മാര്‍ച്ച് 30 വര്‍ഷപ്രതിപദ
ചൈത്ര ശുക്ല പ്രതിപദ അഥവാ വര്‍ഷ പ്രതിപദ ശ്രീകൃഷ്ണ ഭഗവാന്റെ സ്വര്‍ഗാരോഹണത്തിന് ശേഷം കലിയുഗം ആരംഭിച്ച ദിവസമാണ്. അതോടൊപ്പം വിക്രമ സംവത്സരം, ശകവര്‍ഷം എന്നിവയുടെ തുടക്കവുമാണ്. ഇതിനെ ഹിന്ദു പുതുവത്സര ദിനമായി പൊതുവേ വിശേഷിപ്പിക്കുന്നു. നമ്മുടെ രാഷ്ട്രത്തിന്റെ സമ്പന്നമായ പാരമ്പര്യത്തേയും പഴമയേയും പോരാട്ട വീര്യത്തേയും ഓര്‍മ്മിപ്പിക്കുന്നതാണ് ‘യുഗാദി’അഥവാ വര്‍ഷപ്രതിപദ.
ശതാബ്ദിയുടെ നിറവില്‍ എത്തിനില്‍ക്കുന്ന രാഷ്ട്രീയ സ്വയം സേവകസംഘത്തിന്റെ സ്ഥാപകനായ പരം പൂജനീയ ഡോക്ടര്‍ കേശവ ബലിറാം ഹെഡ്ഗേവാര്‍ ജനിച്ചതും 1889- വര്‍ഷപ്രതിപദ ദിനത്തിലാണ്. സംഘശതാബ്ദിയുടെ വേളയില്‍ ഈ വര്‍ഷത്തെ വര്‍ഷപ്രതിപദ മഹോത്സവം സ്വയംസേവകരെ സംബന്ധിച്ച് അങ്ങേയറ്റം പവിത്രവും പ്രാധാന്യമുളളതുമാണ്. ഈ വര്‍ഷത്തെ വര്‍ഷപ്രതിപദ ദിനത്തില്‍ ആദ്യ സര്‍സംഘചാലക് പ്രണാം ചെയ്യുക എന്നത് ഓരോ സ്വയംസേവകന്റെയും കടമയും ഉത്തരവാദിത്തവുമാണ്. അതോടൊപ്പം ഡോക്ടര്‍ജിയുടെ ജീവിതത്തേ കുറിച്ച് കൂടുതല്‍ പഠിക്കേണ്ടതുമാണ്.
പൂജനീയ ഡോക്ടര്‍ജിയുടെ വ്യക്തിത്വം, സംഘടനാ കുശലത, ആദര്‍ശനിഷ്ഠ തുടങ്ങി അനേകം കാര്യങ്ങള്‍ സ്വയംസേവകര്‍ക്ക് മാത്രമല്ല മുഴുവന്‍ സമാജത്തിനും എല്ലാ കാലത്തും പ്രേരണയും പ്രചോദനവുമാണ്. 1989ല്‍ ഡോക്ടര്‍ജിയുടെ ജന്മശതാബ്ദിയില്‍ നമ്മള് ആ മഹാത്മാവിനെ ലോകത്തിന് പരിചയപ്പെടുത്തി. ഇന്ന് സംഘ ശതാബ്ദിയില്‍ സംഘടനയിലൂടെ, നമ്മുടെ പ്രവര്‍ത്തനത്തിലൂടെ നാം ലോകത്തിന് മുന്നില്‍ ഒരു വട്ടം കൂടി ഡോക്ടര്‍ജിയെ, അദ്ദേഹത്തിന്റെ ചിന്തകളെ അവതരിപ്പിക്കുകയാണ്.
ആദര്‍ശ വ്യക്തിത്വം
ചെറുപ്പകാലത്ത് തന്നെ സഹജമായ രീതിയില്‍ ഉളളില്‍ ഉറച്ച ദേശഭക്തി കേശവന്റെ പ്രത്യേകതയായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തെ ‘ജന്മജാത ദേശഭക്തന്’ എന്ന് വിശേഷിപ്പിക്കാറുണ്ട്. സ്ക്കൂളില്‍ പഠിക്കുന്ന കാലത്തു തന്നെ നിരവധി സന്ദര്‍ഭങ്ങളില്‍ കേശവന്റെ ദേശഭക്തി പ്രകടമായിട്ടുണ്ട്. കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തില്‍ വിപ്ലവ പ്രസ്ഥാനങ്ങളുമായി ബന്ധം പുലര്‍ത്തുകയും സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട നിരവധി പ്രക്ഷോഭങ്ങളിലെ സജീവ സാന്നിധ്യമാവുകയും ചെയ്തു. സമൂഹത്തിലെ വിവിധ ആവശ്യങ്ങളും പ്രതിസന്ധികളും പരിഹരിക്കാന്‍ സേവന സന്നദ്ധനായി യുവാവായ ഡോക്ടര്‍ജി മുന്നിട്ടിറങ്ങി. കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ കുടുംബ ജീവിതം വേണ്ടെന്നും ജീവിതം സമ്പൂര്‍ണ്ണമായും രാഷ്ട്ര മാതാവിന്റെ കാല്ക്കല് സമര്പ്പിക്കുമെന്നുമുളള തീരുമാനം അദ്ദേഹം എടുത്തു.
അതുല്യ സംഘാടകന്‍
പൂജനീയ ഡോക്ടര്‍ജി സംഘ സ്ഥാപനത്തിന് മുമ്പ് തന്നെ തന്റെ അനുപമമായ സംഘടനാ ശേഷി തെളിയിച്ചിരുന്നു. അതിന്റെ പരിപൂര്‍ണ്ണതയാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെ ദൃശ്യമായത്.
ഏതൊരു നിര്‍മ്മിതിക്ക് പിന്നിലും രണ്ട് സങ്കല്‍പ്പങ്ങള്‍ ആവശ്യമാണെന്ന് പൊതുവേ പറയാറുണ്ട്. (everything is created twice). 1. മനസ്സില്‍ ഉളള രൂപം (ശില്പിയുടെ), 2. നിര്‍മ്മിച്ച് കഴിയുമ്പോള്‍ പ്രത്യക്ഷത്തില്‍ കാണുന്നത്. രാഷ്ട്രീയസ്വയം സേവക സംഘം നൂറാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍, ഒരു സൃഷ്ടിയുടെ പരിപൂര്‍ണ്ണത നമുക്ക് ദര്‍ശിക്കാന്‍ കഴിയുന്നിടത്താണ് അതിന്റെ സൃഷ്ടാവായ ഡോക്ടര്‍ജിയുടെ മഹത്വം നമുക്ക് കൂടുതല്‍ ബോധ്യപ്പെടുന്നത്.
സംഘം ഇക്കാലമത്രയും പിന്തുടര്ന്ന് വരുന്ന ശൈലികള്‍, കീഴ്വഴക്കങ്ങള് ഇതെല്ലാം മൗലികമായി ഡോക്ടര്‍ജിയുടെ ചിന്തയില്‍ നിന്നും ഉത്ഭവിച്ചതാണ്. തികച്ചും നിസ്വാര്‍ത്ഥമായി ഒന്നും തിരിച്ച് ലഭിക്കുമെന്ന് പ്രതീക്ഷിക്കാതെ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് പ്രവര്‍ത്തകരെ സൃഷ്ടിച്ചുകൊണ്ട് സംഘം സമാജ ജീവിതത്തിന്റെ സമസ്ത മേഖലയിലും പ്രവര്‍ത്തിക്കുന്നു. തിരശ്ശീലക്ക് പിന്നില്‍നിന്ന് നിശ്ശബ്ദമായി പ്രവര്‍ത്തിച്ച് ആ മേഖലയില്‍ വന്ന ഗുണപരമായ മാറ്റത്തിന്റെ അന്തരീക്ഷത്തില്‍ കുടുങ്ങി കിടക്കാതെ പരിവര്‍ത്തനം ആവശ്യമുളള മറ്റൊരു മേഖലയിലേക്ക് കടന്നുചെല്ലുന്ന ആയിരക്കണക്കിന് സ്വയംസേവകരെ, കാര്യകര്‍ത്താക്കളെ നമുക്ക് കാണാന്‍ കഴിയും. അത്തരം മുഖമില്ലാത്തവരുടെ(ളമരലഹല)ൈ സംഘടനയാണ് സംഘം.
പ്രശസ്തിയുടെ വെളളിവെളിച്ചം, തന്റെ സ്വയംസേവക ജീവിതത്തിന് ഒരു വെല്ലുവിളിയാണെന്ന് കരുതുന്ന മനോഭാവം ഡോക്ടര്‍ കേശവ ബലിറാം ഹെഡ്ഗേവാര്‍ എന്ന സംഘാടകന്റെ ചിന്തയില്‍ നിന്ന് ഉരുത്തിരിഞ്ഞ് വന്നതാണെന്ന് ആ മഹാനുഭാവന്റെ ജീവിതം പഠിക്കുമ്പോള്‍ നമുക്ക് മനസ്സിലാകും. സംഘ പ്രവര്‍ത്തനത്തിന്റെ വിവിധ ഘട്ടങ്ങള്‍ പിന്നിട്ട് നാം മുന്നോട്ട് പോവുമ്പോഴും അടിസ്ഥാനപരമായ കാഴ്ചപ്പാടിലും ചിന്തയിലും മാറ്റങ്ങള്‍ വരുത്താതെ മുന്നോട്ടു പോകാന്‍ കഴിയുന്നത് ഡോക്ടര്‍ജിയിലൂടെ നാം ആര്‍ജ്ജിച്ച ഈ അതുല്യമായ സംഘടനാ ശൈലി പിന്തുടരുന്നതു കൊണ്ടാണ്.
പരംവൈഭവത്തിലേക്കുളള പ്രയാണം
സംഘത്തിന്റെ ശതാബ്ദി വര്‍ഷത്തില്‍ നമ്മുടെ ലക്ഷ്യ സാക്ഷാത്ക്കാരം നേടുന്നതിനുളള പ്രവര്‍ത്തനത്തിന്റെ ഗതിവേഗം വര്‍ദ്ധിപ്പിക്കാനുളള പരിശ്രമത്തിലാണ് നാം.
കഴിഞ്ഞ 99 വര്‍ഷമായി നാം നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തി നിര്‍മ്മാണ പ്രവര്‍ത്തനം (ശാഖാ പ്രവര്‍ത്തനം) വര്‍ദ്ധിത വീര്യത്തോടുകൂടി നാടിന്റെ നാനാ ഭാഗങ്ങളിലേക്കും സമാജ ജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്. അതോടൊപ്പം തന്നെ സമാജ പരിവര്‍ത്തനത്തിലൂടെ രാഷ്ട്ര പരംവൈഭവമെന്ന ലക്ഷ്യ പൂര്‍ത്തീകരണത്തിന്റെ ജീവല്‍ മാതൃകകള്‍ സൃഷ്ടിക്കാന്‍ കഴിയണം. കുടുംബ പ്രബോധന്‍, സാമാജിക സമരസത, പരിസ്ഥിതി, സ്വദേശി, പൗരധര്‍മ്മം എന്നീ അഞ്ച് വിഷയങ്ങള്‍ കേന്ദ്രീകരിച്ച് സ്വയംസേവകന്റെ ജീവിതത്തിലും കുടുംബത്തിലും അതുവഴി ഗ്രാമത്തിലും പരിവര്‍ത്തനം സാധ്യമാവണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സ്വയംസേവകനില്‍ നിന്നാരംഭിച്ച് മുഴുവന്‍ സമാജവും ഏറ്റെടുക്കുന്ന അന്തരീക്ഷം ഉണ്ടാവണം. സമാജ പരിവര്‍ത്തനം എന്നത് മുഴുവന്‍ സമൂഹത്തിന്റെയും ഉത്തരവാദിത്തമായി മാറണം. അതോടൊപ്പം തന്നെ ഗതിവിധി പ്രവര്‍ത്തനങ്ങളും ജാഗരണ ശ്രേണിയുടെ പ്രവര്‍ത്തനവും ശക്തിപ്പെടത്തേണ്ടതും പ്രവര്‍ത്തന മേഖല മുന്‍കൂട്ടി നിശ്ചയിക്കേണ്ടതും അനിവാര്യമാണ്.
വിവിധക്ഷേത്ര രംഗത്തെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി, അതാത് മേഖലയില്‍ വ്യവസ്ഥാ പരിവര്‍ത്തനം സാധ്യമാവണം. സജ്ജന ശക്തി ജാഗരണവും മഹിളകളുടെ ഇടയിലുളള പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേകം ഊന്നല്‍ കൊടുക്കേണ്ടതുണ്ട്. സ്വാതന്ത്ര്യത്തിന്റെ അമൃത കാലഘട്ടം (2022-2047)ഭാരതം ഒരു വികസിത രാഷ്ട്രമാവണമെന്ന നമ്മുടെ ഭരണാധികാരികളുടെ സങ്കല്‍പ്പത്തിനോട് ചേര്‍ന്ന് നമുക്കും പ്രവര്‍ത്തിക്കാന്‍ കഴിയണം.
ലോകത്തിന്റെ മുന്നില്‍ നാം ഇന്ന് അഭിമാനകരമായ രീതിയില്‍ തലയുയര്‍ത്തി നില്ക്കുന്നു. വികസിത രാഷ്ട്രമെന്ന മാനദണ്ഡം ഏത് അന്താരാഷ്ട്ര സൂചികകള്വെച്ച് പരിശോധിച്ചാലും നാം അതിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് കാണാന്‍ കഴിയും. ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി രാഷ്ട്രം മാറി കഴിഞ്ഞു. 2028ല്‍ മൂന്നാം സ്ഥാനത്ത് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ലോകത്തിലെ വന്‍കിട രാഷ്ട്രങ്ങളുടെ വളര്‍ച്ചാ നിരക്ക് നിലവില്‍ 2 ശതമാനം മാത്രമാണ്. എന്നാല്‍ ഭാരതത്തിന്റേത് 6.3 ശതമാനമാണ്. വിവര സാങ്കേതിക വിദ്യയിലും ബഹിരാകാശ ഗവേഷണ രംഗത്തും, മരുന്ന് നിര്‍മ്മാണ മേഖലയിലും അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തിലും എല്ലാം നാം മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുന്നു. അതോടൊപ്പം തന്നെ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 23 കോടി ജനങ്ങളെ ദാരിദ്ര്യരേഖയ്ക്ക് മുകളില്‍ എത്തിക്കാന്‍ കഴിഞ്ഞു. അവസാന വരിയില്‍ നില്ക്കുന്ന അവസാനത്തെ വ്യക്തിയില്‍വരെ വികസനത്തിന്റെ ഗുണഫലം എത്തിക്കാന്‍ കഴിയണമെങ്കില്‍ നമുക്ക് ഇനിയും വളരെ ദൂരം മുന്നോട്ട് പോവാന്‍ കഴിയണം. ഓരോ വീടും തൊഴില്‍ശാല, ഒരോരുത്തര്‍ക്കും തൊഴില്‍ എന്നതാവണം നമ്മുടെ കാഴ്ചപ്പാട്. ആധുനിക കാലഘട്ടത്തിലെ പുത്തന്‍ സാധ്യതകളെ എഐ സാങ്കേതിക വിദ്യ (artificial inteligence) പോലുളള മേഖലയില്‍ മത്സര ബുദ്ധിയോടു കൂടി മുന്നോട്ട് പോവാന്‍ സാധിക്കുന്ന അന്തരീക്ഷം രാജ്യത്ത് സൃഷ്ടിക്കപ്പെടണം.
വര്‍ത്തമാന കാല കേരള സാഹചര്യം
വര്‍ത്തമാന കാല കേരള സാഹചര്യം ഒരേ സമയം ആശങ്കയും പ്രതീക്ഷയും നല്‍കുന്നതാണ്. കുട്ടികളിലും യുവാക്കളിലും വര്‍ദ്ധിച്ചു വരുന്ന മയക്കു മരുന്നുകളുടെ ഉപയോഗം സൃഷ്ടിക്കുന്ന സാമൂഹ്യ സാഹചര്യം ഭയാനകമാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേരളത്തില്‍ രൂപപ്പെട്ടുവന്ന ഇടത് ഇക്കോ സിസ്റ്റം, അതുപോലെ ജിഹാദി ഭീകര സംഘടനകളുടെ പ്രവര്‍ത്തനവും ഒരളവുവരെ ഇതിന് കാരണങ്ങളാണ്. കൊച്ചു കുട്ടികളാണ് ഇതിന്റെ ഇരകള്‍. ഈ സാഹചര്യം മറികടക്കാന്‍ കൂട്ടായ പരിശ്രമങ്ങള്‍ ആവശ്യമാണ്. ഭാരതത്തിന്റെ പൊതു ദേശീയതയോടൊപ്പം ചേര്‍ന്ന് കേരള സമൂഹവും വിശേഷിച്ച് യുവ സമൂഹം ചിന്തിച്ച് തുടങ്ങിയിരിക്കുന്നു എന്നത് ഈയിടെ സമാപിച്ച മഹാകുംഭമേളയില്‍ കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ഗ്രാമ-നഗര വ്യത്യാസമില്ലാതെയുളള പങ്കാളിത്തം തെളിയിക്കുന്നു. അത് പലരേയും അസ്വസ്ഥപ്പെടുത്തുന്നതും നമ്മള് കണ്ടുകൊണ്ടിരിക്കുകയാണ്.
ഈ വസ്തുതകളെല്ലാം മനസ്സില്‍വെച്ച് പ്രവര്‍ത്തന വികാസത്തിന് കേരളം രണ്ട് പ്രാന്തമായതിന് ശേഷമുളള ആദ്യ വര്‍ഷപ്രതിപദ ഉത്സവത്തില്‍ കൂടുതല്‍ കരുത്തോടും ഉത്സാഹത്തോടും കൂടി നമുക്ക് പങ്കുചേരാം.