ഇംഗ്ലീഷ് സാഹിത്യവിമര്‍ശകനും നോവലിസ്റ്റും ചിന്തകനുമായിരുന്ന കോളിന്‍ വില്‍സണ്‍ (1931-2013) 1956ല്‍ എഴുതിയ ‘ദ ഔട്ട്‌സൈഡര്‍’ എന്ന പുസ്തകം ഇരുപതാം നൂറ്റാണ്ടില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. സവിശേഷമായ ചിന്താരീതികൊണ്ടും മാനസികാവസ്ഥകൊണ്ടും സ്വന്തം ലോകത്ത് ഒറ്റപ്പെട്ടുപോകുന്ന എഴുത്തുകാരെക്കുറിച്ചായിരുന്നു ആ പുസ്തകത്തില്‍ പ്രതിപാദിച്ചത്. സാര്‍ത്ര്, ടി.എസ്. എലിയറ്റ്, ഹെര്‍മ്മന്‍ ഹെസ്സെ, ദസ്തയെവ്‌സ്‌കി, നീഷേ, ഹെമിംഗ്‌വേ തുടങ്ങിയവരോടൊപ്പം ഡച്ച് പെയിന്ററായ വിന്‍സന്റ് വാന്‍ഗോഗും അതില്‍ പുതിയ കലാകാരന്മാര്‍ എന്ന നിലയില്‍ അവതരിപ്പിക്കപ്പെട്ടു.
മനുഷ്യാവസ്ഥയെക്കുറിച്ചുള്ള സന്ദിഗ്ദ്ധതയാണ് അതില്‍ മുഖ്യമായും അന്വേഷിക്കുന്നത്. മനുഷ്യനെക്കുറിച്ച് അന്തിമമായ വിലയിരുത്തല്‍ ഇനിയും സാധ്യമല്ലെന്ന്, ചില കലാകാരന്മാര്‍ കടന്നുപോയ പ്രതിസന്ധിയെ മുന്‍നിര്‍ത്തി അദ്ദേഹം സ്ഥാപിക്കുകയാണ്. വാന്‍ഗോഗ്, ദ സ്റ്റാറി നൈറ്റ് (നക്ഷത്രാങ്കിതമായ രാത്രി) എന്ന പ്രശസ്തമായ ചിത്രം (1889) വരച്ചു. ലോകമെമ്പാടുമുള്ള കലാകാരന്മാരെയും കാണികളെയും അത് ഇന്നും ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. ഇളകിമറിക്കുന്ന നക്ഷത്രങ്ങളാണ് അതിലുള്ളത്. ആ നക്ഷത്രങ്ങള്‍ക്ക് എന്തോ സംഭവിച്ച പോലുണ്ട്. അത് സ്വയം രൂപാന്തരപ്പെടുന്ന പോലെ തോന്നും. ഒരുപക്ഷേ, ആ നക്ഷത്രങ്ങള്‍ വാന്‍ഗോഗിന്റെ മനസ്സിന്റെ അവസ്ഥയായിരിക്കും. എന്തായാലും ആ ചിത്രം മനുഷ്യമനസ്സിന്റെ ആഹ്‌ളാദം, പ്രതീക്ഷ, സഹാനുഭൂതി എന്നിവയെല്ലാമാണ് മനുഷ്യമനസ്സുകളില്‍ അങ്കുരിപ്പിച്ചത്. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ വാന്‍ഗോഗ് പറഞ്ഞു, മനുഷ്യന്റെ യാതനയ്ക്ക് ഒരു അവസാനവുമില്ലെന്ന്. ഇതില്‍ ഏതാണ് ശരിയെന്ന് കോളിന്‍ വില്‍സണ്‍ ചോദിച്ചു. ‘ദ സ്റ്റാറി നൈറ്റ്’ എന്ന ചിത്രത്തില്‍ കണ്ട ആഹ്‌ളാദം മിഥ്യയാണെങ്കില്‍, ജീവിതത്തിലെ ശാശ്വതമായ യാതനകളെ അവസാനം വാന്‍ഗോഗ് ശരിവയ്ക്കുകയായിരുന്നോ?
ഇതിനെക്കുറിച്ച് കോളിന്‍ വില്‍സണ്‍ ഇങ്ങനെ എഴുതി: ”മനുഷ്യന്‍ ഒരു കൃത്യമായ, സ്ഥിരമായ അവസ്ഥയല്ല. അവന്‍ ഒരു പരീക്ഷണമാണ്, മാറ്റമാണ്. പ്രകൃതിക്കും ആത്മാവിനുമിടയിലുള്ള ഇടുങ്ങിയതും ആപത്കരവുമായ ഒരു പാലമല്ലാതെ മറ്റൊന്നുമല്ല. അവന്‍ അത്യഗാധമായ ആഗ്രഹങ്ങള്‍ അവന്റെ പ്രകൃതിയിലേക്ക് മടക്കിക്കൊണ്ടുവരുന്നു. മനുഷ്യന്‍ ഒരു യാഥാസ്ഥിതിക ഇടത്തരക്കാരന്റെ ഒത്തുതീര്‍പ്പാണ്.
ഒരു ഔട്ട്‌സൈഡര്‍ അഥവാ അന്യന്‍ വിചാരപരമായി സ്വന്തം ശീലങ്ങളും നിയമങ്ങളുമാണ് ഉണ്ടാക്കുന്നത്. സ്വയം അന്വേഷിക്കുകയാണ് അയാളുടെ വിധി. അതിനായി അയാള്‍ പലതിനെയും ചോദ്യം ചെയ്യുന്നു. അവരുടെ ചുറ്റുമുള്ള ലോകം ചിലപ്പോള്‍ തീര്‍ത്തും അനുതാപരഹിതമായേക്കാം. കലാകാരന്‍ ആശയാവിഷ്‌കാരത്തിന്റെയും സത്യാന്വേഷണത്തിന്റെയും പേരില്‍ സ്വയം നുകം ഏറ്റെടുക്കുകയാണ്.
സ്വന്തം മൂല്യാന്വേഷണം
കോളിന്‍ വില്‍സണ്‍ ഈ പുസ്തകത്തിലാണ് കാല്പനിക കവികളിലും അന്യന്മാരുണ്ടെന്ന് പ്രഖ്യാപിച്ചത്. റൊമാന്റിക് ‘ഔട്ട്‌സൈഡര്‍’ എന്ന പദപ്രയോഗം കോളിന്‍ വില്‍സണിന്റേതാണ്.
എന്നാല്‍ സാഹിത്യകാരന്മാരിലും കലകാരന്മാരിലും അദ്ദേഹം കണ്ട അന്യനെ ഇന്ന് സാഹിത്യവിമര്‍ശകനിലാണ് കാണേണ്ടത്. സാഹിത്യകൃതിയുടെ മൂല്യാന്വേഷണമോ, പ്രഖ്യാപിതമായ പ്രമേയങ്ങളോ, കഥാപാത്രവിന്യാസമോ, ജീവിതാര്‍ത്ഥ വിചാരങ്ങളോ തനിക്ക് സ്വീകാര്യമല്ലെന്നാണ് നവീന വിമര്‍ശകന്‍ പറയുന്നത്. അയാള്‍ക്ക് വേറെ മൂല്യാന്വേഷണമാണുള്ളത്. അയാള്‍ സാഹിത്യകാരനോ കവിക്കോ വേണ്ടി എഴുതുന്നവനല്ല. ആരുടെയും പ്രചാരണം ഏറ്റെടുക്കുന്നതിലര്‍ത്ഥമില്ല. പ്രസാധകന്മാര്‍ സാഹിത്യകാരന്മാരെയാണ് ലാളിക്കുന്നത്; വിമര്‍ശകനെയല്ല. സാഹിത്യവിമര്‍ശകന്റെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ മിക്ക പ്രസാധകരും മടിക്കുന്നതിനു പിന്നില്‍ ദുഷ്ടലാക്കുണ്ട്. അതുകൊണ്ട് വിമര്‍ശകന്‍ കഷ്ടപ്പെട്ട് ഒരു പുസ്തകം പ്രസിദ്ധീകരിക്കുമ്പോള്‍, ലേഖനമെഴുതുമ്പോള്‍ അത് വെറുതെ മറ്റൊരാള്‍ക്ക് പ്രചാരം കിട്ടുന്നതിനുവേണ്ടിയാകരുത്. സ്വന്തം ആശയപരമായ, സൗന്ദര്യപരമായ അന്വേഷണമാകണം.
ഒരു സാഹിത്യരചനയുടെ പ്രമേയം, പാഠം, ശൈലി എന്നിവയെ ഗുണദോഷവിചാരം ചെയ്യുന്നവനല്ല വിമര്‍ശകന്‍. അങ്ങനെയുള്ള ധാരാളം ആളുകള്‍ എഴുതുന്നുണ്ട്. എന്നാല്‍ ഒരു നവീനചിന്ത, ഇവിടെ ആവശ്യമാണ്. നോവലിലോ കവിതയിലോ ആവിഷ്‌കരിച്ചിരിക്കുന്നത് എന്താണെന്ന് പരിശോധിക്കുകയും അതിനപ്പുറം പോയി പുതിയ ഒരു ടെക്സ്റ്റ് കണ്ടെത്തുകയുമാണ് പ്രധാനം. ഈ പുതിയ ടെക്സ്റ്റ് സാഹിത്യവിമര്‍ശകന്റെ സ്വന്തമായിരിക്കണം. പ്രതീകങ്ങള്‍, ഭാഷയുടെ താളം, വാക്കുകളുടെ അര്‍ത്ഥവ്യതിയാനങ്ങള്‍, മിത്തുകള്‍, കഥാകാരന്റെ വൈയക്തികമായ ചിന്തകള്‍ ഇതെല്ലാം ഉപയോഗിക്കാം. എന്നാല്‍ പുതിയ കണ്ടെത്തലും ടെക്സ്റ്റും അനിവാര്യമാണ്.
ഇടശ്ശേരിയുടെ കാവുകള്
മലയാളത്തിന്റെ മറഞ്ഞുപോയ സാംസ്‌കാരിക വികാരങ്ങളെ വേട്ടയാടിപ്പിടിച്ചുകൊണ്ടുവന്ന കവിയാണ് ഇടശ്ശേരി. സാമൂഹിക ജീവിതത്തിന്റെ അലിഖിതമായ ആത്മസത്തകളെ അത് ആവിഷ്‌കരിച്ചു. എവിടെയോ നമ്മള്‍ സ്വയം നഷ്ടപ്പെട്ടു എന്ന് തോന്നിയെങ്കില്‍, ഇടശ്ശേരിയെ വായിച്ചാല്‍ അത് കുറച്ചെങ്കിലും തിരിച്ചുകിട്ടാതിരിക്കില്ല. അദ്ദേഹത്തിന്റെ കവിതകളിലെ അമ്ല സ്വഭാവമുള്ള ചില വാക്യങ്ങള്‍ ചുവടെ….
-
കണ്ണീരില്‍ സ്വജീവിതം ചാലിച്ചിജ്ജഗത്തിന്റെ പുണ്ണിനു വീണ്ടും വീണ്ടും പുരട്ടിക്കഴുകയാല്‍.ദുരയുമസൂയയുമസഹിഷ്ണുതയും ചേര്‍ന്നുരുകുന്നു ദുര്‍ഭഗമേതോ ലോകമതെന്നോ സത്യം.(സത്യവും സൗന്ദര്യവും)
-
ഒരു പിടി മണ്ണാല്‍ മുടുക; മൂടപ്പെട്ടു കിടപ്പുണ്ടല്ലോ.നിരവധി താദൃശകുംഭം ശാശ്വത ശാന്തിയടഞ്ഞീ മണ്ണില്‍. (ചിതാഭസ്മം)
-
ബാലാതപമുടുത്തെത്തീകര്‍ക്കടകപ്പുലര്‍വേളകള്‍…
-
വിഷമുള്ളതിനെക്കൊന്നുമില്ലാത്തതു വിഴുങ്ങിയുംജീവിപ്പൂ; ജീവിതങ്ങള്‍ക്കെ-ന്താശംസിക്കാം പരസ്പരം.
-
വെളിച്ചം തൂകുന്നിടുന്നോളംപൂജാര്‍ഹം താനൊരാശയം. (പൊട്ടി പുറത്ത് ശീവോതി അകത്ത്)
-
ക്രൂരതേ, നീതാനത്രേ ശാശ്വതസത്യം!(പൂജാപുഷ്പം)
-
തടവിടപഞ്ഞളിലമരും മലരുകള്‍ തലയാട്ടുന്നുണ്ടെതിരെതടിനിയിലേക്കു പതിപ്പതുമുണ്ടാവ-തിരയുകയാമാ ദ്യുതിയേ(നീര്‍പ്പോളകള്‍)
-
അമ്പിളിക്കീറിന്നു പോകുവാനുണ്ടഴ;ലംബരത്തിണ്ണയില്‍പ്പറ്റി നിന്നു(നാലിതള്‍പ്പൂവ്)
-
ആനന്ദമെല്ലാം മറക്കലെന്നായ്ഞാനിരുട്ടാശിച്ചു കണ്ണടപ്പൂ.(ചിന്താശകലങ്ങള്‍).
വായന
രാമചന്ദ്രന്‍ എഴുതിയ ലേഖനത്തില്‍ (സാഹിത്യവിമര്‍ശം) എം.ഗോവിന്ദന്റെ ഒരു കവിതാശകലം ചേര്‍ത്തിട്ടുണ്ട്. ഉപ്പുസത്യഗ്രഹം, ക്വിറ്റിന്ത്യാസമരം എന്നിവ സംഭവിക്കാതിരുന്നെങ്കില്‍, ഗാന്ധിജി പിറക്കാതിരുന്നെങ്കില്‍ ഇന്ത്യാക്കാര്‍ക്ക് ഒന്നും സംഭവിക്കുകയില്ലായിരുന്നുവെന്ന് ആ കവിതയില്‍ വായിക്കാം. ഇത് എം.ഗോവിന്ദനാണ് എഴുതിയതെങ്കില്‍ അദ്ദേഹത്തിന്റെ പ്രതിഭയെപ്പറ്റി സംശയം ഉന്നയിക്കേണ്ടിവരും. ആരെങ്കിലും എഴുതുമോ ഇതുപോലെ? എം.ഗോവിന്ദന്റെ സാഹിത്യസംരംഭങ്ങള്‍ ഒരു ക്ലിക്കിനെ സൃഷ്ടിച്ചു. ആ ക്ലിക്കിനെപ്പറ്റി ഇപ്പോള്‍ ആര്‍ക്കും ഒരുമതിപ്പും തോന്നുകയില്ല. തങ്ങളുടെ നേട്ടം മാത്രം ലക്ഷ്യമാക്കി നീങ്ങുന്ന അവര്‍ തരം കിട്ടിയാല്‍ ധാര്‍മ്മിക മൂല്യങ്ങളെക്കുറിച്ച് ധര്‍മ്മപുത്രര്‍ തോറ്റു പോകുന്ന മട്ടില്‍ പ്രഭാഷണം നടത്തിക്കളയും!
നല്ലൊരു കഥാകൃത്താണ് രവിവര്‍മ്മ തമ്പുരാന്‍. അദ്ദേഹത്തിന്റെ ‘ഓര്‍മ്മനിരോധനം’ എന്ന കൃതിയെപ്പറ്റി സുരേഷ് എം.ജി എഴുതിയ ലേഖനം (നിരോധിക്കപ്പെടേണ്ട ഓര്‍മ്മകള്‍, ഗ്രന്ഥാലോകം) വായിച്ചു. ഓര്‍മ്മകള്‍ അധികമായാല്‍ വര്‍ത്തമാനകാലം പിന്നെ ഉണ്ടാകില്ല. എന്നാല്‍ ഓര്‍മ്മകള്‍ തീരെ ഇല്ലാതായാല്‍ നാം വെറും ജഢമാണ്.
‘സാഹിത്യലോകം’ പുതിയ ലക്കം കഥാകാരി സരസ്വതിയമ്മയ്ക്ക് വേണ്ടി നാല്പത്തിയാറ് പേജ് നീക്കിവച്ചിരിക്കുന്നു. ഒന്നോ രണ്ടോ ലേഖനങ്ങളില്‍ തീര്‍ക്കാമായിരുന്നു. രണ്ടുമാസം കൂടുമ്പോള്‍ പോലും പുറത്തുവരുന്ന പ്രസിദ്ധീകരണമല്ല ‘സാഹിത്യലോകം’ എന്നോര്‍ക്കണം. തുടരെത്തുടരെയുള്ള അവഗണന സരസ്വതിയമ്മയെ അകര്‍മ്മണ്യതയിലേക്ക് ആഴ്ത്തിയെന്ന് ഡോ.എം. ലീലാവതി നിരീക്ഷിക്കുന്നുണ്ട്. ഉറങ്ങാത്ത ഈ കടല്‍ എന്റെ അമ്മയാണെന്ന് മണമ്പൂര്‍ രാജന്‍ബാബു എഴുതുന്നു (അമ്മക്കടല്‍, ഭാഷാപോഷിണി). കടല്‍ കരയുകയാണ്, തന്റെ മകനുവേണ്ടി എന്ന് കവി പറയുന്നു.
സംഗീതസംവിധായകന്‍ എം.എസ്. ബാബുരാജിനെക്കുറിച്ച് ദിനേശ് വര്‍മ്മ എഴുതിയ ലേഖനം (പ്രഭാതരശ്മി) ശ്രദ്ധേയമാണ്. ബാബുരാജിനെ സിനിമാലോകം തളര്‍ത്തി, തകര്‍ത്തെറിഞ്ഞതാണ്. എന്തുകൊണ്ടാണ് പെട്ടെന്ന് അദ്ദേഹത്തിന് അവസരം നഷ്ടമായത്? നല്ല പാട്ടുകള്‍ വേണ്ടെന്ന് ചിന്തിക്കുന്നവര്‍ അന്നുമുണ്ടായിരുന്നു!
എന്‍.ഇ.ബാലറാമിനെക്കുറിച്ച് മുസാഫിര്‍ എഴുതിയ ലേഖനം (ധിഷണയുടെ ജ്വാലാമുഖം, മലയാളം) നല്ലൊരു വായനക്കാരന്റെയും എഴുത്തുകാരന്റെയും ഓര്‍മ്മകള്‍ തിരിച്ചുകൊണ്ടുവന്നു. ബാലറാമിന്റെ സാഹിത്യ വീക്ഷണത്തിന് ഇപ്പോള്‍ പ്രസക്തിയുണ്ടോ എന്നറിയില്ല. എങ്കിലും അദ്ദേഹം വിസ്മരിക്കപ്പെടുകയാണ് എന്ന സത്യം അവശേഷിക്കുന്നു.
പ്രപഞ്ചാനുഭവം ജഡരൂപദര്‍ശനമാണെന്നും അതാകട്ടെ ഈശ്വരസത്തയില്‍ നിന്ന് രൂപംകൊണ്ടതാണെന്നും കൊടുവഴങ്ങ ബാലകൃഷ്ണന്‍ (ഹംസധ്വനി) എഴുതുന്നു. വിഷ്ണുസഹസ്രനാമത്തില്‍ രണ്ടാം പദ്യത്തില്‍ പുരുഷ: എന്ന് കാണാം. പുരുഷന്‍ എന്നാല്‍ പുരത്തില്‍ അഥവാ ശരീരത്തില്‍ വസിക്കുന്നവനാണ്. ശരീരരൂപങ്ങളിലെല്ലാം ആ പുരുഷനുണ്ട്.
സുഗതകുമാരിയുടെ ‘ഒരുപിടി കവിതകള്‍’ (മാതൃഭൂമി) നന്നായി. ‘ആര്‍ദ്രം’ എന്ന കവിതയിലെ ഈ വരികള്‍ ഗാഢമാണ്.
”ഇരുളില്‍ നിന്നു ഞാന്‍ പിന്നോട്ട് പിന്നോട്ട്
മിഴിയയയ്ക്കവേ എന്തൊരസ്വസ്ഥത!”
കല്പറ്റ നാരായണന്റെ കുടം (മലയാളം) തീരെ ഏശിയില്ല എന്നറിയിക്കട്ടെ. പൊട്ടിയ കുടം, ആത്മഹത്യ, പീഡനം തുടങ്ങിയവയെല്ലാം ചേര്‍ത്തുവയ്ക്കാന്‍ കല്പറ്റ ശ്രമിക്കുന്നുണ്ട്. പക്ഷേ ചേരുന്നില്ല. എഴുത്തിലും പബ്‌ളിസിറ്റിയിലും പ്രസിദ്ധീകരണത്തിലുമെല്ലാം വിവേചനമുള്ളതായി ഷീബ ഇ.കെ. (എഴുത്ത്) പറയുന്നതില്‍ കഴമ്പുണ്ട്. ഇതൊക്കെ ചിലര്‍ ഇന്ന് ഉപജാപം നടത്തി നേടുന്നതാണെന്ന് പരക്കെ ആക്ഷേപമുണ്ട്.
നമ്മുടെ സ്‌കൂളുകളില്‍ ചിത്രകല പഠിപ്പിക്കുന്ന രീതിയില്‍ മാറ്റം വരുത്തണമെന്ന് വിജയകുമാര്‍ മേനോന്‍ അഭിപ്രായപ്പെടുന്നത് വളരെ പ്രസക്തമാണ്. ഇന്ന് പത്താംക്ലാസ് പാസ്സാകുന്ന ഒരു കുട്ടിക്ക് ലോകചിത്രകലയിലെ പത്ത് പ്രമുഖരുടെ പേര് അറിയില്ല. ഒരു റിട്ടയേര്‍ഡ് ചിത്രകലാദ്ധ്യാപകനോട് ഹെന്റി മാറ്റിസ് എന്ന് പറഞ്ഞപ്പോള്‍ അതാരാണ് എന്ന് ചോദിക്കുകയുണ്ടായി! വാന്‍ഗോഗിനെക്കുറിച്ച് ഞാനൊരു നോവല്‍ എഴുതി എന്ന് ഒരു റിട്ടയേര്‍ഡ് ഹൈസ്‌കൂള്‍ അദ്ധ്യാപകനോട് പറഞ്ഞപ്പോള്‍ ആ പേര് ആദ്യം കേള്‍ക്കുകയാണെന്ന് അദ്ദേഹം നിഷ്‌കളങ്കമായി പറഞ്ഞു. ഇത് മാറണം.
നുറുങ്ങുകള്‍
- അക്കിത്തത്തിന്റെ കവിതകള്‍ പുസ്തകമാക്കാന്‍ ചില പ്രസാധകര്‍ തയ്യാറായില്ല. വര്‍ഷങ്ങളോളം മാതൃഭൂമി ആഴ്ചപ്പതിപ്പ് അദ്ദേഹത്തിന്റെ കവിതകള്‍ പ്രസിദ്ധീകരിച്ചില്ല. ജ്ഞാനപീഠലബ്ധി, അദ്ദേഹത്തെ വീണ്ടും ചര്‍ച്ചചെയ്യാന്‍ സഹായിക്കുന്നുണ്ട്.
- ഹൈസ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കലാമൂല്യമുള്ള സിനിമയെക്കുറിച്ച് മനസ്സിലാക്കാന്‍ ഇവിടെ ഒന്നും തന്നെയില്ല. സത്യജിത് റായെ അവര്‍ അറിയുന്നില്ല. എന്നാല്‍ മണിരത്‌നത്തെ അറിയാം. ഇത് ദുര്യോഗമാണ്.
- അമേരിക്കന്‍ – ബ്രിട്ടീഷ് കവി ടി.എസ്. എലിയറ്റിനെക്കുറിച്ച് തയ്യാറാക്കിയ ഒരു പുസ്തകത്തില്‍ ലോകപ്രശസ്ത വിമര്‍ശകനായ ഹാരോള്‍ഡ് ബ്ലും ഇങ്ങനെ എഴുതുന്നു: ഒരു എഴുത്തുകാരന്‍ അയാളെ എത്രമാത്രം സ്വാധീനിക്കുന്നു എന്നത് ഇനിയും കണ്ടെത്തപ്പെടാത്ത ഒരു വിഷയമായി സാഹിത്യവിമര്‍ശനത്തില്‍ അവശേഷിക്കുന്നു. ഹാംലറ്റില്‍ ഷേക്‌സ്പിയര്‍ എത്രമാത്രം പ്രതിഫലിക്കുന്നു എന്ന പ്രശ്‌നം നിലനില്‍ക്കുന്നു.