‘ഇപ്പോള്‍ ഇവിടെ ഈ മനസ്സില്‍ യുദ്ധം നടക്കുന്നു. മനസ്സുതന്നെ ഒരു കുരുക്ഷേത്രം. സത്തും അസത്തും തമ്മില്‍, നന്മയും തിന്മയും തമ്മില്‍, ഗുണവും ദോഷവും തമ്മില്‍….ആയിരത്താണ്ട് കഴിയുമ്പോള്‍ മാനവരാശിക്ക് ഉള്ക്കണ്ണ് നഷ്ടപ്പെടും, ഒപ്പം ഉള്‍ക്കാഴ്ചയും. അന്ന് ഒരുപക്ഷേ ഇതെല്ലാം മിഥ്യയെന്ന് പറയാനും ആളുണ്ടാവും. എങ്കിലും ഈ അനുഭവങ്ങളും ദര്‍ശനങ്ങളും കാലമെത്ര കഴിഞ്ഞാലും മാനവരാശിക്ക് വേണ്ടി വരും. അവര്‍ക്കുവേണ്ടി ഇതിനെ ലിപിബദ്ധമാക്കണം പക്ഷേ ആര്‍ക്ക് അത് ചെയ്തുതരുവാന്‍ കഴിയും?’
ഇത് മഹാതാപസനും ജ്ഞാനിയുമായ വേദവ്യാസന്റെ വ്യാകുലതയായിരുന്നു. അദ്ദേഹം ബ്രഹ്മാവിനോട് പരിഹാരം അഭ്യര്‍ത്ഥിച്ചപ്പോള്‍, അതെല്ലാം എഴുതിവയ്ക്കുവാന്‍ മഹാഗണപതിയുടെ സഹായം തേടാനാണ് ഭഗവാന് ഉപദേശിച്ചത്. അങ്ങനെ മഹാഗണപതി പകര്‍ത്തിയ താണ് മഹാഭാരതം എന്ന മഹാകൃതി.
‘ഓം ഏകദന്തായ വിദ്മഹേ
വക്രതുണ്ഡായ ധീമഹീ
തന്നോ ദന്തി പ്രചോദയാത്’
ആരാണ് ഗണപതി? അദ്ദേഹത്തിനു പിന്നിലെ തത്ത്വം എന്താണ്? ഇതിന് ഉത്തരം കാണുന്നതിനുമുമ്പ് ഹൈന്ദവ ചിന്താഗതികളിലെ ചില കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ നമുക്കുണ്ടായിരിക്കണം.
അവര്‍ സ്ഥൂലമെന്നും സൂക്ഷ്മമെന്നും വ്യവഹരിക്കുമ്പോള്‍ അല്ലെങ്കില്‍ മൂന്ന് ലോകങ്ങളെന്നും, ശിവനെന്നും പാര്‍വ്വതിയെന്നും പറയുമ്പോള്‍ അര്‍ത്ഥമാക്കുന്നതെന്താണെന്ന് നമ്മള് അറിഞ്ഞിരിക്കണം.
ലളിതമായ ഭാഷയില്‍, സ്ഥൂലമെന്ന് പറയുന്നതിനെ നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണുവാന്‍ കഴിയുന്നതെന്നും എന്നാല്‍ അതിന് കഴിയാത്തതിനെ സൂക്ഷ്മവുമായാണ് പറയുന്നതെന്ന് സാമാന്യമായി നമുക്ക് മനസ്സിലാക്കാം. ഉദാഹരണമായി പ്രകാശത്തിന്റെ കാര്യമെടുക്കാം, നമുക്ക് കാണുവാന്‍ കഴിയുന്ന പ്രകാശം സ്ഥൂലമാണെന്നും അതിന്റെ സൂക്ഷ്മമായ ഭാവം കാണുവാന്‍ കഴിയാത്തതാണെന്നുമാണ് അവരുടെ പക്ഷം. അത് ശരിയുമാണ്, പ്രകാശത്തിന്റെ സൂക്ഷ്മമായ രൂപങ്ങളാണല്ലോ അള്‍ട്രാവയല്റ്റ് രശ്മികളും എക്സ്-റേയുമെല്ലാം, അതെല്ലാം പ്രകാശങ്ങളാണെങ്കിലും നമുക്കൊന്നിനേയും കാണുവാന്‍ കഴിയില്ലല്ലോ.
ശരിക്കും സൂക്ഷ്മത്തില്‍നിന്നും സ്ഥൂലത്തിലേക്ക് പരമകാരണമായ ‘ജ്യോതി സ്വരൂപം’ അഥവാ ‘ബോധം’ പരിണമിച്ചെത്തിയതാണ് ഈ ലോകം. സൃഷ്ടി തുടങ്ങുന്നതിനുമുമ്പ് ഈ ലോകം, ചൈതന്യരൂപിയായ ആ സര്വ്വേശ്വരനിലെ ഒരു ആശയം മാത്രമായിരുന്നു. സൂക്ഷ്മമായ ആ ജ്ഞാനാവസ്ഥയില്‍ നിന്നും ഇതിനെ സ്ഥൂലമായ അവസ്ഥയിലേക്ക് സൃഷ്ടിച്ചെടുക്കുവാന്‍ അവിടുന്ന് ഇച്ഛിച്ചപ്പോള് തന്റെ ഉള്ളില്‍നിന്നു തന്നെയാണ് അതിനുവേണ്ട ശക്തിയേയും അദ്ദേഹം പുറത്തെടുത്തത്. അതുവരെ എപ്രകാരമാണോ അഗ്നിയില്‍ വെളിച്ചവും, ദഹിപ്പിക്കുവാനുള്ള അതിന്റെ ശക്തിയും ഒരുമിച്ചിരിക്കുന്നത് അതുപോലെ തീര്‍ത്തും ഒന്നായിരുന്നു ഈശ്വരനിലെ ശക്തിയും. സൂക്ഷ്മമായ തലത്തില്‍ ഒന്നായിരിക്കുന്ന ആ ഈശ്വരഭാവത്തെയാണ്, പൂര്‍ണ്ണവും ഏകവുമായ ബ്രഹ്മ്മമായി അവര്‍ പറയുന്നത്. ആ ഭാവത്തില്‍ നിന്നും മാറി നിര്‍മ്മാണ ശക്തിയെ അല്ലെങ്കില്‍ സാക്ഷാത്കാര ശക്തിയെ അതുമല്ലെങ്കില്‍ പാര്‍വ്വതിയെ പുറത്തെടുത്തിട്ടാണ് ഈ വിധത്തില്‍ സൃഷ്ടിയെ ഈശ്വരന് വിഭാവന ചെയ്തിരിക്കുന്നത്. മൂലരൂപമായ അദ്ദേഹത്തിലെ ഇച്ഛാശക്തിയുടെ ഭാഗം കാലത്തെ കടന്നാണ് നില്‍ക്കുന്നത്. അതിനെയാണവര്‍ കാലകാലനായ പരമേശ്വരനെന്നും അല്ലെങ്കില്‍ ശിവനെന്നും സങ്കല്‍പ്പിക്കുന്നത്. അങ്ങനെ കാലാതീതനും, അവനില്നിന്നുവന്ന് കാലബദ്ധമായിത്തീരുന്ന ശക്തിയും ചേര്‍ന്നാണ് സൃഷ്ടിയെ രൂപപ്പെടുത്തുന്നത്. ആ സത്യമാണ് പകുതി ശിവനും പകുതി പാര്‍വ്വതിയുമായ ഈശ്വരന്റെ അര്‍ദ്ധനാരീശ്വര സങ്കല്പംകൊണ്ട് പൂര്‍വ്വികര്‍ അര്‍ത്ഥമാക്കിയിരുന്നത്. തന്റെ മൂലഭാവത്തില്നിന്നും കൂടുതല്‍ കൂടുതല്‍ സ്ഥൂലമായി ഒടുവില്‍ തീര്‍ത്തും രണ്ടായിത്തീര്‍ന്ന ഈശ്വര രൂപങ്ങളാണ് പുരുഷനായും സ്ത്രീയായും അല്ലെങ്കില്‍ പുരുഷനും പ്രകൃതിയുമായ ഈ ലോകമായും ഇവിടെ കാണുന്നത്. ഇങ്ങനെ സൃഷ്ടാവും സൃഷ്ടിയും ഒന്നാണെന്നുള്ള ദര്‍ശനമാണ്, ഭാരതീയ ചിന്തകളില്‍ മഹാ ഈശ്വരതത്ത്വങ്ങളെ നാം ഇടപഴകുന്ന ബന്ധങ്ങളിലൂടെ അതായത് അച്ഛനമ്മമാരുടെയും ഭാര്യാഭര്‍ത്താക്കന്മാരുടെയും മക്കളുടെയും കഥകളായി അവതരിപ്പിക്കുവാനുള്ള കാരണമായത്.
അതിസൂക്ഷ്മ ഭാവത്തില്‍ അഗ്നിയെപ്പോലെ ഒന്നായിരുന്ന ഈശ്വര സ്വരൂപം, രണ്ടായും അനേകമായും വ്യവഹരിച്ച് ഈ ലോകമായി മാറുന്നതിനു പിന്നില്‍ അതിപ്രധാനപ്പെട്ട ഒരു തലംകൂടിയുണ്ട്. ഇച്ഛാശക്തിയുടേയും സാക്ഷാത്കാരശക്തിയുടേയും ചേര്‍ച്ചയില്‍ ആദിയില്‍ സംഭവിക്കുന്ന സൃഷ്ട്യുന്മുഖമായ കാലസ്വരൂപന്റെ ഒരു തലമാണത്. ആ ഘട്ടത്തില്‍ ഈശ്വരന് ആണുമാണ് അതേസമയം പെണ്ണുമാണ്. അവര്‍ ഒന്നിച്ചിരിക്കുന്ന നപുംസകഭാവനുമാണ്. ഈ ഊര്‍ജ്ജത്തിന്റെ തലത്തെയാണ് സംവത്സരപ്രജാപതിയുടെ അല്ലെങ്കില്‍ കാലസ്വരൂപനായ ഹിരണ്യഗര്‍ഭന്റെ തലമായി പറയുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ ഈ ലോകമായ ഹിരണ്യത്തെ (ഈശ്വരന്റെ ഐശ്വര്യത്തെ) ഗര്‍ഭമായി ധരിക്കുന്ന കാലമാണ് ഈ പ്രജാപതി. ഇദ്ദേഹത്തെയാണ് അനന്തശയനം ചെയ്യുന്ന മഹാവിഷ്ണുവായി നമ്മള് സങ്കല്പ്പിച്ചിരിക്കുന്നത്. അമ്മ തന്റെ ഉദരത്തിലെ കുഞ്ഞിനെ നാഭിയിലൂടെ എങ്ങനെയാണോ പോഷിപ്പിച്ച് സൃഷ്ടിച്ചെടുക്കുന്നത് അതുപോലെ സൃഷ്ടികര്‍ത്താവായ ബ്രഹ്മദേവനെയും അദ്ദേഹത്തിന്റെ ഈ ലോകമായ താമരയേയും തന്റെ നാഭിയിലൂടെ അവിടുന്ന് സൃഷ്ടിച്ച് പരിപാലിക്കുന്നു. അനന്തശയനം ചെയ്യുന്ന ഈ പത്മനാഭന്റെ കൈയ്ക്ക് കീഴിലാണ് ഇച്ഛാശക്തിയും സാക്ഷാത്കാര ശക്തിയും ചേര്‍ന്നിരിക്കുന്ന ശിവലിംഗത്തിന്റെ സ്ഥാനം കല്പ്പിച്ചിരിക്കുന്നത്. അത് അര്‍ത്ഥമാക്കുന്നത് എപ്പോഴാണോ അവിടുന്ന് ഇച്ഛിക്കുന്നത് അപ്പോള്‍ ഈ യോഗാവസ്ഥയെ ഭിന്നിപ്പിച്ച് മരണമെന്ന സൃഷ്ടിനാശത്തിനും കാരണമാണ് ഈ ഹിരണ്യഗര്‍ഭനായ സംവത്സരപ്രജാപ തിയെന്നാണ്. ഈ ഊര്ജ്ജതലത്തിലൂടെയാണ് ജീവരാശിയുടെ ലോകം സൃഷ്ടിയും സ്ഥിതിയും സംഹാരവും താണ്ടിപ്പോകുന്നത്. ഈവിധം അതിസൂ ക്ഷ്മനായ ഈശ്വരനില്‍ ഒരാശയമായി രുന്ന ലോകത്തെ ദ്രവ്യത്തിന്റെ കൂട്ടായ (സ്ഥൂലപ്രകൃതിയുടെ) ലോകമായി സ്വയം ഈശ്വരന്‍തന്നെ അമ്മയും അച്ഛനുമായ കാലസ്വരൂപമായി മാറി സൃഷ്ടിച്ചെടുക്കുകയായിരുന്നു.
ഇങ്ങനെ അത്യന്തം സൂക്ഷ്മവും, സൂക്ഷ്മ സ്ഥൂലവും, വളരെ സ്ഥൂലവുമായ മൂന്ന് ഘട്ടങ്ങള്‍ ഈ സൃഷ്ടിക്കുണ്ട്. ഇതിലെ ഈ മൂന്ന് ഘട്ടങ്ങളും മൂന്ന് വ്യത്യസ്തമായ കാലങ്ങളിലാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ഈ കാരണത്താലാണ് ഇവയെ വ്യത്യസ്തങ്ങളായ ലോകങ്ങളായിതന്നെ ഗണിക്കുന്നത്.
ശക്തി വേര്‍തിരിയാതെ ബോധസ്വരൂപനായി നില്ക്കുന്ന ശിവചൈതന്യ ത്തിന്റേതാണ് ആദ്യത്തെ ലോകം. അ താണ് ആദ്ധ്യാത്മികമായ ലോകം. രണ്ടാമത്തേത് പല പല ദേവന്മാരിലൂടെ തന്റെ ശക്തിയെ വിന്യസിച്ച്, ഈ ലോകമായി രൂപപ്പെട്ടിരിക്കുന്ന, ഊര്ജ്ജരൂപിയായ ഹിരണ്യഗര്‍ഭന്റെ ലോകമാണ്. അതാണ് ആധിദൈവികമായ ലോകം. മൂന്നാമത്തേത് നമുക്ക് കാണുവാനും അനുഭവിക്കുവാനും കഴിയുന്ന ദ്രവ്യസത്തയുള്ള ഈ ലോകാവസ്ഥയാണ്. ഇതിനെയാണ് ആധിഭൗതികമായ ലോകമായി പറയുന്നത്. ഇതാണ് ഒന്നായി കാണുന്ന ഈ ലോകത്തിനുപിന്നിലുള്ള മൂന്ന് ലോകങ്ങള്‍.
ഇതെല്ലാം ഏകമായ ഒരുഈശ്വരസത്തയുടെ ഭിന്നങ്ങളായ പ്രകാശനങ്ങള്‍ മാത്രമാണ്. ഇതുപോലെ ഈ ലോകത്തിന് ആധാരമായ പരമമായ ജ്ഞാനവും അല്ലെങ്കില്‍ ബുദ്ധിവൈഭവവും ഒന്നാണെങ്കിലും മൂന്നായാണ് വ്യവഹരിക്കുന്നത്. ഇതില്‍ നമുക്ക് പ്രത്യക്ഷമായ ഈ ആധിഭൗതികലോകത്തിനു പിന്നിലെ ബുദ്ധിവിശേഷത്തെയാണ് ഗണപതിയായി പറയുന്നത്. പഞ്ചഭൂത നിര്മ്മിതമാണല്ലോ ഈ ലോകം. ഇതിനെ സൃഷ്ടിച്ചെടുക്കുവാനായി, ഭൂതഗണങ്ങളുടെയെല്ലാം പതിയായി നിന്ന് നിയന്ത്രിക്കുന്ന ബുദ്ധിവൈഭവമായതിനാലാണ് ഇതിനെ ഗണങ്ങളുടെ പതിയായ ‘ഗണപതി’യായി വിശേഷിപ്പിക്കുന്നത്.
ഇതിനാലാണ് പ്രപഞ്ച രഹസ്യത്തെ നാല് വേദങ്ങളില്‍ ആവാഹിച്ച വ്യാസ ദേവനോട് ഈ ലോകത്തിന്റെ ബൃഹത്തായ കഥയെ പറയുവാനായി ഗണപതിയെ സമീപിക്കുവാന്‍ ബ്രഹ്മാവ് നിര്‍ദേശിച്ചത്. ഗണപതി അനുകൂലമായി നിന്നാലേ ഈ ലോകത്ത് അ നുകൂലമായോ പ്രതികൂലമായോ എന്തെങ്കിലും ചെയ്യുവാന്‍ കഴിയൂവെന്നാണ് ബ്രഹ്മാവ് ഇതിലൂടെ സൂചിപ്പിക്കുന്നത്.
ഗണപതിയുടെ ജനനത്തെക്കുറിച്ച് പല ഐതിഹ്യങ്ങളുമുണ്ട്. ഒന്നില്‍ പറയുന്നത്- ഒരിക്കല്‍ ഹിമാലയസാനുക്കളിലൂടെ പാര്‍വ്വതിയും പരമേശ്വരനും ഉല്ലസിച്ച് നടക്കുമ്പോള്‍ അവര്‍ ആനന്ദത്തോടെ രമിക്കുന്ന ആനക്കൂട്ടത്തെ കാണുവാന്‍ ഇടയായി. ഇത് ശ്രീപരമേശ്വരനില് ഒരു ആഗ്രഹത്തെ ജനിപ്പിച്ചു. അദ്ദേഹം പാര്‍വ്വതിയോട് നമുക്കും അവരെപ്പോലെ പിടിയും കൊമ്പനുമായി മാറി ആനന്ദിക്കാമെന്ന് പറയുന്നു. ‘അവിടുത്തെ ഇഷ്ടംപോലെ…’ എന്ന് പറഞ്ഞ് ദേവി ആ ആഗ്രഹത്തെ അനുകൂലിച്ചു. ഒടുവില്‍ ആ കളികളൊക്കെ മതിയാക്കി സ്വബോധത്തിലേക്ക് വരുന്ന പാര്‍വ്വതി, നാള്‍ചെല്ലുംതോറും കൂടുതല്‍ കൂടുതല്‍ വിഷണ്ണയായി കാണപ്പെട്ടു. പരമേശ്വരന് കാര്യമെന്താണെന്ന് തിരക്കുമ്പോള്‍ ദേവി, താന്‍ ഗര്‍ഭിണിയാണെന്നും അത് ആനയായി നടന്ന സമയത്ത് സംഭവിച്ചതിനാലാണ് താന്‍ വ്യാകുലപ്പെടുന്നതെന്നും അറിയിച്ചു. അതോര്‍ത്ത് വ്യാകുലചിത്തയാകേണ്ടതില്ലെന്നും. പാര്‍വ്വതി ജന്മം നല്കുന്ന പുത്രന് മൂന്നു ലോകത്തിനും ദേവഗണങ്ങള്‍ക്കും അധിപനായിത്തീരുമെന്നുപറഞ്ഞ് ദേവന് പരമേശ്വരിയെ ആശ്വസിപ്പിച്ചു. ഒടുവില്‍ കുഞ്ഞ് ജനിച്ചു. അമ്മ ആശങ്കപ്പെട്ടതുപോലെ അതിന് ആനയുടെ മുഖമായിരുന്നു.
ഈ കഥയുടെ താല്പര്യം, ആശയത്തിന്റെ ലോകത്തുകൂടി വിഹരിക്കുകയായിരുന്ന കാരണമനസ്സ്, സ്ഥൂലമായ സൃഷ്ടിയുടെ തലത്തില്‍ ദ്വൈതഭാവത്തിലുള്ള അച്ഛനും അമ്മയുമായി എത്തിയതാണ് അവര്‍ ഹിമാലയസാനുക്കളിലൂടെ നടന്നതായി പറഞ്ഞത്. അവിടെ ആനന്ദിക്കുന്ന ഒരു ആനക്കൂട്ടത്തെ അവര്‍ കാണുന്നു. അത് ഇച്ഛാശക്തിയും സാക്ഷാത്കാര ശക്തി യുമായ അവര്‍ സൃഷ്ടിച്ചെടുക്കേണ്ട ജീവലോകത്തെ പ്രത്യക്ഷത്തില്‍ ദര്‍ശനം ചെയ്ത് അതില്‍ തല്പരരായി എന്നാണ് സൂചിപ്പിക്കുന്നത്. അപ്പോള്‍ പരമേശ്വരന് സൃഷ്ടിനടത്തുവാനുള്ള തന്റെ ആഗ്രഹത്തെ (ഇച്ഛയെ) സാക്ഷാത്കാരശക്തിയിലേക്ക് പടര്‍ത്തുകയും, ശക്തി ആ ഇച്ഛയെ സര്‍വ്വാത്മനാ സ്വീകരിച്ച് സൃഷ്ടി നടത്തുകയും ചെയ്യുകയായിരുന്നു. ഇതിനെയാണ് സര്‍വ്വേശ്വരന്റെ ആഗ്രഹത്തെ ദേവി അനുകൂലി ച്ചതായി പറഞ്ഞത്. അങ്ങനെ ശക്തിയും ശിവനുമായി ചേര്‍ന്ന് ഈ സൃഷ്ടിയായി രൂപാന്തരപ്പെടുന്നതിനെയാണ് അവര്‍ ആനകളായി തീര്‍ന്നു രമിച്ചതായി പറയുന്നത്. അവരുടെ ആ സംയോഗ ത്തില്‍ ജനിക്കുന്ന കുഞ്ഞ് ജീവലോകത്തില്തന്നെ ഒതുങ്ങി നില്‍ക്കുന്നതായിരുന്നു. അതുകൊണ്ടാണ് അതിന് ആനയുടെതന്നെ തല വന്നത്. മാത്രമല്ല സൃഷ്ടിക്കപ്പെടുന്നതെല്ലാം അതതിലെ ബുദ്ധിയോടെ (സ്വതന്ത്ര ബുദ്ധിയോടെ) വ്യവഹിക്കപ്പെടണം എന്നത് ഈശ്വരന്റെതന്നെ നിശ്ചയമാണ്. അതാണ് പാര്‍വ്വതി സ്വരൂപത്തിലേക്ക് തിരിച്ചുവന്നിട്ടും, ദേവിയില്‍ നിന്ന് ജന്മമെടുക്കുന്ന ആ കുഞ്ഞിന് ആനയുടെ തലയുമായിത്തന്നെ പിറക്കുവാനും കാരണമായത്. എന്നാല്‍ തുടര്‍ന്ന് പരമേശ്വരന് നല്കുന്ന അനുഗ്രഹമാണ് ജീവലോകത്തെ ബുദ്ധിശക്തിയെ ഭൂതനിര്മ്മിതമായ ലോകമാകെ പടര്‍ന്നു നില്ക്കുന്ന ഗണപതിയാക്കുന്നത്. ശരിക്കും ശിവന് നല്കിയ അനുഗ്രഹമാണ് നമ്മിലെ ബുദ്ധി കൊണ്ട് ഒരു പരിധിവരെയെങ്കിലും ഈ ലോകത്തെ പരിവര്‍ത്തനം ചെയ്യാന്‍ നമുക്ക് കഴിയുന്നത്. ഈ കഥയില്‍ മറഞ്ഞിരിക്കുന്ന രഹസ്യങ്ങളെ ഗണപതിയുടെ മറ്റൊരു ജന്മകഥയിലൂടെ നമുക്ക് കൂടുതല്‍ വെളിവാകും.
(തുടരും)