ക്കടന്ന് ആണവ നിലയങ്ങള്‍ പോലുള്ള സുപ്രധാന കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ഈ വിമാനങ്ങള്‍ക്ക് കഴിയും. അതോടൊപ്പം, ഡിജിറ്റല്‍ ലോകത്തും യുദ്ധം കൊടുമ്പിരിക്കൊള്ളുകയാണ്. ഇസ്രായേലിന്റെ ‘യൂണിറ്റ് 8200’ എന്ന സൈബര്‍ ഇന്റലിജന്‍സ് വിഭാഗം ‘സ്റ്റക്‌സ്‌നെറ്റ്'(Stuxnet) പോലുള്ള വൈറസുകള്‍ ഉപയോഗിച്ച് ഇറാനിയന്‍ ആണവ കേന്ദ്രങ്ങളെ തകരാറിലാക്കിയിരുന്നു. ഇതിന് മറുപടിയായി ഇറാന്‍, ഇസ്രായേലിന്റെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്നു. ഭാവിയിലെ യുദ്ധങ്ങള്‍ സൈന്യത്തിന്റെ എണ്ണംകൊണ്ടല്ല, മറിച്ച് ഒരു രാജ്യത്തിന്റെ അല്‍ഗോരിതങ്ങളുടെ ഗുണമേന്മയും നെറ്റ്‌വര്‍ക്കുകളുടെ കരുത്തും കൊണ്ടായിരിക്കും ജയിക്കുക എന്നതിന്റെ വ്യക്തമായ ഉദാഹരണമാണിത്.
സര്‍ജിക്കല്‍ സ്‌ട്രൈക്കും സാങ്കേതിക ആധിപത്യവും: ‘ഓപ്പറേഷന്‍ സിന്ദൂര്‍’ നല്‍കുന്ന സൂചന
ഈ ലോക സംഭവവികാസങ്ങള്‍ ഭാരതം തിരഞ്ഞെടുത്ത പാത ശരിയാണെന്ന് അടിവരയിടുന്നു. ഒരേസമയം രണ്ട് അതിര്‍ത്തികളില്‍ യുദ്ധം നേരിടേണ്ടിവന്നേക്കാവുന്ന ഒരു രാജ്യത്തിന്, സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഒരു പുതിയ പ്രതിരോധ സിദ്ധാന്തം അത്യാവശ്യമാണ്. 2019-ല്‍ പാകിസ്ഥാനിലെ ബാലാക്കോട്ടില്‍ ഭരതീയ വ്യോമസേന നടത്തിയ ‘ഓപ്പറേഷന്‍ ബന്ദര്‍’, ഇസ്രായേലിന്റെ ‘സ്‌പൈസ് 2000’ ബോംബുകള്‍ ഉപയോഗിച്ച് ഭീകര കേന്ദ്രം തകര്‍ത്തത് ഈ പുതിയ നിശ്ചയദാര്‍ഢ്യത്തിന്റെ ആദ്യ സൂചനയായിരുന്നു.
എന്നാല്‍, 2025 മെയ് മാസത്തില്‍ നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ആണ് ഭാരതത്തെ ഒരു യഥാര്‍ത്ഥ ടെക്‌നോ-സൈനിക ശക്തിയായി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്. ഒരു ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ഈ ഓപ്പറേഷന്‍, വെറുമൊരു തിരിച്ചടിയായിരുന്നില്ല; മറിച്ച്, ‘ആക്രമിച്ച് പ്രതിരോധിക്കുക’ (Offensive Defence) എന്ന പുതിയ സിദ്ധാന്തത്തിന്റെ പ്രഖ്യാപനമായിരുന്നു. ഉപഗ്രഹങ്ങളില്‍നിന്നും മറ്റ് ഇന്റലിജന്‍സ് സംവിധാനങ്ങളില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ഭരതീയസേന സ്വന്തം അതിര്‍ത്തിക്കുള്ളില്‍ നിന്നുകൊണ്ട് പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങളെ ലക്ഷ്യംവെച്ചു.
ഭാരതീയ വ്യോമസേനയുടെ റഫാല്‍ വിമാനങ്ങള്‍ ‘സ്‌കാല്‍പ്’ (SCALP)- ക്രൂയിസ് മിസൈലുകളും, സുഖോയ്-30 വിമാനങ്ങള്‍ ‘ബ്രഹ്മോസ്’ (BrahMos) സൂപ്പര്‍സോണിക് മിസൈലുകളും വിക്ഷേപിച്ചു. അതേസമയം, കരസേന ദീര്‍ഘദൂര ‘എക്‌സ്‌കാലിബര്‍’ (Excalibur) ഗൈഡഡ് ഷെല്ലുകളും, ഇസ്രായേലിന്റെ ‘സ്‌കൈസ്‌ട്രൈക്കര്‍’ (SkyStriker-) ആത്മഹത്യാ ഡ്രോണുകളും ഉപയോഗിച്ച് ഭീകരരുടെ ലോഞ്ച്പാഡുകള്‍ തകര്‍ത്തു. പാകിസ്ഥാന്‍ വ്യോമ പ്രതിരോധത്തെ ആകെ തകര്‍ത്ത ഭാരതീയ ആക്രമണം ലോകത്തെയാകെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഈ ഓപ്പറേഷന്‍, ഭാരതീയ സേനാവിഭാഗങ്ങളുടെ ഏകോപനത്തിന്റെയും സാങ്കേതിക മികവിന്റെയും ഒരു വിജയഗാഥയായി. വലിയൊരു യുദ്ധത്തിലേക്ക് പോകാതെ തന്നെ ശത്രുവിന് കനത്ത നാശനഷ്ടങ്ങള്‍ വരുത്താന്‍ ഭാരതത്തിനു കഴിയുമെന്ന് ഇത് തെളിയിച്ചു.

ആത്മനിര്‍ഭര്‍ ഭാരത്: ഭാരതത്തിന്റെ സ്വന്തം പ്രതിരോധ സാങ്കേതികവിദ്യ
ഈ പുതിയ കരുത്തിന് പിന്നിലെ ചാലകശക്തി ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്ന ആഹ്വാനമാണ്. ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാജ്യങ്ങളിലൊന്നായിരുന്ന ഭാരതത്തെ, ഒരു നിര്‍മ്മാണ-കയറ്റുമതി കേന്ദ്രമാക്കി മാറ്റുകയാണ് ഈ പദ്ധതി. ഇതിന്റെ ഫലങ്ങള്‍ അവിശ്വസനീയമാണ്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഭാരതത്തിന്റെ പ്രതിരോധ ബജറ്റ് 5.94 ലക്ഷം കോടി രൂപയായിരുന്നു. ഇതിലെ ഒരു വലിയ ഭാഗം ആഭ്യന്തര കമ്പനികളില്‍നിന്ന് ആയുധങ്ങള്‍ വാങ്ങാനായി നീക്കിവെച്ചിരിക്കുന്നു.
ഈ നയം ആഭ്യന്തര ഉത്പാദനം ഒരു ലക്ഷം കോടി രൂപ കടക്കാന്‍ സഹായിച്ചു.’ഐഡെക്‌സ്'(iDEX)- പോലുള്ള പദ്ധതികള്‍ക്ക് കീഴില്‍ 200-ല്‍ അധികം പ്രതിരോധ സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ന് രാജ്യത്ത് പ്രവര്‍ത്തിക്കുന്നു. ‘ഐഡിയഫോര്‍ജ്'(idea -Forge) പോലുള്ള കമ്പനികള്‍ ഭരതീയ സൈന്യത്തിന് ഉയര്‍ന്ന മലനിരകളില്‍ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ഡ്രോണുകള്‍ നല്‍കുമ്പോള്‍, ‘ന്യൂസ്‌പേസ് റിസര്‍ച്ച് & ടെക്‌നോളജീസ്’ എഐ ഡ്രോണ്‍ കൂട്ടങ്ങളെ(drone swarms) വികസിപ്പിക്കുന്നു.
രാജ്യത്തിന്റെ അഭിമാന പദ്ധതികളും യാഥാര്‍ത്ഥ്യമാവുകയാണ്. ലഘു യുദ്ധവിമാനമായ ‘തേജസ്’ ഇന്ന് വ്യോമസേനയുടെ ഭാഗമാണ്. അതിന്റെ പുതിയ പതിപ്പുകളായ ‘തേജസ് മാര്‍ക്ക് 2’, അഞ്ചാം തലമുറ യുദ്ധവിമാനമായ ‘AMCA’ എന്നിവയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. 2025 അവസാനത്തോടെ തേജസ് മാര്‍ക്ക് 2-ന്റെ ആദ്യ മാതൃക പറന്നുയരുമെന്ന് പ്രതീക്ഷിക്കുന്നു.
ഭാവിയിലെ ലോകക്രമം:സാധ്യതകളും ഭാരതത്തിന്റെ ിലപാടും
നിലവിലെ സംഘര്‍ഷങ്ങള്‍ ഒരു പുതിയ ലോകക്രമത്തിന് രൂപം നല്‍കുകയാണ്. ഇതിന്റെ അന്തിമഫലം എന്തായിരിക്കുമെന്ന് പ്രവചിക്കാന്‍ സാധ്യമല്ലെങ്കിലും, പ്രധാനപ്പെട്ട സാധ്യതകളും അതില്‍ ഭാരതത്തിന്റെ തന്ത്രപരമായ തീരുമാനങ്ങളുടെ പ്രാധാന്യവും നമുക്ക് വിലയിരുത്താം.
ഇതില്‍ ഒന്നാമത്തെ സാധ്യത അമേരിക്കന്‍ ചേരിയുടെ സമ്പൂര്‍ണ്ണ വിജയം അല്ലെങ്കില്‍ മേല്‍ക്കോയ്മയാണ്. യുക്രെയ്‌നിലും, ഇസ്രായേല്‍ ഉള്‍പ്പെടുന്ന പശ്ചിമേഷ്യയിലും, മറ്റ് സംഘര്‍ഷ മേഖലകളിലും അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യം വിജയം നേടുന്ന ഒരു സാഹചര്യമുണ്ടായാല്‍, റഷ്യയുടെ സൈനിക-സാമ്പത്തിക ശക്തി ക്ഷയിക്കുകയും, ഇറാന്‍ ഒതുക്കപ്പെടുകയും മറു ചേരിയില്‍ നില്‍ക്കുന്ന ഇസ്ലാമികരാജ്യങ്ങള്‍ അമേരിക്കയോട് ചായുകയും ചെയ്യും. ഇതൊരുപക്ഷേ ചൈനയുടെ വളര്‍ച്ചാ വേഗം കുറയ്ക്കാനും കാരണമാകും. ക്വാഡ്, നാറ്റോ പോലുള്ള സഖ്യങ്ങള്‍ കൂടുതല്‍ ശക്തമാവുകയും, ആഗോള സ്ഥാപനങ്ങളില്‍ അമേരിക്കന്‍ സ്വാധീനം വര്‍ദ്ധിക്കുകയും ചെയ്യും. ഇതിന്റെ പരിണിതഫലം ഇസ്രായേല്‍ കൂടി അമേരിക്കന്‍ വിധേയത്വം കാണിക്കും എന്നാണ്.
ഈ സാഹചര്യത്തില്‍ ഭാരതത്തിന്റെ മുന്നില്‍ പല വഴികളുണ്ട്: അമേരിക്കന്‍ ചേരിയുടെ ഭാഗമാവുക, അങ്ങനെയെന്നാല്‍ അത്യാധുനിക സാങ്കേതികവിദ്യ (പ്രത്യേകിച്ച് പ്രതിരോധ, സെമികണ്ടക്ടര്‍ മേഖലകളില്‍) എളുപ്പത്തില്‍ ലഭ്യമാകും. ‘ഭാരതം-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി’ (IMEC) പോലുള്ള പദ്ധതികളിലൂടെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താം. ചൈനയില്‍ നിന്നുള്ള ഭീഷണി ഒരു പരിധി വരെ കുറയ്ക്കാനും സാധിക്കും. എന്നാല്‍ ഇതിന് ഭാരതം നല്‌കേണ്ടിവരുന്ന വില ചെറുതായിരിക്കില്ല. നമ്മള്‍ ഇന്നുവരെ തുടര്‍ന്നുവന്ന നിലപാടുകളില്‍ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരും. റഷ്യയുമായുള്ള ദീര്‍ഘകാല ബന്ധത്തില്‍ ഉലച്ചില്‍ തട്ടാം. പല അന്താരാഷ്ട്ര വിഷയങ്ങളിലും അമേരിക്കന്‍ നിലപാടുകളെ പിന്തുണയ്ക്കാന്‍ ഭാരതം നിര്‍ബന്ധിതരായേക്കാം.
ഇനിയൊന്ന് ഈ ചേരിയില്‍ ചേരാതെ തനിച്ചുനില്‍ക്കാന്‍ തീരുമാനിക്കുക എന്നതാണ്. നമ്മുടെ ‘ബഹുചേരി നയം'(Multi alignment)- ഒരു വലിയ പരീക്ഷണത്തെ നേരിടും. അമേരിക്കന്‍ സഖ്യം ഭാരതത്തെ ഒരുപക്ഷേ ബഹുമാനിക്കുമെങ്കിലും, പ്രധാന തീരുമാനങ്ങളില്‍നിന്നും സാങ്കേതികവിദ്യ കൈമാറ്റങ്ങളില്‍നിന്നും മാറ്റിനിര്‍ത്തപ്പെടാന്‍ സാധ്യതയുണ്ട്. അതൊരുപക്ഷേ പാകിസ്ഥാന്‍ പ്രയോജനപ്പെടുത്താനും സാധ്യതയുണ്ട്. ലോകം രണ്ട് ചേരികളായി വ്യക്തമായി തിരിയുമ്പോള്‍, ഒരു ‘മൂന്നാം ചേരി’യെ നയിക്കുക എന്നത് ഭാരതത്തിനു വലിയ വെല്ലുവിളിയാകും.
രണ്ടാമത്തെ സാധ്യത റഷ്യന്‍-ഇറാനിയന്‍ ചേരിയുടെ മുന്നേറ്റമാണ്. ഇതൊരു സങ്കീര്‍ണ്ണമായ സാഹചര്യമാണ്. യുക്രെയ്‌നില്‍ റഷ്യ വിജയിക്കുകയും, പശ്ചിമേഷ്യയില്‍ ഇറാന്‍ നിര്‍ണ്ണായക ശക്തിയാവുകയും ചെയ്യും. പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇങ്ങനെ സംഭവിക്കണമെങ്കില്‍ ഈ ചേരിക്ക് ചൈനയുടെ സഹായം ആവശ്യമായിവരും. അത് ചൈനയുടെ സാമ്പത്തിക-സൈനിക സ്വാധീനം വര്‍ദ്ധിക്കാന്‍ കാരണമാകും. ഈ സാഹചര്യത്തില്‍ ഭാരതത്തിന്റെ നിലപാട് അതിനിര്‍ണ്ണായകമാകും.
റഷ്യന്‍-ചൈനീസ് ചേരിയുടെ ഭാഗമായാല്‍: ഇത് ഭാരതം നിലവില്‍ മുന്നോട്ടുവയ്ക്കുന്ന വിദേശനയത്തിന്റെ മാറ്റം അനിവാര്യമാക്കും. ക്വാഡ് പോലുള്ള പടിഞ്ഞാറന്‍ സഖ്യങ്ങള്‍ ഉപേക്ഷിക്കേണ്ടി വരും. ഒരു യുറേഷ്യന്‍ ലോകക്രമത്തില്‍ ഭാരതത്തിനു ചില നേട്ടങ്ങള്‍ ഉണ്ടായേക്കാമെങ്കിലും, അത് വലിയൊരു അപകടം ക്ഷണിച്ചുവരുത്തും. കാരണം, ഈ സഖ്യത്തിലെ ഏറ്റവും വലിയ ശക്തി ചൈനയായിരിക്കും. നമ്മുടെ അതിര്‍ത്തിയില്‍ കൂടുതല്‍ ശക്തനും ആക്രമണോത്സുകനുമായ ഒരു ചൈനയെ നേരിടേണ്ടി വരുന്നത് ഭാരതത്തിന്റെ പരമാധികാരത്തിന് വലിയ ഭീഷണിയാണ്. കൂടാതെ, ജനാധിപത്യ മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്ത ഒരു സഖ്യത്തില്‍ ചേരുന്നത് ഭാരതത്തിന്റെ ആഭ്യന്തര രാഷ്ട്രീയത്തിലും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. പുറത്തുനിന്നാല്‍ അതും വെല്ലുവിളിയാകും. റഷ്യയുടെ പിന്തുണ നഷ്ടപ്പെടും, രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജപ്പാനും ജര്‍മനിക്കും സംഭവിച്ചതുപോലെ പരാജയപ്പെടുന്ന ഇസ്രായേല്‍ സ്വന്തം കാര്യങ്ങളിലേക്ക് പിന്‍വലിയും.
ഈ രണ്ട് സാധ്യതകളും വ്യക്തമാക്കുന്നത് ഒന്നാണ്: ഭാരതത്തിന്റെ ഭാവി നമ്മുടെ സ്വന്തം കഴിവുകളെ ആശ്രയിച്ചിരിക്കും. ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്നത് വെറുമൊരു സാമ്പത്തിക നയമല്ല, മറിച്ച് മാറുന്ന ലോകക്രമത്തില്‍ ഭാരതത്തിന്റെ സ്ഥാനവും പരമാധികാരവും ഉറപ്പിക്കുന്നതിനുള്ള ഏറ്റവും വലിയ പ്രതിരോധ കവചമാണ്. ഏതൊരു ചേരിയുടെ ഭാഗമായാലും, സ്വന്തമായി സാങ്കേതികവും സൈനികവുമായ കരുത്തില്ലാത്ത ഒരു രാജ്യത്തിന് ആരും വിലകല്‍പ്പിക്കില്ല. അതിനാല്‍, ഏത് ലോകക്രമം വന്നാലും, ശക്തവും സ്വാശ്രയവുമായ ഭാരതത്തിനു മാത്രമേ തലയുയര്‍ത്തി നില്‍ക്കാനും സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും സാധിക്കൂ.
യുദ്ധം രചിക്കുന്ന പുതിയ ലോകക്രമത്തില്‍ ഭാരതത്തിന്റെ സ്ഥാനം: ജിയോപൊളിറ്റിക്കല്‍ ചതുരംഗക്കളവും സാമ്പത്തിക നേട്ടങ്ങളും
തദ്ദേശീയമായ സാങ്കേതിക മുന്നേറ്റം ലോക രാഷ്ട്രീയത്തിന്റെ ചതുരംഗക്കളത്തില്‍ ഭാരതത്തിന്റെ സ്ഥാനം മാറ്റിവരയ്ക്കും. ‘ആത്മനിര്‍ഭര്‍’ ഭാരതം, ചേരിചേരാ നയത്തില്‍നിന്ന് മാറി, രാജ്യതാല്‍പ്പര്യം മാത്രം മുന്നില്‍ക്കണ്ട് ‘വിഷയാധിഷ്ഠിത സഖ്യങ്ങള്‍’ (IssueBased- Coalitions)- രൂപീകരിക്കാന്‍ നമുക്ക് കരുത്ത് നല്‍കും. ഇതിലൂടെയുള്ള സാമ്പത്തിക നേട്ടം വലുതാണെങ്കിലും, രാഷ്ട്രീയ നേട്ടങ്ങള്‍ അതിലും പ്രധാനമാണ്.
പശ്ചിമേഷ്യയിലെ സങ്കീര്‍ണ്ണമായ രാഷ്ട്രീയ സമവാക്യങ്ങള്‍ തന്നെ ഉദാഹരണമായെടുക്കാം. ഷിയാ-സുന്നി ഭിന്നതയില്‍ ഒരു പക്ഷം പിടിക്കാന്‍ ലോകം നിര്‍ബന്ധിതരാകുമ്പോള്‍, ഭാരതത്തിന് ഇരുപക്ഷത്തെയും ഒരുമിപ്പിക്കാന്‍ സാധിക്കുന്നു. യുഎഇ, സൗദി അറേബ്യ പോലുള്ള രാജ്യങ്ങളുമായുള്ള നമ്മുടെ സൗഹൃദം ‘ഭാരതം-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി’ (IMEC)- പോലുള്ള വലിയ പദ്ധതികള്‍ക്ക് വഴിതുറക്കുമ്പോള്‍തന്നെ, ഇറാനുമായുള്ള ചരിത്രപരമായ ബന്ധവും ചാബഹാര്‍ തുറമുഖവും നമുക്ക് സാധ്യമാകുന്നു. ആകാശ പ്രതിരോധ സംവിധാനം പോലുള്ള ആയുധങ്ങള്‍ യുഎഇ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ക്ക് വില്‍ക്കാനും, അതേസമയം ഇറാനുമായി ഊര്‍ജ്ജ-സുരക്ഷാ കാര്യങ്ങളില്‍ സഹകരിക്കാനും ഇന്ന് ഭാരതത്തിനു കഴിയുന്നു.
അമേരിക്കയും റഷ്യയും തമ്മിലുള്ള മത്സരത്തെ അതിവിദഗ്ദ്ധമായി കൈകാര്യം ചെയ്യാനും ഇന്ന് ഭാരതത്തിനു സാധിക്കുന്നു. അത് ആശ്രിതത്വമോ, കേവലം സൗഹൃദമോ അല്ല. ശക്തി ശക്തിയെ തിരിച്ചറിയുന്നതാണ്. നമ്മുടെ പഴയ ആയുധങ്ങള്‍ റഷ്യയുടേതാണെങ്കില്‍, ഭാവിയിലെ സാങ്കേതികവിദ്യകള്‍ ‘ക്വാഡ്’ (Quad) പോലുള്ള സഖ്യങ്ങളിലൂടെ അമേരിക്കയില്‍നിന്നും, ഫ്രാന്‍സില്‍നിന്നും നാം സ്വന്തമാക്കുന്നു. അമേരിക്കയില്‍നിന്ന് എഞ്ചിന്‍ സാങ്കേതികവിദ്യ വാങ്ങി നമ്മുടെ “AMCA’ വിമാനം നിര്‍മ്മിക്കുമ്പോഴും, റഷ്യയുമായി ചേര്‍ന്ന് ‘ബ്രഹ്മോസ്-II’ ഹൈപ്പര്‍സോണിക് മിസൈല്‍ വികസിപ്പിക്കാന്‍ നമുക്ക് കഴിയുന്നു. ഇത് ഒരു വന്‍ശക്തിയായി വളരുന്ന രാജ്യത്തിന്റെ ലക്ഷണമാണ്. പ്രധാനമന്ത്രി അമേരിക്കന്‍ പ്രസിഡന്റിന്റെ ക്ഷണം നിരസിച്ചതും ഇതേ കാഴ്ചപ്പാടോടുകൂടിയാണ്.
ഭാവനയില്‍ കാണാന്‍ കഴിയുന്നതിലും അപ്പുറമാണ് ഭാരതത്തിന്റെ സാധ്യതകള്‍. അമേരിക്കയിലെ മുന്‍നിര സങ്കേതികവിദഗ്ദ്ധരുമായുള്ള കൂടിക്കാഴ്ചയില്‍ ലോകരാജ്യങ്ങളുമായി ചേര്‍ന്ന് ഒരു ടെക്‌നോ-ഡെമോക്രസി സഖ്യം രൂപീകരിക്കുന്നതിനെക്കുറിച്ച് ആദരണീയ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവച്ച ആശയത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നിര്‍മ്മിത ബുദ്ധി, സൈബര്‍ സുരക്ഷ തുടങ്ങിയവയില്‍ ലോകത്തിന് മാതൃകയാകുന്ന നിയമങ്ങള്‍ കൊണ്ടുവരാന്‍ ഈ സഖ്യത്തിന് സാധിക്കും. പാരീസില്‍ നടന്ന എഐ (AI) ആക്ഷന്‍ ഉച്ചകോടിയില്‍ സഹ-അധ്യക്ഷനായി ഉദ്ഘാടന പ്രസംഗം നടത്താന്‍ പ്രസിഡന്റ് മാക്രോണ്‍ ഭാരതത്തിന്റെ പ്രധാനമന്ത്രിയെ ക്ഷണിച്ചത് നല്‍കുന്ന സൂചന ചെറുതല്ല. ‘ഗ്ലോബല്‍ സൗത്ത്’ എന്ന് വിളിക്കപ്പെടുന്ന വികസ്വര രാജ്യങ്ങളുടെ നേതാവെന്ന നിലയില്‍, നമ്മുടെ തദ്ദേശീയവും ചെലവ് കുറഞ്ഞതുമായ സാങ്കേതികവിദ്യകള്‍ (തേജസ് വിമാനം മുതല്‍ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വരെ) മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കി ചൈനയുടെയും പടിഞ്ഞാറന്‍ രാജ്യങ്ങളുടെയും സ്വാധീനത്തിന് ഒരു ബദലാകാനും ഭാരതത്തിനു കഴിയും.
ഉപസംഹാരം
ആധുനിക യുദ്ധം സാങ്കേതികവിദ്യയുടെ ഒരു സിംഫണിയാണ്. അതില്‍ സ്വന്തമായൊരു വിജയഗാഥ രചിക്കാനുള്ള ചരിത്രപരമായ അവസരമാണ് ഭാരതത്തിനു മുന്നിലുള്ളത്. ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്ന സ്വപ്‌നം പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട്, നമ്മുടെ യുവതലമുറയുടെ കഴിവിനെ പ്രോത്സാഹിപ്പിച്ച് മുന്നേറുമ്പോള്‍ നാം കെട്ടിപ്പടുക്കുന്നത് ശക്തമായ ഒരു പ്രതിരോധ സംവിധാനം മാത്രമല്ല, മറിച്ച് കൂടുതല്‍ സമ്പന്നവും സ്വാധീനശക്തിയുമുള്ള ഒരു രാഷ്ട്രത്തെയാണ്. നമ്മുടെ ‘അമൃത് കാലില്‍’, സാമ്പത്തിക വളര്‍ച്ചയ്ക്ക് ആവശ്യമായ സുരക്ഷ നല്‍കുന്നത് സാങ്കേതികമായി മുന്നേറിയ ഒരു സൈന്യമായിരിക്കും.
ഇരുപത്തിയൊന്നാം നൂറ്റാണ്ട് സാങ്കേതികവിദ്യയുടെ നൂറ്റാണ്ടാണ്. ജനസംഖ്യാപരമായ മേല്‍ക്കോയ്മയും ജനാധിപത്യ മൂല്യങ്ങളുമുള്ള ഭാരതം സിലിക്കണ്‍ ചിപ്പുകളും നിര്‍മിത ബുദ്ധിയും ആയുധ കരുത്തും, സാംസ്‌കാരിക ദേശീയതയിലൂന്നിയ നേതൃത്വത്തിന്റെ നിശ്ചയദാര്‍ഢ്യവും കൊണ്ട് ലോകത്തിലെ വന്‍ശക്തിയാകുന്ന ദിനങ്ങളാണ് വരാന്‍ പോകുന്നത്.
അവലംബം:
പുസ്തകങ്ങള്‍
1.The Code Book: The Science of Secrecy from Mary, Queen of Scots, to Quantum Cryptography. Author: Simon Singh
2.The India Way: Strategies for an Uncertain World. Author: Dr. S. Jaishankar
sh_vsskäv
1.https://pib.gov.in/PressReleseDetailm.aspx?PRID=2135420
2.https://www.csis.org/analysis/russia-ukraine-drone-war-innovation-frontlines-and-beyond
3.https://www.pib.gov.in/PressReleasePage.aspx?PRID=2088180
അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍: റോയിട്ടേഴ്‌സ്, അസോസിയേറ്റഡ് പ്രസ്, ബിബിസി മുതലായ പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങള്‍.
ദേശീയ മാധ്യമങ്ങള്‍: ദി ഹിന്ദു, ദി ഇന്ത്യന്‍ എക്‌സ്പ്രസ്, ദി ഇക്കണോമിക് ടൈംസ് തുടങ്ങിയ പ്രമുഖ ദേശീയ മാധ്യമങ്ങള്‍.






















