ക്രിസ്തുമതത്തിലേക്ക് മതം മാറിയവര്‍ക്ക് ജാതിസംവരണം നിലനിര്‍ത്തണം എന്ന വാദം പൊളിയുകയാണ്. ജാതിസെന്‍സസ് നടപ്പായാല്‍ ദളിത് ക്രൈസ്തവര്‍, ദളിത് മുസ്ലിങ്ങള്‍ എന്നൊക്കെ പറഞ്ഞ് ജാതി സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ വിപുലമായി തരപ്പെടുത്തി മതസാമ്രാജ്യത്വത്തിന് വേഗത കൂട്ടാം എന്ന് സ്വപ്‌നം കാണുന്ന സുവിശേഷക വൃന്ദങ്ങള്‍ക്കും ഇസ്ലാമികവല്‍ക്കരണക്കാര്‍ക്കും ആന്ധ്രപ്രദേശ് ഹൈക്കോടതിയുടെ ഒരു ഉത്തരവ് വലിയ ഇരുട്ടടിയായിരിക്കയാണ്. ഗുണ്ടൂര്‍ സ്വദേശിയായ ചിന്താട ആനന്ദ് എന്ന പാസ്റ്റര്‍ നല്കിയ പരാതിയില്‍ വാദം കേള്‍ക്കവെയാണ് കോടതി ക്രിസ്തുമതത്തില്‍ ജാതിവ്യവസ്ഥ ഇല്ലെന്നും അതിലേക്ക് മതം മാറിയവര്‍ക്ക് പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ സംവരണം ലഭിക്കില്ലെന്നും പറഞ്ഞത്. റാമി റെഡ്ഡി എന്നയാള്‍ ജാതിയുടെ പേരില്‍ തന്നോട് വിവേചനം കാട്ടി എന്നതായിരുന്നു പാസ്റ്ററുടെ പരാതി. കുറ്റക്കാരനെ പട്ടികജാതി – വര്‍ഗ്ഗ നിയമപ്രകാരം ശിക്ഷിക്കണം എന്നാണ് ആവശ്യം. ക്രിസ്ത്യാനിയായി മതം മാറിയ താന്‍ പത്തുവര്‍ഷമായി പള്ളിയില്‍ പാസ്റ്ററായി ജോലിചെയ്യുന്നുവെന്നും പരാതിക്കാരന്‍ പറയുന്നു. മതം മാറിയ തന്റെ കയ്യില്‍ പട്ടികജാതി സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
കോടതിയില്‍ വിചാരണ തുടങ്ങിയപ്പോഴാണ് വടി കൊടുത്ത് അടി വാങ്ങി എന്ന ബോധം പാസ്റ്റര്‍ക്കുണ്ടായത്. ജസ്റ്റിസ് ഹരിനാഥ് എന്‍.കേസ് തള്ളിക്കളഞ്ഞുകൊണ്ട് പറഞ്ഞത് ജാതിവ്യവസ്ഥ ക്രിസ്തുമതത്തിന് അന്യമായതിനാല്‍ മതം മാറിയ ആള്‍ക്ക് പട്ടിക ജാതി സമൂഹത്തില്‍ അംഗമാകാന്‍ പറ്റില്ലെന്നും അതിനാല്‍ തന്നെ പട്ടിക ജാതി- വര്‍ഗ്ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമം ബാധകമാകില്ല എന്നുമാണ്. മതം മാറിയിട്ടും പട്ടികജാതി വര്‍ഗ്ഗ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുകയും ആ നിയമത്തിന്റെ സംരക്ഷണം കിട്ടുമെന്ന ധാരണയില്‍ ഹിന്ദുക്കള്‍ക്കു നേരെ കുതിരകയറുകയും ചെയ്യുന്നവര്‍ക്ക് നല്ലൊരു മുന്നറിയിപ്പാണ് കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. പിന്നാക്ക ജാതിക്കാരെ സമത്വത്തിന്റെ മതം എന്ന് പറഞ്ഞ് പറ്റിച്ച് മതം മാറ്റുകയും അതിനുശേഷം അവരെ തങ്ങള്‍ക്ക് പട്ടികജാതി സംവരണം കിട്ടണം എന്ന് ആവശ്യപ്പെട്ട് സമരത്തിനിറക്കുകയും ചെയ്യുന്ന തന്ത്രത്തിന് രാഷ്ട്രീയ പിന്തുണയുണ്ട്. ഇതിനെതിരെ നിയമപരമായി നീങ്ങി തങ്ങളുടെ അവകാശം സംരക്ഷിച്ചെടുക്കാന്‍ പട്ടികജാതി – വര്‍ഗ്ഗ വിഭാഗത്തിന് ശക്തി പകരുന്നതാണ് ആന്ധ്രാ ഹൈക്കോടതിയുടെ ഈ അഭിപ്രായം.