നിളയുടെ ഓളങ്ങള്‍ പാടുന്ന പാട്ടുകള്‍ കേരളത്തിലെ കുട്ടികള്‍ക്കായി പകര്‍ത്തിയെഴുതാന്‍ ഒരുകൂട്ടം ബാലസാഹിത്യരചയിതാക്കള്‍ കേരളകലാമണ്ഡലം നിളാക്യാമ്പസ്സില്‍ ഒത്തുചേര്‍ന്നു. കഥകള്‍ രചിച്ചു. പാട്ടുകള്‍ രചിച്ചു. കുട്ടികള്‍ക്ക് നല്‍കേണ്ട വിഭവങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു. കുഞ്ഞുമനസ്സുകളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും ചര്‍ച്ചചെയ്തു. അവരെ ഉത്തമമനുഷ്യരാക്കി നാളെയുടെ ലോകചരിത്രം തിരുത്തിക്കുറിക്കാനുള്ള പ്രതിജ്ഞയെടുത്തു. മലയാളഭാഷയില്‍നിന്നും ലോകോത്തരമായ രചനകള്‍ സൃഷ്ടിച്ചെടുക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കപ്പെട്ടു. ബാലസാഹിതീപ്രകാശന്‍ എന്ന കുട്ടികള്‍ക്കായുള്ള പുസ്തകങ്ങള്‍ മാത്രം പ്രസിദ്ധീകരിക്കുന്ന പ്രസാധകരുടെ നേതൃത്വത്തില്‍ നിളാതീരത്ത് ഒരു ബാലസാഹിത്യശില്പശാല സംഘടിപ്പിക്കപ്പെട്ടപ്പോള്‍ അത് ചരിത്രത്തിന്റെ ഭാഗമാകുന്നതോടൊപ്പം ഭാവിചരിത്രരേഖയെ നിര്‍വചിക്കുന്നതുകൂടെയായിത്തീര്‍ന്നു.
മലയാളഭാഷാപിതാവായ തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്റെ രചനാഭൂമിയാണ് നിളാതീരം. ഇടശ്ശേരി, ഉറൂബ്, അക്കിത്തം തുടങ്ങിയ മഹാരഥന്മാര്‍ നേതൃത്വം നല്‍കിയ പൊന്നാനിക്കളരി മലയാളഭാഷയില്‍ സൃഷ്ടിച്ച മാറ്റങ്ങളുടെ ഗരിമ ഇപ്പോഴും അഭിമാനമായിപ്പേറുന്ന നാട്. 2025 ജനുവരി 25, 26 തീയതികളിലായി മഹാകവി വള്ളത്തോളിന്റെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിക്കൊണ്ട്, മഹാകവിയുടെ അനുഗ്രഹത്തോടെ, നടന്ന ബാലസാഹിത്യശില്പശാല നിളയ്ക്ക് അഭിമാനിക്കാന്‍ മലയാളസാഹിത്യത്തില്‍ പുതിയ അധ്യായംകൂടെ എഴുതിച്ചേര്‍ത്തു. കവികുലപാരമ്പര്യത്തില്‍നിന്നും അകന്നുപോകുന്ന ഭാഷയെ തിരികെപ്പിടിക്കാനുള്ള ശ്രമംകൂടിയാണ് ബാലസാഹിതീപ്രകാശന്‍ നടത്തിയത്.
കുട്ടികള്‍ക്കുവേണ്ടി കഥകള്‍ പറയുന്ന രീതിയിലാണ് ലോകസാഹിത്യത്തിലെ സുപ്രധാന കൃതികള്‍ പലതും ഉദയം ചെയ്തിട്ടുള്ളത്. അതിലൂടെ പുതിയൊരുലോകം സൃഷ്ടിച്ചെടുക്കുകയെന്നൊരു ദൗത്യം സാഹിത്യരചനയുടേതായി മാറി. ബാലസാഹിത്യം പിന്നീടൊരു സാഹിത്യശാഖയായി വികാസം പ്രാപിച്ചു. നമ്മുടെ ഭാഷയില്‍ മഹാകവിത്രയങ്ങളായ ആശാനും ഉള്ളൂരും വള്ളത്തോളുമെല്ലാം ഈ ശാഖയെ പുഷ്ടിപ്പെടുത്തുന്നതിനായി രചനകള്‍ നിര്‍വഹിച്ചിട്ടുണ്ട്. മുതിര്‍ന്നവര്‍ക്കുവേണ്ടി എഴുതുന്നതിനേക്കാള്‍ കൂടുതല്‍ ശ്രദ്ധയും സൂക്ഷ്മതയും കുട്ടികള്‍ക്കുവേണ്ടി എഴുതുന്നതില്‍ പുലര്‍ത്തിക്കൊണ്ടാണ് മഹാമനീഷികളായ എഴുത്തുകാര്‍ ഈ ശാഖയെ പരിപോഷിപ്പിച്ചിട്ടുള്ളത്. എല്ലാ കാലത്തും ഉന്നതശീര്‍ഷരായ എഴുത്തുകാര്‍ കുട്ടികളില്‍ ഭാവനയുടെ ചിറകുകള്‍ മുളപ്പിക്കുവാനും അവരെ സര്‍ഗധനരായി വളര്‍ത്തുന്നവാനും ഉദ്ദേശിച്ച് ബാലസാഹിത്യരചനയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

കുട്ടികളുടെ സ്വഭാവരൂപീകരണത്തിനും അവരില്‍ ഭാഷാശുദ്ധിയും സംസ്‌കാരവും സൃഷ്ടിച്ചെടുക്കാനും ഉദ്ദേശിച്ചുകൊണ്ട് ഒരു പാഠ്യപദ്ധതിയെന്നതുപോലെ വികാസം പ്രാപിച്ച ബാലസാഹിത്യശാഖയുടെ സമീപകാലപ്രവണതകള്‍ പലപ്പോഴും ആശാസ്യമല്ലെന്നൊരു പരാതി രക്ഷിതാക്കളില്‍നിന്നും കുട്ടികളുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്നവരില്‍നിന്നും ഉയര്‍ന്നുവരുന്നുണ്ട്. നല്‍കപ്പെടുന്ന വിഭവങ്ങളുടെ സാംസ്‌കാരികശോഷണമാണ് അതില്‍ പ്രധാനമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ചില വാര്‍പ്പുമാതൃകകള്‍ സൃഷ്ടിച്ച് അതിനകത്ത് ഒതുങ്ങിക്കൂടുന്ന ഒന്നായി ബാലസാഹിത്യം മലയാളത്തില്‍ മാറിക്കഴിഞ്ഞുവെന്നും അഭിപ്രായങ്ങളുണ്ട്. ഈയൊരു പ്രവണതയ്ക്ക് മാറ്റം വരേണ്ടത് അത്യാവശ്യമാണ്. ബാലസാഹിതീപ്രകാശന്റെ പ്രധാനദൗത്യവും സാംസ്‌കാരികവികാസം ലക്ഷ്യമിട്ടുകൊണ്ടുള്ള പുതിയൊരു ബാലസാഹിത്യരചനാസംസ്‌കാരം രൂപപ്പെടുത്തുകയെന്നതാണ്.
ബാസാഹിതീപ്രകാശന്‍ മലയാളഭാഷയില്‍ ഏറ്റവും മികച്ച ബാലസാഹിത്യകൃതികള്‍ പ്രസിദ്ധീകരിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന പ്രസാധകസംരംഭമാണ്. കേരളത്തില്‍ ഇതേ ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്ന മറ്റൊരു സംരംഭം സര്‍ക്കാര്‍ സ്ഥാപനമായ കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടാണ്. എണ്ണിയാലൊടുങ്ങാത്തതെന്ന് പറയാവുന്നയത്രയും മറ്റ് പ്രസാധകര്‍ മലയാളത്തില്‍ ഉള്ളപ്പോഴാണ് കേവലം രണ്ട് പ്രസാധകര്‍ മാത്രം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. ബാലസാഹിത്യത്തിന് നമ്മുടെ സാഹിത്യലോകം അത്രയേ ശ്രദ്ധ കൊടുക്കുന്നുള്ളൂവെന്നുവേണം ഇതില്‍ നിന്നും മനസ്സിലാക്കാന്‍. സമീപകാലത്ത് ബാലസാഹിത്യകൃതികള്‍ക്ക് ധാരാളം ആവശ്യക്കാരുണ്ടായതുകാരണം മറ്റുപ്രസാധകരും ധാരാളം ബാലസാഹിത്യപുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. മുന്‍നിര പ്രസാധകരായ ഡി.സി. ബുക്‌സും എച്ച്.ആന്റ്.സി. ബുക്‌സുമൊക്കെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ടെങ്കിലും പുരസ്‌കാരങ്ങള്‍ നല്‍കിയും ചര്‍ച്ച ചെയ്തും ആഘോഷിക്കപ്പെടുന്ന മറ്റു പുസ്തകങ്ങള്‍ക്ക് ലഭിക്കുന്ന പ്രാധാന്യം ബാലസാഹിത്യപുസ്തകങ്ങള്‍ക്ക് ലഭിക്കുന്നില്ല. ഇവിടെയാണ് മികച്ച ബാലസാഹിത്യകൃതികള്‍ കണ്ടെത്തി പ്രസിദ്ധീകരിക്കുന്ന ബാലസാഹിതീപ്രകാശന്റെ പ്രാധാന്യം.

1982ല്‍ ആണ് ബാലസാഹിതീപ്രകാശന്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഇതേവരെ ഇരുനൂറ്റിയമ്പതില്‍പ്പരം ബാലസാഹിത്യകൃതികള്‍ പ്രസിദ്ധീകരിച്ചുകഴിഞ്ഞു. മികച്ച ബാലസാഹിത്യകൃതികള്‍ പ്രസിദ്ധീകരിക്കുക മാത്രമല്ല, ബാലഗോകുലങ്ങള്‍ വഴി സ്വന്തമായ വിതരണശൃംഖലയിലൂടെ കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും കുട്ടികളിലേക്ക് പുസ്തകങ്ങളെത്തിക്കുവാനും ബാലസാഹിതീപ്രകാശന് സാധിക്കുന്നുണ്ട്. പ്രസിദ്ധീകരിച്ച ഓരോ കൃതിയുടെയും അച്ചടിച്ച് വിതരണം ചെയ്യപ്പെട്ട കോപ്പികളുടെ എണ്ണം പരിശോധിച്ചാല്‍ ഇത് മനസ്സിലാകും. വന്‍കിട കച്ചവടസ്ഥാപനങ്ങളായി മാറിയ പുസ്തകക്കടകളിലൂടെ വിതരണം ചെയ്യപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ പുസ്തകങ്ങള്‍ ഗൃഹാങ്കണങ്ങളിലേക്ക് നേരിട്ടെത്തുന്ന വിതരണസംവിധാനത്തിലൂടെ വിതരണം ചെയ്യുന്നതിന് ബാലസാഹിതീപ്രകാശന് സാധിക്കുന്നു. യശഃശരീരനായ കവി എസ്. രമേശന്‍ നായരെപ്പോലുള്ളവരുടെ അശ്രാന്തപരിശ്രമം ഈ മഹദ്കര്‍മ്മത്തിനു പിന്നിലുണ്ടായിട്ടുണ്ട്. 2007 മുതല്‍ ദീര്‍ഘകാലം ബാലസാഹിതീപ്രകാശന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്നത് കവി എസ്. രമേശന്‍ നായരായിരുന്നു. പ്രശസ്ത ബാലസാഹിത്യകാരനും അധ്യാപകനുമായ ഡോ. ഗോപി പുതുക്കോടാണ് ഇപ്പോള്‍ ബാലസാഹിതീപ്രകാശന്റെ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നത്.
ചെറുതുരുത്തിയില്‍ നടന്ന ബാലസാഹിതീപ്രകാശന്റെ ബാലസാഹിത്യശില്‍പശാലയില്‍ കേരളത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമെത്തിയ 32 ബാലസാഹിത്യരചയിതാക്കള്‍ പങ്കെടുത്തു. ഈ രംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ എഴുത്തുകാരായിരുന്നു പങ്കെടുത്തവരെല്ലാം. മലയാളത്തിന് തനതായൊരു ബാലസാഹിത്യരചനാശൈലി രൂപപ്പെടുത്തുന്നതിന് തുടക്കം കുറിക്കാന്‍ ഈ എഴുത്തുകാരുടെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്താന്‍ ബാലസാഹിതീപ്രകാശന് സാധിച്ചിട്ടുണ്ട്. ശില്പശാലയില്‍ ചര്‍ച്ചചെയ്ത വിഷയങ്ങളില്‍ കൂടുതലും കുട്ടികളില്‍ സാംസ്‌കാരിക ഉന്നമനം ലക്ഷ്യമിട്ടുകൊണ്ടുള്ള രചനാതന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനെ അടിസ്ഥാനമാക്കിയായിരുന്നു. പ്രശസ്ത ബാലസാഹിത്യകാരന്‍ കെ.കെ.പല്ലശ്ശന ക്യാമ്പ് ഡയറക്ടറായി പ്രവര്‍ത്തിച്ചു.
ജനുവരി 25ന് രാവിലെ 10 മണിക്ക് മഹാകവി വള്ളത്തോളിന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിക്കൊണ്ടായിരുന്നു ശില്പശാല ആരംഭിച്ചത്. ക്യാമ്പ് ഡയറക്ടറായ കെ.കെ. പല്ലശ്ശനയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. സുനിത സുകുമാരന്‍ പ്രാര്‍ത്ഥനാഗീതം ആലപിച്ചു. ബാലസാഹിതീപ്രകാശന്‍ ചെയര്‍മാന്‍ ഡോ. ഗോപി പുതുക്കോട് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി യു. പ്രഭാകരന്‍ സ്വാഗതം ആശംസിച്ചു. മുന്‍ ചെയര്‍മാന്‍ എന്‍. ഹരീന്ദ്രന്‍ മാസ്റ്റര്‍, ബാലഗോകുലം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ.പി. ബാബുരാജ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ശ്രീജിത്ത് മൂത്തേടത്ത് നന്ദി പറഞ്ഞു. ബാലസാഹിത്യരചന വളരെ ശ്രദ്ധയോടെ നിര്‍വഹിക്കേണ്ട ദൗത്യമാണെന്നും അത് ഒരു അനൗപചാരിക വിദ്യഭ്യാസപദ്ധതിയാണെന്നും കെ.കെ. പല്ലശ്ശന അഭിപ്രായപ്പെട്ടു. കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ അമ്മമാര്‍ തയ്യാറാക്കുന്നത് ഏറ്റവും ശ്രദ്ധയോടെയാണ്. അത് മുതിര്‍ന്നവര്‍ക്കുവേണ്ടിയുള്ള ഭക്ഷണപാചകം പോലെയല്ല. പലതവണ പാത്രം കഴുകി വൃത്തിയാക്കി, പാലും മോരും കാച്ചി ശുദ്ധിവരുത്തിയ പാത്രത്തിലാണ് പാചകം. കുട്ടിയുടെ ആരോഗ്യത്തിന് ഹാനികരമായ ചേരുവകളൊന്നുംതന്നെ രുചിക്കും ആകര്‍ഷണീയതയ്ക്കും വേണ്ടിയാണെങ്കില്‍പ്പോലും അതില്‍ ചേര്‍ക്കാറില്ല. അതുപോലെയായിരിക്കണം ബാലസാഹിത്യരചനയും എന്ന് കെ.കെ.പല്ലശ്ശന പറഞ്ഞു. ബാലസാഹിത്യരചയിതാക്കള്‍ കുട്ടികള്‍ക്കുവേണ്ടിയെഴുതുമ്പോള്‍ അവരുടെ മനസ്സിനെയും സ്വഭാവത്തെയും ഭാവിയെയും രൂപപ്പെടുത്തുന്ന വിഭവങ്ങളാണ് രചിക്കേണ്ടത് എന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ബാലസാഹിത്യം പ്രത്യേകതകളും പ്രതിസന്ധികളും എന്ന വിഷയമാണ് ക്യാമ്പിന്റെ ഒന്നാം സെഷന്‍ ചര്‍ച്ച ചെയ്തത്. ഡോ. ഗോപി പുതുക്കോട്, പ്രകാശന്‍ ചുനങ്ങാട് എന്നിവരായിരുന്നു സെഷന്‍ നയിച്ചത്. ബാങ്കിംഗ് മേഖലയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച് ഔദ്യോഗികജീവിതത്തില്‍ നിന്നും വിരമിച്ച് പൂര്‍ണസമയം എഴുത്തില്‍ മുഴുകിയിരിക്കുന്ന എഴുത്തുകാരനാണ് പ്രകാശന്‍ ചുനങ്ങാട്. ബാലസാഹിത്യരചനയെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും പ്രശസ്തരായ എഴുത്തുകാരുടെ അഭിപ്രായങ്ങള്‍ എഴുതിയ കാര്‍ഡുകള്‍ ശില്പശാലാ അംഗങ്ങള്‍ക്ക് നല്‍കി സ്വന്തം അഭിപ്രായങ്ങള്‍ എഴുത്തുകാര്‍ക്ക് പറയാനവസരം നല്‍കിക്കൊണ്ടാണ് ഡോ. ഗോപി പുതുക്കോട് ക്ലാസ് നയിച്ചത്. മലയാളത്തില്‍ ബാലസാഹിത്യമേഖലയുടെ വികാസപരിണാമങ്ങളെക്കുറിച്ച് ആകാശവാണി സംപ്രേഷണം ചെയ്ത ഒരു പ്രഭാഷണം കേള്‍പ്പിച്ചുകൊണ്ടും ചര്‍ച്ചയിലൂടെയും രണ്ട് ഭാഗങ്ങളായി ഒന്നാമത്തെ സെഷന്‍ സജീവത കൈവരിച്ചു. തുടര്‍ന്ന് ശാസ്ത്രസാഹിത്യരംഗത്തെ സാധ്യതകള്‍ എന്ന വിഷയത്തില്‍ ശ്രീജിത്ത് മൂത്തേടത്ത്, എന്‍. സ്മിത എന്നിവര്‍ ചര്‍ച്ച നയിച്ചു. ബാലസാഹിത്യത്തിലെ പുനരാഖ്യാന സാധ്യതകള്‍ എന്ന വിഷയത്തില്‍ കെ.ജി. രഘുനാഥ്, പദ്യവും ഗദ്യവും ബാലസാഹിത്യത്തില്‍ എന്ന വിഷയത്തില്‍ അബ്ദുള്ള പേരാമ്പ്ര, ഇതിഹാസപുരാണങ്ങളിലെ കഥാസന്ദര്‍ഭങ്ങള്‍ എന്ന വിഷയത്തില്‍ ഡോ. ദിവ്യ, ഡോ. ഷീജാകുമാരി, ഗ്രാമ്യഭാഷയും മാനകഭാഷയും ബാലസാഹിത്യത്തില്‍ എന്ന വിഷയത്തില്‍ എം.എം. സചീന്ദ്രന്‍ എന്നിവരും രണ്ടുദിവസങ്ങളിലായി ക്ലാസുകള്‍ കൈകാര്യം ചെയ്തു.
പ്രശസ്ത തെലുങ്ക് എഴുത്തുകാരനായ ഡോ. സി. നാരായണ റെഡ്ഡി രചിച്ച വിശ്വംഭരമഹാകാവ്യത്തിന്റെ മലയാള പരിഭാഷയുടെ പ്രകാശനം ശില്പശാലയില്‍ വച്ച് നടത്തപ്പെട്ടു. ദ്രാവിഡഭാഷാ ട്രാന്‍സെലേറ്റേഴ്‌സ് അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റും കന്നഡ-മലയാളം എഴുത്തുകാരിയുമായ ഡോ. സുഷമാശങ്കറാണ് വിവര്‍ത്തനം നിര്‍വഹിച്ചത്. ഡോ. ഗോപി പുതുക്കോട് പ്രശസ്ത ചലച്ചിത്രഗാനരചയിതാവ് ഐ.എസ്. കുണ്ടൂരിന് നല്‍കി പ്രകാശനം ചെയ്തു. മലയാളഭാഷയില്‍ രചിക്കപ്പെടുന്ന ബാലസാഹിത്യകൃതികള്‍ മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്കും ഇംഗ്ലീഷിലേക്കും വിവര്‍ത്തനം ചെയ്യപ്പെടുന്നതിനും അതുവഴി കൂടുതല്‍ സ്വീകാര്യത നേടാനുമുള്ള സാധ്യതകള്‍ ഡോ. സുഷമാശങ്കര്‍ അവതരിപ്പിച്ചു.
ബാലസാഹിത്യത്തില്‍ ശാസ്ത്രസാഹിത്യത്തിന് വളരെ വലിയ സാധ്യതകളാണുള്ളത്. കുട്ടികളില്‍ ശാസ്ത്രബോധം വളര്‍ത്തുന്നതിനും വൈജ്ഞാനികമേഖലയിലേക്ക് അവരെ നയിക്കുന്നതിനും ഉതകുന്ന ബാലസാഹിത്യകൃതികള്‍ മലയാളത്തില്‍ ഉണ്ടാകേണ്ടതുണ്ട്. കുട്ടികളില്‍ ശാസ്ത്രീയകാഴ്ചപ്പാടും യുക്തിചിന്തയും അന്വേഷണകൗതുകവും വളര്‍ത്തുന്ന സാഹിത്യകൃതികള്‍ രചിക്കപ്പെടേണ്ടതുണ്ടെന്നും മലയാളത്തില്‍ ഈ മേഖലയിലെ രചനകള്‍ കുറവാണെന്നും ശില്പശാല വിലയിരുത്തി. ശാസ്ത്രമെഴുത്തില്‍ ബാലസാഹിത്യരചയിതാക്കള്‍ ഏറെ പരിമിതികള്‍ അനുഭവിക്കുന്നുണ്ടെങ്കിലും കൃത്യമായ ആസൂത്രണത്തിലൂടെയും ആഴത്തിലുള്ള അന്വേഷണത്തിലൂടെയും തയ്യാറെടുപ്പിലൂടെയും ഇവ പരിഹരിക്കാന്‍ സാധിക്കുന്നതേയുള്ളൂ. ലോകസാഹിത്യത്തില്‍ ബാലസാഹിത്യം തലയുയര്‍ത്തി നില്‍ക്കുന്നത് ശാസ്ത്രരചനകളിലൂടെയാണ്. മലയാളഭാഷയിലെ ബാലസാഹിത്യത്തെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ സാധിക്കണമെങ്കില്‍ നമ്മുടെ ഭാഷയിലും അത്തരം രചനകള്‍ ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നും ശില്പശാല വിലയിരുത്തി.
ലോകസാഹിത്യത്തില്‍ തലയുയര്‍ത്തിനില്‍ക്കുന്ന നിരവധി കഥാപാത്രങ്ങളുണ്ട്. അവയൊക്കെ ലോകത്താകമാനം കുട്ടികളെ ആഴത്തില്‍ സ്വാധീനിച്ചവയാണ്. ലൂയിസ് കരോളിന്റെ ആലീസ് ഇന്‍ വണ്ടര്‍ ലാന്റിലെ ആലീസും തുത്സുഗോ കുറോയാനഗിയുടെ ടോടോചാനും ജെ.കെ. റൗളിംഗിന്റെ ഹാരിപോട്ടറുമൊക്കെ അത്തരം കഥാപാത്രങ്ങളാണ്. ഈ കഥാപാത്രങ്ങളിലൂടെയാണ് ആ കൃതികള്‍ നിലനില്‍ക്കുന്നത്. മലയാളസാഹിത്യത്തില്‍ നിന്നും ഇത്തരത്തിലുള്ള ഒരു കഥാപാത്രത്തെ സൃഷ്ടിച്ചെടുക്കാന്‍ ഇന്നേവരെ സാധിച്ചില്ലെന്ന പരിമിതിയും ശില്പശാല ചര്‍ച്ച ചെയ്തു. കുട്ടികളുടെ മനസ്സിനെ സ്വാധീനിക്കാന്‍ ശേഷിയുള്ള കഥാപാത്രങ്ങളെ സൃഷ്ടിക്കാന്‍ സാധിച്ചാല്‍ തീര്‍ച്ചയായും ഭാഷയുടെ പരിമിതികള്‍ മറികടന്ന് നമ്മുടെ ബാലസാഹിത്യകൃതികള്‍ക്കും ഉയരാന്‍ സാധിക്കുമെന്നും ലോകശ്രദ്ധ പിടിച്ചുപറ്റാന്‍ സാധിക്കുമെന്നും അഭിപ്രായമുയര്‍ന്നു. മഹത്തായ പാരമ്പര്യമുള്ള നാടായ ഭാരതത്തില്‍ നിരവധി പുരാണകഥാപാത്രങ്ങളുണ്ട്. പുരാണകഥകളുടെ പുനരാഖ്യാനങ്ങളിലൂടെ മൂല്യവത്തായ കൃതികള്‍ സംഭാവനചെയ്യാനും സാധിക്കും. പുനരാഖ്യാനത്തില്‍ വലിയ സാധ്യതകളാണ് നിലനില്‍ക്കുന്നതെന്ന് എഴുത്തുകാരന്‍ കെ.ജി. രഘുനാഥ് അഭിപ്രായപ്പെട്ടു.
സമാപന സമ്മേളനത്തില്‍ ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷനും മയില്‍പ്പീലി ബാലമാസിക മാനേജിംഗ് എഡിറ്ററുമായ കെ.പി. ബാബുരാജ് മാസ്റ്റര്‍ സമാപനസന്ദേശം നല്‍കി. ഗാനരചയിതാവ് ഐ.എസ്. കുണ്ടൂര്‍, വിദ്യാഭ്യാസപ്രവര്‍ത്തകനും എഴുത്തുകാരനുമായ എം.എം. സചീന്ദ്രന്‍ എന്നിവര്‍ ശില്പശാലാ അംഗങ്ങള്‍ക്ക് പ്രശസ്തിപത്രങ്ങള്‍ വിതരണം ചെയ്തു.