‘നരേന്ദ്ര മോദിയെയും ബിജെപി സര്‍ക്കാരിനെയും പരാജയപ്പെടുത്താനുള്ള എല്ലാ മാര്‍ഗ്ഗങ്ങളും അടഞ്ഞു. ഇനി നമുക്ക് ഒരു വഴിയേയുള്ളു. സിവില്‍ ഡിസ് ഒബീഡിയന്‍സ് സമരം (civil disobedience agitation) അഥവാ നിസ്സഹകരണ സമരം. അതായത്, അനാര്‍ക്കി അല്ലെങ്കില്‍ ആഭ്യന്തര കലഹം സൃഷ്ടിക്കുക’, ഇത് പറഞ്ഞത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാംഗമായ രേണുക ചൗധരി.
ഏറെ നാളുകളായി അപ്രത്യക്ഷയായിരുന്ന അവര്‍ തെലങ്കാനയിലെ കോണ്‍ഗ്രസ് വിജയത്തോടെ പൂര്‍വാധികം ശക്തിയോടെ കളത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്നതാണ് ഇവരുടെ ഇടപെടലുകള്‍. പ്രതിപക്ഷ നേതാവും, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉടമസ്ഥനുമായ രാഹുല്‍ ഗാന്ധി ലോക തലസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചു രാഷ്ട്രത്തലവന്മാരോടും, സഭാ നേതാക്കളോടും പരാതി പറയുകയാണ്. ഭാരതത്തില്‍ സംഗതി ആകെ തകരാറിലാണ്. നരേന്ദ്ര മോദിയും ആര്‍എസ്എസും ഹൈന്ദവ നേതാക്കളും ചേര്‍ന്ന് ഭരണഘടന അട്ടിമറിക്കുകയാണ്. ന്യൂനപക്ഷ സമുദായങ്ങളെ കൊല്ലാക്കൊല ചെയ്യുന്നു. നിങ്ങള്‍ സൈനികമായി ഭാരതത്തില്‍ ഇടപെടണം. മോദിയെ തടവിലാക്കണം, എന്നാലേ ഭാരതത്തിലെ ജനങ്ങള്‍ക്ക് രക്ഷയുള്ളൂ.’ പക്ഷെ ലോക രാഷ്ട്രങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ ഒരു ചലനവും സൃഷ്ടിച്ചിട്ടില്ല. തന്നെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കുന്നില്ല എന്ന രാഹുല്‍ ഗാന്ധിയുടെ പരാതിയെ കുറിച്ച് അന്വേഷിച്ച വിദേശ രാഷ്ട്രതലവന്മാര് ഞെട്ടിപ്പോയി. ലോക്സഭയില്‍ ഏറ്റവും കൂടുതല്‍ സമയം പ്രസംഗിച്ചത് രാഹുല്‍ ഗാന്ധിയാണെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു. തന്നെയുമല്ല. ലോക്സഭ ടെലിവിഷന്‍ ചാനലിന്റെ റെക്കോര്‍ഡിങ് ഇവരെല്ലാവരും കാണാന്‍ ഇടയായി. ഒരു മസില്‍മാന്റെ രൂപസാദൃശ്യമാണ് രാഹുല്‍ ഗാന്ധിക്ക്. അദ്ദേഹം പറയുന്ന മൊഴിമുത്തുകള്‍ കേട്ട് ചിരിക്കണോ അതോ കരയണോ എന്ന ആശയക്കുഴപ്പത്തിലായി വിദേശ പ്രതിനിധികള്‍.
സഭകളുടെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത രാഷ്ട്രപതിക്കു നന്ദി രേഖപ്പെടുത്തുന്ന ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം ഇതായിരുന്നു. ‘ഏഴു വയസ്സുള്ള ഒരു യുവാവ് തപസ്സു ചെയ്യുകയായിരുന്നു. തപസ്സ് എന്ന് പറഞ്ഞാല്‍ എന്താണ്? താപം ഉല്‍പ്പാദിപ്പിക്കാനുള്ള പ്രയത്നം.’ ഇതായിരുന്നു പ്രസംഗം. ഏഴു വയസ്സുള്ള കുട്ടി എന്ന് തിരുത്തിയത് വര്‍ഗീയ വാദികളായ ബിജെപി അംഗങ്ങള്‍. കോണ്‍ഗ്രസ് അംഗങ്ങളും, മറ്റു പാര്‍ട്ടി അംഗങ്ങളും, 55 വയസ്സുകാരന് യുവാവിന്റെ ഗീര്‍വാണം കേട്ട് ചിരിഅടക്കുന്ന കാഴ്ചയും ലോകം കണ്ടു. ഇങ്ങനെയുള്ള യുവ രാജാവിനെ പ്രസംഗിപ്പിക്കാതിരിക്കുന്നതല്ലേ നല്ലത് എന്ന് വിദേശ പ്രതിനിധികള്‍ ചോദിച്ചതില്‍ ആശ്ചര്യപ്പെടാനുണ്ടോ?
പറഞ്ഞു വന്നത് രേണുക ചൗധരി എന്ന രാജ്യസഭാംഗത്തിന്റെ പുതിയ വെളിപാടിനെ കുറിച്ചാണല്ലോ. അവര്‍ വിഭാവനം ചെയ്യുന്ന നിസ്സഹകരണ പ്രസ്ഥാനവും, അതുപോലുള്ള സമരമുറകളും രാജ്യത്തെ പൂര്‍ണ അരാജകത്വത്തിലേക്കായിരിക്കും നയിക്കുക. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ഇന്നേവരെ ഒരു മലയാളി അധ്യക്ഷന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. സര് ചേറ്റൂര്‍ ശങ്കരന് നായര്‍. ഇന്നത്തെ കോണ്‍ഗ്രസ്സുകാരില്‍ എത്രപേര്‍ സര് ശങ്കരന്‍നായര്‍ എന്ന വ്യക്തിയെ ഓര്‍മ്മിക്കുന്നുണ്ട്. 1897ല്‍ കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട സര് ശങ്കരന് നായരെ ഗാന്ധിജിക്ക് തീരെ ഇഷ്ടമല്ലായിരുന്നു. കാരണമുണ്ട്. ഖിലാഫത്ത് സമരത്തെ അനുകൂലിക്കാന്‍ ഗാന്ധി തീരുമാനിച്ചതിനെ പരസ്യമായി ചോദ്യം ചെയ്തത് ശങ്കരന് നായര്‍ ആയിരുന്നു. ഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനവും ഖിലാഫത്ത് സമരത്തിനുള്ള പിന്തുണയുമാണ് ഭാരതത്തില്‍ പില്ക്കാലത്ത് അരങ്ങേറിയ അരാജകത്വത്തിന്റെ പ്രഭവകേന്ദ്രം എന്ന് വിലയിരുത്തപ്പെട്ടു.
രേണുക അരാജകത്വത്തിനായി മുറവിളികൂട്ടുന്നതിനു കാരണം അന്വേഷിക്കുമ്പോള്‍ കൗതുകകരമായ ചില വസ്തുതകള്‍ വെളിച്ചത്തുവരും. ലോക്സഭ ടിവിയുടെയും, രാജ്യസഭ ടിവിയുടെയും തത്സമയ സംപ്രേഷണം കാണുന്നവര്‍ 2018 ല്‍ രാജ്യസഭയില്‍ രേണുക നടത്തിയ പ്രകടനം ഓര്‍ക്കുന്നുണ്ടാകണം. രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്തതിനുള്ള നന്ദി പ്രമേയ ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014ല്‍ അധികാരമേറ്റ എന്‍ഡിഎ സര്‍ക്കാര്‍ കുറഞ്ഞൊരുകാലംകൊണ്ടു രാജ്യത്തു വരുത്തിയ മാറ്റങ്ങളെക്കുറിച്ചു പ്രധാനമന്ത്രി സംസാരിച്ചപ്പോള്‍, പ്രതിപക്ഷ നിരയില്‍ നിന്നും ഒരു അട്ടഹാസം കേള്‍ക്കാനിടയായി. അന്ന് സഭാദ്ധ്യക്ഷനായിരുന്ന വെങ്കയ്യ നായിഡു അട്ടഹാസത്തിന്റെ ഉറവിടമായ രേണുകയോട് പറഞ്ഞു. ‘നിങ്ങള്‍ കുറച്ചുകൂടി മാന്യമായി പെരുമാറണം. ഇത് പാര്‍ലമെന്റ് ആണെന്ന് ഓര്‍ക്കുക. നിങ്ങള്‍ക്ക് ആരോഗ്യപരമായ എന്തെങ്കിലും തകരാര്‍ ഉണ്ടെങ്കില്‍, ഏതെങ്കിലും നല്ല ഡോക്ടര്‍മാരെ കാണുക.’ സഭയിലെ മറ്റു അംഗങ്ങള്‍ ആര്‍ത്തു ചിരിച്ചപ്പോള്‍ പ്രധാനമന്ത്രി സഭാധ്യക്ഷനോട് പറഞ്ഞു. ‘ആദരണീയനായ സഭാധ്യക്ഷന്, ബഹുമാനപ്പെട്ട രേണുക ചൗധരിയെ ഒന്നും പറയേണ്ട. രാമായണം പരമ്പര ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തതിനുശേഷം, ഇങ്ങനെ ഒരു ചിരി ആദ്യമായാണ് ഭാരതീയര്‍ കേള്‍ക്കുന്നത്.’ രേണുക ചൗധരിക്ക് ഒന്നും മനസ്സിലായില്ല. മണിക്കൂറുകള്‍ക്കു ശേഷം അവര്‍ പത്രക്കാരോട് പറഞ്ഞു. ‘സ്ത്രീത്വത്തെ അപമാനിച്ചതിന് ഞാന്‍ പ്രധാനമന്ത്രിക്കെതിരെ പോലീസില്‍ പരാതിപ്പെടും. വനിതാ കമ്മീഷനിലും പരാതി നല്‍കും. ദേശ വ്യാപകമായി പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കും.’ അവര്‍ പറഞ്ഞതൊന്നും നടന്നില്ല എന്ന് മാത്രമല്ല, രാജ്യസഭയിലെ അവരുടെ കാലാവധി അവസാനിക്കുകയും ചെയ്തു.
പിന്നീട്, തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നതുവരെ രേണുകയെക്കുറിച്ച് വിവരം ഒന്നും ഇല്ലായിരുന്നു. ഒരുകാര്യം കൂടി സൂചിപ്പിക്കട്ടെ. എന്‍.ടി.രാമ റാവുവാണ് 1984ല്‍ രേണുകയെ രാഷ്ട്രീയത്തില്‍ ഇറക്കിയത്. അദ്ദേഹത്തിന്റെ കാലശേഷം ചന്ദ്രബാബു നായിഡു തെലുഗു ദേശം പാര്‍ട്ടി നേതാവായപ്പോള്‍ രേണുകയുടെ കഷ്ടകാലം തുടങ്ങി. അവര്‍ ബിജെപിയില്‍ ചേരുന്നതിനു കുറെ ശ്രമിച്ചു. പക്ഷെ 1999-2004 കാലഘട്ടത്തില്‍ ചന്ദ്രബാബു നായിഡു എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായിരുന്നു. രേണുകയെ ബിജെപിയില്‍ എടുത്താല്‍ അത് ചന്ദ്രബാബു നായിഡുവിനെ ക്ഷുഭിതനാക്കും എന്നറിയാമായിരുന്ന പാര്‍ട്ടി നേതൃത്വം അവരെ സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. അങ്ങനെയാണ് ഈ വനിതാ കോണ്‍ഗ്രസില്‍ ചേക്കേറിയത്. ഇപ്പോള്‍ അന്റോണിയോ മെയ്നോയുടെയും പുത്രന് രാഹുല്‍ ഗാന്ധിയുടെയും ലൗഡ് സ്പീക്കര്‍ ആയി കഴിയുന്നു. കോണ്‍ഗ്രസിലെ പ്രഥമ കുടുംബത്തിന് ഭാരതം വികസിക്കുന്നതില്‍ ഒരു താല്‍പ്പര്യവും ഇല്ല. ഈ രാഷ്ട്രം എന്നെന്നും ദരിദ്ര നാരായണന്മാരെ കൊണ്ട് നിറഞ്ഞിരുന്നാലല്ലേ അന്റോണിയോയുടെയും മക്കളുടെയും ആവശ്യങ്ങള്‍ നടക്കുകയുള്ളൂ. ഈ സത്യം ജനങ്ങള്‍ ഇപ്പോള്‍ കുറച്ചൊക്കെ മനസ്സിലാക്കി വരുന്നു.