കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി മാര്‍ക്ക് കാര്‍ണി തിരഞ്ഞെടുക്കപ്പെട്ടത് മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ കീഴില്‍ വഷളായ ഭാരത-കാനഡ ബന്ധത്തില്‍ നിരവധി മാറ്റങ്ങള്‍ക്ക് തുടക്കമിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ട്രൂഡോയ്ക്ക് ശേഷം കാര്‍ണി പ്രധാനമന്ത്രിയായിരുന്നെങ്കിലും അതൊരു സഖ്യ കക്ഷി സര്‍ക്കാര്‍ തന്നെയായിരുന്നു.
സിഖ് വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഭാരതത്തിന് പങ്കുണ്ടെന്ന് ട്രൂഡോ 2023ല്‍ നടത്തിയ വ്യാജ ആരോപണത്തെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. നയതന്ത്ര പ്രതിനിധികളെ പരസ്പരം പുറത്താക്കുന്നതിന് ഇത് കാരണമാവുകയും രാജ്യങ്ങള്‍ക്കിടയിലെ വിശ്വാസത്തില്‍ വലിയ വിള്ളല്‍ വീഴുകയും ചെയ്തു.
രാജ്യത്തെ രണ്ട് ശതമാനം വരുന്ന സിഖ് ജനസംഖ്യയെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ട്രൂഡോയുടെ പരാമര്‍ശങ്ങള്‍. കൂടാതെ ഭാരതമുള്‍പ്പടെയുള്ള രാജ്യങ്ങള്‍ എ ഐ ഉപകരണങ്ങളും വ്യാജ വിവരങ്ങളും ഉപയോഗിച്ച് തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ശ്രമിച്ചേക്കാമെന്ന കനേഡിയന്‍ ഉദ്യോഗസ്ഥരുടെ സമീപകാല അവകാശവാദങ്ങളും സംഘര്‍ഷം കൂടുതല്‍ രൂക്ഷമാവുന്നതിന് കാരണമായി. കൂടാതെ, ലിബറല്‍ നേതൃത്വത്തില്‍ എത്തുമെന്ന് കരിതിയിരുന്ന ചന്ദ്ര ആര്യയെ ഭാരതവുമായുള്ള അടുപ്പം ആരോപിച്ച് തിരഞ്ഞെടുപ്പില്‍ നിന്ന് അയോഗ്യനാക്കിയതും കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. 2015 ല്‍ ഹൗസ് ഓഫ് കോമണ്‍സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ കഴിഞ്ഞ ജനുവരിയില്‍ ലേബര്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് ഔദ്യോഗികമായി മത്സരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു.
ഭാരതവിരുദ്ധതയിലേക്ക് ട്രൂഡോ മാറാനുള്ള പ്രധാന കാരണമായി പറയുന്നത് ട്രൂഡോയുടെ സഖ്യകക്ഷി നേതാവായിരുന്ന ജഗമീത് സിംഗിന്റെ സാന്നിധ്യമായിരുന്നു. അദ്ദേഹം നേതൃത്വം നല്‍കുന്ന ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുമായി ചേര്‍ന്ന് ഭരണം നടത്തിയ ട്രൂഡോയ്ക്ക് സിഖ് ഭീകരവാദത്തിന് കുടപിടിച്ചു കൂടെ നില്‍ക്കേണ്ടി വന്നു. എന്നാല്‍ കാര്‍ണിയുടെ നേതൃത്വത്തില്‍ ലിബറല്‍ പാര്‍ട്ടി 168 സീറ്റും എതിര്‍ പാര്‍ട്ടിയായ കോണ്‍സര്‍വേറ്റീവ് പാര്‍ട്ടി 143 സീറ്റുമാണ് ഇപ്പോള്‍ നേടിയിരിക്കുന്നത്. ഭൂരിപക്ഷത്തിന് 172 സീറ്റുകളാണ് 343 അംഗ പാര്‍ലമെന്റില്‍ വേണ്ടത്. അതുകൊണ്ടു തന്നെ 7 സീറ്റ് ലഭിച്ച ജഗമീത് സിംഗിന്റെ എന്‍ഡിപിയുടെ സഹായം ഇത്തവണ ആവശ്യമില്ലാത്തത് കൊണ്ടുതന്നെ കാര്‍ണിയുടെ സര്‍ക്കാരില്‍ ഖാലിസ്ഥാന്‍ സ്വാധീനം കുറയാനിടയുണ്ട്. ട്രൂഡോയുടെ സഖ്യകക്ഷിയായിരുന്ന ജഗമീത് സിംഗിന് ഖാലിസ്ഥാന്‍ തീവ്രവാദത്തോട് മൃദു സമീപനമാണ് ഉണ്ടായിരുന്നതെന്നാണ് ഭാരത സര്‍ക്കാര്‍ വിലയിരുത്തിയിരുന്നത്.
എന്നാല്‍ നേരെത്തെയുണ്ടായിരുന്ന 25 സീറ്റില്‍ നിന്നും 7 സീറ്റായി കുറഞ്ഞുള്ള പരാജയവും സ്ഥാനമൊഴിയാനുള്ള അദ്ദേഹത്തിന്റെ പുതിയ തീരുമാനവും ഖാലിസ്ഥാന്‍ വിഘടന വാദത്തോടുള്ള കാനഡയുടെ മൗനത്തിന് പരിസമാപ്തിയുണ്ടാക്കുമെന്ന് ഭാരതം പ്രതീക്ഷിക്കുന്നു. മാത്രമല്ല തിരഞ്ഞെടുപ്പിന് ശേഷം കാനഡയില്‍ ഖാലിസ്ഥാനുമായി ബന്ധപ്പെട്ട പ്രവര്‍ത്തങ്ങള്‍ കുറഞ്ഞതായുള്ള വിലയിരുത്തലുകളുമുണ്ട്. ഭാരതത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും വിദഗ്ധ തൊഴിലാളികള്‍ക്കും മുന്‍കാലത്തെ പോലെ തന്നെ കുടിയേറ്റ ബന്ധങ്ങള്‍ പുനഃക്രമീകരിക്കുന്നതിനുള്ള ഒരവസരം കൂടിയാണ് പുതിയ മാറ്റങ്ങള്‍ തുറക്കുന്നത്.
ഇത് കാര്‍ണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തന്നെ അദ്ദേഹം സൂചിപ്പിച്ചിരുന്നു. നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നേരിട്ട് പരാമര്‍ശിക്കാതെ തന്നെ കാനഡ-ഇന്ത്യ ബന്ധം, പല തലങ്ങളിലും വളരെ പ്രധാനപ്പെട്ട ഒരു ബന്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായിരുന്നു. ഇരു രാജ്യങ്ങള്‍ക്കും സാമ്പത്തികവും തന്ത്രപരവുമായ ബന്ധങ്ങളുണ്ടെന്നും എന്നാല്‍ ഭാരതവുമായുള്ള ബന്ധത്തില്‍ ചില ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ടെന്നും അവ പരസ്പര ബഹുമാനത്തോടെ അഭിസംബോധന ചെയ്യാനും കെട്ടിപ്പടുക്കാനും ഒരു വഴി മുന്നിലുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. കൂടാതെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ രാമനവമി പരിപാടിയില്‍ കാര്‍ണി പങ്കെടുത്തത് കാനഡയിലെ 1.8 ദശലക്ഷം വരുന്ന ഹിന്ദു-കനേഡിയന്‍ സമൂഹത്തിനുള്ളൊരു പ്രതീകാത്മക പിന്തുണയായും കണക്കാക്കപ്പെട്ടു. ട്രൂഡോ ഭരണകൂടത്തിന് ഭാരതത്തിനുണ്ടായിരുന്ന സമീപനത്തില്‍ നിന്നുള്ള മാറ്റമായാണ് ഇത് വ്യാഖ്യാനിക്കപ്പെട്ടത്. പ്രത്യേകിച്ചു അസ്ഥിരമായ ഇന്നത്തെ ആഗോള വ്യാപാര അന്തരീക്ഷത്തില്‍ സഹകരണത്തിന്റെ പുതിയ പാത തുറക്കുന്നതിന്റെ സൂചനയും ഇത് നല്‍കി. പ്രത്യേകിച്ചു ട്രംപ് അധികാരത്തിലെത്തിയാല്‍ യുഎസിനെ സാമ്പത്തികമായി ആശ്രയിക്കുന്നത് കാനഡ കുറയ്ക്കുമെന്ന് കാര്‍ണി പരസ്യ പ്രഖ്യാപനം നടത്തിയിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോള്‍ കാനഡയുടെ പത്താമത്തെ വലിയ വ്യാപാര പങ്കാളിയായ ഭാരതത്തെ ഒരു പ്രധാന പങ്കാളിയായി കാണുവാന്‍ അദ്ദേഹത്തെ ഇത് പ്രേരിപ്പിക്കുന്നുവെന്ന് നിരീക്ഷകര്‍ പറയുന്നു. മാത്രമല്ല ഭാരതത്തിന് ആ സാഹചര്യം ഉപയോഗപ്പെടുത്താനാവും.
എന്നാല്‍ കാര്‍ണിയുടെ ലിബറല്‍ പാര്‍ട്ടി വിജയിച്ചതിന് തൊട്ടുപിന്നാലെ, ടൊറന്റോയില്‍ നടന്ന ‘ഹിന്ദു വിരുദ്ധ മാര്‍ച്ച്’ ഒരു പ്രധാന കല്ലുകടിയായി മാറിയിട്ടുണ്ട്. തുടര്‍ന്ന് ടൊറന്റോയില്‍ നടന്ന ഹിന്ദു വിരുദ്ധ മാര്‍ച്ചിനെക്കുറിച്ചുള്ള രാജ്യത്തിന്റെ ആശങ്കകള്‍ ന്യൂദല്‍ഹിയിലെ കനേഡിയന്‍ ഹൈക്കമ്മീഷനില്‍ ശക്തമായ ഭാഷയില്‍ തന്നെ ഭാരതം രേഖപ്പെടുത്തിയിരുന്നു. ഭാരതത്തിനെതിരെ വിദ്വേഷം പ്രചരിപ്പിക്കുകയും തീവ്രവാദവും വിഘടനവാദ അജണ്ടയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഭാരത വിരുദ്ധ ശക്തികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഭാരതം ആവശ്യപ്പെട്ടു.
2023 അവസാനം വരെ കാനഡയില്‍ പത്ത് ലക്ഷത്തിലധികം വിദേശ വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. അതില്‍ മൂന്ന് ലക്ഷത്തിനടുത്ത് ആളുകള്‍ ഭാരത പൗരന്മാരായിരുന്നു. ഭാരത പൗരന്മാരായ വിദ്യാര്‍ത്ഥികള്‍ മൊത്തം വിദേശ വിദ്യാര്‍ത്ഥികളുടെ ഏകദേശം 27% വരും. 2015 ല്‍ വെറും 31,920 ഉണ്ടായിരുന്ന ഭാരത വിദ്യാര്‍ത്ഥികളില്‍ നിന്നാണ് ഇത് കുത്തനെ വര്‍ദ്ധിച്ചത്. തൊഴില്‍ കണക്കുകളിലും സമാനമായ പ്രവണത കാണിക്കുന്നു. 2023 ല്‍ 26,000 ല്‍ അധികം ഇന്ത്യന്‍ പൗരന്മാര്‍ താല്‍ക്കാലിക വിദേശ തൊഴിലാളികളായി ജോലി ചെയ്തിരുന്നു, പ്രധാനമായും കുറഞ്ഞ വേതനമുള്ള മേഖലകളിലായിരുന്നു ഇത്. കാനഡയുടെ വൈദഗ്ധ്യമുള്ള തൊഴില്‍ ശക്തിയെ ബല വത്താക്കാന്‍ ഇത് സഹായിച്ചു. എന്നാല്‍ ലിബറല്‍ പാര്‍ട്ടിയുടെ കാഴ്ചപ്പാട് മുന്‍ സര്‍ക്കാരിന്റെ കുടിയേറ്റ നയങ്ങള്‍ ‘സുസ്ഥിരമല്ലാത്ത’ തും കുടിയേറ്റ നിരക്കുകള്‍ ഉയരാന്‍ കാരണമായതെന്നുമായിരുന്നു. ഇത് പരിഹരിക്കുന്നതിനായി, 2027 ന് ശേഷം കാനഡയിലെ ജനസംഖ്യയുടെ ഒരു ശതമാനത്തില്‍ താഴെ മാത്രമേ ഓരോ വര്‍ഷവും സ്ഥിര കുടിയേറ്റം അനുവദിക്കുകയുള്ളുവെന്ന് ലിബറലുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരം ഓരോ വര്‍ഷവും 2025 ല്‍ 3,95,000, 2026 ല്‍ 3,80,000, 2027 ല്‍ 3,65,000 എന്നിങ്ങനെ സ്ഥിര താമസക്കാരുടെ ലക്ഷ്യങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ താല്‍ക്കാലിക താമസക്കാരുടെ നിലവാരവും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. 2027 അവസാനത്തോടെ താല്‍ക്കാലിക താമസക്കാരുടെ എണ്ണം ജനസംഖ്യയുടെ 5% ല്‍ താഴെയാക്കുകയെന്നതാണ് ലിബറലുകള്‍ ലക്ഷ്യമിടുന്നത്. താല്‍ക്കാലിക താമസക്കാര്‍ സ്ഥിരം പദവിയിലേക്ക് മാറുന്നതിലൂടെയോ അവരുടെ വിസ കാലഹരണപ്പെടുമ്പോള്‍ കാനഡ വിടുന്നതിലൂടെയോ ഈ ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് അവര്‍ കരുതുന്നത്. കാനഡയിലെ നിക്ഷേപത്തിലും ബിസിനസിലുമുള്ള മാന്ദ്യവും ഉയര്‍ന്ന പലിശ നിരക്കുവാണ് ഇപ്പോഴുള്ളത്. ഇത് 2008 ലെ സാമ്പത്തിക പ്രതിസന്ധിക്ക് സമാനമായ സാഹചര്യം സൃഷ്ടിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതുകൊണ്ടുതന്നെ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ കാനഡയെടുക്കുന്ന തീരുമാനങ്ങള്‍ക്കും ഭാരത താത്പര്യങ്ങള്‍ക്കുമിടയില്‍ ഒരു സമവായം കണ്ടെത്തുകയെന്നതായിരിക്കും കാര്‍ണി-മോദി സര്‍ക്കാരുകളുടെ പ്രധാന ദൗത്യം.