- വസിഷ്ഠസന്ദേശം (വിശ്വാമിത്രന്‍ 1)
- വസിഷ്ഠസല്‍ക്കാരം (വിശ്വാമിത്രന്‍ 2)
- കാമധേനു ( വിശ്വാമിത്രന്‍ 3)
- വിശ്വാമിത്രനോടൊപ്പം രാമലക്ഷ്മണന്മാര്‍ (വിശ്വാമിത്രന്‍ 23)
- ബ്രഹ്മര്‍ഷി (വിശ്വാമിത്രന്‍ 4)
- വസിഷ്ഠചിന്ത (വിശ്വാമിത്രന്‍ 5)
- കന്യാകുബ്ജം (വിശ്വാമിത്രന്‍ 6)
വിശ്വാമിത്രന്റെ ആശ്രമം മാത്രമല്ല മറ്റു ആചാര്യന്മാരുടെ ആശ്രമങ്ങളും രാക്ഷസന്മാര്‍ ആക്രമിക്കുന്നുണ്ടെന്നും അവരെ പ്രതിരോധിക്കാന്‍ രാമന്റെ സഹായം വേണമെന്ന് വിശ്വാമിത്രന്‍ പറയുന്നതിന്റെ പൊരുള്‍ എന്തെന്നും വസിഷ്ഠനും രാമനുമല്ലാതെ മറ്റാര്‍ക്കും മനസ്സിലായില്ല. എന്താണ് യുവരാജാവായ രാമന് അനുഷ്ഠിക്കാനുണ്ടാവുക എന്ന് നന്നായി അറിയാവുന്ന വസിഷ്ഠന്‍ ഒന്നും സംസാരിച്ചില്ല. വിശ്വാമിത്രന്റെ വാക്കുകളെ ചോദ്യം ചെയ്യുവാനോ നിരാകരിക്കുവാനോ രാജസദസ്സില്‍നിന്ന് ആരും എഴുന്നേറ്റില്ല. എന്താണ് പറയേണ്ടത് എന്നറിയാതെ ദശരഥന്‍ വസിഷ്ഠനെ നോക്കി. വസിഷ്ഠന്‍ ഒന്നും പറയാതെ തല കുമ്പിട്ടിരുന്നു.
വിശ്വാമിത്രന് ആദ്യംതന്നെ വാക്കുകൊടുത്ത സ്ഥിതിക്ക് ഇനി അത് മാറ്റിപ്പറയാനും ദശരഥന് കഴിയില്ല. എങ്കിലും ശക്തരായ രാക്ഷസര്‍ സൈ്വരവിഹാരം നത്തുന്ന കൊടും കാട്ടിലേയ്ക്ക് രാമനെ എങ്ങനെ പറഞ്ഞുവിടും എന്ന് ചിന്തിച്ച് ദശരഥന്‍ പരവശനായി. രാജസദസ്സ് കുറെ നേരം നിശ്ശബ്ദമായി നിലകൊണ്ടു. നിശ്ശബ്ദതയെ ദശരഥന്‍തന്നെ ഭഞ്ജിച്ചു.
”മഹര്‍ഷേ, അങ്ങയുടെ തപസ്സിന് ഭംഗംവരുത്തുന്നവരെ ഞാന്‍ സൈന്യസമേതംവന്ന് നേരിട്ടുകൊള്ളാം. എന്റെ സൈന്യം മുഴുവനും അങ്ങേക്ക്‌വേണ്ടി എന്തിനും സജ്ജമാണ്. ദയവായി എന്റെ പ്രിയ പുത്രനെ..” ദശരഥന്റെ വാക്കുകള്‍ ഇടറിയിരുന്നു.
”രാമനെയാണ് ഞാന്‍ ആവശ്യപ്പെട്ടത്, സൈന്യത്തേയല്ല. എനിക്കു രാമനെ വേണം. രാമനെ തനിച്ചുവിടാന്‍ മനസ്സ് അനുവദിക്കുന്നില്ലെങ്കില്‍ ഒപ്പം ലക്ഷ്മണനെക്കൂടി അയച്ചോളൂ.” ദശരഥനെ രൂക്ഷമായി നോക്കിക്കൊണ്ട് വിശ്വാമിത്രന്‍ പറഞ്ഞു.
രാജസദസ്സിന്റെ ഒരു കോണില്‍ മ്ലാനമായ മുഖത്തോടെ വിശ്വാമിത്രന്‍ പറഞ്ഞത് കേട്ടുകൊണ്ട് കൗസല്യ നില്‍ക്കുന്നുണ്ടായിരുന്നു. മഹാമനീഷിയായ വിശ്വാമിത്ര മഹര്‍ഷിയോടൊപ്പം കുറച്ചുനാളുകളെങ്കിലും കഴിയാന്‍ തന്റെ പുത്രന് അവസരം ഉണ്ടായാല്‍, മഹര്‍ഷി ആര്‍ജ്ജിച്ച സര്‍വ്വജ്ഞാനവും നേടി രാമന്‍ കൂടുതല്‍ കരുത്തനാകുമെന്ന്ചിന്തിച്ചപ്പോള്‍ കൗസല്യയ്ക്കു സന്തോഷം തോന്നി. എന്നാല്‍ രാമനെ പിരിഞ്ഞിരിക്കണമല്ലോ എന്ന് ചിന്തിച്ചപ്പോള്‍ ഉള്ളില്‍ പ്രയാസവും ഉണ്ടായി.
രാമനെ അയോദ്ധ്യയിലെ രാജാവാക്കാന്‍ ദശരഥന്‍ തയ്യാറായാലും കൈകേയി തടസ്സം നില്‍ക്കുമെന്ന് കൗസല്യയ്ക്കറിയാം. രാമന് അധികാരത്തോട് തീരെ ഭ്രമമില്ലെങ്കിലും അയോദ്ധ്യയിലെ രാജാവാകാന്‍ രാമനാണ് യോഗ്യനെന്നു തെളിയിക്കാന്‍ കിട്ടുന്ന ഒരു അവസരമായിട്ടാണ് ഈ സന്ദര്‍ഭത്തെ കൗസല്യ കണ്ടത്. എന്നാല്‍ രാമന്റെ അസാന്നിധ്യത്തില്‍ ഭരതനെ കിരീടാവകാശിയായി പെട്ടെന്ന് പ്രഖ്യാപിക്കണമെന്ന് കൈകേയി നിര്‍ബ്ബന്ധിക്കുമോ എന്ന ഭയവും അവരുടെ ഉള്ളിലുണ്ടായി.
രാജസദസ്സില്‍ ഇരിക്കുന്നവര്‍ക്കെല്ലാം കാണാന്‍ കഴയുംവിധം കൗസല്യ ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റുനിന്നു. വിശ്വാമിത്രനോട് കൗസല്യ എന്തെങ്കിലും എതിര്‍ത്തു പറയുമോ എന്ന ഭയത്തോടെ എല്ലാവരും കൗസല്യയെ നോക്കി. എതിര്‍ത്തു പറഞ്ഞാല്‍ എങ്ങനെയാണ് അദ്ദേഹം പ്രതികരിക്കുക എന്ന ഭയം സദസ്സിലുള്ള എല്ലാവരുടെ മുഖത്തും പ്രതിഫലിച്ചു. മാതാവ് വിശ്വാമിത്രന് എതിരായി എന്തെങ്കിലും പറയുമോ എന്ന് രാമനും ഭയന്നു. എന്നാല്‍ അവര്‍ ഒന്നും പറയാതെ മഹര്‍ഷിയും രാജാവും പറയുന്നതു കേള്‍ക്കാനായി കാതോര്‍ത്തുനിന്നു.
”മഹാരാജന്‍, അങ്ങയുടെ കുലത്തിനു സ്ഥിരകീര്‍ത്തിയും ധര്‍മ്മലാഭവും ഉണ്ടാവണം എന്ന് അങ്ങ് ആഗ്രഹിക്കുന്നു എങ്കില്‍ രാമനെ എന്നോടൊപ്പം അയയ്ക്കണം. യജ്ഞരക്ഷയ്ക്കായി പത്തുനാള്‍ മാത്രമേ രാമന്‍ അങ്ങയില്‍നിന്ന് അകന്നു നില്‍ക്കുന്നുള്ളു. ഞാന്‍ അനുഷ്ഠിച്ച പല യജ്ഞങ്ങളും പൂര്‍ണ്ണതയില്‍ എത്തുംമുമ്പേ നാശോന്മുഖമായി. ഇനിയും എന്റെ യജ്ഞത്തിന്റെ കാലം തെറ്റിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അയോദ്ധ്യയുടെ ആചാര്യനും മന്ത്രിയും വിരുദ്ധമായി പറയുമെന്നു ഞാന്‍ കരുതുന്നില്ല. അതിനാല്‍….”
വിശ്വാമിത്രന്റെ വാക്കുകള്‍ പൂര്‍ണ്ണമാകുന്നതിനുമുമ്പ് ദശരഥന്‍ തളര്‍ന്ന് ഇരിപ്പിടത്തില്‍ ചരിഞ്ഞിരുന്നു. പരിഭ്രമിച്ച അമാത്യന്‍, പെട്ടെന്ന് പരിചാരകരോട് കൊട്ടാരം വൈദ്യനെ കൂട്ടിക്കൊണ്ടുവരാന്‍ ആജ്ഞാപിച്ചു. അതുകേട്ട് ‘വേണ്ട’ എന്ന ഭാവത്തില്‍ ദശരഥന്‍ ആംഗ്യം കാട്ടി. വൈദ്യനെ വിളിക്കേണ്ട ആവശ്യമില്ലെന്ന മട്ടില്‍ വസിഷ്ഠനും പരിഭ്രമം തെല്ലുമില്ലാതെ ഇരുന്നു. പരിചാരകര്‍ കൊണ്ടുവന്ന ജലം കുടിച്ചപ്പോള്‍ ദശരഥന്‍ നിവര്‍ന്നിരുന്ന് എല്ലാവരെയും നോക്കി. കുറച്ചു സമയം ആരും ഒന്നും പറഞ്ഞില്ല. ദശരഥന്‍ എഴുന്നേറ്റ് വിശ്വാമിത്രന്റെ അടുത്തേയ്ക്കു വന്നു.
”മഹര്‍ഷേ, ബാലനായ രാമന്‍ ദുഷ്ടന്മാരായ രാക്ഷസരെ എങ്ങനെയാണ് നേരിടുക? രാക്ഷസര്‍ തന്ത്രശാലികളും ബലഗര്‍വിതരുമാണ്. അങ്ങേയ്ക്ക് നേരിടാനാവാത്ത രാക്ഷസരെ എന്റെ പുത്രന്‍ എങ്ങനെ നേരിടും? ഞാന്‍ എന്റെ സേനയുമായി വന്ന് രാക്ഷസന്മാരെ നേരിട്ടുകൊള്ളാം. എന്റെ പ്രാണന്‍ വെടിയുന്നതുവരെ ഞാന്‍ അങ്ങയുടെ യജ്ഞത്തിന് കാവല്‍ നില്‍ക്കാം. ദുഷ്ടന്മാരായ രാക്ഷസന്മാര്‍ ആരെല്ലാമെന്ന് പറഞ്ഞാലും. രാമനെ വേണമെന്നു മാത്രം പറയരുത്.”
”എന്റെ യജ്ഞം മുടക്കുന്നവര്‍ സാധാരണക്കാരല്ല ദശരഥാ. പൗലസ്ത്യവംശത്തില്‍ ജനിച്ച വിശ്രവസ്സിന്റെ പുത്രനും വൈശ്രവണന്റെ സഹോദരനുമായ രാവണനെ അങ്ങേയ്ക്ക് അറിയില്ലേ? ബ്രഹ്മാവില്‍നിന്ന് വരം നേടിയ മഹാബലവാനായ രാവണന്‍ ത്രിലോകങ്ങളേയും കീഴടക്കിയവനാണ്. എന്റെ യജ്ഞം മുടക്കാന്‍ അതി ശക്തന്മാരായ മാരീചനേയും സുബാഹുവിനേയുമാണ് ഇപ്പോള്‍ രാവണന്‍ നിയോഗിച്ചിരിക്കുന്നത്. അവരെ സഹായിക്കാന്‍ അനേകം രാക്ഷസന്മാര്‍ കാനനത്തില്‍ വേറെയുണ്ട്. ഇവരെ നേരിടാന്‍ രാമനല്ലാതെ ത്രിലോകങ്ങളില്‍ മറ്റൊരാളില്ല” വിശ്വാമിത്രന്‍ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.
യജ്ഞം മുടക്കുന്നത് രാവണനും കൂട്ടാളികളുമാണെന്നു കേട്ടപ്പോള്‍ ദശരഥന്‍ ഭയത്തോടും സംഭ്രമത്തോടും വസിഷ്ഠനെ നോക്കി. ദേവന്മാരെപ്പോലും കീഴടക്കിയ രാവണന്റെ കൂട്ടാളികളെ തന്റെ പുത്രന്‍ എങ്ങനെ നേരിടും എന്ന ഭയത്തോടെ ദശരഥന്‍ വിശ്വാമിത്രനെ നോക്കി. മകന്റെ അന്ത്യം രാക്ഷസന്മാരുടെ കൈകൊണ്ട് സംഭവിക്കുമോ എന്നു ദശരഥന്‍ ഭയന്നു.
”രാവണനെ നേരിടാന്‍ ആര്‍ക്കാണ് ഈ ഭുമുഖത്ത് സാധ്യമാവുക. ദേവദാനവ ഗന്ധര്‍വ്വന്മാര്‍ക്കോ, യക്ഷപതംഗപന്നഗങ്ങള്‍ക്കോ രാവണനെ നേരിടാന്‍ കഴിയുമെന്ന് എനിക്ക് വിശ്വാസമില്ല. യുദ്ധപരിചയമില്ലാത്ത ബാലനായ എന്റെ പുത്രന് അവരോട് ഒന്നും ചെയ്യാന്‍ ആവില്ല. അവരെ നേരിടാന്‍ എന്റെ പുത്രനെ ഞാന്‍ വിട്ടുതരില്ല. എന്നാല്‍ വീരന്മാരായ അവരോട് പോരാടി മരിക്കാന്‍ എനിക്ക് മടിയില്ല. ”എല്ലാ ശക്തിയും സംഭരിച്ച് ദശരഥന്‍ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.
അത്യന്തം കോപത്തോടെ വിശ്വാമിത്രന്‍ പെട്ടെന്നു ഇരിപ്പിടത്തില്‍നിന്നും എഴുന്നേറ്റു. ദശരഥന്‍ പരസ്യമായി തനിക്ക് നല്‍കിയ വാക്ക് ലംഘിച്ചുവെന്നു സദസ്സിനെ ബോധ്യപ്പെടുത്താനായി തുറിച്ച കണ്ണുകളോടെ സദസ്സിനെ ആകെ നോക്കി. എന്താണ് സംഭവിക്കുക എന്ന് പരിഭ്രമിച്ച് സഭാവാസികളെല്ലാം വിശ്വാമിത്രനെ ഇമവെട്ടാതെ നോക്കി.
”ഹേ രാജന്‍, അല്പംമുമ്പ് അങ്ങ് എനിക്കുതന്നെ വാക്കു മറന്നുപോയോ? രഘുകുലജാതന്മാര്‍ക്ക് ഒട്ടും ചേരാത്ത വാക്കുകളാണ് ഇപ്പോള്‍ ഞാന്‍ കേട്ടത്. അങ്ങയുടെ ശോകത്തിന് യാതൊരു കാരണവും ഞാന്‍ കാണുന്നില്ല. അങ്ങ് ഇപ്പോള്‍ പറഞ്ഞ വാക്കുകള്‍ക്ക് മാറ്റമില്ലെങ്കില്‍ ഞാനിതാ പോകുന്നു. സത്യം വെടിഞ്ഞ് അങ്ങ് സുഹൃത്തുക്കളോടൊപ്പം രാജ്യം ഭരിച്ചുകൊള്ളുക.” വിശ്വാമിത്രന്‍ രാജാവിനെയും വസിഷ്ഠനെയും മാറിമാറി നോക്കിയശേഷം സഭയില്‍നിന്നിറങ്ങി പുറത്തേയ്ക്കു നടന്നു. സഭാവാസികളുടെ പരസ്പര സംഭാഷണത്താല്‍ സദസ്സ് ആകെ ഇളകിയത് രാമന്‍ കണ്ടു.
പിതാവിന്റെ വാക്കുകളെ ധിക്കരിക്കാനാകാതെ രാമന്‍ ദുഃഖിതനായി ദശരഥന്റെ അടുത്തേയ്ക്കു ഓടിവന്ന് പിതാവിനെ ആലിംഗനംചെയ്തു. ദശരഥന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
”പിതാശ്രീ, മഹര്‍ഷിക്ക് കൊടുത്ത വാക്കു പാലിക്കണം. നമ്മുടെ പൂര്‍വ്വികരായ ആരും കൊടുത്ത വാക്ക് ലംഘിച്ചിട്ടില്ല.” ആരും കേള്‍ക്കരുതെന്നു കരുതി വളരെ പതുക്കെ, രാമന്‍ പിതാവിന്റെ ചെവിയില്‍ സ്‌നേഹപൂര്‍വ്വം പറഞ്ഞു. അതുകേട്ട് രാമനെ ഗാഢഗാഢം പുണര്‍ന്ന ദശരഥന്‍ രാമന്റെ കണ്ണുകളിലേയ്ക്കു നിസ്സഹായ ഭാവത്തില്‍ നോക്കി.
പിതാവ് സത്യനിഷ്ഠയില്‍നിന്ന് പിന്‍തിരിയാന്‍ ശ്രമിക്കുന്നത് തന്നോടുള്ള വാത്സല്യംകൊണ്ടാണ്. മക്കളോടുള്ള വാത്സല്യം ശ്രേഷ്ഠരായ പല രാജാക്കന്മാരുടെയും പതനത്തിന് ഇടയാക്കിയ കഥകള്‍ കുട്ടിക്കാലത്തു കേട്ടിട്ടുണ്ട്. ആചാര്യനായ വസിഷ്ഠമഹര്‍ഷി, വാക്കു പാലിക്കാനേ പിതാശ്രീയെ പ്രേരിപ്പിക്കയുള്ളു. കൊടുത്ത വാക്കു ലംഘിക്കുന്നത് ആത്മഹത്യക്ക് തുല്യമാണെന്ന് രാമനെ പഠിപ്പിച്ചതും വസിഷ്ഠനാണ്. പുത്രസ്‌നേഹം പിതാവിനെക്കൊണ്ട് പെട്ടെന്ന് അങ്ങനെ പറയിച്ചു എന്നുമാത്രമേ രാമന്‍ ചിന്തിച്ചുള്ളു.
പെട്ടെന്ന് വസിഷ്ഠന്‍ ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റു. വസിഷ്ഠന്‍ പറയുന്നത് എന്താണെന്നു കേള്‍ക്കാനായി സദസ്സ് പെട്ടെന്ന് പഴയമട്ടില്‍ നിശ്ശബ്ദമായി.
”രാജന്‍, ധര്‍മ്മമൂര്‍ത്തിയും താപസോത്തമനുമായ വിശ്വാമിത്രനോടൊപ്പം ആശ്രമ പരിപാലനത്തിന് പുത്രനെ അയയ്ക്കുന്നതിന് ഒന്നുകൊണ്ടും പരിഭ്രമിക്കേണ്ടതില്ല. വിശ്വാമിത്രന്‍ ക്ഷത്രിയ കുലത്തില്‍ പിറന്ന ചക്രവര്‍ത്തി ആയിരുന്നുവെന്ന് അങ്ങേയ്ക്ക് അറിവുള്ളതല്ലേ. ദേവന്മാര്‍ക്കുപോലും അറിയാത്ത അസ്ത്രവിദ്യകള്‍ അറിയാവുന്ന വിശ്വാമിത്രന്‍, അഗ്നി അമൃതിനെ എന്നപോലെ രാമനെ കാത്തുകൊള്ളും. അതിനാല്‍ രാമനെ വിശ്വാമിത്രനോടൊപ്പം പറഞ്ഞയയ്ക്കാന്‍ കാലവിളംബം തെല്ലും വേണ്ട.” വസിഷ്ഠന്‍ സമചിത്തതയോടെ പറഞ്ഞു.
ദശരഥന്‍, പിന്നീട് എതിര്‍ത്തൊന്നും പറഞ്ഞില്ല. ആരും ഒന്നും പറയാതെ സഭാതലം നിശ്ശബ്ദമായി. മാതാശ്രീ കണ്ണു തുടയ്ക്കുന്നത് രാമന്‍ കണ്ടു. സ്ത്രീകളുടെ മനസ്സ് പുരുഷന്മാരുടേതിനേക്കാള്‍ ദുര്‍ബ്ബലമാണെന്ന് രാമനറിയാം. അതിനാല്‍ അമ്മയുടെ അടുത്തേയ്ക്കു പോയി രാമന്‍ അമ്മയെ ആലിംഗനംചെയ്തു.
”സുമന്ത്രരേ, അങ്ങ് എന്താണ് മൗനം പാലിക്കുന്നത്. ഇക്കാര്യത്തില്‍ അങ്ങയുടെ അഭിപ്രായം എന്താണ്?” ദശരഥന്‍ സങ്കടത്തോടെ ചോദിച്ചു.
”മഹാരാജന്‍, വിശ്വാമിത്രന്റെ ഇംഗിതമനുസരിച്ച് പ്രവര്‍ത്തിക്കുന്നതാണ് ഉത്തമം എന്ന് എനിക്കും തോന്നുന്നു. ആചാര്യനും അതിനെ അനുകൂലിക്കുമ്പോള്‍ എതിര്‍ക്കുന്നത് ഉചിതമല്ല. കോസലത്തിനുമാത്രമല്ല ആര്യാവര്‍ത്തത്തിന് ആകെ ഭാവിയില്‍ ഉണര്‍വ്വേകാന്‍ ഉതകുന്ന കാര്യങ്ങളാണ് വിശ്വാമിത്രന്‍ ചെയ്യുന്നത്. അപ്പോള്‍…” സുമന്ത്രര്‍ പെട്ടെന്ന് നിര്‍ത്തി.
”അങ്ങനെയെങ്കില്‍ പുറത്തേയ്ക്ക് പോയ വിശ്വാമിത്രനെ എത്രയും പെട്ടെന്ന് അങ്ങ് രാജസഭയിലേയ്ക്കു കൂട്ടിക്കൊണ്ടുവരൂ.” ദശരഥന്‍ മന്ത്രിയോട് കല്പിച്ചു.
വിശ്വാമിത്രനെ കൂട്ടിക്കൊണ്ടുവരാനായി സുമന്ത്രര്‍ സഭാതലത്തില്‍നിന്നെഴുന്നേറ്റ് തിടുക്കത്തില്‍ പുറത്തേയ്ക്കു പോയി.
”അങ്ങയുടെ തീരുമാനം എത്രയും ഉചിതംതന്നെ. ദക്ഷപ്രജാപതിയുടെ പുത്രിമാരായ ജയയും സുപ്രഭയും അസുര സേനകളെ സംഹരിക്കുന്നതിന് നൂറു അസ്ത്രങ്ങളും ശസ്ത്രങ്ങളും നല്‍കി വിശ്വാമിത്രനെ അനുഗ്രഹിച്ചിട്ടുണ്ടെന്ന് അങ്ങേയ്ക്ക് അറിവുള്ളതാണല്ലോ. ” വസിഷ്ഠന്‍ ദശരഥനെ ആശ്വസിപ്പിക്കാനായി പറഞ്ഞു.
”അസുരസേനകളെ നിഗ്രഹിക്കുന്നതിന് ജയ അപ്രമേയങ്ങളായ അന്‍പതു മക്കള്‍ക്ക് ജന്മം നല്‍കിയ കഥ അങ്ങ് പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു”ദശരഥന്‍ പറഞ്ഞു.
”അതെ. ആരേയും സംഹരിക്കാന്‍ ശേഷിയുള്ള അന്‍പത് അസ്ത്രങ്ങള്‍ക്ക് സുപ്രഭയും ജന്മം നല്‍കിയിട്ടുണ്ട്. ജയയും സുപ്രഭയും ജന്മം നല്‍കിയ എല്ലാ അസ്ത്ര വിദ്യകളും അറിയാവുന്ന ആളാണ് കൗശികന്‍. അതുകൊണ്ട് അദ്ദേഹത്തോടൊപ്പം മകനെ അയയ്ക്കുന്നതില്‍ തെല്ലും പ്രയാസം വേണ്ട. മാത്രമല്ല, പുതിയ ആയുധങ്ങളും അസ്ത്രങ്ങളും ഉല്‍പ്പാദിപ്പിക്കാനുള്ള സിദ്ധിയും വിശ്വാമിത്രനുണ്ട്. അത്തരം സിദ്ധികള്‍ ത്രിലോകങ്ങളില്‍ ആരുംതന്നെ നേടിയിട്ടില്ല. അങ്ങയുടെ പുത്രന്റെ മംഗളത്തിനായിട്ടാണ് വിശ്വാമിത്രന്‍ ഇപ്പോള്‍ ഇവിടെ വന്നിട്ടുള്ളതെന്ന് ആശ്വസിച്ചാലും. അതിനാല്‍ രാമനെ കൗശികനോടൊപ്പം അയയ്ക്കുന്നതില്‍ തെല്ലും ആശങ്ക വേണ്ട.” വസിഷ്ഠന്‍ ചിന്താഗ്രസ്തനായിരിക്കുന്ന ദശരഥനോടു പറഞ്ഞു.
വസിഷ്ഠന്‍ വിശ്വാമിത്രനെക്കുറിച്ചു പറഞ്ഞുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ സുമന്ത്രര്‍ വിശ്വാമിത്രനെ അനുനയിപ്പിച്ച് സഭയിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നു. വിശ്വാമിത്രന്‍ സഭയിലേയ്ക്ക് കയറിയതും സഭ നിശ്ചലമായി. വിശ്വാമിത്രന്‍ പറയുന്നത് കേള്‍ക്കാനായി എല്ലാവരും ചെവി കൂര്‍പ്പിച്ചിരുന്നു.
”അങ്ങ് ധര്‍മ്മത്തില്‍നിന്ന് വ്യതിചലിക്കില്ലെന്ന് എനിക്കറിയാം. പുത്രസ്‌നേഹം അങ്ങയുടെ കാഴ്ച മറച്ചിരിക്കുന്നു. അമിതമായ പുത്രവാത്സല്യം ക്ഷത്രിയനു ചേര്‍ന്നതല്ല രാജന്‍. ക്ഷത്രിയനെന്നല്ല, ഏതൊരാള്‍ക്കും അതിരുകടന്ന പുത്രവാത്സല്യം അയാളുടെ സത് വൃത്തിക്ക് മങ്ങലേല്‍പ്പിക്കും. അത് സ്വന്തം ജീവനുപോലും ഭീഷണിയാവുമെന്ന് അങ്ങ് അറിയുക” വിശ്വാമിത്രന്‍ സൗമ്യമായി പറഞ്ഞു.
”ആചാര്യന്റെയും മന്ത്രിയുടെയും വാക്കുകളെ ഞാന്‍ മാനിക്കുന്നു. സൂര്യവംശത്തിന്റെ യശസ്സിന് കോട്ടം വരുത്തുന്ന ഒന്നുംതന്നെ ഞാന്‍ അനുഷ്ഠിക്കുന്നതല്ല. അങ്ങേയ്ക്കു തന്ന വാക്ക് ഞാന്‍ പാലിക്കുന്നതാണ്. രാമനെ അങ്ങയോടൊപ്പം അയയ്ക്കാന്‍ ഒരുക്കമാണ്. രാമനോടൊപ്പം ലക്ഷ്മണന്‍കൂടി ഉണ്ടാകുന്നതില്‍ അങ്ങേയ്ക്ക് പരിഭവം ഉണ്ടാകില്ലെന്നു വിശ്വസിക്കുന്നു” ദശരഥന്‍ പറഞ്ഞു.
”സൂര്യവംശത്തിനു ചേര്‍ന്ന ഉചിതമായ വാക്കുകളാണ് ഞാന്‍ ഇപ്പോള്‍ കേട്ടത്. ലക്ഷ്മണന്‍കൂടി ഉണ്ടാകുന്നത് എന്തുകൊണ്ടും ഉചിതം തന്നെ” വിശ്വാമിത്രന്‍ പറഞ്ഞു.
നൂതനാശയങ്ങള്‍ പ്രയോഗത്തില്‍ വരുത്തണം എന്നാഗ്രഹിക്കുന്ന രാജര്‍ഷിയാണ് വിശ്വാമിത്രനെന്ന് വസഷ്ഠനറിയാം. മറ്റ് ഋഷിമാരില്‍നിന്നും അത് വിശ്വാമിത്രനെ വേറിട്ടു നിര്‍ത്തുന്നുണ്ട്. അതിനാല്‍ അപ്പോള്‍ത്തന്നെ രാമനെയും ലക്ഷ്മണനേയും കൂട്ടി വിശ്വാമിത്രന്‍ ആശ്രമത്തിലേയ്ക്കു പോകുമെന്ന് അറിയാവുന്നതിനാല്‍ രാമനെയും ലക്ഷ്മണനേയും വസിഷ്ഠന്‍ തന്റെ അടുത്തേയ്ക്കു ക്ഷണിച്ചു.
കുമാരന്മാര്‍ വന്ന് വസിഷ്ഠന്റെ കാല്പാദങ്ങളില്‍ നമസ്‌കരിച്ചപ്പോള്‍ വസിഷ്ഠന്‍ സ്‌നേഹപൂര്‍വ്വം അവരെ അനുഗ്രഹിച്ചു. മുനി എന്തൊക്കെയോ അവരോടു പതുക്കെ പറഞ്ഞു. ഉഷ്ണിച്ചിരിക്കുന്നവന്റെ ദേഹത്തേയ്ക്ക് തണുത്തകാറ്റ് വീശുമ്പോള്‍ എപ്രകാരമാണോ, സന്തോഷം അനുഭവപ്പെടുന്നത് അതുപോലെ രാമനും ലക്ഷ്മണനും കൂടുതല്‍ ഊര്‍ജ്ജസ്വലതയോടുകൂടി പുഞ്ചിരിച്ച മുഖഭാവവുമായി സഭാതലത്തില്‍ നിലകൊണ്ടു.
വിശ്വാമിത്രനോടൊപ്പം കുമാരന്മാര്‍ അപ്പോള്‍ത്തന്നെ സിദ്ധാശ്രമത്തിലേയ്ക്കു പുറപ്പെടുമെന്ന് മനസ്സിലാക്കി, കൗസല്യയും സുമിത്രയും രാജസഭയിലേക്കു സാവധാനം നടന്നുവന്ന് വിശ്വാമിത്രനേയും വസിഷ്ഠനേയും നമിച്ചശേഷം രാമന്റെയും ലക്ഷ്മണന്റെയും അടുത്തേയ്ക്കു ചെന്ന് അവരെ ആലിംഗനം ചെയ്ത് അനുഗ്രഹിച്ചു. രാമനും ലക്ഷ്മണനും അവരുടെ പാദങ്ങളില്‍ നമസ്‌കരിച്ചു. രാക്ഷസന്മാരുടെ ഉപദ്രവമുള്ള കാട്ടിലേയ്ക്ക് പോകുന്നതില്‍ കൗസല്യയും സുമിത്രയും ദു.ഖിതരായിരുന്നെങ്കിലും അപ്പോള്‍ അവരുടെ മുഖത്ത് അത് പ്രകടമായിരുന്നില്ല. ഭരതനും ശത്രുഘ്‌നനും സഹോദരന്മാരെ കെട്ടിപ്പിടിച്ച് സങ്കടത്തോടെ നിന്നു. ദശരഥന്‍ നെടുവീര്‍പ്പിട്ടുകൊണ്ട് പുത്രന്മാരെ പലവട്ടം ആലിംഗനംചെയ്തു. പുത്രന്മാര്‍ പിതാവിനെ സാഷ്ടാംഗം നമസ്‌കരിച്ചു.
തങ്ങള്‍ക്ക് പ്രയോഗിക്കാന്‍ കഴിയുന്ന വിശേഷപ്പെട്ട എല്ലാ ആയുധങ്ങളുമായി രാമനും ലക്ഷ്മണനും വിശ്വാമിത്രനോടൊപ്പം പോകാന്‍ തയ്യാറായിനിന്നു. ആയുധങ്ങളുമായി മുനിയോടൊപ്പം പോകാന്‍ സന്തോഷത്തോടെ ഒരുങ്ങിനില്‍ക്കുന്ന രാമനെയും ലക്ഷ്മണനെയും യാത്രയാക്കാന്‍ കൊട്ടാരത്തിലെ സര്‍വ്വരും വിശാലമായ കൊട്ടാര മുറ്റത്ത് തടിച്ചുകൂടി. രാജകൊട്ടാരം രാമനും ലക്ഷ്മണനും നല്‍കുന്ന ആദരത്തില്‍ വിശ്വാമിത്രന് അഭിമാനം തോന്നി. ദേവന്മാര്‍ രാമന് അഭിവാദ്യം അര്‍പ്പിക്കുന്നതുപോലെ ആ സന്ദര്‍ഭത്തില്‍ ആകാശത്തുനിന്ന് മേഘഗര്‍ജ്ജനമുണ്ടായി.