കൊടകര: ഉത്തരവാദിത്തങ്ങളില്‍നിന്നും ഒളിച്ചോടാത്ത ഉത്തമ സ്വയംസേവകനായിരുന്നു ഈയിടെ വിടപറഞ്ഞ വി.യു.ശശി. യുവാവായിരുന്ന കാലത്തുതന്നെ സംഘപഥത്തിലെത്തിയ ശശി അവധിയെടുക്കാതെ തന്നെ നാലുപതിറ്റാണ്ടുകാലം സംഘപ്രവര്‍ത്തനങ്ങളില്‍ സജീവമായി. സംഘത്തിന്റെ സേവാപ്രവര്‍ത്തനങ്ങളുടെ ചുമതലകളെ നെഞ്ചേറ്റിയ അദ്ദേഹം അവ നിറവേറ്റുന്നതില്‍ ആത്മാര്‍ഥതയുടെ ആള്‍രൂപമായി നിലകൊണ്ടു. ജനിച്ചതും വളര്‍ന്നതും പുതുക്കാട് പഞ്ചായത്തിലെ ചെങ്ങാലൂരിലായിരുന്നു. ഗ്രാമക്ഷേത്രമായ ഈശാനമംഗലം തേവരുടെ ഭക്തനായി അവിടത്തെ പ്രവര്‍ത്തനങ്ങളിലും ഉത്സവനടത്തിപ്പിലും ഉത്സാഹപൂര്‍വ്വം പ്രവര്‍ത്തിച്ചു. ഒരിക്കല്‍പോലും സംഘചുമതലകളില്‍നിന്നും മാറിനില്‍ക്കാത്ത അടിയുറച്ച സ്വയംസേവകനായിരുന്നു ശശി. കൊച്ചിന്‍ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രമായ പുതുക്കാട് കുറുമാലിക്കാവില്‍ രണ്ടുപതിറ്റാണ്ടുമുമ്പ് ക്ഷേത്രോപദേശകസമിതിയുടെ പ്രസിഡന്റായിരുന്നു. ക്ഷേത്രത്തിലെ കുംഭഭരണി ആഘോഷവും മറ്റുവിശേഷങ്ങളും വിപുലമായി നടത്തുവാന്‍ ശശിയും സെക്രട്ടറിയായിരുന്ന കാക്കനാട്ട് വിദ്യാധരനും ചേര്‍ന്ന വിപുലമായ സമിതി മികച്ചപ്രവര്‍ത്തനങ്ങളാണ് കാഴ്ചവച്ചത്. ആലഞ്ചേരി ക്ഷേത്രത്തിന്റെ ഭരണസമിതിയില്‍ ഒഴിച്ചുകൂടാനാവാത്ത സ്ഥാനം അലങ്കരിച്ചു. പാലാഴി ആഗമാനന്ദ ബാലസദനത്തിന്റെ സെക്രട്ടറി, ഊരകം സഞ്ജീവനി ബാലികാസദനത്തിന്റെ എക്‌സിക്യൂട്ടീവ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. പുതുക്കാട് മണ്ഡല്‍ കാര്യവാഹ്, കൊടകര ഖണ്ഡിന്റെ സഹകാര്യവാഹ് എന്നീ ചുമതലകള്‍ വഹിച്ചിട്ടുള്ള ശശി ചാലക്കുടി സംഘജില്ലയുടെ സേവാപ്രമുഖായിരുന്നു. വാട്ടര്‍അതോറിറ്റിയില്‍ ജീവനക്കാരനായിരുന്ന അദ്ദേഹം ആറ് വര്‍ഷം മുമ്പാണ് സര്‍വ്വീസില്‍നിന്നും വിരമിച്ചത.് ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടയിലും സംഘപ്രവര്‍ത്തനങ്ങളില്‍ എന്നും മുന്‍പന്തിയിലായിരുന്ന ശശി സംഘബന്ധുക്കളുടെ ഏതാവശ്യത്തിനും ഓടിയെത്തുമായിരുന്നു. മനസ്സിലുള്ളതൊന്നും ഒളിച്ചുവെക്കാതെ നിഷ്‌കളങ്കമായ ഇടപെടലുകള്‍ കൊണ്ട് സഹപ്രവര്‍ത്തരുടെ ഹൃദയം കവര്‍ന്ന വ്യക്തിത്വമായിരുന്നു ശശിയുടേത്.
പുതുക്കാട് ഖണ്ഡ് കാര്യാലയം എന്നത് വി.യു. ശശിയുടെ സ്വപ്‌നമായിരുന്നു. അതിന്റെ നിര്‍മാണസമിതി അദ്ധ്യക്ഷനായിരുന്ന അദ്ദേഹം കഴിഞ്ഞ നാല് മാസമായി കാര്യാലയനിര്‍മ്മാണവുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും കൈകാര്യം ചെയ്തു. ഇക്കഴിഞ്ഞ നവംബര്‍ ആദ്യവാരം ആര്‍.എസ്.എസ്. ദക്ഷിണക്ഷേത്രസംഘചാലക് ഡോ. ആര്‍.വന്ന്യരാജനായിരുന്നു കാര്യാലയ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ആരോഗ്യകാരണങ്ങളാല്‍ ചികിത്സയിലായിരുന്ന ശശി കാര്യാലയ സമര്‍പ്പണത്തിന് ആശുപത്രിക്കിടക്കയില്‍ നിന്നാണ് എത്തിച്ചേര്‍ന്നത്. സംഘകാര്യകര്‍ത്താക്കളുടെ നിര്‍ബന്ധത്തിനുവഴങ്ങിയായിരുന്നു പിന്നീട് വിശ്രമത്തിനൊരുങ്ങിയത്. ഇതിനിടെയാണ് അസുഖം മൂര്‍ച്ഛിച്ചത്. ഇടപ്പള്ളി അമൃത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ പൂര്‍ണ്ണമായും പൂര്‍ത്തിയാക്കിയ സംതൃപ്തിയിലായിരുന്നു അന്ത്യയാത്ര. കാര്യാലയനിര്‍മ്മാണവുമായി ബന്ധപ്പെട്ട ബാധ്യത തീര്‍ക്കാനുള്ള സാധ്യതകള്‍പോലും പറഞ്ഞേല്‍പ്പിച്ചിട്ടാണ് അദ്ദേഹം വിട പറഞ്ഞത്. പുതുക്കാട് സ്‌നേഹപുരത്ത് ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കുള്ള ഡേകെയര്‍ സെന്റര്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഏതാനും ദിവസം മുമ്പ് ശശിയുടെ നന്തിക്കരയിലെ വീട്ടില്‍ വെച്ച് ബൈഠക്ക് നടന്നിരുന്നു. സംഘത്തിന്റെ ശാഖാതലം മുതല്‍ ജില്ലാതലംവരെ വിവിധ ചുമതലകള്‍ മാതൃകാപരമായി നിര്‍വഹിച്ച ശശിയേട്ടന്റെ ജീവിതം സ്വയംസേവകര്‍ക്ക് ഇനിയും പ്രേരണയേകും.