പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉക്രൈന്‍, പോളണ്ട് സന്ദര്‍ശനങ്ങള്‍ അന്താരാഷ്ട്ര രാഷ്ട്രീയ രംഗത്ത് ചലനം സൃഷ്ടിച്ച ഒരു പ്രധാന സംഭവമായിരുന്നു. ഈ സന്ദര്‍ശനത്തിന്റെ യഥാര്‍ത്ഥ പ്രാധാന്യം മനസിലാവുക അദ്ദേഹം ജൂലായില്‍ നടത്തിയ റഷ്യന്‍ സന്ദര്‍ശനം ഇതിന്റെയൊപ്പം കൂട്ടിവായിക്കുമ്പോഴാണ്. കാരണം ഈ മൂന്ന് രാജ്യങ്ങളും മുന്‍കാലത്ത് സോവിയറ്റ് യൂണിയന്റെ ഭാഗവും ഇപ്പോള്‍ ചിരവൈരികളുമാണ്.
റഷ്യ-ഉക്രൈന്‍ യുദ്ധം അതത് രാജ്യങ്ങളില്‍ മാത്രമല്ല, അന്താരാഷ്ട്ര സമൂഹത്തിന് മൊത്തത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ലോകം ഉറ്റുനോക്കിയിരുന്ന മോദിയുടെ ഉക്രൈന്‍ സന്ദര്‍ശനമുണ്ടായത്. ‘ഉക്രൈനെ സംബന്ധിച്ചടത്തോളം വലിയ വാര്‍ത്തയാണിത്. ഒപ്പം നയതന്ത്ര വിജയവും. നേരിട്ട് ചര്‍ച്ചചെയ്ത് ശരിയായ പക്ഷത്തു നിലകൊള്ളുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്’. ഉക്രൈന്‍ പാര്‍ലമെന്റ് അംഗവും പാര്‍ലമെന്റിന്റെ വിദേശകാര്യ സമിതി അധ്യക്ഷനുമായ ഒലെക് സാണ്ടര്‍ മെറെസ്‌കോ നടത്തിയ അഭിപ്രായത്തില്‍ നിന്നു തന്നെ സന്ദര്‍ശനത്തിന്റെ പ്രാധാന്യം മനസ്സിലാക്കാം.
ഭാരതത്തിന്റെ നിലപാട് ഉക്രൈനൊപ്പമോ റഷ്യയ്‌ക്കൊപ്പമോ അെല്ലന്ന് അടിവരയിടുന്നതായിരുന്നു ഇരു രാജ്യങ്ങളുടെയും സംയുക്ത പ്രസ്താവന. ദല്‍ഹിയിലെ ജി-20 സമ്മേളനത്തില്‍ സ്വീകരിച്ചതുപോലെ റഷ്യയുടെ പേരെടുത്ത് പരാമര്‍ശിക്കാതെയാണ് ഉക്രൈനില്‍ പുറത്തിറക്കിയ പ്രസ്താവനയും അവസാനിച്ചത്. റഷ്യയിലും ഇതേ നിലപാടാണ് മോദിയുടെ സന്ദര്‍ശന വേളയില്‍ സ്വീകരിച്ചത്. കാരണം ഇരു രാജ്യങ്ങളും യുദ്ധത്തിലേര്‍പ്പെട്ടത് അവരവരുടേതായ ലക്ഷ്യങ്ങളുടെയും ആവശ്യങ്ങളുടെയും താല്പര്യങ്ങളുടെയും അടിസ്ഥാനത്തിലാണ്. ഇവയൊന്നും ഭാരതത്തിന്റെ തീരുമാനങ്ങളെ സ്വാധീനിക്കുന്നില്ലെന്ന സന്ദേശമാണ് അദ്ദേഹം നല്‍കിയത്. അതുകൊണ്ട് തന്നെ ഭാരതം സമാധാനത്തിന്റെ പക്ഷത്താണ് എന്ന അഭിപ്രായമാണ് അദ്ദേഹം രേഖപ്പെടുത്തിയത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യുദ്ധത്തിലൂടെയല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ തേടണമെന്നാണ് അദ്ദേഹം ഇരു രാജ്യങ്ങള്‍ക്കും ഇതിലൂടെ നല്‍കിയ സന്ദേശം.
ചുരുക്കത്തില്‍ ഭാരതത്തെ ഏതെങ്കിലും ഒരു പക്ഷത്തേയ്ക്ക് കൊണ്ടുവരാമെന്ന പാശ്ചാത്യ രാജ്യങ്ങളുടെയും റഷ്യയുടെയും ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെട്ടില്ല. പകരം യുദ്ധത്തില്‍ കുട്ടികളുള്‍പ്പെടെയുള്ള സാധാരണക്കാര്‍ക്കുണ്ടാകുന്ന ജീവനാശത്തില്‍ ഭാരതത്തിന് ആശങ്കയുണ്ടെന്ന് പ്രസിഡന്റ് പുടിന് ഒരു സന്ദേശം നല്‍കുവാനും മോദിക്ക് സാധിച്ചു. അതുപോലെ തന്നെ പാശ്ചാത്യ രാജ്യങ്ങളുടെ താല്പര്യങ്ങളനുസരിച്ചല്ല മറിച്ച് ഭാരതത്തിന്റെ ദേശീയ താല്‍പര്യത്തിനനുസരിച്ചാണ് റഷ്യയില്‍ സന്ദര്‍ശനം നടത്തിയതെന്ന സന്ദേശം നല്‍കുവാനും മോദിക്ക് സാധിച്ചു. ഇത് ചേരിചേരാ നയമാണെന്ന് (Non-alignment policy) ദുര്‍വ്യാഖ്യാനിക്കുന്നവരുണ്ട്. എന്നാല്‍ റഷ്യയിലും പോളണ്ടിലും ഉക്രൈനിലും പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഭാരതത്തിന്റെ ബഹുരാഷ്ട്രസഖ്യനയത്തിന്റ (Multi Alignment Policy) ഭാഗമാണ്. ‘പതിറ്റാണ്ടുകളായി, എല്ലാ രാജ്യങ്ങളില്‍ നിന്നും അകലം പാലിക്കുകയെന്നതായിരുന്നു ഭാരതത്തിന്റെ നയം. ഇന്ന് സ്ഥിതി മാറി. എല്ലാ രാജ്യങ്ങളുമായും അടുത്ത ബന്ധം പുലര്‍ത്തുകയെന്നതാണ് ഭാരതത്തിന്റെ നയം. ‘ഇന്നത്തെ ഭാരതം എല്ലാവരുമായും ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നു’വെന്ന പ്രധാനമന്ത്രി മോദിയുടെ പോളണ്ടിലെ പ്രസ്താവന ഇത് ശരിവെയ്ക്കുന്നു.
ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ പരമ്പരാഗത യൂറോപ്യന്‍ സൗഹൃദ രാജ്യങ്ങള്‍ക്കപ്പുറത്തേയ്ക്ക് ബന്ധങ്ങള്‍ വിപുലീകരിക്കുകയെന്ന ഭാരതത്തിന്റെ നയമാണ് അദ്ദേഹത്തിന്റെ പോളണ്ട് സന്ദര്‍ശനതിലൂടെ സാധ്യമായത്. 1979 ല്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിക്ക് ശേഷം പോളണ്ട് സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇത്തവണ തന്ത്രപരമായ തലത്തിലേക്ക് (Strategic Partnership) ഉയര്‍ത്താന്‍ സാധിച്ചത് ഭാരതത്തിന്റെ നയതന്ത്ര വിജയമാണ്.
പോളണ്ട് അതിന്റെ പ്രതിരോധമേഖല നവീകരണത്തിന് ഇന്ന് വിധേയമായിക്കൊണ്ടിരിക്കുകയാണ്, ഉക്രൈനെ പിന്തുണയ്ക്കുന്ന പോളണ്ട് സോവിയറ്റ് കാലഘട്ടത്തിലെ എല്ലാ യുദ്ധോപകരണങ്ങളും ഇതിന്റെ ഭാഗമായി അവര്‍ക്ക് നല്‍കിയിരുന്നു. കൂടാതെ അമേരിക്കയില്‍ നിന്നും വാങ്ങിയതും നാറ്റോ ഉപയോഗിച്ചതുമായ പഴയ കപ്പലുകളും യുദ്ധോപകരണങ്ങളും മാറ്റി സ്ഥാപിക്കുന്നു. ഒപ്പം ഭാരതവും പ്രതിരോധ രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ഡ്രോണ്‍ നിര്‍മ്മാണത്തിനായി ഉത്തര്‍പ്രദേശിലും തമിഴ്നാട്ടിലും രണ്ട് പ്രതിരോധ വ്യവസായ ഇടനാഴികള്‍സ്ഥാപിക്കാനുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ പ്രഖ്യാപനമാണ്.
ഈ സാഹചര്യത്തില്‍ ഭാരതത്തില്‍ നിന്നുള്ള പ്രതിരോധ കമ്പനികള്‍ക്ക് പോളണ്ടുമായി സഹകരിച്ചു പ്രതിരോധ സാധനങ്ങളുടെ നിര്‍മ്മാണ-കച്ചവട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിലൂടെ അവസരമൊരുങ്ങിയിരിക്കുകയാണ്.
ഉക്രൈന്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മോസ്‌കോയും കീവും സന്ദര്‍ശിച്ച ചുരുക്കം ചില ലോക നേതാക്കളില്‍ ഒരാളാണ് പ്രധാനമന്ത്രി മോദി. മോദിയുടെ റഷ്യന്‍ സന്ദര്‍ശനവും പുട്ടിനെ ആശ്ലേഷിച്ചതും പാശ്ചാത്യ ലോകത്തെ അമ്പരപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ പ്രധാനമന്ത്രിയുടെ ഉക്രൈന്‍ സന്ദര്‍ശനം മറ്റ് രാജ്യ തലവന്മാര്‍ നടത്തുന്ന സന്ദര്‍ശനങ്ങളെക്കാള്‍ പ്രാധാന്യം അര്‍ഹിക്കുന്നു. ഒന്നാമതായി നിലവിലെ ലോകശക്തികളില്‍ സമാധാനത്തെക്കുറിച്ച് സംസാരിക്കുവാന്‍ ഏറ്റവും യോഗ്യനായ നേതാവ് മോദിയാണ്. അയല്‍രാജ്യങ്ങളുടെ ഭൂമിയില്‍ അതിക്രമിച്ചു കടക്കുന്ന ചൈനയോ യൂറോപ്പിലേയും ഏഷ്യയിലെയും വിവിധ സംഘര്‍ഷങ്ങള്‍ക്ക് പക്ഷം പിടിക്കുന്ന പാശ്ചാത്യരാജ്യ തലവന്മാരോ റഷ്യയോ നടത്തുന്ന സമാധാന ശ്രമങ്ങള്‍ കാപട്യമാണ്. അതുകൊണ്ട് തന്നെ യുദ്ധത്തിനൊരു പരിസമാപ്തി കുറിക്കാന്‍ മോദിയുടെ സാന്നിധ്യം കൊണ്ട് സാധിക്കുമെന്ന് ഈ രാജ്യങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു.
മാത്രമല്ല, ഉക്രൈനെയും രാജ്യത്തെ പിന്തുണയ്ക്കുന്ന അമേരിക്കയടക്കമുള്ള പാശ്ചാത്യശക്തികളെയും സംബന്ധിച്ച് മോദിയുടെ സന്ദര്‍ശനം നിസ്സാര കാര്യമല്ല. അവരുടെ വീക്ഷണത്തില്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും അഞ്ചാമത്തെ സാമ്പത്തിക ശക്തിയും ലോക നേതാക്കന്മാരില്‍ ഒന്നാമനുമായ നരേന്ദ്രമോദിയെ തങ്ങളുടെ രാജ്യത്ത് എത്തിക്കാനായത് വലിയ നയതന്ത്ര വിജയമാണ്. അതിനായി നടത്തിയ മാസങ്ങള്‍ നീണ്ട പരിശ്രമങ്ങളും സമ്മര്‍ദ്ദങ്ങളും വിജയിച്ചതിന്റെ സന്തോഷമാണ് അവര്‍ പങ്കുവെച്ചത്. ചുരുക്കത്തില്‍, യുദ്ധത്തിനിടയില്‍ റഷ്യയുമായി എണ്ണ കച്ചവടവും ഒപ്പം ഉക്രൈനും പോളണ്ടുമടങ്ങുന്ന അമേരിക്കന്‍ കക്ഷികളുമായി പ്രതിരോധ സഹകരണവും ഒപ്പം ഈ ബദ്ധശത്രുക്കളുമായി സമാധാന ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയെന്ന ആഗോള രാഷ്ട്രീയത്തിലെ പ്രധാന പങ്കുമാണ് ഭാരതം വഹിച്ചത്.