‘ഒരാദര്‍ശദീപം കൊളുത്തൂ
കെടാതായതാജന്മകാലം വളര്‍ത്തൂ
അതിന്നായഹോരാത്രമേകൂ സ്വജീവന്റെ രക്തം’
ഈ ആഹ്വാനത്തിന്റെ പൊരുള്‍ ഉള്‍ക്കൊണ്ടുകൊണ്ടു സംഘസമര്പ്പിതമായി ജീവിച്ച അനേകം പേരുടെ ആശ്രാന്ത പരിശ്രമത്തിന്റെ ഫലമായി സംഘം ഇപ്പോള്‍ ആഗോള തലത്തിലേക്ക് തന്നെ പടര്‍ന്ന് പന്തലിച്ചിരിക്കുന്നു. പ്രതിഫലമോ, പേരോ, പ്രശസ്തിയോ, അംഗീകാരമോ ഒന്നും പ്രതീക്ഷിക്കാതെ, സംഘം പ്രാര്‍ത്ഥനയില്‍ പറയുന്നതുപോലെ തങ്ങളുടെ ശരീരവും ബുദ്ധിയും മനസ്സും എന്നുവേണ്ട, സര്‍വസ്വവും സംഘത്തിനു സമര്‍പ്പിച്ച് സംഘ കാര്യം ചെയ്യുന്നവരാണ് അവര്‍. അതുകൊണ്ടുതന്നെ, സംഘത്തെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാനുള്ള മനഃസ്ഥിതിയോ, താല്പര്യമോ അവര്‍ക്കുണ്ടാകില്ല. ഇത്തരത്തില്‍ സംഘസമര്പ്പിത ജീവിതം നയിച്ച വ്യക്തിയായിരുന്നു വിശ്വഹിന്ദു പരിഷത്തില്‍ പ്രവര്‍ത്തിച്ച മുതിര്‍ന്ന സംഘ പ്രചാരകന് ഠാക്കൂര്‍ ഗുരുജന്‍ സിംഹ്. 1948ലെ സംഘ നിരോധനത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കപ്പെട്ട ഇദ്ദേഹം, നിരോധനം നീങ്ങിയ ശേഷം പ്രചാരകനായി തന്റെ പൂര്‍ണസമയവും സംഘത്തിനുവേണ്ടി സമര്‍പ്പിച്ചു.
അപ്പോഴത്തെ നാട്ടുനടപ്പനുസരിച്ച് വളരെ ചെറുപ്രായത്തില്‍ തന്നെ വിവാഹിതനായിരുന്നെങ്കിലും സംഘപ്രവര്ത്തനത്തിനിടയ്ക്ക് തന്റെ വീട്ടുകാര്യങ്ങളെക്കുറിച്ച് ശ്രദ്ധിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. പത്നിയും ഒരു മകനും ഉള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ കുടുംബം.
തന്റെ ഏക മകന്റെ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ പോലും സ്വയം ചെയ്യുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. അതിന്റെ വ്യവസ്ഥകള്‍ ഒക്കെ ചെയ്തത് കുടുംബക്കാരും സുഹൃത്തുക്കളുമായിരുന്നു. മാത്രമല്ല, വരന് വിവാഹത്തിനുവേണ്ടി വീട്ടില്‍ നിന്ന് യാത്ര പുറപ്പെടുന്ന അവസരത്തില്‍ ആണ് അദ്ദേഹത്തിന് വീട്ടിലെത്താനായത്.
വിശാലഹൃദയനായ ഗുരുജന്ജിക്ക് ആരും ദുഃഖിക്കുന്നതോ കഷ്ടപ്പെടുന്നതോ കാണുമ്പോള്‍ സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. അവര്‍ക്ക് വേണ്ടി എന്തെങ്കിലും നിര്‍ബന്ധപൂര്‍വ്വം ചെയ്യുന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു. ഈ കാരണത്താല്‍ ശ്രീഗുരുജി അദ്ദേഹത്തെ ‘മഹാത്മ’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.