കമ്മ്യൂണിസം പഠിച്ച്, അതിനായി പ്രവര്‍ത്തിച്ച്, അതിന്റെ ഗുണദോഷങ്ങള്‍ ആഴത്തിലറിഞ്ഞ പ്രസിദ്ധ ദാര്‍ശനികനും ചിന്തകനും എഴുത്തുകാരനുമായ ഒ.വി. വിജയന് ഇരുപത്തിയേഴ് വര്‍ഷം മുമ്പ്, ‘ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ഭാവി’ എന്ന പേരില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു: ”നമ്മുടെ കമ്മ്യൂണിസ്റ്റുകാരുടെ സ്വപ്നം സെക്രട്ടറിയേറ്റിലേക്കുളള നെട്ടോട്ടമായിട്ടുണ്ട്.” മൂന്നു പതിറ്റാണ്ടോളം കഴിയുമ്പോള്‍ ചെറിയ തിരുത്താകാം. ആ സ്വപ്നം, ”മൂന്നാം വട്ടവും സെക്രട്ടറിയേറ്റില്‍ത്തന്നെ തുടരുന്നതിനായിട്ടുണ്ട്” എന്ന്. കേരളത്തിലെ ഭരണമുന്നണിയിലെ മുഖ്യകക്ഷിയായ സി.പി.എം അവരുടെ സംസ്ഥാന സമ്മേളനത്തില്‍ നല്കിയ ആഹ്വാന സന്ദേശം അതായിരുന്നു; ”മൂന്നാം വട്ടം ഭരിക്കാന്‍, ഭരണം പിടിക്കാന്‍ എന്തും ചെയ്യുക.” അതിനായി സര്‍ക്കാര്‍ തലത്തിലും പാര്‍ട്ടി തലത്തിലും തുടര്‍ന്നുപോരുന്ന ദുര്‍വൃത്തികളുടെ തുടര്‍ക്കണ്ണികളാകാന്‍ താഴേത്തട്ടിലുള്ള അണികളെ ആവേശഭരിതരാക്കുകയായിരുന്നു സംസ്ഥാന സമ്മേളനവും അതിന്റെ പ്രഖ്യാപനക്കാരായ പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും. അവര്‍ മൂന്നാംവട്ടത്തിനായി രഹസ്യമായും പരസ്യമായും ചെയ്തുകൊണ്ടിരിക്കുന്ന പല വൃത്തികളില്‍ ഒന്നാണ് പി.സി. ജോര്‍ജിനെതിരെ നടത്തിക്കൊണ്ടിരിക്കുന്നത്.
പി.സി. ജോര്‍ജ്ജെന്നല്ല, പിണറായി വിജയനാണെങ്കിലും രാജ്യവിരുദ്ധമായും സാമൂഹ്യസ്പര്ദ്ധയുണ്ടാക്കുന്നതരത്തിലും പ്രവര്‍ത്തിച്ചാലും പ്രസംഗിച്ചാലും കേസെടുക്കണം. അതിന് എം.എല്‍.എ, മന്ത്രി, സാധാരണക്കാരന് എന്ന തരംതിരിക്കല്‍ ഉണ്ടാവരുത്. പൗരന് എന്ന നിലയിലുള്ള ഉത്തരവാദിത്തം ലംഘിച്ചുവെന്നതാകണം മാനദണ്ഡം. പക്ഷേ അക്കാര്യത്തില്‍ പി.സി.ജോര്‍ജ്ജിന് ഒരു നീതി മറ്റുള്ളവര്‍ക്ക് മറ്റൊന്ന് എന്ന ഇരട്ടത്താപ്പ് ഉണ്ടാവുന്നു. അങ്ങനെ വരുമ്പോള്‍ അതാണ് കൂടുതല്‍ സാമൂഹ്യദ്രോഹമായി മാറുന്നത്. പ്രത്യേകിച്ച് ഭരണകൂടംതന്നെ ചെയ്യുമ്പോള്‍; അതാണ് ഫാസിസം. അത് ‘നിയോ ഫാസിസ’മാണോ’ക്ലാസിക് ഫാസിസ’മാണോ എന്ന തര്‍ക്കമില്ല. ആ ഫാസിസം കമ്മ്യൂണിസത്തിന്റെ അടിസ്ഥാന സ്വഭാവത്തിലുള്ളതാണ്. ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് സ്വപ്നം പ്രതീക്ഷിച്ചിരുന്ന റഷ്യ മുതല്‍ കണ്ണൂരിലെ ധര്‍മ്മടം ഗ്രാമപഞ്ചായത്തുവരെ അതിന് ഒറ്റ സ്വഭാവവുമാണ്.
പി.സി. ജോര്‍ജ് തുറന്നു പറച്ചിലുകാരനാണ്. രാഷ്ട്രീയത്തില്‍ ഒറ്റയാന്റെ സ്വഭാവക്കാരനാണ്. ഏതു പാര്‍ട്ടിയില്‍ ആയാലും അതാണ് പ്രകൃതം. കേരള കോണ്‍ഗ്രസിലായിരിക്കെ അതില്‍ നിന്ന് പിരിഞ്ഞുപോയത് ഈ സ്വഭാവവിശേഷം കൊണ്ടാണ്. സ്വന്തം പാര്‍ട്ടിയുണ്ടാക്കി, കമ്മ്യൂണിസ്റ്റ് പക്ഷത്തുനിന്ന് പി.സി. ഒട്ടേറെക്കാലം ‘ഒറ്റയാന്’ പ്രകൃതം പ്രകടിപ്പിച്ചിട്ടുണ്ട്. അപ്പോഴെല്ലാം സിപിഎം നേതൃത്വം ജോര്‍ജ്ജിന് കൈയടിച്ചിട്ടുണ്ട്. കയ്യയച്ച് സഹായിച്ചിട്ടുണ്ട്. എന്നാല്‍, മുന്നണിയും സിപിഎമ്മും കരാറുകള്‍ ലംഘിച്ചപ്പോള്‍ ജോര്‍ജ് കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ തിരിഞ്ഞു, പ്രത്യേകിച്ച് പിണറായി വിജയനെതിരെ. അങ്ങനെ ചിലരുടെ നോട്ടപ്പുള്ളിയായതാണ്.
പൂഞ്ഞാറില്‍ നിന്ന് എം.എല്‍എ ആയി ഏഴ് വട്ടം തിരഞ്ഞെടുക്കപ്പെട്ടു. ഈരാറ്റുപേട്ട ജന്മനാടായ പി.സി, സ്വതന്ത്രനായി മത്സരിച്ച് നേടിയ വിജയം മണ്ഡലത്തിലെ ചരിത്രമാണ്. വിശ്വാസം കൊണ്ട് ക്രിസ്തുമതത്തിലാണെങ്കിലും ശരിയെന്ന് വിശ്വസിച്ചതിനൊപ്പം നില്‍ക്കുന്നതായിരുന്നു പിസിയുടെ രാഷ്ട്രീയ പ്രവര്‍ത്തന ചരിത്രം. കേരളത്തില്‍ ഒരു രാഷ്ട്രീയനേതാവും ഉള്ളില്‍ വിശ്വസിക്കുന്നെങ്കിലും പുറത്തു പറയാന്‍ ധൈര്യം കാണിക്കാത്ത കാലത്ത് പി.സി.ജോര്‍ജ്, പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ചു, പ്രശംസിച്ചു. കോണ്‍ഗ്രസ് മുന്നണിയിലായിരിക്കെ, നിയമസഭാ ചീഫ് വിപ്പായിരിക്കെ, 2013-ല്‍ പി.സി. ജോര്‍ജ് നരേന്ദ്രമോദിയുടെ ചിത്രം പതിച്ച ടീഷര്‍ട്ട് ധരിച്ച് സര്‍ദാര്‍ പട്ടേല്‍ ജയന്തി പരിപാടിയില്‍ പങ്കെടുത്തു. 2024ലാണ് ജോര്‍ജ് സ്വന്തം പാര്‍ട്ടിയായ ‘ജനപക്ഷ’വുമായി ബിജെപിയില്‍ ലയിച്ചത്. ഇതിനിടെ ഒട്ടേറെ സംഭവങ്ങളില്‍ പിസി കക്ഷിയായി. അതിന്റെ പിന്നിലെ രാഷ്ട്രീയമാണ് ഇപ്പോള്‍ അദ്ദേഹത്തിനെതിരെ പിണറായി സര്‍ക്കാര്‍ കൈകൊള്ളുന്ന പ്രതികാര നടപടികള്‍.
ഹൈക്കോടതി നിരീക്ഷിച്ചതുപോലെ, വൈകാരികമായി പ്രതികരിക്കുകയും പെട്ടെന്ന് ക്ഷോഭം കൊള്ളുകയും പരസ്യമായി പറയരുതാത്തത് പറയുകയും ചെയ്യുന്ന പ്രകൃതം പി.സി. ജോര്‍ജ്ജിനുണ്ട്. അവയൊക്കെ അപ്പപ്പോള്‍ വിവാദമാവുകയും ചിലതെങ്കിലുമൊക്കെ തിരുത്തുകയും ചെയ്തിട്ടുണ്ട്. പക്ഷേ പി.സി. ജോര്‍ജ്ജിനെപ്പോലെ എന്തും വിളിച്ചു പറയുന്ന മുന്‍മന്ത്രി എം.എം. മണി (മന്ത്രിയായിരിക്കെയും) എത്ര കേസില്‍ അറസ്റ്റിലായിട്ടുണ്ട്? ഭരണഘടനയെ വിമര്‍ശിച്ചതിന് മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തപ്പെടുകയും വീണ്ടും മന്ത്രിയാകുകയും ചെയ്ത മന്ത്രി സജി ചെറിയാനെ ജയിലിലടച്ചിരുന്നോ? ചോദ്യങ്ങള്‍ ഏറെയുണ്ട്. പക്ഷേ ഇവിടെ ചോദ്യം എന്തുകൊണ്ട് പി.സി. ജോര്‍ജിനെ ഭരണകൂടം വേട്ടയാടുന്നുവെന്നതാണ്. ഉത്തരം മൂന്നു തലത്തിലാണ്. ഒന്ന്: വ്യക്തിവിരോധം തീര്‍ക്കാന്‍ അധികാരികള്‍ അവസരം വിനിയോഗിക്കുന്നു. രണ്ട്: ജോര്‍ജ്ജിനെ ദ്രോഹിക്കുന്നതിലൂടെ ജോര്‍ജ്ജിന്റെ എതിരാളികളെ പ്രീണിപ്പിക്കുന്നു. മൂന്ന്: ജോര്‍ജ്ജിന്റെ രാഷ്ട്രീയ നിലപാടും വഴിയും പിന്തുടരാന് ശ്രമിക്കുന്നവരെ താക്കീത് ചെയ്യുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ ഇത്രമാത്രം പരസ്യ വിമര്‍ശനങ്ങളിലൂടെ തുറന്നുകാട്ടിയ നേതാവ് ജോര്‍ജ്ജിനെപ്പോലെ വേറെ ഇല്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇരുന്ന് ‘സൂപ്പര്‍ മുഖ്യമന്ത്രി കളിക്കുന്നു’വെന്ന് ആരോപിക്കപ്പെടുന്ന രാഷ്ട്രീയകാര്യസെക്രട്ടറി പി.ശശിയെ നിശിതമായി വിമര്‍ശിക്കാനും പിസിയേ തയ്യാറായിട്ടുള്ളൂ. സിപിഎമ്മിന്റെ നേതാക്കളെ വിമര്‍ശിക്കുന്നതും അതുപോലെതന്നെ. അപ്പോള്‍പ്പിന്നെ ഭരണകൂടത്തിന്റെ വ്യക്തി വൈരാഗ്യം തീര്‍ക്കലാണ് ഇതെന്ന് ചിന്തിക്കാന്‍ യുക്തി വേറെവേണ്ടല്ലോ.
പി.സി.ജോര്‍ജ്ജ് തുറന്നുപറഞ്ഞ പലതും ചില തല്പരകക്ഷികളുടെ മുഖംമൂടി കീറുന്നതായിരുന്നു. ഈരാറ്റുപേട്ടയുടെ രാഷ്ട്രീയ- സാമൂഹ്യ സ്ഥിതിയെക്കുറിച്ചുള്ള ജോര്‍ജ്ജിന്റെ വെളിപ്പെടുത്തല്‍ രാജ്യത്ത് വിധ്വംസകപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചില മതസംഘടനകളുടെ കടുത്ത വിരോധത്തിന് ഇടവരുത്തി. നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട്, അവരുടെ വലംകൈയായ രാഷ്ട്രീയ സംഘടന എസ്.ഡി.പി.ഐ ഒപ്പം’ജമാഅത്തെ ഇസ്ലാമി’ എന്നിവ ചേര്‍ന്ന് ‘ജോര്‍ജ്ജ് വധം’ പ്രഖ്യാപിച്ചാണ് രാഷ്ട്രീയമായി പ്രതികരിച്ചത്. ശാരീരികാക്രമണം ഭയന്ന് കൈത്തോക്കുമായി നടക്കേണ്ടി വന്ന ജോര്‍ജ്ജിനെ തിരഞ്ഞെടുപ്പില്‍ ‘വകവരുത്തി’യ അവര്‍ ആഹ്ലാദ പ്രകടനത്തില്‍ ശവപ്പെട്ടിയില്‍ ജോര്‍ജ്ജിന്റെ പ്രതീകാത്മക ശരീരം കിടത്തിയാണ് ആഘോഷിച്ചത്. അന്ന് അങ്ങനെ ജോര്‍ജ്ജിനെ ‘കൊന്ന’ എത്രപേരെ കേരള പോലീസ് വീടുവളഞ്ഞ് പിടികൂടി കേസില്‍ പ്രതിയാക്കിയെന്ന് അറിയില്ല. ഏറ്റവും ഒടുവില്‍ ഈരാറ്റുപേട്ടയില്‍ പിടികൂടിയ 41 കിലോ സ്ഫോടകവസ്തു ‘കേരളം കത്തിക്കാന്‍ പോന്നതാണ്’ എന്ന് പ്രസംഗിച്ചതും പാലായിലെ മീനച്ചിലില്‍നിന്ന് നാന്നൂറോളം പെണ്‍കുട്ടികള്‍ ലൗജിഹാദില്‍ പെട്ടിട്ടുണ്ടെന്ന് ജോര്‍ജ്ജ് പറഞ്ഞതുമാണ് സമുദായ സ്പര്‍ദ്ധയ്ക്ക് കാരണമായതായി സര്‍ക്കാര്‍ കണ്ടെത്തിയിട്ടുള്ളത്. ജോര്‍ജ്ജിനെ ക്രൂശിക്കുന്നത് തുടര്‍ന്നോട്ടെ; പക്ഷേ 41 കിലോ സ്ഫോടകവസ്തു പിടികൂടിയെന്ന വാര്‍ത്ത വാസ്തവമാണോ? എങ്കില്‍ ആര് ഉപയോഗിക്കാന്‍, എന്തിന് ഉപയോഗിക്കാന്‍, എവിടെ ഉപയോഗിക്കാന്‍ അത് സംഭരിച്ചു? പാറപൊട്ടിക്കാനാണെങ്കില് അതിനൊപ്പം എന്ത് ഉപയോഗത്തിനാണ് തോക്ക് കരുതിയിരുന്നത്? ആരാണിതിനൊക്കെ പിന്നില്‍? സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതില്ലേ?
എസ്ഡിപിഐയേയും ജമാഅത്തെ ഇസ്ലാമിയേയും ഞങ്ങള്‍ തള്ളിപ്പറയുന്നില്ലേ, എന്ന് സിപിഎമ്മിന് തിരിച്ച് ചോദിക്കാം. ഉവ്വ്, പ്രസ്താവനകളില്‍ സിപിഎം നേതാക്കള്‍ അങ്ങനെ പറയുന്നുണ്ട്. പക്ഷേ പ്രവൃത്തിയിലോ ”അവിലും മലരും കുന്തിരിക്കവും കരുതിവെച്ച് ചാവാന്‍” തയാറായിക്കോള്ളൂ എന്ന് പിഎഫ്ഐ മുദ്രാവാക്യം വിളിച്ചപ്പോള്‍ കേരള സര്‍ക്കാര്‍ കേട്ടിരിക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചപ്പോള്‍ പിഎഫ്ഐക്ക് ”സുരക്ഷിത തുരങ്കം വഴി രക്ഷപ്പെടാന്‍ വഴിയൊരുക്കി” എന്നാണ് സംസ്ഥാനത്തെ ചിലരെക്കുറിച്ചാക്ഷേപം. എസ്ഡിപിഐ നേതാവ് ”മുസ്ലീങ്ങളുടെ അനുമതിയില്ലാതെ” ആര്‍ക്കും ഇവിടെ ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന് പ്രസംഗിച്ചിട്ട് കേരളം പ്രതികരിച്ചില്ല. ജോര്‍ജ്ജിനെതിരെ ഈരാറ്റുപേട്ടയില്‍ എസ്ഡിപിഐ നടത്തിയ പ്രകടനവും പ്രക്ഷോഭവും സംസ്ഥാന സര്‍ക്കാര്‍ കണ്ടില്ല. പക്ഷേ ജോര്‍ജ്ജ് അവരുടെ വേട്ടമൃഗമാണ്. കാരണം, പി.സി.ജോര്‍ജ്ജ് ഇപ്പോള്‍ ബിജെപിയിലാണ്. മകന് ഷോണ്‍ ജോര്‍ജ്ജ് ബിജെപിയിലാണ്. ജോര്‍ജ്ജ് ക്രിസ്തീയ മതന്യൂനപക്ഷ വിഭാഗത്തിലുള്ളയാളാണ്. ബിജെപിയിലേക്ക് ”വര്ഗ്ഗീയഹിന്ദു” ക്കളല്ലാതെ ആരും പോകില്ലെന്ന് വരുത്തി പ്രചരപ്പിക്കേണ്ടത് കമ്മ്യൂണിസ്റ്റ് കപട മതേതരക്കാരുടെ ആവശ്യവുമാണ്.
ഈ വിഷയത്തില്‍ കര്‍ക്കശമായി പറയേണ്ടത് ഇത്രമാത്രമാണ്; രാഷ്ട്രവിരുദ്ധവും സാമൂഹ്യവിരുദ്ധവുമായ പ്രവര്‍ത്തനം ജോര്‍ജ്ജ് ചെയ്താലും പിണറായി ചെയ്താലും അതിനോട് സര്‍ക്കാരിന് ഒരേ നടപടിയും നിലപാടുമായിരിക്കണം. അതാവണം നയം. ഒ.വി. വിജയന് ‘ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ഭാവി’ എന്ന ലേഖനം ഇങ്ങനെയാണ് അവസാനിപ്പിക്കുന്നത്: ”നമ്മളും നമ്മുടെ പ്രതിയോഗികളും ഒപ്പം മരിക്കുന്നു. ഒപ്പം വേദനിക്കുന്നു. പരസ്പരം വേണ്ടുവോളം ശപിക്കുകയും പടവെട്ടുകയും ചെയ്തുവല്ലോ, അതുകൊണ്ട് ഇനി ഇത്തിരി ഒരുമിച്ചിരുന്നു പ്രാര്‍ത്ഥിക്കാം.” അതെ ശത്രു ആരെന്നതാണ് തിരിച്ചറിയേണ്ടത്. സെക്രട്ടറിയറ്റിലെ സ്ഥിരം ഇരിപ്പിടം സ്വപ്നം കാണുമ്പോള്‍ ശത്രുവിനെ തിരിച്ചറിയാനുള്ള ബോധം പ്രവര്‍ത്തിക്കില്ല. ശത്രുവിന്റെ രാഷ്ട്ര വിരുദ്ധ പ്രവര്‍ത്തനം കണാന്‍ കണ്ണു തെളിയില്ല.