ജാതിസമ്പ്രദായത്തിന്റെ ഏറ്റവും ഭയാനകമായ ഉല്പന്നം അസ്പൃശ്യതയാണ്. ഹിന്ദു ധര്‍മ്മത്തിന്റെ തത്വജ്ഞാനം എല്ലാ ജീവികളിലും ഒരേ ചൈതന്യത്തെ, ആത്മതത്വത്തെ കാണുവാനാണ് പറയുന്നത്. ‘സര്‍വസ്യ ചാഹം ഹൃദി സന്നിവിഷ്ടോ'(പരമാത്മാവായ ഞാന്‍ ജീവികളുടെ ഹൃദയത്തില്‍ അന്തര്യാമിയായി കുടികൊള്ളുന്നു) എന്നാണ് ഭഗവാന് ശ്രീകൃഷ്ണന് ഭഗവദ്ഗീതയില്‍ പറയുന്നത് (15:15). ഇത്രയും ശ്രേഷ്ഠമായ തത്വജ്ഞാനം ഉണ്ടെന്നിരിക്കില്പ്പോലും, നമ്മുടെ തന്നെ സമൂഹത്തിന്റെ ഘടകമായ കോടാനുകോടി ബന്ധുക്കളെ ‘അസ്പൃശ്യ’രെന്ന് മുദ്രകുത്തി അവരെ ഗ്രാമത്തിനു വെളിയില്‍ നിര്‍ത്തി. അവരുടെ സ്പര്‍ശം മാത്രമല്ല, നിഴല്‍പോലും അപവിത്രമെന്ന് കരുതി. അവരുടെ മേല്‍ സാമൂഹ്യമായ അടിമത്തം അടിച്ചേല്‍പ്പിച്ചു! അവരുടെ ഉപജീവനമാര്‍ഗ്ഗം എന്തായിരിക്കണം, അവര്‍ ഏത് വസ്ത്രം ധരിക്കണം, എന്തെല്ലാം ആഭരണങ്ങള്‍ അണിയണം, എവിടെ താമസിക്കണം, ഏത് ആഹാരം കഴിക്കണം മുതലായ കാര്യങ്ങളെയെല്ലാം സംബന്ധിച്ച് കര്‍ശനമായ നിയമങ്ങള്‍ ഉണ്ടാക്കി. തികച്ചും മനുഷ്യത്വരഹിതമായി അവ നടപ്പാക്കി. അങ്ങനെ, അസ്പൃശ്യരെന്ന് മുദ്രകുത്തപ്പെട്ട നമ്മുടെ ബന്ധുക്കളുടെ ജീവിതം മൃഗങ്ങളുടേതിനേക്കാള്‍ നികൃഷ്ടമായിത്തീര്ന്നു. ഏറ്റവും തെറ്റായ കാര്യം അസ്പൃശ്യതയെ തന്നെ ധര്‍മ്മമായി കരുതി എന്നതാണ്. അസ്പൃശ്യത പാലിക്കാതിരിക്കുന്നത് ധര്മ്മദ്രോഹമാണെന്ന ധാരണ സൃഷ്ടിക്കപ്പെട്ടു. ഈ ധാരണ ജനമനസ്സുകളില്‍ ആഴത്തില്‍ വേരൂന്നി.
അസ്പൃശ്യതയെ ഓര്‍ത്ത് ശ്രീഗുരുജി വളരെയേറെ ദുഃഖിച്ചിരുന്നു. വികലമായ ഈ സമ്പ്രദായം നമ്മുടെ സമാജത്തില്‍നിന്ന് വേരോടെ എങ്ങനെ പറിച്ചുകളയാനാവും എന്നതിനെക്കുറിച്ചായിരുന്നു അദ്ദേഹം സദാ ചിന്തിച്ചിരുന്നത്. അസ്പൃശ്യതയെ അദ്ദേഹം മൂന്നു തരത്തിലാണ് കണ്ടിരുന്നത്. ഒന്ന്, സവര്‍ണര്‍, അസ്പൃശ്യരെന്ന് കരുതുന്നവരെ അസ്പൃശ്യരെന്ന് വിളിക്കുന്നു. രണ്ട്,അസ്പൃശ്യതക്ക് ഇരയായിത്തീര്‍ന്ന സമൂഹം സ്വയം അസ്പൃശ്യരെന്ന് കരുതുന്നു. മൂന്ന്, ധര്‍മ്മാചാര്യന്മാര്‍ അസ്പൃശ്യതക്ക് ധാര്‍മ്മികമായ ആധികാരികത പ്രദാനം ചെയ്യുന്നു. ഈ മൂന്നു തലങ്ങളിലും ഐതിഹാസികമായ പ്രവര്‍ത്തനം നടത്തിക്കൊണ്ട് ശ്രീഗുരുജി സമരസത കൊണ്ടുവരാന്‍ അഹോരാത്രം പരിശ്രമം നടത്തിയിരുന്നു. അസ്പൃശ്യതയെ വ്യാഖ്യാനിച്ചുകൊണ്ട് ശ്രീ ഗുരുജി പറഞ്ഞത് ഇപ്രകാരമായിരുന്നു: ”സവര്‍ണരുടെ മനസ്സില്‍ കുടികൊള്ളുന്ന ക്ഷുദ്രഭാവത്തിന്റെ പേരാണ് അസ്പൃശ്യത.” മറ്റൊരു തരത്തില്‍ അദ്ദേഹം അതിനെ വ്യാഖ്യാനിച്ചത് മാനസിക വിഭ്രാന്തിയായിട്ടാണ്. മാനസിക പരിവര്‍ത്തനം സംസ്കാരങ്ങളിലൂടെ മാത്രമേ സാധ്യമാകൂ. ഏകാത്മതയുടെ, ഏകരസതയുടെ, സാഹോദര്യഭാവത്തിന്റെ, സേവാഭാവത്തിന്റെ സംസ്കാരം നിരന്തരം പകര്‍ന്നു നല്‍കണം. സംഘത്തിന്റെ ശാഖാകാര്യ പദ്ധതി ഈ വിഷയത്തില്‍ അദ്വിതീയമായ വിജയം കൈവരിച്ചിട്ടുണ്ട്. വാര്‍ദ്ധയില്‍, നടന്ന സംഘശിബിരം സന്ദര്‍ശിച്ച മഹാത്മാഗാന്ധിജിക്ക് ശിബിരാര്‍ത്ഥികള്‍ എല്ലാം സമന്മാരായിട്ടാണ് അവിടെ കഴിയുന്നതെന്ന് നേരിട്ട് ബോധ്യപ്പെട്ടിരുന്നു. പൂനെയില്‍ നടന്ന സംഘശിക്ഷാവര്‍ഗ് സന്ദര്‍ശിച്ച ഡോ. ബാബാസാഹേബ് അംബേദ്കര്ജിക്കും ഈ സത്യം അനുഭവത്തിലൂടെ ബോധ്യപ്പെട്ടിരുന്നു. സംഘശാഖയിലൂടെ സംസ്കാരം നേടുന്ന സ്വയംസേവകന് തന്റെ ഹിന്ദുഭാവത്തെക്കുറിച്ച് മാത്രമേ അറിയൂ. താന്‍ ഏത് ജാതിയിലാണ് ജനിച്ചതെന്ന കാര്യം സ്വയംസേവകന് മറന്നുപോകും. അതുകൊണ്ട്, സംഘശാഖയിലെത്താത്ത, സംഘബന്ധമില്ലാതെ നില്ക്കുന്ന വിശാലമായ ഹിന്ദുസമാജത്തിലുള്ളവരുടെ മനസ്സ് എങ്ങനെ വൃത്തിയാക്കും എന്നതാണ് പ്രശ്നം! ശ്രീഗുരുജിയുടെ ചിന്ത ഇപ്രകാരമാണ്:
”അസ്പൃശ്യത എന്ന രോഗത്തിന്റെ അടിവേര് നിലകൊള്ളുന്നത് അത് ധര്‍മ്മത്തിന്റെ ഭാഗമാണെന്നും അതിനെ ഉല്ലംഘിക്കുന്നത് മഹാപാപമാണെന്നുമുള്ള ജനസാമാന്യത്തിന്റെ വിശ്വാസത്തിലാണ്. വികൃതമായ ഈ ധാരണതന്നെയാണ് അനേകം സാമൂഹ്യ പരിഷ്ക്കര്‍ത്താക്കളുടെയും ധര്‍മ്മ-ധുരന്ധരന്മാരുടെയും നൂറ്റാണ്ടുകളുടെ സമര്‍പ്പിതമായ പരിശ്രമങ്ങള്‍ക്ക് ശേഷവും വിനാശകരമായ ഈ സമ്പ്രദായം ജനസാമാന്യത്തിന്റെ മനസ്സില്‍ ഇപ്പോഴും കുടികൊള്ളുന്നതിന്റെ കാരണം.”
ജനമനസ്സുകളില്‍ കുടികൊള്ളുന്ന വിനാശകരമായ ഈ സമ്പ്രദായം ഉന്മൂലനം ചെയ്യേണ്ട പ്രവൃത്തി ധര്മ്മാചാര്യന്മാരുടേതാണ്. വിശ്വഹിന്ദു പരിഷത്തിലൂടെ ഇത്തരത്തില്‍ അസ്പൃശ്യതയെന്ന കളങ്കം ഇല്ലായ്മ ചെയ്യാന്‍ ശ്രീഗുരുജി നടത്തിയ പരിശ്രമം എടുത്തു പറയേണ്ടതാണ്. ഈ പശ്ചാത്തലത്തില്‍, 1966ല്‍ പ്രയാഗിലെ കുംഭമേളയുടെ അവസരവും 1969ല്‍ ഉഡുപ്പിയില്‍ നടന്ന സമ്മേളനങ്ങളും അതീവ പ്രാധാന്യമര്‍ഹിക്കുന്നവയാണ്. പ്രയാഗില്‍ നടന്ന സമ്മേളനത്തിലാണ് മതം മാറിപ്പോയ ഹിന്ദുക്കളുടെ ഘര്‍വാപസിയെ സംബന്ധിക്കുന്ന പ്രമേയം അംഗീകരിച്ചതും ‘ന ഹിന്ദു: പതിതോ ഭവേത്’ (ഹിന്ദുക്കളില്‍ ആരും പതിതരില്ല) എന്ന പ്രഖ്യാപനം ഉണ്ടായതും. ഉഡുപ്പിയിലെ സമ്മേളനമാകട്ടെ, അസ്പൃശ്യതയെ ധര്‍മ്മം അംഗീകരിക്കുന്നില്ല എന്ന് അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയതോടൊപ്പം ‘ഹിന്ദവ: സോദരാ: സര്‍വേ’ (ഹിന്ദുക്കള്‍ എല്ലാവരും സഹോദരന്മാരാണ്) എന്ന പ്രഖ്യാപനം നടത്തുകയും ചെയ്തു.
ഉഡുപ്പിയിലെ ഐതിഹാസിക സമ്മേളനത്തെക്കുറിച്ച് ശ്രീഗുരുജി തന്റെ അഭിപ്രായം വ്യക്തമാക്കിയത് ഇപ്രകാരമായിരുന്നു: ‘വിശ്വഹിന്ദു പരിഷത്തിന്റെ 1969ലെ ഉഡുപ്പിയില്‍ നടന്ന സമ്മേളനം ഈ ദിശയില്‍ ശരിയായ രീതിയില്‍ പ്രാരംഭം കുറിച്ചിട്ടുണ്ട്. അതില്‍ ശൈവ, വീരശൈവ, മധ്വ, വൈഷ്ണവ, ജൈന, ബൗദ്ധ എന്നിങ്ങനെ എല്ലാഹിന്ദു സമ്പ്രദായത്തില്‍ നിന്നുമുള്ളവരുടെയും പ്രാതിനിധ്യം ഉണ്ടായിരുന്നു. സമ്മേളനം ഐകകണ്ഠ്യേന അംഗീകരിച്ച പ്രമേയം, സമ്പൂര്‍ണ ഹിന്ദുസമാജത്തോടും, മതാദ്ധ്യക്ഷന്മാരുടെയും ധര്‍മ്മാചാര്യന്മാരുടെയും നിര്‍ദ്ദേശാനുസരണം ധാര്‍മ്മികവും സാമൂഹികവുമായ എല്ലാ അനുഷ്ഠാനങ്ങളില്‍ നിന്നും അസ്പൃശ്യത പൂര്‍ണമായും ഇല്ലായ്മ ചെയ്യണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്.
”ആദരണീയരായ ആചാര്യന്മാരുടെയും ധര്മ്മഗുരുക്കന്മാരുടെയും ഐതിഹാസികമായ നിര്‍ദ്ദേശം ഇപ്രകാരമാണ്: ‘സമ്പൂര്‍ണ ഹിന്ദുസമാജവും അഖണ്ഡമായ ഐക്യഭാവനയാല് ഏകീകൃതമാകണം. അതോടൊപ്പം സ്പൃശ്യത, അസ്പൃശ്യത എന്നീ ചിന്തകളും പ്രവൃത്തികളും കാരണം സമാജത്തില്‍ ഉണ്ടാകുന്ന ശൈഥില്യം ഇല്ലായ്മ ചെയ്യുക എന്ന ഉദ്ദേശ്യം നേടുവാന്‍ ലോകത്തെമ്പാടുമുള്ള ഹിന്ദുക്കള്‍ അവരുടെ പരസ്പരമുള്ള പെരുമാറ്റത്തില്‍ ഏകാത്മതയുടെയും സമത്വത്തിന്റെയും ഭാവം പൂര്‍ണമായും പാലിക്കേണ്ടതാണ്.” ഈ പ്രമേയത്തിന്റെ മഹത്വം വിവരിച്ചുകൊണ്ട് ശ്രീ ഗുരുജി പറഞ്ഞത് ഇപ്രകാരമാണ്: ”ഈ പ്രമേയം അംഗീകരിക്കപ്പെട്ടത് ഹിന്ദു സമാജത്തിന്റെ ചരിത്രത്തില്‍ വിപ്ലവകരമായ ഒരു കാല്‍വെപ്പാണെന്ന് നിസ്സംശയം പറയാനാകും. ഇത് വികലമായ ഒരു ആചാരത്തിനുമേല്‍ യഥാര്‍ത്ഥ ധര്‍മ്മ ചിന്ത നേടിയ വിജയത്തിന്റെ സുവര്‍ണ നിമിഷമാണ്” (ശ്രീ ഗുരുജി സമഗ്ര-വാല്യം 11 – പുറം 337-338)
അസ്പൃശ്യത ഉന്മൂലനം ചെയ്യാന്‍ ഡോ. ബാബാസാഹേബ് അംബേദ്കര്‍ വലിയ തോതില്‍ സമരംനടത്തിയിട്ടുണ്ട്. മഹാഡിലും നാസിക്കിലെ കാലാറാം മന്ദിരത്തിലും സത്യഗ്രഹം നടത്തുമ്പോള്‍ അദ്ദേഹത്തിന്റെ നിലപാട് അസ്പൃശ്യതയെ ധര്‍മ്മം അംഗീകരിക്കുന്നില്ലെന്നും ഹിന്ദു ധര്‍മ്മാചാര്യന്മാര്‍ മുന്നോട്ടുവന്ന് ഈ കാര്യം തുറന്നു പറയണം എന്നുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇത് സംഭവിച്ചില്ല. ബാബാസാഹേബിന് പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ കാര്യമാണ് ശ്രീഗുരുജി ചെയ്തുകാണിച്ചത്.
ഉഡുപ്പി സമ്മേളനത്തില്‍ നടന്ന ഒരു സംഭവം ഐതിഹാസികമാണ്. ഈ സമ്മേളനത്തില്‍ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനും കര്‍ണാടക പബ്ലിക് സര്‍വീസ് കമ്മീഷന് അംഗവുമായിരുന്ന ആര്. ഭരണയ്യ പങ്കെടുത്തിരുന്നു. അദ്ദേഹം അസ്പൃശ്യരെന്ന് കരുതപ്പെടുന്ന ജാതിക്കാരനായിരുന്നു. അദ്ദേഹം അദ്ധ്യക്ഷനായിരുന്ന സഭായോഗത്തില്‍ ആയിരുന്നു’ഹിന്ദവഃ സോദരാഃ സര്‍വേ’ എന്ന പ്രമേയം അംഗീകരിക്കപ്പെട്ടത്. ആ വിഷയത്തെ സംബന്ധിച്ച് വിവിധങ്ങളായ പ്രഭാഷണങ്ങള്‍ നടന്നു. പ്രമുഖരായ എല്ലാ ധര്‍മ്മാചാര്യന്മാരും അവരവരുടെ അഭിപ്രായം വ്യക്തമാക്കി. യോഗം അവസാനിച്ചശേഷം വേദിയില്‍ നിന്ന് ഇറങ്ങിവന്ന ഭരണയ്യ ശ്രീഗുരുജിയെ ആലിംഗനം ചെയ്തു. അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഗദ്ഗദത്തോടെ അദ്ദേഹം ശ്രീഗുരുജിയോടു പറഞ്ഞു: ”അങ്ങാണ് ഞങ്ങളെ പിന്തുണയ്ക്കാന്‍ ഓടിയെത്തിയത്. ഉദാത്തമായ ഈ ദൗത്യം ഏറ്റെടുക്കുകയും ഞങ്ങള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുകയും ചെയ്തുകൊണ്ട് അങ്ങ് പ്രകടിപ്പിച്ചത് ശ്രേഷ്ഠമായ മനോഭാവമാണ്” (രാഷ്ട്ര ഋഷി ശ്രീഗുരുജി – വാല്യം 2, പുറം 64).
അസ്പൃശ്യരെ മഹാത്മാഗാന്ധി ‘ഹരിജന്‍’ എന്ന് വിശേഷിപ്പിച്ചു. ഈ പ്രയോഗം വലിയ പ്രശ്നം സൃഷ്ടിക്കുമെന്ന് ഭീമറാവു അംബേദ്കര്‍ പറഞ്ഞിരുന്നു. പുതിയ വാക്പ്രയോഗം കൊണ്ട് അകല്‍ച്ച വര്‍ദ്ധിക്കുമെന്നും, മറിച്ച് മനസ്സിന്റെ ഭാവം മാറില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഹരിജന്‍ എന്ന പദപ്രയോഗത്തെ സംബന്ധിച്ച് ശ്രീഗുരുജിയും വിയോജിപ്പ് വ്യക്തമാക്കിയിരുന്നു. ”ഒരിക്കല്‍ ഗാന്ധിജിയെ കണ്ട അവസരത്തില്‍, ഹരിജന്‍ എന്ന വാക്കിന്റെ അര്‍ത്ഥം എത്ര പവിത്രമായാലും പുതിയ ഈ പദം വിഭാഗീയതക്ക് വഴിമരുന്നിടുകയും സാമാജികമായ ഐക്യത്തിന് വിഘാതമായ രാജനൈതിക സ്വാര്ത്ഥസമൂഹങ്ങളെ സൃഷ്ടിക്കുകയും ചെയ്യുമെന്ന ആശങ്ക ഞാന്‍ അദ്ദേഹത്തോട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്തരമൊരു ആശങ്ക ഗാന്ധിജിക്ക് ഇല്ലായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഈ വിടവ് നികത്തുന്നതിന് പകരം വര്‍ഷം കഴിയുന്തോറും അത് വര്‍ദ്ധിച്ചു വരികയാണ് (ശ്രീഗുരുജി സമഗ്ര: വാല്യം 11, പുറം 337-338).അസ്പൃശ്യത ഇല്ലാതാക്കാനുള്ള ഉപായങ്ങളെക്കുറിച്ചും ശ്രീഗുരുജി ചര്‍ച്ച ചെയ്തിട്ടുണ്ട്.
ചോദ്യം: അസ്പൃശ്യതയുടെ പ്രശ്നം എങ്ങനെയാണ് പരിഹരിക്കാനാവുക?
ഉത്തരം: അസ്പൃശ്യതയുടെ പ്രശ്നം അത്യന്തം വികൃതമായി തീര്‍ന്നിട്ടുണ്ട്. പക്ഷെ, അത് സ്വയം പരിഹൃതമാകുന്ന വഴിയിലാണുള്ളത്. അത് എത്ര വേഗം പരിഹരിക്കപ്പെടുന്നോ അത്രയും ഉത്തമമായിരിക്കും. എന്നാല്‍, ‘അസ്പൃശ്യതാ നിവാരണ യജ്ഞം’ എന്ന് കൊട്ടിഘോഷിക്കുന്ന തരത്തിലുള്ള നടപടി കൈക്കൊണ്ടാല്‍’ നിവാരണത്തിന് പകരം ‘സംഘര്‍ഷം’ മാത്രം വര്‍ദ്ധിക്കുകയും, ദുരാഗ്രഹം ഉടലെടുക്കുകയും ചെയ്യും. അതിനാല്‍ പ്രതീക്ഷിച്ച ഫലം കൈവരുന്നതിനു പകരം പ്രശ്നം കൂടുതല്‍ സങ്കീര്‍ണമായിത്തീരുകയും ചെയ്യും. അതുകൊണ്ട് അസ്പൃശ്യരെന്ന് അറിയപ്പെടുന്നവരെ ശുദ്ധീകരിക്കുന്നതിനേക്കാള്‍ അത്യന്തം സരളമായ ഏതെങ്കിലും വിധി തയ്യാറാക്കുവാനാണ് ഞങ്ങളുടെ ശ്രമം. ധര്‍മ്മാചാര്യന്മാര്‍ ഈ വിധി നിര്‍ദ്ദേശിക്കുകയും അതിന് അംഗീകാരം നല്‍കുകയും ചെയ്താല്‍, അതിന് വേണ്ടി ധര്‍മ്മം തന്നെ പ്രത്യക്ഷത്തില്‍ നിലകൊള്ളുകയും തല്‍ഫലമായി എതിരാളികളുടെ എതിര്‍പ്പ് നിര്‍വീര്യമാവുകയും ചെയ്യും.
ചോദ്യം: ഈ വിധി അത്ര എളുപ്പമാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
ഉത്തരം: കഴുത്തില്‍ മാലയണിഞ്ഞ് പ്രണാമവും നാമസ്മരണവും മാത്രം ചെയ്യുന്ന പോലെ അത്രയും സരളമായിരിക്കും (ശ്രീ ഗുരുജി സമഗ്ര: വാല്യം 7, പുറം 169-170).
ശ്രീഗുരുജി ചൂണ്ടിക്കാണിച്ച മാര്‍ഗ്ഗം ശരിയല്ലെന്ന് പറഞ്ഞ് പൂനെയിലെ പ്രഗത്ഭനായ വ്യക്തി ശിരൂഭാവു ലിമയേ ഒരു ചോദ്യം ഉന്നയിച്ചു.
ലിമയെ: അസ്പൃശ്യത അവസാനിപ്പിക്കാന്‍ താങ്കള്‍ നിര്‍ദ്ദേശിച്ച മാര്‍ഗ്ഗം സരളമാണെന്ന് താങ്കള്‍ പറയുന്നു. എന്നാല്‍, ആരാണ് അസ്പൃശ്യന്? അസ്പൃശ്യരെ ശുദ്ധീകരിക്കാനുള്ള അധികാരം ഈ ധര്‍മ്മാചാര്യന്മാര്‍ക്ക് ആരാണ് നല്‍കിയത്? അവര്‍ ധര്മ്മാചാര്യന്മാരാണെന്ന് ഞങ്ങള്‍ അംഗീകരിക്കുന്നില്ല.
ശ്രീഗുരുജി: ചില കാര്യങ്ങളില്‍ നാം പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അസ്പൃശ്യത കേവലം അസ്പൃശ്യരുടെ പ്രശ്നമല്ല. ആര്, എവിടെ ജനിക്കണം എന്ന് നിശ്ചയിക്കാന്‍ ആര്‍ക്കും സാധ്യമല്ല. ഞാന്‍ ഇന്ന കുലത്തില്‍ ജനിക്കും എന്ന് ആര്‍ക്കാണ് പറയാനാവുക! അതുകൊണ്ട്, അസ്പൃശ്യത സവര്‍ണരുടെ സങ്കുചിത മനോഭാവത്തിന്റെ നാമകരണമാണ്! അതായത്, അസ്പൃശ്യത ഉന്മൂലനം ചെയ്യുക എന്നതിന്റെ അര്‍ത്ഥം അതിനു കാരണമായ സങ്കുചിത മനോഭാവത്തെ ഇല്ലാതാക്കുക എന്നതാണ്. അതുപോലെ, അങ്ങോ ഞാനോ ധര്‍മ്മാചാര്യന്മാരെ അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യുന്നതുമായി ഇതിന് യാതൊരു ബന്ധവുമില്ല. അസ്പൃശ്യരെന്ന് പറയപ്പെടുന്നവര്‍ ധര്‍മ്മാചാര്യന്മാരെ അംഗീകരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ധര്മ്മാചാര്യന്മാരിലൂടെ ഈ പ്രശ്നം പരിഹരിക്കാനാവും. അതിനുപുറമെ, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അനേകം ധര്മ്മാചാര്യന്മാരുമായും ശങ്കരാചാര്യന്മാരുമായും എനിക്ക് അടുത്ത ബന്ധമുണ്ട്. അതുകൊണ്ട്, ധര്‍മ്മാചാര്യന്മാര്‍ ഈ കാര്യം ചെയ്യുമെന്ന് എനിക്ക് നിശ്ചയമായും പറയാനാകും. അതായത്, അസ്പൃശ്യത അവസാനിപ്പിക്കാനുള്ള പ്രവര്‍ത്തനം അനേകം പേര് ചെയ്തിട്ടുണ്ട്. മഹാത്മാഗാന്ധിജിക്ക് ഇതില്‍ വലിയ പങ്കുണ്ട്. അസ്പൃശ്യത ഇല്ലാതാക്കാന്‍ നടക്കുന്ന അനേകം സംരംഭങ്ങളില്‍ ഞാനും എന്റേതായ പങ്കുവഹിച്ചിട്ടുണ്ട്. നാം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഇംഗ്ലണ്ടിനേയോ അമേരിക്കയേയോ പോലെ നാം ഭരണഘടനാ മാനസികാവസ്ഥയുള്ള (constitution minded) ആളുകള്‍ അല്ലെന്നതാണ്. അതുകൊണ്ട്, നാം ധര്‍മ്മം അനുശാസിക്കുന്ന തരത്തില്‍ പെരുമാറുന്നവരാണ്. അനേകം സ്ഥലങ്ങളില്‍ വീടുകളില്‍ ഭൂമിപൂജ, വാസ്തുശാന്തി അല്ലെങ്കില്‍ ഗൃഹപ്രവേശം എന്നീ അവസരങ്ങളില്‍ ധാര്‍മ്മിക കാര്യങ്ങള്‍ നടത്താറുണ്ട്.
ഇത്തരം ധാര്‍മ്മിക കാര്യങ്ങള്‍ നടത്തുന്നതിന്റെ ഫലമായി എല്ലാ ബുദ്ധിമുട്ടുകളും അനിഷ്ടങ്ങളും പരിഹൃതമാകും എന്ന ദൃഢവിശ്വാസം ആളുകള്‍ക്കുണ്ട്. വിവാഹ അവസരങ്ങളിലും മറ്റും ഇത് കാണാം. സ്ത്രീയും പുരുഷനും ഒരുമിച്ചാല്‍ അവരുടെ കുടുംബജീവിതം നടക്കാതിരിക്കുകയോ അവര്‍ക്ക് സന്താനങ്ങള്‍ ഉണ്ടാവാതിരിക്കുകയോ ചെയ്യില്ല. എന്നാല്‍ സമാജം ഇതിനെ അംഗീകരിക്കില്ല. അതേസമയം അവര്‍ വിവാഹിതരാണെന്നും അവരുടെ വിവാഹം ധാര്‍മ്മിക സംസ്കാരപ്രകാരമാണ് നടന്നതെന്നും ബോധ്യപ്പെട്ടാല്‍ സമാജം സഹജമായും അവരെ സ്വീകരിക്കും. നമ്മുടെ ഒരു സംസ്ഥാനത്തും സോഷ്യലിസ്റ്റുകാരനായ മുഖ്യമന്ത്രി കൊയ്നാ അണക്കെട്ടിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിന് മുമ്പ് കൊയ്നാ നദിയുടെ മുഖ്യ ജലപ്രവാഹസ്ഥലത്തെത്തി ആ പ്രവാഹത്തിലിറങ്ങിനിന്ന് ശാസ്ത്രവിധിയനുസരിച്ച് സൗഭാഗ്യദ്രവ്യങ്ങള് ഉപയോഗിച്ച് അര്‍ച്ചന നടത്തിയിട്ടുണ്ട്. അതിന്റെ അര്‍ത്ഥം എന്താണ്? മഹത്വപൂര്‍ണമായ ഏതൊരു കാര്യം ചെയ്യുമ്പോഴും അതിന് സമാജത്തിന്റെ അംഗീകാരം ഉണ്ടെങ്കില്‍ അതിന്റെ പേരില്‍ യാതൊരു സംശയത്തിനും ഇടയുണ്ടാവില്ല. ഇതുപോലെ, ധാര്‍മ്മികമായ അംഗീകാരം ഉണ്ടെങ്കില്‍ അത് സമാജത്തെ സന്തുഷ്ടമാക്കും. മറ്റൊരു കാര്യം, ഞാന്‍ നിര്‍ദ്ദേശിച്ച മാര്‍ഗ്ഗത്തിന്റെ ഭാഗമായി അസ്പൃശ്യരെന്ന് വിളിക്കപ്പെടുന്നവര്‍ രാമനാമം ജപിക്കുകയും ഹിന്ദു ധര്‍മ്മാചാര്യന്മാര്‍ അവരെ മാലയണിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒരുപക്ഷെ, ഭരണസംവിധാനത്തിന്റെ വ്യവസ്ഥയനുസരിച്ച് അസ്പൃശ്യത അവസാനിച്ചു എന്നു കരുതിയാല്‍ തന്നെ, അപ്പോഴും അനേകം പേരുടെ മനസ്സിലും സംശയവും അഹങ്കാരവും നിലനിന്നാലും, ധര്‍മ്മാചാര്യന്മാര്‍ ഈ കാര്യം ചെയ്താല്‍ അസ്പൃശ്യരുടെ പിന്നില്‍ ധര്‍മ്മത്തിന്റെ അംഗീകാരം ശക്തമായി നിലയുറപ്പിച്ചിരിക്കുന്നു എന്ന ധാരണ ഉണ്ടാവും. അതിനുശേഷവും ഒറ്റക്കും തെറ്റക്കും ആരെങ്കിലും സംശയമോ അഹങ്കാരമോ കൊണ്ടുനടക്കുന്നുവെങ്കില്‍ അതിനെക്കുറിച്ച് വേവലാതിപ്പെടേണ്ടതില്ല (ശ്രീഗുരുജി സമഗ്ര: വാല്യം 9- പുറം 179-181).
(തുടരും)