കോണ്‍ഗ്രസ്സുകാരുടെ ജനാധിപത്യപ്രേമവും അഹിംസാവാദവും കേവലം കാപട്യമാണ് എന്നു തെളിയിക്കുന്ന ഒരു സംഭവം വിവരിക്കാം. 1952ലെ തിരഞ്ഞെടുപ്പില്‍ പ്രഭുദത്ത് ബ്രഹ്മചാരി പണ്ഡിറ്റ് നെഹ്റുവിന് എതിരെ മത്സരിച്ചു. ജനങ്ങള്‍ക്ക് അദ്ദേഹത്തോട് ആദരവും അതിയായ സ്നേഹവും ഉണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ കുഴപ്പമുണ്ടാക്കുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാല്‍ ഒരു തിരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം എത്തിയപ്പോള്‍ നാലുപാടുനിന്നും അദ്ദേഹത്തിനു നേരെ കല്ലേറുനടന്നു. അദ്ദേഹത്തോടൊപ്പം എത്തിയ രണ്ടു സന്ന്യാസിമാര്‍ തല മേല്‍വസ്ത്രം കൊണ്ടു മറച്ച് പെട്ടെന്ന് ഒരിടത്തു ചെന്നിരുന്നു. എന്നാല്‍ പ്രഭുദത്ത്ജിയാകട്ടെ, തന്റെ മേല്‍ വസ്ത്രം അരയില്‍ മുറുകെ കെട്ടി നാലായിരത്തോളം വരുന്ന സദസ്യരുടെ നടുക്കുചെന്നു നിന്നുകൊണ്ട് പറഞ്ഞു: ”ഞാന്‍, പ്രഭുദത്ത് ബ്രഹ്മചാരി, നിങ്ങള്‍ക്കിടയില്‍ വന്നു നില്‍ക്കുകയാണ്. കല്ലെറിയേണ്ടവര്‍ക്ക് കല്ലെറിയാം! അപ്പോള്‍ അദ്ദേഹത്തിന്റെ രൂപം രാജാരവിവര്‍മ്മയുടെ ചിത്രത്തില്‍ ഗംഗയെ തന്റെ ശിരസ്സില്‍ ആവാഹിക്കുന്ന ശിവഭഗവാന് സമാനമായിരുന്നു. കല്ലേറ് പെട്ടെന്ന് നിന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ”നിങ്ങളുടെ പക്കല്‍ എന്റെ വാദങ്ങളെ നിരാകരിക്കാന്‍ യാതൊന്നുമില്ല എന്നതുകൊണ്ടാണ് നിങ്ങള്‍ കല്ലെറിഞ്ഞത്! പ്രതിയോഗികളുടെ വാദങ്ങള്‍ കേള്‍ക്കാനുള്ള സന്നദ്ധതയും സഭ്യതയും പുലര്‍ത്തുന്ന നാടാണിത്!” തുടര്‍ന്ന്, യാതൊരു പ്രശ്നവും കൂടാതെ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് യോഗം നടന്നു.