മാര്‍ത്താണ്ഡവര്‍മ്മ
ചരിത്രവും പുനര്‍വായനയും
ഡോ.എം.ജി.ശശിഭൂഷണ്‍
ഡി.സി.ബുക്‌സ് കോട്ടയം
പേജ്:184 വില: 230 രൂപ
ഫോണ്‍: 7290092216
ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ടാവായ മാര്‍ത്താണ്ഡവര്‍മ്മയെ സമഗ്രമായി വിലയിരുത്തിക്കൊണ്ട് ചരിത്രകാരനായ ഡോ.എം.ജി. ശശിഭൂഷണ്‍ രചിച്ച ഗ്രന്ഥമാണ് ‘മാര്‍ത്താണ്ഡവര്‍മ്മ ചരിത്രവും പുനര്‍വായനയും.’ മാര്‍ത്താണ്ഡവര്‍മ്മയെ കുറിച്ച് നിലവിലുള്ള പല ധാരണകളെയും ഈ കൃതി പൊളിച്ചെഴുതുന്നു.
പന്ത്രണ്ടദ്ധ്യായങ്ങളാണ് ഈ കൃതിയിലുള്ളത്. മാര്‍ത്താണ്ഡവര്‍മ്മ രാജാവായപ്പോള്‍, യുവരാജാവായിരുന്ന കാലം മുതല്‍ തങ്ങളുടെ പിതാവ് അനുഭവിച്ചു പോന്ന സ്വത്തുക്കള്‍ തുടര്‍ന്നും കൈകാര്യം ചെയ്യാന്‍ അനുവദിക്കണമെന്ന് തമ്പിമാര്‍ ആവശ്യപ്പെട്ടു. പപ്പുതമ്പി, രാമന്‍ തമ്പി എന്നെല്ലാം ചരിത്രാഖ്യായികയില്‍ പരാമര്‍ശിക്കുന്ന ഇവരുടെ യഥാര്‍ത്ഥ പേരുകള്‍ തമ്പിരാമന്‍രാമന്‍, തമ്പിരാമന്‍ ആദിച്ചന്‍ എന്നിങ്ങനെയായിരുന്നു. അവര്‍ രാജാവിനോടിടഞ്ഞത് അധികാരം ലഭിക്കാനായിരുന്നില്ല. പൈതൃകമായി തങ്ങള്‍ക്കു കിട്ടിയ വസ്തുവകകള്‍ പിടിച്ചെടുത്ത് രാജാവിനെ അപായപ്പെടുത്താന്‍ അവര്‍ ശ്രമിച്ചു. തമ്പിമാരെ അനുകൂലിച്ച് രാജാവിനെതിരെ പ്രവര്‍ത്തിക്കാന്‍ നായര്‍ മാടമ്പിമാരുമുണ്ടായിരുന്നു. അവര്‍ എട്ടുവീട്ടില്‍ പിള്ളമാര്‍ എന്ന് അറിയപ്പെട്ട പ്രമാണിമാരായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്. എന്നാല്‍ അവര്‍ ചരിത്രാഖ്യായികകളിലും മറ്റും പരാമര്‍ശിക്കുന്ന എട്ടുവീട്ടില്‍പിള്ളമാരല്ല, ചിറയിന്‍കീഴിനടുത്തുള്ള പ്രമാണിമാരായിരുന്നുവെന്ന് ഗ്രന്ഥകാരന്‍ പറയുന്നു. തനിക്കെതിരെ ഉപജാപം നടത്തി അസ്വസ്ഥതയുണ്ടാക്കിയ തമ്പിമാരെ മാര്‍ത്താണ്ഡവര്‍മ്മ വധിച്ചു. അവരെ അനുകൂലിച്ച 42 മാടമ്പിമാരെ കഴുവേറ്റി. അവരുടെ സ്ത്രീകളെയും കുട്ടികളെയും തുറയേറ്റി (കടപ്പുറത്തെ മുക്കുവര്‍ക്കു നല്‍കി). ഇതാണ് ചരിത്രം.
ഒരു വിദേശശക്തിയെ പരാജയപ്പെടുത്തിയ ഭാരതത്തിലെ ആദ്യ നാട്ടുരാജ്യം മാര്‍ത്താണ്ഡവര്‍മ്മ ഭരിച്ചിരുന്ന തിരുവിതാംകൂറാണ്. കുളച്ചല്‍ യുദ്ധത്തില്‍ ഡച്ചുകാരെ തോല്‍പ്പിച്ചു. അവരുടെ പടനായകരായ യൂസ്റ്റേഷ്യസ്ഡിലനോയിയും ഡോണാഡിയും കീഴടങ്ങി തിരുവിതാംകൂര്‍ സൈന്യത്തില്‍ചേരുകയും ചെയ്തു. കീഴടങ്ങിയ ഡച്ചുപടത്തലവന്മാരുടെ സഹായത്താല്‍ തിരുവിതാംകൂര്‍ സൈന്യത്തെ പരിഷ്‌കരിക്കാന്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്കു കഴിഞ്ഞു.
മഹാരാജാവിന്റെ വലംകൈയായി പ്രവര്‍ത്തിച്ച രാമയ്യന്‍ ദളവയെക്കുറിച്ച് ‘മാര്‍ത്താണ്ഡവര്‍മ്മയുടെ ചാണക്യന്‍’ എന്ന അദ്ധ്യായത്തില്‍ വിവരിക്കുന്നു. മാര്‍ത്താണ്ഡവര്‍മ്മ പണികഴിപ്പിച്ച, വാസ്തുശില്പഭംഗികൊണ്ട് ഇന്നും ആരെയും ആകര്‍ഷിക്കുന്ന പദ്മനാഭപുരം കൊട്ടാരത്തിന്റെ സമ്പൂര്‍ണ്ണമായ വിവരണം മറ്റൊരദ്ധ്യായത്തിലുണ്ട്. ‘ശ്രീമാര്‍ത്താണ്ഡമാഹാത്മ്യം കിളിപ്പാട്ട്’, ‘തമ്പിമാര്‍കഥ’, ‘സിവിയുടെ മാര്‍ത്താണ്ഡവര്‍മ്മ’, ‘ലീലാരസജ്ഞനാം മാര്‍ത്താണ്ഡമന്ത്രി’, ‘തൃപ്പടിദാനം’ തുടങ്ങിയ അദ്ധ്യായങ്ങളും ശ്രദ്ധേയങ്ങളാണ്.
തിരുവിതാംകൂറിനു വേണ്ടിയുള്ള യുദ്ധങ്ങളാണ് മാര്‍ത്താണ്ഡവര്‍മ്മ നടത്തിയത്. കന്യാകുമാരി മുതല്‍ കൊച്ചിവരെ അദ്ദേഹം തിരുവിതാംകൂര്‍ വികസിപ്പിച്ചു. മാര്‍ത്താണ്ഡവര്‍മ്മ കൊച്ചിയെ ആക്രമിച്ചില്ല. അതിനാല്‍ ഒരുസാമന്തരാജ്യമായി ആ നാട്ടുരാജ്യം തുടര്‍ന്നു. നിരവധി കമ്പോളങ്ങള്‍ മാര്‍ത്താണ്ഡവര്‍മ്മ വികസിപ്പിച്ചു. വ്യാപാരരംഗവും മാടമ്പിമാരുടെ ഭരണവും രാജഭരണത്തിന്റെ ചൊല്‍പ്പടിയില്‍ നിര്‍ത്താന്‍ മാര്‍ത്താണ്ഡവര്‍മ്മക്ക് കഴിഞ്ഞു. ഭൂമി അളന്നു തിട്ടപ്പെടുത്തിയത് അക്കാലത്താണ്. ആദ്യമായി ഭൂനികുതി ഏര്‍പ്പെടുത്തിയതും അക്കാലത്തുതന്നെ. തപാലിന്റെ ആവിര്‍ഭാവവും ജലഗതാഗത സംരംഭങ്ങളുമെല്ലാം മാര്‍ത്താണ്ഡവര്‍മ്മയുടെ ഭരണനേട്ടങ്ങളായി പറയാം.
അയല്‍രാജ്യങ്ങളെ കീഴ്‌പ്പെടുത്തിയശേഷം തന്റെ രാജ്യം മുഴുവനും ശ്രീപത്മനാഭ സ്വാമിയ്ക്കുസമര്‍പ്പിക്കുകയാണ് മാര്‍ത്താണ്ഡവര്‍മ്മ ചെയ്തത്. ‘തൃപ്പടിദാനം’എന്നറിയപ്പെട്ട ഈനടപടിയിലൂടെ രാജ്യത്തിന്റെ ഭദ്രത ഉറപ്പിക്കാനും ആത്മീയവും നൈതികവുമായ ഒരടിത്തറപാകുവാനും മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് കഴിഞ്ഞു. ആ ഒരു നടപടിയിലൂടെ തിരുവിതാംകൂര്‍ രാജാക്കന്മാരുടെ തലമുറകള്‍ ധാര്‍മിക നിയന്ത്രണത്തിലായി എന്ന കാര്യം മറക്കുന്നതെങ്ങനെ?
തുടര്‍ച്ചയായി യുദ്ധത്തിലേര്‍പ്പെട്ടു കൊണ്ടിരുന്ന മാര്‍ത്താണ്ഡവര്‍മ്മയുടെ സദസ്സിനെ കുറിച്ചും ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നുണ്ട്. കുഞ്ചന്‍ നമ്പ്യാര്‍, രാമപുരത്തുവാര്യര്‍, ദേവരാജശാസ്ത്രി, കൃഷ്ണകവി, ശങ്കുകവി, ഉണ്ണായിവാര്യര്‍ തുടങ്ങിയ പ്രതിഭകള്‍ ആ സദസ്സിലുണ്ടായിരുന്നു.
പ്രതിമകളുടെ നഗരമാണ് തിരുവനന്തപുരം. എന്നാല്‍ തിരുവിതാംകുറിന്റെ ഭൂപടം തിരുത്തിയ, ഉരുക്കുമുഷ്ടി കൊണ്ട് രാജ്യം ഭരിച്ച മാര്‍ത്താണ്ഡവര്‍മ്മയുടെ പ്രതിമ എങ്ങും കാണാനില്ല. അദ്ദേഹത്തിനൊരു സ്മാരകവും തലസ്ഥാനത്തില്ല. ഇക്കാര്യം ചിന്തിക്കുന്ന ഗ്രന്ഥകാരന്‍, പദ്മനാഭപുരം കൊട്ടാരവും ശ്രീപദ്മനാഭ സ്വാമിക്ഷേത്രവും മാര്‍ത്താണ്ഡവര്‍മ്മയുടെ സ്മാരകങ്ങള്‍ തന്നെ എന്ന നിഗമനത്തിലാണ് എത്തുന്നത്.
കെ.ജയകുമാര്‍ ഐഎഎസിന്റെ അവതാരിക ഈ ഗ്രന്ഥത്തിന്റെ മാറ്റുകൂട്ടുന്ന ഒരു നല്ല പഠനമാണ്. നിരവധി രേഖാചിത്രങ്ങള്‍, അപൂര്‍വ്വ ഫോട്ടോകള്‍ എല്ലാം ഈ കൃതിയിലുണ്ട്. അനുബന്ധമായി തൃപ്പടിദാന രേഖ, രാജ്യകാര്യചുരുണ എന്നിവ ചേര്‍ത്തിരിക്കുന്നു. ചരിത്രാന്വേഷികള്‍ക്ക് ഇവ ഏറെ ഗുണപ്രദമാകുമെന്നു പറയേണ്ടതില്ലല്ലോ. തിരുവിതാംകൂര്‍ ചരിത്രത്തെ സംബന്ധിച്ച പുതിയ അറിവുകള്‍ പ്രദാനം ചെയ്യുന്ന ഈ കൃതി ചരിത്രശാഖയ്‌ക്കൊരു കനപ്പെട്ട ഈടുവയ്പ്പായിരിക്കും.