ആത്മീയ ആചാര്യന്‍, പ്രഗല്‍ഭനായ സൈനിക ഓഫീസര്‍, എപിജെ അബ്ദുള്‍ കലാം ഭാരത രാഷ്ട്രപതിയായിരിക്കെ രാഷ്ട്രപതി ഭവന്റെ കംപ്‌ട്രോളര്‍ എന്നിങ്ങനെ നിരവധി രംഗങ്ങളില്‍ പ്രശസ്തനാണ് മലയാളിയായ കേണല്‍ അശോക് കിണി. അദ്ദേഹവും തന്റെ വത്സല ശിഷ്യന്‍ ആനന്ദ മാത്യൂസും ചേര്‍ന്നു രചിച്ച ”ഗുരുവിനെ തേടി” (In Quest of Guru) എന്ന പുസ്തകം ഏറെ പ്രചാരം നേടിയിരുന്നു.
പ്രശസ്തരായ ആത്മീയ ആചാര്യന്മാര്‍, സ്വാമി നിത്യാനന്ദ, സ്വാമി പപ്പ രാംദാസ് എന്നിവരുടെ കര്‍മ്മഭൂമിയായിരുന്ന കേരളത്തിലെ കാഞ്ഞങ്ങാടിനടുത്തുള്ള ഹൊസ്ദുര്‍ഗിലാണ് 1962-ല്‍ അശോക് കിണി ജനിച്ചത്. തന്റെ അച്ഛന് നിരവധി സന്ന്യാസിമാരുമായി അടുപ്പമുണ്ടായിരുന്നതിനാല്‍, കുട്ടിക്കാലം മുതല്‍ക്കേ, അശോക് കിണിക്ക് ആത്മീയതയോട് ആഭിമുഖ്യം ഉണ്ടായിരുന്നു. ബി.കോം ബിരുദം നേടിയ ഉടന്‍ തന്നെ അശോക് ഇന്ത്യന്‍ ആര്‍മിയില്‍ ഓഫീസറായി ജോലിയില്‍ പ്രവേശിച്ചു. സൈനിക സേവന കാലത്ത് ഭാരതത്തിലും വിദേശത്തും പല സ്ഥലങ്ങളില്‍ സേവനമനുഷ്ഠിക്കുകയും അനേകം പുരസ്‌കാരങ്ങളും ബഹുമതികളും നേടുകയും ചെയ്തു. 1998ല്‍ അംഗോളയിലെ യുഎന്‍ സമാധാനപാലന ദൗത്യത്തിലെ മികച്ച സേവനങ്ങള്‍ക്ക് കരസേനാ മേധാവിയില്‍ നിന്നുള്ള അഭിനന്ദനം, രാഷ്ട്രപതി ഭവന്റെ കംപ്‌ട്രോളര്‍ എന്ന നിലയിലുള്ള മാതൃകാപരമായ സേവനങ്ങള്‍ക്ക് രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുള്‍ കലാമില്‍ നിന്ന് വിശിഷ്ട സേവാ മെഡല്‍, മാനവരാശിയോടുള്ള സേവനത്തിന് കാഞ്ചി കാമകോടി പീഠത്തിന്റെ സേവാരത്‌ന പുരസ്‌കാരം എന്നിവ അദ്ദേഹത്തിനു ലഭിച്ചിരുന്നു. ശ്രീലങ്കയിലെ ഇന്ത്യന്‍ പീസ് കീപ്പിംഗ് ഫോഴ്‌സിലും (ഐപികെഎഫ്) കേണല്‍ കിണി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1998 മുതല്‍ ആത്മീയ സാധകര്‍ക്ക് ഉപദേശങ്ങള്‍ നല്‍കിവരുന്നതിനാല്‍ അശോക് കിണിയെ ‘ഡിവൈന്‍ കേണല്‍’ എന്നാണ് ശിഷ്യന്മാര്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്നത്. ഭാരതത്തിന്റെ പതിനൊന്നാമത്തെ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനൊപ്പം രാഷ്ട്രപതി ഭവന്റെ കംപ്‌ട്രോളറായി ചെലവഴിച്ച ദിവസങ്ങള്‍ അവിസ്മരണീയമായി അദ്ദേഹം കണക്കാക്കുന്നു. ”ജനകീയ പ്രസിഡന്റ് ഡോ. കലാമിനെ സേവിക്കനായത് ഒരു മഹാഭാഗ്യമായി കരുതുന്നു. കാരണം, അദ്ദേഹം, മനുഷ്യരൂപത്തിലുള്ള അവതാരമായിരുന്നു,” അശോക് കിണി പറഞ്ഞു.
അശോക് കിണിയും അദ്ദേഹത്തിന്റെ പ്രിയ ശിഷ്യന്‍ ആനന്ദ മാത്യൂസും ചേര്‍ന്ന് രചിച്ച ‘ഇന്‍ ക്വസ്റ്റ് ഓഫ് ഗുരു’ എന്ന പുസ്തകത്തില്‍, ‘ഒരു ഗുരുവിനെ തേടുന്ന അന്വേഷകനു വേണ്ടതെല്ലാം മാത്യു ലളിതമായി എഴുതിയിട്ടുണ്ട്,” എന്ന് കേണല്‍ കിണി പറഞ്ഞു. ഓരോ വ്യക്തിയും പ്രബുദ്ധനാകുന്നതിലൂടെ പ്രബുദ്ധമായ ആഗോള സമൂഹം സൃഷ്ടിക്കുന്നതിനായി ലോകമെമ്പാടുമുള്ള ആത്മീയ അന്വേഷകര്‍ക്ക് പുരാതന ഭാരതത്തിന്റെ സമാധാനം, സാഹോദര്യം, സാര്‍വത്രിക ക്ഷേമം എന്നിവയെക്കുറിച്ചുള്ള ജ്ഞാനം വെളിപ്പെടുത്തുന്ന ഗ്രന്ഥമായിട്ടാണ് അദ്ദേഹം ഈ പുസ്തകത്തെ കാണുന്നത്. ”മനുഷ്യരാശിയെ ആത്മീയതയിലേക്ക് നയിക്കുന്നതിലൂടെ ഭാരതം വിശ്വഗുരുവാകും’, അദ്ദേഹം പ്രത്യാശിച്ചു.
‘മാനവ ഐക്യത്തിലൂടെ ഒരു ഏക ലോക സമൂഹത്തിന്റെ (വസുധൈവ കുടുംബകം) സൃഷ്ടി എന്ന കാഴ്ചപ്പാടില്‍ ജീവിതം നയിച്ച എല്ലാ സന്യാസിമാരെയും ഗുരുക്കന്മാരെയും നാം പ്രണമിക്കണം. നമുക്ക് ആഗോള മന്ത്രമായ ‘വന്ദേഭൂമാതരം’ ജപിക്കാം. മാനവ ഐക്യത്തിലുള്ള നമ്മുടെ വിശ്വാസം ഊട്ടി ഉറപ്പിക്കുകയും മാനവികതയുടെ മതമായ സ്‌നേഹം, സത്യം, നീതി എന്നിവയുടെ പാതയില്‍ ചരിക്കുകയും ചെയ്യാം’ എന്ന് പറഞ്ഞാണ് കേണല്‍ അശോക് കിണി അഭിമുഖം ആരംഭിച്ചത്.കേണല്‍ അശോക് കിണിയുമായി പ്രദീപ് കൃഷ്ണന്‍ നടത്തിയ ദീര്‍ഘ സംഭാഷണത്തില്‍ നിന്ന്:
താങ്കളുടെ ആത്മീയ ജീവിതത്തെക്കുറിച്ച് പറയാമോ?
♠കേരളത്തിലെ ഹൊസ്ദുര്‍ഗിലെ ലക്ഷ്മി വെങ്കിടേഷ് ക്ഷേത്രത്തിന് സമീപത്തെ ഒരു ഹിന്ദു കുടുംബത്തിലായിരുന്നു ജനനമെന്നതിനാല്‍ കുട്ടിക്കാലം മുതലേ അടുത്തുള്ള ക്ഷേത്രം, നിത്യാനന്ദ ആശ്രമം, ആനന്ദശ്രമം എന്നിവയുമായി എനിക്ക് ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നു.
എന്റെ മാതാപിതാക്കളുടെ ജാതകങ്ങള്‍ നിത്യാനന്ദ ബാബ (1897-1961) പരിശോധിച്ച് അംഗീകരിച്ചതിന് ശേഷമാണ് അവര്‍ വിവാഹിതരായത്. ആശ്രമ സന്ദര്‍ശനവേളയില്‍ നിത്യാനന്ദ ബാബ അനുഗ്രഹമായി എന്റെ മുത്തച്ഛന്റെ നേരെ എറിഞ്ഞ ഒരു ടോര്‍ച്ച് ലൈറ്റ് അദ്ദേഹം പൂജാമുറിയില്‍ വച്ച് എന്നും അതിന് ആരതി ചെയ്തിരുന്നു! അങ്ങനെ ”വീശിയ വെളിച്ചത്തിലൂടെ” ബാബ ഞങ്ങളുടെ കുടുംബത്തിന് സമൃദ്ധിയും ജ്ഞാനവും വര്‍ഷിക്കുകയായിരുന്നു. എന്റെ മുത്തച്ഛന്റെ ചെറുകിട ബിസിനസ്സ് മെച്ചപ്പെട്ടു എന്നു മാത്രമല്ല അദ്ദേഹത്തിന്റെ ആറ് പേരക്കുട്ടികളും (മൂന്ന് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളും) പഠനത്തില്‍ മികവ് പുലര്‍ത്തുകയും ചെയ്തു.
പിന്നീട്, ഞങ്ങളുടെ സമുദായ ആചാര്യനായ കാശി മഠത്തിന്റെ തലവനായ സ്വര്‍ഗീയ സ്വാമി സുധീന്ദ്രതീര്‍ത്ഥയുമായി (1926-2016) ഞാന്‍ ഏറെ അടുപ്പത്തിലായി. കുട്ടിക്കാലത്ത് ആനന്ദ ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്ന എന്നെ മാതാജി കൃഷ്ണഭായ് (1903-1989) എപ്പോഴും സ്‌നേഹത്തോടെ കൈപിടിച്ച് ആശ്രമത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു.
സന്ദര്‍ഭവശാല്‍ പറയട്ടെ, സ്‌കൂള്‍ പഠന കാലത്ത് അടുത്തുള്ള ആശുപത്രിയില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തേക്കു കൊണ്ടുപോകുന്നതു കാണുമ്പോള്‍ ഭാവിയില്‍ മരണത്തെ മറികടക്കാനും ഒരാള്‍ക്ക് എന്നെന്നും ആഹ്ലാദത്തില്‍ കഴിയാനും തീര്‍ച്ചയായും ഞാന്‍ ഒരു മരുന്ന് കണ്ടുപിടിക്കുമെന്ന് എന്റെ സഹപാഠികളോട് പറയാറുണ്ടായിരുന്നത്രെ!
താങ്കളുടെ ആര്‍.എസ്.എസ്. ബന്ധം വിശദീകരിക്കാമോ?
♠അച്ഛന്‍ സ്വയംസേവകനായിരുന്നതിനാല്‍, സ്‌കൂള്‍ കാലം മുതലേ ഞാന്‍ കാഞ്ഞങ്ങാടിലെ മാരിയമ്മന്‍ ക്ഷേത്രത്തിനടുത്തുള്ള ശാഖയില്‍ പങ്കെടുത്തിരുന്നു. റൂട്ട് മാര്‍ച്ചുകളിലും, സാംഘിക്കുകളിലും, ബൗദ്ധിക്കുകളിലും ഉത്സവങ്ങളിലും പതിവായി പങ്കെടുക്കാന്‍ എന്റെ മാതാപിതാക്കള്‍ എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു. ഘോഷിന്റെ (ബാന്‍ഡ്) ഭാഗമായിരുന്ന എനിക്ക് ഗണഗീതാലാപനം വളരെ ഇഷ്ടമായിരുന്നു.
ഞങ്ങളുടെ വീട് സന്ദര്‍ശിക്കാറുണ്ടായിരുന്ന പ്രചാരകരിലൂടെയാണ് ഞാന്‍ ദേശസേവനത്തിന്റെ ആദ്യ പാഠങ്ങള്‍ ഉള്‍ക്കൊണ്ടത്. വാസ്തവത്തില്‍, എന്റെ ആര്‍എസ്എസ് ബന്ധം പിന്നീട് എന്‍സിസി, എന്‍എസ്എസ്, ഇന്ത്യന്‍ ആര്‍മി എന്നിവയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ പ്രചോദനമായി. ഞാന്‍ മികച്ച എന്‍സിസി കേഡറ്റായി തിരഞ്ഞെടുക്കപ്പെട്ടു. 1982 ലെ ഏഷ്യന്‍ ഗെയിംസിലും 1984 ലെ ദല്‍ഹിയിലെ റിപ്പബ്ലിക് ദിന പരേഡിലും പങ്കെടുത്തു. ആര്‍എസ്എസില്‍ നിന്ന് ഞാന്‍ അച്ചടക്കവും ദേശസ്‌നേഹവും ഉള്‍ക്കൊള്ളുകയും നമ്മുടെ അതുല്യമായ സംസ്‌കാരത്തെക്കുറിച്ച് ധാരാളം കാര്യങ്ങള്‍ പഠിക്കുകയും ചെയ്തു.
അഭിമാനിയായ ഒരു ഹിന്ദു എന്ന നിലയില്‍, നമ്മുടെ രാഷ്ട്രത്തെയും സംസ്‌കാരത്തെയും സ്‌നേഹിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നതില്‍ ആര്‍എസ്എസ് സുപ്രധാന പങ്കുവഹിച്ചു. ജനപ്രിയ ഗണഗീതം ‘ചാഹിയേ ആശിഷ് മാധവ് നമ്ര ഗുരു വരു’ എന്ന ഗണഗീതം ആലപിക്കുമ്പോഴെല്ലാം, ശ്രീഗുരുജി എന്ന മഹാനെ ഓര്‍ത്ത് എന്റെ മനസ്സ് ആര്‍ദ്രമാകും, കവിളിലൂടെ കണ്ണുനീര്‍ ഇറ്റ് വീഴും. സംഘത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നമ്മുടെ രാഷ്ട്രത്തിനായി ഞാന്‍ ഒരു ഗായത്രി മന്ത്രം രചിച്ചിട്ടുണ്ട്:
‘ഓം ചതുര്‍സിംഹ വാഹിനി, വിധ്മഹേ,
തിരനാഗ ധ്വജാ ധാരിണി ധിമഹേ
തന്നോ ഭാരതി പ്രചോദയത്’
താങ്കള്‍ സൈന്യത്തില്‍ ചേര്‍ന്നതിനെക്കുറിച്ചും, കാര്‍ഗില്‍ യുദ്ധസമയത്തുണ്ടായ ആന്തരിക പരിവര്‍ത്തനത്തെക്കുറിച്ചും പറയാമോ?
♠സ്‌കൂളിലും കോളേജിലും പഠിക്കുമ്പോള്‍ തന്നെ എനിക്ക് പ്രതിരോധ സേനകളോട് ഒരു പ്രത്യേക മമതയുണ്ടായിരുന്നു. ഞാന്‍ സി.ഡി.എസ് (Combined Defence Services) പരീക്ഷ എഴുതിയെന്നറിഞ്ഞു മാതാജി കൃഷ്ണഭായ് ദേശസേവ ചെയ്യാന്‍ ഉപദേശിച്ചപ്പോള്‍, സ്വാമി സുധീന്ദ്ര തീര്‍ത്ഥ, ”നിനക്ക് തീര്‍ച്ചയായും അത് ലഭിക്കും,” എന്ന് ആശീര്‍വദിച്ചു. അങ്ങിനെ ഞാന്‍ സൈന്യത്തില്‍ ചേര്‍ന്നു.
ആര്‍മി ഓഫീസറായി ഇന്ത്യയിലും വിദേശത്തും നിരവധി സ്ഥലങ്ങളില്‍ സേവനമനുഷ്ഠിച്ചു. കാര്‍ഗില്‍ യുദ്ധത്തില്‍ (1999) രക്തസാക്ഷികളായ സൈനികരുടെ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴാണ് എന്റെ ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവ് സംഭവിച്ചത്. മൃതദേഹങ്ങള്‍ ജന്മനാട്ടിലേക്ക് അയയ്ക്കുക, ശവസംസ്‌കാരത്തിന് വേണ്ട ക്രമീകരണങ്ങള്‍ നടത്തുക, സൈനിക ബഹുമതികള്‍ നല്‍കുക ഇവയൊക്കെ എന്റെ ചുമതലയായിരുന്നു. ഈ കാലഘട്ടം എന്നെ ആത്മീയമായി ഉയര്‍ന്ന ഒരു മാനസിക നിലയിലേക്ക് എത്തിച്ചു. ജീവനറ്റ ശരീരങ്ങള്‍ കൈകാര്യം ചെയ്തത് ജീവനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചും എന്നെ വളരെയധികം ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ഒരവസരത്തില്‍ പരംവീര്‍ ചക്രയ്ക്ക് (മരണാനന്തര ബഹുമതി) പരിഗണിച്ചിരുന്ന ഒരു സൈനികനെ ഒരു ഉള്‍വിളിയാല്‍ ദല്‍ഹിയിലെ ഒരു ആശുപത്രിയില്‍ പരുക്കേറ്റ നിലയില്‍ കണ്ടെത്താനായത് ദൈവം എന്നിലൂടെ പ്രവര്‍ത്തിക്കുന്നു എന്ന തിരിച്ചറിവ് എന്നിലുണ്ടാക്കി.
1999 മെയ് 25 ന്, ഒരു ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ പൊടുന്നനെ ഒരു ശക്തി എന്റെ നാവ് വലിച്ച് അതില്‍ മൂന്ന് തവണ എന്തോ എഴുതുന്നതായും അതോടെ ഒരു വലിയ ഊര്‍ജ്ജം എന്നിലാകെ നിറയുന്നതായും എനിക്ക് അനുഭവപ്പെട്ടു. അത് ഞാന്‍ അന്ന് ഗൗരവമായി എടുത്തില്ലെങ്കിലും, തുടര്‍ന്ന് മാസങ്ങളോളം എന്റെ നാവില്‍ ഒരു അടയാളം ഉണ്ടായിരുന്നു! ഞാന്‍ അതിനെ പരാശക്തിയുടെ അനുഗ്രഹമായാണ് കണക്കാക്കിയത്. അതിനുശേഷം, പലപ്പോഴും എന്റെ വാക്കുകള്‍ക്ക് ശക്തി കൈവരുകയും പറയുന്ന പലതും സത്യമാകാനും തുടങ്ങി.
ആ നാളുകളില്‍ പലപ്പോഴും ദുഃഖിതരായ കുടുംബാംഗങ്ങളുടെ വേദനയും കഷ്ടപ്പാടുകളും ഞാന്‍ സ്വയം അനുഭവിച്ചിരുന്നു. ഒരു ദിവസം കാര്‍ഗില്‍ യുദ്ധസമയത്ത് ഒരു പെണ്‍കുട്ടി എന്നോട് യുദ്ധത്തില്‍ മരിച്ച അവളടെ പ്രതിശ്രുത വരന്‍ ക്യാപ്റ്റന്‍ കംഗരുസിനെ മൃതദേഹം ദല്‍ഹിയിലേക്ക് കൊണ്ടുപോകുകയാണെന്നും കൂടെ യാത്ര ചെയ്യാന്‍ അനുമതി വാങ്ങിത്തരണമെന്നും ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്റെ സമ്മതം വാങ്ങി ആ പെണ്‍കുട്ടിക്ക് തന്റെ പ്രതിശ്രുത വരന്റെ മൃതദേഹത്തിനൊപ്പം വിമാനത്തില്‍ യാത്രചെയ്യാന്‍ പ്രത്യേക അനുമതി കൊടുത്തു. അങ്ങനെ അവള്‍ക്ക് അവളുടെ പ്രിയപ്പെട്ടവന്റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കാനെങ്കിലും കഴിഞ്ഞു.
മറ്റൊരവസരത്തില്‍ പാകിസ്ഥാന്‍ സൈന്യം തടവിലാക്കിയ (POW) ക്യാപ്റ്റന്‍ ഭരദ്വാജിന്റെ അച്ഛന്‍ എന്നെ എല്ലാ ദിവസവും ഫോണില്‍ വിളിച്ച് മകനെപ്പറ്റി അന്വേഷിക്കാറുണ്ടായിരുന്നു. മകന്‍ ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങിവരുമെന്ന് ഉറപ്പ് നല്‍കി അദ്ദേഹത്തെ ആശ്വസിപ്പിക്കുമ്പോള്‍, ഒരു മകനെപ്പോലെ എന്റെ ആത്മാവ് അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്നു. അങ്ങനെ നിരവധി സംഭവങ്ങളിലൂടെ കാര്‍ഗില്‍ യുദ്ധം എന്റെ ഉള്ളിലെ ആത്മീയ അഗ്‌നി ജ്വലിപ്പിച്ചു. കലിംഗ യുദ്ധം അശോക രാജാവിനെ മാറ്റിമറിച്ചെങ്കില്‍ കാര്‍ഗില്‍ യുദ്ധം കിണി അശോകനെ പൂര്‍ണമായും പരിവര്‍ത്തിപ്പിച്ചു.
ഡോ. എ.പി.ജെ. അബ്ദുള്‍ കലാം രാഷ്ട്രപതിയായിരിക്കുന്ന കാലത്ത് താങ്കള്‍ രാഷ്ട്രപതി ഭവനിലെ കംപ്‌ട്രോളറായിരുന്നുവല്ലോ. അദ്ദേഹവുമായുള്ള അവിസ്മരണീയ അനുഭവങ്ങള്‍ പങ്കിടാമോ?
♠ഡോ.കലാം രാഷ്ട്രപതിയായി അധികാരമേറ്റടുത്തതിന് (2002 ജൂലൈ) രണ്ട് മാസത്തിന് ശേഷമാണ് ഞാന്‍ രാഷ്ട്രപതിഭവന്റെ കംപ്‌ട്രോളറായി തിരഞ്ഞെടുക്കപ്പെട്ടത്. കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്ര സരസ്വതി സ്വാമികളുടെ രാഷ്ട്രപതിഭവന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച്, സ്വാമിജിയെ രാഷ്ട്രപതിഭവന്‍ കവാടത്തില്‍ ഒരു ഉദ്യോഗസ്ഥന്‍ സ്വീകരിച്ച് രാഷ്ട്രപതിയുടെ മുറിയിലേക്ക് ആനയിച്ച് ശങ്കരാചാര്യര്‍ക്ക് രാഷ്ട്രപതിയുടെ കസേരയ്ക്ക് സമീപം മറ്റൊരു കസേരയില്‍ ഇരിപ്പിടം ഒരുക്കുക എന്ന നടപടിക്രമം (protocol) ഞാന്‍ വിശദീകരിച്ച ഉടനെ ഡോ. കലാം, ‘ഞാന്‍ തന്നെ സ്വാമിജിയെ കവാടത്തില്‍ നിന്നും സ്വീകരിച്ചു കൊണ്ടുവന്ന് അദ്ദേഹത്തെ എന്റെ കസേരയില്‍ തന്നെ ഇരുത്തരുതോ’ എന്ന് ആരാഞ്ഞു. ഇത് ശങ്കരാചാര്യരെ രാഷ്ട്രപതിക്കുപരിയായി പ്രതിഷ്ഠിക്കുനതാകും എന്നു ഞാന്‍ വിശദീകരിച്ചപ്പോള്‍ അദ്ദേഹം ഒന്നും പറഞ്ഞില്ല.
എന്നാല്‍ ശങ്കരാചാര്യര്‍ ആഗതനായ ദിവസം അദ്ദേഹത്തെ സ്വീകരിക്കാന്‍ ഞാന്‍ മുന്‍വശത്ത് കാത്തുനില്‍ക്കുമ്പോള്‍, പൊടുന്നനെ ഡോ.കലാം അവിടെ എത്തി സ്വാമിജിയെ മാല ചാര്‍ത്തി പഴങ്ങളും പൂക്കളും അര്‍പ്പിച്ചു സ്വാഗതം ചെയ്തു. തുടര്‍ന്ന് ആചാര്യനെ രാഷ്ട്രപതിയുടെ മുറിലേക്ക് ആനയിച്ചു തന്റെ ഔദ്യോഗിക കസേരയില്‍ തന്നെ ഇരുത്തി സ്വാമിജിയുമായി വളരെ നേരം സംസാരിച്ചിരുന്നു! പിന്നീടൊരിക്കല്‍ പ്രോട്ടോക്കോളില്‍ പെട്ടെന്നുണ്ടായ മാറ്റത്തെക്കുറിച്ച് ആരാഞ്ഞപ്പോള്‍ ഡോ. കലാം പറഞ്ഞു, ‘രാഷ്ട്രപതിയുടെ കസേരയ്ക്ക് ശങ്കരാചാര്യരുടെ അനുഗ്രഹം ലഭിക്കണം. എന്തുകൊണ്ടെന്നാല്‍ ഭാവിയില്‍ ഈ കസേരയില്‍ ആര് ഇരുന്നാലും അവര്‍ക്കൊക്കെയും സ്വാമിജിയുടെയും മഹത്തായ ശങ്കര പരമ്പരയുടെയും ആശീര്‍വാദവും അനുഗ്രഹവും ലഭിച്ചുകൊണ്ടേയിരിക്കും.’ അതായിരുന്നു വിശുദ്ധനായ ഡോ.എ. പി.ജെ.അബ്ദുള്‍ കലാം.
ഒരുദിവസം, ഞാനും രാഷ്ട്രപതിയും മുഗള്‍ ഉദ്യാനത്തില്‍ ഉലാത്തിക്കൊണ്ടിരിക്കുമ്പോള്‍ പൂക്കളാല്‍ നിറഞ്ഞിരുന്ന ഒരു മുല്ലച്ചെടി ചുണ്ടിക്കാട്ടി, ഡോ.കലാം, ‘എന്തിനു വേണ്ടിയായിരിക്കണം പൂക്കള്‍ പൂക്കുകയും അവയുടെ സുഗന്ധം പരത്തുകയും ചെയ്യുന്നത്?’ എന്നു ചോദിച്ചു. സമയമാകുമ്പോള്‍ പൂക്കുകയും സുഗന്ധം പരത്തുകയും തുടര്‍ന്ന് അറ്റു വീഴുകയും ചെയ്യുക എന്നതാണ് പ്രകൃതിയുടെ നിയമം. ജനനം, ജീവിതം, മരണം എന്നിവയെക്കുറിച്ച് നമ്മെ പഠിപ്പിക്കാന്‍ വേണ്ടിയാണ് ഇത് എന്ന് പറഞ്ഞു. ഉടനെ അദ്ദേഹം ഒരു ചെറു പുഞ്ചിരിയോടെ, ”ഓരോ പൂവിനും ഒരു ക്ഷേത്രത്തിലോ മസ്ജിദിലോ പള്ളിയിലോ ഉപയോഗിക്കുന്ന മാലയില്‍ കോര്‍ക്കപ്പെടാനായിരിക്കണം ആഗ്രഹം” എന്നു പറഞ്ഞു.
അദ്ദേഹത്തിന്റെ നിര്യാണത്തില്‍, ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടുന്നത് കണ്ട്, പൂക്കളെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകള്‍ എന്റെ മനസ്സില്‍ ഓടി എത്തി. സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും ദയയുടെയും സുഗന്ധം പരത്തിയ ഒരു മഹാനായ വിശുദ്ധന്‍. ഭാരതീയരായ നാമെല്ലാവരും മതം പരിഗണിക്കാതെ, ഭാരതം എന്ന മാലയിലെ സുഗന്ധ പുഷ്പങ്ങളായി എങ്ങനെ തുടരണമെന്ന് അദ്ദേഹം നമ്മെ പഠിപ്പിച്ചു.
ഒരു സ്‌കൂള്‍ സന്ദര്‍ശന വേളയില്‍, തിരുപ്പൂരില്‍ നിന്നുള്ള കുമാരി വിഷ്ണുപ്രിയ താങ്കള്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍, ”ഭൂമി 24 മണിക്കൂറിനുള്ളില്‍ സ്വന്തം അച്ചുതണ്ടില്‍ കറങ്ങുകയും 365 ദിവസം കൊണ്ട് സൂര്യനെ ചുറ്റുകയും ചെയ്യുന്നത് എന്തുകൊണ്ട്”എന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു. തുടര്‍ന്ന്, താന്‍ ദൈവം എന്നു വിശ്വസിക്കുന്ന ഒരു ‘ശക്തി’ കാരണം ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി, എല്ലാ സൗരയൂഥങ്ങളും താരാപഥങ്ങള്‍ക്ക് ചുറ്റും ഒരു തടസ്സവുമില്ലാതെ സഞ്ചരിപ്പിക്കുന്നുവെന്ന് അദ്ദേഹം ആ പെണ്‍കുട്ടിയോട് വിശദീകരിച്ചു.
ഒരു ദീപാവലി ദിവസം സായാഹ്നത്തില്‍, രാഷ്ട്രപതി ഭവന്റെ മുന്‍വശത്ത് ചിരാതുകള്‍ കത്തിച്ച ശേഷം രാഷ്ട്രപതി താഴേക്കിറങ്ങിവന്ന് എല്ലാവരോടുമൊപ്പം നിന്നു ചിത്രങ്ങളെടുക്കുകയും ദീപാവലി സന്ദേശം നല്‍കുകയും ചെയ്തു. ദീപാവലി വിളക്കുകള്‍ സമൃദ്ധിയുടെ ദേവതയായ ലക്ഷ്മിയെ സ്വാഗതം ചെയ്യുന്നതാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഉടനെ ഡോ. കലാം പുഞ്ചിരിയോടെ ‘ലക്ഷ്മിക്കും മുമ്പ്, അറിവിന്റെ ദേവതയായ സരസ്വതി നമ്മുടെ രാജ്യത്തേക്ക് വരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു’ എന്ന് അഭിപ്രായപ്പെട്ടു. അത് വിദ്യാഭ്യാസം എല്ലാ ജനങ്ങളിലേക്കും എത്തിക്കാനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നതായി. ഡോ.കലാം തന്റെ പൊതുപരിപാടികളിലെല്ലാം ഭാരതം ഒരു വിദ്യാഭ്യാസ മഹാശക്തിയായി മാറണമെന്ന് പറയുകയും എല്ലായ്‌പ്പോഴും യുവാക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു, ‘നിങ്ങളുടെ ലക്ഷ്യം എന്തുതന്നെയായാലും അത് ഒരിക്കല്‍ നേടാനാകുമെന്ന് ഒരു സംസ്‌കൃത വാക്യം പറയുന്നു. വലിയ സ്വപ്‌നം കാണുകയും രാജ്യത്തിനും ഭൂമിക്കും വേണ്ടി അത് നിറവേറ്റുകയും ചെയ്യുമ്പോള്‍ പ്രപഞ്ചം മുഴുവന്‍ നിങ്ങള്‍ക്കായി അത് സാധ്യമാക്കാന്‍ ഗൂഢാലോചന നടത്തും,’ അദ്ദേഹം ഒരു പ്രഭാഷണത്തില്‍ പറഞ്ഞു. വിദ്യാഭ്യാസം സര്‍ഗ്ഗാത്മകത, ചിന്ത എന്നിവ ഒരാളെ അറിവിലേക്ക് നയിക്കുകയും ആത്യന്തികമായി അയാളെ മഹത്വത്തിലേക്ക് ഉയര്‍ത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ടായിരുന്നു. ”അറിവ് നേടുന്നതിന് എല്ലാ വഴികളും ഉപയോഗിക്കണം. അനാദികാലം മുതല്‍ ഭാരതത്തില്‍ സത്യം, ജ്ഞാനം, ആനന്ദം എന്നിവയെ ബ്രഹ്മമായി കണക്കാക്കിവരുന്നു. ബാങ്ക് ബാലന്‍സില്‍ നിന്നോ പാരമ്പര്യ സ്വത്തില്‍ നിന്നോ വ്യത്യസ്തമായി, ഒരാള്‍ നേടുന്ന അറിവ് അയാളുടെ പക്കല്‍ എന്നെന്നേക്കും നിലനില്‍ക്കും. ശരീരം ഇല്ലാതായാലും, ആത്മസാക്ഷാത്കാരത്തെക്കുറിച്ചുള്ള ദിവ്യജ്ഞാനം കൈവരിക്കുന്നതുവരെ ഒരാള്‍ നേടിയ ഏത് അറിവും ആത്മാവില്‍ എന്നെന്നും നിലനില്‍ക്കും,” അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ആനന്ദ മാത്യൂസുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും പുസ്തകരചനയെക്കുറിച്ചും പറയാമോ?
♠മാത്യു സര്‍ക്കോസ്സി എന്ന് അറിയപ്പെട്ടിരുന്ന ആനന്ദ മാത്യൂസ് തന്റെ ജീവിതത്തില്‍ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നപ്പോഴാണ് ദല്‍ഹിലെ ഒരു ഡോക്ടര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് എന്നെ കാണാനെത്തിയത്. ആദ്യ സന്ദര്‍ശനത്തില്‍, ഏകദേശം ഒരു മണിക്കൂറോളം അദ്ദേഹത്തിന്റെ വേദനാജനകമായ കുട്ടിക്കാലത്തെക്കുറിച്ചും, അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രശ്‌നങ്ങളേയും പ്രയാസങ്ങളെയും കുറിച്ചും ഞങ്ങള്‍ ചര്‍ച്ച ചെയ്തു. ആനന്ദയുടെ ഉള്ളില്‍, ഉപബോധമനസില്‍, ആഴത്തില്‍ പതിഞ്ഞിരുന്ന ധാരാളം ഇരുണ്ട ഓര്‍മ്മകള്‍ ഇല്ലാതാക്കേണ്ടതുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി.
ഇവ ഇല്ലാതാക്കാന്‍ നിരന്തര പ്രാര്‍ത്ഥനകളാണ് മത ഗ്രന്ഥങ്ങള്‍ നിര്‍ദ്ദേശിക്കുന്നതെങ്കിലും, ദുരിതങ്ങള്‍ മാറാന്‍ ഞാന്‍ ചില ആത്മീയ സാധനകള്‍ അദ്ദേഹ ത്തിന് നിര്‍ദ്ദേശിച്ചു. താമസിയാതെ അദ്ദേഹത്തിന് തന്റെ പൂര്‍വകാല ദുരിതങ്ങളില്‍നിന്നും മോചിതനായി ഒരു ഛായാഗ്രാഹകന്‍ എന്ന നിലയിലെ തന്റെ പ്രൊഫഷണല്‍ രംഗത്ത് സജീവമാകാനുമായി.
പിന്നീട് ഒരവസരത്തില്‍ ആ നന്ദയോട് തന്റെ കുട്ടിക്കാലം മുതലുള്ള ജീവിതാനുഭവങ്ങള്‍ എഴുതാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ ഭൗതിക ജീവിതവും തന്റെ ആത്മീയ യാത്രയും, അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്കുള്ള എന്റെ ഉത്തരങ്ങളും ചേര്‍ത്ത് ആത്മീയ ജിജ്ഞാസയുള്ള എല്ലാവര്‍ക്കും പ്രയോജനപ്പെടാനായി ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചു. അതാണ് ‘ “In Quest of Guru’ എന്ന പുസ്തകം. ആനന്ദയെ സംബന്ധിച്ചിടത്തോളം ഈ പുസ്തക രചന ഒരു സ്വയം ശുദ്ധീകരണവും മനഃശാന്തി ലഭിക്കലുമായിരുന്നു. പുസ്തകത്തിലെ വാക്കുകളിലെ ഊര്‍ജ്ജം പുസ്തകം വായിക്കുന്ന ഏതൊരാളെയും രൂപാന്തരപ്പെടുത്തമെന്നു എനിക്ക് ഉറപ്പുണ്ട്. നമ്മുടെ സത്വം, ആത്മീയത, ദൈവം എന്നിവയെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങള്‍ പുസ്തകത്തില്‍ വിശദമായി ചര്‍ച്ചചെയ്യുന്നു. തുടക്കത്തില്‍, വായനക്കാരന് എല്ലാം പൂര്‍ണമായും മനസ്സിലാകണമെന്നില്ലെങ്കിലും, ശ്രദ്ധയോടും താല്പര്യത്തോടും കൂടി പുസ്തകം വായിച്ചാല്‍ ക്രമേണ അയാളിലെ ദിവ്യത്വം പ്രകാശിതമാകാന്‍ തുടങ്ങും, മാനസിക സമ്മര്‍ദ്ദം ഇല്ലാതാകും, ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും, അങ്ങനെ ആ വ്യക്തി സമാധാനത്തില്‍ മുഴുകും. അത്രയ്ക്കാണ് ഈ പുസ്തകത്തിന്റെ ശക്തി.
ഗുരു-ശിഷ്യ ബന്ധത്തെക്കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാട് വിശദമാക്കാമോ?
♠ഒരാള്‍ ഒരു വിദ്യാര്‍ത്ഥിയായി ഇരുന്ന് തന്റെ ഗുരുവിന്റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടാല്‍ മാത്രമെ അയാള്‍ക്ക് ഒരു ഗുരുവാകാനാകൂ. ഒരു കുക്കറി ഷോ ടി.വിയില്‍ കണ്ടാല്‍ വായില്‍ വെള്ളം നിറയുമെങ്കിലും, അത് വിശപ്പ് ശമിപ്പിക്കില്ലല്ലോ. ജീവിത പാതയില്‍ സുഗമമായി സഞ്ചരിക്കാനും ഒരാളെ ജ്ഞാനത്തിലേക്ക് നയിക്കാനും ഒരു പ്രബുദ്ധനായ ഗുരു അനിവാര്യമാണ്. ഗുരുക്കന്മാര്‍ തങ്ങളുടെ അറിവ് പങ്കിടുന്നതിലൂടെ ശിഷ്യന്മാരെ പ്രബുദ്ധരായ ഗുരുക്കളായി പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കണം.
ഇക്കാലത്ത് ഒരു ഗുരുവിനെ തിരഞ്ഞെടുക്കുക ബുദ്ധിമുട്ടാണെങ്കിലും, ഒരാള്‍ അതിനു പാകമാകുമ്പോള്‍ ശരിയായ ഗുരു താനേ വന്നുചേരും. ആനന്ദ യുടെ സമര്‍പ്പണം സമ്പൂര്‍ണ്ണമയിരുന്നതിനാല്‍ അദ്ദേഹത്തെ ആത്യന്തിക അറിവിലേക്ക് ഉണര്‍ത്താനും ആനന്ദപൂരിതനക്കാനും എനിക്ക് കഴിഞ്ഞു.
ഒരു നല്ല വിദ്യാര്‍ത്ഥി താന്‍ നേടിയ അറിവ് പങ്കിടാനും പ്രചരിപ്പിക്കാനും എല്ലായ്‌പ്പോഴും തയ്യാറായിരുന്നാല്‍ സ്വാമി വിവേകാനന്ദനെപ്പോലെ അയാള്‍ക്ക് രാജ്യത്തിനും ലോകത്തിനും വെളിച്ചം വീശാന്‍ കഴിയും.
താങ്കളുടെ ആത്മീയതയുടെ കാതല്‍ എന്താണ്?
♠ജ്ഞാനവും സന്തോഷവും പങ്കിടുക. മറ്റൊരാള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് പോലും മാന്യമായ പ്രവൃത്തിയാണ്. ഭാരതീയ ആത്മീയതയുടെ സാരാംശം, എല്ലാ മനുഷ്യവര്‍ഗത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥന, ‘സര്‍വേ ജനോസുഖിനോ ഭവന്തു’ (എല്ലാ ആളുകളും സന്തുഷ്ടരാകട്ടെ) ലോകത്തെ മുഴുവന്‍ ഉണര്‍ത്താന്‍ മതിയായ സന്ദേശമാണ്. സനാതനധര്‍മ്മത്തിന്റെ ഈ ഉപദേശം പുസ്തകങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ആശയവിനിമയങ്ങളിലൂടെയും പ്രചരിപ്പിക്കണം. ഒരാളുടെ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം സ്വയം പ്രബുദ്ധമാകുകയും മറ്റുള്ളവരെ പ്രബുദ്ധരാക്കുകയും ചെയ്യുക എന്നതായിരിക്കണം. ഈ കലിയുഗത്തില്‍ മനുഷ്യര്‍ മൃഗങ്ങളായി മാറുന്ന കഥകളാല്‍ മാധ്യമങ്ങള്‍ നിറഞ്ഞിരിക്കുന്നു. ഒരാളുടെ ധര്‍മ്മം മനസ്സിലാക്കുക എന്നതാണ് ആദ്യപടി, ഒരാള്‍ ഒരു മനുഷ്യനാകണം. ഉള്ളിലെ അന്തര്‍ലീനമായ ദൈവത്വത്തെ വെളിപ്പെടുത്തിക്കൊണ്ട് പ്രബുദ്ധരാകുക എന്നതാണ് അടുത്ത ഘട്ടം.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍?
♠ക്ഷേത്രത്തിലെ ഭഗവാന്‍ ശ്രീരാമന്റെ പ്രതിഷ്ഠ ഓരോ ഇന്ത്യക്കാരനും അളവറ്റ സന്തോഷവും ആത്മവിശ്വാസവും നല്‍കുന്നു. ആത്മാവുമായി ബന്ധപ്പെട്ടിരിക്കുന്ന സൂര്യനുമായി ശ്രീരാമന്‍ ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ രാമ വിഗ്രഹ സ്ഥാപനത്തോടെ സൂര്യന്റെ ഒരു പ്രതിനിധി ഭാരത ഭൂമിയില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. അടുത്ത ഒരു ദശകത്തിനുള്ളില്‍ ആത്മീയ രാഷ്ട്രമായ ഭാരതം, പൂര്‍ണ്ണമായും പരിവര്‍ത്തനം ചെയ്യപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്.
വായനക്കാര്‍ക്കുള്ള അങ്ങയുടെ സന്ദേശം എന്താണ്?
♠പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും ജീവിതത്തിന്റെ ഭാഗമാണെന്ന് മനസ്സിലാക്കുക. ജനിച്ച ദിവസം തന്നെ ഭഗവാന്‍ ശ്രീകൃഷ്ണനു പോലും അമ്മയില്‍ നിന്ന് വേര്‍പിരിഞ്ഞു രണ്ടാനമ്മയുടെ കൂടെ വളരേണ്ടി വന്നു. ഋഷിമാരുടെ നാടായ ഭാരതത്തില്‍ മനുഷ്യനായി ജനിക്കുന്നത് തന്നെ ഒരു അനുഗ്രഹമാണ്. ഈ ജീവിതത്തില്‍ നിങ്ങള്‍ ചെയ്യുന്ന പുണ്യകര്‍മ്മങ്ങളാണ് നിങ്ങളുടെ ജീവിതത്തിലെ സ്ഥിര നിക്ഷേപങ്ങള്‍. ഓരോ ആത്മാവും ദൈവികമായതിനാല്‍, നിങ്ങളിലെ ദൈവത്വത്തെ തിരിച്ചറിയുക.
ഒരിക്കലും ഉത്കണ്ഠയിലും വിഷാദത്തിലും അകപ്പെടരുത്. എല്ലാ ദിവസവും, സന്തോഷത്തോടെയും ആന്ദത്തോടേയും ജീവിക്കുക. സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തുക. ജനങ്ങളുടെ ശോകം (ദുഃഖം) നീക്കാന്‍ എന്റെ മാതാപിതാക്കള്‍ എനിക്ക് അശോകന്‍ എന്ന് പേരിട്ടു. എല്ലാവര്‍ക്കും സന്തോഷം പകരാന്‍ ആനന്ദന്‍ എന്നാണ് ഞാന്‍ മാത്യൂസിന് പേരിട്ടത്. എല്ലാവരും ആനന്ദ ചിത്തരായി മാറട്ടെ എന്ന് ആശംസിക്കുന്നു.