തൊണ്ണൂറ്റിമൂന്നാം വയസ്സിന്റെ നിറവിലും സംഘകാര്യങ്ങളില്‍ വ്യാപൃതനാണ് സ്വയംസേവകര്‍ സ്‌നേഹാദരപൂര്‍വ്വം ചന്ദ്രേട്ടന്‍ എന്നു വിളിക്കുന്ന കൊളക്കോട്ട് ചന്ദ്രശേഖരന്‍. നിരവധി സംഘകാര്യകര്‍ത്താക്കള്‍ക്ക് ആതിഥ്യമരുളിയ തലശ്ശേരി തിരുവങ്ങാടുള്ള വസതിയില്‍ വച്ച് ഒരു തരുണ സ്വയംസേവകന്റെ ആവേശത്തോടെയും ഊര്‍ജ്ജസ്വലതയോടും കൂടി തന്റെ സംഘജീവിതത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയുണ്ടായി. നിരവധി പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കപ്പെട്ട കൊളക്കോട്ട് ചന്ദ്രശേഖരന്‍ എന്ന കണ്ണൂരിന്റെ സംഘകാരണവര്‍ സംഘപ്രവര്‍ത്തനത്തില്‍ വളരെ സജീവമാണ്. കണ്ണൂര്‍ റവന്യൂജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന മാധവസ്മൃതി സേവാട്രസ്റ്റിന്റെ പ്രസിഡന്റാണ് ഇപ്പോഴദ്ദേഹം. അദ്ദേഹവുമായി അനില്‍കുമാര്‍ വടകര നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍.
തലശ്ശേരിയില്‍ സംഘപ്രവര്‍ത്തനം ആരംഭിച്ചത് എപ്പോഴായിരുന്നു. അതിന്റെ പശ്ചാത്തലം എന്തായിരുന്നു?
♠വിഭജനവാദികള്‍ സംഘടിതരും സക്രിയരുമാവുകയും ഹിന്ദുസമൂഹം അസംഘടിതരും ആത്മവിശ്വാസം നഷ്ടപ്പെട്ടവരുമായി മാറുകയും ചെയ്ത കാലഘട്ടത്തിലാണ് 1942ല്‍ ദത്തോപന്ത് ഠേംഗ്ഡിജി സംഘസന്ദേശവുമായി കോഴിക്കോട്ടെത്തുന്നത്. സംഘപ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 1943ല്‍ തലശ്ശേരിയിലെ അന്നത്തെ പ്രമുഖ ക്രിമിനല്‍ വക്കീലും പൗരപ്രമുഖനുമായ കെ.ടി.ചന്തുനമ്പ്യാരെ ഠേംഗിഡിജി വന്നു കാണുകയും സംഘപ്രവര്‍ത്തനം ആരംഭിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ ചന്തു നമ്പ്യാരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന എല്‍.പി. സ്‌കൂളില്‍ കുറച്ചു ചെറുപ്പക്കാരെ വിളിച്ചു ചേര്‍ത്തു. ചന്തുനമ്പ്യാരും ഠേംഗ്ഡിജിയുമായിരുന്നു ഈ യോഗം സംഘടിപ്പിച്ചത്. ചേറ്റുംകുന്ന് എന്ന സ്ഥലത്ത് ചന്തുനമ്പ്യാരുടെ വീടിന്റെ നേരെ എതിര്‍വശത്തായി തീയര്‍കുന്ന് എന്ന പേരില്‍ ഒരു മൈതാനമുണ്ട്. അവിടെ പത്തിരുപത് പേര്‍ക്ക് കളിക്കാനുള്ള സൗകര്യമുണ്ട്. ഈ സ്ഥലത്ത് ശാഖ തുടങ്ങാന്‍ യോഗത്തില്‍ വെച്ച് തീരുമാനിച്ചു. കരുണന്‍ എന്ന ആള്‍ക്കായിരുന്നു ശാഖാചുമതല. നിത്യശാഖയായിരുന്നില്ല. ഇടക്കിടയ്ക്ക് ഒരുമിച്ച് ചേരും, കളിക്കും. ഇങ്ങനെയായിരുന്നു തീയ്യര്‍കുന്നിലെ ശാഖ. പിന്നീട് ചില അസൗകര്യങ്ങള്‍ കാരണം ശാഖ മറ്റൊരു സ്ഥലത്തേക്ക് മാറ്റേണ്ടി വന്നു. ധാരാളം ഡോക്ടര്‍മാരും വക്കീലന്മാരും ഉള്ള സ്ഥലമായിരുന്നു തിരുവങ്ങാട്. സംഘത്തെ സംബന്ധിച്ച് പെട്ടെന്ന് ആകര്‍ഷിക്കാന്‍ പറ്റിയ കുട്ടികള്‍ ഏറെയുള്ള പ്രദേശവും. ശാഖ തുടങ്ങാനുള്ള സ്ഥലസൗകര്യങ്ങള്‍ ചെയ്യുന്നതിനായി കോഴിക്കോട് സാമൂതിരിരാജ കടത്തനാട് രാജവംശത്തില്‍പ്പെട്ട എം.കെ. രാജ എന്ന വ്യക്തിക്ക് ഒരു കത്ത് കൊടുത്തയച്ചു. അങ്ങനെ ചന്തുനമ്പ്യാര്‍, കരുണന്‍, പിന്നീട് കേസരി മാനേജരായിരുന്ന എം.രാഘവന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരുവങ്ങാട് ശാഖ തുടങ്ങിയത്. 1944ല്‍ തിരുവങ്ങാടാണ് നിത്യേനയുള്ള ശാഖാപ്രവര്‍ത്തനം ആരംഭിച്ചത്. അപ്പോഴേക്കും നിലമ്പൂര്‍ കോവിലകത്തെ മാര്‍ത്താണ്ഡന്‍ ചേട്ടന്‍ പ്രചാരകനായി എത്തി. ടി.എന്‍. ഭരതേട്ടന്റെ ജ്യേഷ്ഠനായ അദ്ദേഹമാണ് ഉത്തര മലബാറിലെ ആദ്യപ്രചാരകന്‍. അദ്ദേഹം പലരേയും സമ്പര്‍ക്കം ചെയ്ത് ശാഖാപ്രവര്‍ത്തനം നല്ലരീതിയില്‍ നടന്നുതുടങ്ങി. മാര്‍ത്താണ്ഡന്‍ ചേട്ടന് ശേഷം പ്രചാരകനായി വന്നത് മാധവ്ജിയായിരുന്നു. തലായി, പാലിശ്ശേരി, ധര്‍മ്മടം, കൊടുവള്ളി, ചിറക്ക കാവ്, ഗോപാലപേട്ട തുടങ്ങിയ സ്ഥലങ്ങളില്‍ മാര്‍ത്താണ്ഡന്‍ ചേട്ടനുള്ള സമയത്ത് സമ്പര്‍ക്കം ചെയ്തിരുന്നുവെങ്കിലും ഇവിടെയെല്ലാം ശാഖകള്‍ ആരംഭിച്ചത് മാധവ്ജി വന്നപ്പോഴാണ്. ബാലശാഖയും തരുണശാഖയും വെവ്വേറെ നടന്നിരുന്നു.
അങ്ങ് എങ്ങനെയാണ് സംഘവുമായി ബന്ധപ്പെടുന്നത്?
♠എന്റെ പതിനൊന്നാമത്തെ വയസ്സിലാണ് ഞാന്‍ സംഘശാഖയില്‍ പോയിത്തുടങ്ങുന്നത്. വീടിന്നടുത്തുളള പാറക്കാട്ട് എന്ന വീടിന്റെ പറമ്പിലാണ് ശാഖ. എന്റെ മൂത്ത ജ്യേഷ്ഠനാണ് എന്നെ ശാഖയിലേക്ക് കൊണ്ടുപോയത്. അന്ന് ആളുകള്‍ക്ക് സംഘത്തെക്കുറിച്ച് അറിയുമായിരുന്നില്ല. എന്റെ ജ്യേഷ്ഠന്‍ ശാഖയില്‍ പോകുന്നുണ്ട്, കൂടെ ഞാനും പോകും. ആദ്യകാലത്ത് ഇത് ഒരു ഹിന്ദു സംഘടനയാണെന്നൊന്നും ആരും ചിന്തിച്ചിരുന്നില്ല. പത്തോ ഇരുപതോ കുട്ടികള്‍ ഒരുമിച്ച് കളിക്കുന്നു. അത്ര തന്നെ. ശാഖയുടെ തുടക്കക്കാലത്ത് ഗണഗീതവും പ്രാര്‍ത്ഥനയുമൊന്നും ചൊല്ലിയിരുന്നില്ല. പിന്നീടാണ് അതൊക്കെ ചൊല്ലാന്‍ തുടങ്ങിയത്.
എങ്ങനെയൊക്കെയായിരുന്നു സംഘജീവിതം?
♠ശാഖാശിക്ഷകനായിട്ടാണ് ആദ്യചുമതല ഏറ്റെടുക്കുന്നത്. 1953ല്‍ പ്രഥമവര്‍ഷ സംഘശിക്ഷാവര്‍ഗ്ഗില്‍ പങ്കെടുത്തു. മധുരയില്‍ വച്ച് നടന്ന ആ ക്യാമ്പില്‍ പങ്കെടുക്കുമ്പോള്‍ ഞാന്‍ ബി.എക്കു പഠിക്കുകയായിരുന്നു. 1954ല്‍ ദ്വിതീയവര്‍ഷ സംഘശിക്ഷാവര്‍ഗ്ഗില്‍ പങ്കെടുക്കുകയുണ്ടായി. ആന്ധ്ര, തമിഴ്‌നാട്, കര്‍ണ്ണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലെ ശിക്ഷാര്‍ത്ഥികളായിരുന്നു ബംഗളൂരില്‍ നടന്ന ആ ക്യാമ്പില്‍ പങ്കെടുത്തിരുന്നത്. പിന്നീട് കേന്ദ്രമന്ത്രിയായിരുന്ന ബംഗാരു ലക്ഷ്മണ്‍ അന്ന് ആ ക്യാമ്പില്‍ എന്നോടൊപ്പം ശിക്ഷാര്‍ത്ഥിയായിരുന്നു. 1955 ല്‍ എനിക്ക് റെയില്‍വേയില്‍ ജോലി കിട്ടി. ഞാന്‍ ഒരു ഹിന്ദു ആക്ടിവിസ്റ്റ് ആണെന്ന പോലീസ് റിപ്പോര്‍ട്ട് വന്നതിന്റെ അടിസ്ഥാനത്തില്‍ എനിക്കെതിരെ നടപടിയെടുക്കണമെന്ന് നിര്‍ദ്ദേശം വന്നു. ഞാന്‍ എന്റെ കാര്യങ്ങള്‍ വ്യക്തമായി അവതരിപ്പിച്ചു. 1961-62 കാലഘട്ടത്തില്‍ ഞാന്‍ കണ്ണൂരിലേക്ക് സ്ഥലം മാറി വന്നു. അപ്പോള്‍ കണ്ണൂര്‍ ജില്ലാകാര്യവാഹായി ചുമതല ഏറ്റെടുത്തു. പേരാവൂര്‍, കൊട്ടിയൂര്‍, തളിപ്പറമ്പ്, ഇരിട്ടി, കൂട്ടുപുഴ എന്നിവിടങ്ങളിലെല്ലാം സംഘപ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഇതിനിടയില്‍ ജോലി ഉപേക്ഷിച്ചു. വയനാട്ടിലെ വനവാസിവികാസ കേന്ദ്രത്തിന്റെയും വിവേകാനന്ദ മെഡിക്കല്‍ മിഷന്റെയും സ്ഥാപകാംഗമാണ്. ഇരുപത്തിയഞ്ച് കൊല്ലം കണ്ണൂര്‍ ജില്ലാ കാര്യവാഹ് ആയും ഇരുപത്തിയഞ്ച് വര്‍ഷം കണ്ണൂര്‍ വിഭാഗ് സംഘചാലക് ആയും പ്രവര്‍ത്തിച്ചു.
ഗാന്ധിവധം നടന്നപ്പോള്‍ ആര്‍.എസ്സ്.എസ്സുകാര്‍ തലശ്ശേരിയില്‍ മധുരം വിതരണം ചെയ്തു എന്നൊരു പ്രചാരണം കമ്മ്യൂണിസ്റ്റുകാര്‍ നടത്തിയിരുന്നല്ലോ, എന്താണതിന്റെ യാഥാര്‍ത്ഥ്യം?
♠ശാഖ നടക്കുന്ന സ്ഥലത്തിന്റെ തൊട്ടടുത്തുള്ള വീട്ടില്‍ ഒരു നമ്പൂതിരി കുടുംബം താമസിച്ചിരുന്നു. 1948 ജനുവരി 30ന് ആണല്ലോ ഗാന്ധിജി വധിക്കപ്പെടുന്നത്. അന്നായിരുന്നു ആ വീട്ടിലെ ഗൃഹനാഥന്റെ സഹോദരിയുടെ വിവാഹത്തോടനുബന്ധിച്ചുള്ള വിരുന്ന് സല്‍ക്കാരം. സല്‍ക്കാരത്തിനായി ഉണ്ടാക്കിയ കുറച്ച് പലഹാരങ്ങള്‍ ശാഖയില്‍ വരുന്ന കുട്ടികള്‍ക്ക് അവര്‍ കൊടുത്തയച്ചു. ശാഖയിലെ കുട്ടികളെല്ലാം തങ്ങള്‍ക്ക് മധുരപലഹാരം കിട്ടിയ കാര്യം പലരോടും പറഞ്ഞു. ഈ സംഭവമാണ് കമ്യൂണിസ്റ്റുകാര്‍ ഗാന്ധി വധിക്കപ്പെട്ടതില്‍ ആര്‍.എസ്സ്.എസ്സുകാര്‍ മധുരവിതരണം നടത്തി എന്നാക്കി പ്രചാരണം നടത്താന്‍ ശ്രമിച്ചത്. പക്ഷേ അതൊന്നും വിലപ്പോയില്ല. ആര്‍.എസ്സ്.എസ്സിന്റെ വളര്‍ച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ദോഷകരമായി ഭവിക്കും എന്ന് മനസ്സിലാക്കി അവര്‍ മേല്‍സംഭവം ആര്‍.എസ്സ്.എസ്സിനെതിരെ പ്രയോഗിക്കാന്‍ ശ്രമിക്കുകയാണുണ്ടായത്.

തലശ്ശേരി കലാപത്തില്‍ ആര്‍എസ്സ്എസ്സുകാര്‍ പള്ളിതകര്‍ക്കാന്‍ വന്നപ്പോള്‍ അതിനെ പ്രതിരോധിച്ച് സംരക്ഷിച്ചത് കമ്മ്യൂണിസ്റ്റുകാരാണെന്നും അതിന്റെ പേരില്‍ രക്തസാക്ഷിയാകേണ്ടി വന്ന ആളാണ് സഖാവ് കുഞ്ഞിരാമനെന്നും കമ്മ്യൂണിസ്റ്റുകാര്‍ അവകാശപ്പെടാറുണ്ടല്ലോ?
♠ഇതെല്ലാം പൊളിഞ്ഞുപോയ നുണക്കഥകളാണ്. ആ കേസിന്റെ വിധിപ്പകര്‍പ്പ് എന്റെ കയ്യിലുണ്ട്. ഒരൊറ്റ ആര്‍.എസ്സ്.എസ്സുകാരനും അതില്‍ പ്രതിയായില്ല. തലശ്ശേരിയിലെ പ്രധാനപ്പെട്ട മുത്തപ്പന്‍ മഠപ്പുരയായ മേലൂട്ട് മുത്തപ്പന്‍ കാവിലേക്ക് ഉത്സവത്തോടനുബന്ധിച്ച് നടന്ന കലശം വരവിനുനേരെ തലശ്ശേരിയിലെ ഒരു ഹോട്ടലിന് മുകളില്‍ നിന്നും ചെരുപ്പെറിഞ്ഞുവെന്നതാണ് സംഘര്‍ഷത്തിന് കാരണമായി പറയുന്നത്. സംഭവം നടക്കുന്നത് തലശ്ശേരിയിലാണ്. കുഞ്ഞിരാമന്‍ കൊല്ലപ്പെടുന്നത് നീര്‍വേലിയില്‍ വെച്ചാണ്. കൂത്തുപറമ്പില്‍ നിന്നും മട്ടന്നൂരിലേക്കുള്ള റൂട്ടില്‍ രണ്ടിനും ഇടയില്‍ ആണ് നീര്‍വേലി. അവിടെ ഒരു കള്ളുഷാപ്പുണ്ട്. ഷാപ്പിലെ ജീവനക്കാരനുമായുണ്ടായ കശപിശയാണ് കുഞ്ഞിരാമന്റെ മരണത്തില്‍ കലാശിച്ചത്. ഇതിന് തലശ്ശേരി കലാപവുമായോ പള്ളി സംരക്ഷണവുമായോ ഒരു ബന്ധവുമില്ല. നീര്‍വേലിയില്‍ അന്ന് പള്ളിയുമില്ല. പളളികള്‍ ആക്രമിക്കപ്പെട്ടതൊക്കെ തന്നെ പാര്‍ട്ടി ഗ്രാമങ്ങളിലാണ്. എഴുപത്തിയഞ്ചോളം പള്ളികള്‍ അക്രമിക്കപ്പെട്ടതില്‍ പ്രതികളെല്ലാം കമ്മ്യൂണിസ്റ്റുകാരാണ്. ഇതൊക്കെ വിതയത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പള്ളികള്‍ ആക്രമിക്കപ്പെട്ട സ്ഥലങ്ങളിലൊന്നും അന്ന് ആര്‍.എസ്സ്.എസ്സിന്റെ ശാഖയോ, മരുന്നിനുപോലും ആര്‍.എസ്സ്.എസ്സുകാരോ ഉണ്ടായിരുന്നില്ല.

കുടുംബസംഗമത്തില്‍ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം സി.ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കുന്നു.
സംഘത്തിന്റെ ശതാബ്ദിവര്‍ഷമാണല്ലോ ഇത്. എന്താണ് പുതുതലമുറയിലെ സ്വയംസേവകരോട് പറയാനുള്ളത്?
♠കാലാതിവര്‍ത്തിയായ പ്രവര്‍ത്തനപദ്ധതിയാണ് സംഘശാഖ. ദൈനംദിന ശാഖാപ്രവര്‍ത്തനം ശക്തമായി നടക്കണം. സംഘത്തിന്റെ ശക്തി വ്യക്തിത്വവികസനത്തിന്റേതാണ്. വ്യക്തിത്വവികസനം വീട്ടിലിരുന്ന് സാധിക്കാവുന്നതല്ല. ഓണ്‍ലൈനിലൂടെയും അസാധ്യമാണ്. അത് ദൈനംദിന ശാഖാപ്രവര്‍ത്തനത്തിലൂടെ മാത്രമേ സാധിക്കുകയുള്ളു. വികാസം വേണമെങ്കില്‍ സാധന തന്നെ വേണം. ആ സാധന സംഘശാഖയാണ്. അതിലൂടെ മാനസികം, ശാരീരികം, ബൗദ്ധികം, ആത്മീയം എന്നിങ്ങനെ എല്ലാതരത്തിലും ഉയരാന്‍ കഴിഞ്ഞാല്‍ മാത്രമേ നമുക്ക് പൂര്‍വ്വാധികം ശക്തിയോടെ മുമ്പോട്ടുപോകാന്‍ കഴിയൂ. സംഘത്തിന്റെ സംസ്്കാരം ഉള്ളില്‍ ഏറ്റെടുക്കാന്‍ നാം തയ്യാറാവണം. വ്യക്തിപരമായിട്ടുള്ള എന്തൊക്കെ ഗുണങ്ങളാണോ സംഘപ്രാര്‍ത്ഥനയില്‍ പറഞ്ഞിട്ടുള്ളത് അവയൊക്കെ സ്വായത്തമാക്കണം. ദൈനംദിന ശാഖയില്‍ പങ്കെടുത്തേ അത് കൈവരിക്കാന്‍ കഴിയുകയുള്ളു.