Wednesday, June 25, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖലേഖനം

ചരിത്രവഴിയിലെ അശ്വത്ഥവൃക്ഷം

പ്രൊഫ. സുമതി ഹരിദാസ്

Print Edition: 9 May 2025

എംജിഎസ് എന്ന മലയാളത്തിന്റെ മഹാചരിത്രകാരന്‍ ചരിത്രാവശേഷനായത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും നഷ്ടബോധം കൊണ്ട് ഉള്ളു പിടയുകയാണ്. കൊല്ലവര്‍ഷം 1107 ചിങ്ങമാസത്തിലെ രേവതി നക്ഷത്രത്തില്‍ ജനിച്ച് കൊ.വ. 1200 മേടമാസം രേവതി നക്ഷത്ര ദിവസം തന്നെ വിടപറഞ്ഞ എംജിഎസ് ജ്ഞാനമാര്‍ഗ്ഗത്തിലൂടെ ജീവന്‍മുക്തി നേടിയെന്നു വേണം കരുതാന്‍. ആ വിടവ് നികത്താനാവാത്ത നഷ്ടമായി ചരിത്രലോകം എന്നും സ്മരിക്കും.

ബാല്യകൗമാരങ്ങള്‍ മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ ആയിരുന്നെങ്കിലും 70 വര്‍ഷത്തിലേറെക്കാലമായി അദ്ദേഹം കോഴിക്കോട്ടെ സ്ഥിരതാമസക്കാരനായിരുന്നു. ഭൂതകാല പഠിതാക്കള്‍ക്ക് വര്‍ത്തമാനകാലത്തെ സ്വാധീനിക്കാനും ഭാവിതലമുറയെ നന്മയിലേക്കു വഴികാണിക്കാനും സാധിക്കുമെന്നതിന്റെ ഉത്തമ മാതൃകയാണ് എംജിഎസ്സിന്റെ പഠന-പാഠന രീതികളും തന്റെ ശിഷ്യരോടുള്ള സമീപനങ്ങളും. ഭാരതത്തിലെ ഒരു ഗുരുകുലത്തിന്റെ ഗതകാലസ്മരണപോലെ ഏതു സമയത്തും വിദ്യാര്‍ത്ഥികള്‍ക്ക് തന്റെ വാസസ്ഥലത്ത് ചെന്ന് സംശയനിവൃത്തി വരുത്താനും തന്റെ ലൈബ്രറിയിലെ സൗകര്യം ഉപയോഗപ്പെടുത്താനും മാര്‍ഗ്ഗനിര്‍ദ്ദേശം തേടാനും ആവശ്യമെങ്കില്‍ പൈദാഹനിവൃത്തി വരുത്താനുമുള്ള അന്തരീക്ഷം എംജിഎസ്സിന്റെ വീട്ടില്‍ നിന്നും ലഭിച്ചിരുന്നുവെന്നത് ഒരദ്ധ്യാപകനില്‍ നിന്നും ഗുരുവിലേക്കുള്ള വളര്‍ച്ചയാണ് പ്രകടീകൃതമാക്കുന്നത്. അങ്ങനെയുള്ള വിദ്യാര്‍ത്ഥികളില്‍ നിന്നും ‘ശിഷ്യ’രിലേക്ക് ഉയര്‍ന്ന നിരവധി ശിഷ്യസമ്പത്തിന് കര്‍ത്തൃത്വം വഹിക്കുകയെന്നത് ഒരു അദ്ധ്യാപകനെ സംബന്ധിച്ചിടത്തോളം മഹത്തായ ഒരു സംസ്‌കാരത്തിന്റെ പ്രാതിനിധ്യം വെളിവാക്കുന്ന പ്രവൃത്തിയാണ്.

മകന്‍ (എംജിഎസ്) ഡോക്ടറാകണമെന്ന് ആശിച്ച അച്ഛന്‍ ഡോക്ടര്‍ മുറ്റായില്‍ ഗോവിന്ദമേനോന് കാണാന്‍ സാധിച്ചത് ഒരു ഫോറന്‍സിക്ക് ഡോക്ടര്‍ മൃതശരീരം നിഷ്പക്ഷമായും വസ്തുനിഷ്ഠമായും വിശകലനം ചെയ്യുന്ന രീതിയില്‍ ഭൂതകാല സാമൂഹ്യ ശരീരത്തെ വിശകലനം ചെയ്തു പഠിക്കുന്ന ഒരു ഡോക്ടറെയായിരുന്നു. അതാണ് ഡോ.എം.ജി.എസ് നാരായണന്‍ എന്ന ചരിത്രകാരനും മനുഷ്യസ്‌നേഹിയും കവിയും ചിത്രകാരനും സാമൂഹ്യവിമര്‍ശകനും സര്‍വ്വോപരി മാതൃകാ അദ്ധ്യാപകനും. സൗമ്യത, സത്യസന്ധത, ധീരത, സ്‌നേഹപരത, സ്വദേശാഭിമാനം എന്നീ ഗുണങ്ങളെല്ലാം വ്യക്തിജീവിതത്തില്‍ സ്ഫുടം ചെയ്‌തെടുത്ത ഒരു മഹാനായിരുന്നു എംജിഎസ് എന്നതിന് വിഭിന്നപക്ഷമുണ്ടാവില്ല.

അപൂര്‍വ്വസിദ്ധിയുള്ള ഒരദ്ധ്യാപകന്റെ സമര്‍ത്ഥമായ ഇടപെടലുകള്‍ കൊണ്ട് ധന്യമായ ഒരു പഠനകാലം ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കുണ്ടായിരുന്നുവെന്നത് നന്ദിപൂര്‍വ്വം സ്മരിക്കുന്നു. ക്ലാസ്സുമുറികളില്‍ മാത്രം ഒതുങ്ങിയതായിരുന്നില്ല എംജിഎസ്സിന്റെ അദ്ധ്യാപനം. അത് പലപ്പോഴും ക്ലാസിനു പുറത്തേക്ക് ചരിത്ര കോണ്‍ഗ്രസുകളിലേക്ക്, വിവിധ സെമിനാറുകളിലേക്ക്, ചരിത്രമുറങ്ങുന്ന ഇടങ്ങളിലേക്ക് ഒക്കെ ഒഴുകിപ്പരന്നു. ഞങ്ങളുടെ വിദ്യാര്‍ത്ഥികളേയും അതേ രീതിയില്‍ പരിശീലിപ്പിക്കേണ്ടതിന്റെ ആവശ്യകത തന്റെ ക്ലാസ്സുകളിലൂടെയും പ്രവൃത്തികളിലൂടെയും ഞങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്നു. നല്ല അദ്ധ്യാപകനാവണമെങ്കില്‍ നല്ല വിദ്യാര്‍ത്ഥിയായി എന്നും ജീവിക്കണമെന്നും അതുവഴി കാലോചിതമായ അറിവുകള്‍ പരിഷ്‌ക്കരിപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറയാറുണ്ടായിരുന്നു. ഇത്തരുണത്തില്‍ കോഴിക്കോട്ട് ഇ-മെയില്‍ സംവിധാനം കമ്പ്യൂട്ടര്‍ സഹായത്തോടെ ഉപയോഗത്തില്‍ വരുത്തിയ ആദ്യ പണ്ഡിതരില്‍ ഒരാളായിരുന്നു എംജിഎസ്. ഇത് 1994-95 വര്‍ഷങ്ങളില്‍ ടോക്കിയോവില്‍ വിസിറ്റിങ്ങ് പ്രൊഫസറായി പോയ കാലത്താണെന്നുകൂടി ഓര്‍ക്കണം. അക്കാലത്ത് കോഴിക്കോട് സര്‍വ്വകലാശാലയില്‍ എത്തുന്ന ഏതെങ്കിലും വിശേഷപണ്ഡിതരുണ്ടെന്ന വിവരം അറിഞ്ഞാല്‍ അവരെ ക്ഷണിച്ചുവരുത്തി ഞങ്ങള്‍ക്കു ക്ലാസുകള്‍ എടുപ്പിക്കാന്‍ ഒരു സങ്കോചവും കാണിച്ചിരുന്നില്ല. ഞങ്ങളില്‍ അക്കാദമിക മികവുണ്ടാക്കാന്‍ വളരെ ശ്രമിച്ച് വിജയിച്ച ഒരു അദ്ധ്യാപകന്‍ വിട പറഞ്ഞത് വിദ്യാര്‍ത്ഥി സമൂഹത്തിനു തീരാനഷ്ടം തന്നെ. ഇനിയൊരു മനുഷ്യ ജന്മം അദ്ദേഹത്തിനും ഞങ്ങള്‍ക്കും ഉണ്ടാവുകയാണെങ്കില്‍ (എങ്കില്‍ (ശള) എന്ന പ്രയോഗം ചരിത്രത്തിനുയോജിച്ചതല്ല) ഇതുപോലെയുള്ള ഒരദ്ധ്യാപകന്റെ ശിഷ്യത്വം സ്വീകരിക്കാന്‍ അവസരമുണ്ടാകണമേയെന്ന് അകമഴിഞ്ഞു പ്രാര്‍ത്ഥിക്കുന്നു.

സ്വാതന്ത്ര്യലബ്ധിക്കുമുമ്പും പിമ്പുമുളള 25 വര്‍ഷക്കാലയളവിലും ഞങ്ങളാരും സ്‌കൂളില്‍ കേരളചരിത്രം പഠിച്ചിരുന്നില്ല. 1971-73 കാലഘട്ടങ്ങളില്‍ പ്രീഡിഗ്രിക്കു ചരിത്രവിഷയം ഐച്ഛികമായി എടുത്തവര്‍ക്കുപോലും കേരളചരിത്രത്തെക്കുറിച്ച് ഒന്നും തന്നെ പഠിക്കാനുണ്ടായിരുന്നില്ല. ഇന്ത്യാചരിത്രം, ലോകചരിത്രം, ഇസ്ലാമിക ചരിത്രം എന്നിങ്ങനെ പോയിരുന്നു വിഷയപഠനം. കേരള സംസ്ഥാനരൂപീകരണത്തിനുശേഷം മദിരാശി സര്‍വ്വകലാശാല മാതൃകയില്‍ തിരുവിതാംകൂര്‍ സര്‍വ്വകലാശാല രൂപീകരിച്ചപ്പോള്‍ മദിരാശിയില്‍ തമിഴ് ഭാഷാ എം.എ. വിദ്യാര്‍ത്ഥികള്‍ തമിഴകത്തിന്റെ ചരിത്രം നിര്‍ബന്ധമായി പഠിക്കേണ്ടതുപോലെ കേരളത്തിലെ എം.എ. മലയാളം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം കേരളചരിത്രം ഒരു നിര്‍ബന്ധവിഷയമാക്കുകയുണ്ടായി. അങ്ങനെയാണ് കേരള ചരിത്രം ഒരു അക്കാദമിക വിഷയമായി അംഗീകരിക്കപ്പെട്ടത്. പിന്നീട് തിരുവിതാംകൂര്‍ സര്‍വ്വകലാശാല പേരില്‍ മാറ്റം വരുത്തി കേരള സര്‍വ്വകലാശാലയാക്കിയിട്ടും കൊല്ലങ്ങളോളം (1970 വരെ) ചരിത്രം എന്നത് ഒരു ‘അയിത്തം’ ബാധിച്ച വിഷയമായിരുന്നു. 1964ല്‍ കോഴിക്കോട് കേരള സര്‍വ്വകലാശാലയുടെ സാമൂതിരി കോളേജിലുള്ള പി.ജി. പഠനകേന്ദ്രത്തില്‍ ഒരു ചരിത്രവിഭാഗം ആരംഭിച്ചതു മുതലാണ് എംജിഎസ് കേരള ചരിത്രപഠന ഗവേഷണങ്ങളുമായി ഇടപെടാന്‍ തുടങ്ങിയത്. 1954-64 വരെയുളള കാലഘട്ടത്തില്‍ സാമൂതിരി കോളേജിലെ അദ്ധ്യാപകനായിരുന്ന കാലത്തും ചരിത്രഗവേഷണം അത്ര സജീവമായിരുന്നില്ല. Zamorins of Calicut എന്ന പുസ്തകത്തിന്റെ ഗ്രന്ഥകര്‍ ത്താവ് പ്രൊഫ.കെ. വി. കൃഷ്ണ അയ്യരെപോലുള്ളവരുമായുള്ള സമ്പര്‍ക്കം അദ്ദേഹത്തെ ചരിത്രരചനയിലേര്‍പ്പെടാന്‍ പ്രേരിപ്പിച്ചിട്ടുണ്ടായിരുന്നുവെന്നത് വസ്തുതയാണ്. എന്നാലും അക്കാലത്തു തന്റെ സീനിയര്‍ സഹപ്രവര്‍ത്തകരായ പ്രൊഫ. ഐ.ജി. മേനോന്‍, പ്രൊഫ. ശരത് കുമാര്‍, പ്രൊഫ. പി.കെ.എം രാജാ തുടങ്ങിയവരുടെ (എല്ലാവരും സാമ്പത്തികശാസ്ത്രത്തില്‍ പി.ജി. ബിരുദം നേടിയവര്‍) ചങ്ങാത്തവും അല്പം കോഴിക്കോടന്‍ സാഹിത്യസായാഹ്നങ്ങളിലുള്ള പങ്കാളിത്തവും ആയിരിക്കാം ചരിത്രഗവേഷണ പഠനം മന്ദീഭവിപ്പിച്ചത്. ഏതായാലും 1968ല്‍ കോഴിക്കോട് സര്‍വ്വകലാശാല രൂപം കൊണ്ടപ്പോള്‍ ആ വിഭാഗത്തിലെ ചരിത്രാദ്ധ്യാപകനായത് കേരളചരിത്ര രചനയെ സമ്പുഷ്ടമാക്കാനുള്ള ഒരവസരം കൈവന്നതു പോലെയായിരുന്നു.

കോഴിക്കോട്ട് സര്‍വ്വകലാശാലയിലേക്കുവന്ന് വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ അവിടുത്തെ ചരിത്രവകുപ്പിന്റെ പ്രവര്‍ത്തനം ദേശീയശ്രദ്ധയാകര്‍ഷിക്കുന്ന വിധത്തിലേക്ക് ഉയര്‍ത്താന്‍ സാധിച്ചു. അതിനേക്കാ ളുപരിയായി ചുറുചുറുക്കുള്ള വിദ്യാര്‍ത്ഥികളെ ചരിത്രപഠന ഗവേഷണ തല്പരരാക്കാന്‍ തന്റെ പ്രവര്‍ത്തനപാടവവും പെരുമാറ്റവും കൊണ്ട് എംജിഎസ്സിന് സാധിച്ചിട്ടുണ്ടായിരുന്നു. കേരളചരിത്രപഠനത്തോടൊപ്പം ദക്ഷിണേന്ത്യന്‍ ചരിത്രപഠനഗവേഷണങ്ങളും മുന്നേറിക്കൊണ്ടിരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിനുമുമ്പു തന്നെ കേരള ചരിത്രന്വേഷണങ്ങള്‍ ചെറിയതോതില്‍ ആരംഭിച്ചിരുന്നു. ‘കലാശാലാപ്രവേശം’ കിട്ടിയിരുന്നില്ലെങ്കില്‍ പോലും മലയാളഭാഷാ പ്രേമത്തിലൂടെ തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും ഭാഷാസ്‌നേഹം വര്‍ദ്ധിച്ചുവന്നു. ഡോ.ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മലയാളഭാഷക്ക് ഒരു നിഘണ്ടു തയ്യാറാക്കി ബാസല്‍ മിഷന്‍ പ്രസ്സില്‍ അച്ചടിച്ചുവിതരണം ചെയ്തത് എംജിഎസ്സിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ആ പാതിരി ലിപി മുതല്‍ ശൈലി വരെ പരിഷ്‌ക്കരിച്ച് മറ്റൊരു തുഞ്ചത്തെഴുത്തച്ഛനായി രംഗപ്രവേശം ചെയ്തിരുന്നു. കേരള ജനതയുടെ അക്കാലത്തെ (18, 19 നൂറ്റാണ്ട്) ‘സാമ്പത്തിക-സാംസ്‌കാരിക-സാമൂഹ്യബന്ധങ്ങളുടെ ജൈവബന്ധം ദര്‍ശിക്കാവുന്ന കൃതികളായിരുന്നു വില്യം ലോഗന്റെ മലബാര്‍ മാന്വല്‍, അപ്പു നെടുങ്ങാടിയുടെ കുന്ദലത, ചന്തുമേനോന്റെ ഇന്ദുലേഖ മുതലായവ.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ മേല്‍ സൂചിപ്പിച്ച മൂന്നു പ്രദേശങ്ങളിലും ഒരു സാംസ്‌കാരിക നവോത്ഥാനം പ്രത്യക്ഷമായി. കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍, കേരളപാണിനി, പരീക്ഷിത്ത് തമ്പുരാന്‍, കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, അപ്പന്‍ തമ്പുരാന്‍ തുടങ്ങിയവര്‍ സാഹിത്യപോഷണം നടത്തിയത് അച്ചടി സംസ്‌കാരത്തിന് ആക്കം കൂട്ടുകയും സാഹിത്യഗ്രന്ഥങ്ങള്‍ അച്ചടിരൂപത്തില്‍ ലഭിക്കുവാനും സഹായകമായി.

പാച്ചുമൂത്തത്, വി.നാഗം അയ്യ, ശങ്കുണ്ണി മേനോന്‍, മകന്‍ കെ.പി. പത്മനാഭമേനോന്‍ മുതലായവരൊക്കെ കേരളത്തിന്റെ പ്രദേശികമായതും സമഗ്രമായതുമായ ചരിത്രരചനകള്‍ നടത്തിയവരായിരുന്നു. ക്രിസ്ത്യന്‍ പാതിരിമാര്‍ക്ക് ‘മതപ്രണയ’മെന്നപോലെ തദ്ദേശീയര്‍ക്ക് ‘രാജ്യസ്‌നേഹ’മായിരുന്നു രാജ്യചരിത്രം പഠിക്കാന്‍ അക്കാലത്ത് പ്രേരകമായിരുന്നത്. സ്ഥാപിത താല്പര്യത്തോടുകൂടി എഴുതുന്ന ചരിത്രം മുഴുവനും നിഷ്പക്ഷമായിക്കൊള്ളണമെന്നില്ലെന്ന ആദ്യപാഠം കേരളചരിത്രത്തില്‍ ഇവിടെത്തുടങ്ങുന്നുവെന്നുവേണം അനുമാനിക്കാന്‍. എന്നാലും ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലമാകുമ്പോഴേക്കും കേരളചരിത്ര ചര്‍ച്ച സജീവമായിരുന്നുവെന്നു മനസ്സിലാക്കാം.

അക്കാദമികതലത്തില്‍ പ്രാചീന കേരള ചരിത്ര പ്രതിഷ്ഠ നടത്തിയത് കേരള സര്‍വ്വകലാശാലയില്‍ മലയാളം പ്രൊഫസറായിരുന്ന ഇളംകുളം കുഞ്ഞന്‍പിള്ളയായിരുന്നു. പ്രാചീന-മദ്ധ്യകാല സാഹിത്യകൃതികളും പുരാലേഖ്യങ്ങളും പുരാവസ്തു പഠനങ്ങളും സമന്വയിപ്പിച്ച് കേരളചരിത്രത്തില്‍ ഒട്ടേറെ പുതിയ നിഗമനങ്ങള്‍ പുറത്തിറക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ‘കുലശേഖരസാമ്രാജ്യം’ എന്ന പേരില്‍ ക്രിസ്തുവര്‍ഷം 9, 10, 11 നൂറ്റാണ്ടില്‍ നിലനിന്നിരുന്ന കേരളത്തെ അദ്ദേഹം ആദ്യമായി തിരിച്ചറിഞ്ഞു. അതോടൊപ്പം തന്നെ ആ രാജ്യത്തെ പ്രധാന സംഭവങ്ങള്‍, യുദ്ധങ്ങള്‍, ഭൂവുടമ സമ്പ്രദായം, വ്യാപാര ബന്ധങ്ങള്‍, മരുമക്കത്തായത്തിന്റെ ഉയര്‍ച്ച, ദേവദാസി സമ്പ്രദായം, തമിഴ്-സംസ്‌കൃത സാഹിത്യകൃതികള്‍, മലയാള ഭാഷയുടെ വളര്‍ച്ച എന്നീ വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു. കുലശേഖരന്മാര്‍ക്കുമുമ്പുണ്ടായിരുന്ന സംഘകാല കേരളവും അതിനുപിമ്പുണ്ടായിരുന്ന നാടുവാഴികാലഘട്ടവും അദ്ദേഹത്തിന്റെ വിലപ്പെട്ട പഠനത്തില്‍പ്പെടുന്നു. പ്രൊഫ.എ.ശ്രീധരമേനോന്‍ അവ പരിശോധിച്ച് കേരളാ ജില്ലാ ഗസറ്റിയറില്‍ പ്രസിദ്ധീകരിച്ചതോടെ ഭരണനേതാക്കള്‍ക്കും, ആസൂത്രണ വിദഗ്ദ്ധര്‍ക്കും, രാഷ്ട്രീയ, സാമൂഹ്യ നേതാക്കള്‍ക്കും പ്രയോജനകരമായ ഒരു കേരള ചരിത്രസ്വരൂപം കിട്ടാനിടയായി. വാസ്‌കോഡഗാമയുടെ കാലത്തിനപ്പുറമുള്ള കേരളചരിത്രം സര്‍ദാര്‍ കെ.എം.പണിക്കരും രചിച്ചിരുന്നു.

എംജിഎസ്സിന് തന്റെ ചരിത്ര ഗവേഷണ പാത സുഗമമാക്കാന്‍ വഴികാട്ടിയായത് ഇളംകുളത്തിന്റെ രചനകളായിരുന്നു. ഔദ്യോഗികമായ ഗവേഷണസഹായി ആയിരുന്നില്ലെങ്കില്‍ പോലും ഭാഷാദ്ധ്യാപകനും പണ്ഡിതനുമായ ഇളംകുളത്തില്‍ നിന്നും പ്രാചീന തമിഴ്, ബ്രാഹ്മി ഗ്രന്ഥലിഖിതങ്ങള്‍ വായിക്കാനും മനസ്സിലാക്കാനുമുള്ള അവസരം എംജിഎസ്സിനു ലഭിച്ചിരുന്നു. അതു തന്റെ വസ്തുനിഷ്ഠമായ പഠനത്തിനും വിശാലവീക്ഷണത്തോടെ ചരിത്ര വസ്തുതകളെ മനസ്സിലാക്കാനും എംജിഎസ്സിനെ വളരെയധികം സഹായിച്ചിട്ടുണ്ട്. തത്ഫലമായി ഞമിസമി രീതിശാസ്ത്രത്തോടു കിടപിടിക്കുന്ന ചരിത്രരചന നടത്താനും സ്വീകാര്യത നേടാനും സാധിക്കുകയുണ്ടായി. മലബാറിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും കണ്ടെടുത്ത നൂറ്റമ്പതോളം അസാധാരണ ലിഖിതങ്ങള്‍ ചരിത്രരചനയ്ക്ക് പ്രമാണമാക്കിക്കൊണ്ടായിരുന്നു കേരള ചരിത്രരചനയില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരാന്‍ എംജിഎസ്സിന് സാധിച്ചത്. തന്മൂലം മുമ്പ് നിലവില്‍ പ്രസിദ്ധീകരിച്ചിരുന്ന ലിഖിതങ്ങളുടെ പുനര്‍വായന നടത്തുകയും മലബാറില്‍ നിന്നുമാത്രം കണ്ടെടുത്ത ഇരുപതോളം ലിഖിതങ്ങളുടെ പഠനത്തില്‍ നിന്നും ഇളംകുളത്തിന്റെ കണ്ടെത്തലില്‍ നിന്നും വിഭിന്നമായ ചരിത്രനിഗമനത്തിലെത്തിച്ചേരുകയും ചെയ്തു. മലബാറില്‍ നിന്നും കണ്ടെടുത്ത മൂഷികവംശകാവ്യം ഗഹനമായ പഠനത്തിന് വിധേയമാക്കിയതിന്റെ ഫലമായി ഉത്തരകേരളം കേരളത്തിലെ പ്രധാനസ്ഥലമായിരുന്നുവെന്നു കണ്ടെത്താന്‍ കഴിഞ്ഞു.

‘അസംബന്ധമായ കെട്ടുകഥകളുടെ കൂട്ടം’ എന്നു വില്യം ലോഗന്‍ വിലയിരുത്തിയ കേര ളോല്‍പത്തി ജ്യോതിശാസ്ത്രരേഖകളും കൃതികളും ഭക്തിസാഹിത്യങ്ങള്‍, ഷൈഖ് സൈനുദ്ദീന്‍ രചിച്ച തുഹഫത്ത് ഉല്‍-മുജാഹിദ്ദീന്‍ ഇവയെല്ലാം ലിഖിതങ്ങളോടൊപ്പം തന്നെ ഉപോല്‍ബലകമായി പ്രാമാണികഗ്രന്ഥങ്ങളായിക്കണ്ട് ചരിത്രരചന നടത്തുകയും പ്രശംസനീയമാംവണ്ണം ചരിത്രകുതുകികളുടെയും പണ്ഡിതന്മാരുടെയും പ്രശംസക്ക് പാത്രീഭവിക്കുകയും ചെയ്തു. ”കുലശേഖരാസ് ഓഫ് കേരള” എന്ന തന്റെ ഗവേഷണ പ്രബന്ധത്തെ മൂല്യനിര്‍ണ്ണയം ചെയ്ത വിശ്വവിഖ്യാത ചരിത്രകാരനും ഊhe wonder That was India യുടെ ഗ്രന്ഥകര്‍ത്താവുമായ പ്രൊഫ.എ.എല്‍. ബാഷാമിന്റെ വാക്കുകള്‍ ഉദ്ധരിക്കുന്നത് എംജിഎസ്സിന്റെ ചരിത്രരചനയിലെ പാടവം വ്യക്തമാക്കാന്‍ വേണ്ടിയാണ്. ബാഷാം എഴുതുന്നു “one of the most thourough Indian thesis that I have examined the work of MGS forms a very thorough survey of the subject… All sections are excellent and the candidate deserves special credit for his detailed study of the political history of the period for which he has utilised all the available materials including a great collection of inscriptions…. many of them unpublished… I would ask that the candidate be warmly congratulated on my behalf.”

പ്രസ്തുത ഗവേഷണപ്രബന്ധമാണ് Perumals of Kerala എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ചത്. ചേരസാമ്രാജ്യത്തിന്റെ രാഷ്ട്രീയ സാമൂഹ്യചരിത്രം വിശകലനം ചെയ്തതോടൊപ്പം കേരളത്തിലെ ‘ബ്രാഹ്മണ-ക്ഷേത്രസങ്കേത’ങ്ങള്‍ എങ്ങനെ ബ്രാഹ്മണരുടെ അധീനതയിലായെന്നും ‘നാലുതളി’ക്കാര്‍ ബ്രാഹ്മണ കൂട്ടായ്മയുടെ കടിഞ്ഞാണില്‍ എങ്ങനെ അമര്‍ന്നുവെന്നും വിശകലനം ചെയ്യുന്നു. കൂടാതെ കേരളത്തിന്റെ വടക്ക് കോലത്തുനാടു മുതല്‍ തെക്ക് വേണാടുവരെ 14 നാടുകളുടെ അധീശന്മാരായി ഇന്നത്തെ ഗവര്‍ണര്‍മാരുടെ പ്രാക് രൂപം പോലെ 14 നാടുകളും ‘നാടുടയവരുടെ’ നിയന്ത്രണത്തിലായിരുന്നുവെന്നും കണ്ടെത്താന്‍ കഴിഞ്ഞു. തരിസപ്പിള്ളി – ജൂതചെപ്പേടുകളുടെ വിശകലനത്തില്‍ കേരളത്തിലെ ക്രിസ്ത്യന്‍ ജൂത സമൂഹങ്ങളുടെ നിലനില്പും പ്രാധാന്യവും മനസ്സിലാക്കാന്‍ സാധിച്ചു. ദക്ഷിണഭാഗത്തു കൊല്ലത്തുനിന്നും കണ്ടെടുത്ത ലിഖിതവും വടക്കന്‍ കേരളത്തില്‍ കാസര്‍കോട് ജില്ലയില്‍ നിന്നും കണ്ടെത്തിയ പുല്ലൂകൊടാവലം ലിഖിതത്തിന്റെയും വെളിച്ചത്തില്‍ ‘അഞ്ചുവണ്ണം’, ‘മണിഗ്രാമം’, ‘വളഞ്ചിയര്‍’ മുതലായ കച്ചവട സംഘങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും വെളിച്ചത്തു കൊണ്ടുവരാന്‍ സാധിച്ചു. സിറിയന്‍ ക്രിസ്ത്യന്‍ ചെപ്പേടും ജൂതച്ചെപ്പേടും വിശകലനം ചെയ്തതില്‍ നിന്നും ദക്ഷിണേന്ത്യരാജ്യങ്ങളും ദക്ഷിണ പൂര്‍വ്വേഷ്യാ രാജ്യങ്ങളുമായുള്ള കച്ചവടം ചേരാ-പെരുമാക്കന്മാര്‍ പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും കണ്ടെത്തുകയുണ്ടായി.

എംജിഎസ്സിന്റെ മറ്റൊരു പ്രധാനഗ്രന്ഥമായ Cultural Symbiosis in Kerala യില്‍ (1972) കേരളത്തില്‍ അന്നു നിലനിന്നിരുന്ന മതപരമായ സഹവര്‍ത്തിത്വവും മൈത്രിയും വെളിവാക്കപ്പെട്ടു. ക്രിസ്തീയ, ജൂത, ഇസ്ലാമിക, ജൈന, ബുദ്ധ വിശ്വാസികള്‍ സഹവര്‍ത്തിത്തത്തോടെയുള്ള തങ്ങളുടെ സാന്നിദ്ധ്യം ഈ കാലഘട്ടത്തില്‍ നിലനിര്‍ത്തിയതായി മനസ്സിലാക്കാന്‍ സാധിച്ചു. ലിഖിതങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിരുന്ന ഗ്രാമസഭകളും ബ്രാഹ്മണസഭകളും ഇളംകുളം കണ്ടെത്തിയതു പോലെയുള്ള ജനാധിപത്യ സഭകളായിരുന്നില്ലെന്നും സ്വത്തുക്കളും മറ്റു അധീശത്വവും തങ്ങളുടെ താല്പര്യത്തിനനുസരിച്ച് നിലനിര്‍ത്താന്‍ വേണ്ടിയുള്ള സഭകളായിരുന്നുവെന്നും എംജിഎസ് വ്യക്തമാക്കി. ഇക്കാലത്തു കണ്ടെത്തിയ ലിഖിതങ്ങളില്‍ പരാമര്‍ശിക്കുന്ന ‘കച്ച’ ങ്ങള്‍ – ‘കോട്ടുവായിരവേലിക്കച്ചം’, ‘തവരനൂര്‍ കച്ചം’, ‘മൂഴിക്കളം കച്ചം’ തുടങ്ങിയവ പ്രസ്തുത വാദത്തെ സ്ഥിരീകരിക്കുന്ന പ്രമാണങ്ങളാണ്. ‘അറുനൂറ്റുവര്‍’, ‘മുന്നൂറ്റവര്‍’ എന്നൊക്കെയുള്ള സംഘങ്ങള്‍ ജനപ്രതിനിധികളാണെന്ന ഇളംകുളത്തിന്റെ വാദവും തിരുത്തിക്കുറിച്ചുകൊണ്ട് ഇവയെല്ലാം ചേരനാടുടൈയവരുടെ സൈനികകൂട്ടായ്മയാണെന്ന കണ്ടെത്തലായിരുന്നു എംജിഎസ് നടത്തിയത്. ഉദാഹരണത്തിന് രാമവളനാടിനും ഏറളനാടിനും കിളിമലനാടിനും വേണാടിനും ‘അറുനൂറ്റുവരും’ കുറുംമ്പ്രനാടു മൂത്തപ്രഭുവിന് എഴുന്നൂറ്റുവരും’ ഇളയപ്രഭുവിന് മുന്നൂറ്റുവരും ഉള്ളതായി പ്രതിപാദിക്കുന്നു.

ഹിന്ദുമഹാസമുദ്രത്തിലൂടെ കച്ചവടം നടത്തിയിരുന്നതിലെ ലാഭത്തിന്റെ ഒരു വിഹിതം ചേരരാജാവിന്റെ വരുമാനമാര്‍ഗ്ഗങ്ങളിലൊന്നായിരുന്നുവെന്ന് അദ്ദേഹത്തിന്റെ പഠനം വ്യക്തമാക്കുന്നു. ശ്രീമൂലവാസ ബുദ്ധവിഹാരവും തൃക്കുന്നവായി ജൈനവിഹാരവും പഠനവിധേയമാക്കി പുതിയ കണ്ടെത്തലുകള്‍ നടത്തി. മുച്ചുന്തിപ്പള്ളിക്കു കോഴിക്കോട് സാമൂതിരിയുടെ സമ്മാനവും തന്റെ പഠനത്തിനു വിധേയമാവുകയും ചേരരാജാക്കന്മാര്‍ പാലിച്ചുപോന്ന സഹവര്‍ത്തിത്വത്തിന്റെ മകുടോദാഹരണങ്ങളാണ്.

എംജിഎസ് രചിച്ച മറ്റു ചില പ്രധാനപുസ്തകങ്ങള്‍ പരാമര്‍ശിക്കാതെ വയ്യ. വിസ്തരഭയം മൂലം എല്ലാം പരാമര്‍ശിക്കാന്‍ നിര്‍വ്വാഹമില്ല. Aspects of Aryanisation in Kerala (1973), Foundation of South Indian Society and culture (1994, Re-interpretations in south Indian History (1997), The City of Truth Revisited (2006), ,ചരിത്രകാരന്റെ കേരളദര്‍ശനം ( 2011) എന്നിവ എടുത്തു പറയേണ്ടവയില്‍ ചിലതുമാത്രം.

പുരാലിഖിതങ്ങളും ചെപ്പേടുകളും സാഹിത്യകൃതികളും പുരാവസ്തുക്കളും ചരിത്രരചനാ സാമഗ്രികളായി കാണുന്നതോടൊപ്പം തന്നെ നാട്ടാചാരങ്ങളും കെട്ടുകഥകളും വായ്‌മൊഴികളും മിത്തുകളും സമഗ്രമായ വിശകലനത്തിനും പഠനത്തിനും വിധേയമാക്കിയതാണ് നിഷ്പക്ഷ വീക്ഷണത്തിലൂടെ വസ്തുനിഷ്ഠമായ ചരിത്രരചനയില്‍ എംജിഎസ്സിന്റെ വിജയരഹസ്യം എന്ന് പരക്കെ അംഗീകരിച്ച വസ്തുതയാണ്. ഒന്നിനെയും തിരസ്‌കരിക്കാതെ എല്ലാറ്റിലും ഒളിഞ്ഞുകിടക്കുന്നതും പ്രത്യക്ഷവുമായ സത്യത്തെ സ്വാംശീകരിച്ച് കൊണ്ട് ആരോടും വിധേയത്വം കാട്ടാതെ മുഖംനോക്കാതെയുള്ള സമീപനം കേരള ചരിത്രരചനക്കുവേണ്ടി സ്വീകരിച്ചുവെന്നതാണ് ഒരു ചരിത്രകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തെ മഹാനാക്കിയത്.

ചരിത്രവിദ്യാര്‍ത്ഥികളോട് എംജിഎസ്സിന്റെ ഉപദേശരൂപേണയുള്ള വാക്കുകള്‍ ഇവിടെ പ്രസ്താവിക്കുന്നത് കേരള ചരിത്രരചനയെ പുഷ്ടിപ്പെടുത്താനുപകരിക്കുമെന്നു കരുതുന്നു. അദ്ദേഹം ഇപ്രകാരം പറയുന്നു: ”പല സമീപനങ്ങളും പരീക്ഷിക്കുമ്പോള്‍ മാത്രമേ ഭൂതകാലം ഏകദേശമെങ്കിലും വ്യക്തികളുടെ ബുദ്ധിക്കു വഴങ്ങിത്തരികയുള്ളൂ. അഭിപ്രായ സംഘര്‍ഷങ്ങള്‍ കായികസംഘട്ടനങ്ങളല്ല. വ്യക്തമായ കാഴ്ചപ്പാട് വളര്‍ത്തിയെടുക്കാന്‍ സഹായകമാണ്. ബഹുവിഷയബന്ധത്തോടെയും തുറന്ന ചര്‍ച്ചയിലൂടെയും ആണ് പഠനം മുന്നോട്ടു പോകേണ്ടത്. ഇങ്ങനെയെല്ലാം ചെയ്താല്‍ ഈ നൂറ്റാണ്ടില്‍ ഉണ്ടാവാനിരിക്കുന്ന ലോകവ്യാപക വളര്‍ച്ചയില്‍ അഭിമാനകരമായവിധം കേരളീയരെ പ്രാപ്തമാക്കുന്ന ഒരു വിഷയമാണ് കേരളചരിത്രം എന്ന തിരിച്ചറിവ് ആദ്യമായി നമുക്ക് ഉണ്ടാവേണ്ടിയിരിക്കുന്നു. വിദഗ്ദ്ധവും ആരോഗ്യകരവുമായ രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ കേരളചരിത്രം അവിദഗ്ദ്ധവും അനാരോഗ്യകരവുമായ തല്പരകക്ഷികള്‍ ഉപയോഗപ്പെടുത്താന്‍ ധാരാളം സാദ്ധ്യതകളുണ്ട്” (ചരിത്രകാരന്റെ കേരളദര്‍ശനം, പേ-16 – 2011).

കേരള ജനതയുടെ ജനാധിപത്യവല്‍ക്കരണ പ്രക്രിയ ത്വരിതപ്പെടുത്തുവാനും, വികസനപ്രവര്‍ത്തനം, പരിസ്ഥിതി സംരക്ഷണം എന്നിവ ശാസ്ത്രീയമാക്കുവാനും ഇനിയും മുഴുമിച്ചിട്ടില്ലാത്ത സാമൂഹ്യ പരിഷ്‌ക്കരണം ഊര്‍ജ്ജിതപ്പെടുത്താനും കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം പകര്‍ന്ന് പുഷ്ടിപ്പെടുത്താനും മതമൈത്രി ഉറപ്പിക്കാനും സഞ്ചാരികളെ ആകര്‍ഷിക്കുവാനും ചരിത്രപഠനം പ്രയോജനപ്പെടുത്താവുന്നതാണെന്ന് അദ്ദേഹം പല സംഭാഷണങ്ങളിലും അഭിപ്രായപ്പെട്ടിരുന്നു. സമകാലിക കേരളത്തിലെ എല്ല ‘ഇസ’ ങ്ങള്‍ക്കും അതീതമായിരുന്നു എംജിഎസ്സിന്റെ വ്യക്തിപരവും ചരിത്രപരവുമായ സമീപനം. കുറ്റമറ്റ യുക്തിബോധം ആയിരുന്നു അദ്ദേഹത്തെ നയിച്ചിരുന്നത്. എംജിഎസ് മുമ്പ് പറഞ്ഞ തമാശ രൂപേണയുള്ള ഒരു വസ്തുത ഇവിടെ സൂചിപ്പിച്ചു കൊള്ളട്ടെ. ഒരിക്കല്‍ ശ്രീരംഗക്ഷേത്രത്തിലെ അനന്തശായിവിഗ്രഹം കാണാന്‍ ചെന്ന എംജിഎസ് അന്നത്തെ മേല്‍ശാന്തിയോട് ശ്രീരംഗനാഥന്റെ നീളം എത്രയെന്ന് അന്വേഷിക്കുകയുണ്ടായി. ചോദ്യം കേട്ട് അന്ധാളിച്ച (കോപിഷ്ഠനായതോ) മേല്‍ശാന്തിയുടെ ഉത്തരം ഇപ്രകാരമായിരുന്നു. ”അന്തപെരുമാളുടെ നീളമാ; അളന്തവര്‍ യാര്‍? തെരിഞ്ചവര്‍ യാര്‍?” (who has measured the length of the lord? and who has understood it?) ഇതായുരുന്നു ഇതിഹാസമാകുന്ന എംജിഎസ് എന്ന മനുഷ്യനും ചരിത്രകാരനും.
(കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് റിട്ട.പ്രിന്‍സിപ്പല്‍ ആണ് ലേഖിക )

Tags: MGSഎംജിഎസ്
ShareTweetSendShare

Related Posts

ഭരണഘടന നിശ്ചലമായ നാളുകള്‍

അടിയന്തരാവസ്ഥയിലെ സംഘഗാഥ

ചെമ്പന്‍ ഭീകരതയ്ക്ക് ചരമക്കുറിപ്പ്‌

പരിവ്രാജകന്റെ മൊഴികൾ

ഓപ്പറേഷന്‍ സിന്ദൂര്‍- യുദ്ധത്തിന്റെ കല

ശാസ്ത്രത്തിന്റെ കരുത്തില്‍ കുതിച്ച് ഭാരതം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

മതം കെടുത്തുന്ന ലോകസമാധാനം

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

കോടതിവിധിയേക്കാള്‍ വലുതോ സമസ്തയുടെ ഫത്വ?

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies