ഇദം രാഷ്ട്രായ
സമാഹരണം
കൊ.രാ. ജയകൃഷ്ണന്
കുരുക്ഷേത്ര പ്രകാശന്
പേജ്: 214 വില: 300 രൂപ
ഫോണ്‍: 0484-2338324
ദേശീയതയുടെ നറുമണം പേറിക്കൊണ്ട് കേരളത്തിന്റെ ഗൃഹ-ഗൃഹാന്തരങ്ങളിലൂടെ യാത്ര നടത്തിയ അസംഖ്യം പ്രചാരകന്മാരേയും കാര്യകര്ത്തക്കളെയും പരിചയപ്പെടുത്തുകയും അവരുടെ സാമൂഹ്യ നവീകരണ പരിശ്രമങ്ങളിലേക്ക് വെളിച്ചം വീശുകയും ചെയ്യുന്ന ഒരു ഉത്തമ ഗ്രന്ഥമാണ് ‘ഇദം രാഷ്ട്രായ’ എന്ന പേരില്‍ കുരുക്ഷേത്ര പ്രകാശന്. പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഒരു പ്രചാരകന്റെ അടിസ്ഥാനകര്‍ത്തവ്യം എന്ന ഇതിവൃത്തത്തിലൂടെ കേരളത്തിന്റെ ആദ്യ പ്രാന്തപ്രചാരക് ആയ കെ. ഭാസ്കര്‍ റാവു മുതല്‍ ദുര്‍ഗ്ഗാദാസ് വരെയുള്ള പതിനൊന്ന് കാര്യകര്‍ത്താക്കളുടെ ജീവിതമാണ് ഈ കൃതിയിലൂടെ അനാവരണം ചെയ്യുന്നത്. കൂടാതെ ഈ ഗ്രന്ഥം കേരളത്തിന്റെ സംഘപ്രവര്‍ത്തനത്തിന്റെ ചരിത്രവും ചര്‍ച്ച ചെയ്യുന്നു. വിചാരതപസ്സും സഞ്ചാരതപസ്സും കര്മ്മതപസ്സും കൊണ്ട് കേരളത്തിലെ സംഘപ്രവര്‍ത്തനത്തിന് അടിത്തറ പാകിയ ആദ്യ പ്രാന്തപ്രചാരകാണ് സ്വര്‍ഗ്ഗീയ ഭാസ്കര്‍റാവുജി. കാര്യകര്തൃഗണത്തെ വളര്‍ത്തിയെടുക്കുന്നതിനും വെല്ലുവിളികള്‍ക്കിടയിലും സംഘത്തെ മുന്നോട്ട് നയിക്കുന്നതിനും അദ്ദേഹം നടത്തിയ സാമൂഹ്യ ഇടപെടലുകളുടെ നേര്‍സാക്ഷ്യം നമുക്ക് ഈ കൃതിയില്‍ കാണാം. നാല്പത്തിയാറ് വര്‍ഷക്കാലം കേരളത്തിന്റെ ഹൈന്ദവ സാംസ്കാരിക ആദ്ധ്യാത്മിക രംഗത്തെ നിറസാന്നിധ്യമായ പി.മാധവ്ജിയുടെ ജീവിതം കൂടുതല്‍ വിശാലമായി ഈ ഗ്രന്ഥം ചര്‍ച്ച ചെയ്യുന്നു.
വിദ്യാഭ്യാസരംഗത്ത് ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭാരതിയുടെ മുന്നേറ്റത്തിന് കരുത്ത് പകര്‍ന്ന വ്യക്തിയാണ് എ.വി. ഭാസ്കര്‍ജി. കേരളത്തിന്റെ വിദ്യാഭ്യാസമണ്ഡലത്തില്‍ വിദ്യാഭ്യാസ വിചക്ഷണന്മാരെ സൃഷ്ടിച്ച ഭാസ്കര്‍ജിയുടെ ജീവിതം വിദ്യാനികേതന്‍ എന്ന പ്രസ്ഥാനത്തിന്റെ കൂടി ചരിത്രമാണ്. ചരിത്രം പഠിക്കാനാഗ്രാഹിക്കുന്നവര്ക്ക് മാര്‍ഗ്ഗദര്‍ശകമാണ് ഈ കൃതി.
കേരളത്തിലെ സംഘപ്രചാരക കണ്ണിയില്‍ പ്രധാനിയായ പി.കെ.ചന്ദ്രശേഖര്‍ജിയുടെ ജീവിതത്തിലൂടെയും കര്‍ണ്ണാടകയില്‍ നിന്നും കേരളത്തിലേക്ക് കുടിയേറിപാര്ത്ത് കേരളത്തിന്റെ ആദ്യപ്രാന്തകാര്യാലയ പ്രമുഖ് എന്ന ചുമതല നിര്‍വ്വഹിക്കുകയും 2015ല്‍ ജീവിതാവസാനം വരെ കാര്യാലയത്തിന്റെ മേല്‍നോട്ടക്കാരനാവുകയും ചെയ്ത നാമെല്ലാം മോഹന്‍ജി എന്ന് വിളിക്കുന്ന മോഹന കുക്കിലിയയുടെ ജീവിതവും ചര്‍ച്ച ചെയ്യുന്നു. മലയാള മാധ്യമരംഗത്ത് നിറഞ്ഞ് നില്ക്കുന്ന പ്രമുഖ മാധ്യമസ്ഥാപനമായ കേസരിയുടെ സ്ഥാപക മാനേജരായിരുന്നു എം. രാഘവന്. രാഘവേട്ടന്റെ ജീവിതം കേസരി എന്ന മാധ്യമ സ്ഥാപനത്തിന്റെ ചരിത്രം കൂടിയാണ്.
ചെങ്ങന്നൂര്‍ സംഘജില്ലയിലെ വെണ്മണി എന്ന ഗ്രാമത്തില്‍ നിന്നും അസമിലെ കാമരൂപത്തില്‍ സംഘപ്രചാരകനായിപോയി 1990ന് ശേഷം ധ്രുബി വിഭാഗ് പ്രചാരകനായി പ്രവര്‍ത്തിക്കുമ്പോള്‍ ഉള്‍ഫ ഭീകരര്‍ കൊലപ്പെടുത്തിയ ജി.നാരായണന് കുട്ടി എന്ന പ്രചാരകന്റെ ജീവിതം നമ്മെ രാഷ്ട്ര സുരക്ഷയുടെ പുതിയ പാഠങ്ങള്‍ പഠിപ്പിക്കുന്നു.
കോഴിക്കോടിന്റെ സാമൂഹ്യജീവിത പരിസരത്ത് സമ്പര്‍ക്ക ത്തിന്റെയും സേവനത്തിന്റെയും നിറസാന്നിധ്യമായിരുന്നു കുട്ടി ഗോപാലേട്ടന്. കോവിലകങ്ങളില്‍ നിന്ന് സാധാരണക്കാരന്റെ ജീവിതം തൊട്ടറിഞ്ഞ് സംഘ നൗകയെ നയിച്ച മാങ്കാവ് പടിഞ്ഞാറെ കോവിലകത്തെ പി.സി.മാനവേദരാജ തന്റെ 37-ാം വയസ്സില്‍ ദിവംഗതനായി. അദ്ദേഹത്തിന്റെ ജീവിതം സംഘയാത്രയില്‍ പ്രേരണാദായകമായ ഒന്നാണ് എന്ന് കാണാം.
മലബാര്‍ സിംഹം എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നിലമ്പൂര്‍ കോവിലകത്തെ ടി.എന്‍.ഭരതേട്ടന്റെ പുത്രനാണ് 1981 ജൂലായ് 20ന് തിരുവനന്തപുരത്ത് പ്രചാരകനായിരിക്കേ നിലമേല്‍ കോളേജില്‍ വച്ച് കമ്മ്യൂണിസ്റ്റ് ഭീകരര്‍ കൊലപ്പെടുത്തിയ ദുര്‍ഗ്ഗാദാസ് എന്ന പ്രചാരകന്. സംഭവബഹുലമായ സംഭവങ്ങളിലൂടെയും ചരിത്രങ്ങളിലൂടെയും കടന്നുപോകുന്ന ഈ ഗ്രന്ഥം സംഘപ്രചാരകന്മാരെയും കേരളത്തിലെ സംഘചരിത്രത്തെയും അടുത്തറിയാന്‍ ശ്രമിക്കുന്നവര്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകും. കൂടാതെ ഒപ്പം നടന്നവര്‍ക്ക് ദീപ്തസമരണകള്‍ നല്‍കാനും സാധിക്കുന്ന വിധമാണ് തയ്യാറാക്കിയിരിക്കുന്നത്. മുന്‍ പ്രാന്തപ്രചാരകും കാര്യകാരിസദസ്യനുമായ പി.ആര്.ശശിധരന്റെ ആമുഖത്തോടൊപ്പം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ അവതാരികയും എഴുതിയിരിക്കുന്നു.