ചാന്ദ്രയാന്‍,
അഭിമാനത്തിന്റെ പാദമുദ്രകള്‍
ഷാബു പ്രസാദ്
വേദ ബുക്‌സ്
പേജ്: 183 വില: 290 രൂപ
ഫോണ്‍: 9539009979
വായിക്കുന്നതെന്താണ്? എങ്ങനെയുള്ളതാണ്? പുസ്തകവായനയെക്കുറിച്ചാണ് ചോദ്യമെങ്കില്‍ പൊതുവേ പറയപ്പെടുന്നത് പ്രവണത (ട്രെന്‍ഡ്), ലളിതമായത്, ടൈംപാസ്, ചെറുത് ഒക്കെയാണ് ആളുകള്‍ക്ക് താല്‍പര്യമെന്ന് ഒരുപക്ഷം. അതല്ല, ഇപ്പറഞ്ഞതൊക്കെ ഡിജിറ്റല്‍ മീഡിയയുടെ കാര്യത്തില്‍ ശരിയാണ്. ഗൗരവമുള്ള, ദീര്‍ഘമായ വായനയിലേക്ക് തിരിഞ്ഞ്, പുസ്തക വായന തിരിച്ചുവരുന്നുവെന്നാണ് മറ്റൊരുപക്ഷം. നോവലിനാണ് വായനക്കാരെന്ന് ചില പുസ്തക പ്രസാധകര്‍ പറയുന്നു. ചുരുക്കത്തില്‍ വായനക്കാര്യത്തില്‍ വ്യത്യസ്ത സ്വഭാവവും രീതിയുമാണ്.
സാമൂഹ്യമാധ്യമങ്ങളുടെ പങ്ക് മുഖ്യധാരാ മാധ്യമങ്ങളെ തിരുത്തുകയാണെന്നൊക്കെയായിരുന്നു ഒരുകാലത്തെ അവകാശവാദം. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ വരുന്ന വിവരങ്ങള്‍ ശരിയോ എന്ന് പരിശോധിക്കാന്‍ ‘ഫാക്ട് ചെക്കിങ്’ സംവിധാനങ്ങള്‍ വേണ്ടിവന്നിരിക്കുന്നു. ഇത് ഏറെ ബാധിച്ചിരിക്കുന്നത് ശാസ്ത്രീയ വിഷയങ്ങളിലാണ്. ആരോഗ്യരംഗത്ത് ഈ തരത്തില്‍ അല്‍പ്പജ്ഞാനവും അജ്ഞാനവും പ്രചരിക്കുന്നത് അപകടകരമായ രീതിയിലെത്തിയിട്ടുണ്ട്. എന്നാല്‍ മനസ്സിലാക്കേണ്ട മറ്റൊന്നുണ്ട്; ശാസ്ത്ര സംബന്ധിയായ വിവരങ്ങള്‍ കിട്ടാന്‍ ആളുകള്‍ക്ക് താല്‍പ്പര്യമുണ്ട്.
ഈ സാഹചര്യത്തില്‍ ശാസ്ത്രം ശാസ്ത്രീയമായി വായിപ്പിക്കുക എന്നൊരു ദൗത്യം നിര്‍വഹിക്കാന്‍ എഴുത്തുകാരനും പ്രസാധകര്‍ക്കും ചുമതലയുണ്ട്. പക്ഷേ, അവിടെയുമുണ്ട് പ്രതിസന്ധി. ശാസ്ത്രവും ശാസ്ത്രീയ വിവരവും വായിച്ചറിയാന്‍ ഇപ്പോള്‍ പൊതുവേ താല്‍പ്പര്യം കുറവാണ്. വായിക്കുന്നവരില്‍ അധികംപേരും പിന്തുടരുന്നത് ശാസ്ത്രീയമായ ഫിക്ഷനുകളാണ്. സങ്കല്‍പ്പ കഥകള്‍. അതെന്താവും കാരണമെന്ന് അന്വേഷിച്ചാല്‍ അവ രസിപ്പിക്കുന്നു എന്നതുതന്നെയാണ്. അപ്പോള്‍ എഴുത്തുകാരനും പ്രസാധകനും വലിയൊരു ധര്‍മ്മം ഇക്കാര്യത്തിലുണ്ട്. ശാസ്ത്രം വായിപ്പിക്കുക എന്ന ധര്‍മ്മം.
അതിന് ആദ്യം വേണ്ടത് ശാസ്ത്രമെഴുത്തിന് വേറിട്ടൊരു ശൈലി ഉണ്ടാവുക എന്നതാണ്. സാമൂഹ്യമാധ്യമങ്ങള്‍ നമ്മുടെ മനസ്സ് അങ്ങനെയാക്കി. ലളിതമായി, ചുരുക്കി, ആകര്‍ഷകമായി പറയുക. ഏത് എഴുത്തിനും അതാണ് ആവശ്യം, എങ്കിലും ശാസ്ത്രത്തിന്റെ കാര്യത്തില്‍ അധികം പരിശ്രമം വേണ്ടിവരും. പ്രസാധകന്‍ കൂടിയായ എഴുത്തുകാരന്‍ ഷാബു പ്രസാദ് എഴുതിയ ‘ചാന്ദ്രയാന്‍.. അഭിമാനത്തിന്റെ പാദമുദ്രകള്‍’ എന്ന പുസ്തകം ശാസ്ത്രമെഴുത്തിന്റെ നല്ലൊരു വഴിയാണ്.
ഭാരതത്തിന്റെ അഭിമാന നേട്ടവും ലോകത്തിന്റെ അത്ഭുത നോട്ടവും നിലാവുതെളിയിച്ച ശാസ്ത്രക്കുതിപ്പാണ് ചാന്ദ്രയാന്‍. അവികസിതമായ, വികസ്വരമായ രാജ്യമെന്ന് ഭാരതത്തെ ആക്ഷേപിച്ചും അവഗണിച്ചും കഴിയുന്ന കാലത്താണ് ഈ ആകാശക്കുതിപ്പുണ്ടായത്. അതേക്കുറിച്ചുള്ള ചരിത്രവും ശാസ്ത്രവും അതിസൂക്ഷ്മമായി അവതരിപ്പിക്കുകയാണ് ഈ പുസ്തകം. 28 അദ്ധ്യായങ്ങള്‍, ഓരോന്നും ഓരോ വിഷയം കുറുക്കി അവതരിപ്പിച്ചിരിക്കുന്നു. ഓരോന്നിലും കനപ്പെട്ട ഉള്ളടക്കം. പുസ്തകത്തിന്റെ അവതാരിക ഐഎസ്ആര്‍ഒ ചെയര്‍മാനും ചാന്ദ്രയാന്റെ വിജയവേളയില്‍ ചുക്കാന്‍ പിടിച്ചയാളുമായ എസ്. സോമനാഥ്. പുസ്തകത്തിനൊടുവില്‍, ഐഎസ്ആര്‍ഒ ചെയര്‍മാനുമായി നടത്തിയ സുദീര്‍ഘ അഭിമുഖ സംഭാഷണവുമുണ്ട്. 183 പേജില്‍ കനപ്പെട്ട വിവരങ്ങളടങ്ങിയ ആകാശ ശാസ്ത്രത്തെ ഉള്ളടക്കിയിരിക്കുന്നു.
ഏറെ സാങ്കേതിക വിഷയം വിവരിക്കുന്ന ക്രയോജനിക് എഞ്ചിന്‍ എന്ന അദ്ധ്യായത്തില്‍ നിന്ന്: ”ഇന്ധനം കത്തുമ്പോഴുണ്ടാകുന്ന വാതകങ്ങള്‍ ഒരു നോസിലില്‍ കൂടി അതിശക്തമായി പുറത്തേക്ക് പോകുമ്പോള്‍ എതിര്‍ ദിശയിലുണ്ടാകുന്ന തള്ളലിലാണല്ലോ റോക്കറ്റ് കുതിക്കുന്നത്.
റോക്കറ്റ് ഇന്ധനങ്ങള്‍, അവ ദ്രവ ഇന്ധനമായാലും ഖര ഇന്ധനമായാലും ജ്വലനശേഷിയും ഊര്‍ജ്ജം പുറത്തുവിടാനുള്ള ശേഷിയും അതിലടങ്ങിയിരിക്കുന്ന ഊര്‍ജ്ജത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.
ഉദാഹരണത്തിന്, കടലാസ് കത്തുമ്പോഴുള്ള ചൂടല്ലല്ലോ മണ്ണെണ്ണ കത്തുമ്പോള്‍. ചിരട്ടക്കനലിന്റെ ചൂട് 900 ഡിഗ്രിയോളം വരും. സിഗരറ്റ് കത്തുന്നത് 500 ഡിഗ്രിയിലാണ്. അതുകൊണ്ടാണ് സിഗരറ്റ് കൊണ്ടുള്ള പൊള്ളല്‍ മാരകമാകുന്നത്. ബൈക്കിന്റെ സൈലന്‍സര്‍ തട്ടിയുള്ള പൊള്ളലും ഇങ്ങനെതന്നെ. റോക്കറ്റ് നൂറുകണക്കിനു ടണ്‍ ഉള്ള വലിയ ഒരു ബോഡി ആണെങ്കിലും അതിന്റെ അറ്റത്തുള്ള ഒരു ചെറിയ കഷ്ണം, അഥവാ പേലോഡ് മാത്രമേ ബഹിരാകാശത്ത് എത്തുകയുള്ളു. ബാക്കിയെല്ലാം എരിഞ്ഞെരിഞ്ഞു തീരും…” രസകരമാണ് ഈ എഴുത്ത്. വായനക്കാരന്‍ അറിയാതെ അവര്‍ക്ക് വിവരങ്ങള്‍ കൊടുത്ത് ‘അറിവിന്റെ വയറ്’ നിറയ്ക്കും. ഒരേസമയം ക്വിസ് മത്സരത്തിനും ഗവേഷണത്തിനും തയ്യാറാക്കുന്ന ശാസ്ത്രരചന. ഒന്നുകൂടി, ബഹിരാകാശത്തെ രാഷ്ട്രീയം അറിയണോ? ഭൂമിയില്‍, ഭൂഖണ്ഡങ്ങളില്‍, രാജ്യങ്ങളില്‍, ഭരണകര്‍ത്താക്കളിലാണ് അതിന്റെ റിമോട്ട് കണ്‍ട്രോളെങ്കിലും ഈ പുസ്തകം ബഹിരാകാശ രാഷ്ട്രീയവും പറയുന്നുണ്ട്.