ഭൂമിയില്‍ ഓരോ ജീവിക്കും തുല്യാവകാശങ്ങളാണുള്ളത്. പ്രകൃതി വിഭവങ്ങളുടെ ഉപയോഗത്തിലും ഇത്തരമൊരു തുല്യത പാലിക്കപ്പെടേണ്ടതുണ്ട്. എന്നാല്‍ വര്‍ദ്ധിച്ചുവന്ന ഉപഭോഗ സംസ്‌കാരത്തിന്റെ ഭാഗമായി പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യലും, കയ്യടക്കലുമെല്ലാം തന്നെ സമൂഹത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നു. അതിന്റെ ഫലമായി പ്രകൃതി വിഭവങ്ങളെല്ലാം ശക്തന്റെ കാല്‍ക്കീഴിലെ ഉപകരണങ്ങളായി മാറുന്നു. മനുഷ്യ സൃഷ്ടിയായ ഈ അധിനിവേശത്വര ഇപ്പോഴും ഭൂമിയില്‍ കലാപങ്ങളും, യുദ്ധങ്ങളും വരുത്തിവെക്കുന്നു. ഒരു വിഭാഗം മനുഷ്യര്‍ സ്വന്തം ശക്തി ഉപയോഗിച്ച് ഭൂവിസ്തൃതി വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ മറുഭാഗത്ത് നിര്‍ധനരും നിരാലംബരുമായ ഒരു കൂട്ടം ജനത തലചായ്ക്കാന്‍ ഒരു തുണ്ട് ഭൂമിപോലുമില്ലാത്ത നിലയിലേക്കും എത്തപ്പെട്ടു. പ്രാചീനകാലം മുതല്‍ ഭാരതത്തില്‍ ഭൂദാനം മഹത്തായ സേവനപ്രവര്‍ത്തനമായി ആചരിച്ചുപോന്നിരുന്നു.
ഭാരതീയ ദര്‍ശനമനുസരിച്ച് സേവനമെന്ന വാക്കിന് വിശാലമായ ഒരു അര്‍ത്ഥതലമാണുള്ളത്. സേവനത്തെ നിസ്വാര്‍ത്ഥ ജീവിതക്രമമായി പിന്തുടര്‍ന്നവരാണ് ഭാരതീയര്‍. സമൂഹത്തില്‍ സ്വാര്‍ത്ഥപൂരണത്തിനുള്ള ഓട്ടപ്പാച്ചിലിന് വേഗം കൂടുമ്പോള്‍ സേവനം എന്നത് വിലമതിക്കപ്പെടുന്ന മൂല്യമായിത്തീരുന്നു. മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ പ്രസിദ്ധമായ വരികള്‍ ‘ത്യാഗം എന്നതേ നേട്ടം താഴ്മ താന്‍ അഭ്യുന്നതി’ എന്നാണ്. ഇന്നത്തെ കാലത്ത് വളരെ പ്രസക്തമായ ഒന്നാണ് ഇക്കാര്യം. അത്യുന്നതിക്ക് താഴ്ചയും ത്യാഗം കൊണ്ട് മുന്നേറ്റവും എന്നുള്ളതാണ് ഈ വരികളുടെ സാരാംശം.
പൂര്‍വ്വകാല ഭാരതത്തിന്റെ ചരിത്രത്തില്‍ സാമ്പത്തിക ക്ലേശം അനുഭവിക്കുന്നവരെ കണ്ടുപിടിച്ച് യജ്ഞങ്ങള്‍ക്ക് ക്ഷണിക്കുക എന്നത് രാജാക്കന്മാര്‍ക്ക് പതിവുള്ള കാര്യമായിരുന്നു. അങ്ങനെയെത്തുന്നവരെ ആചാരമര്യാദകളോടെ സ്വീകരിച്ച് അവര്‍ക്ക് വസ്ത്രവും ഭക്ഷണവും നല്‍കി ഭൂദാനവും നടത്തിയായിരുന്നു യാഗങ്ങളും യജ്ഞങ്ങളുമൊക്കെ ആരംഭിച്ചിരുന്നത്. ഭാരതത്തിന്റെ ഇതിഹാസങ്ങളായ രാമായണത്തിലും, മഹാഭാരതത്തിലും ഇത്തരം നിരവധി രംഗങ്ങള്‍ കാണാന്‍ സാധിക്കും. ഭൂദാനം എന്നത് ഭാരതത്തിന്റെ പൗരാണിക സങ്കല്പമാണ്. സമൂഹത്തിന് എന്താണോ ആവശ്യമുള്ളത് അതിനെ കണ്ടെത്തി സമര്‍പ്പിക്കലായിരുന്നു പണ്ട് ഭരണാധികാരികള്‍ ചെയ്തിരുന്നത്. രാജാവിനെ മഹാവിഷ്ണുവിന്റെ പ്രതിനിധിയായിട്ടാണ് കരുതിയിരുന്നത്. പ്രജകളുടെ പരിപാലനമാണ് രാജാവിന്റെ പരമമായ ലക്ഷ്യം. അതിനാല്‍ സര്‍വ്വസ്വവും സമര്‍പ്പിക്കുക എന്നത് പ്രജാപതികളായ രാജാക്കന്മാരുടെ ധര്‍മ്മം ആയിരുന്നു. ‘ത്രിജടന്‍’ എന്ന സാധു ബ്രാഹ്മണന് ഭൂദാനം നടത്തിയാണ് ശ്രീരാമചന്ദ്രന്‍ സ്വന്തം പിതാവിനോടുള്ള വാക്കുപാലിക്കാനായി വനവാസം എന്ന സത്കര്‍മ്മത്തിന് പോയത്. എത്ര ഭൂമിയാണ് അങ്ങേക്ക് ആവശ്യം എന്ന് ചോദിച്ച ശ്രീരാമചന്ദ്രന്‍ ആ സാധു ബ്രാഹ്മണന്റെ കയ്യില്‍ ഒരു വടി കൊടുത്തിട്ട് പറഞ്ഞു ഇത് എത്ര ദൂരം അങ്ങ് എറിയുന്നുവോ അത്രയും ഭൂമി അങ്ങേക്ക് സ്വന്തമാണ്. ദാരിദ്ര്യം ഉള്ളവരെ തിരഞ്ഞുപിടിച്ച് സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവന്ന ധര്‍മ്മരാജ്യം സ്ഥാപിച്ച ശ്രീരാമചന്ദ്രന്‍ ഭൂദാനത്തിന്റെ ഉത്തമ ഉദാഹരണമാണ്. ഭൂദാനം, ഗോദാനം, അന്നദാനം എന്നിവ ഭാരത സംസ്‌കൃതിയുടെ ഭാഗമാണ്. ദശരഥ മഹാരാജാവ് തന്റെ മകനായ ശ്രീരാമചന്ദ്രന്റെ വിവാഹത്തിനു മുന്‍പ് ഇത്തരം ദാനധര്‍മ്മാദികള്‍ ചെയ്യിച്ചു എന്നും രാമായണത്തില്‍ പറയുന്നു. മനുഷ്യ ജീവിതത്തിലെ ഓരോ മംഗള കര്‍മ്മങ്ങളിലും, ദാരിദ്ര്യം അനുഭവിക്കുന്ന സഹജീവികളെ കണ്ടെത്തി അവര്‍ക്ക് ദാനധര്‍മ്മാദികള്‍ ചെയ്ത് സായൂജ്യമടഞ്ഞിരുന്ന പൂര്‍വികരുടെ പിന്‍തലമുറക്കാരാണ് നാം. ഭൂദാനമെന്ന മഹത്തായ പ്രവര്‍ത്തനം ഏറ്റെടുത്ത് നടപ്പിലാക്കി ഒരു പുത്തന്‍ സാമൂഹ്യരചന നടത്തുകയാണ് സേവാഭാരതിയുടെ ലക്ഷ്യം.
ആധുനികതയുടെ കുത്തൊഴുക്കില്‍ നമുക്കുണ്ടായ അപചയത്തിന്റെ ഫലത്താല്‍ അശരണരെ സാന്ത്വനിപ്പിക്കുന്നതില്‍ നിന്നു നാം പിറകോട്ട് പോയി. ഇങ്ങനെ ചിന്തിക്കാനും ചിന്തിപ്പിക്കുവാനും പ്രേരണാസ്രോതസ്സായി സേവാഭാരതി നിലകൊള്ളുന്നു. നമ്മുടെ പൂര്‍വ്വസൂരികളായ പുണ്യാത്മാക്കളുടെ സ്വപ്‌നസാക്ഷാത്കാരം എന്ന ഭാരതീയ ജീവിതരീതിയെ പുനരുജ്ജീവിപ്പിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ്. സ്വയം പര്യാപ്തമായ സമൂഹമാണ് ക്ഷേമ രാഷ്ട്രം. ‘ഉണ്ടാവുകയും ഉള്ളതിനെ സംരക്ഷിക്കുകയും ചെയ്യലാണ് ക്ഷേമ രാഷ്ട്രത്തിന്റെ മുഖമുദ്ര’ അതിനാല്‍ ഭാരതീയ ക്ഷേമ രാഷ്ട്ര സങ്കല്പത്തിനുള്ള സേവാഭാരതിയുടെ പുതിയ കാല്‍വെപ്പ് കൂടിയാണ് പദ്ധതി.
ഈ നാട്ടില്‍ ജനിച്ച് മണ്ണിനോട് മല്ലടിച്ച് ജീവിതം കരുപ്പിടിപ്പിച്ച കര്‍ഷകനും മണ്ണിന്റെ സന്തതികളായ വനവാസികള്‍ക്കും കൃഷിക്കും താമസത്തിനും സര്‍വ്വോപരി, മരണാനന്തര സംസ്‌കാരത്തിന് പോലും ആറടി മണ്ണിന്റെ അവകാശം പോലുമില്ലാതായപ്പോള്‍ ഇത്തരം സാഹചര്യങ്ങളെ മാറ്റിയെഴുതുവാന്‍ സംഘടനാ രൂപത്തില്‍ അവതരിച്ച ദേവചൈതന്യമാണ് സേവാഭാരതി. വര്‍ത്തമാനകാല ഭാരതത്തിന്റെ ചരിത്രം മാറ്റിയെഴുതാന്‍ സേവാഭാരതി അതിന്റെ യാത്ര ആരംഭിച്ചിട്ട് പതിറ്റാണ്ടുകള്‍ പിന്നിടുന്നു. സേവാഭാരതിയുടെ തദ്ദേശീയരായ കാര്യകര്‍ത്താക്കളാല്‍ ഭൂരഹിതരായവര്‍ക്ക് ഭൂമിയും വാസയോഗ്യമായ വീട് ഇല്ലാത്തവര്‍ക്ക് വീടും നിര്‍മ്മിച്ച് സമര്‍പ്പിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി. സുനാമി എന്ന രാക്ഷസത്തിരമാലകള്‍ തുടച്ചുനീക്കിയ ആറാട്ടുപുഴ പഞ്ചായത്തിലെ ഒരു ഗ്രാമത്തെ പുനര്‍ നിര്‍മ്മിച്ചു ‘സാഗരലക്ഷ്മി’ എന്ന് പുനര്‍നാമകരണം ചെയ്തതും, പ്രകൃതി ദുരന്തമായ ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയ കൊറ്റമ്പത്തൂര്‍ എന്ന ഗ്രാമത്തെ ‘പുനര്‍ജ്ജനി’ പദ്ധതിയിലൂടെ പുനര്‍ നിര്‍മ്മിച്ചു വാസയോഗ്യമാക്കിത്തീര്‍ത്തതും ഇതേ സേവാഭാരതി തന്നെയാണ്. രാഷ്ട്രീയ സ്വയംസേവക സംഘവും അതിന്റെ പൂര്‍വികരായ കാര്യകര്‍ത്താക്കളും തുടങ്ങിവച്ച സേവനപ്രവര്‍ത്തനത്തെ അതിന്റെ ഒളിമങ്ങാതെ, തെളിമയോടെ കാത്തുസൂക്ഷിച്ച് മുന്നോട്ടുകൊണ്ടുപോകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായി സേവാഭാരതി കരുതുന്നു.
ഭൂദാന പ്രസ്ഥാനത്തിന്റെ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് രാജ്യം മുഴുവന്‍ കാല്‍നടയായി സഞ്ചരിച്ച് നിരാലംബരായ ഭാരതീയ മക്കള്‍ക്ക് വേണ്ടി ഭൂമി കണ്ടെത്തി നല്‍കിയ ആചാര്യ വിനോബാഭാവയുടെ പാത പിന്തുടര്‍ന്നുകൊണ്ട് ദേശീയ സേവാഭാരതി കേരളത്തില്‍ നടപ്പിലാക്കുന്ന ഭൂദാനം ശ്രേഷ്ഠദാനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലായ് 20ന് കോട്ടയം നഗരത്തിലെ കെ.പി.എസ്. മേനോന്‍ ഹാളില്‍ വച്ച് നടന്നു. ദേശീയ സേവാഭാരതി സംസ്ഥാന അധ്യക്ഷന്‍ ഡോ. രഞ്ജിത്ത് വിജയഹരി അധ്യക്ഷനായ യോഗത്തില്‍ ഭൂദാന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കേന്ദ്ര ഫിഷറീസ് വകുപ്പ് സഹമന്ത്രി ജോര്‍ജ് കുര്യന്‍ നിര്‍വഹിച്ചു. വര്‍ത്തമാനകാല ഭാരതത്തില്‍ ജനങ്ങളുടെ വിശ്വാസം ആര്‍ജിച്ചുകൊണ്ട് സാമൂഹ്യ സേവന രംഗത്ത് ഗുണപരമായ മാറ്റങ്ങള്‍ വരുത്തിയ സംഘടനയാണ് സേവാഭാരതി എന്ന് അദ്ദേഹം പറഞ്ഞു. സിനിമ സംവിധായകന്‍ ജയരാജിന്റെ സാന്നിധ്യവും ഉദ്ഘാടന വേദിയിലുണ്ടായിരുന്നു. ദുരിതമുഖത്ത് എന്നും സേവാഭാരതിയുടെ സാന്നിദ്ധ്യമുണ്ടെന്നും സേവാഭാരതിയുടെ സേവന പ്രവര്‍ത്തനങ്ങള്‍ ഏവര്‍ക്കും അനുകരണീയമായ മാതൃകയാണെന്നും ജയരാജ് പറഞ്ഞു. മുതിര്‍ന്ന സംഘപ്രചാരകന്‍ എസ്. സേതുമാധവന്‍ സേവാസന്ദേശം നല്‍കി. സഹജീവികള്‍ക്ക് കൈത്താങ്ങാവുകയാണ് സേവാഭാരതിയുടെ ലക്ഷ്യം. സമൂഹത്തില്‍ ഏറ്റവും ഉദാത്തമായ പ്രവര്‍ത്തനം കാഴ്ചവച്ച പരിവാര്‍ സംഘടനയാണ് സേവാഭാരതിയെന്നും അദ്ദേഹം പറഞ്ഞു. ഭൂദാന യജ്ഞത്തില്‍ പങ്കാളിയായ സംഘപ്രചാരകന്‍ കൂടിയായ എസ്. രാമനുണ്ണി, കൊച്ചി മഹാനഗര്‍ സംഘചാലക് ഡോ.എ.കൃഷ്ണമൂര്‍ത്തി എന്നിവരും സന്നിഹിതരായിരുന്നു. സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാത്ത 47 കുടും ബങ്ങള്‍ക്ക് ഈശ്വരതുല്യമായി നിറഞ്ഞ അനുഗ്രഹം ചൊരിഞ്ഞ സുന്ദര മുഹൂര്‍ത്തത്തിനാണ് കോട്ടയത്തെ കെ.പി.എസ്. മേനോന്‍ ഹാള്‍ വേദിയായത്.
ലോകത്തിനു മുഴുവന്‍ വഴികാട്ടിയായിരുന്ന ഭാരതം ഇടക്കാലത്ത് സംഭവിച്ച അപചയങ്ങളെ പറിച്ചെറിഞ്ഞുകൊണ്ട് വീണ്ടും ക്ഷേമ രാഷ്ട്രത്തിലേക്കുള്ള പ്രയാണം ആരംഭിച്ചിരിക്കുകയാണ്. ഭാരതീയ സംസ്‌കൃതിയുടെ മുഖമുദ്രയായ ദാനധര്‍മ്മാദികള്‍ ഒരു ജനതയുടെ ജീവിതക്രമമായി വളര്‍ന്നു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇത്തരമൊരു ദൗത്യനിര്‍വ്വഹണത്തിന്റെ നാന്ദി കുറിക്കലായിരുന്നു സേവാഭാരതിയുടെ ഭൂദാന സമ്മേളനം.
ഭൂദാനം ശ്രേഷ്ഠദാനം
കോട്ടയം: സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് ഉയര്‍ത്താന്‍ ദേശീയ സേവാഭാരതി ആവിഷ്‌ക്കരിച്ച ഭൂദാനം-ശ്രേഷ്ഠദാനം പദ്ധതിയില്‍ 47 കുടുംബങ്ങള്‍ക്ക് ആധാരം കൈമാറി. ഭൂമിദാനം ചെയ്തവരെയും ചടങ്ങില്‍ ആദരിച്ചു. എട്ട് ജില്ലകളിലായി നാല് ഏക്കര്‍ ഭൂമി 83 നിര്‍ദ്ധന കുടുംബങ്ങള്‍ക്കാണ് നല്‍കിയത്.
സേവാഭാരതിയുടെ തലചായ്ക്കാനൊരിടം പദ്ധതിയിലൂടെ 826 നിര്‍ദ്ധന കുടുംബങ്ങള്‍ക്കാണ് സ്വന്തമായി വീടെന്ന സ്വപ്‌നം ഇതിനകം പൂര്‍ത്തിയായത്. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ ദേശീയ സേവാഭാരതിയുടെ മേല്‍നോട്ടത്തില്‍ ‘തലചായ്ക്കാനൊരിടം’ പദ്ധതിയിലൂടെയാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. 2025ല്‍ 1000 വീടുകള്‍ നിര്‍മിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് സേവാഭാരതി ഭൂദാന പരിപാടികള്‍ വിപുലമാക്കുകയാണ്.