ഭാരതത്തിന്റെ സ്വത്വബോധത്തെ സാമാന്യ ജനങ്ങളില്‍ സന്നിവേശിപ്പിച്ച് ഭാരതത്തിന്റെ നഷ്ടപ്പെട്ട ഗരിമയും മഹിമയും വീണ്ടെടുക്കുന്നതിന് നടത്തിയ പ്രവര്‍ത്തനത്തെയാണ് സമഗ്രമായി നമ്മുടെ സ്വാതന്ത്ര്യസമര പ്രക്ഷോഭം എന്ന് വിലയിരുത്തുന്നത്. അതായത് സ്വാതന്ത്ര്യസമരത്തിലെ അനിവാര്യമായ ഘടകമായിരുന്നു സ്വരാജ്യ സ്ഥാപനം. പക്ഷേ അത് ആത്യന്തികമായ ലക്ഷ്യമായിരുന്നില്ല. ഭാരതത്തിന്റെ വിജയത്തില്‍ കുറഞ്ഞൊന്നും തന്റെ ലക്ഷ്യമല്ലെന്നാണ് സ്വാമി വിവേകാനന്ദന്‍ പ്രഖ്യാപിച്ചത്. വിശ്വകവി രവീന്ദ്രനാഥ ടാഗോര്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യത്തെ ഏതുതലം വരെ ഉയര്‍ത്തണമെന്ന് തന്റെ ”പ്രാര്‍ത്ഥന” എന്ന പ്രസിദ്ധ കവിതയിലൂടെ പ്രഖ്യാപിക്കുന്നു. അദ്ദേഹം പറയുന്നു, ”എവിടെ വിജ്ഞാനം പൂര്‍ണ്ണ സ്വതന്ത്രമായ്, അവികലമായ് വിരാജിപ്പു നിത്യവും, മുക്തി തന്റെയാസ്വര്‍ഗ്ഗരാജ്യത്തിലേക്കെന്റെ നാടൊന്നുണരണേ ദൈവമേ.” ആധ്യാത്മികരംഗത്തും സാഹിത്യരംഗത്തും മാത്രമല്ല ശാസ്ത്രരംഗത്തും ഇതേ മനോഭാവത്തോടെയാണ് ജെസി ബോസ്, പ്രഫുല്ല ചന്ദ്ര റായി, സി.വി.രാമന്‍ തുടങ്ങിയവര്‍ പ്രവര്‍ത്തിച്ചത്. അതായത് ജയില്‍വാസവും നിസ്സഹകരണവും നിയമലംഘനവും സായുധ പോരാട്ടങ്ങളും മാത്രമായിരുന്നില്ല നമ്മുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ അധ്യായങ്ങള്‍. അതുകൊണ്ടാണ് ദയാനന്ദ സരസ്വതിയും രാമകൃഷ്ണ പരമഹംസരും, വിവേകാനന്ദസ്വാമിയും മഹാത്മ ഫൂലേയും ശ്രീനാരായണഗുരുവും എല്ലാം ആധുനിക ഭാരതത്തിന്റെ ശില്പികളായി മാറുന്നത്.
തങ്ങളുടെ കര്‍മ്മപഥം കൊണ്ട് വ്യതിരിക്തമായ വ്യക്തിത്വത്തിന് ഉടമകളായ രണ്ടു മഹാത്മാക്കളായിരുന്നു അരവിന്ദ് ഘോഷും ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാറും. സ്വരാജ്യസ്ഥാപനത്തിനായി വിപ്ലവത്തിന്റെയും നിസ്സഹകരണത്തിന്റെയും ജയില്‍വാസത്തിന്റെയും പാതകളിലൂടെ സഞ്ചരിച്ച്, തങ്ങളുടെ ജീവിതദൗത്യം, കര്‍മ്മപഥം അതല്ലെന്ന് തിരിച്ചറിഞ്ഞ് ദൈനംദിന രാഷ്ട്രീയത്തില്‍ നിന്നും മാറിനില്‍ക്കുകയാണ് അവര്‍ ചെയ്തത്. സ്വത്വബോധത്തെ വീണ്ടെടുക്കാനുള്ള നിശബ്ദവും ശാശ്വതവുമായ യോഗസാധനയുടെയും കര്‍മ്മസാധനയുടെയും വഴികളിലൂടെ പുതിയ പാത അവര്‍ വെട്ടി ത്തെളിച്ചു. ഇന്ന് ആധുനിക ഭാരതത്തിന്റെ ഗുരുക്കന്മാരാണ് ”മഹായോഗി” എന്നും ”ഡോക്ടര്‍ജി” എന്നും ലക്ഷോപലക്ഷം പിന്മുറക്കാരാല്‍ നിത്യം സ്മരിക്കപ്പെടുന്ന ഈ വിഭൂതികള്‍.
കൊല്‍ക്കത്തയിലെ സമ്പന്ന കുടുംബത്തില്‍ പിറന്ന്, യൂറോപ്യന്‍ രീതിയിലും അന്തരീക്ഷത്തിലും പഠിച്ചു വളര്‍ന്ന അരവിന്ദ് ഘോഷ് ഉന്നത ബ്രിട്ടീഷ് സിവില്‍ സര്‍വെന്റിന്റെ സാധ്യതകളും ബറോഡ എന്ന നാട്ടുരാജ്യത്തിലെ ഉദ്യോഗവും പിന്നീട് സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ നേതൃത്വവും ഉപേ ക്ഷിച്ച് വിപ്ലവ പ്രസ്ഥാനത്തിന്റെ പ്രണേതാവായി മാറിയ അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ദൈവിക പദ്ധതിയുടെ (റശ്ശില റലശെഴി) ഭാഗമായിരുന്നു. കേശവ ബലിറാം ജനിച്ചത് മഹാരാഷ്ട്രയിലെ സാമാന്യ കുടുംബത്തിലാണ്. അദ്ദേഹം ഉന്നത വിദ്യാഭ്യാസത്തിനായി കല്‍ക്കത്ത തിരഞ്ഞെടുത്തത് ബ്രിട്ടീഷുകാരോട് പോരടിക്കാനുള്ള അറിവും അനുഭവജ്ഞാനവും ആര്‍ജിക്കാന്‍ കൂടിയാണ്. എന്നാല്‍ ദൈവ പദ്ധതിയില്‍ ഇരുവരുടെയും നിയതി പ്രത്യക്ഷ രാഷ്ട്രീയത്തില്‍ നിന്നും മാറിനിന്നുകൊണ്ടുള്ള രാഷ്ട്രനവനിര്‍മ്മാണത്തിന്റെ ദര്‍ശനവും കര്‍മ്മപഥവും ഒരുക്കുകയായിരുന്നു. അതുകൊണ്ടാണ് ആധുനിക ഭാരതത്തിലെ വൈചാരിക മണ്ഡലത്തിലെ അഗ്രേസരനായിരുന്ന പി.പരമേശ്വര്‍ജി അരവിന്ദ് ഘോഷിനെ ‘ഭാവിയുടെ ദാര്‍ശനികന്‍’ എന്നും ഡോക്ടര്‍ജിയെ ‘നവയുഗസ്രഷ്ടാവ്’ എന്നും വിശേഷിപ്പിച്ചത്.
ഡോക്ടര്‍ജി തന്റെ കര്‍മ്മ പദ്ധതിയായ മനുഷ്യനിര്‍മ്മാണം എന്ന ശാഖാ പദ്ധതിയെ ഭാരതത്തിന്റെ ഗ്രാമ ഗ്രാമങ്ങളില്‍ എത്തിച്ചു. ആയിരങ്ങള്‍ ക്ക് ആന്തരിക പ്രചോദനമായി. ആ പ്രവര്‍ത്തനം നൂറുവര്‍ഷമായി നാള്‍ക്കുനാള്‍ തേജോമയമായി മുന്നേറിക്കൊണ്ടിരിക്കുന്നു. സമാജത്തിന്റെ സര്‍വ്വസ്പര്‍ശിയായ പ്രവര്‍ത്തനത്തിലൂടെ സമഗ്രമായ പരിവര്‍ത്തനത്തിന്റെ സൂചനകള്‍ നമുക്ക് എങ്ങും കാണാന്‍ സാധിക്കുന്നു. നാടോടി സമൂഹങ്ങള്‍ക്കിടയില്‍ പോലും അതിന്റെ പ്രവര്‍ത്തനം ഇന്ന് എത്തിയിട്ടുണ്ട്. ശ്രീഅരവിന്ദന്‍ തന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നും പൂര്‍ണ്ണമായി ഉള്‍വലിഞ്ഞ്, ഭാരതത്തിന്റെ ദക്ഷിണ ഭാഗത്ത്, പുതുച്ചേരിയില്‍ വന്ന് ആരംഭിച്ച യോഗസാധന അദ്ദേഹത്തിന്റെ മഹാസമാധിക്ക് ശേഷവും അനവരതം തുടരുകയാണ്. അദ്ദേഹം തന്റെ ആശ്രമത്തിനോ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനോ സാമൂഹ്യ ജീവിത പദ്ധതിക്കോ ലോകത്തിന്റെ മറ്റൊരിടത്തും ശാഖകള്‍ തുടങ്ങിയില്ല എന്നതും ശ്രദ്ധേയമാണ്.
19, 20 നൂറ്റാണ്ടുകളില്‍ ഭാരതത്തിന്റെ വ്യത്യസ്ത ജീവിത മേഖലകളില്‍ അതുല്യ സംഭാവനകള്‍ നല്‍കിയ മഹാരഥന്മാരുടെ ഒരു നീണ്ട നിര തന്നെ ഉണ്ട്. എന്നാല്‍ ആധുനിക ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ അതുല്യപ്രതിഭകളെ സൃഷ്ടിച്ചതിന്റെ പ്രേരണ സ്രോതസ്സ് എന്ന രീതിയിലാണ് വരും കാലത്ത് ഡോ. ഹെഡ്‌ഗേവാര്‍ വായിക്കപ്പെടുക. ഹിന്ദുത്വം ആര്‍.എസ്.എസ്സിന്റെ കണ്ടെത്തല്‍ അല്ല. ഹിന്ദുത്വം നഷ്ടപ്പെട്ട ഹിന്ദു ജീവിതത്തെ കാലഘട്ടത്തിന് അനുസരിച്ച് വായിക്കുക മാത്രമല്ല ഓരോ മേഖലയ്ക്കും അനുസരിച്ച് സകാരാത്മക മാതൃകകള്‍ അവതരിപ്പിക്കാനും ഉള്‍ക്കാഴ്ചയുള്ള വ്യക്തികളെ സൃഷ്ടിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. കലയെയും സാഹിത്യത്തെയും തൊഴിലിനെയും ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും എല്ലാം ലോകം നേരിടുന്ന പ്രതിസന്ധികള്‍ക്കുള്ള പരിഹാരമായി ഭാരതീയ കാഴ്ചപ്പാടില്‍ അഥവാ ഹിന്ദു ജീവിതത്തിന്റെ പുനഃസ്ഥാപനമായി അവതരിപ്പിക്കാന്‍ സാധിക്കും എന്ന ഡോക്ടര്‍ജിയുടെ ദീര്‍ഘവീക്ഷണം ഇന്ന് ഏറെക്കുറെ എല്ലാവരാ ലും അംഗീകരിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു. അനിതരവും നിരുപമവുമായ സംഘപ്രവര്‍ത്തനത്തിലൂടെയാണ് ഇത് സാധ്യമായത്. ഈ പ്രവര്‍ത്തനത്തെ തിരിച്ചറിയണമെങ്കില്‍ സംഘസ്ഥാപകനായ ഡോക്ടര്‍ജിയുടെ ജീവിതത്തെ സമഗ്രമായി മനസ്സിലാക്കണം.
നൈമിഷികമായ ഏതോ ചേതോവികാരമല്ല അദ്ദേഹത്തെ സ്വാതന്ത്ര്യസമരത്തിലേക്കും വിപ്ലവ പ്രവര്‍ത്തനങ്ങളിലേക്കും പിന്നീട് സംഘപ്രവര്‍ത്തനത്തിലേക്കും നയിച്ചത്. അത് ജന്മസിദ്ധമായ ദേശഭക്തിയും, നിസ്വാര്‍ത്ഥവും, ലക്ഷ്യപൂര്‍ത്തിക്കുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണവും സര്‍വ്വസംഗപരിത്യാഗവും സമാജസേവനത്തിനുള്ള തീവ്ര അഭിലാഷവും ചേരുന്ന ദൈവിക സമ്പത്തായിരുന്നു. തന്റെ ചിന്തയിലും ബോധ്യത്തിലും അടിയുറച്ച് വിശ്വസിക്കുമ്പോഴും വ്യത്യസ്ത ചിന്താഗതിക്കാരുമായി ആശയവിനിമയം നടത്താനും സഹകരിക്കാനും സൗഹൃദം പുലര്‍ത്താനും അദ്ദേഹം തന്റെ ജീവിതത്തിലുടനീളം ശ്രമിച്ചിട്ടുണ്ട്. വൈവിധ്യവും വൈപുല്യവും ഉള്ള ഒരു സമൂഹത്തില്‍ കലഹിക്കാന്‍ നിരവധി കാരണങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. എല്ലാറ്റിനെയും സമന്വയത്തിന്റെ പാതയില്‍ എത്തിക്കാനും പരസ്പരം ആദരിക്കാനും അംഗീകരിക്കാനും സാധിക്കുന്ന സാമൂഹ്യ നേതൃത്വം മാത്രമാണ് ഇതിനു പരിഹാരം. ഡോക്ടര്‍ജി സ്വയം അങ്ങനെ മാതൃകയായി, അത്തരത്തിലുള്ള നിരവധി പരിശുദ്ധ വ്യക്തിത്വങ്ങളെ ഗ്രാമതലങ്ങള്‍ മുതല്‍ അന്തര്‍ദേശീയ തലം വരെ വളര്‍ത്തിയെടുത്തു.
സാമൂഹ്യ പരിവര്‍ത്തനത്തിന് വ്യക്തിപരിവര്‍ത്തനം മാത്രമാണ് മാര്‍ഗം എന്ന കാര്യത്തില്‍ ആര്‍ക്കും രണ്ട് അഭിപ്രായമുണ്ടായിരുന്നില്ല. എന്നാല്‍ അതിന്റെ കാലതാമസത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിവും വ്യാകുലതയും ഉണ്ടായിരുന്നു. അതിനാല്‍ പലരും കുറുക്കുവഴികള്‍ തേടി, അത് പഴമൊഴിയെ ശരിവെച്ചുകൊണ്ട് (shortcut will cut you short) പലരെയും കുടുക്കി. ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭത്തിലെ സായുധ പാരമ്പര്യത്തെയും രാഷ്ട്രീയ പാരമ്പര്യത്തെയും സാമൂഹ്യ പരിവര്‍ത്തന പ്രവര്‍ത്തനങ്ങളെയും ആധ്യാത്മിക നവോത്ഥാനത്തെയും ഡോക്ടര്‍ജി തന്റെ പ്രവര്‍ത്തനത്തില്‍ സന്തുലിതമായി സമന്വയിപ്പിച്ചു. സര്‍വ്വത്രയുള്ള സമ്പര്‍ക്കവലയം സംഘപ്രവര്‍ത്തനത്തിന്റെ ആധാരശിലയാക്കി ഡോക്ടര്‍ജി മാതൃകയായി. സാമൂഹ്യ മാറ്റത്തിന്റെ ചെറിയ ചെറിയ നല്ല നല്ല ഉദാഹരണങ്ങള്‍ നാട്ടില്‍ ഉടനീളം സൃഷ്ടിക്കപ്പെട്ടു. ആശയാദര്‍ശങ്ങളെക്കാള്‍ സാമാന്യ ജനങ്ങളെ സ്വാധീനിച്ചത് അനുഭവവേദ്യമായ ഈ ജീവിതമാതൃകകള്‍ ആയിരുന്നു. ഏതു പ്രതിസന്ധിയിലും മൂല്യങ്ങള്‍ മുറുകെ പിടിക്കുന്ന, പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന, വെല്ലുവിളികളെ അവസരമാക്കുന്ന, വൈവിധ്യമാര്‍ന്ന മാതൃകകള്‍ ഗ്രാമ – നഗര- വന- വനാന്തര വ്യത്യാസങ്ങളില്ലാതെ കഴിഞ്ഞ നൂറ് വര്‍ഷമായി സൃഷ്ടിച്ചുവരുന്നു. അതാണിന്ന് സമാജത്തില്‍ പരിവര്‍ത്തനത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നത് ജനങ്ങള്‍ക്ക് പ്രതീക്ഷയും ആത്മവിശ്വാസവും നല്‍കുന്നത്. ഭാരതത്തിലെ ഗ്രാമ ഗ്രാമങ്ങളില്‍ അത്തരം ജീവിത മാതൃകകളും നേതൃത്വവും സൃഷ്ടിക്കുക എന്നതിനെക്കുറിച്ച് മാത്രമാണ് ഡോക്ടര്‍ജി ചിന്തിച്ചത്. സമ്പൂര്‍ണ്ണ ഹിന്ദു സമാജവും സംഘടിതമാകുന്ന സ്വപ്‌നം അദ്ദേഹം മുന്നില്‍ വെച്ചു. വ്യക്തിയുടെ പരിവര്‍ത്തനത്തിലൂടെ സമാജ പരിവര്‍ത്തനവും അതിലൂടെ വ്യവസ്ഥാ പരിവര്‍ത്തനവും എന്ന ശാസ്ത്രീയമായ സമീപനമാണ് നൂറു വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും സംഘപ്രവര്‍ത്തനത്തിന്റെ പ്രസക്തിക്ക് മാറ്റു കൂട്ടുന്നത്.
സംഘപ്രവര്‍ത്തനത്തിലെ അഞ്ച് തലമുറ പിന്നിടുമ്പോഴും, ആറാമത്തെ പ്രവര്‍ത്തകനിര സജ്ജമായി വരുമ്പോഴും ഡോക്ടര്‍ജി ദേശഭക്തന്‍, അജാതശത്രുവായ ദേശീയ നേതാവ്, അതുല്യ സംഘാടകന്‍ എന്നിങ്ങനെയെല്ലാം നിത്യ പ്രചോദനമായി പരിലസിക്കുന്നു. ഉപ്പുസത്യഗ്രഹത്തിലോ വനസത്യഗ്രഹത്തിലോ നിസ്സഹകരണ പ്രക്ഷോഭത്തിലോ പങ്കെടുത്തതിനപ്പുറം, ഡോക്ടര്‍ജിയുടെ മഹത്വം ആധുനിക കാലഘട്ടത്തില്‍ അതുല്യമായ സംഘടനാ പ്രത്യയശാസ്ത്രവും പ്രവര്‍ത്തന പദ്ധതിയും, പ്രവര്‍ത്തകഗണ നിര്‍മ്മാണത്തിന്റെ കുശലതയും സംഭാവന ചെയ്ത, സാമൂഹ്യപരിവര്‍ത്തനത്തിന്റെ ചാലകശക്തിയായ സംഘടനയുടെ സംസ്ഥാപകന്‍ എന്നത് തന്നെയാണ്. പൊള്ളയായ ഉപദേശങ്ങള്‍ നല്‍കാതെ, പറയുന്നത് ചെയ്യുകയും ചെയ്യുന്നത് പറയുകയും ചെയ്യുന്ന വ്യക്തികളെ സ്വജീവിത മാതൃക കാട്ടി ഡോക്ടര്‍ജി സൃഷ്ടിച്ചു. ഭാരതാംബ സാക്ഷാത് ജഗജ്ജനനിയാണെന്ന ഉത്തമ ബോധ്യത്തോടെ അവിടുത്തെ പൂജയ്ക്കായി സ്വയം സമര്‍പ്പിക്കുമ്പോള്‍, അശുദ്ധമായ ദേഹമോ മനസ്സോ ബുദ്ധിയോ ഉണ്ടാകാന്‍ പാടില്ലെന്നും, ജന്മസിദ്ധമായോ കര്‍മസിദ്ധമായോ ആര്‍ജിച്ച എല്ലാ അശുദ്ധികളെയും നിസ്വാര്‍ത്ഥ സേവനത്തിലൂടെ പവിത്രീകരിക്കണം. ഏത് സാമാന്യ വ്യക്തിക്കും സ്വപ്രയത്‌നത്തിലൂടെ പരിവര്‍ത്തനത്തിന് വിധേയമാകാം എന്ന മാതൃക സ്വയം നല്‍കിക്കൊണ്ടാണ് ഡോക്ടര്‍ജി ഇന്നും ആയിരങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നത്.
മനുഷ്യന് അയാളുടെ ജന്മദൗത്യം എന്താണെന്ന് ബോധ്യമാക്കി കൊടുക്കാനും ആവശ്യമായ മാര്‍ഗ്ഗദര്‍ശനമേകാനും ഒരാള്‍ തീര്‍ച്ചയായും ഉണ്ടാകണം. ആധുനിക ലോകത്തിന്റെ ഐശ്വര്യപൂര്‍ണ്ണമായ നിലനില്‍പ്പിനു വേണ്ടി ഭാവി ഭാരതം നിര്‍വഹിക്കേണ്ട ദൗത്യത്തില്‍ ഓരോ ഭാരതീയനും തന്റെ ജന്മദൗത്യം നിര്‍വഹിക്കേണ്ടത് എങ്ങനെയാണെന്നുള്ള ദിശയും ദര്‍ശനവും ആണ് ഡോക്ടര്‍ജിയുടെ ജീവിതം. ജീവിത മൂല്യങ്ങളും കര്‍ത്തവ്യങ്ങളും കടുകിട വ്യതിചലിക്കാതെ പാലിക്കുന്നതിലും കുടുംബത്തിന്റെയും സമാജത്തിന്റെയും ഭദ്രതയും സമരസതയും നിലനിര്‍ത്തുന്നതിലും സ്വാഭിമാനവും സ്വാശ്രയശീലവും വളര്‍ത്തുന്നതിലും പ്രകൃതിയുടെ സൗന്ദര്യവും സന്തുലനവും പരിപോഷിപ്പിച്ച് ജീവിക്കുന്നതിലും വ്യക്തിയെന്ന നിലയില്‍ ഉയര്‍ന്ന വ്യക്തിത്വത്തിന്റെ ഉടമകളാകാന്‍ ഡോക്ടര്‍ജിയുടെ സംഘം ഇന്ന് എല്ലാവരേയും പ്രാപ്തമാക്കുന്നു. സര്‍വ്വ സാധാരണ ജീവിതം നയിച്ചുകൊണ്ട് തന്നെ തന്റെ അഭ്യുദയ നിശ്രേയസ്സുകള്‍ എങ്ങനെ നേടാം എന്ന ആധുനിക ജീവിത മാര്‍ഗമാണ് ഓരോ വ്യക്തിയുടെ ജീവിതത്തിലൂടെയും വരച്ചുകാട്ടേണ്ടതെന്ന് ഡോക്ടര്‍ജി വിഭാവനം ചെയ്തിരുന്നു. മാനവചരിത്രത്തിന്റെ കിഴക്കന്‍ ചക്രവാളത്തില്‍ ഒരിക്കല്‍ കൂടി അരുണനിറം നിറയുമ്പോള്‍, അജയ്യശക്തിത്തികവാര്‍ന്ന് ഉയരുന്ന ആധുനികഭാരതത്തിന്റെ വഴികാട്ടിയായ ഡോക്ടര്‍ജിയുടെ ദുര്‍ഗ്രഹ ജീവിതതത്വം ഭാവി ലോകം വാഴ്ത്തിപ്പാടിക്കൊണ്ടേയിരിക്കും.
(ഭാരത സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ മേല്‍നോട്ട സമിതി അംഗവും ഇരിങ്ങാലക്കുട മാധവഗണിത കേന്ദ്രം സെക്രട്ടറിയുമാണ് ലേഖകന്‍)