ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു മലയാളിയാണ് ചേറ്റൂര്‍ ശങ്കരന്‍നായര്‍ എന്ന സര്‍ സി. ശങ്കരന്‍നായര്‍. 1897ലെ അമരാവതി സമ്മേളനമാണ് അദ്ദേഹത്തെ പ്രസിഡന്റാക്കുന്നത്. അതുകഴിഞ്ഞ് ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിട്ടു. മലയാളിയായ ഒരാളും അതിനുശേഷം കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് വന്നിട്ടില്ല.
മലബാറില്‍ ആദ്യമായി ട്രേഡ് യൂണിയന്‍ സംഘടിപ്പിച്ച് സമരം ചെയ്ത നേതാവ്, 1907ല്‍ ഇന്ത്യക്കാരനായ ആദ്യത്തെ ഹൈക്കോടതി ജഡ്ജി, വൈസ്രോയി ലോര്‍ഡ് ഹാഡ്ജിന്റെ കാലത്ത് എക്‌സിക്യൂട്ടീവ് അംഗമാകുന്ന മലയാളി, വിദ്യാഭ്യാസം അടക്കം 33 വകുപ്പുകള്‍ അദ്ദേഹത്തിന്റെ കീഴില്‍. അതിനു മുന്‍പ് പബ്ലിക് പ്രോസിക്യൂട്ടര്‍. സ്വാതന്ത്ര്യപൂര്‍വ്വ ഇന്ത്യയില്‍ ഇന്‍ഡോര്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി എന്നീ നിലകളിലെല്ലാം അദ്ദേഹം ശോഭിച്ചു.
ഗാന്ധിജിയുടെ നിയമലംഘന, നിസ്സഹകരണ പ്രസ്ഥാനങ്ങളോട് യോജിപ്പില്ലായിരുന്നു. ഏതു വ്യവസ്ഥിതിയിലും നിയമവും നീതിന്യായവും നിലനിന്നില്ലെങ്കില്‍ അരാജകത്വത്തിന് വഴിതെളിയിക്കും എന്ന കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു. കോണ്‍ഗ്രസ്സില്‍നിന്ന് അകന്നുകൊണ്ട് 1921ല്‍ എഴുതിയ Gandhi and Anarchy എന്ന ലഘുഗ്രന്ഥത്തില്‍ ഇക്കാര്യം വ്യക്തിമാക്കിയിട്ടുണ്ട്.
തുര്‍ക്കി സുല്‍ത്താന്റെ പദവി ബ്രിട്ടിഷുകാര്‍ ഒന്നാം ലോകമഹായുദ്ധത്തിനുശേഷം അംഗീകരിക്കാഞ്ഞതില്‍ പ്രതിഷേധിച്ചാണല്ലോ ആലി സഹോദരങ്ങളുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ഖിലാഫത്ത് പ്രസ്ഥാനം രൂപംകൊണ്ടത്. ഹിന്ദു-മുസ്ലിം സൗഹൃദത്തിന്റെ പേരില്‍ ഗാന്ധിജി അതിനു പിന്തുണ നല്‍കി. ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പടെ ശങ്കരന്‍നായര്‍ക്കും അതിനോട് യോജിപ്പുണ്ടായിരുന്നില്ല. ഗാന്ധിജിക്ക് ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞപ്പോള്‍ വിമതകോണ്‍ഗ്രസ് നേതാക്കള്‍ക്കും ശങ്കരന്‍നായര്‍ക്കും അതിനു കഴിയാതെ പോയി. ദക്ഷിണാഫ്രിക്കന്‍ അനുഭവങ്ങളുമായി വന്ന ഗാന്ധിജിക്ക് ഇന്ത്യ മുഴുവന്‍ യാത്ര ചെയ്യുക കൂടി ചെയ്തതോടെ തന്റെ കര്‍മ്മശേഷി വിപുലമാക്കാന്‍ കഴിഞ്ഞു. ജനങ്ങള്‍ക്കൊപ്പമല്ല ജനങ്ങളെ തന്റെ കൂടെ കൊണ്ടുനടക്കുന്ന ഒരു നേതൃഗുണമാണ് ഗാന്ധിജിക്കുണ്ടായിരുന്നത്. അതിലുണ്ടാകുന്ന പരാജയങ്ങള്‍ അദ്ദേഹത്തെ ദീര്‍ഘനാള്‍ അലട്ടിയതുമില്ല.
ജാലിയന്‍വാലാബാഗ് സംഭവത്തില്‍ പ്രതിഷേധിച്ച് 1919ല്‍ വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍നിന്ന് രാജിവെച്ച ശങ്കരന്‍നായര്‍ എന്തുകൊണ്ട് ബ്രിട്ടീഷ് ഗവണ്‍മെന്റ് രൂപീകരിച്ച സൈമണ്‍ കമ്മീഷനുമായി സഹകരിച്ചു എന്നത് പലര്‍ക്കും അത്ഭുതമായി. ഗാന്ധിജിയും കോണ്‍ഗ്രസ് നേതൃത്വവും ഇന്ത്യയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വന്ന ആ കമ്മീഷനെ ബഹിഷ്‌ക്കരിച്ചിരിക്കുകയായിരുന്നു.
ജീവിതകാലം (1857-1934)
ഒന്നാം സ്വാതന്ത്ര്യസമരം എന്നു വിശേഷിപ്പിക്കപ്പെടുന്ന ശിപായിലഹള (Sepoy Riot) നടന്ന 1857ലാണ് പാലക്കാട് മങ്കരയില്‍ ചേറ്റൂര്‍ ശങ്കരന്‍നായര്‍ ജനിക്കുന്നത്. മങ്കര ഉള്‍പ്പെടുന്ന മലബാര്‍ അക്കാലത്ത് മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്നു. പ്രസിഡന്‍സി കോളേജില്‍ പഠിക്കുന്ന കാലത്ത് അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ലേഖനമത്സരത്തില്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാരോട് മാന്യമായി പെരുമാറിയില്ലെങ്കില്‍ ബോംബെ മറ്റൊരു ബോസ്റ്റണ്‍ തുറമുഖമായി മാറും എന്നെഴുതിയതിന് ഇംഗ്ലീഷുകാരനായ പ്രിന്‍സിപ്പാള്‍ അഭിനന്ദിക്കുകയാണ് ചെയ്തത്. ലോകത്താരാലും കീഴടക്കപ്പെടാത്ത ജനത മലയാളികളാണെന്നും പോര്‍ച്ചുഗീസുകാരും ഡച്ചുകാരും ഫ്രഞ്ചുകാരും നാട്ടുരാജ്യങ്ങളുമായി യുദ്ധങ്ങള്‍ ചെയ്‌തെങ്കിലും മലയാളിയെ പൂര്‍ണ്ണമായി കീഴടക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇംഗ്ലീഷുകാരുമായി ഒരു യുദ്ധമുണ്ടായിട്ടുമില്ലെന്നും അദ്ദേഹം മറ്റൊരിടത്ത് കേരളചരിത്രത്തിന് വ്യത്യസ്തമായ ഒരു വ്യാഖ്യാനം നല്‍കുന്നു. മൗലികതയാണ് ശങ്കരന്‍ നായരുടെ ചരിത്ര വീഷണം.
മലബാറിലെ ഭൂപരിഷ്‌ക്കരണം പഠിക്കാന്‍ 1882ല്‍ സര്‍ മാധവറാവു അദ്ധ്യക്ഷനായ ഒരു കമ്മീഷനെ ബ്രിട്ടീഷ് ഗവണ്‍മെന്റ് നിയമിക്കുകയുണ്ടായി. അതില്‍ വില്യം ലോഗനൊടൊപ്പം ശങ്കരന്‍നായരും അംഗമായി. കുടിയാന്മാര്‍ക്കനുകൂലമായാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ലോഗന്റെ മലബാര്‍ മാന്വല്‍ 19-ാം നൂറ്റാണ്ടിലെ മലബാറിന്റെ ചരിത്രം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അക്ഷയഖനിയാണല്ലോ. മദ്രാസ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം, മദ്രാസ് നിയമനിര്‍മ്മാണ സഭ അംഗം എന്നീ സ്ഥാനങ്ങളിലേക്കും ശങ്കരന്‍നായര്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. എന്നാല്‍ അദ്ദേഹത്തിന് മലബാര്‍ മാരേ്യജ് ആക്ട് നിയമമാക്കാന്‍ കഴിഞ്ഞില്ല. കമ്മീഷനിലെ മറ്റൊരു അംഗമായിരുന്ന ഒ.ചന്തുമേനോന്‍ അടക്കമുള്ളവരുടെ എതിര്‍പ്പായിരുന്നു കാരണം.
1907ല്‍ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ശങ്കരന്‍നായര്‍ നീലഗിരിയിലെ ചായത്തോട്ടം തൊഴിലാളികള്‍ക്കെതിരെ പുറപ്പെടുവിച്ചിരുന്ന വാറണ്ടുകള്‍ റദ്ദ് ചെയ്തു. തോട്ടങ്ങള്‍ യൂറോപ്യന്മാരുടേതായിരുന്നു. തുടര്‍ന്ന് മദ്രാസ് ഹൈക്കോടതി നീലഗിരി പ്രദേശത്തുനിന്നുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍നിന്ന് ശങ്കരന്‍നായരെ മാറ്റി.
1893ല്‍ ഒരു ചെത്തുതൊഴിലാളിസമരത്തിന് ഇദ്ദേഹം നേതൃത്വം നല്‍കിയിരുന്നു. കേരളചരിത്രത്തിലെ ആദ്യത്തെ തൊഴിലാളി സമരമാണിത്. ഇടതുപക്ഷ ചരിത്രകാരന്മാരൊന്നും ഇതു ചൂണ്ടിക്കാണിച്ചിട്ടില്ല. സിലോണില്‍നിന്ന് (ഇന്നത്തെ ശ്രീലങ്ക) ഇറക്കുമതി ചെയ്തിരുന്ന ചാരായം ഇവിടുത്തെ തിയ്യ-തണ്ടാന്‍ സമുദായങ്ങളായ തൊഴിലാളികളുടെ ജീവിതം ദുസ്സഹമാക്കി. ചാരായം ഇറക്കുമതിയില്‍ നിന്ന് കിട്ടുന്ന നികുതിയായിരുന്നു ഗവണ്‍മെന്റിന് പ്രധാനം.
1887ല്‍ മദിരാശിയില്‍വെച്ച് നടന്ന മൂന്നാം കോണ്‍ഗ്രസ് സമ്മേളനം മുതലാണ് ശങ്കരന്‍ നായര്‍ പാര്‍ട്ടിയില്‍ സജീവമാകുന്നത്. 1885ലാണല്ലോ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപംകൊള്ളുന്നത്. സമ്മേളനസ്ഥലത്ത് ബ്രാഹ്മണര്‍ക്കും, അബ്രാഹ്മണര്‍ക്കും പ്രത്യേകം ഭക്ഷണശാലകള്‍ ഏര്‍പ്പെടുത്തിയതിനെ അദ്ദേഹം വിമര്‍ശിച്ചു. 1897ല്‍ മഹാരാഷ്ട്രയിലെ അമരാവതിയില്‍ നടന്ന പതിമൂന്നാം കോണ്‍ഗ്രസ് സമ്മേളനത്തിലാണ് ശങ്കരന്‍ നായര്‍ അദ്ധ്യക്ഷനാകുന്നത്. 1907ലെ സൂററ്റ് സമ്മേളനം വരെ മാത്രമേ ഇദ്ദേഹം പാര്‍ട്ടിയില്‍ സജീവമാകുന്നുള്ളൂ. ശങ്കരന്‍നായര്‍ക്കുശേഷം ഇന്നേവരെ ഒരു മലയാളിയും അഖിലേന്ത്യാ കോണ്‍ഗ്രസ് അദ്ധ്യക്ഷനാകുന്നില്ല. അദ്ദേഹത്തിനത് വെറും ആലങ്കാരിക പദവിയായിരുന്നില്ല. ഇന്ത്യയുടെ സാമ്പത്തിക പിന്നാക്കാവസ്ഥയ്ക്ക് ഒരു കാരണം വലിയൊരു സൈന്യത്തെ നിലനിര്‍ത്തുന്നതുകൊണ്ടാണെന്നും അവര്‍ക്ക് ശമ്പളം നല്‍കേണ്ടത് ബ്രിട്ടീഷ് ഖജനാവില്‍ നിന്നാണെന്നും ഇന്ത്യക്കാര്‍ക്ക് ഇംഗ്ലീഷുകാര്‍ക്കുള്ള അതേ പൗരാവകാശങ്ങള്‍ നല്‍കണമെന്നും അദ്ദേഹം ഓരോ പ്രസംഗത്തിലും ആവശ്യപ്പെട്ടു. കാര്‍ഷിക പിന്നാക്കാവസ്ഥയുടെ കാരണങ്ങളും വിലയിരുത്തിയിരുന്നു.
ഗാന്ധിജിയില്‍നിന്നും കോണ്‍ഗ്രസില്‍ നിന്നും അകന്നതിനുശേഷമാണ് വൈസ്രോയിയുടെ എക്‌സിക്യൂട്ടീവില്‍ വരുന്നത്. വിദ്യഭ്യാസവകുപ്പിലായിരുന്നു അദ്ദേഹത്തിന്റെ സവിശേഷശ്രദ്ധ. മൈക്കേല്‍ സാഡ്‌ലര്‍ അദ്ധ്യക്ഷനും ചരിത്രകാരനായ റാംസോമൂര്‍, അശുതോഷ് മുഖര്‍ജി എന്നിവര്‍ അംഗങ്ങളുമായുള്ള ഒരു ഉന്നത വിദ്യാഭ്യാസ കമ്മീഷനെ ശങ്കരന്‍ നായര്‍ നിയമിച്ചു. അര നൂറ്റാണ്ടുകാലം ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസത്തിന് മാര്‍ഗദര്‍ശകമായത് ഈ കമ്മീഷനാണ്.
ഗാന്ധിജിക്ക് നിസ്സഹകരണസമരം പിന്‍വലിക്കേണ്ടിവന്നത് അത് അക്രമാസക്തമായതിനെതുടര്‍ന്നാണ്. പ്രവിശ്യ കൗണ്‍സിലുകളിലേക്ക് മത്സരിക്കേണ്ടെന്ന ഗാന്ധിജിയുടേയും കോണ്‍ഗ്രസ്സിന്റേയും തീരുമാനത്തിനെതിരെ മോത്തിലാല്‍ നെഹ്‌റു, സി.ആര്‍.ദാസ്, വിത്തല്‍ ഭായ് പട്ടേല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു വിമതവിഭാഗം രൂപംകൊള്ളുകയും അവര്‍ സ്വരാജ് പാര്‍ട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും പ്രവിശ്യാ കൗണ്‍സിലുകളില്‍ എത്തുകയും ചെയ്തു.
ഇന്ത്യയുടെ സ്വയംഭരണത്തെക്കുറിച്ച് പഠിക്കുവാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് നിയോഗിച്ച സൈമണ്‍ കമ്മീഷനില്‍ ഒരു ഇന്ത്യക്കാരനുമില്ലെന്നതിന്റെ പേരില്‍ ഗാന്ധിജിയും കോണ്‍ഗ്രസ്സും അത് ബഹിഷ്‌ക്കരിച്ചു. എന്നാല്‍ സൈമണ്‍ കമ്മീഷനെ സഹായിക്കാന്‍ രൂപീകരിച്ച സമിതിയുടെ അദ്ധ്യക്ഷസ്ഥാനം സര്‍ സി. ശങ്കരന്‍നായര്‍ സ്വീകരിച്ചു. കമ്മീഷനില്‍ ഇരുന്നുകൊണ്ട് സ്വയം ഭരണത്തിനുവേണ്ടി വാദിക്കുകയാണ് അദ്ദേഹം ചെയ്തത്. 1930 മുതല്‍ 1932 വരെ ലണ്ടനില്‍ നടന്ന വട്ടമേശ സമ്മേളനങ്ങള്‍ക്കുശേഷം ഇന്ത്യക്ക് കൂടുതല്‍ ഉത്തരവാദിത്ത ഭരണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായി. അപ്പോഴേക്കും ശങ്കരന്‍നായര്‍ പൊതുപ്രവര്‍ത്തനവും ഉപേക്ഷിച്ചിരുന്നു. 1931ല്‍ ദല്‍ഹിയില്‍വെച്ച് നടന്ന ഹിന്ദുമഹാസഭയുടെ പ്രത്യേക സമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ എന്ന നിലയിലാണ് അവസാനമായി ഒരു പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. ആത്മകഥാ രചനയിലും ആത്മീതയിലും അഭയം തേടി. ബുദ്ധതത്വങ്ങള്‍ അദ്ദേഹത്തെ ആകര്‍ഷിച്ചിരുന്നു. എന്നാല്‍ ബഹായി മതവിശ്വാസിയാകുകയാണ് ചെയ്തത്. കാറപകടത്തില്‍ പരിക്കുപറ്റിയ അദ്ദേഹം 1934 ഏപ്രില്‍ 24ന് മദ്രാസില്‍വെച്ച് അന്തരിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മങ്കരയില്‍ ഭാരതപ്പുഴയുടെ തീരത്തുള്ള കുടുംബശ്മശാനത്തില്‍ സംസ്‌ക്കരിച്ചു.