ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ്, കാര്‍ഗില്‍ തിരിച്ചുപിടിക്കാന്‍ നമ്മുടെ രാജ്യത്തിന്റെ 527 സൈനികരാണ് ജീവത്യാഗം ചെയ്തത്. കാര്‍ഗില്‍ ദൗത്യം അസാധ്യമാണെന്ന് അന്ന് പലരും കരുതിയിരുന്നു. അതുകൊണ്ട് തന്നെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികര്‍ക്ക് ഇന്ത്യന്‍ സൈന്യവും വ്യോമസേനയും അസാധ്യമായത് നേടിയെന്ന് അഭിമാനത്തോടെ അവകാശപ്പെടാം.
1999 ജൂലൈ 26-ന് കാര്‍ഗില്‍ വിജയത്തിനുശേഷം, ഇന്ത്യന്‍ സൈന്യം, പതിവുപോലെ, ദല്‍ഹിയിലെ അതത് എംബസികളിലും ഹൈക്കമ്മീഷനുകളിലും സേവനമനുഷ്ഠിക്കുന്ന വിവിധ രാജ്യങ്ങളിലെ ഡിഫന്‍സ് അറ്റാച്ചുകളെ (ഡിഎ) കാര്‍ഗില്‍-ദ്രാസ്-കക്‌സര്‍-ബതാലിക് സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു. കാര്‍ഗില്‍ യുദ്ധത്തിന്റെ വിശദാംശങ്ങള്‍ നമ്മുടെ സൈനിക ഉദ്യോഗസ്ഥര്‍ അവര്‍ക്ക് നല്‍കേണ്ടതായിരുന്നു. ഒരു പാശ്ചാത്യ സൈന്യത്തില്‍ നിന്നുള്ള ഡിഎമാരില്‍ ഒരാള്‍ അവിശ്വാസത്തോടെ പറഞ്ഞു, ‘ഈ ഉയര്‍ന്ന പര്‍വതങ്ങളെ ആക്രമിക്കാന്‍ ശ്രമിക്കുന്നെങ്കില്‍ നിങ്ങള്‍ക്ക് ഭ്രാന്തായിരിക്കണം. ഞങ്ങള്‍ ആയിരുന്നെങ്കില്‍ അവയില്‍ ആണവായുധങ്ങള്‍ ഉപയോഗിക്കുമായിരുന്നു.’
അതാണ് ഇന്ത്യന്‍ സൈന്യത്തോട് ലോക സൈന്യങ്ങള്‍ പുലര്‍ത്തുന്ന ബഹുമാനവും ആദരവും. യുദ്ധം, ആഭ്യന്തര സുരക്ഷ, ദുരന്തനിവാരണം, യുഎന്‍ സമാധാന പരിപാലന പ്രവര്‍ത്തനങ്ങള്‍, ഒപ് കാക്റ്റസ് (മാലദ്വീപ്), ഒപ് പവന്‍ (ശ്രീലങ്ക) തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ സമാനതകളില്ലാത്ത വിജയശതമാനമുള്ള ഇന്ത്യന്‍ സൈന്യം ലോകത്തിലെ ഏറ്റവും കാര്യക്ഷമവും സര്‍വ്വസജ്ജവുമായ സൈന്യങ്ങളിലൊന്നാണ്.
1999-ലെ നമ്മുടെ രാജ്യത്തിന്റെ പ്രതിരോധ തയ്യാറെടുപ്പിന്റെ അവസ്ഥ ഇന്ന് പലര്‍ക്കും മനസ്സിലാകില്ല. പതിറ്റാണ്ടുകളുടെ ഉദാസീനത സായുധ സേനയുടെ മൊത്തത്തിലുള്ള പ്രവര്‍ത്തനക്ഷമതയെ സാരമായി ബാധിച്ചിരുന്നു. വിശ്വസനീയമായ ഇന്റലിജന്‍സ് ശേഖരിക്കാന്‍ പോ ലും സൈന്യത്തിന് വിഭവങ്ങള്‍ ഇല്ലായിരുന്നു. എതിരാളികളുടെ തന്ത്രപരമായ ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും തുടര്‍ച്ചയായി അവലോകനം ചെയ്യേണ്ടത് വിവിധ രഹസ്യാന്വേഷണ ഏജന്‍സികളുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ 1999-ല്‍, പാകിസ്ഥാന്റെ തന്ത്രപരമായ ഉദ്ദേശ്യവും അവരുടെ ഭരണത്തിലും സൈന്യത്തിലുമുള്ള വിള്ളലുകളും തിരിച്ചറിയുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടു.
കാര്‍ഗില്‍ വിജയത്തിന് ശേഷം, രാജ്യത്തെ പ്രമുഖ പ്രതിരോധ തന്ത്രജ്ഞരില്‍ ഒരാളായ കെ.സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള കാര്‍ഗില്‍ റിവ്യൂ കമ്മിറ്റിയും മന്ത്രിമാരുടെ ഗ്രൂപ്പ് റിപ്പോര്‍ട്ടും ഭാവിയിലെ ദേശീയ സുരക്ഷാ ഭീഷണികള്‍ ലഘൂകരിക്കുന്നതിന് ആവശ്യമായ വിവിധ ഘടനകളും സംവിധാനങ്ങളും ആവിഷ്‌കരിക്കാന്‍ വളരെയധികം പരിശ്രമിച്ചിരുന്നു. സൈന്യവും അവരുടെ ഭാഗത്തുനിന്ന് വിവിധ പഠനങ്ങള്‍ നടത്തി. ഇന്ത്യന്‍ സൈന്യത്തിന്റെ പ്രായം കുറയ്ക്കുന്നതിനുള്ള ഏറ്റവും പുതിയ അഗ്‌നിവീര്‍ പദ്ധതിയും അത്തരമൊരു ശുപാര്‍ശയുടെ ഭാഗമാണ്.
കാര്‍ഗില്‍ ഓപ്പറേഷന്‍ സമയത്ത് ഇന്ത്യന്‍ സൈന്യം നേരിട്ട ബുദ്ധിമുട്ടുകള്‍ പലതാണ്. സൈനികമായി, ‘കാര്‍ഗില്‍ ഹൈറ്റ്സ്’ തിരിച്ചുപിടിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം നിയന്ത്രണരേഖ (എല്‍ഒസി) കടന്ന് ബര്‍സില്‍ പാസ്-ഫ്രാന്‍ഷെറ്റ്-ഷഖ്മ റോഡ് തടയുക എന്നതായിരുന്നു. മുഷ്‌കോ-ദ്രാസ്-കാക്സര്‍-കാര്‍ഗില്‍ എന്നിവിടങ്ങളില്‍ ഷിങ്കോ നദിവരെയുള്ള നുഴഞ്ഞുകയറ്റത്തെ പിന്തുണയ്ക്കുന്ന ഒരേയൊരു റോഡാണിത്. ഇത് തീര്‍ച്ചയായും പാകിസ്ഥാന്‍ സൈന്യത്തെ ഉയരങ്ങളില്‍ വിന്യസിക്കുന്നതിന് ആവശ്യമായ ലോജിസ്റ്റിക്‌സിന്റെ കുറവുണ്ടാക്കുകയും അതുവഴി ഒന്നുകില്‍ കീഴടങ്ങാനോ പിന്‍വലിയാനോ അവരെ നിര്‍ബന്ധിക്കുകയും ചെയ്യുമായിരുന്നു. എന്നിരുന്നാലും, ഭൗമ തന്ത്രപരമായ നിര്‍ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍, സായുധ സേന നിയന്ത്രണരേഖ (എല്‍ഒസി) കടക്കരുതെന്ന് ഉത്തരവിട്ടു. ഇതു ശരിയായ തീരുമാനമായിരുന്നു.
ശരാശരി സമുദ്രനിരപ്പില്‍ നിന്ന് 15,000 മുതല്‍ 17,000 അടി വരെ ഉയരത്തില്‍ കാലാള്‍പ്പട ആക്രമണം നടത്തുകയല്ലാതെ സൈന്യത്തിന് മറ്റൊരു മാര്‍ഗവും അവശേഷിപ്പിച്ചില്ല. ആ ഉയരങ്ങളില്‍, രണ്ട് പടികള്‍ കയറുമ്പേള്‍ തന്നെ ഒന്നിലേക്ക് വഴുതി വീഴുകയും ചെയ്യും. മുകളില്‍ വിന്യസിച്ചിരിക്കുന്ന ഏതൊരു ശത്രുവിനും ആ പര്‍വതത്തെ ലക്ഷ്യം വച്ചുള്ള വെടിവയ്പ്പിലൂടെ, കല്ലുകളും പാറകളും താഴേക്ക് തള്ളിവിടുന്നതിലൂടെ എളുപ്പത്തില്‍ പ്രതിരോധിക്കാനും കഴിയും.
ടോളോലിംഗ്, ടൈഗര്‍ ഹില്‍, ജുബാര്‍, ബജ്റംഗ് തുടങ്ങിയ പര്‍വതശിഖരങ്ങള്‍ ഇന്ത്യന്‍ സൈന്യം പിടിച്ചെടുത്തു. അതുപോലെ തന്നെ പ്രശസ്തമായ പോയിന്റ് 5140. ക്യാപ്റ്റന്‍ വിക്രം ബത്ര, ‘ഷേര്‍ഷാ’, അനശ്വരമാക്കിയ വാക്കുകള്‍, ‘ദില്‍ മാംഗേ മോര്‍’ (ഹൃദയം കൂടുതല്‍ ആഗ്രഹിക്കുന്നു) ഇത് ഇന്ത്യന്‍ സൈന്യത്തിന്റെ യോദ്ധാക്കളുടെ പാരമ്പര്യത്തെ പ്രതീകപ്പെടുത്തുന്നു. ഇന്ത്യന്‍ ആക്രമണങ്ങളുടെ ധീരതയിലും ശക്തിയിലും പാകിസ്ഥാന്‍ സൈന്യം ഞെട്ടിപ്പോയി. കാര്‍ഗില്‍ ഉയരങ്ങള്‍ ഒഴിയാന്‍ അവര്‍ നിര്‍ബന്ധിതരായി.
കാര്‍ഗില്‍ യുദ്ധത്തില്‍ നമ്മുടെ ഉത്തരവാദിത്തപ്പെട്ട മാധ്യമങ്ങള്‍ യുദ്ധത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. പ്രാരംഭ ആശയക്കുഴപ്പങ്ങള്‍ക്ക് ശേഷം, അവര്‍എല്ലാഭാരതീയരുടെയും ലോകത്തിന്റെയും ഭാവനയെയും താല്‍പ്പര്യങ്ങളെയും ജ്വലിപ്പിച്ചു – അക്ഷരാര്‍ത്ഥത്തില്‍ യുദ്ധത്തെ സ്വീകരണ മുറികളിലേക്ക് കൊണ്ടുവന്നു. ഇന്ത്യന്‍ മാധ്യമങ്ങളുടെ പോസിറ്റീവും തത്സമയ കവറേജും തീര്‍ച്ചയായും സൈനികരുടെയും നമ്മുടെ ജനങ്ങളുടെയും മനോവീര്യം വര്‍ദ്ധിപ്പിക്കുകയും വിജയത്തിന് സംഭാവന നല്‍കുകയും ചെയ്തു. നിര്‍ണായകവും സത്യസന്ധവുമായ വിവരങ്ങള്‍ പങ്കിടല്‍ ഇന്ത്യന്‍ സായുധ സേനയുടെ തന്ത്രത്തിന്റെ അവിഭാജ്യ ഘടകമായി മാറി.
ഭാവിയില്‍, ലോകമെമ്പാടുമുള്ള സൈനികരും പണ്ഡിതന്മാരും ഇന്ത്യന്‍ സൈന്യം എങ്ങനെ കാര്‍ഗില്‍ ഉയരങ്ങള്‍ തിരിച്ചുപിടിച്ചുവെന്ന് പഠിക്കുകയും ആശ്ചര്യപ്പെടുകയും ചെയ്യും. നമ്മുടെ സൈനികരുടെ ത്യാഗവും വീര്യവും സൈനിക ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്.
കാര്‍ഗിലിലെ വിജയം ധീരരായ പുത്രന്‍മാരുടെയും പുത്രിമാരുടെയും അജയ്യ വിജയമായിരുന്നു; ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യം; ഇന്ത്യയുടെ ശക്തിയും ക്ഷമയും; ഇന്ത്യയുടെ അന്തസ്സും അച്ചടക്കവും; ഓരോ ഇന്ത്യക്കാരന്റെയും പ്രതീക്ഷകളുടെയും കടമയുടെയും വിജയമായിരുന്നു കാര്‍ഗില്‍ വിജയം.
ഇന്ന് രാഷ്ട്രീയ വ്യത്യാസങ്ങളാല്‍ വിഭജിക്കപ്പെട്ടിരിക്കുന്ന നമ്മുടെ രാജ്യത്ത്, ചില നഗ്‌നമായ സത്യങ്ങളെ ഉയര്‍ത്തിക്കാട്ടുന്നത് കാര്‍ഗില്‍ പോലുള്ള യുദ്ധങ്ങളാണ്. യുദ്ധത്തില്‍ ഏര്‍പ്പെടുന്നത് സര്‍ക്കാരുകള്‍ മാത്രമല്ല, മുഴുവന്‍ രാജ്യവും ആണെന്ന് നാം മനസ്സിലാക്കണം. നമ്മുടെ രാജ്യത്ത് സര്‍ക്കാരുകള്‍ വരുന്നു, പോകുന്നു; പക്ഷേ രാജ്യത്തിന് വേണ്ടി മരിക്കാന്‍ ഭയമില്ലാത്ത നമ്മുടെ സൈനികര്‍ അനശ്വരരാണ്. സൈനികര്‍ തങ്ങളുടെ ജീവന്‍ ബലിയര്‍പ്പിക്കുന്നത് വര്‍ത്തമാനകാലത്തിന് മാത്രമല്ല, ഭാവി തലമുറയ്ക്കും വേണ്ടിയാണ്.
സൈനികര്‍ക്ക് ജീവിതവും മരണവും തമ്മില്‍ വ്യത്യാസമില്ല.അവരെ സംബന്ധിച്ചിടത്തോളം അവരുടെ കടമയാണ് ഏറ്റവും പരമോന്നതമായത്. രാജ്യത്തിന്റെ ശക്തിയുമായി ബന്ധപ്പെട്ട ഈ സൈനികരുടെ ജീവിതം സര്‍ക്കാരുകളുടെ ഭരണകാലവുമായി ബന്ധപ്പെട്ടതല്ല. ഭരണകൂടങ്ങളുടെ മാറ്റത്തിനപ്പുറം ധീരനായ സൈനികനെയും അവന്റെ വീര്യത്തെയും കുറിച്ച് അഭിമാനിക്കാന്‍ ഓരോ ഇന്ത്യക്കാരനും അവകാശമുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് രാഷ്ട്രീയ കാരണങ്ങളാല്‍ നമ്മുടെ സായുധ സേന അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുന്നത് കാണുമ്പോള്‍ രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരുടെ ത്യാഗം അപമാനിക്കപ്പെടുന്നതായി തോന്നുന്നു.
എങ്കിലും ഈ രാജ്യത്തെ സാധാരണ പൗരന് സത്യം അറിയാം, അവര്‍ സായുധ സേനയുടെ ത്യാഗത്തെ വിലമതിക്കുന്നു. 25 വര്‍ഷം മുമ്പ് കാര്‍ഗില്‍ കൊടുമുടികളില്‍ ആലേഖനം ചെയ്ത കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ കഥ നിരവധി തലമുറകള്‍ക്ക് പ്രചോദനമായി തുടരും. വിക്രം ബത്ര, മനോജ് പാണ്ഡെ, സഞ്ജയ് കുമാര്‍, യോഗേന്ദ്ര യാദവ്, അനൂജ് നയ്യാര്‍, വിജയന്ത് ഥാപ്പര്‍ തുടങ്ങിയ നിരവധി യുദ്ധവീരരുടെ സമര്‍പ്പണത്തെ രാഷ്ട്രം എന്നും നന്ദിയോടെ സ്മരിക്കും.





















