ലോകസഭയിലെ പ്രതിപക്ഷ നേതാവ് അടുത്ത കാലത്ത് അമേരിക്കയില്‍ പര്യടനം നടത്തിയ അവസരത്തില്‍, ഭാരതത്തിലെ മതന്യൂനപക്ഷങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. അതിനുശേഷം യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലിജ്യസ് ഫ്രീഡം (USCIRF) ഇറക്കിയ ഒരു പ്രത്യേക റിപ്പോര്‍ട്ടിന് അവര്‍ നല്‍കിയ ശീര്‍ഷകം ‘ഭാരതത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമം’ എന്നായിരുന്നു.
പാശ്ചാത്യര്‍ സൃഷ്ടിക്കുകയും നിര്‍വ്വചിക്കുകയും ചെയ്ത ഭരണകൂടത്തെ രഹസ്യമായി സ്വാധീനിക്കാന്‍ കഴിയുന്ന ഗൂഢസംഘത്തിന്റെ (Deep State) പ്രവര്‍ത്തനത്തെ കാണിക്കുന്ന ഏറ്റവും നല്ലൊരു ഉദാഹരണമാണിത്. ഇത്തരം ഏജന്‍സികള്‍ മാനവരാശിക്ക് നഷ്ടം വരുത്തിവെച്ചും സ്വന്തം സ്വാര്‍ത്ഥതാല്പര്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന വികല ചിന്ത വെച്ചുപുലര്‍ത്തുന്ന വ്യക്തികളെ നിയോഗിക്കുന്നുവെന്നത് ദുഃഖകരവും നിന്ദ്യവുമായ കാര്യമാണ്. ഭാരതത്തിന്റെ കാര്യത്തില്‍, ഹിന്ദുത്വത്തില്‍ അടിയുറച്ചു നില്‍ക്കുന്നവര്‍ നയിക്കുന്ന സര്‍ക്കാരുകളെയും മാനവരാശിയുടെ ഉന്നമനത്തിനു വേണ്ടി പൊരുതുന്ന സംഘടനകളെയും അപകീര്‍ത്തിപ്പെടുത്താനായി വാസ്തവ വിരുദ്ധമായ കഥകള്‍ കെട്ടിച്ചമയ്ക്കുകയാണവര്‍ ചെയ്യുന്നത്. അതേസമയം, ബംഗ്ലാദേശിലും പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന കൊടിയ അതിക്രമങ്ങള്‍ക്ക് നേരെ അവര്‍ കണ്ണുകള്‍ അടയ്ക്കുന്നു! വംശീയതയുടെ കാര്യത്തില്‍ അമേരിക്കയില്‍ നിലനില്‍ക്കുന്ന മ്ലേച്ഛമായ കാര്യങ്ങളെക്കുറിച്ച് പറയാന്‍ അവര്‍ ധൈര്യപ്പെടുന്നില്ല. 1990കളില്‍ കാശ്മീരില്‍ ഹിന്ദുക്കള്‍ക്ക് എതിരെ നടന്ന വംശഹത്യയും, അര്‍ബന്‍ നക്‌സലൈറ്റുകളുടേയും, വിദേശത്ത് നിന്ന് ധനസഹായം ലഭിക്കുന്ന സര്‍ക്കാരേതര സന്നദ്ധ സംഘടനകളുടെയും പാകിസ്ഥാന്റേയും ചൈനയുടേയും സഹായത്തോടെ ആയിരക്കണിക്കിന് വരുന്ന നമ്മുടെ നിരപരാധികളായ പൗരന്മാരെയും സൈനികരെയും കൊല്ലുന്ന ഭീകരവാദികളുടെയും നക്‌സലൈറ്റുകളുടെയും ചെയ്തികളും ഹിന്ദുക്കളുടെ മനസ്സില്‍ വിഷം കുത്തിവെച്ച് അവരെ ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യുകയോ, ‘സര്‍താന്‍ സെ ജൂദാ’ എന്ന മുദ്രാവാക്യം വിളിച്ച് ഹിന്ദുക്കളെ കൊന്നൊടുക്കുകയോ ചെയ്യുന്നതും ഒക്കെ അവര്‍ സൗകര്യപൂര്‍വ്വം മറന്നു കളയുന്നു! പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന സര്‍ക്കാര്‍ ‘എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികാസം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്ന് മാത്രമല്ല, കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യവും സാമ്പത്തികവുമായ പദ്ധതികളുടെ മുഖ്യഗുണഭോക്താക്കളാകട്ടെ, മതന്യൂനപക്ഷങ്ങളുമാണ്! എന്നാല്‍ പ്രത്യക്ഷത്തില്‍ കാണാനാവുന്ന ഈ കാര്യങ്ങള്‍, സ്വാര്‍ത്ഥ താല്പര്യത്തിനുവേണ്ടി സമ്പൂര്‍ണ ലോകത്തെയും തങ്ങളുടെ വരുതിയിലാക്കാനും ആഗോള ശക്തികേന്ദ്രമായിത്തീരാനും അനവരതം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആഗോള കമ്പോളശക്തികളുടെ താല്പര്യങ്ങള്‍ ഹനിക്കപ്പെടും എന്ന ഭയം കാരണം ഡീപ് സ്റ്റേറ്റ് ഒരിക്കലും ഉയര്‍ത്തിക്കാട്ടില്ല. കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിനിടക്ക് ഭാരതം ആഗോള തലത്തിലേക്ക് വളര്‍ന്നത് ഈ ശക്തികളെ സംബന്ധിച്ച് അസ്വസ്ഥത ഉണ്ടാക്കുന്ന അനുഭവമാണ്. അതുകൊണ്ട്, ഭാരതത്തെ അസ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഏതെങ്കിലും ഒരു വ്യക്തിയെ ഈ കാര്യത്തിനുവേണ്ടി അവര്‍ സ്ഥിരമായി നിയോഗിക്കും. ഉദാഹരണത്തിന്, ”ഭാരതം അഴിമതിക്ക് എതിരെ” എന്ന പ്രസ്ഥാനം സക്രിയമായപ്പോള്‍, അക്രമാസക്തമായ ശഹീന്‍ബാഗ്, വ്യാജമായ കര്‍ഷക പ്രതിഷേധം എന്നിവയിലൂടെ അസന്തുഷ്ടി വളര്‍ത്താന്‍ ശ്രമം നടന്നു. മറ്റൊരു സംരംഭം നടക്കുന്നത് ലഡാക്കിലാണ്! ബന്ധിതരായ ഇത്തരം ആളുകളില്‍ പലരും സമൂഹത്തിനും രാഷ്ട്രത്തിനും ഭീഷണിയായി മാറിയിരിക്കയാണ്. സാമൂഹ്യമേഖലയിലെ അവരുടെ സക്രിയതക്ക് അവരെ പ്രേരിപ്പിക്കുന്ന മൂലകാരണത്തെയും അതുണ്ടാക്കുന്ന വിപത്തിനെക്കുറിച്ചും ജനങ്ങള്‍ ബോധവന്മാരാകേണ്ടതുണ്ട്. നിഴലുകളുടെ ഇരുണ്ട മത്സരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കളിക്കാരെ തിരിച്ചറിയുവാനോ, അവരുടെ പ്രേരകശക്തിയേതെന്ന് മനസ്സിലാക്കാനോ കഴിയാതെ വന്നാല്‍, പ്രതിസന്ധികളെ ലഘൂകരിക്കുക പ്രായോഗികമായി നമ്മെ സംബന്ധിച്ച് അസാധ്യമായിരിക്കും. പാശ്ചാത്യ ഡീപ്പ് സ്റ്റേറ്റിനെക്കുറിച്ചും ഭാരതത്തിലെ ഹൈന്ദവ ദേശീയതയെ അംഗീകരിക്കുന്ന ഭരണകൂടത്തെ എതിര്‍ക്കുന്ന വിദേശ ലോബികളെക്കുറിച്ചും നാം നിരന്തരം കേട്ടുകൊണ്ടിരിക്കുന്നു. ജനാധിപത്യ സംവിധാനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ തുരങ്കം വയ്ക്കുക, സമ്മതിദായകരെപ്പോലും സ്വാധീനിക്കുക എന്നിവയാണ് അവര്‍ ചെയ്യുന്ന പ്രവര്‍ത്തനം. ബ്രിട്ടനിലെ ഭൂരിപക്ഷം ജനതയും ഭാരതത്തെക്കുറിച്ച് എങ്ങനെ ചിന്തിക്കുന്നു എന്നതിന്റെ പ്രതിഫലനമാണ് നമുക്ക് ബി.ബി.സിയിലൂടെ കാണുവാനാകുന്നത്. ഉപരിഭാവഭ്രമം പുലര്‍ത്തുന്ന ഇവര്‍ ഭാരതത്തെ ജാതി, പശു, മസാല എന്നിവയുടെ സ്ഥിരാക്ഷരപ്പതിപ്പായി കാണുന്നതില്‍ ആനന്ദം കണ്ടെത്തുന്നു. മനുഷ്യാവകാശത്തിന്റെ പേരില്‍ ഭാവിയില്‍ അവര്‍ നടത്താനിരിക്കുന്ന ആക്രമണങ്ങളെ ന്യായീകരിക്കുന്നതിനായി അവര്‍ അതിക്രമങ്ങളെക്കുറിച്ചുള്ള കളവായ സാഹിത്യം സൃഷ്ടിക്കുന്ന തിരക്കിലാണ്. ഏറ്റവും മോശമായ മനുഷ്യാവകാശ ധ്വംസനത്തിന്റെ ചരിത്രം അവരുടേതാണെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. വിദേശ സ്വാധീനത്തെ സംബന്ധിച്ച് സ്ഥിരമായ ഒരു രൂപം കാണുക സാധ്യമല്ല. വിവരസാങ്കേതിക യുദ്ധമുറയുടെ അസ്പഷ്ടമായ സ്വഭാവം കണക്കിലെടുക്കുമ്പോള്‍, ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്ന, സങ്കീര്‍ണവും സക്രിയവുമായ രാജതന്ത്ര പാരമ്പര്യം പിന്തുടരുന്ന, അടുക്കും ക്രമവുമില്ലാത്ത ന്യായവാദങ്ങളും വിവാദങ്ങളും മുമ്പോട്ടുവെക്കുന്ന സ്വഭാവം പുലര്‍ത്തുന്ന ഭാരതത്തെ പോലുള്ള തുറന്നു കിടക്കുന്ന ഒരു രാജ്യത്ത് അതിനെ പ്രതിരോധിക്കുന്നത് ശ്രമകരമായ ഒരു കാര്യം തന്നെയാണ്. ഭാരതത്തിലെ പാശ്ചാത്യ ഇടപെടലിനെ കുറിച്ചുള്ള കുഴയ്ക്കുന്ന ആരോപണങ്ങള്‍ എക്കാലത്തും തികഞ്ഞ അവിശ്വാസത്തോടെയും സത്യമായി തോന്നുന്ന നിഷേധങ്ങളിലൂടെയാണ് നാം നേരിട്ടുപോന്നിട്ടുള്ളത്. ”ഭാരതീയത്വ”ത്തിനെതിരായ അവരുടെ ദുഷ്‌ചെയ്തികള്‍ അവര്‍ സ്വപ്‌നത്തില്‍ പോലും കാണാനിടയില്ലാത്തവിധം അലമാരയില്‍ ഒളിച്ചുവെച്ചിരിക്കുന്ന തലയോട്ടികള്‍ കണക്കെ ഒന്നിനു പിറകെ മറ്റൊന്ന് എന്ന രീതിയില്‍ പുറത്തുചാടുകയാണ്!
അമേരിക്കയുടെ ഏറ്റവും പുത്തന്‍ നടപടികള്‍ കാണുമ്പോള്‍ ബൈഡന്‍ ഭരണസംവിധാനത്തിലെ ചില അംഗങ്ങള്‍ ഏറ്റവും ഭീതിതമായ സാഹചര്യത്തെക്കുറിച്ച് പരാമര്‍ശിച്ച പശ്ചാത്തലത്തില്‍ ഭാരതത്തെ ഒരു ഭീഷണിയായി പരിഗണിക്കുമെന്ന നിലപാടിലാണ്. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പൂര്‍ണമായും വിരിയുന്നതിന് മുമ്പാണിതെന്ന് ഓര്‍ക്കണം! ഈ ബന്ധത്തെ അവര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ചൈനയിലെ അവരുടെ സ്വകാര്യ വാണിജ്യ താല്പര്യങ്ങള്‍ സംരക്ഷിക്കാനോ, അതോ ഇതിന്റെ പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് വ്യക്തമാക്കേണ്ടിയിരിക്കുന്നു. കാലത്തിനു മാത്രമേ ഈ ചോദ്യത്തിനുള്ള ശരിയായ ഉത്തരം നല്‍കാനാകൂ! കാരണം ഇത്തരം നടപടികള്‍ അമേരിക്കയുടെ ദേശീയ താല്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. ചില ഭാരതീയ ഉദ്യോഗസ്ഥര്‍ ഉപയോഗിച്ച ചില വാക്കുകളുടെ പേരില്‍, ഭംഗിയായി രൂപകല്പന ചെയ്ത് 20 വര്‍ഷം പഴക്കമുള്ള ബാന്ധവം അവര്‍ അപായപ്പെടുത്തും എന്നു കരുതുന്നത് മൗഢ്യമായിരിക്കും!
കഴിഞ്ഞ 50 വര്‍ഷത്തെ ചരിത്രം നോക്കിയാല്‍ ഭാരത-അമേരിക്കന്‍ ബന്ധം ഒരിക്കലും സുദൃഢമായിരുന്നില്ലെന്ന് പറയാം. 2000 മാര്‍ച്ചില്‍ അടല്‍ബിഹാരി വാജ്‌പേയി ഭാരത പ്രധാനമന്ത്രിയായിരിക്കെ ബില്‍ ക്ലിന്റണ്‍ ഭാരതം സന്ദര്‍ശിച്ച സാഹചര്യത്തിലാണ് ഭാരത-അമേരിക്കന്‍ ബന്ധത്തില്‍ നൂതനമായ ഒരു അദ്ധ്യായം കുറിക്കപ്പെട്ടത്. അതിനുശേഷം ആ ബന്ധം തഴച്ചു വളര്‍ന്നു. അപ്പോള്‍ പിന്നെ, അക്ഷരാര്‍ത്ഥത്തില്‍ തന്നെ എല്ലാ പാശ്ചാത്യ രാജ്യങ്ങളും ഭാരതത്തെ അപരിത്യാജ്യമായി കാണുമ്പോള്‍ അമേരിക്കയില്‍ മാത്രം എന്തുകൊണ്ടു ഭാരതത്തിനെതിരെ ഈ ചിത്തക്ഷോഭം ഉണ്ടാകുന്നു? അവരുടെ പ്രസിദ്ധീകരണങ്ങളില്‍ ഇടം പിടിക്കുന്ന വ്യാജമായ ലേഖനങ്ങള്‍, ബ്രിട്ടനിലെ ഹിന്ദുക്കള്‍ക്കെതിരെയുള്ള ഭീകരാക്രമണങ്ങളും കലാപങ്ങളും, ബ്രിട്ടനും കാനഡയും ഉയര്‍ത്തിപ്പിടിക്കുന്ന ഖാലിസ്ഥാന്‍ അജണ്ട, കാശ്മീര്‍ പ്രശ്‌നപരിഹാരത്തിനുവേണ്ടി ജര്‍മ്മനിയുടെ വൈകിയുള്ള മുറവിളി, ഇവയെല്ലാം വര്‍ദ്ധിച്ചുവരുന്ന ഭാരതവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ശക്തമായ സൂചനയാണ് നല്‍കുന്നത്.OSINT (Open Source Intelligence) യില്‍ അധിഷ്ഠിതമായി ഡിസ്ഇന്‍ഫോ ലാബ് നടത്തിയ ശ്രമകരമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍, കണ്ടെത്താന്‍ വിഷമകരമായ ബഹുമുഖങ്ങളോടുകൂടിയ കുറ്റകരമായ പണമിടപാടുകള്‍, ഉദാരചിത്തമായ ‘ഭൂതദയ’ എന്നീ രൂപങ്ങളില്‍ വന്‍തുകകള്‍ വ്യത്യസ്ത മുന്നണികള്‍, ആശയരൂപീകരണത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന വിദഗ്ദ സംഘങ്ങള്‍ എന്നിവക്ക് നല്‍കിയതായി കണ്ടെത്തി. കൂടാതെ, ഫ്രാന്‍സ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ പാശ്ചാത്യ മാധ്യമങ്ങള്‍, സര്‍വകലാശാലകളുടെ പഠനഗവേഷണ വിഭാഗം മുതലായവയ്ക്ക് ബൃഹത്തും, ചെറുതും, ഇടയ്ക്കുമുള്ള ആഖ്യാനങ്ങളുടെ സുനാമി സൃഷ്ടിച്ച് ഭാരതത്തിലെ പൊതുസമൂഹത്തില്‍ വ്യാപകമായി പ്രചരിപ്പിക്കുകയും സമ്മതിദായകരെ സ്വാധീനിക്കാനുള്ള സംരംഭവും നടന്നു. ഭാരതത്തിലെ ജനാധിപത്യം, തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത എന്നിവ ലോകത്തെ ഏറ്റവും വലുതും കോടാനുകോടി ഭാരതീയര്‍ അടുത്തകാലത്ത് അവരുടെ സമ്മതിദാനം രേഖപ്പെടുത്താനിരിക്കെ, സംവിധാനങ്ങളെ തകര്‍ക്കാന്‍ പാകത്തിലാണ് ധനവിനിയോഗം നടന്നതെന്നും ആ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. മുന്‍ ഭാരത വിദേശകാര്യ സെക്രട്ടറി കന്‍വല്‍ സിബല്‍ അടുത്തിടെ എന്‍.ഡി.ടി.വി.യോട് പറഞ്ഞത് ഇപ്രകാരമാണ്: ”ഇന്ത്യയുടെ ഉയര്‍ച്ച എന്നതിന്റെ അനിവാര്യമായ അര്‍ത്ഥം പടിഞ്ഞാറില്‍ നിന്ന് കിഴക്കിലേക്കുള്ള നിയന്ത്രണ ശക്തിയുടെ മാറ്റം ത്വരിതപ്പെടുക എന്നതാണ്.” ബഹുധ്രുവത്വം ആഗ്രഹിക്കുന്ന, സഖ്യങ്ങള്‍ ഒഴിവാക്കുന്ന, ആഗോള ഭരണക്രമത്തില്‍ വിപുലമായ പങ്ക് ആവശ്യപ്പെടുന്ന ഒരു രാജ്യത്തിന്റെ ഉദയം, ഇപ്പോള്‍ ഈ ആനുകൂല്യങ്ങള്‍ ആസ്വദിക്കുന്ന രാജ്യങ്ങളുടെ, ആഗോള വ്യവസ്ഥയെ സംബന്ധിക്കുന്ന പരമ്പരാഗതമായ തങ്ങളുടെ നിയന്ത്രണം എങ്ങനെ നിലനിര്‍ത്താം എന്നതിനെക്കുറിച്ചുള്ള തന്ത്രപരമായ കണക്കുകൂട്ടലുകളെ സ്വാധീനിക്കുക തന്നെ ചെയ്യും.
ഡീപ് സ്റ്റേറ്റ് ഭാരതത്തില്‍ അടിത്തട്ടില്‍ വരെ ചെന്നെത്തിയിട്ടുണ്ട്. ഇസ്ലാമിസ്റ്റ് സംഘങ്ങളെ പ്രയോജനപ്പെടുത്തി ഭാരത വ്യാപകമായി ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ചെറുപ്പക്കാരെ സമൂലപരിവര്‍ത്തനവാദികളാക്കി മാറ്റാനുള്ള ബൃഹത്തായ ഒരു പദ്ധതി നടപ്പാക്കുക എന്നതാണവരുടെ നയം. വ്യത്യസ്ത സംസ്ഥാനങ്ങളില്‍ സാധാരണ പൗരന്മാരെ ഉപയോഗിച്ച് വ്യാജമായ ആഖ്യാനം പ്രചരിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നത്.
ആര്‍എസ്എസ് സര്‍സംഘചാലക് ചൂണ്ടിക്കാട്ടിയ അപകടം
വിജയദശമിയുടെ ഭാഗമായി നാഗ്പൂരില്‍ നടന്ന പരിപാടിയില്‍ മാര്‍ഗദര്‍ശനം നല്‍കവെ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് രാഷ്ട്രസുരക്ഷയെ അപകടപ്പെടുത്തുന്ന ഡീപ് സ്റ്റേറ്റിനെക്കുറിച്ച് പ്രതിപാദിച്ചിരുന്നു.
ഡീപ് സ്റ്റേറ്റ്, വോക്കിസം, കള്‍ച്ചറല്‍ മാര്‍ക്‌സിസം തുടങ്ങിയ വാക്കുകള്‍ ഇക്കാലത്ത് സജീവ ചര്‍ച്ചാ വിഷയമാണെന്നും വാസ്തവത്തില്‍, ഇവ എല്ലാ സാംസ്‌ക്കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും പ്രഖ്യാപിത ശത്രുക്കളാണെന്നും അദ്ദേഹം പറഞ്ഞു. ‘സാംസ്‌കാരിക മൂല്യങ്ങളും പാരമ്പര്യങ്ങളും ഉള്‍പ്പെടെ ശ്രേഷ്ഠമോ മംഗളകരമോ ആയി കണക്കാക്കപ്പെടുന്ന എല്ലാറ്റിനെയും പൂര്‍ണമായും നശിപ്പിക്കുക എന്നത് സംഘടിതമായ ഒരു പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. സമൂഹത്തിന്റെ മനസ്സ് രൂപപ്പെടുത്തുന്ന സംവിധാനങ്ങളും സ്ഥാപനങ്ങളും ഉദാ. വിദ്യാഭ്യാസ സമ്പ്രദായം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശയവിനിമയ മാധ്യമങ്ങള്‍, ബൗദ്ധിക സംവാദങ്ങള്‍ മുതലായവയെ, അവരുടെ സ്വാധീനത്തില്‍ കൊണ്ടുവന്ന് അവയിലൂടെ ചിന്തകളെയും മൂല്യങ്ങളെയും വിശ്വാസങ്ങളെയും നശിപ്പിക്കുക എന്നത് ഈ രീതിശാസ്ത്രത്തിന്റെ ആദ്യപടിയാണ്. ഒരുമിച്ചു ജീവിക്കുന്ന ഒരു സമൂഹത്തിലെ ഏതെങ്കിലും ഘടകത്തെ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് വരുത്തി, അവരുടെ ആവശ്യങ്ങളുയര്‍ത്തി, അല്ലെങ്കില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് വേര്‍പെടുത്താന്‍ പ്രേരിപ്പിക്കുന്നു. അനീതി നേരിടുന്നു എന്ന വികാരം അവരില്‍ സൃഷ്ടിക്കുന്നു. അതൃപ്തിക്ക് ഇട നല്‍കുന്നതിലൂടെ, ആ ഘടകത്തെ സമൂഹത്തിലെ മറ്റ് ഘടകങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കാനും വ്യവസ്ഥിതിക്കെതിരും ആക്രമണാത്മകമാക്കാനും ശ്രമിക്കുന്നു. സമൂഹത്തിലെ പിഴവുകള്‍ കണ്ടെത്തി നേരിട്ടുള്ള സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നു. വ്യവസ്ഥിതി, ഭരണകൂടം, സര്‍ക്കാര്‍ മുതലായവയോട് അനാദരവും വെറുപ്പും തീവ്രമാക്കുന്നതിലൂടെ അരാജകത്വത്തിന്റെയും ഭയത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നു. ഇത് ആ രാജ്യത്തിന്റെ മേല്‍ ആധിപത്യം സ്ഥാപിക്കുന്നത് എളുപ്പമാക്കുന്നു’ അദ്ദേഹം തുടര്‍ന്നു.
(2024 ഒക്ടോബര്‍ 27ലെ ഓര്‍ഗനൈസര്‍ വാരികയില്‍ നിന്ന്)
വിവ:യു.ഗോപാല്‍ മല്ലര്‍