ആരുടെ മിഴിയും തന്മൂലം ആരുടെ വഴിയുമാണ് അടഞ്ഞിരിക്കുന്നതെന്ന സ്വാഭാവിക ചോദ്യമാവും ഈ തലക്കെട്ട് വായിക്കുന്നവരുടെ മനസ്സിലുയരുക. ഇക്കാര്യം വിശദമാക്കാനാണ് ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്. ഒരു കാര്യം നിസ്സംശയം പറയാം കണ്ണ് തുറക്കേണ്ടത് നമ്മളോരോരുത്തരുമാണ്. കാരണം നമ്മുടെ കണ്ണ് തുറന്നാല്‍ മാത്രമേ നാമുള്‍പ്പെടുന്ന സമാജത്തിന്റെയും, നമ്മെ നയിക്കുന്ന ഭരണാധികാരികളുടേയും, സര്‍ക്കാരിന്റെയുമൊക്കെ മിഴികള്‍ തെളിയുകയുള്ളൂ. തെളിഞ്ഞ ദൃഷ്ടികള്‍ക്ക് മാത്രമേ ഇവിടെ പരാമര്‍ശിക്കുന്ന ഗൗരവമേറിയ വിഷയങ്ങള്‍ക്ക് പരിഹാരം കാണാനാവുകയുള്ളൂ.
തെളിവാര്‍ന്ന ദൃഷ്ടിയോടെ കാലമിത്രയും ഗമിച്ച ഭാരതഭൂമിയുടെ മടിത്തട്ടിലാണ് ഭാഗ്യവശാല്‍ നമ്മളെല്ലാം ജനിച്ചത്. വേദകാലത്തില്‍ തന്നെ പരോപകാരമേ പുണ്യമെന്നരുളിയ പവിത്രമായ ഈ മണ്ണിന്റെ മടിത്തട്ടില്‍ പിറന്ന മഹാന്മാരായ നമ്മുടെ പൂര്‍വ്വികര്‍ ലോകത്തിന് വഴികാട്ടിയതും നരനെ നാരായണനായി കണ്ട് സേവിക്കണമെന്നായിരുന്നു. ഭാരതത്തിന്റെ ദൃഷ്ടി എത്രമാത്രം തെളിവുള്ളതായിരുന്നുവെന്നതിന്റെ മകുടോദാഹരണമാണ് ഈ ദര്‍ശനം. ഈ ദര്‍ശനത്തിന്റെ പൊരുളുള്‍ക്കൊണ്ടാണല്ലോ ‘അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികള്‍’ എന്ന് മഹാകവി കുമാരനാശാനും, ‘അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായി വരേണം’ എന്ന് ശ്രീനാരായണ ഗുരുദേവനും മാനവരാശിയോടരുളിയത്.
പൗരാണിക ഭാരതത്തില്‍ നിന്നും ആധുനിക ഭാരതത്തിലേക്ക് വരുമ്പോള്‍ ധാര്‍മ്മികമൂല്യങ്ങള്‍ക്കൊപ്പം കരുത്തായി നാടിനെ നയിക്കാനിന്ന് മാനവികതക്ക് വലിയ പ്രാമുഖ്യം നല്‍കി ചിട്ടപ്പെടുത്തിയ വിശാലമായൊരു ഭരണഘടന കൂടി നമുക്കുണ്ട്. നമ്മുടെ ഭരണഘടന നിലവില്‍ വന്ന് 75 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ ഒന്നുറപ്പിച്ച് പറയാനാകും. പൗരന് വലിയ അളവില്‍ സ്വാതന്ത്ര്യവും അവകാശങ്ങളും ഉറപ്പുവരുത്തുന്ന ഇതുപോലൊരു നിയമസംഹിത ലോകത്ത് മറ്റെങ്ങുമുണ്ടാവില്ല. ഭരണഘടനയുടെ 12 മുതല്‍ 32 വരെ അനുച്ഛേദങ്ങള്‍ വളരെ വിശദമായി അത് പ്രതിപാദിക്കുന്നു. തുല്യതയും, വിദ്യാഭ്യാസവും, സ്വകാര്യതയും എന്തിന് വിവരങ്ങളറിയുക എന്നതു പോലും പൗരന്റെ അവകാശങ്ങളായി വ്യവസ്ഥ ചെയ്തിരിക്കുന്ന നാടാണിത്. ഇവ കൂടാതെ സംസാരസ്വാതന്ത്ര്യവും, സംഘടനാസ്വാതന്ത്ര്യവും, സഞ്ചാരസ്വാതന്ത്ര്യവും, തൊഴില്‍സ്വാതന്ത്ര്യവും, മതസ്വാതന്ത്ര്യവുമെല്ലാം ഇത്രമേല്‍ ഉദാരമായി അനുവദിച്ചു നല്‍കിയിട്ടുള്ളൊരു നാടിനെ മറ്റെങ്ങും ചൂണ്ടിക്കാണിക്കാനാവില്ല. ജനസംഖ്യയില്‍ എണ്ണത്തില്‍ വളരെ ചെറുതായ ഭിന്നലിംഗക്കാരുടെ പോലും അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ നമ്മുടെ നിയമ വ്യവസ്ഥ അതീവശ്രദ്ധ പുലര്‍ത്തുന്നു.
എന്നാല്‍ നമ്മുടെ മഹത്തായ ഭരണഘടന ഉറപ്പുവരുത്തിയിട്ടുള്ള ഇത്രമേല്‍ വിപുലമായ അവകാശങ്ങള്‍ക്ക് നടുവിലും ഇതൊന്നും അനുഭവിക്കാന്‍ യോഗമില്ലാതെ വഞ്ചിതരായി ജീവിക്കുന്ന വലിയൊരു സമൂഹമുണ്ട്. വിധിവശാല്‍ വിവിധതരം ശാരീരിക മാനസിക ബൗദ്ധിക വെല്ലുവിളികളാല്‍ ഭിന്നശേഷിത്വമുള്ളവരാണവര്‍. ദിവ്യാംഗരെന്നാണ് നമ്മുടെ രാജ്യമിപ്പോള്‍ ഭിന്നശേഷിസമൂഹത്തെ അഭിസംബോധന ചെയ്യുന്നത്. അവരുടെ എണ്ണമൊട്ടും ചെറുതല്ല. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഭിന്നശേഷിയുള്ളവരുടെ എണ്ണം ലോകജനസംഖ്യയുടെ പതിനാറ് ശതമാനമാണ്. അതായത് നൂറ്റിമുപ്പത് കോടിയിലേറെ വരുമെന്നര്‍ത്ഥം. ഈ ശതമാനത്തിന് ആനുപാതികമായി നോക്കിയാല്‍ ജനസംഖ്യയില്‍ ഒന്നാമതുള്ള ഭാരതത്തില്‍ ഭിന്നശേഷിയുള്ളവര്‍ ചുരുങ്ങിയത് പതിനഞ്ച് കോടിയെങ്കിലും വരും.
ഡിസംബര്‍ 3 ലോക ഭിന്നശേഷി ദിനമാണ്. ഈ അവസരത്തില്‍ തന്നെയാണ് ഭരണഘടന നിലവില്‍ വന്നതിന്റെ 75-ാം വര്‍ഷം രാജ്യം വിപുലമായി ആഘോഷിക്കുന്നതും. എന്നാല്‍ ഈ നിമിഷത്തിലും ഭിന്നശേഷി സമൂഹത്തിന് സന്തോഷിക്കാനൊന്നുമില്ല എന്നതാണ് നിര്‍ഭാഗ്യകരമായ സത്യം. ഇത്രവലിയൊരു സമൂഹമായിട്ടും ജീവിതത്തില്‍ വളരെ വലിയ പ്രയാസങ്ങളും വെല്ലുവിളികളും തരണം ചെയ്യുന്നവരായിട്ടും മനുഷ്യാവകാശങ്ങള്‍ക്കും, സേവനമുള്‍പ്പെടെയുള്ള മാനുഷികമൂല്യങ്ങള്‍ക്കും ഏറെ മഹത്വവും പ്രാധാന്യവും കല്പിച്ചിട്ടുള്ള നമ്മുടെ രാജ്യത്ത് ദിവ്യാംഗസമൂഹം വലിയ അവഗണന നേരിടുന്നുവെന്ന് തുറന്ന് പറയേണ്ടി വരുന്നതില്‍ അതിയായ ഖേദമുണ്ട്. ഈ അവഗണനയാവട്ടെ ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല.
1950 ല്‍ ഭാരതത്തിന്റെ ഭരണഘടന നിലവില്‍ വന്നപ്പോള്‍ രാജ്യത്ത് സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന പ്രത്യേക സംരക്ഷണമര്‍ഹിക്കുന്ന എല്ലാ വിഭാഗങ്ങളേയും കുറിച്ച് വിശദമായി പരാമര്‍ശിക്കപ്പെടുകയും അവര്‍ക്കെല്ലാം മതിയായ സംവരണവും സംരക്ഷണവുമുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വ്യവസ്ഥ ചെയ്യുകയും ചെയ്തു. എന്നാല്‍ ഒട്ടനവധി വെല്ലുവിളികള്‍ നേരിടുന്ന ഭിന്നശേഷി സമൂഹം ഭരണഘടനാ നിര്‍മ്മാതാക്കളുടെ ശ്രദ്ധയില്‍ പെട്ടില്ലെന്നു മാത്രമല്ല ആയിരക്കണക്കിന് നിയമങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള പാര്‍ലമെന്റില്‍ ദിവ്യാംഗസമൂഹത്തിന് നിയമപരമായ സംരക്ഷണവും അവകാശങ്ങളും ഉറപ്പുവരുത്തുന്ന ഒരു നിയമം പാസ്സാക്കാന്‍ 1995 വരെ കാത്തിരിക്കേണ്ടതായുംവന്നു. പക്ഷേ പാര്‍ലമെന്റ് 1995 ല്‍ പാസ്സാക്കിയ ഭിന്നശേഷി നിയമം പൂര്‍ണ്ണമായി നടപ്പാക്കുന്നതില്‍ സര്‍ക്കാരുകള്‍ പരാജയപ്പെടുകയും തുടര്‍ന്ന് ലോക വീക്ഷണമനുസരിച്ചുള്ള മാറ്റങ്ങള്‍ കൂടി ഉള്‍പ്പെടുത്തി കൂടുതല്‍ ശക്തമായ നിയമം ഭിന്നശേഷി അവകാശ നിയമമെന്ന പേരില്‍ 2016 ല്‍ വീണ്ടും പാര്‍ലമെന്റ് പാസ്സാക്കുകയും ചെയ്തു.
പുതിയ നിയമം നിലവില്‍ വന്ന് എട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഭിന്നശേഷി സമൂഹത്തിന് കാര്യമായി ആശ്വസിക്കാന്‍ വകയൊന്നുമില്ലെന്നതാണ് സത്യം. നിലവിലുള്ള നിയമം ശക്തവും സമഗ്രവുമെങ്കിലും അത് കര്‍ശനമായി നടപ്പാക്കേണ്ട തലങ്ങള്‍ പുലര്‍ത്തുന്ന നിസ്സംഗതയാണ് ദിവ്യാംഗസമൂഹത്തെ കൂടുതല്‍ ദുരിതത്തിലാക്കുന്നത്. നിയമം പൂര്‍ണ്ണമായി നടപ്പാക്കാത്തതിനെതിരെ നല്‍കിയ പരാതികള്‍ ഇപ്പോള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ഭരണഘടനയും ഭിന്നശേഷി അവകാശ നിയമവും ഉറപ്പുവരുത്തുന്ന അടിസ്ഥാന അവകാശങ്ങള്‍ ദിവ്യാംഗരായവര്‍ക്ക് ലഭിക്കുന്നില്ലെന്നതിന്റെ ഉദാഹരണമാണ് ഈ കോടതി വ്യവഹാരം.
ഇനി ഭരണഘടന ഉറപ്പുവരുത്തിയിട്ടുള്ള സുപ്രധാനമായ സഞ്ചാര സ്വാതന്ത്ര്യത്തിന്റെ കാര്യം തന്നെ പരിശോധിച്ചു നോക്കൂ. റോഡ്-റെയില്‍ വികസനത്തില്‍ രാജ്യം ശ്രദ്ധേയമായ പുരോഗതികള്‍ കൈവരിച്ചു കൊണ്ടിരിക്കുകയാണല്ലോ. എക്സ്പ്രസ് ഹൈവേകളും, ബുള്ളറ്റ് ട്രെയിനും, മലമടക്കുകളില്‍ പോലും അതി ദീര്‍ഘ തുരങ്കപാതകളുമെല്ലാം യാഥാര്‍ത്ഥ്യമാകുമ്പോഴും ഇന്നും നമ്മുടെ നാട്ടില്‍ വീല്‍ചെയറിന്റെ സഹായത്തോടെ സഞ്ചരിക്കുന്ന ഒരു ദിവ്യാംഗ സോദരന് ബസ്സിലോ ട്രെയിനിലോ വീല്‍ചെയറുമായി പരസഹായമില്ലാതെ കയറിപ്പറ്റാന്‍ സാധിക്കുകയില്ല. സര്‍ക്കാര്‍ ഓഫീസുകളും, ബാങ്കുകളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും ഷോപ്പിംഗ് ക്ലോപ്ലക്‌സുകളുമെല്ലാം ഇപ്പോഴു പ്രവര്‍ത്തിക്കുന്നത് ഭിന്നശേഷി സൗഹൃദമല്ലാത്ത ബഹുനില മന്ദിരങ്ങളിലാണ്. അവിടേക്കൊന്നും പരസഹായം കൂടാതെ പ്രവേശിക്കാന്‍ നിവൃത്തിയില്ലാതെ വരുമ്പോള്‍ അതെത്രമാത്രം മാനസിക വിഷമമാണ് പ്രിയ സോദരര്‍ക്കുണ്ടാക്കുന്നതെന്ന് ഊഹിക്കാനാവുമല്ലോ. അതുപോലെ തന്നെയാണ് മൂടിയില്ലാത്ത ഓടകളെ ഭയന്ന് വൈറ്റ് കെയ്നുമായി സധൈര്യം നിരത്തിലൂടെ ഇറങ്ങി നടക്കുവാന്‍ പോലും സാധിക്കാത്ത കാഴ്ച വെല്ലുവിളിയുള്ള സോദരങ്ങളുടെ മാനസികാവസ്ഥയും. ഇനി കാഴ്ച വെല്ലുവിളി നേരിടുന്നവരെ സഹായിക്കാന്‍ വേണ്ടി പ്രത്യേക ടൈലുകള്‍ പാകി പലയിടത്തും നിര്‍മ്മിച്ച നടവഴികളാവട്ടെ കച്ചവടക്കാരും വാഹനങ്ങളുമെല്ലാം കൈയ്യേറിയ സ്ഥിതിയിലും.
സഞ്ചാരസ്വാതന്ത്ര്യമില്ലാതെ വരുമ്പോള്‍ ഒരു വ്യക്തിയുടെ എല്ലാ പുരോഗതിയും തടസ്സപ്പെടുന്നു. ഇതു മനസ്സിലാക്കി ലോക രാജ്യങ്ങളിലെല്ലാം അടിമുടി മാറ്റങ്ങള്‍ വന്ന കാലത്താണ് നാമിന്ന് ജീവിക്കുന്നത്. ഇന്ന് വിദേശ രാജ്യങ്ങളെല്ലാം ഏതൊരു പോളിസി തയ്യാറാക്കുമ്പോഴും വികസനപദ്ധതികള്‍ നടപ്പാക്കുമ്പോഴും ദിവ്യാംഗസൗഹൃദമാണെന്ന് ആദ്യമേ തന്നെ ഉറപ്പുവരുത്തുന്നു. അതുകൊണ്ട് വിദേശരാജ്യങ്ങളില്‍ ചലനപരിമിതിയുള്ള ഒരാള്‍ക്ക് വീട്ടില്‍ നിന്നും വീല്‍ചെയറില്‍ പരസഹായം കൂടാതെ എവിടേയും സഞ്ചരിച്ച് തിരികെ വരാന്‍ സാധിക്കും. എന്നാല്‍ മാറുന്ന ഭാരതത്തിന്റെ മുഖമായി അവതരിപ്പിക്കുന്ന വന്ദേഭാരത് ട്രെയിനുകളില്‍ പോലും പ്ലാറ്റ്‌ഫോമില്‍ നിന്നും വീല്‍ചെയറുപയോഗിച്ച് ഇറങ്ങാനോ കയറാനോ സാധിക്കില്ല. ഇനി പരസഹായത്തോടെ ദിവ്യാംഗരുടെ കോച്ചുകളില്‍ കയറാമെന്ന് നിനച്ചാല്‍ അതാവട്ടെ ട്രെയിനിന്റെ ഏറ്റവും പിന്നിലോ അല്ലെങ്കില്‍ മുന്നിലോ ആണ് ക്രമീകരിച്ചിട്ടുള്ളത്. തന്മൂലം ആവതില്ലാത്തവര്‍ പ്ലാറ്റ്‌ഫോമില്‍ കൂടി ദീര്‍ഘദൂരം പ്രയാസപ്പെട്ട് സഞ്ചരിക്കേണ്ട ദുരിതസ്ഥിതിയിലും. ഇതിനെ നമ്മുക്ക് സൗഹൃദമെന്ന് വിളിക്കാനാവില്ലല്ലോ. വീല്‍ചെയര്‍ പ്രവേശിപ്പിക്കാനാവുന്ന ബസ് സര്‍വീസുകള്‍ ഭാരതത്തില്‍ എന്ന് നടപ്പാകുമെന്ന് ചിന്തിക്കുമ്പോള്‍ നമ്മുടെ നിരത്തുകള്‍ ദിവ്യാംഗസൗഹൃദമാവാന്‍ ഇനിയെത്രനാള്‍ കൂടി കാത്തിരിക്കേണ്ടിവരുമെന്നതിന്റെ ഉത്തരം നമുക്കെല്ലാം ലഭിക്കും. ഏറ്റവുമധികം ആരാധനാലയങ്ങളുള്ള ഭാരതത്തില്‍ എത്ര ആരാധനാകേന്ദ്രങ്ങള്‍ ഇതുപോലെ ആവതില്ലാത്ത ഒരുവന് പ്രാപ്യമാണെന്ന് ചിന്തിച്ചാല്‍ അവിടെയും നിരാശ തന്നെയാണ് ബാക്കിയാവുക.
ഭരണഘടന ഉറപ്പുനല്‍കുന്ന സഞ്ചാരസ്വാതന്ത്ര്യമെന്ന അടിസ്ഥാന അവകാശത്തിന്റെ കാര്യമൊന്നു മാത്രം പരിശോധിക്കുമ്പോള്‍ ഇതാണ് സാഹചര്യമെങ്കില്‍ ബാക്കിയുള്ളവയുടെ സ്ഥിതിയെന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ. അതുകൊണ്ട് ലോക ഭിന്നശേഷി ദിനത്തില്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ദിവ്യാംഗ ക്ഷേമസംഘടനയായ സക്ഷമ സഞ്ചാരസ്വാതന്ത്ര്യത്തിന് വേണ്ടി വ്യാപകമായൊരു പ്രചരണ പരിപാടി ആരംഭിക്കുകയാണ്. ‘എന്റെ വഴി, എന്റെ ജീവിതം, എന്റെ അവകാശം’ എന്ന മുദ്രാവാക്യവുമായി ആരംഭിക്കുന്ന ഈ കാംപെയിന്‍ നമ്മുടെ ഓരോരുത്തരുടേയും മിഴി തുറപ്പിക്കുന്നതിന് വേണ്ടിയാണ്. നമ്മള്‍ മിഴി തുറന്നാല്‍ ദിവ്യാംഗ സോദരരുടെ വഴി തുറക്കും.