- വസിഷ്ഠസന്ദേശം (വിശ്വാമിത്രന്‍ 1)
- വസിഷ്ഠസല്‍ക്കാരം (വിശ്വാമിത്രന്‍ 2)
- കാമധേനു ( വിശ്വാമിത്രന്‍ 3)
- മഹാദേവന്റെ ദിവ്യധനുസ്സ് (വിശ്വാമിത്രന്‍ 48)
- ബ്രഹ്മര്‍ഷി (വിശ്വാമിത്രന്‍ 4)
- വസിഷ്ഠചിന്ത (വിശ്വാമിത്രന്‍ 5)
- കന്യാകുബ്ജം (വിശ്വാമിത്രന്‍ 6)
രഥത്തിന്റെ വേഗത കുറഞ്ഞപ്പോഴാണ് രഥം കൊട്ടാരകവാടത്തില്‍ എത്തിയത് ജനകന്‍ അറിഞ്ഞത്. ജനകന്റെ ചിന്ത പെട്ടെന്ന് മുറിഞ്ഞുപോയി.
കൊട്ടാരത്തിന്റെ പ്രധാന കവാടത്തില്‍ എത്തിയിട്ടും പാരമ്പര്യമുള്ള ഒരു രാജകൊട്ടാരത്തിന്റെ പ്രൗഢി വിളിച്ചോതുന്ന ഒന്നും രാമന്‍ അവിടെ കണ്ടില്ല. പ്രധാന കവാടത്തിനു മുകളിലായി അറിവിന്റെ ദേവതയുടെ വലിയ ഒരു രൂപം കൊത്തിവച്ചിട്ടുണ്ട്. അതിനു ചുവട്ടില്‍ അകലെനിന്നും വായിക്കാന്‍ കഴിയും വിധം, ‘സത്യമേവ ജയതേ’ എന്നു എഴുതിവച്ചത് ശ്രദ്ധിച്ചു. അതിനടിയില്‍ വിജ്ഞാനത്തിന്റെ മഹത്വം വിളിച്ചോതുന്ന വിശേഷപ്പെട്ട പല ഉപനിഷത് വാക്യങ്ങളും എഴുതിവച്ചത് ശ്രദ്ധിച്ചു. അതു വായിക്കാന്‍ ശ്രമിക്കുമ്പോഴേയ്ക്കും രഥം കൊട്ടാരക്കെട്ടിനകത്ത് പ്രവേശിച്ചു കഴിഞ്ഞു.
മഹാമുനിയെ ആദ്യം സ്വീകരിച്ചിരുത്തേണ്ടത് യജ്ഞശാലയില്‍ ആയതുകൊണ്ട് ആദ്യം യജ്ഞശാലയുടെ കവാടത്തിലേക്കാണ് രഥം പോയത്. വിശ്വാമിത്രന്‍ എത്തി എന്നറിഞ്ഞ് അധ്യേതാക്കളായ നാനാദേശവാസികളായ അനവധി കുമാരന്മാര്‍ ആശ്രമത്തിലെ ആചാര്യന്മാരോടൊപ്പം മുനിയെ വന്ദിക്കാനായി യജ്ഞകവാടത്തിലേക്ക് ഓടിയെത്തി. വിശ്വാമിത്രന്‍ രഥത്തില്‍നിന്നും ഇറങ്ങിയതും അവരെല്ലാം ആദരവോടെ ഗുരുശ്രേഷ്ഠന്റെ അടുത്തെത്തി വന്ദിച്ചു. മുനിമാരോടു കുശലപ്രശ്‌നങ്ങള്‍ നടത്തിക്കൊണ്ട് വിശ്വാമിത്രന്‍ അവരുടെ കൂട്ടത്തില്‍ ഒരാളായി.
”അങ്ങയുടെ സന്ദര്‍ശനത്താല്‍ എന്റെ യജ്ഞം ദേവകള്‍ സഫലമാക്കിയിരിക്കുന്നു. അതുവഴി യജ്ഞഫലവും നേടി ഞാന്‍ അനുഗൃഹീതനായി” വിനയത്തോടെ ജനകന്‍ എല്ലാവരും കേള്‍ക്കെ ഉച്ചത്തില്‍ വിശ്വാമിത്രനോടു പറഞ്ഞു.
ജനകന്റെ വാക്കുകള്‍ കേട്ട് സന്തുഷ്ടനായ വിശ്വാമിത്രന്‍ ജനകനെ കൈകള്‍ ഉയര്‍ത്തി ആശീര്‍വദിച്ചു. അല്പനേരത്തെ സംഭാഷണത്തിനുശേഷം സഭാമണ്ഡപത്തിലേക്കു പോകാനായി വിശ്വാമിത്രന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ജനകന്‍തന്നെ അവിടേക്ക് ആനയിച്ചു. വിശ്വാമിത്രന്‍ എത്തിയതറിഞ്ഞ് കൊട്ടാരമാകെ ഉണര്‍ന്നിരുന്നു. രാമനും ലക്ഷ്മണനും സഭാമണ്ഡപത്തിലേക്ക് നടന്നടുക്കുമ്പോള്‍ ആളുകളുടെ കണ്ണുകള്‍ മുഴുവന്‍ രാമനില്‍ തറഞ്ഞുനിന്നു. കൊട്ടാരത്തിലായിട്ടും ആശ്രമത്തിന്റെ നിശ്ശബ്ദതയാണ് എല്ലായിടവും കളിയാടുന്നത്.
”മഹാഗുരോ, അങ്ങയുടെ പാദസ്പര്‍ശത്താന്‍ മിഥിലയിലെ സഭാമണ്ഡപത്തെ അങ്ങ് ധന്യമാക്കിയാലും. അതിഥികളായി എത്തിയ കുമാരന്മാരെ സ്വീകരിക്കാന്‍ സഭാമണ്ഡപം ഒരുങ്ങിക്കഴിഞ്ഞു. മഹാദേവന്റെ ധനുസ്സ് അനേകം ഭടന്മാരുടെ സഹായത്താല്‍ സഭാമണ്ഡപത്തില്‍ നേരത്തെ തന്നെ എത്തിച്ചിട്ടുണ്ട്” ജനകന്‍ പറഞ്ഞു.
ചുറ്റുപാടും കണ്ണോടിച്ചപ്പോള്‍ അയോദ്ധ്യയുടെ ആര്‍ഭാടങ്ങളില്‍നിന്നും തികച്ചും വ്യത്യസ്തമായിട്ടാണ് മിഥിലയിലെ കൊട്ടാരക്കെട്ടുകളെ ലക്ഷ്മണന്‍ കണ്ടത്. എല്ലാവരും കൗതുകത്തോടെ തങ്ങളെ നോക്കുന്നത് ലക്ഷ്മണന്‍ ശ്രദ്ധിച്ചു. സഭാമണ്ഡപം ആകെ അണിഞ്ഞൊരുക്കിയിരുക്കുന്നു.
കൊട്ടാരത്തിലെത്തുന്ന രാജാക്കന്മാരും മഹര്‍ഷിമാരും ധനുസ്സ് കാണാതെ പോകാറില്ല. അതുകൊണ്ട് മഹാദേവന്റെ വിശേഷപ്പെട്ട ധനുസ്സ് പ്രത്യേകം അലങ്കരിച്ചാണ് സൂക്ഷിക്കുന്നത്. ധനുസ്സ് പ്രവര്‍ത്തിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനു വേണ്ട സൗകര്യവും സഭാമണ്ഡപത്തില്‍ ഒരുക്കിയിട്ടുണ്ട്.
അതിഥികളെ സ്വീകരിക്കാന്‍ സദസ്സില്‍ ഇരുന്നവരെല്ലാം ആദരവോടെ എഴുന്നേറ്റ് നിന്നു. വിശ്വാമിത്രനു പിന്നാലെ ജനകന്‍ സദസ്സിലേക്കു വന്നു. ജനകനു പിന്നിലായി സഹോദരന്‍ കുശധ്വജനുമുണ്ട്. ജനകന്‍ സിംഹാസനത്തിനടുത്ത് എത്തിയിട്ടും ഇരുന്നില്ല.
”മിഥിലയെ ധന്യമാക്കാന്‍ അങ്ങ് ഈ സിംഹാസനത്തില്‍ ഇരുന്നാലും” ജനകന്‍ വിശ്വാമിത്രനോട് പറഞ്ഞു.
നിലനില്‍ക്കുന്ന ആചാരത്തിനു വിരുദ്ധമായ കാര്യമാണ് സദസ്സിലുള്ളവര്‍ ജനകനില്‍നിന്നും കേട്ടത്. എന്നാല്‍ താന്‍ ഈ സിംഹാസനം ഉപേക്ഷിച്ച ഋഷിയാണെന്ന് ജനകന്‍ എന്തേ ഓര്‍ത്തില്ല എന്ന മട്ടില്‍ വിശ്വാമിത്രന്‍ സിംഹാസനത്തില്‍ ഇരിക്കാതെ ജനകനെ പുഞ്ചിരിയോടെ നോക്കി. സഭാനടപടികള്‍ നടക്കുമ്പോള്‍ സിംഹാസനത്തിനടുത്ത് അല്പം താഴെയാണ് രാജഗുരു ഇരിക്കുക. തൊഴുകയ്യുമായി എഴുന്നേറ്റ് നില്‍ക്കുന്ന ശതാനന്ദമഹര്‍ഷിയുടെ അടുത്തേക്ക് വിശ്വാമിത്രന്‍ ചെന്നു. അപ്പോഴും ജനകന്‍ തന്റെ സിംഹാസനത്തില്‍ ഇരിക്കാതെ സന്തോഷത്തോടെ എല്ലാവരെയും വീക്ഷിച്ചുകൊണ്ട് നിന്നു.
ശതാനന്ദന്‍മഹര്‍ഷി വിശ്വാമിത്രനെ ഏതിരേറ്റ് തന്റെ ഇരിപ്പിടത്തില്‍ കൊണ്ടിരുത്തി. രാമനും ലക്ഷ്മണനും മുനിമാരുടെ ഇരു വശങ്ങളിലുമായി നിന്നു.
രാമന്റെ കണ്ണുകള്‍ കൊട്ടാരത്തിനുള്ളില്‍നിന്ന് തിക്കിത്തിരക്കുന്നവരുടെ കൂട്ടത്തില്‍ ആരേയോ തേടുന്നുണ്ടെന്ന് ലക്ഷ്മണന് തോന്നി. സഭാനടപടികള്‍ നിയന്ത്രിക്കാന്‍ ചുമതലപ്പെട്ട രാജകീയ ഉദ്യോഗസ്ഥന്‍ അപ്പോഴേക്കും കുമാരന്മാരെ സഭയുടെ വലതുവശത്ത് അതിഥികള്‍ക്കായി ഒരുക്കിയിട്ടുള്ള സ്ഥലത്തേക്ക് ആനയിച്ചു.
*****
സഭമണ്ഡപത്തില്‍ ഇരിക്കുന്ന അതിഥികളെ സീത കിളിവാതിലിലൂടെ നോക്കി. അവള്‍ക്ക് അവരെ നന്നായി കാണാന്‍ കഴിഞ്ഞില്ല. അപ്പോള്‍ ഊര്‍മ്മിള ഒരു കള്ളച്ചിരിയുമായി സീതയുടെ അടുത്തേയ്ക്കു വന്ന് കഴുത്തില്‍ കൈകൊണ്ട് ചുറ്റി കവിളില്‍ ഉമ്മവച്ചു. ഇവള്‍ക്ക് എന്ത് പറ്റി എന്ന മട്ടില്‍ സീത ഊര്‍മ്മിളയെ നോക്കി.
”സഭാമണ്ഡപത്തില്‍ പോയി മഹാമുനിയെ വന്ദിക്കാന്‍ മാതാശ്രീ കല്പിച്ചിരിക്കുന്നു. ഞാന്‍ എവിടെയെല്ലാം ജ്യേഷ്ഠത്തിയെ തേടി നടന്നു.” ഊര്‍മ്മിള പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
സീത ഊര്‍മ്മിളയോടു പറയാതെയാണ് അവിടേക്കു വന്നത്. ഊര്‍മ്മിളയുടെ വാക്കുകള്‍ സീതയെ കൂടുതല്‍ സന്തോഷിപ്പിച്ചു. താന്‍ കാണാന്‍ ആഗ്രഹിച്ച ആളെ അടുത്തു പോയി കാണമല്ലോ എന്നോര്‍ത്ത് സീതയുടെ ഹൃദയം പുളകമണിഞ്ഞു. രാമന്‍ വില്ല് കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച കാര്യം സീത അറിഞ്ഞിരുന്നു. എന്നാല്‍ തന്നെ സ്വീകരിക്കാന്‍ അദ്ദേഹത്തിന് താല്പര്യമുണ്ടെങ്കില്‍ മാത്രമേ അതു എടുത്തു പ്രയോഗിക്കാന്‍ ശ്രമിക്കേണ്ടതുള്ളു.
രാമന്‍ ജാതിചിന്തയില്‍ വിശ്വസിക്കുന്നില്ലെന്നും അനാചാരങ്ങളോട് പൊരുതുന്ന ആളാണെന്നും അഹല്യദേവിയെ ഭ്രഷ്ടില്‍നിന്ന് മോചിപ്പിച്ചത് അറിഞ്ഞപ്പോള്‍ സീത മനസ്സിലാക്കി. രാമനെ ഭര്‍ത്താവായി ലഭിക്കുന്നതുവഴി അദ്ദേഹത്തിന്റെ അനീതിക്കെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളിയാകാനുള്ള ഭാഗ്യമാണ് ലഭിക്കുന്നതെന്ന് സീതയ്ക്കറിയാം. എന്നാല്‍ പിതാവ് മഹാദേവന്റെ ധനുസ്സുമായി തന്റെ വിവാഹത്തെ ബന്ധിപ്പിച്ചിതിനാല്‍ തന്റെ മോഹം നടക്കുമോ എന്ന് സീത ശങ്കിച്ചു.
രാജകുമാരിമാര്‍ കൊട്ടാരത്തിന്റെ അന്തപ്പുരത്തില്‍ ഒതുങ്ങി കഴിയേണ്ടവരല്ലെന്നും രാജകുമാരന്മാരെപ്പോലെ കൊട്ടാരത്തില്‍ എവിടേയും എപ്പോഴും കടന്നുചെല്ലാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ടെന്നും കുട്ടിക്കാലം മുതലെ മക്കളെ ജനകന്‍ പഠിപ്പിച്ചിരുന്നു. അതിനാല്‍ കൊട്ടാരത്തിലെ സഭാസമ്മേളനങ്ങളില്‍ സീതയും ഊര്‍മ്മിളയും പലപ്പോഴും പങ്കെടുക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ എന്തുകൊണ്ടോ സഭയിലേക്കു പോകാന്‍ ഇഷ്ടമുണ്ടെങ്കിലും തെല്ലൊരു നാണം സീതയെ ബാധിച്ചു. എങ്കിലും അവള്‍ തന്റേടത്തോടെ സഭയിലേയ്ക്കു നടന്നു.
പതിവില്‍നിന്ന് വ്യത്യസ്തമായി സീത ഊര്‍മ്മിളയുടെ പിന്നിലായാണ് സഭാമണ്ഡപത്തിലേക്ക് കടന്നുവന്നത്. എന്നാല്‍ വിശ്വാമിത്രന്റെ അടുത്തെത്തിയതും ആദ്യം മുനിയെ നമസ്‌കരിച്ചത് സീത ആയിരുന്നു. കുമാരന്മാരെ വന്ദിക്കാനും അവര്‍ ശ്രദ്ധിച്ചു. ഇരുവരേയും വിശ്വാമിത്രന്‍ തലയില്‍ കൈവച്ച് അനുഗ്രഹിച്ചു. സീതയുടെ മുഖത്തുണ്ടായ ലജ്ജ അവളെ കൂടുതല്‍ സുന്ദരിയാക്കിയിരുന്നു.
സീതയുടെ മുഖത്തുനിന്ന് തന്റെ കണ്ണുകളെ പിന്‍വലിക്കാന്‍ രാമന്‍ വല്ലാതെ പണിപ്പെട്ടു. സീത അവളുടെ മുടി മനോഹരമായി കെട്ടിവച്ചിരുന്നുവെങ്കിലും കുറുനിരകള്‍ നെറ്റിയിലേക്ക് അശ്രദ്ധമായി വീണുകിടന്നു. എവിടെനിന്നോ കടന്നുവന്ന ഇളം കാറ്റില്‍ ആ കുറുനിരകള്‍ ഇളകിക്കൊണ്ടിരുന്നു. സീതയുടെ മനോഹരമായ നാസികയ്ക്ക് എന്തോ, പ്രത്യേകത ഉള്ളതായി രാമന് അനുഭവപ്പെട്ടു. ബ്രഹ്മാവ്, അവളുടെ നാസിക കടഞ്ഞെടുക്കാനാകും ഏറ്റവും കൂടുതല്‍ സമയം എടുത്തിട്ടുണ്ടാവുക. തന്റെ ഹൃദയം എന്താണ് ഇങ്ങനെ ശക്തമായി മിടിക്കുന്നത്? എന്തുകൊണ്ട് തനിക്ക് സ്വയം നിയന്ത്രിക്കുവാന്‍ കഴിയുന്നില്ല. രാമന്‍ സ്വയം ശാസിച്ച് തനിക്കുള്ളിലെ ശാന്തിയെ നിലനിര്‍ത്താന്‍ ശ്രമിച്ചുകൊണ്ട് ചുണ്ടില്‍ വിരിഞ്ഞ പുഞ്ചിരി അതെ രൂപത്തില്‍ നിലനിര്‍ത്താന്‍ വല്ലാതെ പണിപ്പെട്ടു.
ലക്ഷ്മണന്റെ കണ്ണുകള്‍ പിന്നില്‍നിന്ന ഊര്‍മ്മിളയില്‍ തറഞ്ഞുകിടന്നു. രാജകുമാരിമാര്‍ സഭമണ്ഡപത്തിനോടു ചേര്‍ന്നുള്ള, സാധാരണ സഭ നടക്കുമ്പോള്‍ പരാതിക്കാര്‍ക്ക് ഇരിക്കാനുള്ള സ്ഥലത്ത് പോയിരുന്നു. ഔദ്യോഗികമായി സഭ സമ്മേളിക്കുന്ന സന്ദര്‍ഭത്തില്‍ അവര്‍ രാജാവിന്റെ പീഠത്തിന് പിന്നിലുള്ള പീഠങ്ങളിലാണ് ഇരിക്കുക.
ജനകനുമായി രാജ്യകാര്യങ്ങളെക്കുറിച്ചു മാത്രമല്ല, രാജ്യസുരക്ഷയെക്കുറിച്ചും ആര്യാവര്‍ത്തത്തിലെ രാജാക്കന്മാരെക്കുറിച്ചും ഋഷിമാരെക്കുറിച്ചും ഗൗരവത്തിലാണ് വിശ്വാമിത്രന്‍ സംസാരിച്ചത്. വിശ്വാമിത്രന്‍ ഒരു ആചാര്യനെപ്പോലെയല്ല നീതിമാനായ രാജാവിനെപ്പോലെയാണ് സംസാരിക്കുന്നതെന്ന് അതു കേട്ടവര്‍ക്കെല്ലാം തോന്നി.
വിശ്വാമിത്രന്‍ ജനകനുമായി മിഥിലയിലെ ജനങ്ങളുടെ ക്ഷേമകാര്യങ്ങള്‍ സംസാരിച്ചിരിക്കുമ്പോള്‍ രാമന്‍ സീതയെയാണ് ശ്രദ്ധിച്ചത്. താന്‍ ഇരിക്കുന്നതിന്റെ അല്പം അകലെയായിട്ടാണ് സീത ഇരിക്കുന്നത്. എങ്കിലും സാധാരണ സ്ത്രീകളെക്കാള്‍ കൂടുതല്‍ ഉയരം ഉള്ളതുകൊണ്ട് രാമന് അവളെ നന്നായി കാണാന്‍ കഴിഞ്ഞു. തന്നോളം തന്നെ പൊക്കം അവള്‍ക്കുണ്ടാവുമെന്നും അവളുടെ മെലിഞ്ഞ ശരീരം ഒരു പടയാളിയെപ്പോലെ കരുത്തുള്ളതാണെന്നും രാമന് തോന്നി. രാജസദസ്സിലാണ് ഇരിക്കുന്നതെന്ന ചിന്തപോലും രാമന് നഷ്ടപ്പെട്ടു. സീതയെ ഇമവെട്ടാതെ നോക്കുന്ന ജ്യേഷ്ഠനെ കണ്ടപ്പോള്‍ ലക്ഷ്മണന്‍ ജ്യേഷ്ഠന്റെ കയ്യില്‍ അമര്‍ത്തിപ്പിടിച്ചു. രാമന്‍ പെട്ടെന്ന് തന്റെ കണ്ണുകളെ പിന്‍വലിച്ചു. എങ്കിലും സീതയുടെ മുഖം വീണ്ടും കാണാന്‍ ആഗ്രഹിച്ചു.
സ്രഷ്ടാവ് തന്റെ എല്ലാ കഴിവുകളും ഒരുമിച്ചു ചേര്‍ത്ത് പരിപൂര്‍ണമായ ഒരു സ്ത്രീയുടെ മുഖമാണ് ഇവള്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. മോഹനമായ സൗന്ദര്യം മാത്രമല്ല ഇച്ഛാശക്തി സ്ഫുരിക്കുന്ന കണ്ണുകളാണ് അവള്‍ക്കുള്ളത്. വിടര്‍ന്ന കണ്ണുകള്‍ അത്ര വലുതല്ലെങ്കിലും വളഞ്ഞ പുരികക്കൊടികള്‍ക്ക് എന്തോ വശ്യതയുണ്ട്. ധനുസ്സിനെക്കുറിച്ച് മാത്രം അതുവരെ ചിന്തിച്ചിരുന്ന തന്റെ ചിന്ത പെട്ടെന്ന് സീതയിലേയ്ക്ക തിരിഞ്ഞല്ലോ എന്നോര്‍ത്തപ്പോള്‍ രാമന് ലജ്ജ തോന്നി.
സീതയും രാമനെത്തന്നെയാണ് ശ്രദ്ധിച്ചത്. രാമന്റെ മുഖത്ത് സന്തോഷം നിറഞ്ഞുനില്‍ക്കുമ്പോഴും ഗൗരവത്തിന് തെല്ലും കുറവില്ല. കഠിനമായ ശിക്ഷണത്തില്‍ രാമന്‍ ശരീരത്തെ ബലിഷ്ഠങ്ങളാക്കി മാറ്റിയിട്ടുണ്ട്. മഹാദേവന്റെ വില്ല് കാണണമെന്ന് രാമന്‍ ആഗ്രഹിച്ചത് എന്തുകൊണ്ടാവും?
”മഹാരാജന്‍ മഹാദേവന്റെ ദിവ്യമായ ധനുസ്സ് കാണാന്‍ കുമാരന്മാരെ അനുവദിച്ചാലും” രാജ്യകാര്യങ്ങള്‍ സംസാരിച്ചു കഴിഞ്ഞപ്പോള്‍ വിശ്വാമിത്രന്‍ പറഞ്ഞത് രാജസദസ്സിലെ എല്ലാവരും ഒരു മുഴക്കത്തോടെയാണ് കേട്ടത്.
”തീര്‍ച്ചയായും … ” ജനകന്‍ സന്തോഷത്തോടെ പറഞ്ഞു.
പൂജാഗൃഹത്തില്‍ നിന്ന് നേരത്തെ തന്നെ ധനുസ്സ് സഭാമണ്ഡപത്തില്‍ എത്തിച്ചിട്ടുണ്ടായിരുന്നു. സഭാഗൃഹത്തിന്റെ കിഴക്കുവശത്തായി അലങ്കരിച്ച ശകടത്തിലിരിക്കുന്ന ധനുസ്സ് സഭാമണ്ഡപത്തിന്റെ മുന്നിലേക്ക് കൊണ്ടുവരാനായി നൂറുകണക്കിന് ഭടന്മാര്‍ ജനകന്റെ കല്പനപ്രകാരം എത്തി. അവര്‍ വില്ലിന്റെ ഭാരം താങ്ങാന്‍ പ്രത്യേകമായ താളത്തില്‍ ഒത്തൊരുമിച്ചുണ്ടാക്കിയ ശബ്ദത്തോടെ ശകടത്തോടൊപ്പം വില്ല് എല്ലാവര്‍ക്കും കാണാന്‍ തക്കവിധം മണ്ഡപത്തിനു നടുവില്‍ എത്തിച്ചു. അപ്പോഴേയ്ക്കും സഭയില്‍ നടക്കുന്ന വിശേഷ കാഴ്ച കാണാനായി കൊട്ടാരത്തിലുള്ള എല്ലാവരും സ്ഥാനമാനങ്ങളും സ്ഥലകാലവും മറന്ന് സഭാമണ്ഡപത്തിനു ചുറ്റും തടിച്ചുകൂടി. കുമാരന്മാരെ കൗതുകത്തോടെ നോക്കുന്നതൊടൊപ്പം അവരുടെയെല്ലാം കണ്ണുകള്‍ അകലെ മാറിനില്‍ക്കുന്ന സീതയിലേയ്ക്കും നീണ്ടു. എല്ലാവരുടെയും മുഖത്ത് പ്രതീക്ഷയുടെ തിരിനാളം ജ്വലിക്കുന്നുണ്ട്.
രാമന്‍ ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റ് കണ്ണെടുക്കാതെ മഹാധനുസ്സില്‍ത്തന്നെ ദൃഷ്ടി ഉറപ്പിച്ചു. അതിനുശേഷം വിശ്വാമിത്രന്റെ നേരെയും ദൃഷ്ടി പായിച്ചു. രാമന്റെ ആ നോട്ടത്തിന്റെ അര്‍ത്ഥം മുനിക്ക് മനസ്സിലായി.
”മഹാരാജന്‍, അങ്ങയുടെ മകള്‍ സീതയെ ഈ ധനുസ്സ് പ്രയോഗിക്കാന്‍ അറിയുന്നത് അര്‍ക്കാണോ ആ മഹാപുരുഷന് നല്‍കുമെന്നാണല്ലോ അങ്ങ് വിളംബരം ചെയ്തിട്ടുള്ളത്?” വിശ്വാമിത്രന്‍ സൗമ്യമായി ജനകനോടു ചോദിച്ചു.
വിശ്വാമിത്രന്‍ സംശയനിവാരണം നടത്തുകയാണെന്ന് ജനകന് മനസ്സിലായി. കന്യാദാനവുമായി ബന്ധപ്പെട്ട വിളംബരം അയോദ്ധ്യയില്‍ എത്തിച്ചിരുന്നില്ല എന്ന കാര്യം തന്നെ ഓര്‍മ്മിപ്പിക്കുന്നതുപോലെയാണ് ആ വാക്കുകള്‍ ജനകന് തോന്നിയത്. അയോദ്ധ്യ ദുര്‍ബ്ബലമാണെന്നാണ് തനിക്കുകിട്ടിയ അറിവ്. എന്നാല്‍ വിശ്വാമിത്രന്റെ ഇടപെടലിലൂടെ അയോദ്ധ്യ കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്നതിന് സംശയമില്ല. അയോദ്ധ്യ ശക്തമാകുന്നതിലൂടെ ആര്യാവര്‍ത്തത്തിന്റെ ശാക്തീകരണമാണ് വിശ്വാമിത്രന്‍ ലക്ഷ്യമാക്കുന്നത്. അതിനായി നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണ്. ജനകന്റെ മനസ്സിലൂടെ പല ചിന്തകളും കടന്നുപോയി.
”അതെ, മഹാമുനേ, ആര്യാവര്‍ത്തത്തിലെ പല രാജാക്കന്മാരും ശ്രമം നടത്തിയിട്ടുണ്ട്. പക്ഷേ, അവരെല്ലാം അതില്‍ പരാജയപ്പെട്ടിരുന്നു.” ആ വില്ല് എടുത്ത് രാമന്‍ പ്രയോഗിക്കണമെന്ന് ആഗ്രഹിക്കുന്നതുപോലെ വിശ്വാമിത്രന്റെ ചോദ്യത്തിനുള്ള മറുപടിയായി ജനകന്‍ പറഞ്ഞു.
സീതയെ ലഭിക്കാന്‍ മാത്രമാണോ താന്‍ ഈ വില്ലെടുത്ത് കുലയ്‌ക്കേണ്ടത് എന്നാണ് അപ്പോള്‍ രാമന്‍ ആലോചിച്ചത്. ഈ വില്ല് എടുത്ത് പ്രയോഗിക്കാന്‍ വിശ്വാമിത്രന്‍ ആഗ്രഹിക്കുന്നത് തനിക്ക് വധുവിനെ കണ്ടെത്താന്‍ വേണ്ടി മാത്രമാവില്ല. തന്റെ പിതാവിനോടു ആലോചിക്കാതെയാണ് വിശ്വാമിത്രന്‍ തന്നെ ഇവിടേയ്ക്ക് കൂട്ടിക്കൊണ്ടുവന്നിട്ടുള്ളത്. വില്ലെടുത്ത് പ്രയോഗിക്കുന്നതില്‍ വിജയിക്കുകയാണെങ്കില്‍ സീത തന്റെ ജീവിതത്തിലേയ്ക്ക് കടന്നുവരും. അങ്ങനെയെങ്കില്‍ പിതാവിന്റെ അനുവാദമില്ലാതെ താന്‍ ഈ കര്‍മ്മത്തില്‍ ഏര്‍പ്പെടുന്നത് ഉചിതമാണോ? ഗുരു അനുവാദം നല്‍കിയാല്‍ പിതാവിന് അതിനെതിരെ ഒന്നും പറയാന്‍ കഴിയില്ല. ഗുരു പിതാവിന് തുല്യമാണ്.
ഗുരുവിന്റെ ആജ്ഞകള്‍ ശിരസ്സാവഹിക്കണം എന്നാണ് അയോദ്ധ്യയില്‍ നിന്ന് പുറപ്പെടുമ്പോള്‍ പിതാശ്രീ പറഞ്ഞിട്ടുള്ളത്. അതിനാല്‍ വിശ്വാമിത്രന്റെ വാക്കുകള്‍ അനുസരിക്കുക മാത്രമാണ് താന്‍ ചെയ്യുന്നത്. അതിനാല്‍ അതോര്‍ത്ത് വ്യാകുലപ്പെടേണ്ടതില്ല. പക്ഷേ, വിശ്വാമിത്രന്‍ തന്നെക്കൊണ്ട് ഈ കര്‍മ്മം ചെയ്യിക്കുന്നതിലൂടെ അയോദ്ധ്യയേയും മിഥിലയേയും ബന്ധിപ്പിച്ച് ആര്യാവര്‍ത്തത്തെ ശക്തമാക്കാനാണ് ശ്രമിക്കുന്നത്. അത് ഉചിതമായ കാര്യം തന്നെയാണ്.