3.0 രാഷ്ട്രീയ ചരിത്രം,
മൂന്നാം കണ്ണിലൂടെ
കാവാലം ശശികുമാര്‍
വേദ ബുക്‌സ്
പേജ്: 207 വില: 290 രൂപ
ഫോണ്‍: 9539009979
പ്രശസ്ത പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ കാവാലം ശശികുമാര്‍ എഴുതിയ ‘3.0 രാഷ്ട്രീയ ചരിത്രം, മൂന്നാം കണ്ണിലൂടെ’ എന്ന പുസ്തകം രാഷ്ടീയ ചരിത്രകാരന്മാര്‍ പറയാന്‍ വിമുഖത കാട്ടിയ ദേശീയ രാഷ്ട്രീയത്തിലെ മൂന്നാം പാതയെക്കുറിച്ചുള്ള ആധികാരികമായ അന്വേഷണമാണ്. ജനാധിപത്യ സംവിധാനത്തില്‍ മുന്നണി സംവിധാനത്തിന് പ്രസക്തി ഏറെയാണ്. ദേശീയ രാഷ്ട്രീയ ചരിത്രം പലപ്പോഴും ചെറുതും വലുതുമായ മുന്നണി രാഷ്ട്രീയത്തിന്റെ വാഴ്ചയുടെയും വീഴ്ചയുടെയും ചരിത്രം കൂടിയാണ്. അതിനു പിന്നിലെ അടിയൊഴുക്കുകളെക്കുറിച്ച് ആഴത്തിലും പരപ്പിലുമുള്ള പഠനമാണ് ഈ കൃതി. 1952ല്‍ നടന്ന ആദ്യത്തെ പൊതുതിരഞ്ഞെടുപ്പു മുതല്‍ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളുടെ നേതൃത്വത്തില്‍ രൂപം കൊണ്ട മുന്നണികളുടെ കുതിപ്പും കിതപ്പുമെല്ലാം ഇവിടെ വസ്തുനിഷ്ഠമായി അവലോകനം ചെയ്യപ്പെടുന്നു. ജനാധിപത്യ പ്രക്രിയയുടെ ആരോഗ്യകരമായ മുന്നോട്ടുള്ള പ്രയാണത്തിന് ഇത്തരം അന്വേഷണങ്ങള്‍ എന്നും ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്. ദേശീയ രാഷ്ട്രീയത്തിന്റെ ചരിത്രമെഴുത്തിലെ പുതിയൊരു ധാരയുടെ തുടക്കമാവാം ഇതെന്ന ഗ്രന്ഥകര്‍ത്താവിന്റെ പ്രത്യാശ ഇവിടെ സാര്‍ത്ഥകമാവുകയാണ്. ആറു പതിറ്റാണ്ടുകള്‍ക്കിപ്പുറം ശക്തമായ മുന്നണി സംവിധാനത്തിന്റെ പിന്‍ബലത്തില്‍ മോദി സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ വന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. ദീര്‍ഘകാലത്തെ പത്രപ്രവര്‍ത്തന പാരമ്പര്യവും ഭാഷാ പരിജ്ഞാനവും ശ്രമകരമായ ഈ ഉദ്യമത്തെ അയത്‌നലളിതമാക്കുന്നു.
മൂന്നാം പാതയുടെ അടിവേരുകള്‍ അന്വേഷിച്ചു ചെല്ലുമ്പോള്‍ പതിറ്റാണ്ടുകള്‍ പുറകോട്ടു പോവേണ്ടിവരും. അവിടെ നാം കാണുന്നത് കാവാലം ചൂണ്ടിക്കാട്ടിയതുപോലെ രാഷ്ട്രീയ ചരിത്രമെഴുത്തുകാര്‍ പറയാതെ പോയ ചരിത്രസത്യങ്ങളാണ്. എന്നാല്‍ പാര്‍ലമെന്റില്‍ ആദ്യത്തെ പ്രതിപക്ഷ നേതാവായി മുഖര്‍ജി തെരഞ്ഞെടുക്കപ്പെട്ടത് ദേശീയ തലത്തില്‍ രൂപം കൊള്ളാനിരുന്ന വിശാല സഖ്യത്തിന്റെ സൂചനയായി മാറി. സ്വാതന്ത്ര്യം കിട്ടി. പക്ഷെ സ്വാതന്ത്ര്യത്തിന്റെ സാഫല്യമുണ്ടായില്ല. അഥവാ ഇന്ത്യ സ്വാതന്ത്ര്യം നേടി പക്ഷെ ഇന്ത്യക്കാര്‍ സ്വതന്ത്രരായില്ല, എന്തുകൊണ്ട് എന്ന ചോദ്യമാണ് ജനസംഘത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്. അത് കാലഘട്ടത്തിന്റെ അനിവാര്യതയായിരുന്നുവെന്ന് നമ്മള്‍ തിരിച്ചറിയുന്നു. 1952-ല്‍ നടന്ന ആദ്യത്തെ പൊതു തിരഞ്ഞെടുപ്പില്‍ ജനസംഘം മൂന്ന് സീറ്റ് നേടി. അകാലിദള്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടി എന്നീ സംഘടനകള്‍ ചേര്‍ന്ന് മുഖര്‍ജിയുടെ നേതൃത്വത്തില്‍ നാഷണല്‍ ഡമോക്രാറ്റിക് ഫ്രണ്ട് രൂപീകരിക്കുകയും മൂഖര്‍ജി പ്രഥമ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അതൊരു തുടക്കമായിരുന്നു. പിന്നീട് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അതിനെതിരെ ജനതാപാര്‍ട്ടി ഒരു മുന്നണിയായി രംഗത്തു വന്നു. 54.9% വോട്ടു നേടാനായത് മുന്നണിയുടെ ശക്തമായ ജനപിന്തുണയാണ് വിളിച്ചു പറഞ്ഞത്. ഇന്നിപ്പോള്‍ മോദി മൂന്നാമതും അധികാരത്തില്‍ വരുമ്പോള്‍ അതിന്റെ ഭാഗമായി നിലവില്‍ വന്ന മുന്നണിയും കാവാലം അടിവരയിട്ട അതേ അന്തര്‍ധാരയുടെ സൃഷ്ടിയാണ്.
സാമാന്യം സുദീര്‍ഘമായ 38 അദ്ധ്യായങ്ങളിലൂടെ കടന്നുപോവുമ്പോള്‍ സംഭവ ബഹുലമായ ദേശീയരാഷ്ട്രീയത്തിന്നഭിമുഖമായി പിടിച്ച കണ്ണാടിയായി കാവാലത്തിന്റെ പുസ്തകം മാറുന്നു. ഒരു ജനതയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ അടയാളപ്പെടുത്തിയ ചരിത്രമുഹൂര്‍ത്തങ്ങളെല്ലാം നമുക്കദ്ദേഹം അനുഭവപ്പെടുത്തിത്തരുന്നുണ്ട്. അന്വേഷണാത്മക പത്രപ്രവര്‍ത്തകന്റെ ലക്ഷണമൊത്ത നിരീക്ഷണ മികവോടെ തന്നെ. ആനുകാലിക സംഭവവികാസങ്ങളുമായി ചേര്‍ത്തുവെച്ച് നടത്തുന്ന വിലയിരുത്തലുകള്‍ വിഷയത്തെ കാലികപ്രസക്തമാക്കുന്നു. ചരിത്രം അതേതായാലും പഠിക്കുന്നത് പാഠമുള്‍ക്കൊള്ളാന്‍ വേണ്ടിയാണ്. അങ്ങനെയെങ്കില്‍ കാവാലത്തിന്റെ മൂന്നാം കണ്ണിലൂടെ കാണുന്ന രാഷ്ട്രീയ ചരിത്രത്തില്‍ നിന്നും പഠിക്കാനേറെയുണ്ട്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ അകവും പുറവും അന്വേഷിച്ചു പോവുന്ന ‘രാഷ്ട്രീയാതീതമാവാന്‍ കാലമായില്ല’ എന്ന രണ്ടാം അദ്ധ്യായം തന്നെ ഉദാഹരണം. ‘ഭരണത്തില്‍ നടപടികള്‍ രാഷ്ട്രീയാതീതമാവാം. പക്ഷെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയും രാഷ്ട്രീയവുമാണ് പ്രധാനം’ എന്ന നിരീക്ഷണം അടിവരയിടേണ്ടതു തന്നെയാണ്. ഏതൊരു രാഷ്ട്രീയ വിദ്യാര്‍ത്ഥിക്കും പാഠമാവേണ്ടതുമാണ്. വിഷയം ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു പോവുകയല്ല കാര്യകാരണ സഹിതം സമര്‍ത്ഥിക്കുന്നുമുണ്ട്.
ജാതി മത രാഷ്ട്രീയം എല്ലാ അതിരുകളും ലംഘിച്ച് വിഷലിപ്തമാവുന്ന കാലഘട്ടത്തില്‍ അത് ഏറെ പ്രസക്തമാവുന്നു. മൂന്നാമൂഴത്തിന്റെ രാഷ്ട്രീയ പ്രാധാന്യത്തെക്കുറിച്ച് പറയുമ്പോഴും അദ്ദേഹം മറുപുറം കാണാതെ പോവുന്നില്ല. നേതൃസ്ഥാനത്തിരിക്കുന്നവര്‍ നടത്തിയ അശ്രദ്ധമായ പ്രസ്താവനകള്‍ എങ്ങനെ ബൂമറാങ്ങായി മാറിയെന്ന് ചൂണ്ടിക്കാണിക്കാനും അദ്ദേഹം മടി കാണിക്കുന്നില്ല. കാഴ്ചപ്പാടുകള്‍ സത്യസന്ധമാവുന്നത് അപ്പോഴാണല്ലൊ.
രാഷ്ട്രീയത്തെ ഗൗരവത്തോടെ കാണുന്നവര്‍ക്ക് വ്യക്തമായ ദിശാബോധവും ഉള്‍ക്കാഴ്ചയും നല്‍കുന്നതാണ് ഈ ഗ്രന്ഥമെന്ന് തീര്‍ത്തു പറയാം. ഗ്രന്ഥകര്‍ത്താവിന്റെ പ്രതീക്ഷക്കനുസരിച്ച് ദേശീയ രാഷ്ട്രീയത്തിലെ ഈ നൂതന ധാരയില്‍ നിന്ന് പുതിയ ചിന്തയും നിരീക്ഷണങ്ങളും മുളപൊട്ടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.