ഭാരതവും പാകിസ്ഥാനും തമ്മില്‍ നയതന്ത്രയുദ്ധം, സൈനിക നടപടി, ജലയുദ്ധം തുടങ്ങിയ പല യുദ്ധമുറകളും പ്രയോഗിച്ചുവരുന്നതായാണ് വാര്‍ത്തകളില്‍ കാണുന്നത്. എന്നാല്‍ ഇതിനേക്കാള്‍ വലിയ യുദ്ധതന്ത്ര പ്രയോഗങ്ങള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കകത്ത് നടന്നുകൊണ്ടിരിക്കയാണ്. ഒരു ഭാഗത്ത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ.ബേബിയാണെങ്കില്‍ മറുവശത്ത് കേരള മുഖ്യന്‍ വിജയന്‍ സഖാവാണ് ചരടു വലിക്കുന്നത്. യുദ്ധം പാര്‍ട്ടി ഗോദക്കകത്തും പുറത്തും തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു. വിജയന്‍ സഖാവ് കണ്ണൂരില്‍ നിന്നു പഠിച്ച തട്ടിക്കളയലും പിടിച്ചടക്കലുമൊക്കെ പ്രയോഗിക്കുമ്പോള്‍ ബേബി സഖാവ് സാഹിത്യ-കലാപ്രേമിയും സഹൃദയനും സ്ത്രീസമത്വവാദിയുമൊക്കെയായതിനാല്‍ മൂപ്പരുടെ യുദ്ധതന്ത്രത്തിന് സാംസ്‌കാരികത്തനിമയുടെ മണമുണ്ട്. രണ്ടു മഹിളാരത്‌നങ്ങളെ കൊണ്ടാണ് ബേബിയുടെ പുതിയ കളി. അതില്‍ ഒന്ന് ശ്രീമതി ടീച്ചറാണെങ്കില്‍ രണ്ടാമത്തേത് മല്ലിക സാരാഭായ് ആണ്. വിജയന്‍ സഖാവിന്റെ ഉടക്ക് മറികടന്നുകൊണ്ട് ബേബി പക്ഷം പാര്‍ട്ടി നിശ്ചയിച്ച പ്രായപരിധി ഉല്ലംഘിച്ചുകൊണ്ട് ശ്രീമതി ടീച്ചറെ കേന്ദ്രകമ്മറ്റിയിലെടുത്തത് മഹിളാസംഘടനാ പ്രതിനിധിയായിട്ടാണ്. അതിനാല്‍ ശ്രീമതി ദില്ലിയില്‍ ഇരുന്നാല്‍ മതി എന്ന് വിജയന്‍ പറയുമ്പോള്‍ അവര്‍ക്ക് കേരളത്തിലെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കാമെന്ന് ബേബി തിരിച്ചടിക്കുന്നു. ഇത് ഒരു വശത്ത്. മോദിസര്‍ക്കാറിനെ വെല്ലുവിളിച്ചു കൊണ്ട് വിജയന്‍ സഖാവ് കേരള കലാമണ്ഡലത്തിന്റെ ചാന്‍സലറായി നിയമിച്ച മല്ലികാ സാരാഭായ് ആണ് ബേബി സഖാവിന്റെ വേറൊരായുധം. വിജയന്‍ സഖാവിന്റെ വിലക്ക് ലംഘിച്ച് ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും അവര്‍ക്ക് ആയിരം രൂപ ഓണറേറിയം അയച്ചു കൊടുക്കുകയും ചെയ്യാന്‍ മല്ലികക്ക് ചില്ലറ ധൈര്യം പോരല്ലോ. ബേബിയുടെ പിന്തുണയില്ലാതെ ഇങ്ങനെ എടുത്തു ചാടാന്‍ അവര്‍ തയ്യാറാവില്ല.
എ.കെ.ജി. സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന വേദിയിലേക്ക് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ബേബി സഖാവിനെ വിജയന്‍ അടുപ്പിച്ചില്ല. സദസ്സിലാണ് കസേര കൊടുത്തത്. ബേബി ദില്ലിയിലിരുന്നു ഭരിച്ചാല്‍ മതി കേരളത്തിലെ സി.പി.എം ജനറല്‍ സെക്രട്ടറി താനാണ് എന്ന ബോധ്യപ്പെടുത്തലായിരുന്നു അത്. പ്രേമചന്ദ്രനു നേരെ പരനാറി പ്രയോഗം നടത്തുക മാത്രമല്ല കൊല്ലം ലോകസഭാ തിരഞ്ഞെടുപ്പില്‍ അതു ദോഷം ചെയ്യില്ലേ എന്നു ചോദിച്ചവരോട് പരനാറിയെ പരനാറി എന്നല്ലാതെ എന്തു വിളിക്കണം എന്നു തിരിച്ചു ചോദിച്ചുകൊണ്ട് പ്രേമചന്ദ്രന് പാര്‍ട്ടി അണികളുടെ വോട്ടുപോലും കിട്ടുന്ന അന്തരീക്ഷം ഒരുക്കിക്കൊണ്ട് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ബേബിയെ എട്ടു നിലയില്‍ പൊട്ടിക്കാന്‍ വിജയന്‍ സഖാവിന് കഴിഞ്ഞു. ഇതിനൊക്കെ തിരിച്ചടിയായി മധുരയില്‍ നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയില്‍ വരിക മാത്രമല്ല അതു വിജയന്‍ സഖാവിനെക്കൊണ്ട് വിളംബരം ചെയ്യിക്കാനും ബേബിക്ക് സാധിച്ചു. ഏറ്റവും ഒടുവില്‍ രണ്ട് മഹിളാ അസ്ത്രങ്ങള്‍ തൊടുത്തുവിട്ടുകൊണ്ട് ബേബി മേല്‍ക്കൈ നേടിയിട്ടുണ്ടെങ്കിലും ആര് ആരെ വെട്ടി വീഴ്ത്തും എന്നത് കണ്ടുതന്നെയറിയണം.