ദേശീയ തലത്തിലും വിശിഷ്യ, ദക്ഷിണ ഭാരതത്തിലും അറിയപ്പെടുന്ന പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാണ് ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം. സമുദ്രനിരപ്പില്‍ നിന്നും 1557 അടി ഉയരത്തിലും 18 പുണ്യമലകളുടെ മദ്ധ്യത്തിലും സ്ഥിതിചെയ്യുന്ന കാനനക്ഷേത്രമാണ് ശബരിമല. പ്രകൃതിരമണീയതയും ജൈവവൈവിധ്യവും നിറഞ്ഞ നിബിഡ വനപ്രദേശങ്ങളും വന്യജീവികളുടെ വിഹാരകേന്ദ്രവുമാണ് ശ്രീ അയ്യപ്പന്റെ പൂങ്കാവനമായ ഈ പുണ്യമലകള്‍.
ലോകപ്രസിദ്ധമായ ഈ തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തിച്ചേരുന്ന ഭക്തജനങ്ങളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുവരികയാണെന്നുള്ള കാര്യം വാസ്തവമാണ്. കാനന തീര്‍ത്ഥാടന കേന്ദ്രം എന്നുള്ള നിലയില്‍ ശബരിമലയ്ക്ക് താങ്ങാവുന്നതിനുമപ്പുറമാണ് ഇപ്പോള്‍ അവിടുത്തെ ഭക്തജനത്തിരക്ക്. അതുപോലെ, ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തിച്ചേരുമ്പോള്‍ അവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായുള്ള ശാസ്ത്രീയ പദ്ധതികളുടെ അഭാവവും. പരാജയപ്പെട്ട മാലിന്യ നിര്‍മ്മാര്‍ജ്ജനവും ശബരിമല നേരിടുന്ന പ്രധാന പ്രതിസന്ധികളാണ്. പൂങ്കാവനത്തിന്റെ പ്രകൃതിയും വിശുദ്ധിയും സംരക്ഷിച്ചുകൊണ്ട്, സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ കുറ്റമറ്റ സൗകര്യങ്ങള്‍ ഒരുക്കുകയും അതോടൊപ്പം, എത്തിച്ചേരുന്ന ഓരോ തീര്‍ത്ഥാടകനും കാനന മേഖലയുടെ ആവാസവ്യവസ്ഥയ്ക്കും പവിത്രതയ്ക്കും കോട്ടം വരാത്തവണ്ണം തീര്‍ത്ഥാടനം നടത്തുവാന്‍ സ്വയം സജ്ജരാവുകയും ചെയ്യണം.
തീര്‍ത്ഥാടന പുണ്യം
മറ്റൊരു തീര്‍ത്ഥാടനത്തിലുമില്ലാത്തവണ്ണം നിരവധി ആചാരാനുഷ്ഠാനങ്ങളാല്‍ സമ്പന്നമാണ് ശബരിമല തീര്‍ത്ഥാടനം. മാലയിടുന്നതു മുതല്‍ പ്രകൃതിയോടിണങ്ങി വ്രതധാരിയായിട്ടാണ് ഓരോ അയ്യപ്പനും ശബരിമലയില്‍ എത്തേണ്ടത്. സ്വാമിയുടെ പൂങ്കാവനവും പുണ്യപമ്പയും ശബരീശന്റെ പ്രത്യക്ഷ സങ്കേതം എന്നതാണ് ഓരോ ശരണംവിളിയുടെയും ധ്വനി. 18 പടിയും ചവിട്ടി അവിടെ എത്തുമ്പോള്‍ നീ തന്നെയാണ് ഈശ്വരന്‍ എന്ന ഹൈന്ദവ ദര്‍ശനത്തിന്റെ ഉന്നതമായ സന്ദേശവും അതിലുണ്ട്. കാലാന്തരത്തില്‍ വ്രതശുദ്ധിയില്‍ വന്ന ലോപവും ശബരിമലയുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിലുണ്ടായ ജാഗ്രതക്കുറവും ആ പുണ്യസങ്കേതത്തോടുള്ള ഭക്ത്യാദരം കുറയാനും തീര്‍ത്ഥാടനം ഒരു ചടങ്ങായി മാറാനും കാരണമായിരിക്കുന്നു. അതുകൊണ്ടൊക്കെത്തന്നെയാണ് യാതൊരു വ്രതശുദ്ധിയും തൊട്ടുതീണ്ടാതെയുള്ള ശബരിമല ദര്‍ശനവും, പുണ്യപമ്പയും ശബരിമലയുമൊക്കെ മാലിന്യക്കൂമ്പാരമാക്കുന്നതില്‍ ഒരു കുണ്ഠിതവുമില്ലാത്തവരായി അയ്യപ്പന്മാര്‍ മാറുന്നതും.
പ്ലാസ്റ്റിക്ക് മുക്ത തീര്‍ത്ഥാടനം
പ്ലാസ്റ്റിക്ക് ഉപകാരിയാണ്; മാലിന്യമായാല്‍ രാക്ഷസതുല്യമായ അപകടകാരിയുമാണ്. അയ്യപ്പന്റെ പുണ്യം തേടി ശബരിമലയില്‍ എത്തിച്ചേരുന്ന ഓരോ അയ്യപ്പഭക്തനും പോളിത്തീന്‍ എന്ന രാക്ഷസനെ ശബരിമലയില്‍ നിക്ഷേപിച്ചിട്ടാണ് ഇന്ന് തിരിച്ചു വരുന്നത്. പ്ലാസ്റ്റിക്ക് എന്ന രാക്ഷസന്‍ പൂങ്കാവനത്തിലെ ആവാസവ്യവസ്ഥക്കുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെപ്പറ്റി ചിന്തിക്കാതെ, സ്വന്തം സൗകര്യം മാത്രം നോക്കി ശബരിമലയ്ക്ക് ആവശ്യമില്ലാത്ത ദ്രവ്യങ്ങളും പോളിത്തീന്‍ വസ്തുക്കളും കാനനഭൂമിയില്‍ കൊണ്ടു ചെന്നു തള്ളുകയാണ്, പൂങ്കാവനത്തിന്റെ സംരക്ഷകരാകേണ്ട അയ്യപ്പഭക്തന്മാര്‍.
ഹിമാലയത്തിന്റെ ഉയരങ്ങള്‍ മുതല്‍ സമുദ്രത്തിന്റെ അഗാധങ്ങള്‍ വരെ വ്യാപിച്ചിരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ അയ്യപ്പന്റെ പൂങ്കാവനത്തേയും തീര്‍ത്ഥാടകരുടെ ഇടത്താവളങ്ങളേയും ഗ്രസിച്ചിരിക്കുകയാണ്. മനുഷ്യന്റെ സ്വാര്‍ത്ഥതയും നിരുത്തരവാദ സമീപനവും പൗരബോധത്തിന്റെ അഭാവവുമാണ് പ്ലാസ്റ്റിക്ക് വലിയൊരു പ്രശ്‌നമായി മാറാന്‍ കാരണം. പോളിത്തീന്‍ കവറുകള്‍, പ്ലാസ്റ്റിക്ക് കുപ്പികള്‍, ചെരുപ്പുകള്‍, ബാഗുകള്‍, തെര്‍മ്മോക്കോള്‍, സ്‌ട്രോകള്‍, ചോക്ലേറ്റ്-ബിസ്‌ക്കറ്റ് കവറുകള്‍ തുടങ്ങി എല്ലാം തന്നെ ക്രമേണ പൊടിഞ്ഞ് മൈക്രോ പ്ലാസ്റ്റിക്കുകളായി മണ്ണിലും, ജലത്തിലും, നദിയിലും, സമുദ്രത്തിലും കലര്‍ന്ന് സാര്‍വത്രിക ഭീഷണിയായി മാറിയിരിക്കുകയാണ്. ഈ മൈക്രോ പ്ലാസ്റ്റിക്കുകള്‍ വായുവിലൂടെയും ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും മനുഷ്യരുടേയും ജീവജാലങ്ങളുടേയും ഉള്ളില്‍ എത്തി കാന്‍സറും മസ്തിഷ്‌ക്കരോഗങ്ങളും ശ്വാസകോശ രോഗങ്ങളുമുള്‍പ്പെടെ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായിത്തീരുന്നു.
പ്ലാസ്റ്റിക്ക് മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുവാന്‍ സുരക്ഷിതമായ മാര്‍ഗ്ഗം നാളിതുവരെ കണ്ടെത്താത്ത സ്ഥിതിക്ക്, പോളിത്തീന്റെ ഉപയോഗം കുറയ്ക്കുകയും വലിച്ചെറിയാതിരിക്കുകയും പുനരുപയോഗിക്കുകയും ചെയ്യുക എന്നതാണ് പരിഹാരം. ശബരിമല തീര്‍ത്ഥാടന കാലത്ത് 50 ലോഡിലധികം പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നിത്യേന ശേഖരിച്ച് നശിപ്പിക്കുകയോ പുനരുപയോഗിക്കുവാന്‍ കൊടുക്കുകയോ ചെയ്യുന്നതായിട്ടാണ് കണക്കുകള്‍ പറയുന്നത്. ഓരോ ഭക്തനും 20 ഗ്രാം മുതല്‍ 50 ഗ്രാം വരെ പ്ലാസ്റ്റിക്ക് മാലിന്യം ശബരിമലയില്‍ എത്തിച്ചാല്‍ നിത്യേന 2 ടണ്‍ മുതല്‍ 5 ടണ്‍ വരെയാകും മാലിന്യത്തിന്റെ അളവ്. ഈ കണക്ക് വച്ച് 60 ദിവസം കൊണ്ട് 120 മുതല്‍ 300 ടണ്‍ വരെ പ്ലാസ്റ്റിക്ക് മാലിന്യം ശബരിമലയില്‍ എത്താം. സന്നിധാനത്ത് എത്തുന്ന മാലിന്യങ്ങള്‍ അവിടെ ഉപേക്ഷിച്ചാല്‍ കാനന ഭൂമിയിലെ ആവാസവ്യവസ്ഥക്ക് അത് കടുത്ത ഭീഷണിയാണ്. ഈ മാലിന്യങ്ങള്‍ പമ്പയില്‍ എത്തിച്ച് സംസ്‌കരിക്കുകയോ പുനരുപയോഗിക്കുകയോ ചെയ്യുക എന്നത് വലിയ ശ്രമകരമായ ദൗത്യമാണുതാനും.
മഞ്ഞള്‍പ്പൊടി, കര്‍പ്പൂരം, കുങ്കുമം, ഭസ്മം, ചന്ദനത്തിരി, കല്‍ക്കണ്ടം, ശര്‍ക്കര, അവല്‍, മലര്‍, പനിനീര്‍ തുടങ്ങി ആവശ്യമുള്ളതും ഇല്ലാത്തതുമായ നിരവധി ദ്രവ്യങ്ങളും, കുപ്പികള്‍, സഞ്ചികള്‍ തുടങ്ങി ഒട്ടനവധി വസ്തുക്കളുമാണ് ശബരിമലയില്‍ ഓരോ ദിവസവും തീര്‍ത്ഥാടകര്‍ വലിച്ചെറിയുന്നത്. ശബരിമലയെ സ്‌നേഹിക്കുന്ന ഓരോ ഭക്തനും ഇതിനറുതി വരുത്തിയേ മതിയാകൂ.
ആചാരത്തിന്റെ ഭാഗമല്ലാത്തതും ആവശ്യമില്ലാത്തതുമായ ദ്രവ്യങ്ങള്‍ ശബരിമലയിലേക്ക് കൊണ്ടുവരാതിരിക്കുക. കൊണ്ടുവരുന്ന പൂജാദ്രവ്യങ്ങളും ഭക്ഷണപാനീയങ്ങളും പ്ലാസ്റ്റിക്ക് ഒഴിവാക്കി ശബരിമലയിലേക്ക്‌കൊണ്ടു പോവുക. അനിവാര്യമായവ കടലാസ് കവറിലോ വാട്ടിയ ഇലയില്‍ പൊതിഞ്ഞോ കൊണ്ടുപോകാം. അഥവാ പോളിത്തീന്‍ വസ്തുക്കള്‍ കൊണ്ടുപോയാല്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ തിരിച്ച് നാട്ടിലെത്തിച്ച് പുനരുപയോഗത്തിന് നല്കുക. കച്ചവടക്കാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ആവശ്യമില്ലാത്ത വസ്തുക്കള്‍ വാങ്ങാതിരിക്കുക. വാങ്ങുന്ന ദ്രവ്യങ്ങള്‍ പ്ലാസ്റ്റിക്ക് ഒഴിവാക്കി വാങ്ങുക. ഇത്തരം നിര്‍ബന്ധം ഓരോ ഭക്തനും പുലര്‍ത്തിയാല്‍ തീര്‍ത്ഥാടനത്തിന്റെ പവിത്രത നമുക്ക് കാത്തുസൂക്ഷിക്കാനാകും. അതോടൊപ്പം, ഇടത്താവളങ്ങളിലും വഴിയോരങ്ങളിലും നദികളിലും പ്ലാസ്റ്റിക്കും തുണിയും വലിച്ചെറിയില്ലെന്ന ദൃഢനിശ്ചയവും ഓരോ തീര്‍ത്ഥാടകനും ഉണ്ടാകണം.
തീര്‍ത്ഥാടനം മനോമാലിന്യം നീക്കുവാനാണ്;തീര്‍ത്ഥസ്ഥാനം മലിനമാക്കുവാനല്ല
ഹരിത പെരുമാറ്റച്ചട്ടം
ശബരിമല പൂങ്കാവനം പുണ്യഭൂമിയാണ്. അതിന്റെ വിശുദ്ധി കാത്തു സൂക്ഷിക്കുവാന്‍ അവിടെയെത്തുന്ന ഓരോ തീര്‍ത്ഥാടകനും ശബരിമലയിലെയും ഇടത്താവളങ്ങളിലേയും വ്യാപാരികള്‍ക്കും ദേവസ്വം ബോര്‍ഡിനും നിയമപാലകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഉത്തരവാദിത്തമുണ്ട്.
കോടിക്കണക്കിന് തീര്‍ത്ഥാടകര്‍ പങ്കെടുത്തു കൊണ്ട്, ഈ വര്‍ഷം മകരസംക്രാന്തി മുതല്‍ ശിവരാത്രി വരെ 45 ദിവസം പ്രയാഗ് രാജില്‍ നടക്കുവാന്‍ പോകുന്ന കുംഭമേള ഹരിത കുംഭമേളയായി നടത്തുവാനാണ് നിശ്ചയിച്ചിരിക്കുന്നത്. ആ മാതൃക എന്തുകൊണ്ട് ശബരിമലയ്ക്കും സ്വീകരിച്ചുകൂടാ? ശബരിമലയിലും പമ്പയിലും ഇടത്താവളങ്ങളിലും ഹരിത പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള തീര്‍ത്ഥാടനമേ അനുവദിക്കൂ എന്ന് കേരള ഹൈക്കോടതിയും, സംസ്ഥാന സര്‍ക്കാരും ദേവസ്വംബോര്‍ഡും നിയമസംവിധാനങ്ങളും കര്‍ശന തീരുമാനം എടുത്താല്‍ ഒരു പരിധിവരെ പോളിത്തീന്‍ മാലിന്യങ്ങള്‍ കൊണ്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ സാധിക്കും. ഇതിനായി വ്യാപാരികളേയും, തീര്‍ത്ഥാടകരേയും ഉദ്യോഗസ്ഥരേയും വിവിധ ക്ഷേത്ര കമ്മറ്റികളേയും സന്നദ്ധ സംഘടനകളേയും ബോധവല്‍ക്കരിക്കേണ്ടതുണ്ട്. സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും ഭാഗത്തു നിന്ന് ഇതിനാവശ്യമായ ഏകോപനവും നിര്‍വ്വഹണവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഗുരുസ്വാമിമാര്‍, സന്യാസിശ്രേഷ്ഠന്മാര്‍, ഹൈന്ദവ ആചാര്യന്മാര്‍, തന്ത്രി മുഖ്യന്മാര്‍, ഹൈന്ദവ സംഘടനകള്‍, സാമുദായിക നേതൃത്വം,വിവിധ ക്ഷേത്ര കമ്മറ്റികള്‍ തുടങ്ങി എല്ലാവരും പ്ലാസ്റ്റിക്ക് മുക്ത തീര്‍ത്ഥാടനത്തിനായി ആഹ്വാനം ചെയ്യുകയും തങ്ങളുടെതായ മേഖലകളില്‍ ഇക്കാര്യം നടപ്പിലാക്കുവാനുള്ള കൂട്ടായ ശ്രമം നടത്തുകയും ചെയ്യുക.
ഇതിലൂടെ, നമ്മുടെ വീടും പരിസരവും, ആരാധനാലയങ്ങളും, പൊതുസ്ഥലങ്ങളും, പൊതുസ്ഥാപനങ്ങളും, കുളങ്ങളും നദികളും സമുദ്രവുമെല്ലാം മാലിന്യമുക്തമാക്കി സൂക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ് എന്ന അവബോധമുണ്ടാക്കുവാനും പ്രകൃതിയെ മാതാവായി കണ്ട് പരിപാലിക്കേണ്ട ഉത്തരവാദിത്തം തന്നില്‍ നിക്ഷിപ്തമാണ് എന്ന വീക്ഷണം ഓരോ വ്യക്തിയിലും കൊണ്ടുവരാനും സാധിക്കും. ഇതിലേക്കുള്ള കാല്‍വയ്പാകട്ടെ പ്ലാസ്റ്റിക്ക് മുക്ത തീര്‍ത്ഥാടന പദ്ധതി.