രാമകൃഷ്ണ ദേവന്‍ ഗംഗാമാതാവിന്റെ ഒരു ഭക്തനായിരുന്നു. ഗംഗയെ അദ്ദേഹം എന്നും ആരാധനയോടെയാണ് കണ്ടിരുന്നത്. അതുപോലെ സ്വാമി വിവേകാനന്ദന്‍ ഹിമാലയത്തെ അകമഴിഞ്ഞ ആരാധനയോടെയും ആകര്‍ഷണീയതയോടെയുമാണ് കണ്ടിരുന്നത്. അതിന് ഉദാഹരണമാണ് അദ്ദേഹം മഹാകവി കാളിദാസന്റെ കുമാരസംഭവം എന്ന കവിതയിലെ ഹിമാലയ പര്‍വതത്തെ വിവരിക്കുന്ന ഭാഗത്തെ തന്റെ പ്രഭാഷണങ്ങളില്‍ ആസ്വാദ്യകരമായി വിവരിക്കുന്നത്.
കവിതയിലെ ‘ദേവതാത്മാ’ എന്ന വാക്കിലൂടെ ഒരു ദിവ്യത്വം ഹിമാലയത്തിനുണ്ട് എന്ന് അദ്ദേഹം പറയുന്നു. പ്രകൃതി സൃഷ്ടിച്ച ഒരു മതില്‍ എന്നതിലുപരി ഭാരത ദേശത്തെ ശത്രുക്കളില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തുന്ന നിര്‍ണായക സ്ഥാനം സ്വാമിജി ഹിമാലയത്തിനു കല്പിച്ചു നല്‍കുന്നു. ഹിമാലയത്തില്‍ നിന്നും ഉത്ഭവിക്കുന്ന നദികള്‍ ഭാരതത്തിന്റെ ജനജീവിതത്തെ സുഗമമാക്കുന്നതിനെ കുറിച്ചും അദ്ദേഹം സൂചിപ്പിക്കാറുണ്ടായിരുന്നു.
ഹിമാലയത്തോടുള്ള അഭിനിവേശം തന്റെ സഹോദര സന്ന്യാസിയായ അഖണ്ഡാനന്ദനോടൊപ്പം 1890 ലെ ഒരു ജൂലായ് മാസത്തില്‍ ഹിമാലയ പരിക്രമണത്തിന് ഇറങ്ങിത്തിരിക്കാന്‍ സ്വാമിജിയെ പ്രേരിപ്പിച്ചു. കല്‍ക്കത്തയില്‍ നിന്നും കാല്‍നടയായി ഗംഗയുടെ കരയിലൂടെ അവര്‍ യാത്ര തുടര്‍ന്നു. ഈ യാത്രയില്‍ ഓരോ നിമിഷവും സ്വാമിജി ആഹ്ലാദത്തോടു കൂടി ആസ്വദിച്ചു. ഉത്തര്‍പ്രദേശിലെ വാരാണസിയിലൂടെ അയോദ്ധ്യയിലൂടെ നൈനിറ്റാളിന്റെ കുമയൂണ്‍ കുന്നുകള്‍ ലക്ഷ്യമാക്കി ആ യുവ സന്ന്യാസിമാര്‍ യാത്ര തുടര്‍ന്നു,
ആ യാത്രയിലുടനീളം കണ്ടുമുട്ടുന്ന ആള്‍ക്കാരെ സ്വാമിജി പ്രചോദിപ്പിച്ചിരുന്നു. ചിലര്‍ അവര്‍ക്കൊപ്പം നടക്കാനും തയ്യാറായി. നൈനിറ്റാള്‍ മുതല്‍ അല്‍മോറ വരെയുള്ള ഈ യാത്രയില്‍ ആത്മീയമായ പല അനുഭവങ്ങളും സ്വാമിജിയെ തേടിയെത്തി. അത്തരം ഒരു അനുഭവം നല്‍കിയ ഇടമായിരുന്നു ‘കാക്കിരിഘട്ട്’. കോശി നദി മറ്റൊരു ഹിമാലയന്‍ നദിയായ സുയാലുമായി ചേരുന്ന ഈ നടക്കിക്കരയില്‍ ഒരു ആല്‍മരം ഉണ്ടായിരുന്നു. ഈ സ്ഥലത്തിന്റെ അസൂയാവഹമായ ആകര്‍ഷണത്തില്‍ ആല്‍മരത്തിന്റെ തണലിലിരുന്ന സ്വാമിജി വൈകാതെ അഗാധമായ ധ്യാനത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. ഏറെ നേരത്തെ ധ്യാനത്തിന് ശേഷം ഉണര്‍ന്ന അദ്ദേഹം ഉത്സാഹത്തോടെ സ്വാമി അഖണ്ഡാനന്ദനോട് പറഞ്ഞു. ”ഗംഗാധര്‍, എന്റെ ജീവിതത്തിലെ ധന്യമായ നിമിഷങ്ങളിലൂടെ ഞാന്‍ കടന്നുപോയിരിക്കുന്നു. ഈ അരയാല്‍ മരത്തിന്റെ ചുവട്ടില്‍ വച്ച് എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ശമനമുണ്ടായിരിക്കുന്നു. ഞാന്‍ ഏകത്വത്തെ ദര്‍ശിച്ചിരിക്കുന്നു. ഈ മുഴുവന്‍ ലോകവും ഒരു ആറ്റത്തില്‍ അടങ്ങുന്നതായി ഞാന്‍ അറിയുന്നു.” ഈ സംഭവം സ്വാമിജി തന്റെ ഡയറിയില്‍ കുറിച്ചിട്ടു. ഇതിന്റെ ചുവടു പിടിച്ചു രണ്ടു പ്രസിദ്ധങ്ങളായ പ്രഭാഷണങ്ങള്‍ സ്വാമിജി പിന്നീട് ചെയ്തിട്ടുണ്ട്.
‘കാക്കിരിഘട്ടില്‍ നിന്നും ആ യുവ സന്ന്യാസിമാര്‍ അല്‍മോറ ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. കാല്‍നടയായി ചെലവിന് പൈസയില്ലാതെ ഭക്ഷണവും വെള്ളവും ഇല്ലാതെ കഠിനമായിരുന്നു ആ യാത്ര. ഒടുവില്‍ ഒരു മുസ്‌ലിം സമാധി മണ്ഡപത്തിനരികില്‍ പരവശനായി അവര്‍ തളര്‍ന്നിരുന്നു. ദാഹവും വിശപ്പും സ്വാമിജിയെ തളര്‍ത്തിയിരുന്നു, അദ്ദേഹത്തിന്റെ അവസ്ഥ പരിതാപകരമായിരുന്നു. ഇത് കണ്ട സമാധി മന്ദിരത്തിന്റെ നോക്കി നടത്തിപ്പുകാരന്‍ സ്വാമിജിക്ക് വെള്ളവും ഭക്ഷണവും നല്‍കി. പിന്നീട് വിവേകാനന്ദനെന്ന പേരില്‍ പ്രശസ്തനായ ശേഷം സ്വാമിജി ഇവിടം സന്ദര്‍ശിക്കുകയുണ്ടായി. ജാതിക്കും മതത്തിനും അതീതമായി സേവനം ചെയ്യുന്നതിനു പില്‍ക്കാലത്തു സ്വാമിജിക്ക് ഈ സംഭവം പ്രേരണയായി.