ഇന്‍തിഫാദ എന്ന കലാപാഹ്വാന മുദ്രാവാക്യം ലോകമെമ്പാടുമുള്ള ഇസ്ലാമിക തീവ്രവാദ സംഘടനകളുടെയെല്ലാം ആപ്തവാക്യമാണ്. എന്നാല്‍ പതിവില്‍ നിന്നും വ്യത്യസ്തമായി കഴിഞ്ഞ കുറച്ചു നാളുകളായി ഇടതുപക്ഷസംഘടനകള്‍ ഇന്‍തിഫാദയുടെ വക്താക്കളായി മാറിയിരിക്കുന്നു. കേരള സര്‍വ്വകലാശാലയില്‍ എസ്എഫ് ഐക്കാര്‍ യുവജനോത്സവത്തിന് ഇന്‍തിഫാദ എന്ന് പേര് നല്‍കിയത് കഴിഞ്ഞവര്‍ഷമാണ്. ഇത്തവണ ഇന്റര്‍ ഐ.ടി.ഐ കലോത്സവത്തില്‍ വീണ്ടും ഇന്‍തിഫാദ മുഴക്കി അവര്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഇത്തരത്തില്‍ ഇന്‍തിഫാദ എന്ന മുദ്രാവാക്യം നിരന്തരം ഉയര്‍ത്തുകയാണ് ഇടതുപക്ഷം.
കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ബിടെക് അലുംനി അസോസിയേഷന്‍ (CUBAA) എന്ന പേരില്‍ യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി സംഘടന, കുസാറ്റില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി യുഎഇ യില്‍ ജോലി ചെയ്യുന്ന മലയാളികളുടെ കൂട്ടായ്മയാണ്. കൊച്ചിന്‍ സര്‍വ്വകലാശാലയിലെ ബിടെക് പഠനകാലത്ത് എസ്എഫ്‌ഐ യില്‍ പ്രവര്‍ത്തിച്ച് തീവ്രവാദത്തിന്റെ ബാല പാഠങ്ങള്‍ ഇവര്‍ പഠിച്ചിരുന്നു. പഠിച്ച പാഠങ്ങള്‍ വീണ്ടും ആവിഷ്‌കരിക്കാന്‍ വേണ്ടിയാണ് സിയുബിഎഎ എന്ന സംഘടന ആരംഭിച്ചിരിക്കുന്നത്. 2025 മെയ് 25ന് യുഎഇയില്‍ വച്ച് നടത്തിയ പരിപാടിയില്‍ പാകിസ്ഥാന്‍ ക്രിക്കറ്റര്‍മാരായ ഷാഹിദ് അഫ്രിദിക്കും ഉമര്‍ ഗുല്ലിനും ഈ സംഘടന വലിയ സ്വീകരണമാണ് നല്‍കിയത്. ഒരു മലയാളി സംഘടന പാകിസ്ഥാന്‍ അസോസിയേഷന്‍ ഹാളില്‍ വച്ച് അവരുടെ പരിപാടി നടത്തുന്നു. അവിടെ പാകിസ്ഥാന്‍ ഭാരതത്തിനെതിരെ നടത്തിയ ആക്രമണങ്ങളെ ന്യായീകരിക്കുകയും ഭാരതം നടത്തിയ പ്രത്യാക്രമണങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്ത ഷാഹിദ് അഫ്രീദിയെ ബൂം ബൂം എന്ന പിന്നണി ശബ്ദവും ചുവന്ന പരവതാനിയും വിരിച്ച് സ്വീകരിക്കുകയും ചെയ്തു. ഇടതുപക്ഷ പശ്ചാത്തലമുള്ള സിയുബിഎഎ സംഘാടകര്‍ ഇസ്ലാമിക തീവ്രവാദത്തിന്റെ തലതൊട്ടപ്പന്മാരായ പാകിസ്ഥാനികള്‍ക്ക് വേദി ഒരുക്കിയത് സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ച യായതോടെ എല്ലാവരെയും പോലെ സിയുബിഎഎയും വിശദീകരണവുമായി വന്നു. അഫ്രീദി അപ്രതീക്ഷിതമായി വന്നതാണെന്നായിരുന്നു വിശദീകരണം. മറ്റൊന്ന് പരിപാടിക്ക് ഹാള്‍ നേരത്തെ ബുക്ക് ചെയ്തതാണ് എന്നും ക്യാന്‍സല്‍ ചെയ്യാന്‍ സാധിച്ചില്ലെന്നുമാണ്. ഏപ്രില്‍ 5 ന് ബുക്ക് ചെയ്ത പാകിസ്ഥാന്‍ ഹാളില്‍ പഹല്‍ഗാം ഭീകരാക്രമണം നടന്ന ശേഷവും പരിപാടി നടത്താന്‍ സിയുബിഎഎയ്ക്ക് ധൈര്യമുണ്ടായി. അത് ഒഴിവാക്കാന്‍ അവര്‍ യാതൊരു ശ്രമവും നടത്തിയല്ല എന്ന് മാത്രമല്ല കൃത്യമായി ആസൂത്രണം ചെയ്ത് ഒരുക്കിയ സ്വീകരണം വിപുലമായി തന്നെ കൊണ്ടാടുകയും ചെയ്തു.
ക്യൂബ (CUBAA) എന്ന കമ്മ്യൂണിസ്റ്റുകാര്‍ക്ക് പ്രിയമുള്ള രാജ്യത്തിന്റെ പേരും, സംഘടനയുടെ ഭാരവാഹികളുടെ സാമൂഹ്യ മാധ്യമങ്ങളില്‍ കാണുന്ന ചെഗുവര ആരാധനയും ഇവര്‍ ഇടതുപക്ഷ ക്കാരാണെന്ന് വ്യക്തമാക്കുന്നതാണ്. പ്രസ്തുത പരിപാടിക്ക് ശേഷം വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ പാകിസ്ഥാന്‍ എന്ന പേരു പോലും പറയാതെ പുറത്തിറക്കിയ ന്യായീകരണ പത്രത്തില്‍ നിന്ന് അവരുടെ തീവ്രവാദത്തോടും പാകിസ്ഥാനോടുമുള്ള സ്‌നേഹം വ്യക്തമാകുന്നുണ്ട്.
ഇത്തരം ഇടതുപക്ഷ ഗ്രൂപ്പുകള്‍ മാത്രമല്ല തീവ്രവാദത്തോടുള്ള ഐക്യം ചേരല്‍ പ്രഖ്യാപിച്ചിട്ടുളളത്. നമ്മുടെ സര്‍വ്വകലാശാലകളിലും ഇതിന് ചുക്കാന്‍ പിടിക്കുന്നവരുണ്ട്. ഓപ്പറേഷന്‍ സിന്ദൂര്‍ വലിയ ചര്‍ച്ചയായ സമയത്ത് ‘Pahalgham attack: Truths drowned in nationalist frenzy’ എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച ദേശവിരുദ്ധ ലേഖനത്തിന്റെ അടിസ്ഥാനത്തില്‍ കേരള സര്‍വകലാശാല തമിഴ് ഡിപ്പാര്‍ട്ട്‌മെന്റ് ‘Friday Literary Circle’ എന്ന പേരില്‍ മെയ് 9ന് ഒരു സെമിനാര്‍ നടത്താന്‍ തീരുമാനിച്ചു. ഇതിന്റെ രാഷ്ട്രവിരുദ്ധ സ്വഭാവം മനസ്സിലാക്കിയ വൈസ് ചാന്‍സിലര്‍ സെമിനാര്‍ നടത്തുന്നത് തടയുകയാണ് ഉണ്ടായത്. എസ്എഫ്‌ഐ നേതൃത്വം കൊടുക്കുന്ന എംജി യൂണിവേഴ്‌സിറ്റി യൂണിയന്‍ നവംബറില്‍ നാഷണല്‍ കോണ്‍ഫറന്‍സ് എന്ന പേരില്‍ സംഘടിപ്പിച്ച സെമിനാറിന്റെ പോസ്റ്ററിലും, സര്‍വകലാശാല കലോത്സവത്തിന്റെ പോസ്റ്ററിലും വിഘടനവാദമുള്‍പ്പടെയുള്ള ജിഹാദി ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. ഭാരതത്തിന്റെ ഭൂപടം വെട്ടി മുറിക്കപ്പെട്ട നിലയില്‍ അവതരിപ്പിച്ച പോസ്റ്റര്‍ എബിവിപിയുടെ പരാതിയെത്തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. കേരളത്തിനകത്തും പുറത്തുമായി കലോത്സവങ്ങള്‍ക്ക് പരിഗണിക്കാന്‍ കഴിയുന്ന നിരവധി ആശയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തുടര്‍ച്ചായി ഹമാസ് അനുകൂല ആശയങ്ങള്‍ ഒളിച്ചു കടത്തുന്നത് കൃത്യമായ ഇടത് അജണ്ടയാണ്. കലയുടെയും സര്‍ഗ്ഗാത്മകതയുടെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിന് പകരം കലാപത്തിന്റെയും വിഭാഗീയതയുടെയും അന്തരീക്ഷത്തിലേക്ക് ഒരു കലോത്സവത്തെ ഉയര്‍ത്തിക്കൊണ്ടു പോകുന്നത് അപലപനീയമാണ്.
പാലസ്തീന്‍ പതാകയുടെ നിറം ചാലിച്ച് ഇന്‍തിഫാദ എന്ന തീവ്രവാദ മുദ്രാവാക്യവുമായാണ് ഇത്തവണത്തെ ഇന്റര്‍ ഐ.ടി.ഐ കലോത്സവത്തിന്റെ ലോഗോ പ്രസിദ്ധീകരിച്ചത്. അക്രമങ്ങളേയും അധിനിവേശങ്ങളേയും വെള്ളപൂശാനാണ് ഇത്തരം പദങ്ങള്‍ അവര്‍ ഉപയോഗിക്കുന്നത്. ഇസ്രായേലിനെതിരായി നടന്നിട്ടുള്ള ഹമാസ് അക്രമങ്ങളെ ന്യായീകരിക്കാനാണ് ഈ പദം ഉപയോഗിക്കപ്പെടുന്നത്. ഇന്‍തിഫാദ എന്ന പദം ലോഗോയില്‍ ഉപയോഗിക്കുന്നത് കേവലം ഒരു പ്രചാരണമല്ല. വിദ്യാര്‍ത്ഥി മനസ്സുകളില്‍ കലാപ ആഹ്വാനം കുത്തിവെച്ച് അവരെ അതിന്റെ ഭാഗമാക്കാനുള്ള ശ്രമമാണത്. ഇസ്ലാമിക തീവ്രവാദ ശക്തികള്‍ക്ക് ഇത്തരം കാര്യങ്ങള്‍ നടപ്പിലാക്കാനുള്ള വേദിയാണ് എസ്എഫ്‌ഐയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും. ഇത്തരത്തില്‍ നിരന്തരം ദേശവിരുദ്ധതയുടെ വിഷം തുപ്പുന്നവരാണ് ഇടതുപക്ഷം, അതിനുള്ള പാഠശാലയാണ് ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍.
ഇന്‍തിഫാദ എന്നാല്‍ പാലസ്തീനിയന്‍ ജനതയെ അടിച്ചമര്‍ത്തുന്നതിനെതിരെയുള്ള ജനകീയ മുന്നേറ്റമാണ് എന്ന തെറ്റിദ്ധാരണയാണ് കമ്മ്യൂണിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും പടര്‍ത്തുന്നത്. ഇന്‍തിഫാദ എന്നത് ഒരു ജനതയുടെ വിമോചനത്തിനുള്ള പോരാട്ടത്തെ സൂചിപ്പിക്കുന്ന പദമാണ് എന്നതാണ് എസ്എഫ്‌ഐയുടെ വാദം. എന്നാല്‍ യാഥാര്‍ത്ഥ്യം സൂചിപ്പിക്കുന്നത് മറിച്ചാണ്. ‘ഇന്‍തിഫാദ’ എന്ന അറബി പദത്തിന്റെ അര്‍ത്ഥം ‘സായുധ കലാപം കൊണ്ടുള്ള വിപ്ലവം’ അല്ലെങ്കില്‍ ‘കുലുക്കം’ എന്നാണ്. കുട്ടികളെയും സ്ത്രീകളെയും സാധാരണക്കാരായ ജനങ്ങളെയും നിഷ്ഠൂരമായും വിവേചനരഹിതമായും കൊലപ്പെടുത്തുന്ന ആക്രമണരീതിയുടെ പേരാണ് ഇന്‍തിഫാദ. അബ്രഹാമിക് പരമ്പരയില്‍ ഏറ്റവും പൗരാണികവും ലോകത്ത് ശാസ്ത്രസാങ്കേതിക സാമൂഹിക സാമ്പത്തിക രംഗത്ത് തിളങ്ങി നില്‍ക്കുന്നതുമായ ജൂത വിഭാഗത്തെ നശിപ്പിക്കാനുളള പദ്ധതിയുടെ പേരാണത്. ഇന്‍തിഫാദയുടെ ചരിത്രത്തില്‍ 1921 ലെ മപ്പിള ലഹള മുതല്‍ പഹല്‍ഗാം ആക്രമണം വരെയുണ്ട്. കാശ്മീര്‍ താഴ്‌വരയിലെ കലാപശ്രമങ്ങളും മുംബൈ ഭീകരാക്രമണം പോലുള്ള ഭീകരാക്രമണങ്ങളും ഇന്‍തിഫാദ തന്നെയാണ്. പാകിസ്ഥാന്‍ കാശ്മീരില്‍ നടത്തിയ തീവ്രവാദ പ്രവര്‍ത്തനങ്ങളെല്ലാം ഇന്‍തിഫാദയുടെ രൂപഭേദങ്ങളാണ്. ഇന്‍തിഫാദയും ജിഹാദും ഒരു മനുഷ്യന്റെ രണ്ട് കൈ പോലെ പ്രവര്‍ത്തിക്കുന്നു.
പിഎഫ്‌ഐ നിരോധനം ഉള്‍പ്പെടെയുള്ള ഒട്ടനവധി നടപടികള്‍ ഭാരതത്തിലെ ഇസ്ലാമിക തീവ്രവാദത്തിന്റെ വേരുകളെ ചിതലരിപ്പിച്ചു. അതിനാല്‍ കട്ടിംഗ് സൗത്ത് തുടങ്ങിയ പ്രചാരണങ്ങളാല്‍ തീവ്രവാദത്തിന്റെ പുനരാവിഷ്‌കരണത്തിന് പുതിയ വേദിയൊരുക്കാനുള്ള ശ്രമം നടന്നു. അതിന്റെ ഒടുവിലത്തെ ശ്രമമാണ് ഇന്‍തിഫാദ എന്ന കലോത്സവ ലോഗോയുടെ ആവിഷ്‌കരണം. ഇരവാദം ഉന്നയിച്ച് ഇത്തരം ജിഹാദി മുന്നേറ്റങ്ങള്‍ക്ക് സമൂഹത്തില്‍ അംഗീകാരം ഉണ്ടാക്കുക എന്ന ലക്ഷ്യമാണ് ഇതിലൂടെ മതതീവ്രവാദികളും കമ്മ്യൂണിസ്റ്റുകളും മുന്നോട്ടുവെക്കുന്നത്. ലക്ഷക്കണക്കിന് നിരപരാധികളായ ജനങ്ങളുടെ കൊലപാതകമാണ്, ഒരു പേരിലൂടെ ഇവിടെ വെള്ളപൂശാന്‍ ശ്രമിക്കുന്നത്. പാലസ്തീന്‍ പതാകയുടെ നിറം പകര്‍ന്ന ഇന്‍തിഫാദ കലോത്സവ ലോഗാ വഴി തമസ്‌കരിക്കാന്‍ ശ്രമിക്കുന്നത് ഈ ഭൂമുഖത്തുനിന്ന് തങ്ങളുടെ വംശം ഇല്ലാതായി പോകാതിരിക്കാന്‍ ജൂതര്‍ നടത്തുന്ന 2000 വര്‍ഷങ്ങളായുള്ള പോരാട്ടത്തിന്റെ ചരിത്രംകൂടിയാണ്.
1980കളുടെ അവസാനം കാശ്മീര്‍ താഴ്‌വരയില്‍ നിന്ന് പണ്ഡിറ്റുകള്‍ക്ക് പലായനം ചെയ്യേണ്ടി വന്നതും പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ക്ക് ഭാരതത്തിലേക്ക് പലായനം ചെയ്യേണ്ടി വന്നതും ഇത്തരം ഇന്‍തിഫാദകളുടെ ഭാഗമായിട്ടാണ്. ഇതര മതങ്ങളെ ഇല്ലാതാക്കി മതരാഷ്ട്രം സ്ഥാപിക്കുക എന്ന ആഗോള തീവ്രവാദ ദൗത്യത്തിന്റെ ഓമനപ്പേരാണ് ഇന്‍തിഫാദ. ഇത്തരം വംശീയ ഉന്മൂലനങ്ങളെയെല്ലാം ഏതെങ്കിലും തരത്തില്‍ ഓമനപ്പേരിട്ട് വിളിക്കുന്നത് തീവ്രവാദത്തിന്റെ ഒരു ആഗോള ശൈലിയാണ്. പ്രതികരണശേഷിയില്ലാത്ത ഇത്തരം ചെറുവംശീയ ന്യൂനപക്ഷങ്ങളെ ഒക്കെ കൊന്നൊടുക്കുന്നതിന് പിന്നില്‍ എന്തെങ്കിലും ന്യായീകരണവും ഇത്തരം വിഭാഗങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കും.
പെട്രോ ഡോളറിന്റെ കരുത്തിലും മതതീവ്രവാദത്തിന്റെ പിന്‍ബലത്തിലും ഇസ്രായേലിനെ തകര്‍ക്കുവാന്‍ ഇസ്ലാമിക ഭീകരര്‍ പലതവണ നോക്കിയെങ്കിലും അതിന് സാധിച്ചിട്ടില്ല. പലതവണ തോറ്റു മടങ്ങിയ പശ്ചിമേഷ്യന്‍ മേഖലയിലെ ഇസ്ലാമിക രാജ്യങ്ങളെല്ലാം ഇന്ന് ഇസ്രായേലുമായി സൗഹൃദത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. ഈ പശ്ചാത്തലത്തിലാണ് ഭാരതം ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ രാഷ്ട്രവിരുദ്ധ ശക്തികളുമായി സൗഹൃദം സ്ഥാപിക്കുവാന്‍ ഹമാസ്, ടി.ആര്‍.എഫ് ഉള്‍പ്പടെയുള്ള തീവ്രവാദ സംഘടനകള്‍ മുന്നോട്ടു വന്നിട്ടുള്ളത്. ഇന്‍തിഫാദ എന്നത് പശ്ചിമേഷ്യയുടെ പശ്ചാത്തലത്തില്‍ ഇസ്രായേല്‍ എന്ന ജൂത രാഷ്ട്രത്തിനെതിരെ ഇസ്ലാമിക ശക്തികള്‍ നടത്തിയ അധിനിവേശത്തെ സൂചിപ്പിക്കുന്ന ഒരു പദം മാത്രമല്ല. മതം ചോദിച്ച് കലിമ ചൊല്ലാന്‍ പറഞ്ഞ് ശത്രു മതസ്ഥരെ ഉന്മൂലനം ചെയ്യുന്നതിന്റെ ഓമനപ്പേരാണ് ഇന്‍തിഫാദ. അല്ലാതെ കമ്മ്യൂണിസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതു പോലെ നിലനില്‍പ്പിനു വേണ്ടിയുള്ള നിഷ്‌കളങ്കമായ ഒരു പോരാട്ടമല്ല അത്. മാത്രമല്ല, ഇന്‍തിഫാദ എന്ന പദം ആഗോളമാനമുള്ള ഒരു പോരാട്ടത്തിനുള്ള ആഹ്വാനമാണ്. ബിന്‍ ലാദന്‍ ഉള്‍പ്പെടെയുള്ള തീവ്രവാദി നേതാക്കള്‍ ആഗ്രഹിച്ചിട്ടും സാധിക്കാതെ പോയ വിവിധ രാജ്യങ്ങളിലെ മതവൈവിധ്യങ്ങളെയും ആശയ വിവിധതകളെയും തുടച്ചുനീക്കുവാനുള്ള ആഗോള ജിഹാദിന്റെ വാള്‍മുനയാണ് ഇന്‍തിഫാദ. ഇത്തരം പോരാട്ടങ്ങള്‍ ലോകം മുഴുവന്‍ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഉണ്ടാക്കിയതാണ് ഇന്‍തിഫാദയെ ആഗോളവല്‍ക്കരിക്കുക (Globalise Intifada) എന്ന മുദ്രാവാക്യം. ഓരോ പ്രദേശങ്ങളിലും ഇതിന് ഓരോ മാനമാണ്. ഇത്തരം തീവ്രവാദ മുദ്രാവാക്യങ്ങള്‍ ഇസ്ലാമിക തീവവാദ സംഘടനകള്‍ ഉയര്‍ത്തുമ്പോഴെല്ലാം കൃത്യമായ മറുപടി നല്‍കാന്‍ ഭാരതത്തിന് സാധിച്ചിട്ടുണ്ട് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഓപ്പറേഷന്‍ സിന്ദൂര്‍. കൊണ്ടാലും പഠിക്കാത്ത അതിര്‍ത്തിയിലെ തീവ്രവാദികളും കണ്ടാലും പഠിക്കാത്ത ആഭ്യന്തര തീവ്രവാദികളും ഇന്‍തിഫാദക്ക് പരസ്യം നല്‍കുന്ന അംബാസിഡര്‍മാരും വികസിത ഭാരതത്തിന്റെ കരുത്തില്‍ പൂര്‍ണമായും ഉന്മൂലനം ചെയ്യപ്പെടുന്ന കാലം വിദൂരമല്ല.
(എബിവിപി സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)





















