ശ്രീ ബാളാസാഹബ് ദേവറസ്
ഡോ. ശരദ് ഹെബാള്‍കര്‍
വിവര്‍ത്തനം: പാ. സന്തോഷ്
കുരുക്ഷേത്ര പ്രകാശന്‍
പേജ്: 272. വില: 340 രൂപ
ഫോണ്‍: 0484-2338324
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രത്തില്‍ അതിന്റെ മൂന്നാം സര്‍സംഘചാലകനായ ബാളാസാഹബ് ദേവറസിന് സവിശേഷമായ ഒരു സ്ഥാനമുണ്ട്. നീണ്ട 21 വര്‍ഷക്കാലം ഈ ചുമതല വഹിച്ചു എന്നതാണ് ഇതില്‍ പ്രധാനപ്പെട്ടത്. രാഷ്ട്രീയവും സാമൂഹ്യവുമായി സ്വതന്ത്രഭാരതത്തിന് നിര്‍ണായകമായിരുന്ന ഈ കാലഘട്ടത്തില്‍ നിരവധി വെല്ലുവിളികളെ നേരിട്ട് രാഷ്ട്രത്തിന്റെ പരമവൈഭവമെന്ന അതിമഹത്തായ ലക്ഷ്യത്തിലേക്ക് സംഘത്തെ നയിക്കാന്‍ കഴിഞ്ഞ മഹാത്മാവാണ് ദേവറസ്ജി.
സംഘം സ്ഥാപിക്കപ്പെട്ടതു മുതലുള്ള 70 വര്‍ഷക്കാലത്തെ സംഭവബഹുലമായ ചരിത്രം ദേവറസ്ജിയുടെ ജീവിതം തന്നെയാണ്. സംഘത്തിനകത്തും പുറത്തും ഇത് വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. പ്രകാശപൂര്‍ണമായ ഈ ജീവിതത്തെ ശരിയായി അടയാളപ്പെടുത്തുന്ന ഒരു പുസ്തകമാണ് ‘ശ്രീ ബാളാ സാഹബ് ദേവറസ്.’ ഡോ. ശരദ് ഹെബാള്‍കര്‍ മറാഠിയില്‍ രചിച്ച് സുഭാഷ സര്‍വടെ ഹിന്ദിയിലേക്ക് മൊഴിമാറ്റിയ ഈ പുസ്തകത്തിന്റെ മലയാള പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത് സംഘത്തിന്റെ ദക്ഷിണ കേരള പ്രാന്ത കാര്യകാരി അംഗം പാ. സന്തോഷ്ജിയാണ്.
സംഘസ്ഥാപകന്‍ തുടക്കമിട്ട ആദ്യ ശാഖയിലെ ബാല സ്വയംസേവകനായിത്തീരുകയും, വിവിധ ചുമതലകളേറ്റെടുത്ത് സര്‍സംഘചാലക് പദവിയിലെത്തുകയും ചെയ്ത ദേവറസ്ജിയുടെ ജീവിതം ലഭ്യമായ പരമാവധി വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആധികാരികമായി ഈ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. സുതാര്യമായ ഒരു വ്യക്തിത്വമായിരുന്നു ദേവറസ്ജിയുടേതെങ്കിലും ആ ജീവിതത്തില്‍ സാധാരണ സ്വയംസേവകര്‍ക്ക് അറിയാത്തതും സംഘപ്രവര്‍ത്തനത്തില്‍ അവര്‍ക്ക് വഴികാട്ടുന്നതുമായ നിരവധി കാര്യങ്ങള്‍ ആദ്യ അഞ്ച് അധ്യായങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നു.
1948 ല്‍ ഗാന്ധിവധത്തിന്റെ മറവില്‍ സംഘത്തെ നിരോധിച്ചതിനെതിരായി സത്യഗ്രഹം സംഘടിപ്പിക്കുന്നതിനും, നിയമവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമായ ഈ നിരോധനം നീക്കാന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ ദേവറസ്ജി വഹിച്ച പങ്കിനെക്കുറിച്ച് വിവരിക്കുന്ന ‘നിരോധനവും സത്യഗ്രഹവും’ എന്ന അധ്യായം ശ്രദ്ധേയമാണ്. സംഘ സ്വയംസേവകര്‍ മാധ്യമരംഗത്തേക്കും രാഷ്ട്രീയ രംഗത്തേക്കും പ്രവേശിച്ചതില്‍ ദേവറസ്ജിയുടെ ഭാഗഭാഗിത്വം എന്തായിരുന്നുവെന്നും ഈ അധ്യായത്തിലുണ്ട്. പൂജനീയ ഗുരുജിയും ദേവറസ്ജിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴവും ഇതില്‍ വായിച്ചെടുക്കാം.
വ്യക്തിയെന്ന നിലയ്ക്കും കുടുംബജീവിതത്തിലും സമൂഹത്തിലും സ്വയംസേവകര്‍ മാമൂലുകള്‍ ഉപേക്ഷിച്ച് മാതൃകാപരമായ ജീവിതം നയിക്കണമെന്ന് നിഷ്‌ക്കര്‍ഷിച്ച ദേവറസ്ജി സാമൂഹ്യ പരിഷ്‌കരണത്തിന്റെ വക്താവായിരുന്നു. സര്‍കാര്യവാഹ് ബാളാസാഹബ്, സാമാജിക സമരസതയും ഹിന്ദു സംഘടനയും എന്നീ അധ്യായങ്ങള്‍ ചിന്തയിലും പ്രവൃത്തിയിലുമുള്ള ദേവറസ്ജിയുടെ പുരോഗമനോന്മുഖമായ ജീവിതം കാട്ടിത്തരുന്നു.
പൂണെയിലെ വസന്താഖ്യാനമാല പ്രഭാഷണ പരമ്പരയില്‍ നടത്തിയ ‘സാമാജിക സമരസതയും ഹിന്ദു സംഘടനയും’ എന്ന പ്രഭാഷണം ആദര്‍ശാത്മക ഹിന്ദുസമൂഹത്തിന്റെ രൂപരേഖയായി കണക്കാക്കാം. ഇതിനെക്കുറിച്ച് വിശദമായിത്തന്നെ പുസ്തകം ചര്‍ച്ചചെയ്യുന്നുണ്ട്. അടിയന്തരാവസ്ഥയിലേക്ക് നയിച്ച അഴിമതിക്കെതിരായ പ്രക്ഷോഭത്തെ പിന്തുണച്ചതും, അടിയന്തരാവസ്ഥയില്‍ ജയിലിലടയ്ക്കപ്പെട്ടതും, സംഘനിരോധനത്തിനെതിരായ വിജയകരമായ പോരാട്ടവുമടക്കം ദേവറസ്ജിയുടെ നേതൃത്വത്തിന്റെ തിളക്കമാര്‍ന്ന ചിത്രങ്ങള്‍ ഗ്രന്ഥകാരന്‍ വരച്ചുകാട്ടുന്നുണ്ട്.
അടിയന്തരാവസ്ഥയെ സംഘം ചെറുത്തുതോല്‍പ്പിച്ചതോടെ ജനനായകനായി മാറിയ ദേവറസ്ജിക്ക് രാജ്യവ്യാപകമായി ലഭിച്ച സ്വീകരണത്തെക്കുറിച്ചും, അക്കാലത്തെ രാഷ്ട്രീയ കാലാവസ്ഥയും മീനാക്ഷിപുരത്തെ കൂട്ട മതംമാറ്റവും ഖാലിസ്ഥാന്‍ പ്രക്ഷോഭവും മറ്റും ‘ചൈതന്യത്തിന്റെ ഉറവിടം’ എന്ന അധ്യായത്തില്‍ പരാമര്‍ശിക്കുന്നു. സംഘസ്ഥാപകനായ ഡോക്ടര്‍ജിയുടെ ജന്മശതാബ്ദി ആഘോഷത്തിന് ദേവറസ്ജി നല്‍കിയ മാര്‍ഗദര്‍ശനത്തെ കുറിച്ച് അടുത്ത അധ്യായത്തില്‍ വിവരിക്കുന്നു.
അയോധ്യ പ്രക്ഷോഭത്തിനിടെ രാമജന്മഭൂമിയിലെ തര്‍ക്കമന്ദിരം തകര്‍ന്നതിന്റെ പേരിലും സംഘം നിരോധിക്കപ്പെട്ടു. ഈ നിരോധനത്തെ നേരിട്ടതും ദേവറസ്ജിയുടെ നേതൃത്വത്തിലായിരുന്നു. അധികം വൈകാതെ ആരോഗ്യം ക്ഷയിക്കുകയും സര്‍സംഘചാലകന്റെ ചുമതല പ്രൊഫ. രാജേന്ദ്ര സിങ്ങിന് കൈമാറുകയും ചെയ്തു. കര്‍മനിരതമായിരുന്ന ആ ജീവിതത്തിന് 1996ല്‍ തിരശ്ശീല വീണു. തന്റെ ഭൗതികദേഹം പൊതു ശ്മശാനത്തിലാവണം സംസ്‌കരിക്കേണ്ടതെന്ന് നേരത്തെ നിര്‍ദ്ദേശിച്ചതിലൂടെ മരണശേഷവും മൂല്യബോധവും വിശ്വാസപ്രമാണവും കൈവെടിയാതിരുന്ന ദേവറസ്ജി ഒരു ആദര്‍ശ ബിംബമായി മാറുകയായിരുന്നു.
വിവര്‍ത്തനം ഹിന്ദിയില്‍ നിന്നായതുകൊണ്ട് വ്യക്തികളുടെ പേരുകളിലും സ്ഥലനാമങ്ങളിലും കൃത്യതയുണ്ട്. വളച്ചുകെട്ടോ വലിച്ചുനീട്ടോ ഇല്ലാത്ത ഭാഷ ആശയവിനിമയത്തെ സുഗമമാക്കുന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തെ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു ജീവചരിത്രമാണിത്.