‘ആര്‍.എസ്.എസ്. സൈദ്ധാന്തികനായ എസ്.ഗുരുമൂര്‍ത്തി രാജ്ഭവനില്‍ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് പ്രസംഗിച്ചേ’ എന്ന് രോഷംകൊള്ളുകയാണ് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. സാധാരണ ഇങ്ങനെ ഒന്നു സംഭവിച്ചാല്‍ ചൂട്ടും കത്തിച്ച് പാതിരാത്രിക്കും ഏ.കെ.ജി. സെന്ററില്‍ നിന്നിറങ്ങിവന്ന് രാജ്ഭവനു മുമ്പിലേക്ക് പടനയിക്കേണ്ട ആളാണ് സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ സഖാവ്. എന്നാല്‍ അദ്ദേഹത്തിന് ഒരു കുലുക്കവുമില്ല. ‘രാജ്ഭവനിലെ പരിപാടികളൊക്കെ നടത്തുന്നത് ആര്‍.എസ്.എസ്സുകാരല്ലേ. എപ്പോഴാ അതില്‍ നിന്ന് വ്യത്യസ്തമായ പരിപാടി അവിടെ നടന്നത്’ എന്നാണ് അദ്ദേഹം ഇതിനെക്കുറിച്ച് ചോദിച്ച പത്രക്കാരോട് തിരിച്ചു ചോദിച്ചത്. രാജ്ഭവന്‍ തങ്ങള്‍ക്ക് ബാലികേറാമലയാണെന്ന് സഖാവിന് ബോധ്യമായിരിക്കുന്നു. പഴയ ഗവര്‍ണറോട് കളിച്ച് കൈ പൊള്ളിയിരിക്കയാണ് മുഖ്യന്‍ വിജയന്‍ സഖാവും കുട്ടിക്കുരങ്ങുകളായ എസ്.എഫ്.ഐക്കാരും. അതിനാല്‍ പുതിയ ഗവര്‍ണറോട് കലഹിക്കാന്‍ അവര്‍ ഇല്ല. രാജ്ഭവന്‍ എന്നു കേള്‍ക്കുമ്പോഴേ അവര്‍ക്ക് കാലിനടിയില്‍ നിന്ന് തലവരെ ഒരു തരിപ്പ് കയറിവരും. നരേന്ദ്രമോദി അധികാരത്തിലിരിക്കുമ്പോള്‍ രാജ്ഭവനിലേക്ക് എത്തിനോക്കാന്‍ തങ്ങളില്ല എന്ന് ഗോവിന്ദന്‍ സഖാവ് നിശ്ചയിച്ചു കഴിഞ്ഞു.
എന്നാല്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ കാര്യം അതല്ല. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് പ്രഭാഷണം രാജ്ഭവനില്‍ നടത്തിയതില്‍ അദ്ദേഹത്തിന് എതിര്‍പ്പില്ല. അതിന് സൈനിക ഉദ്യോഗസ്ഥരെയോ നയതന്ത്ര വിദഗ്ദ്ധരെയോ വിളിക്കുന്നതിനു പകരം ആര്‍.എസ്.എസ്.സൈദ്ധാന്തികനെ വിളിച്ചു എന്നതാണ് സതീശനെ ചൊടിപ്പിച്ചത്. ഗുരുമൂര്‍ത്തി പ്രസംഗിക്കുന്ന കൂട്ടത്തില്‍ പഴയ സര്‍ക്കാരുകളെ, അതായത് കോണ്‍ഗ്രസ് സര്‍ക്കാരുകളെ വിമര്‍ശിച്ചു എന്നതാണ് സതീശന്‍ കണ്ട ഗുരുതരമായ തെറ്റ്. കോണ്‍ഗ്രസ്സുകാരെ സ്തുതിക്കാന്‍ വേണ്ടി മാത്രം തങ്ങള്‍ ഭരിക്കുമ്പോള്‍ പണിത കെട്ടിടമാണ് രാജ്ഭവന്‍. അതിനെ കോണ്‍ഗ്രസ്സിനെ വിമര്‍ശിക്കാന്‍ ഉപയോഗിക്കുന്നത് വലിയ അപരാധമല്ലേ. ഉടനെ ഗവര്‍ണറെ പ്രതിഷേധം അറിയിക്കണമെന്ന് സതീശന്‍ മുഖ്യനോട് ആവശ്യപ്പെട്ടിരിക്കയാണ്. പ്രതിപക്ഷനേതാവിന്റെ ആവശ്യപ്രകാരം തുള്ളിയാല്‍ എന്താണ് സംഭവിക്കുക എന്ന് വിജയന്‍ സഖാവിനറിയാം. അതിനാല്‍ അദ്ദേഹം ഒന്നും കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല.