കേരള മുഖ്യന്‍ വിജയന്‍ സഖാവ് ഒന്ന് കണ്ണു തുറന്നപ്പോള്‍ കണ്ടത് അയല്‍പക്കത്തെ സ്റ്റാലിന്‍ മുഖ്യമന്ത്രി സുപ്രീം കോടതിയില്‍ നിന്നു കിട്ടിയ ഒരു പാത്രത്തില്‍ കയ്യിട്ട് മിന്നിത്തിളക്കുന്ന ഒരു വസ്തു എടുത്തു ‘കിട്ടിപ്പോയേ’ എന്ന് ആര്‍ത്തു വിളിക്കുന്ന രംഗമാണ്. ഗവര്‍ണര്‍മാര്‍ക്കെതിരെ കൊമ്പുകോര്‍ത്തു നില്‍ക്കുന്നവരാണ് വിജയനും സ്റ്റാലിനും. അതില്‍ ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതിയില്‍ നിന്ന് ഒരു അനുകൂല വിധി എന്ന നിധി കിട്ടി എന്നതാണ് സ്റ്റാലിന്റെ ആര്‍പ്പുവിളിക്ക് കാരണം. നിയമസഭ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കുന്നതില്‍ ഗവര്‍ണറുടെ ചെവിക്കു പിടിക്കുക മാത്രമല്ല, ഗവര്‍ണര്‍മാര്‍ക്കും രാഷ്രപതിക്കും വരെ ബില്ലിന്മേല്‍ തീരുമാനമെടുക്കുന്നതില്‍ കോടതി സമയക്രമം നിശ്ചയിച്ചു എന്നതാണ് വലിയ വിജയമായി ആഘോഷിക്കപ്പെട്ടത്. ഈ വാര്‍ത്ത കണ്ട് വിജയന്‍ സഖാവ് ആവേശഭരിനായി. കേന്ദ്ര സര്‍ക്കാറിനു നേരെയുള്ള ‘കട്ടിങ് ദി സൗത്ത്’കാരുടെ വമ്പന്‍ വിജയമല്ലേ ഇത്. തങ്ങളുടെ വരുതിക്കു നിലയ്ക്കാത്ത ഗവര്‍ണര്‍മാരെ ബില്ല് എന്ന വില്ലുകൊണ്ടു കൂച്ചുവിലങ്ങിടാന്‍ ഞങ്ങള്‍ക്കും വേണം ഒരു ലൈസന്‍സ് എന്ന് കോടതിയില്‍ ഒരപേക്ഷ കൊടുക്കാന്‍ വിജയന്‍ സഖാവിനെ ഏ.കെ.ജി. സെന്ററിലെ കാഞ്ഞ ബുദ്ധിശാലികള്‍ ഉപദേശിച്ചു.
വൈകിയില്ല, സ്റ്റാലിനു കൊടുത്ത പാത്രത്തില്‍ നിന്ന് കുറച്ചു കഞ്ഞി ഇവിടെയും ഒഴിച്ചു തരണേ എന്ന ആവശ്യവുമായി കേരള മുഖ്യന്‍ സുപ്രീം കോടതിക്കു മുമ്പില്‍ കൈനീട്ടി. തമിഴ്‌നാടിന് നല്‍കിയ വിധി തങ്ങള്‍ക്കും ബാധകമാക്കണേ എന്നാണ് ഹരജിയില്‍ പറയുന്നത്. ഹരജി കൊടുത്തു കഴിഞ്ഞപ്പോഴാണ് അബദ്ധം പിടികിട്ടിയത്. സുപ്രീം കോടതി ഹരജി കേള്‍ക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ വാദം ഉന്നയിക്കും. സ്വാഭാവികമായും വിഷയം ഭരണഘടനാ ബഞ്ചിലെത്തും. അതോടെ സ്റ്റാലിനു കിട്ടിയ നിധിയും കരിക്കട്ടയായി മാറാം. കേന്ദ്രത്തിന് ഇടപെടാന്‍ പറ്റിയ സന്ദര്‍ഭമാണ് വിജയന്‍ സഖാവ് ഉണ്ടാക്കിക്കൊടുത്തത്. അതുകൊണ്ട് ഉടനെ ഹരജി പിന്‍വലിക്കാന്‍ ഉപദേശം കിട്ടി. ഗവര്‍ണര്‍ ബില്ല് രാഷ്രപതിക്കയച്ചു കഴിഞ്ഞതോടെ ഹരജിയുടെ പ്രസക്തി പോയി എന്നു പറഞ്ഞാണ് ഹരജി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത്. അപ്പോഴേക്കും സോളിസിറ്റര്‍ ജനറല്‍ ഇടപെട്ടു. ഭരണഘടനാപരമായി പ്രധാനമായ ഈ വിഷയത്തില്‍ ലാഘവത്തോടെ ഹരജി കൊടുക്കലും പിന്‍വലിക്കലും ശരിയല്ലാത്തതിനാല്‍ പിന്‍വലിക്കാന്‍ അനുവദിക്കരുത് എന്ന് അദ്ദേഹം വാദിച്ചു. നിധി കിട്ടാന്‍ വേണ്ടി കയ്യിട്ടതാണ് വിജയന്‍ സഖാവ്. ഇപ്പോള്‍ പാത്രത്തില്‍ നിന്ന് കൈവലിക്കാന്‍ പറ്റാതെ കുഴങ്ങിയിരിക്കയാണ് സഖാവ്